TMJ
searchnav-menu
post-thumbnail

Outlook

ഇറാനെതിരായ ഇസ്രായേൽ ആക്രമണം: ചില പ്രാഥമിക വിലയിരുത്തലുകൾ

24 Jun 2025   |   6 min Read
പർവിസ് സെഡാഘട്ട്

റാനെതിരായ ഇസ്രായേലിന്റെ സൈനിക ആക്രമണം ആരംഭിച്ചത് ജൂൺ 13 വെള്ളിയാഴ്ച പുലർച്ചെയാണ്. തെരഞ്ഞു പിടിച്ചുള്ള കൊലപാതകങ്ങളും സൈനിക, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപകമായ നാശവും ഈ ആക്രമണത്തിന്റെ ഭാഗമായതോടെ  ഇറാൻ വീണ്ടും നിർണ്ണായകമായ ഒരു ചരിത്ര ചലനാത്മകതയുടെ കേന്ദ്രബിന്ദുവായി. സമാനമായ രീതിയിൽ കൊളോണിയലിസ്റ്റുകളും, സാമ്രാജ്യത്വവാദികളും ഒരു നൂറ്റാണ്ടിലേറെയായി ആവർത്തിച്ച് അടിച്ചേൽപ്പിച്ച സാഹചര്യത്തെ
പ്രതിഫലിപ്പിക്കുന്ന ഇപ്പോഴത്തെ സയണിസ്റ്റ് ഇടപെടലുകളോടെ മറ്റൊരു നിർണായക ഘട്ടത്തെ ഇറാനിയൻ ജനത അഭിമുഖീകരിക്കുന്നു. ഓരോ തവണയും, ഈ ഇടപെടലുകൾ രാജ്യത്തെ പ്രതിസന്ധിയിലേക്കോ ആഴത്തിലുള്ള അസ്ഥിരതയിലേക്കോ തള്ളിവിട്ടു. 1910കളിലെ രണ്ടാം ഭരണഘടനാ പ്രസ്ഥാനത്തിന്റെ പരാജയത്തെ തുടർന്നുള്ള റഷ്യൻ സൈനിക അധിനിവേശം, 1941 ആഗസ്റ്റിലെ സഖ്യകക്ഷികളുടെ അധിനിവേശം, 1953 ആഗസ്റ്റിലെ സിഐഎയുടെ നേതൃത്വത്തിലുള്ള അട്ടിമറി, 1979ലെ വിപ്ലവത്തിനു ശേഷമുള്ള എട്ട് വർഷത്തെ യുദ്ധം (ഇത് പുതിയ വിപ്ലവാനന്തര ക്രമം സ്ഥിരപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു), കഴിഞ്ഞ ദശകത്തിലെ "യുദ്ധമോ സമാധാനമോ അല്ല" എന്ന അവസ്ഥ എന്നിവയെല്ലാം വിദേശ ഇടപെടലുകളാൽ രൂപപ്പെട്ട നിർണായക നിമിഷങ്ങളെ അടയാളപ്പെടുത്തുന്നു. ഇപ്പോൾ വീണ്ടും ഒരു സയണിസ്റ്റ്-സാമ്രാജ്യത്വ സൈനിക ഇടപെടൽ നേരിട്ട് നടക്കുന്നതിന്റെ ഫലമായി ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ നാം കാണുന്നു.

