TMJ
searchnav-menu
post-thumbnail

Outlook

ഇടതുപക്ഷത്തിന്റെ വയോയുവത്വം

11 May 2025   |   6 min Read
എന്‍ പത്മനാഭന്‍

ന്ത്യന്‍ ജനതയുടെ മനസ്സിലേക്ക് തുളച്ചുകയറിയ യുവാവായ ഒരാളെ രാജ്യത്തിന്റെ സമീപകാല ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തിരഞ്ഞാല്‍ മനസ്സില്‍ വരുക ആരുടെ പേരാകും-ഭാവിയില്‍ പ്രതീക്ഷയാകുമെന്ന തോന്നിച്ച ഒരാള്‍! ഒരു ഇരുപത് വര്‍ഷത്തെ ഓര്‍മ്മയില്‍ പരതിയാല്‍ ഞെരുങ്ങി കിട്ടാവുന്ന ഒരു പേര് കനയ്യ കുമാര്‍ എന്നാവും. സിപിഐയുടെ വിദ്യാര്‍ഥി വിഭാഗമായ എഐഎസ്എഫിന്റ്റെ നേതാവും ഇന്ത്യയിലെ പ്രക്ഷുബ്ധ സര്‍വ്വകലാശാലയായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെഎന്‍യു) യൂണിയന്റെ 2015-16 കാലത്തെ പ്രസിഡണ്ടും ആയിരുന്ന ആള്‍. പിന്നീട് 2021ല്‍ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കനയ്യയുടെ കഥ ചരിത്രത്തില്‍ മറവ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കൊള്ളിയാന്‍ പോലെ പ്രത്യക്ഷപ്പെട്ട കനയ്യ കുമാറിന്റേത് രാഷ്ട്രീയ ആത്മഹത്യ ആണോ രാഷ്ട്രീയ കൊലപാതകമാണോ എന്ന കാര്യം അവ്യക്തമായി നില്‍ക്കുന്നു. ആത്മഹത്യ ആണെന്ന വാദത്തിനാണ് പ്രാമുഖ്യം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിഴലിലാണ് കനയ്യ. ജെഎന്‍യുവില്‍ കനയ്യക്ക് മുമ്പും പിമ്പും ഇടതുപക്ഷക്കാരായ, കൃത്യമായി പറഞ്ഞാല്‍ എസ്എഫ്‌ഐക്കാരായ യൂണിയന്‍ നേതാക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. എഐഎസ്എഫുകാരേക്കാള്‍ തീവ്രത കുടുതല്‍ എസ്എഫ്‌ഐക്കാര്‍ക്കാണല്ലോ. അവരാരും അത്രക്കങ്ങ് ജ്വലിച്ചിട്ടില്ല. ആരോ കൊളുത്തിയ പന്തങ്ങളായിരുന്നു എല്ലാവരും. പില്‍ക്കാലത്ത് സിപിഐ(എം) നേതാക്കളായി മാറിയ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ജെഎന്‍യു ഉല്‍പ്പന്നങ്ങളാണ്. സീതാറാമും പ്രകാശും അവരുടെ യുവത്വത്തിന്റെ സര്‍ഗ്ഗാത്മകത ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രകടിപ്പിച്ചതായി അനുഭവപ്പെട്ടിട്ടില്ല. എന്തെങ്കിലും അവകാശപ്പെടാനാവുന്നത് സീതാറാമിനാണ്. അടിയന്തരാവസ്ഥക്ക് പിന്നാലെ ജെഎന്‍യു ചാന്‍സിലര്‍ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാ ഗാന്ധിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ സംഘത്തിന് നേതൃത്വം കൊടുത്ത സീതാറാം അവരുടെ സാന്നിധ്യത്തില്‍ അവര്‍ക്കെതിരേ കുറ്റപത്രം വായിച്ച സംഭവം ഉണ്ടെങ്കിലും ജെഎന്‍യു ഉല്‍പ്പന്നങ്ങളില്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തില്‍ ജ്വലിച്ച ഒരാള്‍ കനയ്യയാണ്. ഇന്ത്യയാകെ കത്തിപ്പടര്‍ന്ന ആ വെടിക്കെട്ട് പക്ഷെ, ക്ഷണകാലം കൊണ്ട് തീര്‍ന്നു.

