
മഹത്തായ കുറ്റവാളിയും അക്രമിയും: നിയമം,ഹിംസ, കൊലപാതകം ചില വിചാരങ്ങൾ
അക്രമവും നിയമവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ സഹായിക്കുന്ന രണ്ട് കാര്യങ്ങള്‍ 2024 ഡിസംബറില്‍ സംഭവിച്ചു. ഒരു നൂറ്റാണ്ട് മുമ്പ് വാള്‍ട്ടര്‍ ബെഞ്ചമിന്‍ വിവരിച്ച വിമര്‍ശനത്തിന് അനുസൃതമായി ഈ സംഭവങ്ങളെ പരിശോധിക്കാനാവും. ഏറ്റവും പുതിയ സംഭവത്തില്‍ നിന്ന് നമുക്ക് ആരംഭിക്കാം. ഒരു അമേരിക്കന്‍ ജഡ്ജിയുടെ നടപടിയാണ് ആദ്യം. ഡിസംബര്‍ ആറിന്, ജഡ്ജി മാക്സ്വെല്‍ വൈലി ന്യൂയോര്‍ക്ക് സിറ്റിയിലെ സബ്വേയില്‍ ഗൃഹനാഥനും കറുത്ത വംശജനുമായ ജോര്‍ദാന്‍ നീലിയെ കൊലപ്പെടുത്തിയ ഡാനിയല്‍ പെന്നിക്കെതിരായ നരഹത്യ കുറ്റം ഒഴിവാക്കി. മൂന്ന് ദിവസത്തിന് ശേഷം, കുറ്റകരവും, അശ്രദ്ധവുമായ നരഹത്യക്ക് പെന്നി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. 2023 മെയ് മാസത്തിലായിരുന്നു കൊലപാതകം. അമേരിക്കന്‍ മറൈന്‍ കോര്‍പ്സില്‍ നിന്നും വിരമിച്ച വ്യക്തിയാണ് പെന്നി.
അതിനും ഏതാനും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഡാനിയല്‍ പെന്നിയുടെ കേസിലെ ജൂറി ചര്‍ച്ചയിലിരിക്കെ, യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സിഇഒ ബ്രയാന്‍ തോംസണ്‍ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് ലൂയിജി മാന്‍ജിയോണിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു, 3D-പ്രിന്റഡ് പിസ്റ്റള്‍, യുഎസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തെ വിമര്‍ശിക്കുന്ന 'മാനിഫെസ്റ്റോ', ഒന്നിലധികം വഞ്ചനാപരമായ ഐഡികള്‍ എന്നിവ മാന്‍ജിയോയോണ്‍ കൈവശം വെച്ചതായി കണ്ടെത്തി.
പെന്നിയും, മാന്‍ജിയോണും വ്യാപകമായ വിവാദങ്ങള്‍ക്കും അതുപോലെ വ്യാപകമായ ജനപിന്തുണയ്ക്കും വിധേയരായി. ഈ പിന്തുണ തികച്ചും വ്യത്യസ്തമായ ക്യാമ്പുകളില്‍ നിന്നാണ് വന്നത്: നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി വാന്‍സും ചേര്‍ന്ന്, ആര്‍മി-നേവി ഫുട്‌ബോളിലേക്ക് അതിഥിയായി പെന്നിയെ ക്ഷണിച്ചു. പെന്നിയെ ആശ്ലേഷിച്ച രാഷ്ട്രീയ വലതുക്ഷം അദ്ദേഹത്തെ ആദരിച്ചു. അമേരിക്കന്‍ ആരോഗ്യ സംരക്ഷണ വ്യവസായത്തെ വിമര്‍ശിക്കുന്നവരിലും, ഇടതുപക്ഷകാര്‍ക്കിടയിലും മാന്‍ജിയോണിന്റെ ജനപ്രീതി വികസിച്ചു. ബ്രയാന്‍ തോംസണന്റെ മരണശേഷം, അദ്ദേഹത്തിനും, മൊത്തത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തിനും നേരെ വന്‍തോതിലുള്ള കടുത്ത വെറുപ്പിന്റെ ഒഴുക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പലരും മാന്‍ജിയോണിനെ ഒരു ഫോക് ഹീറോ ആയി മുദ്രകുത്തി. മാന്‍ജിയോണിന്റെ പ്രത്യക്ഷമായ അക്രമപ്രവര്‍ത്തനം പ്രധാന വാര്‍ത്തയാവുകയും നിയമപാലകരുടെ വന്‍തോതിലുള്ള വിന്യാസത്തിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ രീതികള്‍ നിയമപരമായ ഉപരോധങ്ങളൊന്നും നേരിടാതെ വലിയ കഷ്ടപ്പാടുകള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കുന്നതായി ജനങ്ങള്‍ ചൂണ്ടിക്കാട്ടി.
