TMJ
searchnav-menu
post-thumbnail

Outlook

ഭൂതകാലം, ആയുധം എന്ന നിലയിൽ...

01 Jun 2023   |   6 min Read
സനീഷ് ഇളയടത്ത്

The past is not just that which happened to you. Sometimes it is which you just imagined. - (Time Shelter, Georgi Gospodinov)

വെപ്പണൈസേഷൻ ഓഫ് നൊസ്റ്റാൾജിയ (the weaponisation of nostalgia) എന്ന പ്രയോഗം ആവർത്തിക്കുന്നത് കാണാം, ഇത്തവണത്തെ ബുക്കർ പുരസ്‌കാരം കിട്ടിയ ടൈം ഷെൽട്ടർ എന്ന നോവലിനെക്കുറിച്ചുള്ള റിവ്യൂ ലേഖനങ്ങളിൽ. ഗൃഹാതുരതയുടെ ആയുധവൽക്കരണം; എന്ന് വെച്ചാൽ, ഭൂതകാലത്തോട് മനുഷ്യർക്കുള്ള സ്വാഭാവിക ആഭിമുഖ്യത്തെ ഹിംസാത്മകമായി ഉപയോഗിക്കുക എന്നത്. ബൾഗേറിയൻ നോവലിസ്റ്റായ ഗ്യോർഗി ഗോസ്പോഡിനോവിന്റെ ഈ നോവലിന് പുരസ്‌കാരം കിട്ടിയെന്ന പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെയുള്ള ദിവസങ്ങളിലാണ് നമ്മുടെ രാജ്യത്ത് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ലോകമെമ്പാടും ചർച്ചയാകും വിധം നടന്നത്. ഇന്ത്യാ ചരിത്രത്തിലെവിടെയും അത്‌വരെ കേട്ടിട്ടില്ലാത്തൊരു ചരിത്ര കഥ പൊക്കിയെടുത്ത് വന്ന് കൊണ്ടാണല്ലോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര സർക്കാർ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത്. ആ കഥയ്‌ക്കൊപ്പമുള്ള സെങ്കോൽ എന്ന തമിഴ് ശൈവവിഭാഗത്തിന്റെ അടയാളവടി സർക്കാർ എന്നെന്നേക്കുമായി ഇന്ത്യാചരിത്രത്തിലേക്ക് സ്ഥാപിച്ച് വെക്കുകയും ചെയ്തു, ഈ ദിവസങ്ങളിൽ. ഗോസ്പോഡിനോവിന്റെ നോവൽ ഭൂതകാലത്തെക്കുറിച്ച് എന്നാണ് റിവ്യൂകൾ കാണുക, കുറെക്കൂടെ കൃത്യമായി പറഞ്ഞാൽ വർത്തമാനകാലത്തിരുന്ന് ഭൂതകാലത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ച്. മറവി രോഗങ്ങളാൽ ബാധിതരും ആതുരരും ആയ മുതിർന്ന മനുഷ്യർക്ക് പൊറുതി വരാനായി അവരുടെ ചെറുപ്പകാലത്തെ, ആ കാലത്തെയാകെ പ്രിസർവ്വ് ചെയ്ത് വെച്ചിരിക്കുന്ന മുറികളുള്ള ഗോസ്തിൻ എന്നയാളാണ് അതിലെ കേന്ദ്ര കഥാപാത്രം. ഒരു മുറി അറുപതുകളുടെ, ഒരു നില നാൽപ്പതുകളുടെ എന്ന മട്ടിലൊക്കെ. ഗൃഹാതുരതയുടെ ആയുധവൽക്കരണത്തെക്കുറിച്ചാണ് താനെഴുതിയത് എന്ന് പുരസ്‌കാരപ്രഖ്യാപനത്തിന് പിന്നാലെ ഗ്യോർഗി ഗോസ്പോഡിനോവ് പറഞ്ഞതായി വായിക്കാം. 