കനയ്യ കുമാര്‍ | PHOTO : WIKI COMMONS
ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിലെ യൗവനത്തെക്കുറിച്ച് ചിന്തിക്കാന്‍ കാരണം, മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി എഴുപത്തിയൊന്ന് വയസ്സായ എം എ ബേബിയെ തിരഞ്ഞെടുത്തതോടെ സിപിഐ(എം)ല്‍ ഒരു തലമുറ മാറ്റം നടന്നു എന്ന അഭിപ്രായമാണ്. പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പതിനെട്ടംഗ പൊളിറ്റ് ബ്യറോയിലേക്ക് ഡോ. വിജു കൃഷ്ണന്‍(51), യു.വാസുകി(69) തുടങ്ങി എഴുപതിനെ ചുറ്റിപ്പറ്റിയുള്ള എട്ട് പേര്‍ പുതുതായി വന്നതുമാണ് തലമുറ മാറ്റം എന്ന വാദത്തിന് ഉന്നയിക്കപ്പെടുന്നത്. കേരളത്തിലാണെങ്കില്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റിലേക്കും ജില്ല സെക്രട്ടറിമാരായും പ്രായം കൊണ്ട് അമ്പതിനും അറുപതിനും ഇടയിലുള്ള നിരവധി യുവാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടതും പാര്‍ട്ടി യൗവനാവേശത്തിലേക്ക് പുനഃപ്രവേശിച്ചതിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറെ കാലമായി കേരളത്തില്‍ പാര്‍ട്ടിയുമായി ഐഡന്റിഫൈ ചെയ്യപ്പെട്ട എം.സ്വരാജ്(45), മുഹമ്മദ് റിയാസ്(48), പി.കെ.ബിജു(51), പി.രാജീവ്(56) എന്നിവരെ ഈ പുതുനേതൃത്വവുമായി കൂട്ടിക്കെട്ടാനാവില്ല. പാര്‍ട്ടിയുടെ വഴികളും രീതികളും അനുസരിച്ച് കേരള സിപിഐ(എം)ന്റെ നേതൃത്വം യുവത്വപൂര്‍ണ്ണമാണ് എന്ന് പറയാം. വയനാട് ജില്ലാ സെക്രട്ടറിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ബേബി-37കാരന്‍ കെ.റഫീഖ്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കേയാണ് റഫീഖ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായത്.

മൂന്നര പതിറ്റാണ്ടോളം പാര്‍ട്ടിയുടെ പറുദീസയായിരുന്ന പശ്ചിമ ബംഗാളും ഇപ്പോള്‍ യുവത്വത്തിന്റെ തരംഗത്തിലാണ്. 64കാരനായ മുഹമ്മദ് സലീം ആണ് ബംഗാള്‍ പാര്‍ട്ടിയുടെ സെക്രട്ടറി. കേരള സെക്രട്ടറി ഗോവിന്ദന്‍ മാഷേക്കാള്‍ എട്ട് വയസ് ഇളയത്. സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ബംഗാളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി മുഖര്‍ജി(40) സിപിഐ(എം)ന്റെ പൊരുതുന്ന യുവ മുഖമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കും സുവേന്ദ അധികാരിക്കും എതിരേ മത്സരിച്ച മീനാക്ഷി സ്റ്റാര്‍ ലീഡര്‍ ആണ്. മീനാക്ഷി അടക്കം അഞ്ച് പേരാണ് ബംഗാളില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ വന്നിരിക്കുന്നത്. പാര്‍ട്ടി കാഴ്ചപ്പാടനുസരിച്ച് എല്ലാവരും താരതമ്യേനെ യുവത്വമുള്ളവര്‍. സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് വന്ന പുതുമുഖങ്ങള്‍ തീര്‍ഥാങ്കുര്‍ റോയ്, ഗൗതം ഘോഷ്, ശന്തനു ദേ, സുകുള്‍ എന്നിവരൊക്കെയും യുവാക്കളുടെ ഗണത്തിലുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 30 ശതമാനം സീറ്റില്‍  ചെറുപ്പക്കാരെയാണ് ബംഗാള്‍ സിപിഐ(എം)മത്സരിപ്പിച്ചത് എന്നതും ഇപ്പോള്‍ ചര്‍ച്ചയാവുന്ന പാര്‍ട്ടിയുടെ യുവത്വവല്‍ക്കരണത്തിന് നിദാനമായ ഒരു കാര്യമാണ്. പാര്‍ട്ടി മത്സരിച്ച 22 സീറ്റില്‍ എട്ടെണ്ണം.

