TMJ
searchnav-menu
post-thumbnail

Outlook

ഒന്നാം ഭരണഘടനാ ഭേദഗതിയും അനന്തര ഫലങ്ങളും

02 May 2024   |   7 min Read
പ്രേംലാല്‍ കൃഷ്ണന്‍

ന്ത്യന്‍ ഭരണഘടന ഇതുവരെ 106 തവണ ഭേദഗതിക്ക് വിധേയമായിട്ടുണ്ട്. അതില്‍ ആദ്യത്തെ ഭേദഗതി 1951 മെയ് പത്താം തീയതി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് കൊണ്ടുവന്നത്. 1950 ജനുവരി 26 ന് ഭരണഘടന അംഗീകരിക്കപ്പെട്ടശേഷം ഒരു വര്‍ഷവും 104 ദിവസവും തികയുമ്പോഴേക്കും ഭരണഘടന ഭേദഗതി അനിവാര്യമാണ് എന്ന് അന്നത്തെ ഭരണകൂടത്തിന് തോന്നി. അതിന് കാരണമായി പറഞ്ഞത് ചില കോടതികള്‍ പാസ്സാക്കിയ വിധിന്യായങ്ങള്‍ ജനതാല്പര്യങ്ങള്‍ക്ക് വിരുദ്ധമാകുന്നു എന്നാണ്. ഒന്നാം ഭരണഘടനാ ഭേദഗതിക്ക് സര്‍ക്കാറിനെ പ്രേരിപ്പിച്ച ഏകദേശം ആറോളം കേസുകളില്‍ ഒന്ന് മേലേടത്ത് ഭരതന്‍ എന്ന മലയാളി ബോംബെ പോലീസ് കമ്മീഷണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ബോംബെ ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജിയുടെ വിധിന്യായം ആയിരുന്നു.

അധികാരം ജനങ്ങളിലേക്ക് എത്തുന്നതിന്റെ മുന്നോടിയായി കിട്ടിയ ഇടക്കാല സ്വാതന്ത്ര്യം എന്ന നിലയില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ 'മൗണ്ട്ബാറ്റന്‍' പ്രമേയം പാസ്സാക്കി. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയത് അംഗീകരിക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിമുഖത കാട്ടി. ബി.ടി രണദിവെ യുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അതിനെ എതിര്‍ത്തു.

1948 ഫെബ്രുവരി 28 ന് നടന്ന രണ്ടാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സ്വതന്ത്ര ഇന്ത്യ ബ്രിട്ടന്റ ഒരു ഉപജാപക രാജ്യം മാത്രമാണെന്നും, ദേശീയ ബൂര്‍ഷ്വാസി സാമ്രാജ്യത്വ ശക്തികളുമായി കൂട്ടുചേര്‍ന്നിരിക്കയാണെന്നും, നാം ശരിയായ സ്വാതന്ത്ര്യമല്ല മറിച്ച് പൊള്ളയായ സ്വാതന്ത്ര്യമാണ് കൈവരിച്ചത് എന്നുമുള്ള രാഷ്ട്രീയപ്രബന്ധം അംഗീകരിക്കപ്പെട്ടു. അതോടെ ഭരണത്തിലിരിക്കുന്നവര്‍ സ്വാമ്രാജ്യത്വത്തിന്റെ സ്തുതിപാഠകര്‍ മാത്രമാണെന്ന വാദം ഉയരുകയും പിന്നീട് സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ, വളരെ ചുരുക്കം പേരിലൊഴിച്ച് ആ ആഹ്വാനത്തിന് ഒരു ചലനവുമുണ്ടാക്കാനായില്ല. പിന്നീട് 1950 ല്‍ രാജേശ്വര്‍ റാവു നേതൃത്വത്തിലേക്ക് വന്നതോടെ ഇന്ത്യന്‍ കമ്മ്യൂണിസം റഷ്യന്‍ പാത ഉപേക്ഷിച്ച് ചൈനീസ് പാത സ്വീകരിച്ചു.

