TMJ
searchnav-menu
post-thumbnail

Outlook

ഉന്നത വിദ്യാഭ്യാസത്തിന്റെ ജനിതകമാറ്റവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയവും

07 Mar 2024   |   5 min Read
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

2024 ന്റെ തുടക്കത്തില്‍ത്തനെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഉന്നത വിദ്യാഭ്യാസവും അതിന്റെ ഗുണനിലവാര പ്രശ്‌നങ്ങളും. ഇവിടെ നിന്നും വിദേശത്തേക്ക് കാലിഫോര്‍ണിയന്‍ ഗോള്‍ഡ് റഷിനെപ്പോലെ വിദ്യാര്‍ത്ഥികളുടെ കൂട്ട പുറപ്പാട് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, ചില സാങ്കേതിക ഘടനാമാറ്റങ്ങളിലും നയരൂപീകരണങ്ങളിലും അവ ഉടക്കിനില്‍ക്കുകയാണ്. ആധുനിക ഉന്നത വിദ്യാഭ്യാസ ഇടങ്ങളെക്കുറിച്ച്, അതിന്റെ അക്കാദമിക രൂപസംവിധാനങ്ങളെക്കുറിച്ചും, അതുമൂലം സംജാതമാകേണ്ട ആശയ ഉര്‍വരതയെക്കുറിച്ചും ചര്‍ച്ച കാര്യമായി നടക്കുന്നില്ല. വ്യവസ്ഥകളില്ലാത്ത സര്‍വകലാശാലയെന്ന (University without a condition) ഴാക് ദെറീദിയന്‍ സങ്കല്‍പ്പനവുമായി അടുത്തുനില്‍ക്കുന്ന വിചാരങ്ങളോ, ഭാവനാപരമായ ഉള്‍ക്കാഴ്ചയോ ഒന്നുംതന്നെ ഈ ബൗദ്ധികവ്യവഹാരങ്ങളില്‍ കാണുന്നില്ല. സ്വതന്ത്ര ചിന്താവ്യവഹാരങ്ങള്‍ക്കും നവ ജ്ഞാനരൂപങ്ങള്‍ക്കും വിളനിലമാകേണ്ട സര്‍വകലാശാലകള്‍ കോര്‍പറേറ്റ് യുക്തിക്ക് കീഴടങ്ങുന്ന നയരൂപീകരണങ്ങള്‍ ആഘോഷമാക്കിയിരിക്കുന്നു. തങ്ങള്‍ക്കുചുറ്റും കാണുന്ന സാമൂഹികലോകത്തിലേക്ക് കാഴ്ച തിരിക്കേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെറും പ്രൊഫഷനലുകളെ സൃഷ്ടിക്കുന്ന പണിശാലകളായി മാറുന്നു. 

