TMJ
searchnav-menu
post-thumbnail

Outlook

ചരിത്രമായ യുപി വിധി  

05 Jun 2024   |   3 min Read
ഹൃദ്യ ഇ

ബിജെപിയുടെ  അപ്രമാദിത്വത്തിന് കനത്ത തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നല്‍കിയത്. 2014 ലും 2019 ലും ബിജെപി അധികാരത്തില്‍ എത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഉത്തര്‍പ്രദേശിലെ 80 സീറ്റുകള്‍ ഇത്തവണ ബിജെപിക്ക് സുപ്രധാനമായിരുന്നു. എന്നാല്‍ ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറയിളക്കുന്ന ഫലമാണ് ഉണ്ടായത്. സമാജ്വാദി-കോണ്‍ഗ്രസ് സഖ്യം വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളും നേടിയ ബിജെപി ഇത്തവണ 36 സീറ്റുകളില്‍ ഒതുങ്ങി. എണ്‍പതില്‍ എണ്‍പതും നേടുമെന്ന പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് തൂത്തുവാരുമെന്ന് പറഞ്ഞവര്‍ക്ക് ഭൂരിപക്ഷം സീറ്റ് പോലും നേടാനായില്ല എന്നത് ചരിത്രവുമായി. ഡല്‍ഹിയിലേക്കുള്ള പാത യുപി-യുടെ തലസ്ഥാനമായ ലക്നൗ വഴിയാണെന്ന പറച്ചിലിന്റെ പശ്ചാത്തലത്തിലാണ് യുപി-യിലെ വിധി നിര്‍ണ്ണായകമാവുന്നത്.    

സമാജ്വാദി പാര്‍ട്ടി 37 സീറ്റുകളും കോണ്‍ഗ്രസ് 6 സീറ്റുകളുമാണ് നേടിയത്. 2019 ല്‍ ഒരു സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് ഇത്തവണ 6 സീറ്റുകള്‍ നേടാനായെന്നത് പ്രധാനമാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഉത്തര്‍പ്രദേശ് പിടിക്കാന്‍ ഊര്‍ജ്ജമായതെന്നതില്‍ സംശയമില്ല. എസ്പി 63 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലുമാണ് മത്സരിച്ചത്.

യാദവ-മുസ്ലീം വോട്ടുകള്‍ ഉറപ്പിക്കുന്നതിനൊപ്പം തന്നെ ദളിത് വോട്ടുകള്‍ നേടാനായതാണ് സമാജ്വാദി പാര്‍ട്ടിയുടെ തിരിച്ചുവരവിന് കാരണം. പിച്ച്ദെ-ദളിത്-അല്‍പ്സംഖ്യക് അഥവാ പിന്നോക്ക ദളിത് ന്യൂനപക്ഷ സമവാക്യം മുന്നോട്ടുവച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രകടനം വിജയം കണ്ടുവെന്ന് പറയാം. എസ്പി ഉയര്‍ത്തിയ സാമുദായിക സമവാക്യം ബിജെപിക്ക് തിരിച്ചടിയായി. കഴിഞ്ഞ രണ്ട് നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി ബിജെപി വലിയ മുന്നേറ്റം നടത്തിയ സംസ്ഥാനത്ത് 2019 ല്‍ എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. ബിഎസ്പി 10 സീറ്റുകളും എസ്പി 5 സീറ്റുമാണ് അന്ന് നേടിയത്. അതോടെ ആ സഖ്യം അവസാനിച്ചു. നിലവില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മായാവതിയുടെ ബിഎസ്പി സംപൂജ്യരായി. മായാവതിയുടെ പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ തന്നെ ദളിത് വോട്ടുകള്‍ പിടിക്കുക എസ് പി യുടെ പ്രധാന ലക്ഷ്യമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ് മാറിനിന്ന മായാവതിയുടെ നിലപാട് ഗുണം ചെയ്തത് ഇന്ത്യ മുന്നണിക്ക് തന്നെ.