REPRESENTATIVE IMAGE | WIKI COMMONS
സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരെ മൃഗീയമായി വേട്ടയാടി. 1949 മെയ് മാസത്തില്‍ മാത്രം ഏകദേശം 25,000 പേര്‍ രാഷ്ട്രീയ തടവുകാരായി ജയിലില്‍ ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ജയിലിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, രാഷ്ട്രീയ തടവുകാര്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങി ചില ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ തടവുകാര്‍ ജയിലില്‍ നിരാഹാരസമരം തുടങ്ങി. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 1949 മെയ് 8 ന് ബോംബെയിലെ ലാല്‍ബാഗില്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിനുശേഷം അതില്‍ പങ്കെടുത്തവര്‍ ജാഥയായി ഡെലയില്‍ മൈതാനത്തിലെത്തി. അക്കാലത്ത് വൈകുന്നേരം 7 മണിക്കുശേഷം അവിടെ ജാഥ നടത്താന്‍ പാടില്ല എന്ന ഉത്തരവ് നിലനിന്നിരുന്നു. ലാല്‍ ബാഗില്‍ നിന്ന് ഡെലയില്‍ മൈതാനത്തേക്ക് ജാഥക്കാര്‍ എത്തുമ്പോഴേക്കും സമയം 7 കഴിഞ്ഞിരുന്നതുകൊണ്ട് പോലീസ് ജാഥ തടയുകയും പിരിഞ്ഞുപോകാന്‍ ലാത്തിച്ചാര്‍ജ് നടത്തുകയും പിന്നീട് വെടിവെപ്പ് നടത്തുകയും ചെയ്തു. ശേഷം 43 പേരെ സംഭവസ്ഥലത്ത് നിന്നും ബോംബെ പബ്ലിക് സെക്യൂരിറ്റി മെഷേഴ്‌സ് നിയമം 1947 അനുസരിച്ച് അറസ്റ്റ് ചെയ്തു. മേലേടത്ത് ഭരതനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 15 ദിവസം മാത്രം തടവ് അനുഭവിക്കേണ്ട ഒരു കുറ്റമായിരുന്നു അത്. സാധാരണ ഗതിയില്‍ സ്വന്തം ജാമ്യത്തില്‍ ഇറക്കിവിടാവുന്ന കുറ്റം. പക്ഷേ, ഇവര്‍ പുറത്തുവന്നാല്‍ വീണ്ടും ക്രമസമാധാന ലംഘനമുണ്ടാക്കും എന്നുപറഞ്ഞ് പോലീസ് ഇവരുടെ തടവ് നീട്ടിക്കൊണ്ടുപോയി. ബോംബെ സെക്യൂരിറ്റി മെഷേഴ്‌സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കേണ്ടതില്ല എന്നതുകൊണ്ട് പോലീസ് കമ്മീഷണര്‍ക്ക് വിചാരണ കൂടാതെ തടവ് നീട്ടിക്കൊണ്ടുപോകാന്‍ അന്ന് സാധിച്ചു. ഇതിനെതിരെ ഭരതന്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തു. കോടതി വെറുതെ വിട്ടാലും അധികൃതര്‍ക്ക് തടങ്കല്‍ തുടരാം എന്ന ആശങ്കാജനകമായ സൗകര്യം നിലനില്‍ക്കുന്നു എന്ന് വാദം കേള്‍ക്കുന്നതിനിടയില്‍ ഹൈക്കോടതി നിരീക്ഷിച്ചു. ശേഷം തടവ് നിയമപരമല്ല എന്ന് വിധിച്ചുകൊണ്ട് ജയിലിലുള്ളവരെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിച്ച രാഷ്ട്രീയ തടവുകാര്‍ തങ്ങളുടെ സംസ്ഥാനത്തെ ഹൈക്കോടതികളില്‍ ഹര്‍ജി സമര്‍പ്പിച്ച് ജയില്‍ മോചിതരായി. അത് അന്നത്തെ ഗവണ്‍മെന്റിനെ ചൊടിപ്പിച്ചു. കോടതികളുടെ നിര്‍ബാധമുള്ള ഇടപെടല്‍ അവസാനിപ്പിക്കണം എന്ന് തന്നെയായിരുന്നു സര്‍ക്കാറിന്റെ ഉദ്ദേശ്യം. ആര്‍ട്ടിക്കിള്‍ 19 ല്‍ പറഞ്ഞിരിക്കുന്ന മൗലിക സ്വാതന്ത്ര്യങ്ങള്‍ക്ക് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തണം എന്ന് ഭരണകൂടത്തിന് തോന്നി.  ഒന്നാം ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള ഒരു പ്രധാന കാരണവും അതായിരുന്നു. രൊമേഷ് ഥാപ്പര്‍ / സ്റ്റേറ്റ് ഓഫ് മദ്രാസ്, ലേഖി നാരായന്‍ ദാസ് / പ്രൊവിന്‍സ് ഓഫ് ബിഹാര്‍, ബ്രഹ്‌മേശ്വര്‍ പ്രസാദ് / സ്റ്റേറ്റ് ഓഫ് ബിഹാര്‍ എന്നിവയായിരുന്നു മേല്‍പറഞ്ഞ കേസുകള്‍.