ഒരു സിലബസ് കമ്മിറ്റി ചര്‍ച്ചയും കഴിഞ്ഞ് എറണാകുളം നോര്‍ത്ത് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിനില്‍ കയറാന്‍ വന്നപ്പോള്‍ ഒരു കാഴ്ച കണ്ടു, ഹൃദയഭേദകമായ കാഴ്ച. ഒരു റെയില്‍വേ ജീവനക്കാരന്‍ അദ്ദേഹത്തിന്റെ കൈവച്ച് മാലിന്യം പെറുക്കി മാറ്റുന്നു. വെള്ളക്കുപ്പികള്‍, ചായ കപ്പുകള്‍, ബിസ്‌ക്കറ്റ് കൂടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന മാലിന്യങ്ങള്‍. ബയോടോയ്ലറ്റുകള്‍ ഉള്ളതിനാല്‍ വിസര്‍ജ്യത്തിനിടയില്‍ നിന്നും ഇവ ശേഖരിക്കേണ്ട ഗതികേട് അദ്ദേഹത്തിനില്ലെങ്കിലും, കണ്ടുനില്‍ക്കുന്ന (കണ്ടില്ലെന്നു നടിക്കുന്ന) അനേക പൗരന്മാര്‍ക്കു മുന്നില്‍ ആ പാവത്തിനീ ജോലി ചെയ്യേണ്ടിവരുന്നു. ആധുനിക/ ഉത്തരാധുനിക / ദ്രാവക ആധുനിക കാലഘട്ടത്തിലെ വിസര്‍ജ്യങ്ങള്‍ പെറുക്കേണ്ടി വരുന്ന പൗരന്റെ ഗതികേട്. ദൈനംദിന ജീവിതത്തില്‍ നാം കാണുന്ന ഇത്തരം ദൃശ്യങ്ങളില്‍ നിന്നാവണം ഇന്ത്യയിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുവാന്‍. ഇതു ഗ്രഹിക്കുവാന്‍ പിയറി ബോര്‍ദ്യൂവിനേയോ, പൗലോ ഫ്രെയറിനെയോ, ചോംസ്‌കിയേയോ വായിക്കേണ്ട, ചുറ്റുപാടിന്റെ സാമൂഹിക ശാസ്ത്ര അനുഭവലോകത്തേക്ക് കണ്ണോടിച്ചാല്‍ മതി. ഈ കണ്ണോടിക്കല്‍ സാധ്യമാക്കുവാന്‍ ഉന്നത / പൊതു വിദ്യാഭ്യാസ മാര്‍ഗ്ഗരേഖകള്‍ക്കും, നയങ്ങള്‍ക്കും സാധ്യമാകുന്നുണ്ടോ എന്ന ചോദ്യത്തിലാണ് വിദ്യാഭ്യാസ പരിഷ്‌കാരനയങ്ങളുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാമൂഹിക/രാഷ്ട്രീയ പ്രസക്തി അന്വേഷണ വിധേയമാകേണ്ടത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ഇന്നുവരെ അനുഭവിക്കാത്ത രീതിയില്‍ സാങ്കേതിക സംവിധാനങ്ങളും സാങ്കേതികതയും അടക്കിവാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ത്തന്നെ പ്രയോജനകരമായ രീതിയില്‍ അക്കക്കണക്കുകളില്‍ ചുരുക്കി പ്രദര്‍ശിപ്പിച്ച്, അതു തന്നെയാണ് അക്കാദമിക മികവെന്ന് പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളെയും, വിദ്യാഭ്യാസ വിചക്ഷണന്മാരെയുമാണ് നിത്യേന നാം കാണുന്നത്. ഏകദേശം രണ്ടുവര്‍ഷക്കാലം അതിഥിയായി വന്ന വൈറസും, മഹാമാരിയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഘടനാപരമായിത്തന്നെ സാങ്കേതികതയുടെ തടവറയിലാക്കി. വിദ്യാഭ്യാസത്തിന്റെ അനുഭവമണ്ഡലത്തെ കമ്പ്യൂട്ടര്‍ മോണിറ്ററുകളിലെ ഇമേജുകളാക്കി മാറ്റി, പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിന്റെ പിടിയിലൊതുക്കി. നേരിട്ടുള്ള സെമിനാറുകള്‍ക്കും, സംവാദങ്ങള്‍ക്കും പകരം ഓണ്‍ലൈനില്‍ ഓഫായിരിക്കുന്ന വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും വളരെ നോര്‍മലാക്കി മാറ്റിയ കാലഘട്ടമായിരുന്നത്. ഈ ഉത്തര കോവിഡ് കാലഘട്ടത്തില്‍ നിന്നുതന്നെയാവണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉന്നത വിദ്യാഭ്യാസ ഗതിവിഗതികള്‍ ചര്‍ച്ച ചെയ്യേണ്ടത്.