ഭരണഘടനാ വിപ്ലവകാലത്തെ സ്വാതന്ത്ര്യത്തിനായുള്ള ആദ്യകാല പോരാട്ടങ്ങളിൽ നിന്ന് നാം പഠിച്ച പാഠം, എപ്പോഴും ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്: ഇറാനിലെ ജനാധിപത്യപരമോ, വിമോചനപരമോ ആയ ഒരു പോരാട്ടത്തിനും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കാതെ നിലനിൽക്കാനാവില്ല. സാമൂഹിക നീതിക്കും, സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു പോരാട്ടത്തിനും, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മറവിൽ, ഒരു നൂറ്റാണ്ടിലേറെയായി ആഗോള ദക്ഷിണ ലോകത്തെ (ഗ്ലോബൽ സൗത്ത്) ജനാധിപത്യപരവും, നീതിയുക്തവുമായ വിമോചന പ്രസ്ഥാനങ്ങളെ തടസ്സപ്പെടുത്തിയ വിനാശകരമായ ആഗോള ക്രമത്തെ അവഗണിക്കാൻ കഴിയില്ല. സാമ്രാജ്യത്വത്തിനും സയണിസത്തിനും ഒരിക്കലും മിഡിൽ ഈസ്റ്റിലെ പുരോഗമനപരവും, വിമോചനപരവുമായ ശക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും തന്ത്രപരമായ സഖ്യകക്ഷികളാകാൻ കഴിയില്ല. അത്തരമൊരു കെണിയിൽ വീഴുന്ന ഏതൊരു ശക്തിയും, പ്രസ്ഥാനവും ആത്യന്തികമായി സാമ്രാജ്യത്വ ശക്തികളുടെ ഏജന്റായി മാറും അല്ലെങ്കിൽ സാമ്രാജ്യത്വ, ഉപ-സാമ്രാജ്യത്വ, അല്ലെങ്കിൽ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളാൽ കശാപ്പ് ചെയ്യപ്പെടും. ജനാധിപത്യപരവും, നീതിയുക്തതവുമായ പ്രസ്ഥാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് ഈ സംഭവങ്ങൾ നൽകുന്ന പ്രധാന പാഠമാണിത്. ഇറാനിലും, വിശാലമായ മിഡിൽ ഈസ്റ്റിലും, സാമ്രാജ്യത്വ വിരുദ്ധരും സയണിസ്റ്റ് വിരുദ്ധരുമാകാതെ ഒരാൾക്കും സ്വാതന്ത്ര്യ അനുകൂലിയാകാൻ കഴിയില്ല.

2:
1970കൾ മുതൽ, മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പാത രണ്ട് പ്രധാന ഘടകങ്ങൾ മൂലം വലിയ പുതിയ തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. ഒന്നാമതായി, ഇസ്രായേലിന്റെ കൊളോണിയൽ ഭരണകൂടത്തിന്റെ വ്യാപനത്തിനും, വികാസത്തിനുമൊപ്പം,  പ്രാദേശിക സൈനികവൽക്കരണത്തിന് ആക്കം കൂട്ടിയ മറ്റൊരു പ്രക്രിയയായിരിന്നു പ്രതിലോമപരവും, സ്വേച്ഛാധിപത്യപരവുമായ ഗൾഫ് രാജ്യങ്ങളിൽ സംഭവിച്ച ബില്യൺ ഡോളറിന്റെ കുതിച്ചുചാട്ടം. രണ്ടാമതായി, അസമമായ മുതലാളിത്ത വികസനത്തിന്റെ പശ്ചാത്തലത്തിൽ, ഈ സാമ്പത്തിക സ്രോതസ്സുകളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിലൂടെ നിരവധി പ്രതിലോമപരമായ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചു. പ്രത്യേകിച്ചും,  ഇടതുപക്ഷ, മതേതര-പുരോഗമന ശക്തികളുടെ ദുർബലതയും, അഭാവവും ഇത് കൂടുതൽ രൂക്ഷമാക്കി. ഈ സംഭവവികാസങ്ങൾ രാഷ്ട്രീയ ഇസ്ലാമിന്റെ ഒരു പ്രതിലോമ പതിപ്പിന്റെ ഉദയത്തിന് വഴിയൊരുക്കി. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ജനങ്ങൾ രണ്ട് ശത്രുക്കളെ നേരിടുന്നു. ഓരോരുത്തരും അവരുടെ പോരാട്ടങ്ങളെ സ്വംശീകരിക്കാനും, ദുർബലപ്പെടുത്താനും ശ്രമിക്കുന്നു. ഈ കയ്പേറിയ ചരിത്രം ഇപ്പോൾ ആവർത്തിക്കുമെന്ന  ഭീഷണി നിലനിൽക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി ഇറാനികളുടെ ജനാധിപത്യപരവും, വിമോചനപരവുമായ പോരാട്ടങ്ങൾ ഇസ്രായേലിന്റെയും, അമേരിക്കയുടെയും സൈനിക ഇടപെടലിലൂടെ പാളം തെറ്റാനുള്ള സാധ്യതയുണ്ട്.

