TMJ
searchnav-menu
post-thumbnail

Outlook

അവകാശത്തിനുള്ള പോരാട്ടം ഔദാര്യമല്ല

14 Jul 2025   |   3 min Read
ഗ്രേസ് പി ജോൺസ്‌

ഹരി ഉപയോഗം തടയാനെന്ന പേരിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അടിയന്തരാവസ്ഥ പോലെ ഭീമമായ ഒരു പദപ്രയോഗം നടത്താമോ എന്ന സംശയം ഒരുപക്ഷെ തോന്നിയേക്കാം. എന്നാൽ, ഭരണാധികാരികളുടെ താല്പര്യങ്ങൾ നടപ്പിലാക്കാൻ വിദ്യാർത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ വരെ നിഷേധിക്കുകയും, ഗവേഷക ഫെല്ലോഷിപ്പ് ഉൾപ്പടെയുള്ള അടിസ്ഥാന അവകാശങ്ങൾ വരെ ലഭിക്കാൻ   കോടതിയിൽ കേസ്‌ നടത്തേണ്ടിവരികയും, ഒരു സർവകലാശാലയുടെ ആത്മസത്തയെ തന്നെ ചോദ്യം ചെയ്യുന്ന, തീർത്തും വിദ്യാർത്ഥി വിരുദ്ധമായ ഉത്തരവ് നടപ്പിലാക്കുമ്പോൾ, അതിനെതിരെ സംസാരിച്ച അധ്യാപകർക്കെതിരെ വ്യാജപ്രചാരണങ്ങൾ ഉൾപ്പടെ നടക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തെ അടിയന്തരാവസ്ഥ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.

