ദ കേരള സ്റ്റോറി; കേരളം ശത്രുരാജ്യമാണെന്ന് പഠിപ്പിക്കുന്ന നുണക്കഥ
തൊണ്ണൂറുകളുടെ ആദ്യകാലത്ത്, ഏതാണ്ട് കുഗ്രാമമെന്ന് വിളിക്കാമായിരുന്ന ഞങ്ങളുടെ ഗ്രാമത്തിൽ, കഴിഞ്ഞ ദിവസം മരിച്ച ഹിന്ദുത്വയുടെ പ്രചാരകൻ ഗോപാലകൃഷ്ണന്റെ കാസറ്റുകൾ ലഭ്യമായിരുന്നു. അക്കാലത്ത് വിരലിൽ എണ്ണാവുന്ന ആർ.എസ്.എസുകാർ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പ്രചാരണം നടത്തിയിരുന്നത് സവർണ ജാതിക്കാരായ കോൺഗ്രസുകാരായിരുന്നു. അതിലൊരു വലിയ വിഭാഗം മൂന്ന് പതിറ്റാണ്ടിനപ്പുറത്ത് ബി.ജെ.പിയുടെ പ്രവർത്തകരും അനുഭാവികളുമാണ്. മറ്റുള്ളവർ കോൺഗ്രസുകാർ തന്നെയായി തുടരുന്നുമുണ്ട്. ഈ കാസറ്റുകൾ കേട്ടു നോക്കണമെന്ന് ഏതാണ്ടൊരു ഭക്തിയോടെ പല ചങ്ങാതിമാരും പറയുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഉത്തരേന്ത്യയിൽ നടക്കുന്ന രാമജന്മഭൂമി പ്രക്ഷോഭത്തെ കുറിച്ച് ഞങ്ങൾക്കറിയാമായിരുന്നു. ചുമരുകളിൽ എം.എം.ജോഷി പ്രസംഗിക്കുമെന്ന് എഴുതി വച്ചിരിക്കുന്നത് കണ്ട് ഞങ്ങൾ പലരും ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികളും ബി.ജെ.പി നേതാക്കളായുണ്ട് എന്നും ധരിച്ചു. ഞങ്ങളുടെ നാട്ടിലെ ജോഷിമാരെല്ലാം ക്രിസ്ത്യാനികളായിരുന്നു. സ്‌കൂളിൽ എന്റെ ക്ലാസിൽ തന്നെ മൂന്ന് ജോഷിമാരുണ്ടായിരുന്നു. പിന്നീട് കോളേജിലൊകെ എത്തിയപ്പോഴാണ് എം.എം.ജോഷി എന്നാൽ മുരളി മനോഹർ ജോഷിയാണെന്നും അതൊരു ബ്രാഹ്‌മണ സർനെയിം ആണെന്നും അയാൾ ബി.ജെ.പിയുടെ അധ്യക്ഷനാണെന്നും എല്ലാം അറിയുന്നത്.
രാമായണം വന്നുപോയിരുന്നു. മഹാഭാരതം അപ്പോഴും ഉണ്ടോ എന്ന് ഓർമ്മയില്ല. ഉണ്ടായിരുന്നുവെങ്കിൽ ഞായറാഴ്ചകളിലെ പ്രഭാതങ്ങൾ നിശ്ചലമായിരുന്നിരിക്കണം. വീടുകളിൽ തന്നെ ഞങ്ങളിരുന്നു. മാതൃഭൂമിയുടെ വരാന്തപതിപ്പിൽ സംഭാഷണം മലയാളത്തിൽ വരുന്നുണ്ടായിരുന്നു. ഞങ്ങളത് നോക്കി ഹിന്ദി മനസിലാക്കും. അല്ലെങ്കിൽ പരന്തൂവും ആക്രമണും മാത്രമായിരുന്നു ഞങ്ങളുടെ ഹിന്ദി ജ്ഞാനം. കേരളത്തിലുടനീളം ആർ.എസ്.എസ് ശാഖകളുണ്ടായിരുന്നു അക്കാലത്ത്. ഗുജറാത്തിനേക്കാൾ കൂടുതൽ ആർ.എസ്.എസ് ശാഖകൾ എൺപതുകളിൽ കേരളത്തിലുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അക്കാലത്ത് തന്നെയാണ് പിന്നീട്, ഇന്റർനെറ്റിന്റേയും ബ്ലോഗുകളുടേയും ആദ്യകാലത്ത്, ഗോക്രിയെന്ന് അറിയപ്പെട്ട ഗോപാലകൃഷ്ണന്റെ കാസറ്റുകൾ പുതുവിജ്ഞാനമെന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ടത്.
