
തൊഴിൽ ദിനത്തിന്റെ ദൈർഘ്യം: ചില മെയ്‌ദിന ചിന്തകൾ
ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ പണിയെടുക്കണമെന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ ടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ നാരായണ മൂർത്തി പ്രസ്താവന നടത്തിയത് ഈ അടുത്തകാലത്താണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഉല്പന്നങ്ങളുടെ മത്സരാത്മകത വളർത്താൻ ഇതാണ് പോംവഴിയെന്നും മറ്റ് വികസിത രാഷ്ട്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിലെ ഉത്പാദനക്ഷമത വളരെ കുറവാണെന്നും ഒരു പോഡ്‌കാസ്റ്റിൽ മൂർത്തി അഭിപ്രായപ്പെട്ടു. ചൈനയെയും ജപ്പാനെയും പോലെ ഇന്ത്യ വളരണമെങ്കിൽ തൊഴിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് മൂർത്തിയുടെ അഭിപ്രായം . ഇതിനുള്ള പോംവഴി തൊഴിലാളികൾ കൂടുതൽ സമയം പണിയെടുക്കുക മാത്രമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള കാലത്തെ ജർമനിയുടെയും ജപ്പാന്റെയും വളർച്ച ഇത്തരത്തിൽ സാധ്യമായതാണെന്ന ചില ചരിത്രപരമായ ഉദാഹരണങ്ങളും ഇതിനു ബലം പകരാൻ മൂർത്തി ചൂണ്ടിക്കാട്ടി. സമാനമായ പ്രതികരണങ്ങൾ കോർപറേറ്റ് ലോകത്തുനിന്നും ഇതിനു മുൻപും ഉയർന്നു കേട്ടിട്ടുണ്ട്. അലിബാബയുടെ സിഇഒ ജാക്ക് മാ 996 എന്നൊരു നിർദേശം ഒരിക്കൽ മുന്നോട്ടു വച്ചിരുന്നു. 9 മണി മുതൽ 9 മണി വരെ ജോലി സമയം, ആഴ്ചയിൽ 6 മണിക്കൂർ പ്രവൃത്തി ദിവസം, ഇതായിരുന്നു ഉത്പാദനക്ഷമത കൂട്ടാൻ ജാക് മാ നിർദേശിച്ച പോം വഴി. ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം ഇലോൺ മസ്ക് തൊഴിലാളികളോട് ആദ്യം ആവശ്യപ്പെട്ടത് ആഴ്ചയിൽ 100 മണിക്കൂർ പണിയെടുക്കാനാണ്. കഠിനാധ്വാനമാണ് ജീവിത പുരോഗതിയുടെ അടിസ്ഥാനമെന്ന പൊതു തത്വത്തെ പിൻപറ്റി കടന്നുവരുന്ന ഇത്തരം പ്രസ്താവനകളിൽ അന്തർലീനമായിരിക്കുന്ന അടിസ്ഥാന പരികല്പനകളും വസ്തുതകളും ആഴത്തിലുള്ള പരിശോധന അർഹിക്കുന്നുണ്ട്. തൊഴിൽ ദിനത്തിന്റെ ദൈർഖ്യം 8 മണിക്കൂറായി ചുരുക്കണമെന്ന് ആവശ്യപ്പെട്ട് ചിക്കാഗോയിലെ തെരുവീഥികളിൽ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭം നടന്ന് ഒന്നേകാൽ നൂറ്റാണ്ട് കഴിയുന്ന വേളയിലാണ് ലോകത്തെ പ്രമുഖ വ്യവസായികൾ ഇത്തരമൊരു ചിന്ത മുന്നോട്ടുവയ്ക്കുന്നത് . ഉല്പാദന മേഖലയിലേക്കുള്ള നിർമിതബുദ്ധിയുടെ കടന്നുവരവ് തൊഴിൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ട് എന്ന ചർച്ചകൾ സജീവമായി നടന്നുവരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ പ്രസ്താവനകൾ.
തൊഴിലാളിയുടെ ഒരു ദിവസത്തെ പരമാവധി തൊഴിൽ സമയം എങ്ങിനെയാണ് നിർണയിക്കപ്പെടുന്നത് . തൊഴിൽ ദിനത്തിന്റെ ദൈർഘ്യത്തെക്കുറിച്ച് വളരെ മൗലികമായ നിരീക്ഷണങ്ങൾ മാർക്സ് നടത്തിയിട്ടുണ്ട്. മനുഷ്യന്റെ പ്രവൃത്തി സമയത്തെയും ഒരു കുതിരയുടെ പ്രവൃത്തിസമയത്തേയും നിശ്ചയിക്കുന്ന ഘടകങ്ങൾ അദ്ദേഹം മൂലധനത്തിൽ താരതമ്യത്തിന് വിധേയമാക്കുന്നുണ്ട്. ഒരു കുതിരയുടെ ഒരു ദിവസത്തെ പ്രവൃത്തിദിവസത്തെ നിശ്ചയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യം മാർക്സ് ഉന്നയിക്കുന്നു. തൊഴിലാളികളെപ്പോലെ സംഘടിക്കാനും പ്രതിഷേധിക്കാനും തൊഴിൽ സമയം കുറപ്പിക്കാനുമൊന്നും പാവം കുതിരയ്ക്കാവില്ലല്ലോ. എങ്കിലും അതിനെക്കൊണ്ട് പരമാവധി പണിയെടുക്കുന്നതിന് ചില പരിധികളുണ്ട്. മനുഷ്യനെപ്പോലെ ബൗദ്ധികമായ ആവശ്യങ്ങളോ ഉല്ലാസങ്ങളോ ഒന്നും വേണ്ടെങ്കിലും വിശ്രമവും ഉറക്കവും കുതിരയ്ക്കും ആവശ്യമാണ്. മനുഷ്യന് പൂർണമായും അടിമപ്പെട്ട് നിൽക്കുമ്പോഴും ആരോഗ്യം നിലനിർത്താൻ ഉറപ്പുവരുത്തുന്ന സമയത്തോളം മാത്രമേ അതിനെകൊണ്ട് പണിയെടുപ്പിക്കാനാവൂ.