ഡാനിയല്‍ പെന്നി | PHOTO: WIKI COMMONS
ഈ രണ്ട് സംഭവങ്ങളുടെയും വിഭജനം വളരെ വ്യക്തമായി തോന്നുന്നു, പക്ഷേ അവ യുക്തിഭദ്രമാണോ? പരമ്പരാഗതമായി, വലതുപക്ഷമാണ് വിജിലാന്റിസത്തെ പിന്തുണക്കുന്നത്. ന്യായാധിപനും, ജൂറിയും, ആരാച്ചാരും ഒരാള്‍ തന്നെയാകുന്ന -അതായത് നിയമവിരുദ്ധമോ, അധാര്‍മ്മികമോ ആയി പ്രവര്‍ത്തിക്കുന്നവരായി കരുതപ്പെടുന്നവര്‍ക്കെതിരെ കടുത്ത നീതി നടപ്പാക്കുക എന്നത് കൂടുതല്‍ വലതുപക്ഷ ചായിവുള്ള, സ്വേച്ഛാധിപത്യ പ്രവണതകളുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. ഡാനിയല്‍ പെന്നിയുടെ കാര്യത്തില്‍ ഇത് ശരിയാണ്, എന്നാല്‍ ലൂയിജി മാന്‍ജിയോണിന്റെ കാര്യത്തില്‍ ഇത് പൊളിഞ്ഞതായി തോന്നുന്നു: മാന്‍ജിയോണിന്റെ (ആരോപിക്കപ്പെട്ട) നടപടികളെ മുഖ്യധാരാ മാധ്യമങ്ങള്‍ അപലപിച്ചതിനൊപ്പം, ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വലതുപക്ഷ നേതാക്കളില്‍ കടുത്ത രോഷത്തിനിടയാക്കി. മറുവശത്ത്, നിയമം കൈയിലെടുക്കുന്നതിനും, അമിതമായ അക്രമം നടത്തുന്നതിനും പെന്നിയെപ്പോലുള്ള വിജിലാന്റര്‍മാരെ ഇടതുപക്ഷം അപലപിച്ചു, എന്നാല്‍ പലരും മാന്‍ജിയോണിനോട് സഹതപിക്കാനും, അയാളുടെ നിയമ സംരക്ഷണത്തിനായി പണം സ്വരൂപിക്കാനും തയ്യാറാണ്. രാഷ്ട്രീയ ദര്‍ശനത്തെ ( പൊളിറ്റക്കല്‍ ഓപ്റ്റിക്‌സ്) ആശ്രയിച്ച് ഒരു വിജിലന്റ് കൊലപാതകത്തെ ഇരുപക്ഷവും പ്രശംസിക്കുകയോ അപലപിക്കുകയോ ചെയ്യുന്നത് കാപട്യമാണോ?