REPRESENTATIONAL IMAGE: WIKI COMMONS
രൂപകല്‍പ്പനയിലെ പാരിസ്ഥിതിക അക്കാദമിക്സ്

ഒരു ഉന്നതവിദ്യാലയ ക്യാമ്പസ് സര്‍വ്വവിധ വിമര്‍ശ ചിന്തകളേയും പ്രചോദിപ്പിക്കേണ്ട ഇടമാകണം. ഈ കാലഘട്ടത്തിലെ ഹോളിസ്റ്റിക് ക്യാമ്പസ് എന്ന ആശയം സൂചിപ്പിക്കുന്നതുപോലെ, ക്ലാസ് മുറികള്‍ / ലാബുകള്‍ എന്നീ പഠന ഇടങ്ങളില്‍ നിന്നിറങ്ങിവരുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്ന പോയിന്റുകള്‍, മൈതാനങ്ങള്‍ മരച്ചുവടുകള്‍, കാന്റീനുകളും കഫറ്റേറിയകളും, ഇരിപ്പിടങ്ങളുമെല്ലാം ജൈവീക കൂട്ടായ്മകളെ സൃഷ്ടിക്കേണ്ട സാമൂഹിക ഇടങ്ങളാകണം. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇരുന്നു സംസാരിക്കുന്ന ഇടങ്ങളെ സൃഷ്ടിക്കുന്ന ക്യാമ്പസുകളിലെ രൂപസംവിധാനങ്ങള്‍ വിദ്യാഭ്യാസനയരേഖയില്‍ വരേണ്ടകാലം കഴിഞ്ഞിരിക്കുന്നു. വിഷയാതിര്‍ത്തികള്‍ തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതെയാക്കി, ശാസ്ത്ര / സാമൂഹിക/ മാനവ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി പുതിയ ദര്‍ശന മാതൃകകള്‍ സൃഷ്ടിക്കുന്ന ക്യാമ്പസുകളില്‍ മാത്രമാണ് നയരേഖകളില്‍ വീമ്പിളക്കുന്ന ബഹു വൈജ്ഞാനികജ്ഞാന പ്രയോഗങ്ങള്‍ സാധ്യമാക്കുന്നത്. ഇതിനുവേണ്ട മുന്നൊരുക്കത്തിന്റെ ഒന്നാം പടിയാകണം ക്യാമ്പസിന്റെ രൂപകല്‍പ്പന. പ്ലേറ്റോയുടെ ഗുഹയുടെ ഉപമ (allegory of the cave) യില്‍ പറയുന്നതുപോലെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ഗുഹയിലെ നിഴല്‍സത്യങ്ങളില്‍ അഭിരമിക്കുന്നവരില്‍ നിന്നും വിശാല ലോകത്തിലേക്കെത്തേണ്ടവരാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. ഈ വിശാലവും വൈവിധ്യപൂര്‍ണവുമായ ലോകസഞ്ചാരത്തില്‍ അനുഭവവല്‍കരണത്തിലൂടെ സാധ്യമാകുന്ന ബൗദ്ധിക / മാനസിക പുരോഗതിയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. പ്രൊഫ. യശ്പാല്‍ തന്റെ 2010 ലെ ഉന്നത വിദ്യാഭ്യാസത്തിന്റെ വീണ്ടെടുപ്പും പുനരുജ്ജീവനവും എന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന വിഷയാധിഷ്ഠിതമായ വെള്ളം കേറാക്കള്ളികളില്‍ തളച്ചിടുമ്പോള്‍ പുതിയ ജ്ഞാനരൂപങ്ങളോ, പദ്ധതികളോ ഫലവത്താവാതെ പൊലിഞ്ഞുപോകും.