ഒരു തൊഴിലാളിയുടെ കാര്യവും സമാനമാണ്. ദിവസത്തിന്റെ ഒരംശത്തിൽ അധ്വാന ശക്തി പ്രദാനം ചെയ്യുന്ന ജീവിക്ക് - അത് മനുഷ്യനായാലും കുതിരയായാലും - വിശ്രമവും ഉറക്കവും ആവശ്യമുണ്ട് . മാറ്റൊരംശത്തിൽ ശാരീരികമായ മറ്റാവശ്യങ്ങൾ നിർവഹിക്കണം. ഭക്ഷണം, വിശ്രമം ഇതെല്ലം വേണം. ഇത്തരത്തിലുള്ള ശാരീരികമായ ആവശ്യങ്ങൾക്ക് പുറമെ, തൊഴിൽ ദിനത്തിന്റെ ദൈർഘ്യത്തിന് നൈതികമായ ചില പരിമിതികളെയും നേരിടേണ്ടതുണ്ട്. തൊഴിലാളിക്ക് അവന്റെ ബുദ്ധിപരവും സാമൂഹ്യവുമായ ആവശ്യങ്ങൾക്ക് സമയം വേണം. അതിന്റെ വ്യാപ്തിയും അളവും നിർണയിക്കുന്നത് അതാതുകാലത്തെ സമൂഹത്തിന്റെ പുരോഗതിയാണ്. തൊഴിൽ ദിനത്തിന്റെ ഏറ്റക്കുറവ് ശാരീരികവും സാമൂഹ്യവുമായ അതിർത്തിക്കുള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കും. അത് കൊണ്ട് എട്ടും പത്തും പന്ത്രണ്ടും പതിനാലും പതിനെട്ടും മണിക്കൂറുള്ള തൊഴിൽ ദിനങ്ങൾ നമുക്ക് കാണാൻ കഴിയും എന്ന് മാർക്സ് വ്യക്തമാക്കുന്നു .
REPRESENTATIVE IMAGE | WIKI COMMONS
അധ്വാനശക്തിയെ മുതലാളി ദിവസനിരക്കിൽ വിലകൊടുത്തു വാങ്ങും. ഒരു തൊഴിൽ ദിവസത്തിൽ അതിന്റെ ‘ഉപയോഗ മൂല്യം’ അയാൾക്കുള്ളതാണ്. തൊഴിലാളിയെകൊണ്ട് തനിക്കുവേണ്ടി ഒരു ദിവസം ജോലി ചെയ്യിക്കാനുള്ള അവകാശം അയാൾ സമ്പാദിച്ചിരിക്കുന്നു. അപ്പോൾ എന്താണ് തൊഴിൽ ദിനം?
പ്രകൃത്യാ ഉള്ള ഒരു ദിവസത്തിൽ കുറവാണത്. എന്നാൽ എത്ര മാത്രം? മൂലധനത്തിന്(മുതലാളി മൂലധനത്തിന്റെ മൂർത്തീകരണം മാത്രമാണ്. അയാളുടെ ആത്മാവ് മൂലധനത്തിന്റെ ആത്മാവാണ്) ഒരൊറ്റ സജീവ പ്രചോദനമാണുള്ളത്: പരമാവധി മിച്ചമൂല്യം വലിച്ചെടുക്കുക.
മൂലധനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മാർക്സിന്റെ ഏറ്റവും ശ്രദ്ധേയവും കാവ്യാത്മകവുമായ നിരീക്ഷണമാണ് തുടർന്നുള്ളത്. “ ജീവിക്കുന്ന അധ്വാനശക്തിയെ ഊറ്റികുടിച്ച്, രക്തരക്ഷസ്സിനെപ്പോലെ അതുകൊണ്ടുമാത്രം ജീവിക്കുന്ന മരിച്ച അധ്വാനമാണ് മൂലധനം. എത്രയും കൂടുതൽ അധ്വാനശക്തി അത് കുടിക്കുന്നുവോ അത്രയും കൂടുതൽ കാലം അത് ജീവിക്കും.