അത് അങ്ങനെയല്ലെന്ന് വാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ പെന്നിയുടെയും മാന്‍ജിയോണിന്റെയും പ്രവൃത്തികള്‍ നിയമവും, നീതിയുമായി തികച്ചും വ്യത്യസ്തമായ ബന്ധങ്ങളുള്ള തികച്ചും വ്യത്യസ്തമായ ഹിംസയുടെ രൂപങ്ങളെ പ്രതിനിധീകരിക്കുന്നു. വാള്‍ട്ടര്‍ ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം, ലക്ഷ്യവും, മാര്‍ഗവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമാണ് ഹിംസയുടെ വിവിധ രൂപങ്ങളെ വേര്‍തിരിച്ചറിയുന്നതിനുള്ള മാനകം. ഹിംസ, നിയമവുമായി ബന്ധപ്പെട്ടതുപോലെ, നിയമം സ്ഥാപിക്കുന്നതിനുള്ള ഒരു ഉപാധിയായോ അല്ലെങ്കില്‍ നിയമം സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയായോ പ്രകടമാകാം: അത് ഒന്നുകില്‍ നിയമം സ്ഥാപിക്കുന്നതോ, നിയമം സംരക്ഷിക്കുന്നതോ ആകാം. ബഞ്ചമിന്റെ ഭാഷയില്‍ നിയമം, നിയമസംവിധാനം, ഭരണകൂടം എന്നിവയെ കണ്ടെത്തുന്ന ഹിംസയാണ് നിയമത്തെ അനുകൂലിക്കുന്ന ഹിംസ; ഒരു യുദ്ധത്തിനു ശേഷം പുതിയ അതിര്‍ത്തികള്‍ സ്ഥാപിക്കുന്നതിനെ ഹിംസയിലൂടെ ഒരു പുതിയ നിയമം സ്ഥാപിക്കുന്ന ഒന്നായി അദ്ദേഹം വിശദീകരിക്കുന്നു. നിയമം സംരക്ഷിക്കുന്ന ഹിംസ, നേരെമറിച്ച്, നിലവിലുള്ള നിയമപരമായ ലക്ഷ്യങ്ങളിലേക്ക് നയിക്കപ്പെടുന്ന ഹിംസയാണ്; ഇവിടെ അദ്ദേഹം ഉപയോഗിക്കുന്ന ഉദാഹരണം ഭരണകൂടത്തിന്റെ നിയമക്രമം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സായുധ സേനയിലേക്ക് നിര്‍ബന്ധിത നിയമനമാണ്.
എന്നിരുന്നാലും, വധശിക്ഷയുടെയും, പോലീസിന്റെയും അക്രമങ്ങളുടെയും പരിശോധനയിലൂടെ ബെഞ്ചമിന്‍, നിയമനിര്‍മ്മാണവും, നിയമസംരക്ഷണവും ഉള്‍ക്കൊള്ളുന്ന ഹിംസകള്‍ തമ്മിലുള്ള വ്യത്യാസത്തെ അപനിര്‍മ്മിക്കുന്നു. രണ്ട് സാഹചര്യങ്ങളിലും, നിയമനിര്‍മ്മാണത്തെയും നിയമം സംരക്ഷിക്കുന്ന അക്രമത്തെയും അര്‍ത്ഥപൂര്‍വ്വം വേര്‍തിരിക്കാനാവില്ലെന്ന് അദ്ദേഹം വാദിക്കുന്നു. വധശിക്ഷ, ബെഞ്ചമിന്റെ അഭിപ്രായത്തില്‍, അനേകങ്ങള്‍ക്കിടയിലെ ഒരു ശിക്ഷാരീതി മാത്രമല്ല; ജീവിതത്തിനും മരണത്തിനും മേല്‍ അധികാരം പ്രയോഗിക്കുന്ന ഹിംസയുടെ ഒരു രൂപമെന്ന നിലയില്‍, അത് നിയമത്തിന് തന്നെ അടിസ്ഥാനമാണ്. അതേസമയം, നിയമം സംരക്ഷിക്കുന്നതിനായി പൊലീസ് അക്രമം പ്രയോഗിക്കുന്നു, മാത്രമല്ല നിയമമില്ലാത്തിടത്ത് ഇടപെടുകയും അങ്ങനെ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ 'പുതിയ' നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.
