TMJ
searchnav-menu
post-thumbnail

Outlook

അഹിംസ എന്ന തത്വചിന്ത

30 Nov 2023   |   7 min Read
എസ് ജോസഫ്

'പരമാധികാരത്തിന്റെ സവിശേഷതകളിലൊന്ന് ജീവിതത്തിന്റെയും മരണത്തിന്റെയും അവകാശമായിരുന്നു.'
-മിഷേല്‍ ഫൂക്കോ

എന്തുകൊണ്ടാണ് ആളുകള്‍ തമ്മില്‍കൊല്ലുന്നത്? കാരണം ഇതുവരെ മനസ്സിലാക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. എല്ലാ ദിവസവും ഉള്ള കേരളത്തിലെ കൊലപാതകങ്ങള്‍ ദു:ഖിപ്പിക്കുന്നു. എല്ലാവരും സ്‌നേഹത്തോടെ ജീവിക്കണമെന്നും ആത്മീയമായ മമത ഉള്ളില്‍ നിറയ്ക്കണമെന്നും ഞാന്‍ കരുതുന്നു. അമ്മയെ, അച്ഛനെ കൊല്ലുന്നവര്‍, സുഹൃത്തിനെ, ശത്രുവിനെ കൊല്ലുന്നവര്‍. സ്ത്രീകളെ കൊല്ലുന്നവര്‍. എന്തൊരു ജീവിതമാണിത്. എന്തൊരു അജ്ഞതയാണിത്?

ഇവിടെ ഡൈലന്‍ തോമസിന്റെ ഒരു കവിത ഓര്‍ക്കുകയാണ്. അതിലെ ഒരാശയം ഇങ്ങനെയാണ്. രണ്ട് ഫോഴ്‌സുകള്‍ ഒരേ സമയം നിലനില്‍ക്കുന്നു. സൃഷ്ടിപരമായ ശക്തിയും നാശകരമായ ശക്തിയും. ഇവ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഏതാണ് ജയിക്കുക എന്ന് പറയാന്‍ ആവില്ല. ഗാന്ധി നിര്‍മ്മാണ ശക്തിയും ഗോഡ്‌സേ നശീകരണ ശക്തിയും ആയിരുന്നു. രണ്ടു പേരും ആശയങ്ങളെ മുറുകെ പിടിച്ചു. ഗാന്ധിയുടെ മരണം ഗാന്ധിയെ അനശ്വരനാക്കി. ഗോഡ്‌സേയാകട്ടെ നിരന്തര നശ്വരതയില്‍ ഇപ്പോഴും ജീവിക്കുന്നു. ഗാന്ധിവധം സംഭവിച്ചതിലെ രണ്ട് ഫോഴ്‌സുകളാണ് ഗാന്ധിയും ഗോഡ്‌സേയും. നിര്‍മ്മാണശക്തിയായ ഗാന്ധി അനശ്വരനായതിലൂടെ ഗോഡ്‌സേയാണ് ശരിക്കും കൊല്ലപ്പെട്ടത്. കാരണം ഗാന്ധിയുടെ മരണം അവസാനം അല്ല. അത് ഗാന്ധി എന്ന പ്രതിഭാസത്തിന്റെ ജനനം കൂടിയായിരുന്നു. കായേന്‍ ആബേലിനെ കൊന്നതില്‍ ദൈവത്തിന്റെ ഒരു കളിയുണ്ട്. ദൈവത്തിന് കൂടുതല്‍ ഇഷ്ടം ആബേലിനോടായിരുന്നു. കായേന്‍ Bare life ല്‍ ആകുന്നു. പുറത്താക്കപ്പെടുന്നു. കറുത്തവരുടേയും ജിപ്‌സികളുടേയും ഒക്കെ പിന്‍മുറക്കാരന്‍ ആകുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ഒരു സംസ്ഥാനമായിരുന്നു കേരളം. ഇന്നത് കുറഞ്ഞു. എന്നാല്‍ പൊതുസമൂഹത്തില്‍ ക്രൈം റേറ്റ് കൂടി. ഇതിനെ പഠിക്കേണ്ടത് സാമൂഹ്യശാസ്ത്രത്തിന്റെ ഭാഗമായാണ്. അത് എനിക്ക് അറിയാത്ത മേഖലയാണ്. സ്ത്രീകളുടെ ഭാഗത്തു നിന്നുള്ള കുറ്റകൃത്യങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച്തുലോം കുറവാണ്. ലോകത്തെല്ലായിടത്തും അങ്ങനെയാണ്. കുട്ടികളും വൃദ്ധരും ഒരു പരിധിവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നു. അപ്പോള്‍ യുവാക്കളും മധ്യവയസ്‌കരുമാണ് കൂടുതലായും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്ന് മനസ്സിലാക്കാം. സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മാണ ശക്തിയാണ് യുവാക്കള്‍. അവരുടെ ഇടയില്‍ത്തന്നെയാണ് ഏറ്റവും കൂടുല്‍ കുറ്റകൃത്യങ്ങളും. കേരളജനത സാമൂഹ്യനിയമങ്ങളെ വേണ്ടവണ്ണം പാലിക്കുന്ന ഒരു ജനതയല്ല. അതിന്റെ കാരണം വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയാണ്. അന്തസാരമില്ലാത്ത വിദ്യാഭ്യാസം ആണ് അതിന്റെ പ്രധാന കാരണം. വിദ്യാഭ്യാസം കച്ചവടമായി. മറ്റൊന്ന് സമ്പന്നതയുടെ ഭാഗമായ കുറ്റകൃത്യങ്ങള്‍ പൊതുസമൂഹത്തെ അസന്തുലിതമാക്കുന്നു എന്നതാണ്.