Israel strikes Iran, wiping out top military commanders and nuclear  scientists | EuronewsREPRESENTATIVE IMAGE | WIKI COMMONS

2010കളുടെ മധ്യം മുതൽ, ഇറാനിയൻ ഭരണകൂടം പ്രധാനമായും അടിച്ചമർത്തലിനെ ആശ്രയിച്ചാണ് അതിജീവിച്ചത്. അതേസമയം, മൂലധന സമാഹരണത്തിനും, പുനർവിതരണ സാമ്പത്തിക നയത്തിനുമുള്ള സാമ്പത്തിക ശേഷിയും, ഭൂരിപക്ഷത്തിന്റെ പിന്തുണ ശേഖരിക്കുന്നതിനുള്ള രാഷ്ട്രീയ നിയമസാധുതയും അതിനില്ല. ദാരിദ്ര്യം, അസമത്വം, വ്യവസ്ഥാപരമായ തകരാറുകൾ, ഇറാനിയൻ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപരമായ നിയമവിരുദ്ധവൽക്കരണം എന്നിവ ഒരുമിക്കുന്നത് നിലവിലെ സൈനിക ആക്രമണത്തിന് വളക്കൂറുള്ള മണ്ണ് സൃഷ്ടിച്ചിട്ടുണ്ടെന്ന് കാര്യം അവഗണിക്കാനാവില്ല.

3:
നിലവിലെ യുദ്ധം ദീർഘകാലമായി പിന്തുടർന്നുവരുന്ന സൈനികവൽക്കരണ നയങ്ങളുടെയും, സാമ്രാജ്യത്വ ഇടപെടലുകളുടെയും, ആധിപത്യപരമായ മത്സരങ്ങളുടെയും തുടർച്ചയാണെന്ന് നാം തിരിച്ചറിയുന്നുവെങ്കിൽ, അതിന്റെ ഭവിഷ്യത്തുകളും നാം എടുത്തുകാണിക്കണം. ഇസ്രായേലി രാഷ്ട്രീയക്കാരുടെ ഔദ്യോഗിക പ്രസ്താവനകളെ അടിസ്ഥാനമാക്കി, അവരുടെ സൈനിക ഇടപെടലുകൾ ഇറാനെ ഒരു "പരാജയപ്പെട്ട രാഷ്ട്ര"മാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അനുമാനിക്കുന്നത് ന്യായമാണ്. ഇത് സാമ്രാജ്യത്വ, സയണിസ്റ്റ് താൽപ്പര്യങ്ങൾക്ക് അനുകൂലമായ ഒരു ഭരണമാറ്റത്തിന് കാരണമായേക്കാം. സംഭവവികാസങ്ങളുടെ ദ്രുത ഗതിയിലുള്ള വേഗതയും, സാമ്രാജ്യത്വ പദ്ധതികളുടെ രഹസ്യ സ്വഭാവവും കണക്കിലെടുക്കുമ്പോൾ, അനന്തരഫലങ്ങൾ പ്രവചിക്കാൻ വളരെ പ്രയാസമാണ്. എന്നിരുന്നാലും, ഇറാൻ ഒരു പരാജയപ്പെട്ട രാഷ്ട്രമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതേസമയം, രാജ്യത്തിനുള്ളിൽ ഉറപ്പുള്ള ഒരു സാമ്രാജ്യത്വ അനുകൂല രാഷ്ട്രീയ, സൈനിക ശക്തിയുടെ അഭാവം, തൽക്കാലം ഭരണമാറ്റം അസാധ്യമാക്കുന്നു. അമേരിക്കയുടെ 2003ലെ ഇറാഖ് അധിനിവേശ ശേഷമുള്ള സാഹചര്യങ്ങളുമായി സാമ്യമുള്ളതല്ല ഇറാനിലെ നിലവിലുള്ള സാഹചര്യം.  മറിച്ച്, 1990കളുടെ തുടക്കത്തിലെ ആദ്യത്തെ ഗൾഫ് യുദ്ധവുമായി ഇപ്പോഴത്തെ സ്ഥിതിഗതികൾക്ക് സമാനതകൾ കാണുന്നു. ഈ യുദ്ധത്തിനുശേഷം, ഇറാഖ് ആഭ്യന്തര അടിച്ചമർത്തലുകൾ, വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾ, സാമ്പത്തിക തകർച്ച, രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ ശിഥിലീകരണം എന്നിവയാൽ വലഞ്ഞു. അതിനാൽ, നിലവിലെ സാഹചര്യത്തിന്റെ അപകടകരമായ സ്വഭാവം നാം തിരിച്ചറിയുകയും, വെടിനിർത്തലിനും സമാധാനത്തിനും വേണ്ടിയുള്ള അടിയന്തര ആവശ്യം ഊന്നിപ്പറയുകയും വേണം. ഭരണകക്ഷിയായ സാമ്പത്തിക പ്രഭുവർഗ്ഗത്തിലെ ചില ഘടകങ്ങളും, വിഭാഗങ്ങളും, പ്രത്യേകിച്ച് കടുത്ത പാശ്ചാത്യ വിരുദ്ധ നയങ്ങളുമായി പൂർണ്ണമായും യോജിക്കാത്തവർ, അവരുടെ രാഷ്ട്രീയധികാരം നിലനിർത്താൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Iraq's Tishreen Uprising: From Barricades to Ballot Box | International  Crisis GroupREPRESENTATIVE IMAGE | WIKI COMMONS
4:  
പ്രാദേശിക തലത്തിൽ, ഈ യുദ്ധം അല്ലെങ്കിൽ ഇറാനിയൻ ഭരണകൂടത്തെ ഒരു "തെമ്മാടി രാഷ്ട്രം" എന്ന നിലയിൽ മെരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത്, മേഖലയിലെ പ്രാദേശിക അധിനായകത്വത്തിന്റെ വിശാലമായ പ്രശ്നം പരിഹരിക്കുമെന്ന് തോന്നുന്നില്ല. ഇസ്രായേൽ ആഴത്തിലുള്ള ആഭ്യന്തര, പ്രാദേശിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. സൈനിക ശക്തിയിലൂടെയും, നിരന്തരമായ യുദ്ധത്തിലൂടെയും മാത്രം പ്രാദേശിക മേധാവിത്വം നേടാൻ അതിന് കഴിയില്ല. കാരണം, സാധ്യമായ പിൻവാതിൽ ഇടപാടുകൾ ഉണ്ടെങ്കിലും, പിന്തിരിപ്പൻ അറബി ഗവൺമെന്റുകൾക്ക് ഇസ്രായേലുമായുള്ള തന്ത്രപരമായ ബന്ധം സ്ഥാപിക്കൽ സ്വന്തം ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രയാസമായിരിക്കും, അസാധ്യമല്ലെങ്കിൽ പോലും. മാത്രമല്ല, മറ്റൊരു പ്രാദേശിക ശക്തിയായ തുർക്കി, ഒരു നവ-ഓട്ടോമൻ സാമ്രാജ്യത്തിന്റെ പുനരുജ്ജീവനം സ്വപ്നം കാണുന്ന സ്വന്തം മേധാവിത്വ അഭിലാഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