ലൂയിജി മാന്‍ജിയോൺ | PHOTO: WIKI COMMONS
ഡാനിയല്‍ പെന്നിയുടെയും, ലൂയിജി മാന്‍ജിയോണിന്റെയും പ്രവര്‍ത്തനങ്ങളും അവയ്ക്കെതിരായ പ്രത്യക്ഷത്തില്‍ തന്നെ വിരുദ്ധമായ പ്രതികരണങ്ങളും വിശകലനം ചെയ്യുന്നതിനായി ഹിംസയെക്കുറിച്ചുള്ള ഈ ധാരണയും നിയമവുമായുള്ള അതിന്റെ ബന്ധവും നമുക്ക് പ്രയോജനപ്പെടുത്താം. ആദ്യം, ഡാനിയല്‍ പെന്നി. അയാളുടെ നടപടി നിയമസംരക്ഷിക്കുന്ന അക്രമവുമായി യോജിച്ചതായും പല തരത്തില്‍ പൊലീസ് അക്രമവുമായി പൊരുത്തപ്പെടുന്നതുമാണ്. ഒരു വംശീയ-മുതലാളിത്ത നിയമവ്യവസ്ഥയ്ക്ക് കീഴില്‍, പെന്നി നടപ്പാക്കിയ ഹിംസ സാധാരണമായ നാട്ടുനടപ്പിനെ തടസ്സപ്പെടുത്തുന്നില്ല. മറിച്ചു്, ജോര്‍ദാന്‍ നീലിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു - മാനസികരോഗത്തിന്റെ ചരിത്രമുള്ള, ഭവനരഹിതനായ, തന്റെ ജീവിതസാഹചര്യങ്ങളില്‍ വേദനിക്കുന്ന കറുത്തവര്‍ഗ്ഗക്കാരനാണ് സാധാരണ നാട്ടുനടപ്പിന് ഭഗ്‌നമുണ്ടാക്കുന്നത്. അത് ഭീഷണിയായി കണക്കാക്കപ്പെട്ടു. അമേരിക്കയിലെ പൊലീസ് സ്ഥാപനങ്ങളുടെ ഉത്ഭവം തന്നെ ഇതിനെക്കുറിച്ച് സംസാരിക്കുന്നു: ഒളിച്ചോടിയ അടിമകളെ പിടികൂടി തിരികെ കൊണ്ടുവരാന്‍ വിന്യസിക്കപ്പെട്ടവയായിരുന്നു പൊലീസ് അധികാരത്തിന്റെ ചില ആദ്യകാല രൂപങ്ങള്‍.
അടിമപ്പണി അവസാനിച്ചതിന് ശേഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കറുത്ത വര്‍ഗ്ഗക്കാരെ പിടികൂടി അടിമപ്പണിക്ക് അനുമതിയുള്ള ജയിലുകളിലേക്ക് അവരെ അയക്കുന്നതും പൊലീസിന്റെ ചുമതലയായിരുന്നു. അലഞ്ഞുതിരിയുന്ന കറുത്തവര്‍ഗ്ഗക്കാര്‍ അമേരിക്കയില്‍ എല്ലായിപ്പോഴും സാമൂഹിക ക്രമത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്നു, അതിനാല്‍ നിയമവിധേയമാക്കിയ അക്രമത്തിന്റെ ആഘാതം നേരിടേണ്ടി വന്നിട്ടുണ്ട്. വംശീയ-മുതലാളിത്ത സാമൂഹിക ക്രമത്തെ ഭീഷണിപ്പെടുത്തുന്നതായി കരുതപ്പെടുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ ജാഗ്രതാപരമായ ഹിംസയില്‍ ഏര്‍പ്പെടുന്ന പൗരന്മാരെ നിയമത്തെ സംരക്ഷിക്കുന്ന ഹിംസ എങ്ങനെ സമീപിക്കുമെന്നതിന്റെ ഉദാഹരണമായി ഡാനിയല്‍ പെന്നിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതി വിധിയും സംസാരിക്കുന്നു. ഡാനിയല്‍ പെന്നിയുടെ പ്രവര്‍ത്തനങ്ങള്‍, പൊലീസിന്റെയും, ആരാച്ചാരുടെയും പോലെ, ഒരേസമയം നിയമനിര്‍മ്മാണവും നിയമസംരക്ഷണവുമായിരുന്നു: വംശീയ-മുതലാളിത്തത്തിന്റെ പ്രവര്‍ത്തനത്തിന് ഭീഷണിയാണെന്ന് കരുതിയതിനെ വേണ്ടനിലയില്‍ കൈകാര്യം ചെയ്തതിലൂടെ നിയമസംവിധാനത്തെ സംരക്ഷിച്ചു. ഒപ്പം നിലവിലുള്ള ക്രമത്തിന് ഭീഷണിയാവുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും, നടപ്പിലാക്കുനുമുള്ള പൗരന്റെ അവകാശവും അത് പരിരക്ഷിച്ചു.