ഗ്യോർഗി ഗോസ്പോഡിനോവ് | Photo: Twitter

വെപ്പണൈസേഷൻ ഓഫ് നൊസ്റ്റാൾജിയ എന്ന പ്രയോഗം വായിച്ചത് ഈ ദിവസങ്ങളിലായത് കൊണ്ട്, എത്ര ഉചിതമായൊരു പ്രയോഗമാണത് ഇക്കാലത്തെ സംഭവങ്ങളെ വിവരിക്കാൻ എന്ന തോന്നൽ ഉടനടി വന്നു. അതിന്റെ അർഥവും ആഴവും മനസ്സിലാക്കാൻ ഇപ്പോൾ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ നിരീക്ഷിച്ചാൽ മാത്രം മതിയാകും. ഭൂതകാലത്തിന്റേതാണ് എന്നത് കൊണ്ട് ചിലർക്ക് പ്രിയതരമായിരുന്നൊരു വടി അന്ന്ഉണ്ടായിരുന്നതിനെക്കാൾ കരുത്തോടെ അധികാരകേന്ദ്രത്തിലേക്ക് അവരോധിക്കപ്പെട്ട ദിവസങ്ങളാണല്ലോ ഇവ. തിരുവാടുതുറൈ അധീനം എന്ന തമിഴ്നാട്ടിലെ ശൈവമഠത്തിന്റെ സെങ്കോൽ എന്ന ദണ്ഡിനെക്കുറിച്ചാണ് പറയുന്നത്. നമുക്ക് ഒരു പക്ഷെ ഇനി അധികകാലം ഇങ്ങനെ ഒരു വടിയെന്നോ, വെറും ദണ്ഡ് എന്നോ ഇതിനെ വിശേഷിപ്പിക്കാനാകണമെന്നില്ല. പരിഹസിക്കാനാവുകയില്ല എന്ന കാര്യം ഉറപ്പാണ്. തമിഴ്നാട്ടിലെ വളരെ ചെറിയൊരു സെക്ടിന്റെ മാത്രം, അതിലെ തന്നെ വളരെ ചെറിയ കൂട്ടം നേതാക്കളുടെ മാത്രം വിഷയമായിരുന്ന സെങ്കോലിനെ നരേന്ദ്ര മോദിയും സർക്കാരും വലിയ ഉയരത്തിലാണ് ഔദ്യോഗികമായി തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നമുക്ക് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും അത് ഇപ്പോൾ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. വെറുമൊരു വടി എന്ന മട്ടിൽ അതിനെ പരിഹസിക്കുന്നത് ഇനിയങ്ങോട്ട് കുറ്റകരം പോലുമായേക്കാം എന്ന നിലയുണ്ട്. ആൾക്കൂട്ടത്തിനിടയിലോ, സോഷ്യൽ മീഡിയയിലോ നമ്മളാ വടിയെക്കുറിച്ച് സംസാരിക്കുമ്പോൾ കരുതലെടുക്കേണ്ടി വരും. അതിനെ രാഷ്ട്രീയമായി പരിഹസിക്കാനോ മറ്റോ മുതിർന്നാൽ അത്രയൊക്കെ വേണോ എന്ന് നിങ്ങളെ ഉപദേശിക്കാൻ വരുന്നവരിൽ ലിബറൽ നിലപാടുകാർ അടക്കം ഉണ്ടാകും. നിങ്ങൾ തന്നെയും മനസിൽ ഇതെക്കുറിച്ച് ഇതിനകം തന്നെ ഒരു സ്വയം സെൻസറിംഗ് ഏർപ്പെടുത്തിയിട്ടുണ്ടാകാനും മതി. 2023 മെയ് 28ാം തീയതി വരെ നമുക്ക് അറിയുകയേ ഇല്ലാതിരുന്ന ആ ദണ്ഡ് ഇപ്പോൾ ബഹുമാനിക്കപ്പെടേണ്ട ഒന്നായും, അങ്ങനെയല്ലാത്തവർക്ക് ഭയപ്പെടേണ്ട ഒന്നായി പോലും ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട് എന്നർഥം. രാജ്യത്തിന്റെ അധികാരത്തിന്റെ അടയാളകെട്ടിടമായ പാർലമെന്റിന്റെ കേന്ദ്രസ്ഥാനത്ത് അതിന് ദൈവവിഗ്രഹസമാനമായൊരിടം ലഭിച്ചിട്ടുണ്ട്, നിങ്ങളതിനെ അധികാരത്തെ എന്നപോലെ തന്നെ കണക്കിലെടുത്തേ കാര്യമുള്ളൂ. തമിഴ്നാട്ടിലെ ഒരു ശൈവ അധീനത്തിന്റെ മാത്രം നൊസ്റ്റാൾജിയ ആയിരുന്ന സെങ്കോൽ എന്ന ദണ്ഡ് രാജ്യത്തിന്റെയാകെ മേൽ അധികാരമുള്ളൊരു ആയുധസമാനരൂപം കൈവരിച്ചിരിക്കുന്നതാണ് നമ്മളിപ്പോൾ ഇങ്ങനെ കാണുന്നത്. ഭൂതകാലാഭിരതിയുടെ ആയുധവൽക്കരണം എന്ന പ്രയോഗത്തിന് തെളിവ് തരികയായിരുന്നു നമ്മുടെ രാജ്യത്തിന്റെ സർക്കാർ. 