ആഗോള മുതലാളിത്ത ക്രമത്തിന്റെ വലിയ പ്രതിസന്ധിയുടെയും, ദേശീയ-രാഷ്ട്ര മാതൃകയുടെ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ അധികാര പോരാട്ടം വികസിക്കുന്നത്. മേഖലയിൽ ഒരു പുതിയ ഭൗമരാഷ്ട്രീയ ക്രമം സ്ഥാപിക്കുന്നതിന് പ്രബലമായ ദേശീയ-രാഷ്ട്രങ്ങളുടെയും, ആഗോള സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള സ്ഥിരതയുള്ളതും , ഫലപ്രദവുമായ ഒരു അന്താരാഷ്ട്ര ഭരണ സംവിധാനം ആവശ്യമാണ്. എന്നാൽ, ഇന്നത്തെ അന്താരാഷ്ട്ര സംവിധാനം പ്രതിസന്ധിയിലാണ്. യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ, നാം സായുധ സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല, കിഴക്കൻ, ദക്ഷിണേഷ്യയിൽ യുദ്ധഭീതി പടരുകയാണ്. ഈ കുഴപ്പം നിറഞ്ഞ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ, ഒരു തെമ്മാടി രാഷ്ട്രത്തെ അട്ടിമറിക്കുന്നത് വളരെ വേഗത്തിൽ മറ്റൊന്നിന്റെ ഉദയത്തിലേക്ക് നയിച്ചേക്കാം. ഈ യാഥാർത്ഥ്യം നെതന്യാഹുവിന്റെയും, ട്രംപിന്റെയും ബാലിശമായ സ്വപ്നങ്ങളെ ഒരു പേടിസ്വപ്നമാക്കി മാറ്റുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധം വിനാശകരമായ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രതിസന്ധികളുടെയും, എതിർ ധ്രുവങ്ങളായി വിഭജിക്കപ്പെട്ട ഒരു ലോകക്രമത്തിന്റെയും പശ്ചാത്തലത്തിലാണ് നടക്കുന്നത്. ഈ യുദ്ധം, അതിന്റെ ഫലം എന്തുതന്നെയായാലും, പ്രാദേശിക, ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ ദീർഘിപ്പിക്കാനും തീവ്രമാക്കാനും മാത്രമേ സഹായിക്കൂ.