വിദേശ സര്‍വകലാശാലകളിലെ ക്യാമ്പസ് ലൈബ്രറികള്‍ സന്ദര്‍ശിക്കുമ്പോള്‍ മനസ്സിലാകുന്നത്, വായിക്കുവാന്‍ ഇഷ്ടപ്പെടാത്തവരെയും ആകര്‍ഷിക്കുന്ന രൂപകല്‍പ്പനയാണ്. സൈലന്റ്, ക്വയറ്റ് റീഡിംഗിനു പറ്റിയ ഇടങ്ങളും റിലാക്സ്ഡ് റീഡിംഗിന് പറ്റിയ ഇടങ്ങളും വളരെ ആകര്‍ഷകകരമായി ഇവിടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഒരു റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം പോലെയല്ല, അവര്‍ വായനാമുറികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വായനക്കാര്‍ക്ക് ഉറക്കം വരികയാണെങ്കില്‍ അതിനുവേണ്ട വിശ്രമ കസേരകള്‍ പോലും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നീണ്ട വരാന്തകളില്‍ ബിയര്‍ കുടിച്ചുകൊണ്ട് പഠനങ്ങള്‍ നടത്തുന്നവരെ ബ്രിട്ടീഷ് ലൈബ്രറിയില്‍ കാണുവാന്‍ സാധിക്കും. നമ്മുടെ കപട ധാര്‍മ്മിക മൂല്യബോധത്തില്‍ ഇതു വലിയ പാപമായിരിക്കും. പാശ്ചാത്യ സര്‍വകലാശാലകളിലും ലൈബ്രറികളിലും ഇതു ഉത്തരവാദിത്തത്തോടു കൂടിയുള്ള പഠനരീതി മാത്രമാണ്. യൂറോപ്പിലെ പെന്നി യൂണിവേഴ്സിറ്റികളെന്നു വിളിക്കപ്പെട്ടിരുന്ന കഫേകള്‍ പൊതുമണ്ഡലത്തിന്റെ ആവിര്‍ഭാവത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് യൂഗര്‍ഹാബെര്‍മാസ് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

REPRESENTATIONAL IMAGE: WIKI COMMONS
ജന്മി സംസ്‌കാരം വിട്ടുമാറാത്ത ക്ലാസ് മുറികള്‍

വിദ്യാഭ്യാസത്തിലെ കേന്ദ്ര ബിന്ദുക്കള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. ഇന്ത്യയിലെ ക്ലാസ് മുറികളില്‍ ഇന്നു നാം കാണുന്നത് അധ്യാപക കേന്ദ്രീകൃത സംവിധാനം മാത്രമാണ്. പൗലോ ഫ്രെയര്‍ പറയുന്നതു പോലെ ഇത് പരമ്പരാഗത ബാങ്കിംഗ് വിദ്യാഭ്യാസരീതിയാണ്. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കഭിമുഖമായി കേന്ദ്ര സ്ഥാനത്തുനിന്നു ക്ലാസുകള്‍ എടുക്കുമ്പോള്‍, അവരുടെ ഭാഷണങ്ങളും മുഖ്യസ്ഥാനത്തു തന്നെയാണ് നിലകൊള്ളുന്നത്. ഇതുപെറുക്കിയെടുത്ത് പങ്കിടുന്നവരാണ് മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളും. ഈ പ്രക്രിയ തുടരുകയും, അധ്യാപകന്റെ അധീശത്വസംസ്‌കാരം പൊതുനിയമം പോലെ സാമാന്യ പൊതുബോധത്തിലുറയ്ക്കുകയും ചെയ്യുന്നു. ഉന്നതവിദ്യാലയങ്ങളിലെ ബോധന ഇടങ്ങള്‍ ഒരു ജന്മിത്ത ഘടനപോലെ അധ്യാപകരുടെ കേന്ദ്രസ്ഥാനം അരക്കിട്ടുറപ്പിക്കുകയും, വിദ്യാര്‍ത്ഥികളുടെ സ്ഥാനം വെറും അടിയാന്റെ നിലയിലേക്കു മാറുകയും ചെയ്യുന്നു. ഇവിടെയാണ് മാനുഷികവും സാമൂഹികവുമായ നീതിനിഷേധങ്ങളുടെ വിളനിലമായി ഇന്ത്യയിലെ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറുന്നത്. 