ഗൃഹാതുരതയുടെ ആയുധവൽക്കരണത്തിന് ആദ്യ തെളിവൊന്നുമല്ല ഇത്. രാജ്യ ചരിത്രത്തിലെ ഏറ്റവും നിന്ദ്യകൃത്യമായ ബാബറി മസ്ജിദ് ധ്വംസനമാണ് അക്കൂട്ടത്തിലെ ഏറ്റവും വലുത്. രാമൻ എന്ന ഇതിഹാസ കഥാപാത്രത്തോട് രാജ്യത്തെ ഒരു വിഭാഗം മനുഷ്യർക്കുള്ള അത്യധികമായ ആരാധനയെയും താൽപ്പര്യത്തെയും പതുക്കെപ്പതുക്കെ ആയുധമാക്കി വികസിപ്പിച്ചെടുത്താണല്ലോ ഇതേ രാഷ്ട്രീയസംഘം അത് ചെയ്തത്. സമൂഹമനസ്സിന് നമ്മുടെ രാജ്യത്തിന്റെ ഇതിഹാസകഥകളോടും അതിലെ കഥാപാത്രങ്ങളോടുമൊക്കെ വലിയ ആരാധനയുണ്ട്. അതിസാധാരണവും, കഷ്ടപ്പാട് നിറഞ്ഞതുമായ ദൈനംദിന ജീവിതത്തെ കടക്കാൻ മനുഷ്യർക്കുള്ള ഉപാധികളാണ് ഈ കഥകൾ. വർത്തമാനകാലം സങ്കടകരവും ബോറായതുമാണ്. ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ട്, പക്ഷെ അതെക്കുറിച്ച് പൂർണവിശ്വാസത്തോടെ പോകാവുന്നതല്ല. അത് അനിശ്ചിതത്വങ്ങളുടേതാണ്. പക്ഷെ, ഭൂതകാലത്തിന് ഇതിന് രണ്ടിനുമില്ലാത്തൊരു അട്രാക്ഷനുണ്ട്. അതെപ്പറ്റി നിങ്ങൾക്ക് എത്ര വേണമെങ്കിലും കാൽപ്പനികരാകാം. ഏറ്റവും മനോഹരമായൊരു കാലമായിരുന്നു അതെന്ന് സങ്കൽപ്പിക്കാം.ന്റുപ്പുപ്പാക്ക് ഒരാനേണ്ടേർന്ന്. വ്യക്തികൾക്കെന്ന പോലെ വ്യക്തികളുടെ കൂട്ടങ്ങൾക്കും ഈ ഭൂതകാലാഭിരതി വലിയ സംഭവമാണ്. നമ്മുടെ സമൂഹം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്ന കഥകളിലെ ഏറ്റവും പ്രധാനപ്പെട്ടവയാണല്ലോ ഇതിഹാസങ്ങളും അതിലെ കഥകളും. സാധാരണ മനുഷ്യർക്ക് വലിയൊരളവോളം ഇത് നിരുപദ്രവകരമായ ഒരു ആനന്ദ സംഗതി മാത്രമാണ്. മനുഷ്യർ കഥകൾ കേട്ട് ആനന്ദിക്കുന്നതിലും, ആ കേൾക്കുന്ന കഥകൾ അവ കെട്ടുകഥയാണെങ്കിൽ പോലും യാഥാർഥ്യമെന്ന് കരുതുന്നതിലും എന്ത് പിശകാണുള്ളത്. പക്ഷെ, ഇതിലേക്ക് നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള രാഷ്ട്രീയസംഘങ്ങൾ ഇടപെടുമ്പോൾ കളി മാറുന്നു. രാമൻ ജനിച്ച സ്ഥലം ഇന്ന സ്ഥലത്താണ് എന്ന ഒരു തെളിവുമില്ലാത്തൊരു കഥ അതിന്റെ നിരുപദ്രവകരമായ നൊസ്റ്റാൾജിയാ സ്വഭാവം കൈവെടിഞ്ഞ് ഭീമാകാരമാകുന്നു. ഇവിടെ ഈ പള്ളി വന്നത് ക്ഷേത്രം തകർത്താണ് എന്ന കഥ അതോട് ചേരുന്നു, അതോടെ അത്ര ചരിത്രപ്രധാനമായൊരു കെട്ടിടം പൊളിച്ച് കളയുന്നത് കുറ്റകരമല്ലാതാകുന്നു. ആ കുറ്റം ചെയ്തവർക്ക് ലാഭമാണ് കിട്ടുക. പിന്നീട് അവിടെ തന്നെ മറ്റൊരു ക്ഷേത്രം പണിയുന്നത് നിയമത്തിന്റെ തന്നെ അനുവാദം കിട്ടുന്നതോടെ ആ കുറ്റം കുറ്റമല്ലാതായി തന്നെ മാറുന്നു. ഇങ്ങനെ അധികാരം എന്ന വലിയ നേട്ടം ഉറപ്പായും കിട്ടുന്ന പണിയാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്ക് ഇത്തരം കുറ്റങ്ങൾ. ഭൂതകാലാഭിരതിയുടെ അക്രമോത്സുകതയ്ക്കുള്ള കരുത്ത് മറ്റൊന്നിനുമില്ല. 