പതിനെട്ട് വയസ് പിന്നിട്ട, വോട്ടവകാശമുള്ള പൗരന്മാർ പഠിക്കുന്ന ഇടമാണ് സർവകലാശാലകൾ. സംസ്‌കൃത സർവകലാശാലയും അങ്ങനെയുള്ള ഒന്നാണ്. അതുപോലെയുള്ള വിദ്യാർത്ഥികളുടെ അക്കാദമിക/ അനക്കാദമിക ജീവിതത്തിന് മേലെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന CCTV ക്യാമറയായിട്ടാണ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റിൻ്റെ പ്രവർത്തനം. സുരക്ഷ, അച്ചടക്കം തുടങ്ങി കാലങ്ങളായി അധികാരികൾ അടിച്ചമർത്തലുകൾക്ക് ആധികാരികത നൽകാൻ ഉപയോഗിച്ച പദങ്ങൾ കൊണ്ട്‌ സംസ്‌കൃത സർവ്വകലാശാല ക്യാമ്പസ്സിൽ സദാചാര പൊലീസിങ് (മോറൽ പൊലീസിങ്) ആണ് സിൻഡിക്കേറ്റ് ലക്‌ഷ്യം വച്ചിരിക്കുന്നത്. ഈ സമീപനം പൂർണ്ണമായും വിദ്യാർത്ഥി വിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസത്തിൻ്റെ അന്തസ്സത്തക്ക് ചേരാത്തതാണ്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല | PHOTO : WIKI COMMONS
വിദ്യാർത്ഥികളെ "അച്ചടക്കം" പഠിപ്പിക്കാൻ ഇറങ്ങിയ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റിന് ഗവേഷക വിദ്യാർഥികളുടെ ഫെല്ലൊഷിപ് മുടങ്ങുന്നത് സ്വാഭാവികമായിട്ടുള്ള ഒരു കാര്യം മാത്രമാണ്. ആദി എന്നൊരു ഗവേഷക വിദ്യാർത്ഥി കേരള ഹൈകോടതിയിൽ കേസ്‌ നടത്തിയിട്ടാണ്, ഫെല്ലോഷിപ്പ് യൂണിവേഴ്സിറ്റി നൽകുന്ന ഔദാര്യമല്ലെന്നും ഗവേഷകരുടെ അവകാശമാണെന്നും യൂണിവേഴ്സിറ്റിക്ക് ബോധിപ്പിച്ച് കൊടുത്തത്. ഗവേഷക ഫെല്ലോഷിപ്പുകൾ മുടങ്ങുമ്പോൾ ഒന്നും തോന്നിയിട്ടില്ലാത്ത സർവകലാശാലക്ക്, ഫെല്ലോഷിപ്പ് നിയമാനുസൃതമായി നൽകാത്ത പക്ഷം വൈസ് ചാൻസിലറുടെയും രജിസ്റ്റാരുടെയും ശമ്പളം മുടങ്ങുമെന്ന് വന്നപ്പോൾ, ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങാൻ വലിയ ശുഷ്‌കാന്തി ആയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സംസ്‌കൃത സർവകലാശാലയിൽ PhD പ്രവേശനത്തിൽ സംവരണ അട്ടിമറി നടന്ന്, മാവേലിക്കര സ്വദേശിയായ വർഷ എന്ന വിദ്യാർത്ഥിനിക്ക് പ്രവേശനം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടത്. പരാതി നൽകി ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഈ തീർപ്പുണ്ടാകുന്നത്. അതായത് ആ വിദ്യാർത്ഥിനിക്ക് സർവകലാശാലയിൽ അപേക്ഷ സമർപ്പിച്ച കാലത്ത് പ്രവേശനം നൽകിയിരുന്നു എങ്കിൽ ഇപ്പോൾ ഗവേഷണ പ്രബന്ധം സമർപ്പിക്കേണ്ട സമയം ആയി. ഇപ്പോൾ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പ്രവേശനത്തെ 'നീതി' എന്ന് വിളിക്കാമോ എന്ന് പോലും സംശയമാണ്. സർവകലാശാലാക്കകത്ത് നടക്കുന്ന ഇത്തരം ഭരണഘടനാലംഘനം തിരുത്താനൊന്നും സിണ്ടിക്കേറ്റിന് നേരമില്ല. ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തെ പറ്റി നിരവധി തവണ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അപ്പോഴൊന്നും സിൻഡിക്കേറ്റിൻ്റെ സാന്നിദ്ധ്യം എവിടെയും ഉണ്ടായില്ല.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
സംസ്‌കൃത സർവകലശാല സിന്‍ഡിക്കേറ്റംഗമായ അഡ്വ. കെ എസ് അരുൺകുമാർ മാധ്യമങ്ങളുടെ മുന്നിൽ സർവകലാശാലയിലെ എല്ലാ റിസർച്ച് സ്കോളേഴ്സിനും സിംഗിൾ റൂം ഉണ്ട് എന്ന് പറയുകയുണ്ടായി, പുരുഷ ഗവേഷകരുടെ കാര്യത്തിൽ ഇത് ശരിയാണ്. എന്നാൽ വനിതാ ഗവേഷകരുടെ കാര്യത്തിലേക്ക് വരുമ്പോൾ നാലാം വർഷത്തിലാണ് ഒരു ഗവേഷകയ്ക്ക് സർവകലാശാലയിൽ സിംഗിൾ റൂം ലഭിക്കുക. അതും കൃത്യം ഒരു  കൊല്ലം കഴിയുമ്പോൾ മുറിയിൽ നിന്ന് ഒഴിഞ്ഞു കൊടുക്കണം. ഒരു കൊല്ലത്തിൽ കൂടുതൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കണമെങ്കിൽ കുറഞ്ഞത് ഈ- ഗ്രാൻഡ് അല്ലെങ്കിൽ ജെആർഫ് ഉണ്ടായിരിക്കണം. ആദ്യത്തെ നാലു കൊല്ലത്തിൻ്റെ സമയത്തിലാവട്ടെ ഹോസ്റ്റലിൽ ഒരു സ്റ്റഡി ടേബിൾ പോലുമില്ലാതെ, രണ്ടുപേർ താമസിക്കേണ്ട സ്ഥലത്ത് നാലും അഞ്ചും പേരാണ് സ്ത്രീകളുടെ ഹോസ്റ്റലിൽ താമസിക്കുന്നത്. ഇക്കാര്യം ചൂണ്ടി കാണിച്ചാൽ, യൂണിവേഴ്സിറ്റിയുടെ 'കനിവ്' കൊണ്ടാണ് ഇത്രയും കുട്ടികൾ ഇവിടെ താമസിക്കുന്നത് എന്നാണ് ന്യായം. അതുമല്ലെങ്കിൽ ഡൽഹിയിൽ ചെയ്യുന്നത് പോലെ കുട്ടികളെ ഒന്നടങ്കം പുറത്താക്കുന്ന നടപടി യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാനാണ് സാധ്യത.