തൊഴിൽദിനം എന്ന സങ്കല്പത്തിൽ അന്തർലീനമായ വസ്തുതകൾ ഏറ്റവും ഗഹനമായും അതേസമയം ലളിതമായും ഇവിടെ വിശദമാക്കപ്പെടുന്നുണ്ട്. മാർക്സിന്റെ വാദം പൂർണമായും മനസ്സിലാക്കണമെങ്കിൽ മിച്ചമൂല്യം എങ്ങിനെ സൃഷ്ടിക്കപ്പെടുന്നു എന്നതുകൂടി മനസിലാക്കേണ്ടി വരും.
ചരക്കുകളുടെ വില നിശ്ചയിക്കുന്നത് അതിന്റെ ഉല്പാദനത്തിനാവശ്യമായ അധ്വാന സമയത്തിന്റെ അടിസ്ഥാനത്തിലാണ്. തൊഴിലാളിയുടെ അധ്വാനശക്തിയും മുതലാളിത്ത വ്യവസ്ഥയിൽ ഒരു ചരക്കാണ്.
ഒരു തൊഴിലാളിയുടെ ശരാശരി ദൈനംദിന ജീവനോപാധികൾ ഉല്പാദിപ്പിക്കുന്നതിന് 6 മണിക്കൂർ ആവശ്യമാണെങ്കിൽ അവന്റെ ഒരു ദിവസത്തെ അധ്വാനശക്തി ഉല്പാദിപ്പിക്കുന്നതിന് ഓരോ ദിവസവും അവൻ 6 മണിക്കൂർ പണിയെടുക്കണം. ഇതൊരു നിശ്ചിത സംഖ്യയാണ്. പക്ഷെ ഇത് കൊണ്ടുമാത്രം യഥാർത്ഥ തൊഴിൽ ദിനത്തിന്റെ നീളത്തെ നമുക്ക് മനസ്സിലാകില്ല . മാർക്സ് ഇതിനെ ഗ്രാഫിക്കലായി അവതരിപ്പിക്കുന്നുണ്ട് .
REPRESENTATIVE IMAGE | WIKI COMMONS
മാർക്സ് ഇതിനെ ഗ്രാഫിക്കലായി അവതരിപ്പിക്കുന്നുണ്ട്.
A —------------------ B —----------------- C
ഒരു തൊഴിലാളി ആകെ ഒരു ദിവസം ചിലവഴിക്കുന്ന തൊഴിൽ സമയമാണ് AC എന്ന വര. ‘ആവശ്യമായ തൊഴിൽ സമയത്തിന്റെ’ ദൈർഘ്യമാണ് AB എന്ന വര. എന്ന് പറഞ്ഞാൽ ദിവസവും രാവിലെ എണീറ്റ് ജോലിക്ക് പോകാൻ തക്ക ശേഷിയിൽ തന്റെ ശരീരത്തെയും മനസിനെയും രൂപപെടുത്തിയെടുക്കാൻ ആവശ്യമായ പണം കണ്ടെത്താനുള്ള സമയം. ഇവിടെ ഇത് 6 മണിക്കൂർ എന്ന് നമുക്ക് സങ്കല്പിക്കാം. BC എന്ന വര ‘ആവശ്യമായ തൊഴിൽ സമയത്തിന്റെ’ പുറമെ തൊഴിലാളി എടുക്കുന്ന പണിയാണ്. ഇത് എത്ര വേണമെങ്കിലും നീളാം. അത് നാരായണമൂർത്തി പറഞ്ഞതുപോലെ 12 മണിക്കൂറാവാം . അങ്ങിനെയെങ്കിൽ ‘ആവശ്യമായ തൊഴിൽ സമയത്തിന്റെ’ പുറമെ ഒരു തൊഴിലാളി 6 മണിക്കൂർ കൂടി പണിയെടുക്കും. ഈ സമയം തൊഴിലാളിക്കവകാശപ്പെട്ടതല്ല, മുതലാളിയുടേതാണ്. നാരായണമൂർത്തിയുടെ ഇൻഫോസിസിൽ പണിയെടുക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാർക്ക് കൊടുക്കുന്ന വേതനം 6 മണിക്കൂറിന്റേതാണ് എന്ന് വിചാരിക്കുക. അയാൾ മൂർത്തി പറയുന്നതുപോലെ 12 മണിക്കൂർ പണിയെടുത്താൽ അതിൽ ബാക്കി വരുന്ന 6 മണിക്കൂർ മൂർത്തി എന്ന മുതലാളിക്ക് അല്ലെങ്കിൽ ഇൻഫോസിസ് കമ്പനിയുടെ ലാഭം പങ്കുപറ്റുന്ന ഷെയർ ഉടമക്കുള്ളതാണ് .