അതേസമയംതന്നെ, ശ്രീമതി ചെമ്പകം ദൊരൈ രാജന്‍ എന്ന സ്ത്രീ മദ്രാസ് മെഡിക്കല്‍ കോളേജ് തുടന്നുവന്നിരുന്ന പ്രവേശനരീതി മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വാദിച്ചുകൊണ്ട് മറ്റൊരു ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍ കൊടുത്തിരുന്നു. തനിക്ക് സീറ്റ് നിഷേധിച്ചത് താന്‍ ബ്രാഹ്‌മണയായതുകൊണ്ട് മാത്രമാണെന്നും അത് ഭരണഘടനാ ലംഘനമാണെന്നുമായിരുന്നു അവരുടെ വാദം. മദ്രാസ് ഹൈക്കോടതി അവരുടെ വാദം അംഗീകരിച്ചുകൊണ്ട് വിധിയെഴുതി. അതിനെ ചോദ്യം ചെയ്തുകൊണ്ട് മദ്രാസ് സംസ്ഥാനം സുപ്രീംകോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളുകയും ഹൈക്കോടതി വിധി ശരിവെക്കുകയും ചെയ്തു. ഇതാണ് ഒന്നാം ഭരണഘടനാ ഭേദഗതിയെ പ്രേരിപ്പിച്ച മറ്റൊരു പ്രമാദമായ കേസ്.

മദ്രാസ് ഹൈക്കോടതി | PHOTO: WIKI COMMONS
ഒന്നാം ഭരണഘടന ഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് നെഹ്‌റു ഇങ്ങനെ പറഞ്ഞു:  കഴിഞ്ഞ പതിനഞ്ച് മാസത്തെ ഭരണത്തിനിടയില്‍, ചില കോടതികളുടെ ഇടപെടലുകള്‍ ഭരണകൂടത്തിന് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൗലിക അവകാശങ്ങളായ അഭിപ്രായ സ്വാതന്ത്ര്യത്തെ ചില കോടതികള്‍ സമഗ്രമായ അര്‍ത്ഥത്തിലാണ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നവരെ പോലും കുറ്റവാളികളാക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. രാജ്യത്തെ പൗരന്റെ മൗലികാവകാശമായ എന്ത് തൊഴിലും അല്ലെങ്കില്‍ ഏത് വ്യാപാരത്തിലും ഏര്‍പ്പെടാനുള്ള അവകാശം ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒന്നാം ഭരണഘടനാ ഭേദഗതി ആവശ്യമായി വന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ഭരണഘടന ഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു.

നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ ഭേദഗതി ആര്‍ട്ടിക്കിള്‍ 15 ലെ 4-ാം ഉപവകുപ്പാണ്. അതുപ്രകാരം സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനും, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഇതനുസരിച്ച് ഏകദേശം 1,070 ജാതിയില്‍ പെട്ടവരെ കണ്ടെത്തി പട്ടികജാതിയിലും ഏകദേശം 688 ജാതിയില്‍ പെട്ടവരെ പട്ടികവര്‍ഗ്ഗത്തിലും ഉള്‍പ്പെടുത്തി തരംതിരിച്ചു കൊണ്ട് അതാത് സംസ്ഥാനങ്ങള്‍ കൊടുത്ത വിവരങ്ങള്‍ക്കനുസൃതമായി പട്ടികകള്‍ തയ്യാറാക്കുകയും,  വിദ്യാഭ്യാസരംഗത്ത് 20 ശതമാനം സംവരണം പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി കൊണ്ടുവരികയും ചെയ്തു. പക്ഷേ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ എന്ന നിലയില്‍ ഉള്‍പ്പെടുത്താവുന്ന സമൂഹത്തെ കണ്ടെത്താവുന്ന സൂചിക നിര്‍വചിക്കാനായില്ല. 1953 ല്‍ ആദ്യത്തെ പിന്നോക്ക വിഭാഗ കമ്മീഷനെ (കേല്‍ക്കര്‍ കമ്മീഷന്‍) ഇതിനായി നിയമിച്ചുവെങ്കിലും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന് മുദ്രകുത്താവുന്ന രീതിയിലുള്ള സൂചികകള്‍ കണ്ടെത്തുന്നതില്‍  കമ്മീഷന്‍ പരാജയപ്പെട്ടു. പിന്നീട് 1978 ല്‍ മണ്ഡല്‍ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുക എന്നതായിരുന്ന കമ്മീഷന്റെ പ്രധാന ലക്ഷ്യം. 1980 ല്‍ ഇതര പിന്നോക്ക സമുദായക്കാര്‍ (OBC) എന്നൊരു സംവരണാര്‍ഹരായ സമൂഹത്തിനെ സൃഷ്ടിച്ചുകൊണ്ട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1990 മുതല്‍ സര്‍ക്കാര്‍ ജോലികളിലേക്കുള്ള സംവരണം ഇതര പിന്നോക്ക സമുദായക്കാര്‍ക്കും അനുവദിച്ചു തുടങ്ങി. പക്ഷേ, കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല, സംവരണ പട്ടികയില്‍ ഇടംപിടിക്കാന്‍  പിന്നോക്ക സമുദായ പദവി അംഗീകരിച്ച് കിട്ടുന്നതിന് വേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ പല സമുദായങ്ങളും രംഗത്തുവന്നു.