ഡോ. എൻ.ഗോപാലകൃഷ്ണൻ | Photo: Facebook
ഒന്നാം യു.പി.എ കാലത്ത് പ്രത്യേകിച്ച് സംഭവങ്ങളൊന്നുമില്ലാത്ത ദിവസങ്ങളിൽ ബി.ജെ.പി ഓഫീസിലെ പത്രസമ്മേളനത്തിന് ശേഷമുള്ള ഡീ ബീഫ്രിങ് വേളകളിൽ അരുൺ ജെയ്റ്റ്ലി മുതൽ രവിശങ്കർ പ്രസാദും ജാവ്ദേകറും വരെയുള്ളവർ കേരളത്തിൽ മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരും കൂടി നടത്തുന്ന ക്രൂര ആക്രമണങ്ങളുടെ കഥ പറയാറുണ്ട്. അതിന് തെളിവായി ഫോട്ടോകളൊക്കെ കാണിക്കും. മൃതദേഹങ്ങളുടെ, ആയുധങ്ങളുമായുള്ള പ്രകടനങ്ങളുടെ, കൊല്ലപ്പെട്ടവരുടേത് എന്ന് പറഞ്ഞ് ചില ആളുകളുടെ എല്ലാം ഫോട്ടോകൾ അതിലുണ്ടാകും. ബി.ജെ.പി ബീറ്റ് ചെയ്ത് ചെയ്ത് ബി.ജെ.പി ആരാധകരായി മാറിയ വടക്കേ ഇന്ത്യൻ പത്രക്കാരിൽ ഭൂരിപക്ഷവും അതെല്ലാം കേട്ടിരിക്കും. മലയാളികളാരെങ്കിലും ഉണ്ടെങ്കിലാണ്, ആ ഫോട്ടോ കേരളത്തിലേതല്ല, അങ്ങനെയൊരു സംഭവം കേരളത്തിലുണ്ടായിട്ടില്ല എന്ന് പറഞ്ഞ് തിരുത്തുക. അപ്പോൾ അരുൺജെയ്റ്റ്ലിയൊക്കെ പ്ലേറ്റ് തിരിക്കും. അല്ലെങ്കിലും കേരളത്തിൽ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും വോട്ടല്ല, ഹിന്ദുക്കളുടെ വോട്ടാണ് ഞങ്ങൾക്ക് വേണ്ടത് എന്ന് ദുഃഖിക്കും. അത് നടക്കാത്തതിലുള്ള നിരാശ മറയ്ക്കാതെ പ്രകടിപ്പിക്കും.
അഥവാ ഈ മണ്ണിൽ സംഘപരിവാരം വിത്ത് വിതയ്ക്കാനുള്ള ശ്രമങ്ങൾ എന്നേ ആരംഭിച്ചതാണ്. ചാണകത്തിൽ നിന്ന് പ്ലൂറ്റോണിയം, ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറി, പുഷ്പകവിമാനത്തിന്റെ എഞ്ചിനീയറിങ് എന്നിങ്ങനെയുള്ള മണ്ടത്തരങ്ങൾ അങ്ങ് വടക്കേ ഇന്ത്യയിൽ തകർത്താടുമ്പോൾ 'കേരളം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, കുറേ കേട്ടിട്ടുണ്ട്' എന്ന നിലയിൽ തലയാട്ടി നിന്നത് ഗോപാലകൃഷ്ണന്റെ ഒക്കെ കാസറ്റുകൾ വന്ന് പോയിട്ട് കാലമെത്രയായി എന്ന ഓർമ്മയിലാണ്. വി.ഡി സവർക്കർ എന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രഥമ വക്താക്കളിലൊരാൾ വീരനായിരുന്നുവെന്ന് ഇപ്പോൾ കാവിയിൽ മുങ്ങി നിൽക്കുന്ന ഉത്തരേന്ത്യൻ കൗ ബെൽട്ട് നുണക്കഥയിറക്കുന്നതിന് വളരെ മുമ്പ് അയാളെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിൽ സിനിമയുണ്ടായി. ഇവിടെ പല ശ്രമങ്ങളും നടന്നു. അമ്പതുകളിൽ എസ്.എൻ.ഡി.പി വഴി പിന്നാക്ക ഹിന്ദു സമൂഹത്തിലേയ്ക്ക് പ്രവേശിക്കാൻ പറ്റുമോ എന്ന് ആർ.എസ്.എസിന്റെ രണ്ടാം മേധാവി ഗോൾവാൾക്കർ ശ്രമിച്ചിട്ടുണ്ട്. കേരളം വഴങ്ങിയില്ല. കേരളത്തിൽ പല വട്ടം പല രീതിയിൽ കാലുറപ്പിക്കാൻ അവർ നോക്കി. നുണക്കഥകളും വിദ്വേഷങ്ങളും പ്രചരിപ്പിച്ചു. പക്ഷേ ഫലപ്രദമായില്ല. യു.പിയിലും മധ്യപ്രദേശിലും ഗുജറാത്തിലും അവർ ഒരോ സമുദായങ്ങൾക്കും മുസ്ലീം സമൂഹത്തോട് വിദ്വേഷമുണ്ടാക്കാനുള്ള പ്രചരണം നടത്തിയിട്ടുണ്ട്. കേരളത്തിൽ ശ്രമങ്ങളൊക്കെ പല തരത്തിൽ പാളി.