തൊഴിലാളി പ്രസ്ഥാനങ്ങൾ നിരന്തരം നടത്തിയ പ്രക്ഷോഭങ്ങളെത്തുടർന്ന് 8 മണിക്കൂർ തൊഴിൽ സമയം എന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. 8 മണിക്കൂറാണ് ഒരു ദിവസത്തെ പരമാവധി തൊഴിൽ ദൈർഖ്യമെങ്കിൽ, 6 മണിക്കൂർ പണിക്ക് തൊഴിലാളിക്ക് ‘ആവശ്യമായ തൊഴിൽ സമയത്തിന്റെ’ കൂലി കിട്ടും. ബാക്കി 2 മണിക്കൂറേ മൂർത്തിക്കും ഇൻഫോസിസിനും കിട്ടുന്നുള്ളൂ. ഈ ലാഭം ഇരട്ടിക്കണമെങ്കിലോ? രണ്ടു മണിക്കൂർ 4 മണിക്കൂർ ആക്കണം, 6 മണിക്കൂറാണെങ്കിൽ മൂന്നിരട്ടിയാകും ലാഭം. അപ്പോൾ നാരായണമൂർത്തിയുടെ ആവശ്യം വളരെ ന്യായം തന്നെ! ഇങ്ങിനെ കൂടുതൽ സമയം പണിയെടുത്താൽ കൂടുതൽ കൂലി തൊഴിലാളിക്ക് കിട്ടുമോ? 6 മണിക്കൂറിൽ കൂടുതൽ പണിയെടുക്കുന്ന ഓരോ മണിക്കൂറിനുമനുസരിച്ച് തൊഴിലാളിക്ക് കൂലി കൂട്ടികൊടുത്താൽ എന്ത് മെച്ചമാണ് മൂർത്തിക്കും ഇൻഫോസിസിനും കിട്ടുക? അധികസമയം ജോലിക്ക് തക്കതായ പ്രതിഫലം നൽകുകയാണെങ്കിൽ പിന്നെ അങ്ങിനെ പണിയെടുപ്പിക്കുന്നത് അർത്ഥശൂന്യമായി മാറും.
അതുപോലെ അധ്വാന സമയം കൂട്ടുന്നത് കൊണ്ട് ഉല്പാദനക്ഷമത കൂടുമെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ഉത്പാദനക്ഷമത പല രീതിയിൽ കൈവരിക്കാവുന്ന ഒന്നാണ്. കൂടുതൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ ഒരു മണിക്കൂറിൽ ഉണ്ടാക്കുന്ന ഉല്പന്നങ്ങളുടെ അളവ് കൂട്ടാം. കൂലി നിശ്ചിത അളവിൽ നിലനിർത്തിക്കൊണ്ട് തൊഴിൽ ദിനത്തിന്റെ അളവ് കൂട്ടിയാലും സാങ്കേതികമായി ഉല്പാദനക്ഷമത കൂടും. ഇവിടെ മൂർത്തി ഉദ്ദേശിക്കുന്നതെന്താണ്? കൂലി കൂടുതൽ തരില്ല, പണി കൂടുതലെടുക്കണം എന്നല്ലേ. കാരണം കൂലി കൂട്ടിയാൽ ഉല്പാദനക്ഷമത കൂടില്ല. ഇനി മറ്റൊരു സാധ്യത, അധ്വാനസമയം കൂട്ടുമ്പോളുണ്ടാകുന്ന അധിക വരുമാനം തൊഴിലാളിയുമായി പങ്കുവയ്ക്കുക എന്നതാണ്. കാശ് കൂടുതൽ കിട്ടാൻ വേണ്ടി കൂടുതൽ സമയം തൊഴിലാളി പണിയെടുക്കുക. കൂടുതൽ ലാഭമുണ്ടാക്കാൻ വേണ്ടി തൊഴിലാളിയെക്കൊണ്ട് കൂടുതൽ സമയം പണിയെടുപ്പിക്കുക. ഇതുമൊരു സാധ്യതയാണ്. പക്ഷെ ഇവിടെ തൊഴിലാളി മറ്റ് പലതും കോംപ്രമൈസ് ചെയ്യുകയാണ്. അയാളുടെ വിശ്രമസമയം, കുടുംബത്തിൽ ചിലവഴിക്കുന്ന സമയം, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുന്ന സമയം എന്നിങ്ങനെ പലതും. ഏറെക്കാലം സമരം ചെയ്തും ഏറെ പീഡനങ്ങളേറ്റു വാങ്ങിയും തൊഴിലാളികൾ നേടിയെടുത്തതാണ് 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന അവകാശങ്ങൾ. അതിന്റെ ചരിത്രപരമായ പരിണാമങ്ങൾ മറ്റൊരു വിഷയമാണ്. അതിലേക്ക് ഇവിടെ കടക്കുന്നില്ല. അതിൽ നിന്ന് തിരിച്ചുപോകണമെന്നാണ് മൂർത്തിയും ജാക്ക്മായും മസ്കുമൊക്കെ പറയുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
അപ്പോൾ മൂർത്തിയുടെ തൊഴിൽ സമയം കൂട്ടുന്ന പരിപാടിയിൽ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും സൈദ്ധാന്തികമായി അടങ്ങിയിട്ടുണ്ട് എന്ന് കാണാം. ഇനി മൂർത്തിയുടെ നിർദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ചുറ്റുപാടുകളുമായി എത്രകണ്ട് ചേർന്നു നിൽക്കുന്നവയാണ് എന്ന് പരിശോധിക്കാം. അതുപോലെ ചൈനയുടെയും ജർമനിയുടേയും കൊറിയയുടേയുമൊക്കെ ഉദാഹരണങ്ങൾ നിരത്തിയതിൽ എത്ര കണ്ട് വസ്തുതകളുണ്ടെന്നും.