അക്കാദമിക ഗുണമേന്മയുടെ യാന്ത്രികമായ വിലയിരുത്തല്‍

വ്യവസായ വാണിജ്യ യുക്തിക്ക് അനുസൃതമായ രീതിയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം വിലയിരുത്തുന്ന രീതിയാണ് ഇന്ന് നാം ഇന്ത്യയില്‍ കാണുന്നത്. ദേശീയ വിദ്യാഭ്യാസനയം തന്നെ, ചില വാക്കുകളും, ആശയങ്ങളുമൊഴിച്ചാല്‍ വ്യവസായ മേഖലയ്ക്ക് ഗുണകരമായ അക്കാദമിക മികവ് ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായാണ് സര്‍വകലാശാലകളെ കാണുന്നത്. അംബാനി ബിര്‍ളാ റിപ്പോര്‍ട്ടിന്റെ (2000) അലയടികള്‍ ഇതില്‍ നമുക്കു കൃത്യമായി കാണാന്‍ സാധിക്കും. പുതിയ മൂലധന മുതല്‍മുടക്ക് രാഷ്ട്രീയത്തിന്റെ പിടിമുറുക്കല്‍ ഉന്നത വിദ്യാഭ്യാസത്തില്‍ വ്യക്തമായി കാണാം. ബൗദ്ധികവ്യവഹാരങ്ങളില്ല, മറിച്ച് കമ്പോളത്തിനാവശ്യമായ ഉല്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നതിലും, കൊടുക്കുന്നതിലുമാണ് ഇവിടെ ശ്രദ്ധ. ഈ ലാഭക്കണ്ണുകള്‍ത്തന്നെയാണ് പുതിയ കോഴ്സുകളുടെ രൂപീകരണത്തിലും കാണുവാന്‍ സാധിക്കുന്നത്. 48 ദിവസംകൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന വിദ്യ തേടിയാണ് വിദ്യാര്‍ത്ഥികള്‍ ഡിഗ്രി ക്ലാസുകളില്‍ എത്തുന്നത്. കോള്‍ സെന്ററുകളില്‍ ജോലിനേടുക എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിന് ഉന്നത വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നത് ചിന്താമണ്ഡലത്തെ ശിഥിലീകരിച്ച്, അരാഷ്ട്രീയ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കച്ചവട താല്പര്യങ്ങളെയാണ് വെളിവാക്കുന്നത്. ഇങ്ങനെ എത്ര പേര്‍ ജോലി നേടി എന്ന കണക്കെടുക്കുന്ന സമിതികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയെ, അതിന്റെ വ്യവസായ ലക്ഷ്യങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. നൂറ് ബാങ്ക് ക്ലാര്‍ക്കുമാരേയും, കുറച്ച് സിവിള്‍ സെര്‍വന്റ്സിനെയും സൃഷ്ടിക്കുന്ന കലാലയങ്ങള്‍ക്ക് മുന്തിയ ഗ്രേഡുകള്‍ കിട്ടുമ്പോള്‍, നല്ല പത്തു ലേഖനങ്ങളെഴുതിയ കോളേജുകള്‍ ഗ്രേഡിങ്ങില്‍ താഴേത്തട്ടിലേക്കു പോകുന്നു. വിവരശൂന്യത കൊണ്ട് ചില കോഴ്സുകളുടെ സിലബസ് തയ്യാറാക്കലില്‍ പോലും ഈ മുന്തിയ ഗ്രേഡ് ലഭിക്കലാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ എല്ലാം പരിണിത ഫലമാണ് മാര്‍ട്ടിന്‍ ഹൈഡഗര്‍ പറഞ്ഞതുപോലെയുള്ള ചിന്തിക്കാന്‍ താല്പര്യമില്ലാത്ത സമൂഹത്തിന്റെ (unthinking society) വളര്‍ച്ച. ഇതേ കച്ചവട കാഴ്ചപ്പാടുകള്‍ ഉന്നതവിദ്യാഭ്യാസത്തെ സ്വകാര മൂലധന ശക്തികളുടെ പിടിയിലാക്കുകയും, നോം ചോംസ്‌കി നിരീക്ഷിച്ചതു പോലെയുള്ള കടബാധ്യത കൊണ്ട് ചിന്തിക്കാന്‍ സമയമില്ലാത്തവരായി വിദ്യാര്‍ത്ഥികളെ മാറ്റുകയും ചെയ്യും. (Students who acquire large debts putting themselves through school are unlikely to think about changing society. When you trap people in a system of debt, they can't afford the time to think. Noam Chomsky).