Photo: PTI

സെങ്കോലിലേക്ക് തിരിച്ച് വരാം. സെങ്കോലിന്റെ രാഷ്ട്രീയ, ചരിത്രപ്രാധാന്യത്തിന് ഒരു തെളിവും ഹാജരാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ല ഇതെഴുതുന്ന സമയം വരെ. അനേകർ അനേക തരം സമ്മാനങ്ങൾ സ്വാതന്ത്ര്യ ലബ്ധിയുടെ കാലത്ത് നമ്മുടെ നേതാക്കൾക്ക് നൽകിയിരിക്കണം. രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവരുടെയും ആവശ്യമായിരുന്നല്ലോ. ദേശീയപ്രസ്ഥാനത്തിന്റെ അവസാന വർഷങ്ങളൊക്കെ ആകുമ്പോഴേക്ക് അത് സകല ഇന്ത്യക്കാരുടെയും ഏറ്റവും അടിയന്തര ആവശ്യം എന്ന പോലെ ജനകീയമായിക്കഴിഞ്ഞിരുന്നു. അത്‌കൊണ്ട് തന്നെ സ്വാതന്ത്ര്യം യാഥാർഥ്യമായ ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പലരും നമ്മുടെ നേതാക്കളെ കാണാനും തങ്ങളുടെ സന്തോഷം കൈമാറാനും രാജ്യതലസ്ഥാനത്തേക്ക് എത്തിക്കാണണം. അത്തരക്കാരിൽ പലരും അവരവരുടെതായ സമ്മാനങ്ങളും സുവനീറുകളും കൈമാറിയും കാണണം. ഇത് കോമൺ സെൻസ് വെച്ച് ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അവരവർക്ക് പ്രാധാന്യം തോന്നുന്ന വസ്തുക്കളാകുമല്ലോ അത്തരക്കാരൊക്കെ നൽകിയിട്ടുണ്ടാവുക. അതിലൊന്നാകണം ഈ സെങ്കോൽ എന്ന് വിചാരിക്കാനാണ് കാരണമുള്ളത്. അവരത് കൈമാറി. ആ ചരിത്രസന്ദർഭത്തിന്റെ വലുപ്പത്താൽ വിനീതനാക്കപ്പെട്ട നെഹ്രു ഇത്തരം കാര്യങ്ങളോടുള്ള ബദൽ അഭിപ്രായങ്ങളെ പ്രകടിപ്പിക്കേണ്ട സമയമല്ല അതെന്ന് കണ്ട് അത് ഏറ്റ് വാങ്ങുകയും, മാറ്റി വെയ്ക്കുകയും ചെയ്തിരിക്കണം. അങ്ങനെയല്ലാതെ അധികാരകൈമാറ്റത്തിന്റെ സർവ്വസമ്മതമായൊരു പ്രതിനിധാനം എന്ന നില നിശ്ചയമായും അതിനുണ്ടായിരുന്നില്ല. ഇതിനകം