അധികാധ്വാനസിദ്ധാന്തത്തിന്റെ പൊള്ളത്തരം
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വലിയ വ്യവസായിക പുരോഗതി നേടിയ രാജ്യങ്ങളായ ജർമനിയുടെയും ജപ്പാന്റെയും ഉദാഹരണങ്ങൾ നിരത്തിയാണ് ഇന്ത്യയിലെ തൊഴിൽ ദിനത്തിന്റെ ദൈർഘ്യം വർധിപ്പിക്കണമെന്ന് നാരായണ മൂർത്തി ആവശ്യപ്പെടുന്നത്. വളരെ ഉദാസീനമായി പുറപ്പെടുവിക്കപ്പെടുന്ന ഇത്തരം പ്രസ്താവനകളിൽ അടങ്ങിയിരിക്കുന്ന അയഥാർത്ഥമായ കാര്യങ്ങൾ നിരവധിയാണ്. ഇവിടെ പല വസ്തുതകളും മൂർത്തിയെപ്പോലുള്ളവർ കാണാതെ പോവുകയോ തമസ്കരിക്കുകയോ ചെയുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജർമനിയും ജപ്പാനും അതിനുശേഷമുള്ള ദശകങ്ങളിൽ വലിയ സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ജർമനിയുടെ കാര്യം ആദ്യം പരിശോധിക്കാം. ഹിറ്റ്ലറുടെ ജർമനി രണ്ടാം ലോകമഹായുദ്ധം(1939 - 1945) അവസാനിക്കുമ്പോഴേക്കും സാമ്പത്തികമായി തകർന്നടിഞ്ഞിരുന്നു. യുദ്ധത്തിലേറ്റ സമ്പൂർണ പരാജയം എല്ലാ രീതിയിലും ജർമനിയെ കുടഞ്ഞെറിഞ്ഞിരുന്നു. ജനങ്ങളുടെ ആവാസകേന്ദ്രങ്ങളിലെ 20 ശതമാനവും യുദ്ധത്തിൽ സമ്പൂർണമായും ഇല്ലാതായി. പ്രതിശീർഷ ഭക്ഷ്യോല്പാദനം 1938ൽ ഉണ്ടായിരുന്നതിന്റെ പകുതിയായി 1947ൽ കുറഞ്ഞിരുന്നു. ഇതേ കാലയളവിൽ വ്യവസായികോല്പാദനം മൂന്നിലൊന്നായി ചുരുങ്ങി. ജർമനിയിൽ ഏതാണ്ട് 80 ലക്ഷം പേരാണ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടത്, ഇതിൽ ഭൂരിപക്ഷവും പണിയെടുക്കുന്ന പ്രായത്തിലുള്ളവരായിരുന്നു .
പക്ഷെ ഇത്ര വലിയ സാമ്പത്തികാഘാതം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടു കഴിയുമ്പോഴേക്കും ജർമനി ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഉയർന്നു. യുദ്ധത്തിന് ശേഷം ഒരു ദശകം കഴിയുമ്പോൾ തന്നെ ജർമനിയിലെ ഇക്കണോമിക് മിറാക്കിളിനെ കുറിച്ച് ലോകം ചർച്ച ചെയ്യാൻ തുടങ്ങി. ഇത് എങ്ങിനെ സാധ്യമായി? ഇതിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ മനസിലാക്കിയാൽ മാത്രമേ നാരായണ മൂർത്തിയുടെ അധികാധ്വാന സിദ്ധാന്തത്തിന്റെ അർത്ഥശൂന്യത മനസിലാവുകയുള്ളൂ.
REPRESENTATIVE IMAGE | WIKI COMMONS
സഖ്യശക്തികളുടെ നിയന്ത്രണത്തിലായിരുന്ന പശ്ചിമ ജർമനി വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കാണ് യുദ്ധാന്തര കാലയളവിൽ സാക്ഷ്യം വഹിച്ചത്. അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന സഖ്യകക്ഷികൾ ‘മാർഷൽ പ്ലാൻ’ എന്നറിയപ്പെടുന്ന സാമ്പത്തിക സഹായ പാക്കേജ്, യുദ്ധത്തിൽ തകർന്ന യൂറോപ്പിനെ പുനരുദ്ധരിക്കാനായും സോവിയറ്റ് യൂണിയന്റെ സ്വാധീനം യൂറോപ്പിൽ വ്യാപിക്കുന്നത് തടയാനുമായി നടപ്പിലാക്കിയിരുന്നു. 13 ബില്യൺ ഡോളറിന്റെ സഹായമാണ് അമേരിക്ക ഇതുവഴി യൂറോപ്യൻ രാജ്യങ്ങൾക്ക് നൽകിയത്. ഇതിൽ 2 ബില്യനാണ് ജർമനിക്ക് നൽകിയത്. പക്ഷെ ഇത് ജർമനിയുടെ ദേശീയ വരുമാനത്തിന്റെ 2 ശതമാനം മാത്രം വരുന്ന തുകയായിരുന്നു. ജർമനിയുടെ പുനരുദ്ധാരണത്തിൽ മാർഷൽ പ്ലാൻ അത്ര നിർണായക പങ്കുവഹിച്ചിട്ടില്ല. യുദ്ധാനന്തര കാലത്ത് ആഭ്യന്തര സാമ്പത്തിക രംഗത്ത് നിലനിന്നിരുന്ന ചില സവിശേഷ ഘടകങ്ങളാണ് ജർമനിയിലെ സാമ്പത്തിക കുതിപ്പിന് കാരണമായത്.
