1947 ലെ ഇന്ത്യയും, 2023 ലെ ഭാരതവും തമ്മിലുള്ള ചരിത്രദൂരം
സാമൂഹ്യശാസ്ത്ര പഠനം, പ്രത്യേകിച്ച് ചരിത്രം (ചരിത്രശാസ്ത്രമെന്ന് ഞങ്ങള്‍ വിളിക്കും) വളരെയേറെ വളച്ചൊടിച്ചിലുകള്‍ക്കും, അപനിര്‍മിതിക്കും, മായ്ക്കലിനുമൊക്കെ വിധേയമാക്കപ്പെട്ടിരിക്കുകയാണ് ഇന്ന് ഇന്ത്യയില്‍. ശാസ്ത്രീയ ഗവേഷണ രീതികളിലൂടെ സമാഹരിച്ച ചരിത്ര ദത്തങ്ങളെയും, പാഠാപഗ്രഥനത്തിലൂടെ സാധ്യമാക്കിയ വീക്ഷണങ്ങളെയും, വര്‍ഷങ്ങള്‍നീണ്ട പരിശ്രമങ്ങളിലൂടെ കെട്ടിപ്പടുത്ത ചരിത്ര സ്ഥാപനങ്ങളെയും ഒറ്റയടിക്ക് തകര്‍ക്കുവാന്‍ ശ്രമിക്കുന്ന വര്‍ഗീയ ചരിത്രവാദികളെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ ചരിത്രത്തിലിന്നേവരെ നാം ദര്‍ശിക്കാത്ത ദുരന്താവസ്ഥയെയാണ് ഇത് വെളിവാക്കുന്നത്. ചരിത്ര സിലബസിന്റെ വക്രീകരണം, കെട്ടിടങ്ങളുടെയും, നഗരങ്ങളുടെയും, നഗരവീഥികളുടെയും പേരുമാറ്റം, എന്നിവയില്‍ തുടങ്ങി ദേശത്തിന്റെ പേരു തന്നെ മാറ്റുമെന്ന അപകട അവസ്ഥയിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. സാമൂഹ്യശാസ്ത്ര വിഷയങ്ങളുടെ പുനഃസംഘാടനത്തിനായി നിയോഗിച്ച ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സിലിന്റെ (എന്‍സിഇആര്‍ടി) ഉന്നതതല കമ്മിറ്റി ഇനിമേല്‍ ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന വാക്ക് പാഠഭാഗങ്ങളില്‍ ചേര്‍ക്കണമെന്ന അചരിത്രപരമായ ശിപാര്‍ശ മുന്നോട്ടുവച്ചിരിക്കുകയാണ്. അക്കാദമിക ഭരണ സംവിധാനങ്ങളും, അവയുടെ പ്രത്യേക പഠന കമ്മിറ്റികളും വര്‍ഗീയ രാഷ്ട്രീയശക്തിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ ഉന്നതതല കമ്മിറ്റിയുടെ ശിപാര്‍ശകള്‍. നിനച്ചിരിക്കാത്ത സമയത്തുണ്ടായ വെള്ളിടിയെന്ന് ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും, ഈ വെള്ളിടി ഇതിനുമുന്‍പ് നമ്മള്‍ രാജ്യത്തു കണ്ടുവന്ന ചരിത്ര വക്രീകരണത്തിന്റെ പരിസമാപ്തി തന്നെയാണ്. നടപ്പിലാക്കപ്പെട്ടാല്‍, ഇന്ത്യയുടെ ശാസ്ത്രീയചരിത്രം അഗാധ ഗര്‍ത്തത്തിലേക്കു പതിക്കുമെന്നത് അവിതര്‍ക്കിതമാണ്. ഇതോടൊപ്പം സ്വാതന്ത്ര്യത്തിലേക്കു നടന്നുകയറിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പതനംകൂടി കാണേണ്ടി വരുമെന്നതാണ് ഏറ്റവും ഭയപ്പെടുത്തുന്ന അവസ്ഥ.