തന്നെ അതിനുള്ള തെളിവുകൾ വന്നിട്ടുണ്ട്. ഒരു ചരിത്ര ഗ്രന്ഥങ്ങളിലും ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പരാമർശങ്ങളില്ല, ഹിന്ദുത്വക്കാരായ അക്കാലത്തെ പ്രമുഖർ പോലും ഒരു കാലത്തും ഇതെക്കുറിച്ച് എഴുതിയിട്ടില്ല. അത് കൊണ്ട് തന്നെ കേന്ദ്രം സെങ്കോൽ വെച്ച് ഇപ്പോൾ ചെയ്യുന്നത് ന്യായമായ കാര്യമല്ല എന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. വളരെ ചെറിയൊരു കൂട്ടത്തിന്റെ നൊസ്റ്റാൾജിയയെ തിരഞ്ഞ് പിടിച്ചെടുത്ത് ഉപയോഗിക്കുകയാണ് സംഘപരിവാര സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത് എന്നർഥം. രാമക്ഷേത്രത്തിന്റെ കാര്യത്തിൽ വളരെ വലിയൊരു ജനവിഭാഗത്തിന്റെയായിരുന്നു ആയുധമാക്കപ്പെട്ട നൊസ്റ്റാൾജിയ എങ്കിൽ ഇവിടെ അത് പോലുമില്ല. ഭൂതകാലത്ത്, സ്വാതന്ത്ര്യസമരകാലത്ത് നിങ്ങൾക്ക് വലിയ നേതാക്കളില്ലെങ്കിൽ അവർക്കൊപ്പം തലപ്പൊക്കമുള്ള ഒരു നേതാവെന്ന് ഇക്കാലത്ത് ഉള്ള ഒരു നേതാവിനെ വ്യാജമായി ചിത്രീകരിച്ചെടുക്കുക, ഭൂതകാലത്ത് നിങ്ങൾക്ക് വലുതായ സംഭവങ്ങൾ ഇല്ലെങ്കിൽ അവ ഉണ്ടെന്ന മട്ടിൽ ചിത്രീകരിച്ച് സ്ഥാപിച്ചെടുക്കുക, ഇക്കാലത്ത് ആയുധമാക്കിയെടുക്കാനാവുന്നത്ര വലിയ നൊസ്റ്റാൾജിയ ഇല്ലെങ്കിൽ എവിടെ നിന്നെങ്കിലും അത്തരമൊരു ചെറിയ സംഗതിയെ എടുത്ത് വലിയതെന്ന് ആഘോഷിച്ച് അതിനെ ആവശ്യത്തിനായി ഉപയോഗിക്കുക. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. പണിയറിയാവുന്ന സംഘമാണ് ഈ പരിവാരം എന്നതിനാൽ സർവ്വസമ്മതമായ നൊസ്റ്റാൾജിയ ഒന്നും ഇത്തരം കാര്യങ്ങൾക്ക് തങ്ങൾക്ക് ആവശ്യമില്ല എന്ന് കൂടെയാണ് ഇപ്പോളവർ തെളിയിച്ചിരിക്കുന്നത്. 