ജവഹർലാൽ നെഹ്‌റു | PHOTO: FACEBOOK
1985 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഗസറ്റ് 1564, 1566, 1567 എന്നിവ പ്രകാരം തമിഴ്‌നാട്ടിലെ 39 ജാതിയില്‍ പെട്ടവരെ തീവ്ര പിന്നോക്ക സമുദായക്കാര്‍ എന്ന് മുദ്രകുത്തി സംവരണത്തില്‍ ഉള്‍പ്പെടുത്തി. അതിന് ശേഷം 1994 ല്‍ കൊണ്ടുവന്ന തമിഴ്‌നാട് ആകട് 45, വകുപ്പ് 3 (a) പ്രകാരം നിര്‍വചിക്കപ്പെട്ട പിന്നോക്ക സമുദായക്കാര്‍ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്നവരാകും എന്ന് നിര്‍വചിച്ചുകൊണ്ട് അവര്‍ക്കുവേണ്ടി പ്രത്യേകം സംവരണം കൊണ്ടുവന്നു. വിവിധ സംസ്ഥാന തലങ്ങളില്‍ അന്വേഷണ കമ്മീഷന്‍ വെച്ച് പിന്നോക്ക സമുദായക്കാരെ കണ്ടെത്തുന്നതിനിടയില്‍ 2000 ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക് വേര്‍ഡ് ക്ലാസ് രൂപീകരിച്ചു. പല സമുദായക്കാരും പിന്നോക്കസമുദായം എന്ന അംഗീകാരത്തിന് വേണ്ടി കമ്മീഷനെ സമീപിച്ചു. ചിലത് അംഗീകരിച്ചു മറ്റു ചിലത് തള്ളിക്കളഞ്ഞു. അതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മഹാരാഷ്ട്രയിലെ മറാത്ത വിഭാഗം. മറാത്ത സമുദായക്കാരെ പിന്നോക്ക വിഭാഗക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ കമ്മീഷന്‍ പറഞ്ഞു.

2005 ല്‍ മഹാരാഷ്ട്ര സംസ്ഥാനവും, സംസ്ഥാന തലത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. ആ സംസ്ഥാന കമ്മീഷന്റെ 22-ാം റിപ്പോര്‍ട്ട് അനുസരിച്ച് മറാത്ത വിഭാഗത്തിനെ ഇതര പിന്നോക്ക സമുദായത്തില്‍ പോലും ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്ന് പ്രസ്താവിച്ചു. പക്ഷേ, വലിയൊരു വോട്ട് ബാങ്കായ മറാത്ത വിഭാഗത്തെ പിണക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ മറ്റൊരു കമ്മീഷനെ പ്രഖ്യാപിച്ചു. ബാപ്പട്ട് കമ്മീഷന്‍. എന്നിട്ടും രാഷ്രീയക്കാര്‍ക്ക് ആവശ്യമായ രീതിയില്‍ സംവരണ 'നിയമ നിര്‍മ്മാണം നടത്താന്‍ കഴിയാത്തതിനാല്‍ 2013 ല്‍ റാണെ കമ്മിറ്റി ഉണ്ടാക്കി. റാണെ കമ്മിറ്റി 2014 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് മറാത്ത വിഭാഗം വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ ആണെന്ന് സ്ഥാപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 20 ശതമാനം സംവരണം അവര്‍ക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്തു. നിയമപരമായി ചുമതലയേറ്റ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് മേലെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പാടില്ല എന്ന വാദത്താല്‍ ആദ്യത്തെ മറാത്ത സംവരണശ്രമം തുടക്കത്തിലെ പരാജയപ്പെട്ടു. പക്ഷേ, സര്‍ക്കാര്‍ നിരാശരായില്ല, അവര്‍ ജസ്റ്റിസ് ഗെയ്ക്ക് വാദിന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ച് വീണ്ടും റിപ്പോര്‍ട്ട് തേടി. രാഷ്ട്രീയ ഇച്ഛ പോലെതന്നെ ഗെയ്ക്ക് വാദ് കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നു. അയ്യായിരത്തില്‍പരം പേജുള്ള റിപ്പോര്‍ട്ട് അസംബ്ലിയില്‍ വെച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് അംഗീകരിക്കുകയും മറാത്ത സംവരണത്തിന് പുതിയ നിയമം കൊണ്ടുവരുകയും ചെയ്തു. പക്ഷേ, മൊത്തം സംവരണ ശതമാനം 50 ശതമാനത്തിന് മുകളില്‍ പോയതുകൊണ്ട് ആ ശ്രമവും സുപ്രീംകോടതി തള്ളിക്കളഞ്ഞു. പക്ഷേ, രാഷ്ട്രീയക്കാര്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മറാത്ത സംവരണ പ്രക്ഷോഭവുമായി ഇറങ്ങി. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പഴംചൊല്ല് പോലെ സമരം ചെയ്യുന്നവര്‍ക്കേ അവകാശങ്ങളുള്ളൂ, സമരം ചെയ്യാത്ത അസംഘടിതവര്‍ഗ്ഗം വെറും കാഴ്ചക്കാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍. മഹാരാഷ്ട സര്‍ക്കാര്‍ വീണ്ടും മറാത്ത വിഭാഗത്തിന് സംവരണം കൊണ്ടുവന്നു.

