ഡോളറിന്റെ തമ്പുരാന്‍ പദവിയും പെട്രോഡോളര്‍ കരാറിന്റെ അവസാനവും
ലോകത്തിലെ സാമ്പത്തിക വിപണികളെയാകെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള ഒരു വാര്‍ത്ത വെള്ളിയാഴ്ച്ച പുറത്തുവന്നു. പെട്രോഡോളര്‍ കരാര്‍ സൗദി അറേബ്യ ഇനി പുതുക്കില്ല എന്നതായിരുന്നു ആ വാര്‍ത്ത. കച്ചവടം അവസാനിച്ചതിന് ശേഷമാണ് ഈ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചത് കൊണ്ടാവണം ഇന്ത്യന്‍ ധനകാര്യ വിപണികളില്‍ അതിന്റെ പ്രതിഫലനമൊന്നും ഉണ്ടായില്ല. 50-വര്‍ഷത്തെ ചരിത്രമാണ് സൗദിയുടെ തീരുമാനത്തോടെ അവസാനിക്കുന്നത്. 1974 ജൂണ്‍ 8-നാണ് അമേരിക്കയും സൗദി അറേബ്യയും കരാറിലെത്തുന്നത്. കരാര്‍ പ്രകാരം സൗദി അറേബ്യ പെട്രോളിയം വില്‍ക്കുന്നത് അമേരിക്കന്‍ ഡോളറിലായിരിക്കും. പകരം സൗദിയുടെ സുരക്ഷ അമേരിക്ക ഉറപ്പാക്കും. പെട്രോഡോളര്‍ എന്നറിയപ്പെടുന്ന ഈ കരാര്‍ നിലവില്‍ വന്നതോടെ ലോകത്തിന്റെ റിസര്‍വ് കറന്‍സിയെന്ന സ്ഥാനം ഡോളറിന്റെ പദവി പൂര്‍വ്വാധികം ശക്തി കൈവരിച്ചു. കരാര്‍ നിലവില്‍ വന്ന് 50 വര്‍ഷം കഴിയുമ്പോള്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന സൗദിയുടെ തീരുമാനം ഡോളറിന്റെ പദവിയെ മാത്രമല്ല ലോകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജിയോപൊളിറ്റിക്സിലും കാതലായ മാറ്റങ്ങള്‍ക്ക് ഇടവരുത്തുമെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
പെട്രോഡോളര്‍ കരാറിന്റെ അവസാനം അമേരിക്കന്‍ ഡോളറിന്റെ അന്ത്യം കുറിക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. ലോകത്തിന്റെ റിസര്‍വ് കറന്‍സിയെന്ന പദവി ഡോളറിന് നഷ്ടമാവുമോ? ഡോളറിന്റെ അന്ത്യമെന്ന് പറഞ്ഞാല്‍ അമേരിക്കന്‍ അധീശത്വത്തിന്റെ അവസാനമെന്ന് പറയാം. മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുമ്പ് സൗദി തീരുമാനത്തിന്റെ സ്വാഭാവികമായ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന് പരിശോധിക്കാം. ലോകമാകെയുള്ള സാമ്പത്തിക വിദഗ്ധരുടെയും നയകര്‍ത്താക്കളുടെയും ഇക്കാലത്തെ സുപ്രധാന വാക്കുകളിലൊന്നായി ഡീഡോളറൈസേഷന്‍ മാറിയതിന്റെ മൂര്‍ദ്ധന്യത്തിലാണ് സൗദിയുടെ തീരുമാനമെന്നതാണ് ഏറെ ശ്രദ്ധേയം. ലോകത്തിലെ റിസര്‍വ് കറന്‍സിയെന്ന പദവിയില്‍ നിന്നും ഡോളറിനെ ഒഴിവാക്കുകയെന്ന പ്രക്രിയയാണ് ഡീഡോളറൈസേഷന്‍. ചൈനയും, ഇന്ത്യയുമടക്കമുള്ള പ്രമുഖ രാജ്യങ്ങള്‍ അവരുടെ വിദേശനാണയ കരുതല്‍ ശേഖരത്തിലെ ഡോളറിന്റെ പങ്ക് ക്രമേണ കുറച്ച് കൊണ്ടുവരുന്നതിനെ തുടര്‍ന്നാണ് ഡീഡോളറൈസേഷന്‍ എന്ന പ്രയോഗം വ്യാപകമാവുന്നത്. ലോകത്തിലെ സെന്‍ട്രല്‍ ബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ ഡോളറിന്റെ പങ്ക് 2020-ല്‍ തന്നെ നേരത്തെയുള്ള 71 ശതമാനത്തില്‍ നിന്നും 59 ശതമാനമായി കുറഞ്ഞത് 2023-ലെത്തുമ്പോള്‍ 58.41 ശതമാനമായതായി ഐഎംഎഫി-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യയുടെ 2022-ലെ കയറ്റുമതി വരുമാനം 236 ബില്യണ്‍ ഡോളറായിരുന്നു. 5-രാജ്യങ്ങളാണ് കയറ്റുമതി വരുമാനത്തിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നത്. 2022-ല്‍ 56.1 ബില്യണ്‍ ഡോളറുമായി ഒന്നാം സ്ഥാനത്ത് ചൈനയും 34.3 ബില്യണ്‍ ഡോളറുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തുമായിരുന്നു. 32.7 ബില്യണ്‍ ഡോളറുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും, 32.5 ബില്യണ്‍ ഡോളറുമായി ദക്ഷിണ കൊറിയ നാലാം സ്ഥാനത്തും. 16.6 ബില്യണ്‍ ഡോളറുമായി അമേരിക്ക അഞ്ചാം സ്ഥാനത്തും. അതായത് എണ്ണയില്‍ നിന്നുള്ള കയറ്റുമതി വരുമാനമായ 236 ബില്യണ്‍ ഡോളറില്‍ 155.6 ബില്യണും മേല്‍പ്പറഞ്ഞ നാല് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു. ഡോളര്‍ നല്‍കിയാണ് ഇപ്പോള്‍ ഈ രാജ്യങ്ങള്‍ സൗദിയില്‍ നിന്നും എണ്ണ വാങ്ങൂന്നത്. കാരണം പെട്രോഡോളര്‍ കരാര്‍ പ്രകാരം സൗദിക്ക് ഡോളറില്‍ മാത്രമാണ് എണ്ണ വില്‍ക്കാനാവുക. പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിച്ചതോടെ സൗദിക്ക് അങ്ങനെയൊരു നിബന്ധന ഇല്ലാതായി. അതായത് ഇനിമുതല്‍ ഡോളറിന് പകരം ഇന്ത്യന്‍ രൂപ വാങ്ങി എണ്ണ വില്‍ക്കുന്നതിന് സൗദിക്ക് കഴിയും. അങ്ങനെയാണെങ്കില്‍ എണ്ണ വാങ്ങുന്നതിനുള്ള വിദേശ നാണയ കരുതല്‍ ശേഖരമായി ഇന്ത്യയ്ക്ക് ഡോളര്‍ സൂക്ഷിക്കേണ്ടി വരില്ല. ചൈനയും, ജപ്പാനും, ദക്ഷിണകൊറിയയും അവരവരുടെ കറന്‍സിയില്‍ എണ്ണ വാങ്ങുകയാണെങ്കില്‍ അവര്‍ക്കും ഡോളര്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ടി വരില്ല. ഡോളറിന്റെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുന്ന ഒന്നാണ് സൗദിയുടെ ഇപ്പോഴത്തെ തീരുമാനമെന്ന് ഇതില്‍ നിന്നും വ്യക്തമാവും. പെട്രോഡോളര്‍ കരാര്‍ പുതുക്കുന്നില്ല എന്നതിന്റെയര്‍ത്ഥം ഡോളറിലുള്ള സൗദി അറേബ്യയുടെ എണ്ണ വ്യാപാരം അവസാനിച്ചുവെന്നല്ല. അങ്ങനെയൊരു തീരുമാനം അവര്‍ പ്രഖ്യാപിച്ചിട്ടുമില്ല. അതിനുള്ള സാധ്യതകള്‍ തുറക്കുന്നുവെന്നു മാത്രം.