ഭൂതകാലത്തെ കാര്യങ്ങളെ (അവ യഥാർഥമോ കൽപ്പിതമോ എന്നതിന് പ്രസക്തിയില്ല) ഉപയോഗിക്കുന്നതിന് നമ്മുടെ രാജ്യത്ത് നിന്ന് മാത്രമല്ല തെളിവുള്ളത്. ഗ്യോർഗി ഗോസ്പോഡിനോവ് തന്നെ ട്രംപിന്റെ വരവും ബ്രെക്സിറ്റും പോലുള്ള സംഭവങ്ങളെ ചൂണ്ടിയാണ് ഈ പ്രയോഗത്തെയും അദ്ദേഹത്തിന്റെ നോവലിന്റെ വരവിനെയും വിശദീകരിക്കുന്നത്. തുർക്കിയിൽ നിന്നാണ് മറ്റൊരു ഉദാഹരണം. ഇതെഴുതുമ്പോൾ അവിടെ റജബ് ത്വയ്യിബ് എർദോഗൻ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടക്കുകയാണ്. 20 വർഷം ഭരിച്ച ഇസ്ലാമിസ്റ്റായ എർദോഗൻ ഇത്തവണ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു പലരും. കെമാൽ കിലിച് തരോലു എന്ന എതിരാളി കരുത്തനാണ് എന്ന് കണക്കാക്കപ്പെട്ടിരുന്നു. പ്രതിപക്ഷ കൂട്ടായ്മയിൽ പല പാർട്ടികളുമുണ്ടായിരുന്നു. ഒന്നാം ഘട്ടത്തിൽ വിജയിക്കാനുള്ള അവസരം ഇവർ ചേർന്ന് എർദോഗന് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ എർദോഗൻ തന്നെ വിജയിച്ചു. ഇക്കാലത്തിനിടയിൽ ആ രാജ്യം കണ്ട ഏറ്റവും ശക്തമായ പോരാട്ടത്തിലും ഏറ്റവും നേരിയ ഭൂരിപക്ഷത്തിലും അദ്ദേഹം വിജയിച്ചത് തുടർചർച്ചകൾക്ക് വലുതായി കാരണമായിട്ടുണ്ട്.


റജബ് ത്വയ്യിബ് എർദോഗൻ | Photo: PTI

അനേകവിശ്വാസപ്രമാണങ്ങൾക്കകത്ത് ജീവിക്കുന്ന മനുഷ്യരുള്ള നാടാണ് തുർക്കി. ഓട്ടോമൻ സാമ്രാജ്യ കാലം തൊട്ടും അതിന് മുമ്പും ഉള്ള ആ പ്രദേശത്തിന്റെ സമൂഹജീവിതത്തിൽ ഭാരതത്തിലെന്ന പോലെ തന്നെ അനേക വിശ്വാസകഥകൾ ഉണ്ട്, അവിടത്തെ സമൂഹത്തിന്റെ ഷെയേഡ് ചരിത്രമായിട്ട്. എല്ലാവർക്കും അറിയാവുന്ന, എല്ലാവർക്കും ഇഷ്ടമുള്ള കഥകൾ. അവരുടെ നൊസ്റ്റാൾജിയ. അതിലൊന്നാണ് ഹാഗിയ സോഫിയ പള്ളിയുടേത്. ആയിരം വർഷത്തോളം അത് ക്രിസ്ത്യൻ പള്ളിയായിരുന്നു, ഓട്ടോമൻ കാലത്ത് മുസ്ലീം പള്ളി. ആധുനിക തുർക്കി ഉണ്ടായപ്പോൾ അതിന്റെ സ്ഥാപകനായ മുസ്തഫാ കമാൽ അത്താതുർക്ക് അതിനെ മ്യൂസിയം ആക്കി മാറ്റി, സെക്യുലർ മ്യൂസിയം. സെക്യുലർ ഭരണകൂടം വീണ ശേഷമുള്ള ഭരണാധിപനായി വന്ന എർദോഗൻ 2020 ൽ അതിനെ മുസ്ലീം പള്ളിയാക്കി മാറ്റി. തുർക്കിയിലെ മുസ്ലീങ്ങൾക്ക് നഷ്ടപ്പെട്ട് പോയിരുന്ന ഈ പള്ളിയെ ഞാനിതാ തിരിച്ച് പിടിച്ചിരിക്കുന്നു എന്നാണ് എർദോഗൻ നാടിന് കൊടുക്കാനുദ്ദേശിച്ച സന്ദേശം. ഇത്തവണത്തെ ആദ്യവോട്ടെടുപ്പ് ദിവസം ഹാഗിയ സോഫിയയിൽ ആയിരുന്നു എർദോഗൻ, അവിടെയാണ് അദ്ദേഹം പതിവ് പ്രാർഥനയിൽ പങ്കെടുത്തത്. സന്ദേശങ്ങൾ വ്യക്തമാണല്ലോ. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് കാരണം ഈ മതപരമായ ഓർമ്മയുണർത്തലും, അത് വെച്ചുള്ള ദേശീയതാ വാദവും ആണെന്ന് എല്ലാ തുർക്കി നിരീക്ഷകരും പറയും. 