REPRESENTATIVE IMAGE | WIKI COMMONS
പ്രതീക്ഷിക്കപ്പെടുന്നതുപോലെ എന്ത് മാറ്റമാണ് ഈ പറയുന്ന യുവത്വം സിപിഐ(എം)ന്റെ ഭാവി രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുക എന്നതാണ് ഇടതുപക്ഷത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരുടെ മുമ്പിലുള്ള പ്രധാന ചോദ്യം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ത് മാറ്റത്തിനാണ് ഈ യുവത്വവല്‍ക്കരണം കാരണമാവുക? നേതൃത്വത്തില്‍ യുവാക്കള്‍ ഇല്ലാത്തതാണോ ഇന്ത്യയില്‍  ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് വിഘാതമായിരുന്നത്? ഇതിനോടകം പാര്‍ട്ടി നേതൃത്വത്തില്‍ വന്ന യുവാക്കള്‍ എന്ത് സംഭാവനയാണ് ഇടതുപക്ഷത്തിന് നല്‍കിയത്? ഇടതുപക്ഷ ഭക്തിയുടേയും ആരാധനയുടേയും ഇടയില്‍ ചോര്‍ന്നുപോകുന്ന ചോദ്യങ്ങളാണിവ. ഭക്തരുടേയും ആരാധകരുടേയും കയ്യിലേക്ക് ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയം എത്തപ്പെട്ടതോടെ സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുക അസാധ്യമായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ(എം)ല്‍ തലമുറ മാറ്റം വരുത്താന്‍ പോകുന്ന പുതുയുഗത്തെക്കുറിച്ച് പറയുന്നത്. മയക്കുമരുന്ന് ഉപയോഗിച്ച ഒരുസിനിമാ നടനെ കുറിച്ച് പറയവേ കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് ആ നടന് അറിയില്ല എന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ നേതാവും എംപിയുമായ ഒരു യുവനേതാവ് പൊതുസമൂഹത്തിന്റെ മുമ്പില്‍ പറയുന്നിടം വരെ ആ ഭക്ത്യാരാധന എത്തി. എന്ത് തരം യുവനേതൃത്വമാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് എന്നതിന്റെ തെളിവാണിത്.

കഴിഞ്ഞ ഒന്നര ദശകത്തിലേറെ പാര്‍ട്ടിയെ നയിച്ച ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടേയും കാര്യമെടുക്കൂ. വളരെ ചെറുപ്പത്തില്‍ കേന്ദ്ര കമ്മിറ്റിയിലും പിബിയിലും വന്നവരാണവര്‍. 1974ല്‍ എസ്എഫ്‌ഐയില്‍ വന്ന സീതാറാം പത്ത് വര്‍ഷം കൊണ്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ എത്തി, 1984ല്‍ 32 വയസ്സില്‍. 1992ല്‍ പിബിയില്‍ അംഗമാകുമ്പോള്‍ സീതാറാമിന്റെ പ്രായം നാല്‍പ്പത്. 1995ല്‍ പ്രകാശ് കാരാട്ട് മുപ്പത്തേഴാമത്തെ വയസ്സിലാണ് കേന്ദ്ര കമ്മിറ്റിയില്‍ അംഗമായത്. ഏഴ് വര്‍ഷത്തിന് ശേഷം പിബിയിലുമെത്തി. 2005 മുതല്‍ 2015 വരെ കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷം സീതാറാം ആ ചുമതലയില്‍ വന്നു. യുവാക്കളായി പാര്‍ട്ടിയില്‍ എത്തിയ രണ്ട് പേരുടെ നിയന്ത്രണത്തിലായിരുന്നു കാല്‍ നൂറ്റാണ്ട് കാലം ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ പ്രസ്ഥാനമായ സിപിഐ(എം). എണ്‍പതുകളുടെ ഉത്തരാര്‍ധം മുതല്‍ ഈ യുവതുര്‍ക്കികള്‍ പാര്‍ട്ടിയുടെ മസ്തിഷ്‌കത്തിന്റെ പ്രധാന ഭാഗമായിരുന്നു. ഈ യുവാക്കള്‍ എന്ത് മാറ്റമാണ് സിപിഐ(എം) വഴി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയത്! സിപിഐ(എം) എന്ത് തരം ഇടപെടലാണ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്! എണ്‍പതുകളിലെ രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യന്‍ യുവത്വത്തോട് മികച്ച രീതിയില്‍ ആശയ വിനിമയം നടത്താനാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇവര്‍ അവരോട് സംവദിച്ചോ? കേരളം എന്ന ബുര്‍ക്കനോഫാസയില്‍ അല്ലാതെ എവിടെയാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഉള്ളത്? പാര്‍ലമെന്റ്ററി നേട്ടം നോക്കുകയാണെങ്കില്‍ ദയനീയം.

സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും | PHOTO : WIKI COMMONS
2005ല്‍ തൊണ്ണൂറാം വയസ്സിന്റെ പടിവാതില്‍ക്കല്‍ വെച്ച് ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞ ഹര്‍കിഷന്‍ സിംഗ് സൂര്‍ജിത്തിന്റെ പിന്‍ഗാമിയായിട്ടാണ് പ്രകാശ് കാരാട്ട് പാര്‍ട്ടി തലപ്പത്ത് അവരോധിതനാവുന്നത്. താരതമ്യേനെ യുവാവായ തന്റെ പിന്‍ഗാമിയെ ശക്തമായൊരു പാര്‍ലമെന്ററി പാര്‍ട്ടി ഏല്‍പ്പിച്ചാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് പോയത്-43 എംപിമാരുള്ള ഒരു സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ സാഹചര്യത്തില്‍ മുഖ്യധാരയിലേക്കുള്ള ബിജെപിയുടെ ഇടിച്ചുകയറ്റത്തെ ചെറുക്കുന്നതില്‍ സിപിഐ(എം) മുന്നില്‍ നിന്ന കാലമായിരുന്നു സൂര്‍ജിത്തിന്റെ കാലം. സാധാരണ കര്‍ഷക സാഹചര്യത്തില്‍ നിന്ന് വന്ന സുര്‍ജിത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഐ(എം)നെ ആധാരമാക്കി ഇടതുപക്ഷത്തെ ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവാക്കി. 1996ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം സിപിഐ(എം)ന്റെ കൈയിലേക്ക് എത്തുന്ന അവസ്ഥ സംജാതമായി. പ്രധാനമന്ത്രി പദം ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസു എറ്റെടുക്കണമെന്ന അപേക്ഷ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ന്നുപോകുമെന്ന കാരണം പറഞ്ഞ് തള്ളിക്കളഞ്ഞ തീരുമാനമെടുത്ത കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും ഉണ്ടായിരുന്നു. ആ തീരുമാനത്തിന് സൈദ്ധാന്തിക ഭാഷ്യം ചമച്ചത് ഇവരാണ് എന്ന് പില്‍ക്കാലത്ത് വെളിപ്പെട്ടു. ചരിത്രപരമായ വങ്കത്തം എന്ന് ചരിത്രം വിശേഷിപ്പിക്കുന്ന ഈ തീരുമാനത്തിന് ശേഷമാണ് രാജ്യത്ത് സംഘ പരിവാറിന്റെ അരിയിട്ടു വാഴ്ചക്ക് തുടക്കമാകുന്നത്. അന്ന് ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ന്ന് പോകുമെന്ന് ഭയന്നവര്‍ പില്‍ക്കാലത്ത് കണ്ടത് ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ്. അന്ന് പക്വയൗവനത്തിലായിരുന്ന സീതാറാമിനും കാരാട്ടിനും വര്‍ത്തമാനത്തെ വിലയിരുത്താനും ഭാവിയെ വായിക്കാനും കഴിയാത്തതിന്റെ വിലയാണ് ഇന്ന് അനുഭവിക്കുന്നത് എന്ന് ഖേദിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ?  