സംവരണത്തെ കുറിച്ച് നെല്‍സന്‍ മണ്ഡേല പറഞ്ഞത് സംവരണവും അതിനോടനുബന്ധമായ വസ്തുക്കളും രാജ്യത്തെ ഒന്നടക്കം നശിപ്പിക്കും എന്നാണ്. പിന്നോക്ക വിഭാഗത്തിനെ മുന്നോട്ടുകൊണ്ടുവരാന്‍ എന്ന നിലയില്‍ കൊണ്ടുവന്ന ഭേദഗതി 2014 കഴിഞ്ഞപ്പോഴേക്കും മുന്നോക്ക സമുദായക്കാരെ കൂടി പിന്നോക്ക ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഗതികേടിലേക്ക് എത്തി. സംവരണം അന്യായമെന്ന് കരുതുന്നതിനേക്കാള്‍ അവകാശം എന്ന നിലയില്‍ ഇന്ന് ഏറ്റെടുക്കപ്പെട്ടു. സമുദായത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുള്ള സംവരണത്തിന് ചില കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും സമുദായങ്ങള്‍ പലതും ഇന്നും സാമൂഹ്യമായി ഉയര്‍ത്തപ്പെട്ടിട്ടില്ല. ആ അര്‍ത്ഥത്തില്‍ ഒന്നാം ഭരണഘടന ഭേദഗതിയിലൂടെ കൊണ്ടുവന്ന ആര്‍ട്ടിക്കിള്‍ 15 (4) എന്തുഗുണം ചെയ്തു എന്ന് സ്വയം വിമര്‍ശനം നടത്തേണ്ട സമയം അധികരിച്ച് കഴിഞ്ഞിരിക്കുന്നു.