അപ്പോള്‍, ലൂയിജി മാന്‍ജിയോണിന്റെ സ്ഥിതി എന്താണ്? അദ്ദേഹത്തിന്റെ അക്രമപ്രവര്‍ത്തനം പെന്നിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കാരണം, അത് നിയമസംരക്ഷണമാണെന്ന് ഒരു തരത്തിലും വാദിക്കാനാവില്ല. ഒരു പ്രധാന കോര്‍പ്പറേഷന്റെ സിഇഒയെ ഒരു പൗരന്‍ കൊലപ്പെടുത്തുന്നത് ഭരണകൂടം അനുവദിക്കുന്ന ഒരു സാഹചര്യവുമില്ല. അത് നിലവിലുള്ള നിയമത്തെ സുവ്യക്തമായി ലംഘിക്കുന്ന ഒരു പ്രവൃത്തിയാണ്. എന്നിരുന്നാലും, കൊലപാതകത്തിന്റെ വ്യക്തമായ രാഷ്ട്രീയ സ്വഭാവവും (മാന്‍ജിയോണിന്റെ ആരോപണവിധേയമായ 'മാനിഫെസ്റ്റോ') പൊതുജനങ്ങളുടെ വലിയൊരു ഭാഗത്തില്‍ നിന്നുള്ള ശ്രദ്ധേയവും അനുഭാവപൂര്‍ണവുമായ രാഷ്ട്രീയ പ്രതികരണവും സൂചിപ്പിക്കുന്നത്, ഈ നടപടി, നിയമം സംരക്ഷിക്കുന്നില്ലെങ്കിലും, ഒരുപക്ഷേ, നിയമമാകാനുള്ള ചില സാധ്യതകള്‍- മുന്നോട്ടു കൊണ്ടു വരുന്നു.
ഇവിടെ നമുക്ക് നിയമം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വിജിലന്റിന്റെ രൂപത്തിന് അപ്പുറത്തേക്ക് നീങ്ങാം (വിജിലന്റിസത്തിനുള്ള അവകാശത്തിന്റെ രൂപത്തില്‍ ഒരു പുതിയ നിയമം സ്ഥാപിക്കുകയും ചെയ്യുന്നു) പകരം ബെഞ്ചമിന്‍ വളരെ ഹ്രസ്വമായി മാത്രം ചര്‍ച്ച ചെയ്ത ഒന്നിലേക്ക് നോക്കാം: 'മഹത്തായ കുറ്റവാളി'.