ഈ കളി ആർക്കും കളിക്കാവുന്നതല്ലേയുള്ളൂ എന്ന് തോന്നുന്നവരുമുണ്ടാകും. ഭൂതകാലം ആർക്കും കളിക്കാവുന്നൊരു കളിക്കളമാണല്ലോ. പക്ഷെ, വലത് പക്ഷക്കാരാണ് അതിൽ എപ്പോഴും ഏറ്റവും വിജയിക്കുക. വലതുപക്ഷക്കാർക്ക് ഭൂതകാലത്ത് നിന്ന് വസ്തുതകൾ തന്നെ വേണമെന്നില്ലല്ലോ. നല്ല രസമുള്ള കഥകൾ തന്നെയും മതി. മതവിശ്വാസവുമായി ബന്ധപ്പെട്ട കഥകൾ കൂടെയാണ് അവയെങ്കിൽ വിജയം ഉറപ്പാണ്. നിങ്ങളുടെ നൊസ്റ്റാൾജിയയാണ് ഈ അമ്പലം അല്ലെങ്കിൽ പള്ളി എന്ന് ജനത്തോട് പറയുക. നഷ്ടപ്പെട്ട് പോയ ആ ഭൂതകാലാടയാളത്തിന് വേണ്ടി ഞാനിതാ പ്രവർത്തിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുക. ഇത് വിജയമുണ്ടാക്കും എന്ന് ഏകാധിപത്യസ്വഭാവമുള്ള നേതാക്കൾക്ക് അറിയാം. അവരത് ചെയ്യുകയും വിജയിക്കുകയും ചെയ്യുന്നതാണ് നമ്മൾ എല്ലായിടത്ത് നിന്നുമിപ്പോൾ കാണുന്നത്. 