യുദ്ധാനന്തര കാലഘട്ടത്തിൽ അവശ്യവസ്തുക്കളുടെ ക്ഷാമം അതിരൂക്ഷമായിരുന്നു. പക്ഷെ,നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടന്നതുകൊണ്ട് തൊഴിലിന് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. ജനങ്ങളുടെ കൈവശം ധാരാളമായി കാശുണ്ടായിരുന്നു, വാങ്ങാൻ ഭക്ഷ്യ വസ്തുക്കളില്ല എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം.
അമേരിക്കൻ സാമ്പത്തിക വിദഗ്ദരായിരുന്നു ജർമനിയിൽ അക്കാലത്തെ സാമ്പത്തിക നയങ്ങൾ തീരുമാനിച്ചിരുന്നത്. എല്ലാ വില നിയന്ത്രണങ്ങളും അവർ എടുത്തു കളഞ്ഞു. തൊഴിലിന് ഒരു കുറവുമില്ല എന്നതും ജനങ്ങളുടെ കൈവശം ആവശ്യത്തിന് പണമുണ്ടായിരുന്നതും സ്വന്തന്ത്ര കമ്പോള വ്യവസ്ഥയ്ക്ക് കുതിക്കാൻ വേണ്ടത്ര ഇന്ധനം പകർന്നു. ഒരർത്ഥത്തിൽ പാശ്ചാത്യ മുതലാളിത്തത്തിന്റെ വളർച്ചയ്ക്ക് കളമൊരുക്കിയത് യുദ്ധാനന്തര യൂറോപ്പിലെ പുനർനിർമാണ പ്രവർത്തനങ്ങളാണ് എന്ന് വേണമെങ്കിൽ പറയാം. ഇത് ജോലിയിലേർപ്പെടുന്ന തൊഴിലാളികളുടെ മനോഭാവത്തെയും വലിയ രീതിയിൽ സ്വാധീനിച്ചു. തൊഴിലിടങ്ങളിൽ നിന്ന് വെറുതെ വിട്ടുനിൽക്കുന്ന അവസ്ഥ - ഇംഗ്ലീഷിൽ ‘absenteeism’ എന്ന് പറയുന്ന പ്രതിഭാസം - ഗണ്യമായി കുറഞ്ഞു. മെയ് 1948ൽ 9.5 മണിക്കൂറായിരുന്ന ഈ പ്രതിഭാസം ഒക്ടോബറിൽ 4.2 മണിക്കൂറായി കുറഞ്ഞു. വ്യവസായികോല്പാദനം കുതിച്ചുയർന്നു. 1948നെ അപേക്ഷിച്ച് ഇത് 6 മടങ്ങായി വർദ്ധിച്ചു. പ്രതിശീർഷ ഉത്പാദനം 3 മടങ്ങായി.
REPRESENTATIVE IMAGE | WIKI COMMONS
ഉല്പാദനം ഇത്തരത്തിൽ വർധിക്കുന്നതിന് ആവശ്യം വേണ്ടതെന്താണ്? ഒറ്റ വാക്കിൽ ഇതിനുള്ള ഉത്തരം ഡിമാൻഡ് ആവശ്യത്തിന് ഉണ്ടായിരിക്കണം എന്നതാണ്. ഡിമാന്റില്ലെകിൽ ഉല്പാദനം വർധിക്കില്ല എന്നത് ഏറ്റവും ലളിതമായ സാമ്പത്തിക ശാസ്ത്ര പാഠമാണ്. ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിൽ , ഒരു സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളുടെ ആവശ്യകതയും ഇതുമായി ബന്ധപ്പെട്ടിയിരിക്കുന്നു. ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകൾ വാങ്ങാൻ ആവശ്യക്കാരില്ലെങ്കിൽ ഉല്പാദനപ്രവർത്തനങ്ങൾ താനെ താഴേക്ക് പോരും. ആവശ്യക്കാർ കൂടുകയാണെങ്കിൽ ഉത്പാദനം കൂടും. അതിനനുസരിച്ച് തൊഴിലാളികളുടെ, തൊഴിൽ സമയത്തിന്റെ ആവശ്യകതയും കൂടും. യുദ്ധാനന്തര ജർമനിയിലെ സാഹചര്യം കടുത്ത ഡിമാന്റിന്റേതായിരുന്നു. യുദ്ധം ഇല്ലാതാക്കിയ അധ്വാന ശേഷിയുള്ള മനുഷ്യർക്ക് പകരം തൊഴിൽ ശക്തി എങ്ങിനെയും കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഇതാണ് തൊഴിൽ മേഖലയിലുള്ളവർക്ക് കൂടുതൽ സമയം പണിയെടുക്കാൻ അവസരമുണ്ടാക്കിയത്. അതല്ലാതെ തൊഴിലാളികൾ അധികസമയം പണിയെടുത്തത് കൊണ്ട് ജർമനി കുതിച്ചുയർന്നതല്ല.