എം എസ് ഗോൾവാൾക്കർ | Photo: Golwalkarguruji.org
കേരളത്തിൽ മനുഷ്യർ ജീവിച്ച രീതി വേറെയാണ്. ഇതൊരു ചെറിയ സംസ്ഥാനവും വർദ്ധിച്ച ജനസാന്ദ്രതയും ഉള്ളത് കൊണ്ട് തന്നെ നമ്മൾ സ്വയം ചേരി തിരിഞ്ഞ് ജീവിക്കാൻ പഠിച്ചില്ല. കൊടുക്കൽ വാങ്ങലുകളായിരുന്നു ഇവിടത്തെ ജീവിത രീതി. പൗരത്വ ബിൽ പ്രക്ഷോഭകാലത്തെ മാമുക്കോയയുടെ പ്രസംഗം ഇപ്പോൾ പ്രചരിക്കുന്നുണ്ടല്ലോ, അതിൽ അദ്ദേഹം പറയുന്നുണ്ട്- 'ഞങ്ങളൊരു കുടുംബം പോലെ ജീവിച്ചതാണ്. അതിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന പരിപാടി മാത്രം മതി, (നിങ്ങളെ ഞങ്ങൾക്ക് മനസിലാകാൻ) നിങ്ങളുടെ രാഷ്ട്രത്തിലെ പരിപാടികളും ഫാസിസവും ആർ.എസ്.എസിന്റെ ലക്ഷ്യങ്ങളും ഒന്നുമല്ല (ഞങ്ങളുടെ പ്രശ്നം), ഞങ്ങളുടെ നാട്ടിൽ ഞാനും കൽപ്പറ്റ നാരായണനും ഞാനും ഈ കുമാരനും ഒക്കെ ഒന്നിച്ച് ജീവിച്ചിട്ടുള്ളതാ, ഞങ്ങളുടെ സൗഹൃദത്തിനും ബന്ധത്തിനും മേലെ കോടാലിവയ്ക്കുന്ന നിങ്ങളുടെ ഫാഷിസത്തിന് ഒരു വിലയുമില്ല. അവസാനം എന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥ വരുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോഴെങ്ങനെ പറയാൻ പറ്റും?' - എന്ന്. ഇതാണ്. അഥവാ ഇവിടെ മനുഷ്യരെ ഭിന്നിപ്പിക്കാൻ സംഘപരിവാരം ഓരോ തവണ ശ്രമിക്കുമ്പോഴും പരസ്പരം വിനിമയം ചെയ്ത് മനുഷ്യർ ഒരുമിക്കും.