യൂണിവേഴ്സിറ്റിയിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ എത്ര ഹോസ്റ്റൽ റൂമുകളിലാണ് കുട്ടികൾ താമസിക്കുന്നത്? പുതിയ ഹോസ്റ്റൽ വരും എന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനിടയിലുള്ള ഒരേയൊരു ആശ്വാസം എന്നു പറയുന്നത് റിസർച്ച് സ്കോളേഴ്സിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന റീഡിങ് റൂമാണ്. അതും ഇനി പതിനൊന്നരയ്ക്ക് ശേഷം പ്രവർത്തിക്കില്ലെന്നാണ് പുതിയ നിയമം. ഇടത് പ്രതിനിധികൾ കൂടിയുള്ള സിണ്ടിക്കേറ്റിന് ഇത്രമാത്രം വിദ്യാർത്ഥി വിരുദ്ധമാകാൻ എങ്ങനെ കഴിയുന്നു? ഡൽഹിയിലെ ജെഎൻയൂവിൽ ഇതേ കാരണങ്ങൾ നിരത്തി ആർഎസ്എസിൻ്റെ തിട്ടൂരത്തിനെതിരെ എസ്എഫ്‌ഐ സമരം ചെയ്യുമ്പോൾ അതേ എസ്എഫ്ഐ ഇവിടെ ഇടതു പ്രതിനിധിയുടെ തിട്ടൂരത്തിനെതിരെ സമരം ചെയ്യുന്ന വിരോധഭാസത്തിലാണ്. എവിടെ ആയാലും വിദ്യാർഥികളും, ഗവേഷകരും ഇരകളാവുന്ന സ്ഥിതിയാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
കർഫ്യു ഏർപ്പെടുത്തുമ്പോൾ ഹോസ്റ്റൽ ഫീസ് 200 ഇരട്ടിയാക്കി വർധിപ്പിക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അത് വിദ്യാർത്ഥികളിൽ നിന്ന് വസൂലാക്കാൻ ശ്രമിക്കരുത്.

കുറെ ദിവസങ്ങളായി സംസ്‌കൃത സർവകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ സ്വഭാവത്തെ പറ്റി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അക്കാദമികമായ ദ്രോഹങ്ങൾക്ക് പുറമെ വ്യക്തി സ്വാതന്ത്ര്യത്തെക്കൂടി ഹനിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതിനെതിരെ ഇവിടെ രാവും, പകലും വിദ്യാർത്ഥികൾ സമരം ചെയ്യുന്നത് കരിങ്കല്ലും, കരിങ്കൊടിയുമായിട്ടല്ല. സർവകലാശാലയിലെ ഒരു ജനൽ ചില്ല്‌ തകർത്തിട്ടില്ല. ഒരു പുൽക്കൊടി പോലും നശിപ്പിച്ചിട്ടില്ല. അക്ഷരങ്ങളെ മുറുകെപ്പിടിച്ചാണ് പ്രതിരോധം. രാത്രിയും, പകലും പുസ്തകം വായിച്ചും, കവിത ചൊല്ലിയും, തെരുവ് നാടകം കളിച്ചും അക്ഷരങ്ങളെ കൂട്ടുപിടിച്ചാണ് വിദ്യാർത്ഥികൾ സംഘടിക്കുന്നത്. അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥി വിരുദ്ധ 'സിൻഡിക്കറ്റ് ' ആയി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന് എതിരെയുള്ള ഈ സമരം യഥാർത്ഥത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അപ്പോൾ പലരും കേരളത്തിലെ ആ പഴയ മുദ്രാവാക്യം ഏറ്റു വിളിച്ചാൽ അതിശയിക്കാനില്ല. 

"തോറ്റിട്ടില്ല തോറ്റിട്ടില്ല

വിദ്യാർത്ഥി സമരം തോറ്റിട്ടില്ല

തോറ്റ ചരിത്രം കേട്ടിട്ടില്ല"

തോൽക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല.


#outlook
Leave a comment