ജോര്‍ദാന്‍ നീലി | PHOTO: WIKI COMMONS
ബെഞ്ചമിനെ സംബന്ധിച്ചിടത്തോളം, ഹിംസയുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ കുത്തകയെ പ്രത്യേക രീതിയില്‍ വെല്ലുവിളിക്കുന്ന ഒരാളാണ് മഹത്തായ കുറ്റവാളി. മഹാനായ കുറ്റവാളി നിയമം സംരക്ഷിക്കുന്ന അക്രമം നടപ്പിലാക്കുന്നില്ല. അത് അവരെ വിജിലാന്റിസില്‍ നിന്നും വേര്‍തിരിക്കുന്നു. പക്ഷെ അവരുടെ ഹിംസയില്‍ പുതിയ നിയമസാധ്യതകളെ അനുകൂലിക്കുന്ന ഒരു അകക്കാമ്പ് ഉണ്ട്. അക്കാരണത്താല്‍, അവരെ കഴിയുന്നത്ര കഠിനമായും, പരസ്യമായും ശിക്ഷിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. ഒപ്പം അധികാരികളില്‍ അവര്‍ കാര്യമായ ഭയവും ഉളവാക്കുന്നു. ദെറിദ എഴുതുന്നതുപോലെ, ഭരണകൂടം ഭയപ്പെടുന്നത് ''ഇത്രയധികം കുറ്റകൃത്യങ്ങളോ, കവര്‍ച്ചയോ അല്ല. മാഫിയയുടെ വലിയ സംഘമോ, മയക്കുമരുന്ന് കടത്തലോ പോലും, പ്രശ്‌നമല്ല. അത് സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തുന്ന നിയമം ലംഘനങ്ങളാണ്. എന്നാല്‍ ഹിംസ സ്ഥാപിക്കുന്നതിനെ ഭരണകൂടം ഭയപ്പെടുന്നു - അതായത്, ഹിംസയെ ന്യായീകരിക്കാനും, നിയമാനുസൃതമാക്കാനും അല്ലെങ്കില്‍ നിയമപരമായ ബന്ധങ്ങളെ പരിവര്‍ത്തനം ചെയ്യാനും, അങ്ങനെ അവകാശത്തിനും, നിയമത്തിനും അവകാശമുള്ളതായി സ്വയം അവകാശപ്പെടാനും കഴിയും.''[1] ഹിംസക്കുള്ള ഭരണകൂടത്തിന്റെ കുത്തകയ്ക്ക് നേരെയുള്ള ഈ ഭീഷണി, 'അവന്റെ ലക്ഷ്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെങ്കിലും, ജനങ്ങളുടെ രഹസ്യ പ്രശംസ പിടിച്ചുപറ്റാന്‍' മഹാനായ കുറ്റവാളിയെ പ്രാപ്തനാക്കുന്നു. നിയമലംഘനത്തെക്കാള്‍ മഹാനായ കുറ്റവാളി ചെയ്യുന്നത് നിയമസാധുതയെ വെല്ലുവിളിക്കുകയും ഒരു പുതിയ നിയമം സ്ഥാപിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. അതാണ് ഭരണകൂടം ഏറ്റവും ഭയപ്പെടുന്ന കാര്യം.
വിജിലന്റിനേക്കാള്‍ മഹത്തായ കുറ്റവാളി എന്ന ഗണമാണ് മാന്‍ജിയോണിന് നന്നായി യോജിക്കുകയെന്ന് തോന്നുന്നു. ഇന്നത്തെ വംശീയ-മുതലാളിത്ത വ്യവസ്ഥിതിക്ക് അടിവരയിടുന്ന നിയമം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനുപകരം, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആ വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയും അതിന് വിധേയരായവരില്‍ വ്യാപകമായ സഹതാപവും ആദരവും ഉളവാക്കുകയും ചെയ്യുന്നു. ബ്രയാന്‍ തോംസണിന്റെ വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ വന്‍വേട്ടയും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങളെ മാധ്യമങ്ങള്‍ തീവ്രമായി തിരസ്‌ക്കരിച്ചതും- ഈ സംഭവത്തെ രാഷ്ട്രീയത്തേക്കാള്‍ ധാര്‍മ്മിക മണ്ഡലത്തില്‍ മാത്രം പരിഗണിക്കേണ്ട ഒന്നായി തരംതിരിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ - ഭരണകൂട ഭയം സൂചിപ്പിക്കുന്നു. വംശീയ-മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതിനിധികള്‍ക്കെതിരെ കൂടുതല്‍ അക്രമം നടത്താന്‍ മാന്‍ജിയോണിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹജനകമാകുമെന്ന് ഭരണവര്‍ഗങ്ങള്‍ ഭയപ്പെടുന്നു. മാന്‍ജിയോണിനോട് പ്രകടിപ്പിക്കുന്ന സഹതാപം, സമ്പന്നര്‍ക്കും, ശക്തര്‍ക്കും എതിരായ പ്രത്യക്ഷമായ അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു നിയമ സംവിധാനം ഉളവാക്കുന്ന വ്യാപകമായ നിരാശയെ പ്രതിനിധാനം ചെയ്യുന്നു. അതേസമയം ദരിദ്രരും, വംശീയ വിവേചനം അനുഭവിക്കുന്നവരും നേരിടുന്ന പ്രത്യക്ഷമായ അക്രമങ്ങളുടെ (ഡാനില്‍ പെന്നിയും പൊലീസും) ദുരിതം, കൂടാതെ സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ രൂപത്തിലുള്ള വ്യവസ്ഥാപരമായ ഹിംസയും (ആവശ്യമുള്ളവര്‍ക്ക് ഏകപക്ഷീയമായി പരിചരണം നിഷേധിക്കുന്ന) തുടരുന്നു. മാന്‍ജിയോണിന്റെ (ആരോപിക്കപ്പെട്ട) പ്രവര്‍ത്തനങ്ങള്‍ നിലവിലെ നിയമക്രമത്തെ നിരസിക്കാനും, കൂടുതല്‍ ന്യായമായ നിലയില്‍ നീതിയുടെ യുക്തിയെ നടപ്പിലാക്കാനുമുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.