നെല്‍സന്‍ മണ്ഡേല | PHOTO: FACEBOOK
അടുത്തത് ആര്‍ട്ടിക്കിള്‍ 19 ഉപവകുപ്പുകളുടെ ഭേദഗതിയാണ്. സര്‍ക്കാറിന് ഉചിതമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാനും അഭിപ്രായ സ്വാതന്ത്ര്യം, നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമാക്കാനും വേണ്ടി ഭേദഗതികള്‍ ചെയ്യാനും സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ഭേദഗതി കൊണ്ടുവന്നു. ഭേദഗതി ചര്‍ച്ചകള്‍ക്കിടയില്‍ നെഹ്‌റു പറഞ്ഞത് ഇങ്ങനെയായിരുന്നു:  'സര്‍ക്കാറിന് ഉചിതമായ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇപ്പോഴും തടസ്സങ്ങളില്ല പക്ഷേ, നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതിയോടുകൂടി സര്‍ക്കാറിന് കൃത്യമായ അധികാരം ലഭിക്കും. എന്തുകൊണ്ട് 'ഉചിതമായ' എന്ന വാക്ക് നേരത്തെ ഭരണഘടനയില്‍ ഉപയോഗിച്ചില്ല എന്ന് ചോദിച്ചാല്‍ കോടതികളുടെ ഇത്തരം നിര്‍വചനങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചില്ല. അത്തരം ആശയക്കുഴപ്പം ദേശത്തിന് ദ്രോഹം ചെയ്യും'. പക്ഷേ, അത് മൗലിക അവകാശമാണ് എന്ന് കാമത്ത് വാദിച്ചപ്പോള്‍ നെഹ്‌റു പറഞ്ഞ് രാജ്യത്ത് സ്ഥിരത ഉണ്ടെങ്കിലേ ഭരണഘടനയ്ക്ക് ബഹുമാനമുണ്ടാകൂ എന്നാണ്. ഭരണഘടന ദുര്‍ബല വിചാരങ്ങളെ അല്ലെങ്കില്‍ അസന്നിഗ്ദ ഭാവിയെ പ്രലോഭിപ്പിക്കുന്നതാകരുത്. നെഹ്‌റു തുടര്‍ന്നു,  ഭരണഘടനയെ കൊല്ലാനാണെങ്കില്‍ അതിനെ അങ്ങനെ തന്നെ വെക്കാം പക്ഷേ, അതൊരിക്കലും വളരുന്നതാകില്ല, ജഡമായിരിക്കും. ഭരണഘടന നശിക്കുന്നത് പൂര്‍ണ്ണത ഇല്ലാത്തതുകൊണ്ടല്ല മറിച്ച് വസ്തുനിഷ്ഠമല്ലാത്തതുകൊണ്ടായിരിക്കും. ലോകത്തെ ഏറ്റവും പൂര്‍ണ്ണതയിലെത്തിയ ഭരണഘടനയായ ജര്‍മ്മന്‍ ഭരണഘടന ഇന്ന് ചവറ്റുകൊട്ടയിലാണ്. ലോകത്ത് നിലനില്‍ക്കുന്ന സ്വാതന്ത്ര്യം സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിതമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യവും മറിച്ചല്ല. ഇന്ത്യയുടെ ഏകതയ്ക്ക് വിഘാതം നില്‍ക്കുന്ന എന്തിനേയും നിയമപരമായി നേരിടാനാവണം. പക്ഷേ, ചര്‍ച്ചയില്‍ മൗലിക അവകാശങ്ങളായ അഭിപ്രായ സ്വാതന്ത്ര്യത്തിലും ഏതൊരു തൊഴിലിലോ, കച്ചവടത്തിലോ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യത്തിലും കൈകടത്തരുത് എന്ന വാദം ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും മൃഗീയ ഭൂരിപക്ഷം, എതിരഭിപ്രായമുള്ള ന്യൂനപക്ഷത്തെ തോല്പിച്ചു. ആര്‍ട്ടിക്കിള്‍ 19 (2) അനുസരിച്ച് രാജ്യസുരക്ഷ, വിഘടനവാദം, രാജ്യദ്രോഹം, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഉലയ്ക്കല്‍, സഭ്യത, ധാര്‍മ്മികത, കോടതിയലക്ഷ്യം, അപകീര്‍ത്തിപ്പെടുത്തല്‍, കുറ്റകൃത്യത്തിന് പ്രചോദനം ചെയ്യല്‍ തുടങ്ങിയ ലക്ഷ്യത്തോടെ ചെയ്യുന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നിയമ നിര്‍മ്മാണത്തിനോ? അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കാനോ അധികാരം ലഭ്യമാക്കി. അതുപോലെ തന്നെ ഒരു പ്രത്യേക തൊഴിലിലോ ? വ്യവസായത്തിലോ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ ചില പ്രത്യേക യോഗ്യത നിഷ്‌കര്‍ഷിക്കാനുള്ള അധികാരവും സര്‍ക്കാറിന് ലഭ്യമാക്കി.

അടുത്തത് ആര്‍ട്ടിക്കിള്‍ 31 A യും 31 B എന്നീ പുതിയ ആര്‍ട്ടിക്കിളുകള്‍ കൊണ്ടുവരിക എന്നതായിരുന്നു. ആദ്യത്തേത് സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടി സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനയുടെ നൂലാമാലകളില്‍പെട്ട് അസാധു ആകാതിരിക്കുന്നതിന് വേണ്ടിയും, രണ്ടാമത്തേത് 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില നിയമങ്ങള്‍ക്ക് സാധുത നല്‍കുന്നതിനും വേണ്ടിയായിരുന്നു.