നോം ചോംസ്‌കി | PHOTO: TWITTER
സാങ്കേതിക വിദ്യയുടെ അധീശത്വം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിദ്യാഭ്യാസം ഏറ്റവും കൂടുതല്‍ വിധേയപ്പെടുന്നത് സാങ്കേതിക സംവിധാനങ്ങള്‍ക്ക് മുന്‍പിലായിരിക്കും. സാങ്കേതിക വിദ്യയും നെറ്റ്വര്‍ക്കും അധികാരസ്ഥാനത്തെത്തിയ കാലത്ത്, മനുഷ്യനൊപ്പം പരിണാമം പ്രാപിച്ച ഘടകമായി സാങ്കേതിക സംവിധാനങ്ങളും മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ന്യൂനോര്‍മലായി സ്ഥിരീകരിക്കപ്പെട്ട ഉത്തരകോവിഡ് കാലഘട്ടത്തില്‍ യഥാര്‍ത്ഥ ക്ലാസ് മുറികള്‍ തന്നെ ഇമേജുകളായി മാറുന്നു. അധ്യാപകര്‍ പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പാഠ്യപദ്ധതികളും അധ്യാപനരീതികളും മെനഞ്ഞെടുക്കുന്നു. മനുഷ്യന്റെ സഹവാസവും സഹവര്‍ത്തിത്വവും ഇല്ലാതാക്കുന്ന ടെക്നോളജി, 2050 ല്‍ ഉപയോഗശൂന്യരായ മനുഷ്യര്‍ എന്ന ഒരു പുതിയ മനുഷ്യഗണത്തെ സൃഷ്ടിക്കുമെന്ന് ഇസ്രായേല്‍ ചരിത്രകാരന്‍ യുവാല്‍ നോവ ഹരാരി തന്റെ ഹോമോ ദ്യൂസ് എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. വരുംകാലങ്ങളില്‍ റോബോട്ടുകള്‍ മികച്ച അധ്യാപകരും, വിദ്യാര്‍ത്ഥികളുമായി മാറുന്ന റോബോട്ടിക് കാലഘട്ടത്തിലേക്കാണ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്. റോബോട്ടിക് പൊതുമണ്ഡലത്തിന്റെ രൂപീകരണം വിദൂരത്തിലല്ല എന്ന തിരിച്ചറിവ് ഉന്നതവിദ്യാഭ്യാസ നയ രൂപീകരണത്തില്‍ വ്യാപൃതരായിരിക്കുന്നവര്‍ മനസ്സിലാക്കേണ്ട വസ്തുത തന്നെയാണ്. 

''സാങ്കേതികവിദ്യ മാനവികതയെ മറികടക്കുന്ന ദിവസത്തെ ഞാന്‍ ഭയപ്പെടുന്നു.  ലോകത്തിന് വിഡ്ഢികളുടെ ഒരു തലമുറ മാത്രമേ അപ്പോള്‍ ഉണ്ടാകൂ'' എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഐന്‍സ്റ്റിന്റെ പ്രവചനവും, ഹരാരിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിരീക്ഷണവും, വ്യവസായവല്‍ക്കരിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതുതന്നെയാണ്. ഈ തിരിച്ചറിവിലാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി നിലകൊള്ളുന്നത്.


#outlook
Leave a comment