നാരായണ മൂർത്തിയുടെ കണ്ണിൽ പെടാതെ പോകുന്നത് ഡിമാൻഡ് എന്ന ഈ അടിസ്ഥാന വസ്തുതയാണ് . ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് നമ്മുടെ വലതുപക്ഷ ചിന്തകർക്കും കോർപ്പറേറ്റ് പ്രമുഖർക്കും ഇല്ലാത്തത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ തൊഴിൽ ശക്തിയുടെ ദൗർലഭ്യമല്ല, ആധിക്യമാണ് നിലനിൽക്കുന്നത്. പ്രത്യക്ഷത്തിലുള്ള തൊഴിലില്ലായ്‌മ നിരക്കുകൾ വളരെ ഉയർന്നു നിൽക്കുകയാണ്, വർധിച്ചു കൊണ്ടിരിക്കുകയാണ്. അദൃശ്യമായ തൊഴിലില്ലായ്മ അതിനേക്കാൾ രൂക്ഷമാണ്. തൊഴിലാളികൾ അധ്വാനിക്കാൻ തയ്യാറാണെങ്കിൽ പോലും തൊഴിൽ ശക്തി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകണം. ആഴ്ചയിൽ 70 മണിക്കൂർ തൊഴിലാളികൾ പണിയെടുക്കണം(ആഴ്ചയിലെ ശരാശരി തൊഴിൽ സമയം ഐടി മേഖലയിൽ 40 മണിക്കൂറാണ്. ഒരു ദിവസം 8 മണിക്കൂർ വച്ച് ആഴ്ചയിൽ 5 മണിക്കൂർ) എന്ന് പറയുന്ന മൂർത്തി തന്റെ കണ്മുൻപിൽ അടുത്ത നാളിൽ നടന്ന മറ്റു ചില സംഭവങ്ങളും കാണാതെ പോകുന്നുണ്ട്. അല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കുന്നുണ്ട് .
കോവിഡാനന്തര കാലത്തുണ്ടായ മാന്ദ്യത്തെ തുടർന്ന് സമ്പദ് വുവസ്ഥകളിലുണ്ടായ ഇടിവ് പല മേഖലകളെയും ബാധിച്ചു. വലിയ കമ്പനികൾ കൂട്ട പിരിച്ചുവിടൽ ആരംഭിച്ചു. ഗൂഗിളും ആമസോണും പോലുള്ള ഭീമൻ ബഹുരാഷ്ട്ര കമ്പനികൾ പതിനായിരക്കണക്കിന് ആൾകാരെയാണ് നിന്ന നില്പിൽ പറഞ്ഞുവിട്ടത്. ലോകമെമ്പാടും ഇത് സംഭവിച്ചു. ഐടി കമ്പനികളിലെ ബെഞ്ചിന്റെ നീളം ദിനം പ്രതി കൂടി(ബെഞ്ച് എന്ന് പറയുന്നത്, ഐടി സെക്ടറിൽ താത്കാലികമായി പണിയില്ലാതെയിരിക്കുന്ന തൊഴിലാളികളെ സൂചിപ്പിക്കാനാണ്. പുതിയ പ്രൊജക്ടുകൾ ഒന്നുമില്ലെങ്കിൽ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ ആദ്യം ബെഞ്ചിലാകും. ഏതാനും മാസങ്ങൾക്കകം പ്രൊജക്റ്റ് വന്നില്ലെങ്കിൽ നേരെ പണിയിൽ നിന്നും പറഞ്ഞു വിടും). ഇത്തരമൊരു സാഹചര്യം ഇപ്പോഴും തുടരുകയാണ്. താരതമ്യേന പരിക്കേൽക്കാത്ത ഐടി കമ്പനികൾ പോലും പുതിയ റിക്രൂട്മെന്റുകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്. എപ്പോഴാണ് തൊഴിൽ നഷ്ടമാകുന്നതെന്ന ഭീതിയിലാണ് ഐടി സെക്ടറിലെ തൊഴിലാളികൾ.