REPRESENTATIVE IMAGE | WIKI COMMONS
സൗദിയുടെ തീരുമാനം അമേരിക്കന്‍ ഡോളറിന്റെ അന്ത്യം കുറിക്കുമോയെന്ന ചോദ്യം പ്രസക്തമാകുന്നതിന്റെ പശ്ചാത്തലമിതാണ്. ഒരു രാജ്യത്തിന്റെ കറന്‍സി മറ്റുള്ള രാജ്യങ്ങളുടെ കറന്‍സികളുടെ മേല്‍ അധിനായകത്വം നേടുന്നത് ധനവിപണികളിലെ ഇടപാടുകളുടെ ബലത്തില്‍ മാത്രമല്ല. കറന്‍സിയുടെ അധീശത്വത്തിനുള്ള പിന്‍ബലമായി രാഷ്ട്രീയവും, സൈനികവുമായ ആധിപത്യവും സുപ്രധാന പങ്കു വഹിക്കുന്നു. വിഖ്യാത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ തോമസ് ഫ്രൈഡ്മാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറഞ്ഞ കാര്യം കറന്‍സിയുടെ കാര്യത്തിലും ബാധകമാണെന്ന് നമുക്ക് പറയാനാവും. F-15 പോര്‍വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന മക്ഡൊണല്‍ ഡഗ്ലസ്സിന്റെ സഹായമില്ലാതെ ബര്‍ഗറുകള്‍ വില്‍ക്കുന്ന മക്ഡൊണാള്‍ഡിന്റെ കടകള്‍ ലോകമാകെ പച്ച പിടിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ മക്ഡൊണാള്‍ഡ്സും, കെഎഫ്സി-യുമെല്ലാം വ്യാപകമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫ്രൈഡ്മാന്റെ നിരീക്ഷണം.
കറന്‍സികളുടെ തമ്പുരാന്‍
കറന്‍സികളുടെ തമ്പുരാനായി ഡോളര്‍ വാഴുന്നതിന്റെ സാഹചര്യമെന്താണ്. അതിന് കുറച്ച് ചരിത്രം പറയേണ്ടതുണ്ട്. ഏതൊരു മഹാസംഭവവും 100 വാക്കിലൊതുങ്ങുന്ന ഇന്‍ഫര്‍മേഷന്‍ ക്യാപ്സൂളുകള്‍ മാത്രമായി മാറുന്ന ഇക്കാലത്ത് ചരിത്രം പറയുക എളുപ്പമല്ല. പക്ഷേ, വേറെ നിവര്‍ത്തിയില്ല. രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപപ്പെട്ട ആഗോള സമ്പദ്ഘടനയുടെ ആണിക്കല്ലായിരുന്നു സ്വര്‍ണ്ണത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര കറന്‍സി വിനിമയ സംവിധാനം. സാമ്പത്തിക ശാസ്ത്ര പാഠപുസ്തകങ്ങളില്‍ ബ്രട്ടണ്‍ വുഡ്സ് സംവിധാനമെന്ന് അറിയപ്പെടുന്ന ആഗോള സാമ്പത്തിക ക്രമത്തിന്റെ ഒരു പ്രധാന ഈടുവയ്പായിരുന്നു ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്. യുദ്ധാനന്തരം രൂപപ്പെട്ട ഈ സംവിധാനവും കറന്‍സികളുമായുള്ള ബന്ധവും മാത്രമാണ് ഇപ്പോഴത്തെ നമ്മുടെ വിഷയം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഓരോ രാജ്യത്തിന്റെയും കറന്‍സിയുടെ മൂല്യത്തെ സ്വര്‍ണ്ണവുമായി പെഗ് ചെയ്തിരുന്ന വിനിമയ സംവിധാനമായിരുന്നു അതിന്റെ അടിത്തറ. വിനിമയ നിരക്ക് ഏതാണ്ട് സ്ഥിരമായി നിശ്ചയിക്കപ്പെട്ട അവസ്ഥ ഉറപ്പാക്കുവാന്‍ അത് സഹായിച്ചു. സ്വര്‍ണ്ണവുമായി പെഗ് ചെയ്തിരുന്നുവെങ്കിലും ഡോളറിന്റെ അപ്രമാദിത്തം അപ്പോഴും പ്രകടമായിരുന്നു. സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ ഡോളര്‍ വേണമായിരുന്നു എന്നതായിരുന്നു അന്നത്തെ സ്ഥിതി. 1948 മുതല്‍ 1971 വരെ ഈ സംവിധാനം തുടര്‍ന്നു. എന്നാല്‍ 71-ല്‍ കളി മാറി. എന്നാല്‍ തങ്ങളുടെ വാണിജ്യ കമ്മി ഗണ്യമായി ഉയര്‍ന്നതോടെ അമേരിക്ക ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഉപേക്ഷിച്ചു. 1971 ആഗസ്റ്റിലാണ് പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സണിന്റെ ചരിത്രപ്രസിദ്ധമായ തീരുമാനം. അതോടെ രണ്ടാം ലോകയുദ്ധത്തിന് ശേഷം രൂപപ്പെട്ട ബ്രട്ടന്‍വുഡ്സ് സിസ്റ്റത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. ഡോളര്‍ അതിന്റെ സ്വന്തം നിലയില്‍ നില്‍ക്കുന്ന ഒരു കറന്‍സിയായി മാറി. വിപണിയുടെ ഭാഷയില്‍ ഫ്രീ ഫോള്‍ട്ടിംഗ് കറന്‍സി.