5:
ഇറാനിയൻ വിമോചന പോരാട്ടത്തിൽ ഈ യുദ്ധം ചെലുത്തിയ ഒരേയൊരു നല്ല ഫലം, അത് സാമ്രാജ്യത്വ അനുകൂലികളുടെയും തീവ്ര വലതുപക്ഷ പ്രതിപക്ഷ നേതാക്കളുടെയും നിന്ദ്യമായ പങ്കിനെ തുറന്നുകാട്ടുന്നു എന്നതാണ്. ഈ വ്യക്തികൾ നിലവിൽ സ്വന്തം ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ബോംബുകൾക്ക് വേണ്ടി ആർപ്പുവിളിക്കുകയാണ്, ചരിത്രം അവരെ ഓർക്കും.[2] ടെഹ്‌റാൻ ബോംബാക്രമണം സന്തോഷത്തോടെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുടെയും, അവരുടെ പണ്ഡിതരുടെയും പ്രചാരണവും നാം മറക്കരുത്.[3] ചരിത്ര പുസ്തകങ്ങളിൽ അവർ നാണം കെട്ടവരായി ചുരുങ്ങും.

Escalate to de-escalate? What options does Iran have to end Israel war?REPRESENTATIVE IMAGE | WIKI COMMONS
6:
ഒരു സാമ്പത്തിക ലഘൂകരണ വാദത്തിലേക്ക് വീഴാതെ തന്നെ, ഈ യുദ്ധവും ആഗോള മൂലധനത്തിന്റെ നീണ്ട സർക്യൂട്ടുകളും തമ്മിലുള്ള അടുത്ത ബന്ധം നിരീക്ഷിക്കാൻ കഴിയും. സൈനികവൽക്കരിക്കപ്പെട്ടതും, വിഭവങ്ങൾ ഊറ്റിയെടുക്കുന്നതുമായ മൂലധനത്തിന്റെ നേരിട്ടുള്ള താൽപ്പര്യങ്ങൾക്ക് പുറമേ, ഈ യുദ്ധം ഭൗമരാഷ്ട്രീയ മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൈനയുടെ "ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്" ഉം ഇന്ത്യയിൽ നിന്നുള്ള യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രായേൽ, ഗ്രീസ് വഴി യൂറോപ്പിലേക്ക് പോകുന്ന നിർദ്ദിഷ്ട "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി" യും തമ്മിലുള്ള സ്പർദ്ധകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് വ്യക്തമായും, വിശാലമായ അമേരിക്ക-ചൈന ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഭാഗമാണ്.

7: അറബി രാഷ്ട്രങ്ങളിലേക്കുള്ള സമീപകാല സന്ദർശന വേളയിൽ, ഡൊണാൾഡ് ട്രംപ് സ്വേച്ഛാധിപത്യ നേതാക്കളെ ഈ വാക്കുകളിൽ അഭിസംബോധന ചെയ്തു: “നിങ്ങൾ ജിദ്ദയിലും, ദുബായിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബികളായ കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ, ടെഹ്‌റാന്റെ 1979 ലെ ലാൻഡ്‌മാർക്കുകൾ അവശിഷ്ടങ്ങളായി തകർന്നുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളുടെ അവഗണനയും, ദുർഭരണവും ഇറാനിൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വൈദ്യുതി തടസ്സങ്ങൾക്ക് കാരണമാണ്. നിങ്ങളുടെ കഴിവ് വരണ്ട മരുഭൂമികളെ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളാക്കി മാറ്റിയപ്പോൾ, ഇറാന്റെ നേതാക്കൾക്ക് ഹരിതാഭമായ കൃഷിയിടങ്ങളെ വരണ്ട മരുഭൂമികളാക്കി മാറ്റാൻ കഴിഞ്ഞു. അവർ സമ്പന്നരാകുന്നു. പക്ഷേ, അവർ ജനങ്ങൾക്ക് അതിൽ നിന്ന് ഒന്നും അനുവദിക്കുന്നില്ല.