മഹാത്മാ ഗാന്ധി | PHOTO: WIKI COMMONS
ഒരാളുടെ കുറ്റകൃത്യത്തിനുള്ള ശിക്ഷ മരണമായിരിക്കുമെന്ന കോടതിയുടെ തീരുമാനം-എന്നാണ് മരണശിക്ഷയ്ക്കുള്ള (Death sentence) ബ്രിട്ടാനിക്ക നിഘണ്ടുവിന്റെ നിര്‍വ്വചനം. കുറ്റകൃത്യത്തിന്റെ കാഠിന്യമനുസരിച്ച് വര്‍ഷങ്ങള്‍ നീളുന്ന തടവുശിക്ഷകള്‍ ഉണ്ട്. മനുഷ്യായുസിന്റെ അതിരിനപ്പുറം വരെ ശിക്ഷയുണ്ടാകാം. തന്റെ കുറ്റകൃത്യം, കുറ്റകൃത്യങ്ങള്‍ മൂലം പൊതുസമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ട ഒരാള്‍ക്കാണ് തടവുശിക്ഷ. മരണശിക്ഷ കാത്ത് വര്‍ഷങ്ങളോളം അയാള്‍ തടവില്‍ കിടക്കുന്ന അവസ്ഥയോര്‍ത്തു നോക്കുക. അത് എത്ര ഭീകരമാണ്. പിന്നീട് നീട്ടിവച്ച് നീട്ടിവച്ച് ഒരു ദിനം അയാളെ തൂക്കിക്കൊല്ലുന്നു. അയാള്‍ എപ്പഴേ മരിച്ചു കഴിഞ്ഞിരിക്കണം. ഇത് നടപ്പിലാക്കുന്ന നിയമവ്യവസ്ഥയ്ക്കും ഈ വ്യവഹാരം ക്ലേശകരമാണ്, ചിലപ്പോള്‍ ഒരു പരിധിവരെ ദുഃഖകരവും. വിധി പൂര്‍ണമായും നടപ്പിലാക്കുന്നത് ആരാച്ചാര്‍ ആണ്. അയാളാകട്ടെ ഒരു ഉദ്യോഗസ്ഥനല്ല. അയാള്‍ക്ക് മരണാര്‍ഹനുമായി യാതൊരു ബന്ധവുമില്ല. അയാള്‍ നിര്‍വികാരനാണ്. അയാള്‍ചെയ്യുന്നത് മറ്റൊരു കൊലപാതകമാണ്. നിര്‍വികാരവും അയാളെ സംബന്ധിച്ചിടത്തോളം അകാരണവുമായ കൊലപാതകമാണത്. അതാണ് ഭീകര കൊലപാതകം. അയാളുടെ സമൂഹത്തിലെ സ്ഥാനം എന്താണ്? അയാളുടെ ജാതിഎന്താണ്? സാമ്പത്തികാവസ്ഥ എന്താണ്? കുടുംബ ജീവിതം എന്താണ്? അയാളുടേത് എത്ര ആസൂത്രിതമായ ഒരു കൊലപാതകമാണ്. എത്ര ബോധപൂര്‍വമായാണത് നടപ്പിലാകുന്നത്. അതിന് ഒരു നാള്‍വഴി തന്നെയുണ്ട്. അയാള്‍ക്ക് പാപബോധം ഉണ്ടോ? കൊടും കുറ്റവാളിയായ അംഗുലീമാലനെ ബുദ്ധന്‍ ശിഷ്യനാക്കി. ക്രിസ്തു പാപികളെ നന്മയുള്ളവരാക്കി. ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്രം നടപ്പിലാക്കുന്നസ്ഥാപനമായ കോടതി ചെയ്യുന്നത് ഉന്മൂലനം ആണ്. മുമ്പ് നക്‌സലുകള്‍ ചെയ്തതും അതാണ്. കണ്ണിന് പകരം കണ്ണ്, കൈയ്ക്കുപകരം കയ്യ് എന്ന പ്രാകൃതമായ ശിക്ഷാവിധികളെ ക്രിസ്തു ചോദ്യം ചെയ്തിട്ടുണ്ട്.