ഹാഗിയ സോഫിയ | Photo: Wiki Commons

മതേതരമായ നൊസ്റ്റാൾജിയകളും എല്ലാ നാടുകൾക്കും കാണും. ഹാഗിയാ സോഫിയയുടെ കാര്യത്തിൽ, അത് മ്യൂസിയം ആയിരുന്ന കാലത്തെ ഇഷ്ടത്തോടെ ഓർക്കുന്ന സെക്യുലറിസ്റ്റുകൾ അവിടെ ഇല്ലാഞ്ഞിട്ടല്ല. അവർ കൂടെ ചേർന്നാണ് തുർക്കിയിൽ എർദോഗൻ തോൽക്കുമോ എന്ന് ഭയക്കുന്ന വിധമുള്ളൊരു കടുത്ത മത്സരം കൊടുത്തത്. ഇപ്പോൾ ഇസ്ലാമികഭൂതകാലാഭിരതി വിജയിച്ച് നിൽക്കുന്നെന്നേയുള്ളൂ, എത്ര അടിച്ചമർത്തപ്പെട്ടാലും മതേതരമായ ഒരു ബദൽ രാഷ്ട്രീയത്തിന് ആ നാട്ടിൽ വിജയമൂല്യം ഇപ്പോഴുമുണ്ട് എന്ന്. ഇന്ത്യയ്ക്ക് പക്ഷെ മതനൊസ്റ്റാൾജിയാ സാമഗ്രികളല്ലാതെ, മതേതരമായ അത്തരം കാര്യങ്ങൾ എന്താണുള്ളത് എന്ന സംശയമാണ് വരിക. നമ്മുടേത് എക്കാലത്തും വളരെയേറെ സങ്കീർണമായ വിശ്വാസസംഗതികൾ ഉണ്ടായിരുന്ന വലിയൊരു പ്രദേശം. ജാതി എന്ന അടരടരായതും അതിസങ്കീർണവുമായൊരു സംവിധാനം എത്രയോ ആഴത്തിൽ വേരൂന്നിയിട്ട്, അതിനെ അതിലംഘിക്കുന്ന ഒരു കൂട്ട് ആനന്ദ സാമഗ്രികൾക്കും വാഴ്‌വ് നൽകാത്ത ഒരു രാജ്യം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സംഘപരിവാരം അധികാരത്തിന് പുറത്തായിരുന്ന പത്തെഴുപത് കൊല്ലങ്ങൾ കൊണ്ടും ഇവിടത്തെ രാഷ്ട്രീയ, സാമൂഹ്യ സൊസൈറ്റിക്ക് അങ്ങനെയൊരു മതേതര സാമഗ്രി ഉണ്ടാക്കാനായിട്ടില്ല എന്നാണ് വിശദമായി നോക്കിയാലും നമ്മള് കാണുക. കേരളത്തിൽ അതല്ല സ്ഥിതി. ഇവിടെ മതേതരത്വത്തിന് വേറൊരു തരം ശക്തിയുണ്ട്. വിശ്വാസങ്ങൾക്കപ്പുറത്ത് ഒത്ത് ചേർന്ന് ജീവിക്കാനാകുന്ന വിധം കൂട്ട് ജീവിത കഥകൾക്കും മറ്റും വലിയ വേരോട്ടമുണ്ട്. ഇന്ത്യയ്ക്കാകെ നോക്കിയാൽ അത്തരം സാമഗ്രികൾക്ക് വലിയ കുറവുണ്ട് എന്ന് കേരളത്തെ വെച്ച് അളന്ന് നോക്കുമ്പോൾ നമുക്ക് കൂടുതലായി മനസ്സിലാവുകയും ചെയ്യും. 

ഭൂതകാലാഭിരതി എളുപ്പത്തിൽ ആയുധമാക്കാവുന്ന ഒന്ന് തന്നെ. എന്നാലിതിനെ മറികടക്കൽ അസാധ്യമായതൊന്നുമല്ല. വർത്തമാനജീവിതത്തെ അത് ജീവിക്കുന്നവർക്ക് മുന്നിൽ തന്നെ മുഖാമുഖം കൊണ്ട് വെച്ച് ഇത്തരം പിന്തിരിപ്പൻ രാഷ്ട്രീയക്കളികളെ നേരിടാവുന്നതേയുള്ളൂ. ആത്യന്തികമായി ഇന്നത്തെ ജീവിതം വെച്ചാണ് രാഷ്ട്രീയ തീരുമാനമെടുക്കേണ്ടത് എന്ന കാര്യം വോട്ടർമാരെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇത് ഫലമുണ്ടാക്കിത്തരും. അത്തരം സാഹചര്യങ്ങൾ വന്നാൽ എല്ലാതരം മതനൊസ്റ്റാൾജിയകളെയും മറികടന്ന് ജനം ഒന്നിച്ചങ്ങ് നിൽക്കാറാണ് ചരിത്രത്തിലെ പതിവ്. ഇത്ര കൂടെ എഴുതി നിർത്തിയാലേ ഈ കുറിപ്പ് പൂർണമാവുകയുള്ളൂ.


#outlook
Leave a comment