അറബി രാഷ്ട്രങ്ങൾ പ്രാദേശിക സ്ഥിരതയുടെയും ലോക വാണിജ്യത്തിന്റെയും തൂണുകളായി മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, തീർച്ചയായും അതിന്റെയെല്ലാം മൂലത്തിൽ പ്രധാന വ്യത്യാസമുണ്ട് ഇറാന്റെ നേതാക്കൾ ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനായി അവരുടെ ജനങ്ങളുടെ സമ്പത്ത് മോഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു . ലളിതമായി പറഞ്ഞാൽ, ഇറാനിലെയും മിഡിൽ ഈസ്റ്റിലെയും ജനങ്ങളുടെ മേൽ ട്രംപ് ഒരു തെറ്റായ സ്വേച്ഛാധിപത്യ ദ്വന്ദ്വത്തെ അടിച്ചേൽപ്പിക്കുന്നു: ഒന്നുകിൽ സാമ്രാജ്യത്വ അനുകൂല സ്വേച്ഛാധിപത്യ രാഷ്ട്രം അല്ലെങ്കിൽ ഉപരോധിക്കപ്പെടാനും, ബോംബെറിയാനും ഒരു തെമ്മാടി സ്വേച്ഛാധിപത്യ രാഷ്ട്രം. ഇത് കാണിക്കുന്നത് 'പാശ്ചാത്യ രക്ഷകർ' ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മുഖംമൂടി അഴിച്ചുമാറ്റി പൂർണ്ണമായും വാളെടുത്തിരിക്കുന്നു എന്നാണ്.

ഒരു മത്സരവുമില്ല, എന്നെക്കാൾ കടുപ്പമേറിയ ചർച്ചക്കാരൻ പ്രധാനമന്ത്രി: ഡൊണാൾഡ്  ട്രംപ് | വിദേശകാര്യ & പ്രതിരോധ സുരക്ഷാ വാർത്തകൾ - ബിസിനസ് ...REPRESENTATIVE IMAGE | WIKI COMMONS
ഈ തെറ്റായ ദ്വന്ദ്വത്തിന്റെ പശ്ചാത്തലത്തിൽ, ഇറാനിലെയും (കഴിഞ്ഞ ദശകങ്ങളിൽ) അറബി ലോകത്തുടനീളവും (2011 ലെ പ്രക്ഷോഭങ്ങൾക്ക് ശേഷം) വിമോചന-ജനാധിപത്യ പ്രസ്ഥാനങ്ങൾ എല്ലാ തരത്തിലുമുള്ള അടിച്ചമർത്തലുകളും, തിരിച്ചടികളും ഉണ്ടായിരുന്നിട്ടും ഒരു 'മൂന്നാം ശബ്ദ'ത്തെ പ്രതിനിധീകരിക്കുന്നതായി തെളിയിച്ചിട്ടുണ്ട്. ഈ സമൂഹങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഈ ശബ്ദം, സ്വന്തമായ യഥാർത്ഥ വിമോചന ബദലുകൾ സ്ഥിരമായി പിന്തുടർന്നിട്ടുണ്ട്. തുടർന്നും പിന്തുടരും.

ലൈല ഫാഗ്‌ഫൂരി അസറിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ നിന്നുള്ള സ്വതന്ത്ര മലയാള പരിഭാഷ

1: രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ ഗവേഷകനും, പണ്ഡിതനുമായ  പർവിസ് സെഡാഗട്ട്  ഇറാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഫാർസി ഭാഷയിലെ പ്ലാറ്റ്‌ഫോമായ ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ ഇക്കണോമിയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ജൂൺ 18 ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനം. ഇസ്രായേൽ, ഇറാനിൽ ബോംബാക്രമണം നടത്തിയതിന്റെ ആറാം ദിവസമായിരുന്നു അത്. (വിവർത്തകൻ)

2: ഇറാനിലെ മുൻരാജാവായ ഷായുടെ അമേരിക്ക ആസ്ഥാനമാക്കിയുള്ള മകനായ റെസ പഹ്‌ലവിയുടെ രാഷ്ട്രീയ നിലപാടുകളും,  പൊതു പ്രസ്താവനകളും ഇത് സൂചിപ്പിക്കുന്നു. ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളെ അദ്ദേഹവും, അനുയായികളും പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പേരിൽ ഭരണമാറ്റത്തിനുള്ള നിയമാനുസൃത ഉപകരണങ്ങളായി സൈനിക ഇടപെടലുകളെ അവതരിപ്പിക്കുന്നു [വിവർത്തകൻ].

3: സുതാര്യതയില്ലാത്ത സാമ്പത്തിക സ്രോതസ്സുകളും, വ്യക്തമല്ലാത്ത രാഷ്ട്രീയ ബന്ധങ്ങളുമുള്ള ലണ്ടൻ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ഇറാൻ ഇന്റർനാഷണലിന്റെ പ്രചാരണത്തെ സൂചിപ്പിക്കുന്നു [വിവർത്തകൻ].


#outlook
Leave a comment