എന്നിരുന്നാലും, മഹാനായ കുറ്റവാളി ആത്യന്തികമായി ബെഞ്ചമിന്റെ കൃതിയില്‍ ചെറുതായി മാത്രം പരാമര്‍ശിച്ചു പോവുന്ന വ്യക്തിയാണ്. അത്തരം ഏജന്റുമാരില്‍ കൂടുതല്‍ വിപ്ലവകരമായ സാധ്യതകള്‍
അദ്ദേഹം കണ്ടില്ല. മാന്‍ജിയോണിന്റെ ആരോപണവിധേയമായ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ 'മാനിഫെസ്റ്റോ' പോലും മഹത്തായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പരിമിതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ രേഖയില്‍, താന്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്ന് മാന്‍ജിയോണ്‍ സമ്മതിക്കുന്നു; കൂടാതെ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചു - പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ ഒരു വ്യക്തി, എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതിക്ക് അത്തരക്കാര്‍ക്കുള്ള പകരക്കാരെ എളുപ്പത്തില്‍ കണ്ടെത്താനാവും.
ബ്രയാൻ തോംസൺ | PHOTO: WIKI COMMONS
ഈ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഏതെങ്കിലും സാമൂഹിക മാറ്റം കൊണ്ടുവരാന്‍ കഴിയാത്തവിധം വ്യക്തിപരമാണ്. അവസാന സന്ദര്‍ഭത്തില്‍, ഏറ്റവും സമൂലവും വിജയകരവുമായ മഹത്തായ കുറ്റവാളി പോലും - ഒരു പുതിയ നിയമവ്യവസ്ഥ സ്ഥാപിക്കാന്‍ കൈകാര്യം ചെയ്യുന്ന ഒരാള്‍ - ഹിംസയുടെ ഘടനയില്‍ കുടുങ്ങിക്കിടക്കുന്നു. അതായത് പുതിയ നിയമം, നിയമത്തെ സംരക്ഷിക്കുന്ന ഹിംസയെ പിന്തുണയക്കണം.
നിയമം-പോസിറ്റിംഗ്, നിയമം സംരക്ഷിക്കല്‍ ഹിംസ എന്നിവക്ക് ആധാരമായ ലക്ഷ്യവും, മാര്‍ഗവും തമ്മിലുള്ള ബന്ധത്തെ നിരസിക്കുന്ന ഒരു പ്രവര്‍ത്തനത്തിലാണ് ഹിംസയുടെ ഈ അവിരാമമായ ഘടനയില്‍ നിന്ന് കരകയറാനുള്ള സാധ്യത ബെഞ്ചമിന്‍ കാണുന്നത്. ഇതിനെ ദിവ്യമായ ഹിംസ എന്ന് ബെഞ്ചമിന്‍ വിശേഷിപ്പിക്കുന്നു. വിപ്ലവകരമായ പൊതുപണിമുടക്കിന്റെ രൂപത്തില്‍ അദ്ദേഹം അത് പ്രകടമായി കാണുന്നു.