അഖിലേഷ് യാദവ് | PHOTO: FACEBOOK
യുപിയില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ സ്വാധീനം ലഭിച്ചതോടെയാണ് കോണ്‍ഗ്രസുമായി എസ് പി സഖ്യം ചേര്‍ന്നതെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. യാദവ-മുസ്ലീം വോട്ടുകള്‍ ഉറപ്പിച്ചപ്പോള്‍ യാദവ ഇതര ഒബിസി വോട്ടുകള്‍ നേടിക്കൊണ്ടുള്ള ബിജെപി ഫോര്‍മുലയെ പരാജയപ്പെടുത്താനായിരുന്നു എസ്പിയുടെ ശ്രമം. സംസ്ഥാനത്തെ 60 മുതല്‍ 65 ശതമാനം വരെ പ്രതിനിധീകരിക്കുന്നത് ഒബിസി, ദളിത് വിഭാഗങ്ങളാണ്. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഈ വോട്ടുകള്‍ നിര്‍ണായകമായിരുന്നു.

2004 ലും 2009 ലും 10 സീറ്റുകളോടെ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി 2014 ല്‍ 71 സീറ്റുകള്‍ നേടിക്കൊണ്ടാണ് വിജയിക്കുന്നത്. 2019 ലും ആ വിജയം ആവര്‍ത്തിച്ചു. ഏകദേശം തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തോടടുത്തപ്പോള്‍ രാജ്യവ്യാപകമായി ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് നേരിയ തോതില്‍ മങ്ങലേറ്റിരുന്നു. ഉത്തര്‍പ്രദേശിലും അത് ബാധകമാണെന്ന രാഷ്ട്രീയ വിലയിരുത്തലുകളെ ശരിവയ്ക്കുന്ന ഫലമാണ് സംസ്ഥാനത്തുണ്ടായത്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്പി കോണ്‍ഗ്രസ് സഖ്യം മത്സരിക്കുന്നത് ബിജെപിയുടെ സീറ്റുകള്‍ കുറച്ചേക്കുമെന്ന കണക്കുകൂട്ടലുകള്‍ നേരത്തെ വന്നിരുന്നു. മാത്രമല്ല ബിജെപിയുടെ 62 സീറ്റുകളില്‍ 10 എണ്ണമെങ്കിലും കുറയുമെന്ന് ഇന്ത്യ മുന്നണിയും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ജനവിധിയുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസം അഖിലേഷ് യാദവിനും ഉണ്ടായിരുന്നു.

ബിജെപിയുടെ മതവിദ്വേഷവും ദേശീയതയിലൂന്നിയ പ്രചരണവുമെല്ലാം ഇനിയും വിലപ്പോവില്ലെന്ന യാഥാര്‍ത്ഥ്യം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചത് ഉത്തര്‍പ്രദേശിലാണ്. രാമക്ഷേത്രം ബിജെപിയുടെ പ്രചരണായുധമായപ്പോള്‍ തൊഴിലില്ലായ്മയും പണപ്പെരുപ്പവും ജാതി സെന്‍സസുമെല്ലാമായിരുന്നു ഇന്ത്യാ മുന്നണിയുടെ പ്രചാരണ വിഷയം. നരേന്ദ്ര മോദിയും, അമിത് ഷായും, യോഗി ആദിത്യ നാഥുമെല്ലാം പ്രചരണത്തില്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ രാമക്ഷേത്രമുയര്‍ന്ന അയോദ്ധ്യയില്‍ ബിജെപി തകര്‍ന്നടിഞ്ഞുവെന്നതാണ് പ്രധാനം. ക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്സഭാമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിംഗ്, എസ്പി സ്ഥാനാര്‍ത്ഥി അവദേശ് പ്രസാദിനോട് തോറ്റു. സമാജ്വാദി പാര്‍ട്ടി 5,54,289 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാനായത് 4,99,722 വോട്ടുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5,28,113 വോട്ടാണ് ലല്ലു സിംഗ് നേടിയത്.