കേരളത്തിലേറ്റവും ചർച്ച ചെയ്ത 'ലവ് ജിഹാദ്' വിവാദമായിരുന്നു ഹാദിയയുടെ വിവാഹം. സ്വന്തം ഇഷ്ടപ്രകാരം മതം മാറി വിവാഹം കഴിച്ച, പ്രായപൂർത്തിയായ വിദ്യാസമ്പന്നയായ ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിന് മേലെ നടന്ന കടന്ന് കയറ്റ ചർച്ചകൾ. ഈ അടുത്തിടെ ഈ വിവാദങ്ങളെ കുറിച്ചുള്ള 'ഔട്ട്ലുക്ക്' വാരികയുടെ ഒരു ആർട്ടിക്കളിൽ ഷാഹിനയോട് ഹാദിയയുടെ പിതാവ് അശോകൻ തുറന്ന് പറയുന്നുണ്ട്- അത് 'ലവ് ജിഹാദ്' ഒന്നും അല്ലായിരുന്നുവെന്ന്. ബി.ജെ.പിയുടെ പ്രവർത്തകനാണ് അശോകൻ. പക്ഷേ തന്റെ മകളുമായി നിരന്തര ബന്ധമുണ്ടിപ്പോൾ. അത് മകളുടെ താത്പര്യമായിരുന്നു എന്ന് ഇപ്പോഴറിയാം. അവർക്ക് മാത്രമല്ല, മക്കൾ സ്വാഭാവികമായും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുമ്പോൾ ജാതിയുടേയും മതത്തിന്റേയും പേര് പറഞ്ഞ്, പല പ്രചരണങ്ങളിലും പെട്ട്, ലവ് ജിഹാദെന്നും തീവ്രവാദമെന്നുമൊക്കെ ആരോപിച്ചിരുന്ന ഒരോ വീട്ടുകാർക്കും അതിപ്പോഴറിയാം.
ഹാദിയ
സുപ്രീം കോടതി വരെ ലവ്ജിഹാദ് മിഥ്യാകഥകളാണെന്ന് ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു ആരോപണം പോലും കേരളത്തിലൊന്നും അല്പ ബുദ്ധികളായ സംഘികൾ വരെ ഉന്നയിക്കില്ല. സിറിയയും അഫ്ഘാനിസ്ഥാനും ആടുമേക്കലുമൊക്കെ ചർച്ച ചെയ്താൽ ബി.ജെ.പിക്കാർ വരെ മുഖവിലയ്ക്കെടുക്കില്ല. അഫ്ഘാനിസ്ഥാൻ പഴയ പൊലെയല്ല, താലിബാൻ ഭരണകൂടത്തിനെ സഖ്യരാജ്യമായാണ് 'മോഡിജി'യും 'ഡോവൽജി'യും കാണുന്നത്. താലിബാൻ കീ ജയ്. അഫ്ഘാൻ ക്രിക്കറ്റ് കളിക്കാർ ഐ.പി.എല്ലിൽ കളിച്ചോട്ടെ. അതാണ് സ്ഥിതി. ആ പരിപ്പിവിടെ വേവില്ല. ഇവിടെ കാലാവസ്ഥയും പ്രകൃതവും വേറെയാണ്. എന്നിട്ടും 33,333 സ്ത്രീകൾ മതം മാറിയ കഥയുമായി സംഘിസേന വരുന്നതെന്തിന്? ഇവിടെ അവരുടെ ചാണക-ഗോമൂത്ര സിദ്ധാന്തങ്ങളും ഹിന്ദു-മുസ്ലീങ്ങളെ പരസ്പര വിദ്വേഷത്തിൽ പെടുത്തി വേർപെടുത്താമെന്നുള്ള മോഹവും ഹിന്ദു വോട്ട് ബാങ്കിലേയ്ക്ക് കടന്ന് കളയാമെന്നുള്ള മോഹവും വിജയിക്കില്ല എന്ന് നമുക്ക് പോലും അറിയാമെങ്കിൽ തിരഞ്ഞെടുപ്പ് ജയിക്കാനും രാജ്യത്തെ ഭരണഘടന തകർക്കാനും ചരിത്രം മാറ്റിയെഴുതാനും പിന്നാക്ക-ദളിത് ഐക്യങ്ങളെ തകർക്കാനും ശേഷിയുള്ള ഹിന്ദുത്വയുടെ ക്രിമിനൽ സംഘത്തിന് ഇത് അറിയേണ്ടതല്ലേ?