REPRESENTATIVE IMAGE | WIKI COMMONS
ലോകസാമ്പത്തിക വിപണികളെ മാത്രമല്ല ലോക രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യത്തെയും ബന്ധങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച ഈ തീരുമാനത്തിന്റെ മറ്റൊരു വികാസമായിരുന്നു പെട്രോഡോളര്‍ കരാര്‍. 1970-കളോടെ സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ അഥവാ ജിസിസി രാജ്യങ്ങള്‍ പെട്രോളിയം ഉല്‍പ്പാദനത്തിന്റെ പ്രധാന സ്രോതസ്സുകളായി മാറിയിരുന്നു. സൗദിയായിരുന്നു അതിന്റെ മുമ്പന്തിയില്‍. 1973-ലെ അറബി-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് പെട്രോളിയം വില ഗണ്യമായി ഉയര്‍ന്നു. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് പെട്രോളിയം നല്‍കില്ലെന്ന ജിസിസി രാജ്യങ്ങളുടെ തീരുമാനമാണ് വില കുതിച്ചുയരാനുള്ള കാരണം. പെട്രോളിയത്തെ ഒരായുധമാക്കി ഉപയോഗപ്പെടുത്താനാവുമെന്ന രഹസ്യം എണ്ണ പ്രതിസന്ധിയെന്നു വിളിക്കപ്പെടുന്ന ഈ സംഭവത്തോടെ വെളിപ്പെട്ടു. വില കുതിച്ച് കയറിയതിനൊപ്പം ജിസിസി രാജ്യങ്ങളുടെ വരുമാനവും ഗണ്യമായി ഉയര്‍ന്നു. രാജഭരണത്തിന് കീഴിലായിരുന്ന ജിസിസി രാജ്യങ്ങള്‍ രാഷ്ട്രീയമായി ഒട്ടും പുരോഗമന സ്വഭാവം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല തങ്ങളുടെ ചുറ്റുമുള്ള അറബി രാജ്യങ്ങളില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പറ്റി അത്യന്തം ഉത്ക്കണ്ഠകളും, ഭീതികളും ഈ ഭരണാധികാരികള്‍ പുലര്‍ത്തിയിരുന്നു. ഈജിപ്തിലും, ഇറാഖിലും, ലിബിയയിലും, പാലസ്തീനിലും അരങ്ങേറിയ കലാപങ്ങള്‍ അവരെ അങ്കലാപ്പിലാക്കിയിരുന്നു. അന്നത്തെ ശീതയുദ്ധത്തില്‍ അമേരിക്കയുടെ പ്രതിയോഗിയായിരുന്ന സോവിയറ്റ് യൂണിയന്‍ കലാപത്തിലൂടെ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ അധികാരത്തില്‍ വന്നവരെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തിയിരുന്നു. സ്വന്തം സ്വാര്‍ത്ഥതകളുടെ പേരിലായിരുന്നു പിന്തുണയെങ്കിലും അതിന് പുരോഗമനപരമായ ഒരു രാഷ്ട്രീയത്തിന്റെ പ്രതീതിയുണ്ടായിരുന്നു. അതോടെ പശ്ചിമേഷ്യന്‍ മേഖല ശീതയുദ്ധത്തിലെ സുപ്രധാന ഭൂപ്രദേശമായി. പെട്രോളിയം സ്രോതസ്സുകള്‍ തങ്ങളുടെ വരുതിയിലും നിയന്ത്രണത്തിലുമാക്കുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ വിദേശനയ സ്ട്രാറ്റജിയുടെ മുഖ്യഘടകമായി.
അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ സാഹചര്യമിതായിരുന്നു. അത് പെട്രോഡോളര്‍ കരാറായി മാറി. ഇരുകൂട്ടര്‍ക്കും പ്രയോജനകരമായിരുന്നു ഈ ബന്ധം. സൗദിയിലെ ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു. അമേരിക്കയെ സംബന്ധിച്ചിടത്തോളം പെട്രോളിയം കയറ്റുമതിയില്‍ നിന്നുള്ള വരുമാനം അമേരിക്കന്‍ ബാങ്കുകളില്‍ കൂന്നുകൂടാന്‍ തുടങ്ങി. മാത്രമല്ല ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയതിനെ തുടര്‍ന്ന് ഡോളറിലുണ്ടായ അവിശ്വാസത്തെ മറികടക്കുന്നതിനും ഈ കരാര്‍ പ്രയോജനപ്പെട്ടു. സാമ്പത്തിക പണ്ഠിതയായ മോണിക അലി ഇതിനെ ബ്രട്ടണ്‍വുഡ്സ്-II എന്ന് വിശേഷിപ്പിക്കുന്നു. പെട്രോഡോളറിന്റെ പിന്‍ബലത്തില്‍ ഡോളറിന്റെ അധിനായകത്വം ഉറപ്പിക്കുന്നതിലൂടെ മറ്റൊരു പ്രവണതയും ശക്തിപ്പെട്ടതായി മോണിക അലി വെളിപ്പെടുത്തുന്നു. സാമ്പത്തിക ഉപരോധം ആയിരുന്നു അത്. അമേരിക്കയുമായി രാഷ്ട്രീയ ഭിന്നതകളുള്ള രാജ്യങ്ങള്‍ക്ക് നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന പ്രവണത ഈ കാലഘട്ടത്തില്‍ ശക്തമായി. ഡോളറിനെ അടിസ്ഥാനമാക്കിയുള്ള ആഗോള വാണിജ്യ ഇടപാടുകളും, ബാങ്കിംഗ്-ധനകാര്യ സേവനങ്ങളും ആയുധമാക്കി മാറ്റുന്ന പ്രക്രിയ സാമ്പത്തിക ഉപരോധത്തില്‍ പ്രകടമായി. പഴയകാലത്തെ ഗണ്‍ബോട്ട് ഡിപ്ലോമസിയുടെ പുതിയ രൂപം. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും ഓട്ടോമാറ്റിക്കായി അമേരിക്കന്‍ ഉപരോധത്തിന്റെ പരിധിയില്‍ വരുന്ന ഒരു സംവിധാനം കൂടുതല്‍ കര്‍ക്കശവും ഹിംസാത്മകവുമായി ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്.
ബ്രട്ടണ്‍വുഡ്സ്-II ന്റെ പ്രധാന ചേരുവ സാമ്പത്തിക ഉപരോധമായിരുന്നുവെങ്കില്‍ ബ്രട്ടണ്‍വുഡ്സ്-III എന്ന് മോണിക അലി വിളിക്കുന്ന ഇപ്പോഴത്തെ കാലഘട്ടത്തിന്റെ പ്രധാന ഭാവം ഉപരോധത്തിലുള്ള രാജ്യങ്ങളുടെ ഡോളറിലുള്ള ആസ്തികള്‍ പിടിച്ചെടുക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതിനുശേഷം അഫ്ഗാനിസ്ഥാന്റെ ഡോളര്‍ ശേഖരം അമേരിക്ക മരവിപ്പിച്ചിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ഈ നയം കൂടുതല്‍ ശക്തമായി. അമേരിക്കയിലും, യൂറോപ്പിലുമുള്ള ബാങ്കുകളില്‍ വിദേശനാണയ ശേഖരമായി റഷ്യ സൂക്ഷിച്ചിരുന്ന 300 ബില്യണ്‍ ഡോളര്‍ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. അത് പിടിച്ചെടുക്കുന്നതിന് കഴിഞ്ഞദിവസം തീരുമാനമായി. അതായത് മരവിപ്പിച്ച റഷ്യന്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം യുക്രൈന് സഹായധനമായി നല്‍കുന്നതിനാണ് G-7 രാജ്യങ്ങളുടെ തീരുമാനം. ഫലത്തില്‍ റഷ്യന്‍ നിക്ഷേപങ്ങള്‍ പിടിച്ചെടുക്കുന്നതിന് തുല്യമാണ് ഈ തീരുമാനം. ഈ തീരുമാനത്തിന്റെ വരുംവരായ്കകള്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. ഏതായാലും റഷ്യയുടെ വിദേശനാണയ കരുതല്‍ ശേഖരത്തെ മരവിപ്പിക്കാനുള്ള തീരുമാനമാണ് ഡീഡോളറൈസേഷന്‍ പ്രക്രിയയെ അതിവേഗത്തിലാക്കിയതെന്ന നിരീക്ഷണങ്ങള്‍ ധാരാളമായി ഇപ്പോള്‍ ലഭ്യമാണ്. തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നും കഴിഞ്ഞ 18 മാസങ്ങളായി ഡോളറിന്റെ പങ്ക് ചൈന കുറയ്ക്കുന്നത് ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം | PHOTO: WIKI COMMONS