നരേന്ദ്ര മോദിയും, അമിത് ഷായും, യോഗി ആദിത്യ നാഥും | PHOTO: FACEBOOK
വാരാണസില്‍ നരേന്ദ്ര മോദി വിജയിച്ചെങ്കിലും ഇത്തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ചുവെന്നതാണ് ബിജെപിക്കുള്ള തിരിച്ചടി. കഴിഞ്ഞതവണ മോദിയുടെ ഭൂരിപക്ഷം 4,78,690 ആയിരുന്നു. 1,52,513 ആണ് ഇത്തവണത്തെ ഭൂരിപക്ഷം. ഏകദേശം മൂന്നരലക്ഷത്തിന്റെ ഇടിവാണ് ഭൂരിപക്ഷത്തിലുണ്ടായത്. മുസഫര്‍നഗര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ജയ് കുമാര്‍ ബല്‍യാന്‍ 5,69,535 വോട്ടുകളാണ് നേടിയത്. എന്നാല്‍ ഇത്തവണ സഞ്ജയ് ബല്‍യാന് നേടാനായത് 4,46,049 വോട്ടുകളാണ്. 24,662 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സമാജ്വാദിപാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിച്ചത്. കഴിഞ്ഞ തവണ ബിജെപി ഭൂരിപക്ഷം 3,782 ആയിരുന്നു.

2019 ലെ ബിജെപി തരംഗത്തില്‍ തങ്ങളോടൊപ്പം നിന്ന ഒരേയൊരു മണ്ഡലമായ റായ്ബറേലി നിലനിര്‍ത്തിയതിനൊപ്പം തന്നെ അമേഠി മണ്ഡലം തിരിച്ചുപിടിക്കാനായത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നേട്ടമായി. ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ 1,67,196 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ പരാജയപ്പെടുത്തിയത്. സ്മൃതി ഇറാനി 3,72,032 വോട്ട് നേടിയപ്പോള്‍ കിഷോരി ലാല്‍ വിജയം ഉറപ്പിച്ചത് 5,39,228 വോട്ടുകള്‍ നേടിയാണ്. മറുവശത്ത് 4,00,000 ത്തോളം വോട്ടുകളുടെ വന്‍ വിജയമാണ് റായ്ബറേലില്‍ രാഹുല്‍ ഗാന്ധി നേടിയത്. 1,67,848 എന്ന കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തെ മറികടന്നുകൊണ്ടുള്ള വിജയമാണ് കോണ്‍ഗ്രസിന്റേത്. ഇങ്ങനെ ഉത്തര്‍പ്രദേശിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടിയാണെന്ന് മനസ്സിലാക്കാം.

കോണ്‍ഗ്രസിലും സമാജ് പാര്‍ട്ടിയിലും കുടുംബവാഴ്ചയാണ് നടക്കുന്നതെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുള്ള ബിജെപി പ്രചരണവും സംസ്ഥാനത്ത് സജ്ജീവമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ കുടുംബമാണ് ബിജെപിയെന്ന് തുറന്നടിച്ചുകൊണ്ടുള്ള അഖിലേഷ് യാദവിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. ബിജെപിയെ സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പുകളില്‍ സമാജ് പാര്‍ട്ടിയ്ക്ക് മുന്‍തൂക്കമുള്ള അസംഗഢും, രാംപൂരും പിന്തുണ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. എന്‍ഡിഎയുടെ കൈവശമില്ലാത്ത 14 സീറ്റുകള്‍ നേടാനായിരുന്നു ബിജെപി ഇത്തവണ ശ്രമിച്ചത്. 2019 ല്‍ ഈ മണ്ഡലങ്ങളില്‍ ബിജെപി സാധ്യത ഇല്ലാതാക്കിയ ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം ഇല്ലാതായതോടെ 14 സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ ഏപ്രില്‍ 19 ലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന യുപിയിലെ എട്ട് മണ്ഡലങ്ങളില്‍ ബിജെപിക്ക് കര്‍ഷക വോട്ടുകള്‍ നിര്‍ണായകമായിരുന്നുവെന്നതും മറ്റൊരു വസ്തുത. ചുരുക്കത്തില്‍ കളമറിഞ്ഞുള്ള ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ബിജെപിയുടെ പാളിപ്പോയ പ്രതീക്ഷകളുമെല്ലാം ചേര്‍ന്നപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ജനവിധി രാജ്യത്തിന്റെ മുഖഛായ മാറ്റി.



#outlook
Leave a comment