വളരെ സങ്കുചിതവും, എന്നാല്‍ അതീവ കൗശല പരവുമായിട്ടുള്ള വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് എന്‍.സി.ഇ.ആര്‍.ടി കമ്മിറ്റിയുടെ ശിപാര്‍ശയില്‍ തെളിവാകുന്നത്. വര്‍ഗീയ ബോധത്തിലും ധ്രുവീകരണ രാഷ്ട്രീയത്തിലും അടിസ്ഥാനപ്പെടുത്തിയ സാമൂഹിക ഓര്‍മയെ (collective consciounsess/ social memory) സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ പേരു മാറ്റത്തിനു പിന്നിലുള്ള തന്ത്രം. നെഹ്റു എന്ന ഇംഗ്ളീഷ് അഞ്ചക്ഷരങ്ങളോടുള്ള ഭയം തന്നെയാണ് ഇവിടെ ഇന്ത്യയോടും. കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തോടുള്ള ഭയം തന്നെയാണ് പിന്നാമ്പുറത്ത്. ഇവിടെയാണ് ഇന്ത്യ എന്ന വാക്കിന്റെ ചരിത്ര ശക്തി നാം മനസ്സിലാക്കേണ്ടത്.
ചരിത്രാധ്യാപകരായ ഡോ. സെബാസ്റ്റിയന്‍ ജോസഫും, ലിജോ സെബാസ്റ്റ്യനും | PHOTOS: FACEBOOK
നിലവിലെ ഭരണകക്ഷി അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നും നല്‍കാത്ത ഒരു സൂചനയാണ് രാജ്യത്തിന്റെ പേര് മാറ്റമെന്നത്. അതേസമയം, യൂണിയന്‍ ഭരണകൂടത്തെ നയിക്കുന്ന പ്രത്യയശാസ്ത്രത്തെപ്പറ്റി സാമാന്യ ധാരണയുള്ളവര്‍ക്ക് ഈ നീക്കത്തിന് രാഷ്ട്രീയലക്ഷ്യം വ്യക്തമാണ് താനും. 2016ല്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച കോടതി പരാതിക്കാരനെ ശാസിച്ച് ഹര്‍ജി തള്ളിയിരുന്നു. അന്ന് രാജ്യത്തിന്റെ പേര് മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് യൂണിയന്‍ സര്‍ക്കാരും കോടതിയെ അറിയിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന ജി20 സമ്മേളനത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും സമ്മേളനവേദിയില്‍ ഔദ്യോഗിക സ്ഥാനപ്പേരിന്റെ ഭാഗത്ത് പ്രസിഡന്റ് ഓഫ് ഇന്ത്യ, പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നിവയില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വീണ്ടും പേരുമാറ്റ വിവാദം ആരംഭിച്ചത്. ആ സമയത്ത് തന്നെ ആര്‍എസ്എസ് സര്‍സംഘചാലകായ മോഹന്‍ ഭാഗവതും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് ഗുവാഹത്തിയിലെ ഒരു ചടങ്ങില്‍ വച്ച് സംസാരിക്കുകയുണ്ടായി.
കഴിഞ്ഞദിവസം എന്‍.സി.ഇ.ആര്‍.ടി നിയമിച്ച സാമൂഹിക ശാസ്ത്രപഠനത്തെ സംബന്ധിച്ച സമിതി സ്‌കൂള്‍ പുസ്തകങ്ങളിലുള്ള രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്നും ഭാരത് ആക്കണമെന്ന നിര്‍ദേശം വച്ചതോടെ പേരുമാറ്റ വിവാദം പുതിയ ഘട്ടത്തിലേക്ക് മാറി. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത കൂട്ടായ്മയുടെ പേര് ഇന്ത്യ മുന്നണി എന്നായതും, ഭരണപക്ഷത്തെ എന്‍ഡിഎക്കെതിരെ ഇന്ത്യ പ്രതിപക്ഷത്ത് നിലയുറപ്പിക്കുന്നു എന്ന തരം തിരഞ്ഞെടുപ്പ് വ്യവഹാരം കൂടിയായപ്പോള്‍ പേരുമാറ്റത്തിന് ഒരു രാഷ്ട്രീയമാനവും കൈവന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഭാരതമാക്കുന്നതിന്റെ ചരിത്ര പശ്ചാത്തലത്തിലേക്ക് പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായും, അതിനോടു കൂട്ടിച്ചേര്‍ത്തും ചില വാദങ്ങള്‍ മുന്നോട്ടുവയ്ക്കുവാന്‍ ഈ കുറിപ്പിലൂടെ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഇതിനെ വെറും ഒരു പേരു മാറ്റമെന്നതിനുപരിയായി ചരിത്രശാസ്ത്രത്തിന്റെ വക്രീകരണവും നിരാകരണവുമായി കാണുകയെന്നതാണ് ഏറ്റവും പ്രധാനമായ വസ്തുതയെന്നു ഞങ്ങള്‍ വിലയിരുത്തുന്നു.