തന്റെ ഇരുപതുകളില്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ സാദാ തീവണ്ടിയില്‍ സഞ്ചരിച്ച ആളാണ് ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം എ ബേബി എന്ന വൈകാരികത ഇപ്പോള്‍ വില്‍ക്കപ്പെടുന്ന ഒരു ചരക്കാണ്. അവിടെ നിന്ന് അദ്ദേഹം പ്രായം കൊണ്ടും പദവി കൊണ്ടും ഇന്നത്തെ നിലയില്‍ എത്തുമ്പോള്‍ അദ്ദേഹം ആവേശപ്പെടുത്തിയിട്ടുണ്ടാകാനിടയുള്ള ഒരു സമൂഹവും വളര്‍ന്നിട്ടുണ്ടാകുമല്ലോ. അവര്‍ ഇപ്പോള്‍ എവിടെയാണ്! അവരില്‍ ഒരു പങ്ക് എങ്കിലും അദ്ദേഹം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ക്കൊപ്പം ഇല്ല എങ്കില്‍ അദ്ദേഹത്തിന്റെ സഞ്ചാരങ്ങള്‍ക്ക് നാട് കാണലിനപ്പുറം പ്രാധാന്യമില്ല എന്നല്ലേ അര്‍ത്ഥം. യുവത്വത്തിന്റെ സവിശേഷതയില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിയ സീതാറാം, കാരാട്ട് തുടങ്ങി എല്ലാവരുടെയും കഥ ഇത് തന്നെയല്ലേ? തലമുറ മാറ്റം എന്ന വായത്താരി നിഷ്ഫലമല്ലേ എന്ന് ഈ സാഹചര്യത്തില്‍ സ്വാഭാവികമായും സംശയം തോന്നും.