അറിയേണ്ടതാണ്. അതുകൊണ്ട് തന്നെ അവരുടെ ലക്ഷ്യം ഇത്തരം വിദ്വേഷങ്ങളുയർത്തി കേരളത്തെ തകർക്കലല്ല എന്ന് ഊഹിക്കേണ്ടി വരും. അവർ കേരളത്തിന് വേണ്ടി ശ്രമിക്കുന്നത് മറ്റൊരു തന്ത്രമാണ്. കേരളം ശത്രുരാജ്യങ്ങളോളം പോന്ന പ്രശ്നബാധിത പ്രദേശമാണ് എന്ന് കേരളത്തിന് പുറത്ത് പ്രചാരം നടത്തൽ. നാളെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇറക്കിവിടുകയോ ജയിലിലടക്കുകയോ കേന്ദ്രസേനകൾ ചെയ്താൽ കേരളത്തിന് പുറത്ത് അതിനൊരു പ്രത്യാഘാതമുണ്ടാകാത്ത അരങ്ങൊരുക്കൽ. കുറേ കാലമായി അതിനുള്ള ശ്രമം നടക്കുന്നുണ്ട്. 'മലപ്പുറ'ത്തെ ആനയും ശബരിമലയും മതംമാറ്റ ജിഹാദും സിറിയൻ ആടുമേക്കൽ കഥകളും അതിനായിരുന്നു. കേരളത്തിന് അർഹിക്കുന്ന കേന്ദ്രവിഹിതം പോലും തരാത്തതും കേരളത്തിന്റെ പദ്ധതികളെ പലതും മുടക്കാൻ ശ്രമിക്കുന്നതും അതിനാണ്. കമ്യൂണിസ്റ്റ്- മുസ്ലീം കൂട്ടുകെട്ട് ഹിന്ദുക്കളുടെ സ്വൈര്യജീവിതത്തിന് തടസമാണെന്ന സിദ്ധാന്തങ്ങൾ സൃഷ്ടിക്കുന്നത് അതിനാണ്. കശ്മീരിൽ പണ്ഡിറ്റുകൾക്ക് നേരിട്ടത് പോലുള്ള സാഹചര്യമാണ് കേരളത്തിലെ ഹിന്ദുക്കൾക്കുമെന്നുള്ള കഥകൾ, വടക്കേ ഇന്ത്യയിൽ പ്രചരിക്കുന്നത് അതാണ്. കേരളത്തിലെ മുസ്ലീം ജനസംഖ്യ നാൾക്ക് നാൾ കൂടി ഇതൊരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നും കേരളത്തിലെ മുസ്ലീം ലീഗിന്റെ പച്ച പതാക ശരിക്കും പാകിസ്താന്റെ കൊടിയാണെന്നും അവർ പ്രചരിപ്പിക്കുന്നും അതിനാണ്.
ബി.ജെ.പിയുടെ ക്രിസ്തീയ പ്രീണനവും ചില മെത്രാന്മാരുടെ കാവി പ്രണയവും കണ്ട് ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ട് നേടി കേരളത്തിൽ അധികാരത്തിലെത്താമെന്നാണ് ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രം ധരിക്കുന്നത് എന്ന് കരുതരുത്. ക്രിസ്ത്യാനികളോ, മുസ്ലീങ്ങളോ വോട്ട് ബാങ്കായി നിലനിൽക്കില്ല എന്ന് മറ്റാരേക്കാൾ ബി.ജെ.പിക്കറിയാം. അവർക്ക് വേണ്ടത് കേരളത്തിലെ ഹിന്ദുവോട്ടാണ്. അതിന് തടസമാകുന്ന കേരളത്തിലെ നിലവിലുള്ള സാഹചര്യം തകർക്കലാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള ബാഹ്യമായ അരങ്ങൊരുക്കലുകളിലൊന്നാണ് 'കേരള സ്റ്റോറി'യും. കേരളം അതിനർഹിക്കുന്ന അവഗണന നൽകി, പരമപുച്ഛത്തോടെ പുറം തള്ളുമെന്ന് അവർക്കറിയാം. പക്ഷേ, അവരുടെ ടാഗ് ലൈനുകളും അണിയറക്കാരുടെ അഭിമുഖങ്ങളും നോക്കൂ- വിദ്യാസമ്പന്നമെന്ന് ധരിക്കുന്ന, പ്രകൃതി രമണീയമായ, ജീവിത സൂചികകളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന്റെ യഥാർത്ഥ ചിത്രം ഇതാണ്- എന്നാണ് അവർ പറയുന്നത്. ഇതോടെ കേരളത്തെ കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ മാറുമെന്ന്. ഇത് പറയുന്നത് സ്വഭാവികമായും മലയാളികളോടല്ല. അതിന്റെ കാണികൾ പുറത്താണ്. കേരളം ശത്രുരാജ്യമാണെന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രം അവരെ പഠിക്കുന്നതിന്റെ തുടർച്ചയാണ് ഈ നുണക്കഥയും.