ശത്രുപക്ഷത്ത് നിര്‍ത്തുന്ന രാജ്യങ്ങളുടെ ഡോളറിലും മറ്റുമുള്ള നിക്ഷേപങ്ങള്‍ പിടിച്ചെടുക്കുന്നതിനൊപ്പം തങ്ങളുടെ കൂടെ നില്‍ക്കുന്ന രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാവുമ്പോള്‍ അവരെ സഹായിക്കുന്നതിനുള്ള സംവിധാനവും അമേരിക്ക ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഡോളര്‍ സ്വാപ്പ് സൗകര്യം അതിന്റെ ഭാഗമാണ്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഏതാണ്ട് ഒരു ലക്ഷം കോടി ഡോളര്‍ ഒരു ഡസനോളം സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് സ്വാപ്പ് സംവിധാനം വഴി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നല്‍കുകയുണ്ടായി. 2020-ല്‍ കോവിഡ് കാലത്ത് അരലക്ഷം കോടി ഡോളറാണ് ഇങ്ങനെ നല്‍കിയത്. ഉപരോധം ഉരുക്ക് മുഷ്ടിയാണെങ്കില്‍ സ്വാപ്പ് സൗക്യരം വെല്‍വെറ്റ് കയ്യുറയാണെന്ന് മോണിക അലി ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നു. ബ്രട്ടണ്‍വുഡ്‌സ്-III ന്റെ കാലത്ത് ഈ പ്രവണതകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാനാണ് സാധ്യത.
ലോകത്തിലെ സാമ്പത്തിക-രാഷ്ട്രീയ ചേരികളെ പുനര്‍നിര്‍വചിച്ച ഒന്നായിരുന്നു പെട്രോഡോളര്‍ കരാര്‍. കഴിഞ്ഞ 50 വര്‍ഷമായി ലോകത്തിലെ സാമ്പത്തിക വിപണികളിലെ ക്രയവിക്രയങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച ഒരു കരാര്‍ അവസാനിക്കുന്നുവെന്ന വാര്‍ത്ത പ്രമുഖ പാശ്ചാത്യ മാധ്യമങ്ങള്‍ അറിഞ്ഞ ഭാവം കാണിച്ചില്ലെന്നതാണ് ഏറെ കൗതുകകരം. പാശ്ചാത്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്ന പ്രധാന വാര്‍ത്ത യൂറോപ്യന്‍ ബാങ്കുകളിലെ റഷ്യന്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം യുക്രൈന് സഹായമായി നല്‍കാനുള്ള തീരുമാനമാണ്. അമേരിക്ക ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഉപേക്ഷിക്കുന്ന കാലത്ത് പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സണിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന ജോണ്‍ കൊണൊലിയുടെ കുപ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. 'ഡോളര്‍ ഞങ്ങളുടെ കറന്‍സിയാണ്. പക്ഷേ അത് നിങ്ങളുടെ ബാധ്യതയാണ്. അന്നത്തെ G-10 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിലാണ് കൊണൊലിയുടെ ഈ പ്രയോഗം. ഗണ്‍ബോട്ട് ഡിപ്ലോമസിയില്‍ നിന്നും സാമ്പത്തിക ഉപരോധത്തിലേക്കും, ആസ്തികള്‍ പിടിച്ചെടുക്കുന്ന നിലയിലേക്കും വളര്‍ന്ന ഒരു സാമ്പത്തിക-രാഷ്ട്രീയ-സൈനിക സമുച്ചയത്തിന്റെ വാസ്തുഘടനയെ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒപ്പുവെച്ച ഒരു കരാറിന്റെ കാലാവധി അവസാനിക്കുന്നത് ഏത് വിധത്തിലായിരിക്കും ബാധിക്കുകയെന്ന് കാത്തിരുന്നു കാണാം. ഡോളര്‍ അമേരിക്കയുടെ കറന്‍സിയാണെങ്കിലും ലോകത്തിന്റെ ബാധ്യതയാണെന്ന അവസ്ഥ തുടരുമോയെന്നാണ് പ്രധാനമായും അറിയാനുള്ളത്.