കമ്മ്യൂണിസ്റ്റ് ഇടത് പഠിക്കേണ്ട പാഠം ചെലവൂര്‍ വേണു
സിനിമകളോടായിരുന്നു വേണുവേട്ടന്റെ പ്രണയം. സിനിമ രാഷ്ട്രീയപ്രവര്‍ത്തനം തന്നെയായ കാലമായിരുന്നു അത്. രാഷ്ട്രീയമെന്നാല്‍ ഇടതുപക്ഷവും. ഇടതും വലതും പകല്‍വെളിച്ചത്തിലും ഇണചേരുന്ന ഇക്കാലത്തില്‍ നിന്ന് അത്രയും വിദൂരമായൊരു ടൈം ഫ്രെയിം. പൊതുവേദികളിലെ അലങ്കാരമായിരുന്നില്ല വേണുവേട്ടന് രാഷ്ട്രീയം. അതൊരു ബോധ്യമായിരുന്നു, ജീവിതരീതിയുമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ സംസ്ഥാനം മുഴുവന്‍ അലഞ്ഞകാലം. പിന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാ ചട്ടക്കൂടില്‍ നിന്ന് താരതമ്യേന സരളമായ സര്‍ഗാത്മക ഇടതുപക്ഷത്തേക്ക് വേണുവേട്ടന്‍ കൂടുമാറുന്നത്. സര്‍ഗാത്മകമായ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് സംഘടനാ ചട്ടക്കൂട് ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് വേണുവേട്ടന്‍ വഴിമാറിയത്.
ചെലവൂര്‍ വേണു | PHOTO: FACEBOOK
ഉത്തമമായൊരു രാഷ്ട്രീയബദലിന്റെ ഈ അനുഭവപാഠം നമ്മള്‍ ഇനിയും പഠിക്കേണ്ടതുണ്ട്. അറുപതുകളിലെ ആഗോളമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ മുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ചലച്ചിത്രകലയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ വേണവേട്ടന്റെ കലാപ്രവര്‍ത്തനം തുടങ്ങുന്നത് അങ്ങനെയാണ്. സിനിമ കാണിക്കുകയെന്ന അശ്രാന്തമായ പരിശ്രമം. ഫിലിം സൊസൈറ്റികള്‍ മലയാളത്തിന്റെ സിനിമാ ഭാവുകത്വത്തിന്റെ വ്യാകരണം എഴുതിത്തുടങ്ങി. ചെലവൂര്‍ വേണുവും അശ്വിനി ഫിലിം സൊസൈറ്റിയും സൊസൈറ്റികളുടെ കൂട്ടായ്മയും മലയാളി സിനിമാ ഭാവുകത്വത്തിന്റെ മറ്റൊരു പേരായി. നിയതമായ അര്‍ത്ഥത്തില്‍ സിനിമാക്കാരനായിരുന്നില്ല വേണുവേട്ടന്‍. സിനിമാ ആക്ടിവിസ്റ്റായിരുന്നു.
ആക്ടിവിസത്തിന്റെ മൗലികപ്രതിഭയ്ക്ക് സിനിമയില്‍ മാത്രമായി ഒതുങ്ങാനാവുമായിരുന്നില്ല. അങ്ങനെയാണ് വേണുവേട്ടന്‍ മലയാള പത്രപ്രവര്‍ത്തനത്തില്‍ അസാമാന്യമായ കൈയ്യടക്കത്തോടെ ഇടപെട്ടത്. ലക്ഷങ്ങളായി അടിച്ചിറങ്ങിയ സൈക്കോ, രൂപകല, സ്റ്റേഡിയം മാസികകള്‍, സായാഹ്ന പത്രങ്ങള്‍, പുസ്തക പ്രസാധനം. എന്തായിരുന്നില്ല വേണുവേട്ടനെന്ന ചോദ്യം അങ്ങനെയാണ് ഇപ്പോഴും ബാക്കിയാവുന്നത്. പക്ഷേ, ഇതൊന്നുമായിരുന്നില്ല ചെലവൂര്‍ വേണു. ഇടതുപക്ഷ നന്മകളുടെ പാഠശാലയില്‍ പഠിച്ചിറങ്ങിയ വിശിഷ്ടനായ ഒരു വ്യക്തിയായിരുന്നു. ആ വ്യക്തിത്വത്തില്‍ സഹജീവിസ്‌നേഹവും കരുതലും തണലും സമ്മേളിച്ചു. അതിപ്രശസ്തര്‍ മുതല്‍ വഴിപോക്കന്‍ വരെ ആ തണലില്‍ കയറിനിന്നു.
വേണുവേട്ടന്‍ കാഴ്ചയില്‍ കുറുകിയതായിരുന്നു. വലുതെന്ന് വലുപ്പംകൊണ്ട കുഞ്ഞന്മാരാരും പക്ഷേ വേണവേട്ടന്റെ പൊക്കക്കുറവിനൊപ്പം എത്താതെ പോകുന്നത് പലപ്പോഴും കൗതുകത്തോടെ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. ഇതെല്ലാമായാലും ഒരാള്‍ പരാജയപ്പെടുമോ? സാങ്കേതികാര്‍ത്ഥത്തില്‍ വേണുവേട്ടന്‍ പരാജയമായിരുന്നു. നീക്കിയിരിപ്പുകളില്ലാത്ത ജീവിതം. ഓട്ടപ്പാത്രത്തിന്റെ ആക്ഷേപം. അവസാനമായപ്പോഴേക്കും കാലത്തിന്റെ ഫ്രെയിമില്‍ നിന്നും ഏറെക്കുറെ പുറത്തായി പോയിരുന്നു.
അതിസമ്പന്നമായൊരു ജീവിതപരിസരത്ത് നിന്ന് ചെലവൂര്‍ വേണു പുറപ്പെട്ട് പോകുകയാണ്. ഉത്തമ ജീവിതത്തിന്റെ എണ്‍പത് വര്‍ഷങ്ങള്‍ അപ്പോഴും ബാക്കിയാവുന്നു. മലയാളിയുടെ ഉത്കൃഷ്ടമായ കലാ, രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ഒരാള്‍ നടന്നുതീര്‍ത്ത എണ്‍പത് വര്‍ഷങ്ങള്‍. ദേശാന്തര യാത്രകള്‍ നടത്തി എസ് കെ പൊറ്റക്കാട് മടങ്ങിയെത്തുക അതിരാണിപ്പാടത്തേക്കായിരുന്നു. അതിരാണിപ്പാടം ചെലവൂരായിരുന്നു. വേണു ഇറങ്ങിപ്പോയ ചെലവൂര്‍ ദേശീയപാതയിലെ ഒരു ബസ് സ്റ്റോപ്പ് മാത്രമാവുന്നു.