PRESIDENT OF BHARATH IN G20 INVITATION | PHOTO: WIKI COMMONS
നമ്മുടെ രാജ്യം ഉള്‍പ്പെടുന്ന ഈ ഭൂഭാഗത്തിന് മുഴുവനും കൂടി എന്തെങ്കിലും പേര് ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ തന്നെ അതെന്തായിരുന്നു?. ആദ്യമായി ഉപഭൂഖണ്ഡത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെപ്പറ്റി സൂചന നല്‍കുന്ന ഒരു വാക്ക് ലഭിക്കുന്നത് വെങ്കല യുഗ നാഗരികതയായിരുന്ന സുമേറിയയില്‍ നിന്നാണ്. ബിസിഇ മൂന്നാം സഹസ്രാബ്ധത്തിന്റെ അവസാനത്തോടെ സുമേറിയയില്‍ നിന്ന് ലഭിച്ച സീലുകളില്‍ കാണുന്ന മെലൂഹ എന്ന വാക്ക് ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് അക്കാലത്തുണ്ടായിരുന്ന ഹാരപ്പന്‍ നാഗരികതയിലെ പടിഞ്ഞാറന്‍ തീരത്തെ ആയിരിക്കണമെന്ന് റോമിള ഥാപര്‍ അടക്കമുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. അപ്പോഴും പ്രസ്തുത പ്രദേശത്തെ അന്നുള്ള തദ്ദേശീയ ജനത എന്തായിരുന്നു വിളിച്ചിരുന്നതെന്നതിനെപ്പറ്റി ഇപ്പോഴും ധാരണയില്ല.
പിന്നീട് ഒരു സ്ഥലസൂചന എന്ന പേരില്‍ കണ്ടെത്തുന്ന വാക്ക് സൊരാസ്ട്രിയന്‍ വേദഗ്രന്ഥമായ അവസ്തയില്‍ ആണ്. ഹപ്ത ഹിന്ദു എന്ന അവസ്തയിലെ പരാമര്‍ശം സിന്ധു നദിയും പോഷകനദികളും ഒഴുകുന്ന ഭൂഭാഗമാണ്. ഋഗ് വേദത്തില്‍ സപ്തസിന്ധുവെന്ന് വിളിക്കുന്നതും ഇതേ പ്രദേശത്തെ തന്നെയാണ്. സിന്ധു സമതലത്തെയും അതിനപ്പുറവുമുള്ള പ്രദേശങ്ങളെയും ചേര്‍ത്ത് പേര്‍ഷ്യന്‍ ഉറവിടങ്ങളില്‍ ഹിന്ദുവെന്നും ഗ്രീക്ക് രേഖകളില്‍ ഇന്ത്യയെന്നും വിളിക്കുന്ന ഭൂപ്രദേശം ഉണ്ടായെന്ന് ഇര്‍ഫാന്‍ ഹബീബ് അഭിപ്രായപ്പെടുന്നുണ്ട്. പില്‍ക്കാല അറബ് വഴക്കങ്ങളില്‍ അല്‍ ഹിന്ദ് എന്ന പേരിലാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. എന്നാല്‍ ഒരുപേര് എന്നതിനേക്കാള്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്ര സൂചന എന്ന നിലയ്ക്കേ ഈ വാക്കുകളെ പരിഗണിക്കാനാവൂ.