REPRESENTATIVE IMAGE | WIKI COMMONS
അതിനാൽ യുദ്ധാനന്തര ജർമനിയിലെ സ്ഥിതി വിശേഷം ഏതു സാഹചര്യത്തിലും എടുത്തു പയറ്റാൻ പറ്റുന്ന ഒരുദാഹരണമല്ല. ‘Truth is contextual’ എന്ന് കാര്യം മൂർത്തിമാർ ഇവിടെ സൗകര്യപൂർവം മറച്ചുവയ്ക്കുകയാണ്. ജർമനിയിലെ അന്നത്തെ സാഹചര്യത്തെ ഇന്നത്തെ ഇന്ത്യൻ അവസ്ഥയുമായി ഒന്ന് തട്ടിച്ചു നോക്കൂ. 2000ത്തിന് ശേഷമുണ്ടായ സാമ്പത്തിക വളർച്ചയുടെ ഏറ്റവും പ്രധാന സവിശേഷത അത് ‘jobless growth’ ആയിരുന്നു എന്നതാണ്. സാമ്പത്തിക വളർച്ച ഉണ്ടാകുന്നുണ്ട്, പക്ഷെ തൊഴിലുകൾ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല. തൊഴിലില്ലാത്തവരുടെ എണ്ണം റെക്കോർഡ് തകർത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ജോലിയുള്ളവർ 40 മണിക്കൂർ ആഴ്ചയിൽ പണിയെടുക്കേണ്ട സ്ഥാനത്ത് 70 മണിക്കൂർ പണിയെടുക്കണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. മൂർത്തിക്ക് നേരിട്ട് പരിചയമുള്ള ഐടി മേഖലയുടെ മാത്രം കാര്യമാണിത് എന്ന് വേണമെങ്കിൽ വാദിക്കാം. കാരണം വൈദഗ്ദ്യമുള്ളവർക്ക് ഇന്ത്യൻ ഐടി മേഖലയിൽ തൊഴിലിന് ഇപ്പോഴും പഞ്ഞമില്ല. എന്ന് മാത്രമല്ല കോവിഡ് കാലത്ത് മറ്റ് മേഖലകൾ പലതും തകർന്നടിഞ്ഞപ്പോഴും ഐടി മേഖല വലിയ വളർച്ച നേടി. ഇതിന്റെ ഏറ്റവും പ്രധാന കാരണം ലോക്ക്ഡൗണുകൾ വലിയ തോതിൽ പരമ്പരാഗതമായി നടന്നു വന്നിരുന്ന പല പ്രവൃത്തികളെയും ഡിജിറ്റൈസ് ചെയ്തു എന്നതാണ്. ഓൺലൈൻ ലേർണിംഗ്, ഇ-കോമേഴ്‌സ് മേഖലകൾ തഴച്ചുവളർന്നു. ഇത് ഐടി പ്രൊഫഷനലുകളുടെ ഡിമാൻഡ് ഉയർത്തി. വീട്ടിലിരുന്ന് പണിയെടുക്കാവുന്ന സ്ഥിതി നോർമലൈസ് ചെയ്യപ്പെട്ടതോടെ തൊഴിൽ ശക്തിയുടെ ചലനാത്മകത വർദ്ധിച്ചു. ഒരു പക്ഷെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാൻ ഐടി മേഖല ബുദ്ധിമുട്ടിയ സാഹചര്യമായിരിക്കണം ഉള്ളവരെ കൊണ്ട് കൂടുതൽ പണിയെടുപ്പിക്കണം എന്ന ചിന്ത മൂർത്തിയിൽ സൃഷ്ടിച്ചത്.
പക്ഷെ ഐടി മേഖലയുടെ അടിസ്ഥാന സ്വഭാവം തന്നെ അതൊരു ആശ്രിത മേഖലയാണ് എന്നതാണ്. നമ്മുടെ നാട്ടിലേക്ക് ഔട്സോഴ്സ് ചെയ്യപ്പെടുന്ന മഹാഭൂരിപക്ഷം ഐടി തൊഴിലുകളും ആഗോളതലത്തിൽ നടക്കുന്ന ബിസിനസ്സ് പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമാക്കാനുള്ളതാണ്. ആ പ്രൈമറി മേഖലകൾ തകർന്നാൽ ഐടി മേഖലകളിലെ തൊഴിൽ ശേഷിയുടെ ഡിമാൻഡും കുറയും. ദീർഘകാലയളവിലായിരിക്കും ഇത് സംഭവിക്കുക എന്ന് മാത്രം. നിലവിൽ അത്തരമൊരു അവസ്ഥയിലേക്ക് ഇന്ത്യൻ ഐടി മേഖല നീങ്ങുകയുമാണ്. എന്നുമാത്രമല്ല നിർമിതബുദ്ധിയുടെ കടന്നുവരവോടു കൂടി ഐടി മേഖല വലിയ തോതിലുള്ള ഒരു പുനഃസംഘടനത്തിന് വിധേയമാവുകയാണ്. നാളിതുവരെ പ്രോഗ്രാമേഴ്സും മറ്റും ചെയ്‌തുപോന്നിരുന്ന പല ഡെവലപ്മെന്റ് ആക്ടിവിറ്റീസും ചെയ്യാൻ പറ്റുന്ന ശേഷിയിലേക്ക് എഐ സാങ്കേതികവിദ്യകൾ വികസിച്ചിട്ടുണ്ട് . ജൂനിയർ തലത്തിലുള്ള പ്രോഗ്രാമേഴ്സിനെ ഹയർ ചെയ്യുന്നത് മിക്ക ഐടി കമ്പനികളും നിർത്തി വച്ചിരിക്കുകയാണ് അല്ലെങ്കിൽ മരവിപ്പിച്ചിരിക്കുകയാണ്. 10 പേർ മുൻപ് പണിയെടുത്തിരുന്ന സ്ഥാനത്ത് 2 പേർ മതിയാകും എന്നതായിരുന്നു സ്ഥിതി. യന്ത്രങ്ങളെക്കൊണ്ട് കോഡെഴുതിക്കുന്ന കാലഘട്ടം ഒരു യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു. ഇതുണ്ടാക്കാനിടയുള്ള സാമൂഹിക പ്രത്യഘാതങ്ങൾ വിശദമായി വിലയിരുത്തേണ്ടതായുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മൂർത്തിയുടെയും കൂട്ടരുടെയും അധികാധ്വാന സിദ്ധാന്തം ചരിത്രത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ പിൻബലമില്ലാത്തതാണ് എന്ന് മനസിലാക്കാൻ സാമാന്യ യുക്തിയും പരിമിതമായ ചരിത്രബോധവും മാത്രം മതി.