എം എ ബേബി | PHOTO : WIKI COMMONS
അപ്പോള്‍ എവിടെയോ കുഴപ്പമുണ്ട്. യുവത്വത്തിന്റെ ആനുകൂല്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തുന്നവരില്‍ ഭൂരിപക്ഷവും അപ്പര്‍ മിഡില്‍ ക്ലാസ് വര്‍ഗ്ഗ സാഹചര്യങ്ങളില്‍ നിന്നുള്ളവരും കാമ്പസ് അന്തരീക്ഷത്തില്‍ നിന്നുള്ളവരുമാണ് എന്ന വസ്തുത കാണാതിരുന്നുകൂടാ. നേതൃത്വത്തിലേക്ക് എത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നതും പ്രശ്‌നമാണ്. പാര്‍ട്ടിബോസുമാരുമായുള്ള ബന്ധം, അവരുടെ താല്‍പ്പര്യം തുടങ്ങിയ കാര്യങ്ങളാണ് പലപ്പോഴും യുവാക്കളെ നേതൃത്വത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് അടിസ്ഥാനം എന്ന് ഓരോ യുവ നേതാവിനെയും എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. സമീപ കാലത്ത് ട്രേഡ് യൂണിയന്‍ രംഗത്ത് നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു നേതാവിനെ സിപിഐ(എം)ലോ സിപിഐയിലോ കാണാനാകുമോ. അംബാനിയുടെ അധിനിവേശത്തിന് കാരണമായ കൃഷ്ണ-ഗോദാവരി കുഭകോണം പാര്‍ലമെന്റിലും പുറത്തും വിടാതെ പിന്തുടര്‍ന്ന സിപിഐ(എം എം പിയെപ്പോലെ, സിഐടിയു സെക്രട്ടറിയായിരുന്ന ഇ കെ പത്മനാഭനെപോലെയുള്ള ആളുകള്‍ ഉന്നത നേതൃത്വത്തില്‍ വരുന്നില്ല എന്ന വസ്തുത മറന്നുകൂട. കാമ്പസില്‍ നിന്ന് വരുന്നവരുടെ മധ്യവര്‍ഗ്ഗ താല്‍പര്യങ്ങള്‍ എപ്പോഴും അധികാരവുമായി അടുത്ത് നില്‍ക്കുന്നതാണ്. യുവത്വത്തിന്റെ പേരില്‍ നേതൃത്വത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ ആശയപരമായി സായുധരാക്കപ്പെടുന്നില്ല. പകരം, അധികാരത്തിന്റെ കുളിര്‍ നിലങ്ങളില്‍ മയക്കിക്കിടത്തപ്പെടുന്നു. കരിയര്‍ ആണ് അവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനം. ഫുള്‍ ടൈമര്‍മാര്‍ക്ക് വേതനം കിട്ടുന്ന പ്രവര്‍ത്തനം. സിസ്റ്റത്തിനകത്ത് കടക്കുന്നവര്‍ക്ക് മുന്നില്‍ പാര്‍ട്ടി-പാര്‍ലമെന്ററി കരിയറില്‍ വലിയൊരു ലോകമാണ്. സിസ്റ്റത്തിന് ഒരു തകരാറും വരുത്താതെ കൊണ്ടുപോകുകയാണ് തലമുറ-തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നേതൃത്വത്തിന്റെ ദൗത്യം. കേരളം ആരാണ് ഭരിക്കുന്നതെന്ന് ഷൈന്‍ ടോം ചാക്കോ ഓര്‍ക്കണം എന്ന് ഒരു യുവ ഇടത് നേതാവിന് പറയാന്‍ തോന്നുന്നത് അതുകൊണ്ടാണ്. തലമുറ മാറുന്നു എന്ന് പറയുന്നത് നിലവിലുള്ളത് വാര്‍ധക്യമുള്ള നേതൃത്വം ആയതുകൊണ്ടാണല്ലോ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ഇടത് റിക്രൂട്ടുകള്‍ക്ക് നിലവിലുള്ള നേതൃത്വത്തിന്റ തുടര്‍ച്ചയാകാനേ കഴിയൂ. വയോയുവത്വം എന്ന് വിളിക്കാവുന്ന മാനസികാവസ്ഥയില്‍ എത്തിയവരാണ് ഈ പുതിയ തലമുറ. 79 വയസായിട്ടും അധികാരത്തുടര്‍ച്ചയുടെ സ്വപ്നങ്ങള്‍ മൂലം പാര്‍ട്ടി തലപ്പത്ത് തുടരുന്ന ഒരു ആത്യന്തിക നേതാവിന്റെ മനോഘടന പകര്‍ത്തിയവരാണ് ഈ വയോയുവാക്കള്‍. ചരിത്രമുഹൂര്‍ത്തങ്ങളില്‍ സമരവീര്യത്തില്‍ യുവത്വത്തിന്റെ സര്‍ഗ്ഗാത്മകത ലയിച്ച് ചേരുമ്പോഴാണ് നേതാക്കള്‍ ഉണ്ടാകുന്നത്. അത്തരം ഒരാളായി തോന്നിയതിനാലാണ് ഈ കുറിപ്പ്  സിപിഐക്കാരനാണെങ്കിലും കനയ്യ കുമാറിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയത്. വളരെ അയഞ്ഞ സമീപനവും സമ്പ്രദായങ്ങളുമുള്ള സിപിഐ പോലും അത്തരമൊരാളെ ആശയവത്കരിച്ച് ഉപയോഗിച്ചില്ല. കര്‍ക്കശമായ വ്യവസ്ഥകളുള്ള സിപിഐ(എം)ല്‍ സര്‍ഗ്ഗാത്മകതയേക്കാള്‍ അനുഷ്ഠനങ്ങളും ആചാരങ്ങളും ആണ് പ്രധാനം. അത് സൃഷ്ടിക്കുക ബ്യറോക്രസിയാണ്. പാര്‍ട്ടി ബ്യൂറോക്രസി ഉടവ് തട്ടാതെ കൊണ്ടുപോകുയാണ് പുതിയ പാര്‍ട്ടി തലമുറയുടെയും ദൗത്യം. മറിച്ച് തെളിയിക്കേണ്ടത് പുതിയ ജനറല്‍ സെക്രട്ടറി തന്നെയാണ്.


#outlook
Leave a comment