ഇടയക്കൂട്ടങ്ങള്‍ ഗോത്രസ്വഭാവത്തില്‍ നിന്ന് സ്ഥിരവാസ സ്വഭാവത്തിലേക്ക് മാറുന്ന ബിസിഇ ആറാം നൂറ്റാണ്ടോടെ വ്യത്യസ്ത പേരുകളില്‍ ജനപഥങ്ങള്‍ എന്ന പേരില്‍ ഭരണരൂപങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അവയൊക്കെയും പ്രാദേശിക സ്വഭാവം ഉള്ളവ മാത്രമായിരുന്നു. എന്നാല്‍ ബിസിഇ അഞ്ചാം നൂറ്റാണ്ടില്‍ ഹെറോഡോട്ടസ് ഇന്‍ഡോസ് എന്ന നാമം ഉപയോഗിക്കുന്നുണ്ട്. മൗര്യഭരണാധികാരിയായ ചന്ദ്രഗുപ്തന്റെ സദസിലെത്തുന്ന ഗ്രീക്കുകാരനായ മെഗസ്തനീസ് ഇന്ത്യയെപ്പറ്റി എഴുതുന്ന കൃതിയുടെ പേരും ഇന്‍ഡിക എന്നായിരുന്നു. ഉപഭൂഖണ്ഡത്തിന്റെ ഒട്ടുമുക്കാലും മൗര്യന്‍ ഭരണത്തിന്റെ സ്വാധീനത്തില്‍ വരുന്ന അശോകന്റെ മൗര്യന്‍ കാലഘട്ടമാവുമ്പോഴും ആ പ്രദേശത്തെ മുഴുവനും സൂചിപ്പിക്കുന്ന ഒരു രാഷ്ട്രനാമം ഉണ്ടായിരുന്നില്ല. ഭാഭ്രു ശിലാശാസനത്തില്‍ മഗധയിലെ രാജാവ് എന്നാണ് അശോകന്‍ സ്വയം വിശേഷിപ്പിക്കുന്നത്. മഗധയാവട്ടെ ഇന്നത്തെ ബീഹാര്‍ പ്രദേശത്ത് ഉണ്ടായിരുന്ന മഹാജനപഥങ്ങളില്‍ ഒന്നിന്റെ പേര് മാത്രവും. ധര്‍മശാസ്ത്രങ്ങളും സൂത്രങ്ങളും സിന്ധു-ഗംഗ സമതല പ്രദേശത്തെ ഇന്‍ഡോ ആര്യന്‍ വംശജരുടെ പ്രദേശം എന്ന നിലയ്ക്ക് ആര്യാവര്‍ത്തം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അനാര്യരും വേദ-യജ്ഞാതി പാരമ്പര്യങ്ങള്‍ക്ക് വെളിയില്‍ നില്‍ക്കുന്നവരെ സൂചിപ്പിക്കാനും ഉപയോഗിച്ച ഈ പ്രയോഗം ഉള്‍ക്കൊള്ളലിനേക്കാള്‍ ഒഴിവാക്കല്‍ സ്വഭാവം ഉള്ളതായിരുന്നു.
SUMERIAN SCULPTURE | PHOTO:WIKI COMMONS
പില്‍ക്കാലത്ത് ഡല്‍ഹിയിലെ സുല്‍ത്താന്‍മാരുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശങ്ങളെ അവര്‍ ഹിന്ദുപഥ് എന്നും, മുഗള്‍ ഭരണാധികാരികളുടെ കാലത്ത് ഹിന്ദുസ്ഥാന്‍ എന്നും വിളിക്കുന്നുണ്ട്. അവിടെയും ഹിന്ദ് പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ നാട് എന്നര്‍ത്ഥത്തിലാണ് ഈ നാമങ്ങളുടെ പ്രയോഗം. അതേസമയം, ഈ പേരുകൊണ്ട് വിവക്ഷിക്കുന്ന സ്ഥലപരിധിക്ക് വെളിയിലാണ് ഇന്നത്തെ തെക്കേ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഒക്കെയും. തമിഴകവും, ദ്രാവിഡഭൂമി, ഗോദാവരി നദിക്ക് തെക്കുള്ളത് എന്നര്‍ത്ഥത്തില്‍ ദക്ഷിണപഥം എന്നൊക്കെയാണ് ഈ പ്രദേശങ്ങളെ വിളിച്ചുപോന്നത്. പൊതുവില്‍ പരിശോധിക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ജനങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രരൂപമോ, രാജ്യനാമമോ ചരിത്രത്തില്‍ ഒരിടത്തും കണ്ടെത്താനാവില്ല.