പരിഷ്‌കരണമോ മെച്ചപ്പെട്ട സാഹചര്യങ്ങളോ പോലുള്ള പ്രത്യേക ലക്ഷ്യങ്ങള്‍ക്കായുള്ള പരമ്പരാഗത പണിമുടക്കുകള്‍ക്ക് വിരുദ്ധമായി, വിപ്ലവ പൊതു പണിമുടക്ക് പരിശുദ്ധമായ മാര്‍ഗമാണ്: അത് ആവശ്യങ്ങളൊന്നും ഉന്നയിക്കുന്നില്ല, അതിന്റെ ഫലമായി ഭരണകൂടവുമായും, നിയമവുമായും, മുതലാളിത്ത വ്യവസ്ഥിതിയുമായും ബന്ധം വിച്ഛേദിക്കുകയും ആത്യന്തികമായി അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. മാന്‍ജിയോണിന്റെ (ആരോപിക്കപ്പെട്ട) പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവിക ഹിംസയുടെ ചില ഘടകങ്ങളുണ്ട്, കാരണം അദ്ദേഹത്തിന്റെ മാനിഫെസ്റ്റോയില്‍ പരിഷ്‌കരണത്തിനുള്ള ആവശ്യങ്ങളോ, ആഹ്വാനങ്ങളോ ഇല്ല. എന്നിട്ടും വ്യക്തിഗത ശ്രദ്ധ - അദ്ദേഹത്തിന്റെ ഹിംസയുടെ ഏജന്റും, ഇരയും എന്ന നിലയില്‍ - അതിനെ പൊതു പണിമുടക്കെന്ന ദൈവിക ഹിംസയുടെ സാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍തിരിക്കുന്നു. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് കീഴിലുള്ള വംശീയ-മുതലാളിത്ത ചൂഷണത്തിന്റെ അക്രമം അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്ന്, ഈ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന സമരമാണ്: വായ്പ ബാധ്യതയുള്ളവരും, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളോട് കടപ്പെട്ടിരിക്കുന്നവരും നടത്തുന്ന സമരം, ഇന്‍ഷുറന്‍സ് പോളിസികള്‍ സബ്സ്‌ക്രൈബുചെയ്തവര്‍ പ്രീമിയം അടയ്ക്കാതിരിക്കുക, ഡോക്ടര്‍മാരുടെയും, ആശുപത്രി ജീവനക്കാരുടെയും ഭാഗത്തുനിന്ന് സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കാനുള്ള വിസമ്മതം എന്നിവ ദിവ്യ ഹിംസയുടെ കൂടുതല്‍ സമഗ്രമായ പ്രകടനമാണ്. ഈ വിധത്തില്‍, ആരോഗ്യ സംവിധാനം ഇതുവരെയുള്ളതുപോലെ പ്രവര്‍ത്തിക്കുന്നത് തുടരാനാകും. പക്ഷെ, ശ്രദ്ധേയമായ ഒരു വ്യത്യാസം അത് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാണ് എന്നതാണ്. അത്തരമൊരു പണിമുടക്ക് ബെഞ്ചമിന്റെ അര്‍ത്ഥത്തില്‍ വരാനിരിക്കുന്ന ഒരു മിശിഹായുടെ ലോകത്തെ സൃഷ്ടിക്കും. എല്ലാം മാറ്റുന്ന ഒരു 'ചെറിയ ക്രമീകരണം' ഉണ്ടാക്കുന്നതിലൂടെ മാത്രമേ അത് ഈ ലോകത്തില്‍ നിന്ന് വ്യത്യസ്തമാകൂ.[3]
[1] Jacques Derrida, Acts of Religion (New York and London: Routledge, 2002): p. 268
[2] Walter Benjamin, 'Toward the Critique of Violence' in Peter Fenves and Julia Ng (ed.s), Toward the Critique of Violence: A Critical Edition(Stanford, CA: Stanford University Press, 2021): p. 42
[3] Walter Benjamin, 'Franz Kafka: On the Tenth Anniversary of His Death' in Illuminations (London: Bodley Head, 2015): p. 230