ഒന്നാം ഭരണഘടനാ ഭേദഗതി നിയമത്തിന്റെ സാധുത ആരും സുപ്രീം കോടതിയില്‍ മുന്‍പ് ചോദ്യം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടനാ ഭേദഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെയ്യാനാകുമായിരുന്നില്ല. പക്ഷേ, 2021 ല്‍ കെ രാധാകൃഷ്ണന്‍ എന്നൊരു കക്ഷി ഒന്നാം ഭരണഘടന ഭേദഗതി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 19 ലെ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി കൊടുത്തു. ഹര്‍ജിയില്‍ സുപ്രീകോടതിക്ക് ഇടപെടാവുന്ന നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട് എന്ന് കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്.

സുപ്രീം കോടതി | PHOTO: WIKI COMMONS
നിയമ നിര്‍മ്മാണത്തിലെ ചില വാക്കുകള്‍ പ്രത്യേകിച്ച് 'ഉചിതമായ' അഖണ്ഡത, അപകീര്‍ത്തി തുടങ്ങിയവ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനം ചെയ്യപ്പെടാവുന്നതാണ്. നല്‍കപ്പെടുന്ന വസ്തുതകള്‍ക്കനുസരിച്ച് തിരിച്ചും മറിച്ചും വ്യാഖ്യാനിക്കപ്പെടാവുന്ന നിയമങ്ങള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിച്ച് സ്ഥിരപ്പെടുത്തുന്നതുവരെ എങ്ങനേയും വ്യാഖ്യാനിക്കുന്ന ഒന്നായി നിലകൊള്ളും. രാജ്യദ്രോഹം കുറ്റമാണ്, അവര്‍ക്കെതിരെ നടപടി സ്വീകരിക്കാം എന്ന് വ്യവസ്ഥ ചെയ്യുന്നു. പക്ഷേ, എന്തെല്ലാം പ്രവൃത്തികളാണ് രാജ്യദ്രോഹത്തില്‍ ഉള്‍പ്പെടുത്താവുന്നത്? എന്നത് വസ്തുനിഷ്ഠമായ വിശകലനത്തിന് ശേഷം മാത്രം തീരുമാനിക്കാവുന്ന ഒന്നാണ്. ഭരണകൂടയന്ത്രങ്ങള്‍ എങ്ങനെ ഒരു പ്രവൃത്തിയെ വ്യാഖ്യാനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ പ്രതിയോ നിര്‍ദോഷിയോ ആയി തീരുന്നു. പിന്നീട് കോടതിയുടെ അവസാന തീര്‍പ്പുവരെ വെറും വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതന്‍ ജയിലില്‍ കഴിയേണ്ടതായും വരുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

ഭരണഘടനയില്‍ കൊണ്ടുവന്ന ഇത്തരം ഭേദഗതികളുടെ 'ഗുണ ദോഷങ്ങളുടെ വിശകലനം മാറിവരുന്ന നിയമനിര്‍മ്മാണ സഭകള്‍ ചെയ്യാറില്ല. ആര്‍ട്ടിക്കിള്‍ 15 (4) ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും (educationally and soci-ally) പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ സമുദായത്തിലുള്‍പ്പെടാത്ത സമുദായത്തിനെ തേടി എഴുപത് കൊല്ലത്തില്‍ പരമായി അലഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, അത്തരം ഭരണഘടന ഭേദഗതിയില്‍ അപാകത ഉണ്ടായതായി ആരും പറയുന്നുമില്ല. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്,  അതല്ലെങ്കില്‍ നെഹ്‌റു പറഞ്ഞതുപോലെ ഭരണഘടന ജഡമായി മാറും. ഉചിതമായ തീരുമാനങ്ങള്‍ക്ക് നമുക്ക് കാത്തിരിക്കാം.




#outlook
Leave a comment