ഇനി ഇപ്പോള്‍ തര്‍ക്കവിഷയമായ 'ഭാരതം' എന്ന പേരിന്റെ വഴിയേപ്പറ്റി. സുമാര്‍ സിഇ അഞ്ചാംനൂറ്റാണ്ടിലാണ് സിന്ധു-ഗംഗ സമതലത്തിലുള്ള കുറച്ചു പ്രദേശങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഭാരതവര്‍ഷം എന്ന പ്രയോഗം വരുന്നത്. മഹാഭാരതത്തിന്റെ ആദ്യപര്‍വത്തിലും കാളിദാസ കാവ്യമായ അഭിജ്ഞാന ശാകുന്തളത്തിലുമുള്ള മിത്തിക്കലും കാവ്യാത്മകവുമായ സൂചനകളാണ് ഭാരതവര്‍ഷമെന്ന പ്രയോഗത്തിലേക്ക് എത്തിക്കുന്നത്. കുരു-പുരു വംശങ്ങളെപ്പറ്റിയുള്ള ഈ മിത്തില്‍ പ്രസ്തുത വംശപാരമ്പര്യമുള്ള ദുഷ്യന്തനും ശകുന്തളയ്ക്കും ജനിച്ച മകനായ ഭരതനാണ് ആദ്യമായി ഇന്ത്യയാകെ അടക്കി ഭരിച്ച ചക്രവര്‍ത്തി എന്ന് പറയുന്നുണ്ട്. ഭരതന്റെ പേരില്‍ നിന്നാണത്രേ ഭാരതം എന്ന പേരുണ്ടായത്. കാളിദാസന്റെ തന്നെ രഘുവംശത്തില്‍ രഘുവെന്ന രാജാവ് ഹിമാലയം മുതല്‍ കടല്‍ വരെയുള്ള പ്രദേശത്തെ കീഴടക്കി ഭരിച്ചെന്ന് പരാമര്‍ശമുണ്ട്. രഘുവിന്റെ അധീനതയിലായ പ്രദേശങ്ങളെ സൂചിപ്പിക്കാന്‍ കവി ഭാരതം എന്ന പേര് ഉപയോഗിക്കുന്നത് കാണാം. ഗുപ്തകാലഘട്ടത്തില്‍ത്തന്നെ രചിക്കപ്പെട്ട വിഷ്ണു പുരാണത്തിലും ഭാരതം എന്ന വാക്കുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം ഇവയൊന്നും ഒട്ടുമേ ചരിത്രപരമായ സംഭവങ്ങളല്ല എന്നതാണ്. ഏകദേശം എട്ടാം നൂറ്റാണ്ടിനുശേഷം ഭാരതവര്‍ഷം എന്ന വാക്ക് പില്‍ക്കാല രചനകളില്‍ ഒന്നും കാണുന്നുമില്ല. ഒരു കാവ്യ സാഹിത്യമിത്ത് എന്നതിനപ്പുറം ചരിത്രപരമായ ഒരു തെളിവ് സാമഗ്രികളുടെയും പിന്തുണ ഒരു രാഷ്ട്രരൂപത്തെ കുറിക്കുന്ന വാക്കെന്ന നിലയില്‍ ഭാരതവുമായി ബന്ധപ്പെട്ട് ഇല്ല. അതേസമയം, കൊളോണിയല്‍ കാലഘട്ടത്തില്‍ പുനഃരുത്ഥാനപരമായ സമീപനം സ്വീകരിച്ച പ്രസ്ഥാനങ്ങളിലൂടെയാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഭാരത് എന്ന വാക്കിന് രാഷ്ട്രീയ മുഖം ലഭിച്ചത്. സവര്‍ക്കറിന്റെ അഭിനവ് ഭാരത് സൊസൈറ്റി, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നിവയുടെ ഒക്കെ പേരില്‍ ഭാരതം ഉണ്ടായിരുന്നുവെന്ന് കാണാം.
ഇന്ത്യയെന്ന വാക്ക് വിദേശ നിര്‍മിതിയാണെന്ന വാദം മുന്നോട്ടുവയ്ക്കുന്ന എന്‍.സി.ഇ.ആര്‍.ടി കമ്മിറ്റി ജെയിംസ് മില്ലിന്റെ ഇന്ത്യാ ചരിത്ര വിഭജനത്തെ വീണ്ടും പ്രഘോഷിക്കുക തന്നെയാണ് ചെയ്യുന്നത്. മൂന്നു വെള്ളംകേറാ കള്ളികളിലായ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ ഒരു കോസ്മെറ്റിക് സര്‍ജറിയിലൂടെ മാറ്റിത്തീര്‍ത്ത കൊളോണിയല്‍ ചരിത്ര വൈദഗ്ധ്യത്തെത്തന്നെയാണ് ഇതിന്റെ കമ്മിറ്റി അധ്യക്ഷന്‍ വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. ഇന്ത്യയെ കാണാതെ ഇന്ത്യാ ചരിത്രത്തെ വിഭജിച്ച, ജെയിംസ് മില്ലിന്റെ അതേ തന്ത്രം തന്നെയാണ് ഇവിടെയും വര്‍ഗീയ ചരിത്രത്തില്‍ തെളിഞ്ഞുവരുന്നത്. ഭാരതവര്‍ഷയെന്നു പറയുന്ന ഒരു പ്രദേശ രാഷ്ട്രീയത്തിലേക്ക് ഒരു വലിയ ഇന്ത്യയെ പറിച്ചുനടുക. ഭിന്നിപ്പിച്ചു ഭരിക്കാന്‍ നെയ്തെടുത്ത മില്‍ ചരിത്രത്തിന്റെ പരിഷ്‌കരിച്ച വര്‍ഗീയ ഇന്ത്യന്‍ എഡിഷനെന്ന് ഇതിനെ നമുക്കു വിളിക്കാം. പുരാണ ഇന്ത്യയെ ക്ലാസിക്കലാക്കി മാറ്റിയാല്‍ പിന്നീടു വരുന്ന മധ്യകാല ഇന്ത്യ വീണ്ടും പ്രതിസ്ഥാനത്തു നില്‍ക്കുമല്ലോ എന്ന പഴയ കൊളോണിയല്‍ കണക്കുകൂട്ടല്‍ തന്നെ എന്‍.സി.ഇ.ആര്‍.ടി ആവര്‍ത്തിക്കുകയാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
മറ്റൊന്ന്, ഇന്ത്യ എന്ന വാക്കിന് കിട്ടുന്ന ചരിത്രപരമായ ബലം കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഇത് നിരന്തരമായ ചരിത്ര പ്രക്രിയകളിലൂടെ, നോട്ടങ്ങളിലൂടെ പരിണാമം പ്രാപിച്ചുവന്ന നാമമാണ്. ഗ്രീക്ക് റോമന്‍ പേര്‍ഷ്യന്‍ കച്ചവടക്കാരും ഭരണാധികാരികളും സഞ്ചാരികളും നോക്കിക്കണ്ട ഒരു ഭൂപ്രദേശമാണ് ഹിന്ദുസ്ഥാനും, ഇന്ത്യയുമായി മാറുന്നത്. ചരിത്രശാസ്ത്രത്തിന്റെ പിതാവെന്നു വിളിക്കപ്പെടുന്ന ഹെറഡോട്ടസിന്റെ കൃതിയില്‍ ഇന്ത്യയെ പരാമര്‍ശിക്കുന്നുണ്ട്. വിദേശികള്‍ നോക്കി കണ്ട ഇന്ത്യ, വെറും ജനങ്ങള്‍ മാത്രമായിരുന്നില്ല. അത് വലിയ ഒരു സാമ്പത്തിക സാംസ്‌കാരിക പ്രദേശമായിരുന്നു. പല ഭാഷകളും, ആചാരങ്ങളും, തൊഴിലും, സംസ്‌കാരവും പിന്തുടര്‍ന്ന ഭൂപ്രദേശം. വ്യത്യസ്ത നദികളും, പര്‍വതങ്ങളും, സമതലങ്ങളും, മരുഭൂമികളും സൃഷ്ടിച്ച ഒരു മഹാപ്രദേശമായിരുന്നു ഇന്ത്യ. മൗര്യ / ഗുപ്ത സാമ്രാട്ടുകളുടെ രേഖകളിലൊന്നു കാണാന്‍ കഴിയാതെപോയ ഒരു മഹാപ്രദേശമായിരുന്നു വിദേശ ശക്തികളുടെ നോട്ടത്തിലൂടെ തെളിഞ്ഞുവന്ന ഇന്ത്യ.
മേല്പറഞ്ഞ ഇന്ത്യയുടെ രാഷ്ട്രീയ പൂര്‍ണത കൈവരിക്കുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലാണ്. വേറൊരു തലത്തില്‍ പറഞ്ഞാല്‍ ആധുനിക കാലഘട്ടത്തില്‍. ചിന്നിച്ചിതറി കിടന്ന ഇന്ത്യ, വ്യത്യസ്തകളും വൈവിധ്യങ്ങളും നിറഞ്ഞ പല ഭൂപ്രദേശങ്ങളിലെയും ജനങ്ങള്‍, തങ്ങള്‍ ഒരു രാജ്യത്താണെന്ന പ്രതീതിയുണ്ടായ കാലഘട്ടം. പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തെ കൊളോണിയല്‍ ആധിപത്യമെന്നു തിരിച്ചറിഞ്ഞ ഇന്ത്യാ മനസ്സിന്റെ പരുവപ്പെടലിലാണ് പുതിയ ഒരു ഇന്ത്യ രൂപപ്പെടുന്നത്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലൂടെ ഇന്ത്യയുടെ ദേശവികാരം കത്തിജ്വലിച്ചപ്പോള്‍ പുതിയ ദേശ ബോധത്തിന്റെയും, രാഷ്ട്രീയ രൂപീകരണത്തിന്റെയും, സംഘടനാ ബോധത്തിന്റെയും തുടക്കമായി മാറി. ബംഗാള്‍ ബ്രിട്ടീഷ് ഇന്ത്യാ സൊസൈറ്റി, ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍, നാഷണല്‍ ഇന്ത്യന്‍ അസോസിയേഷന്‍, സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി, ഇന്ത്യന്‍ ലീഗ്, ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍, ലണ്ടന്‍ ഇന്ത്യന്‍ സൊസൈറ്റി, ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍, ഇന്ത്യന്‍ സൊസൈറ്റി, ഇന്ത്യന്‍ അസോസിയേഷന്‍ തുടങ്ങി അവസാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെത്തിയപ്പോള്‍ നമ്മുടെ രാജ്യത്തു വളര്‍ന്നത് ഒരു ഇന്ത്യാ രാഷ്ട്രീയമായിരുന്നു. ഓരോ സ്വാതന്ത്ര്യ സമര സന്ദര്‍ഭത്തിലും ഈ നാമം പ്രക്ഷോഭ പരിപാടികളിലൂടെ ഇന്ത്യക്കാരുടെ മനസ്സിലുറച്ചു. 1947 ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ രാത്രിയില്‍ നെഹ്റുവിന്റെ അര്‍ദ്ധരാത്രിയിലെ പ്രസംഗത്തിലൂടെ ഈ ദേശ നാമം സ്വാതന്ത്ര്യമെന്തെന്നു തിരിച്ചറിഞ്ഞ ജനങ്ങളുടെ രാഷ്ട്രീയ ആവിഷ്‌കാരമായി മാറി. ഭരണഘടന നിര്‍മാണ സഭയില്‍ ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാന്‍ തുടങ്ങി വിവിധ പേരുകള്‍ രാജ്യത്തിനായി നിര്‍ദേശിക്കപ്പെടുകയുണ്ടായി. പുതുതായി രൂപംകൊണ്ട റിപ്പബ്ലിക്കിന് നല്‍കേണ്ട പേരായി അവിടെ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യ എന്ന നാമമാണ്. വൈവിദ്ധ്യമാര്‍ന്ന ജനങ്ങളെയും പ്രാദേശികതകളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സംജ്ഞ എന്ന നിലയ്ക്കാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. മിത്തുകളില്‍ അധിഷ്ഠിതവും ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തെയോ, പ്രദേശത്തെയോ മാത്രം സൂചിപ്പിക്കുന്നതും വലിയൊരു വിഭാഗത്തെ ഒഴിവാക്കുകയും ചെയ്യുന്നതാവരുത് രാജ്യത്തിന്റെ പേരെന്ന് പൂര്‍ണബോധ്യം ഉള്ളതുകൊണ്ടാണ് ഇന്ത്യ എന്ന പേര് ഭരണഘടന നിര്‍മാണ സഭ തിരഞ്ഞെടുത്തത്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ രൂപപ്പെട്ട രാഷ്ട്രീയ ബോധമുള്ള നേതാക്കള്‍ മൂന്നുവര്‍ഷം ചര്‍ച്ച ചെയ്തും തര്‍ക്കിച്ചും സമവായത്തിലെത്തി ഇന്ത്യയുടെ ഭരണഘടനയെ അവതരിപ്പിക്കുകയും ചെയ്തു. ഈ ഇന്ത്യയെ, ഇന്ത്യാ ചരിത്രത്തെ മായ്ക്കുവാന്‍ ശ്രമിക്കുന്ന ശക്തികളുടെ ഭീരുത്വത്തെയാണ്, ചരിത്രത്തോടുള്ള ഭയമാണ് പേരുമാറ്റ തന്ത്രം വെളിവാക്കിത്തരുന്നത്.