ഒരാള്‍ കുറ്റവാളിയാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ചിലത് വ്യക്തമാണ്. ചിലത് അവ്യക്തമാണ്. മുമ്പു പറഞ്ഞ പോലെ സാഹചര്യം ഒരു കാരണം ആണ്. അറിവില്ലായ്മ, മാനസികമായ തകര്‍ച്ച, കുടുംബത്തകര്‍ച്ച, സ്വത്തു തര്‍ക്കം, പ്രതികാരദാഹം. രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ക്ഷിപ്രകോപം,സാമ്പത്തിക വിഹിതത്തിലെ തര്‍ക്കം, ക്രിമിനല്‍ പശ്ചാത്തലം എന്നിവയും കാരണമാണ്. ഹിന്ദുമതത്തില്‍ കൃഷ്ണനും രാമനും എത്ര കൊലപാതകങ്ങളാണ് നടത്തിയിട്ടുള്ളത്? അവരെ എന്താണ് അറസ്റ്റ് ചെയ്യാതിരുന്നത്? ക്രിസ്തുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും പേരില്‍ എത്ര യുദ്ധങ്ങളും കൊലപാതകങ്ങളുമാണ് നടന്നിട്ടുള്ളത്. ബൈബിളിനും ഖുറാനും അതിലുള്ള പങ്ക് എന്ത്? സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം ദൈവം പരിശുദ്ധന്‍ എന്ന് ക്രിസ്തുവിനെ എന്തിന് വര്‍ണിച്ചു. ബദര്‍ യുദ്ധത്തെ എന്തിന് ആദര്‍ശവല്‍ക്കരിക്കുന്നു?ഫാഷിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പേരില്‍ എത്ര കൊലപാതകങ്ങള്‍ നടന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ എത്ര? ഈ മതങ്ങളേയും രാഷ്ട്രീയ ചിന്താഗതികളേയുംമനസ്സിലാക്കുന്ന മനുഷ്യര്‍ കൊല ചെയ്യുന്നതില്‍ എങ്ങനെയാണ് തെറ്റു കണ്ടെത്തുക? ആശയങ്ങള്‍ ആണ് മനുഷ്യരെ സ്വാധീനിക്കുന്നത്.

ശത്രുക്കളെ കൊല്ലുന്നതിനെ ന്യായീകരിക്കുന്നതാണ് സിനിമകള്‍ എല്ലാം. സിനിമയില്‍ നായകനും വില്ലനും വരുന്നു. വില്ലന്‍ നായകനെ കൊല്ലുന്നു. നായകന്‍ വില്ലനെ കൊല്ലുന്നു. സാധാരണ ഒരു സിനിമയില്‍ സംഭവിക്കുന്നതിതാണ്. ഇതാണ് സാധാരാണ മനുഷ്യരെ സ്വാധീനിക്കുന്നത്. ദൈവവും ചെകുത്താനും എന്ന ഈ വൈരുദ്ധ്യം ഇല്ല എന്നും ചെകുത്താന്‍ ഇല്ല എന്നും മാര്‍പാപ്പ പറയുന്നതിന്റെ പൊരുള്‍ ഇതാണ്. തിന്മയും നന്മയും തമ്മിലുളള സംഘട്ടനമാണ് എല്ലാ യുദ്ധങ്ങളും. നായകന്‍ x വില്ലന്‍, നല്ലവന്‍ x ചീത്തയാള്‍ എന്ന ഈ ദ്വന്ദ്വാത്മകത സുഹൃദ്ബന്ധം, കുടുംബ ബന്ധം എന്നിവയെ എല്ലാം ബാധിക്കുന്നു. സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗങ്ങള്‍ ശത്രുമിത്രങ്ങള്‍എന്ന ദ്വന്ദ്വാത്മകത ഉള്ളതു കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ജനം അതില്‍ ആവേശം കൊള്ളുന്നു. ഒരു ഒറ്റ വ്യക്തിയുടെ ഘാട്ടാ ഗുസ്തിയാണ് അത്. ഭരണപക്ഷം x 
പ്രതിപക്ഷം, രാമന്‍ x രാവണന്‍, ദൈവം x ചെകുത്താന്‍ എന്ന വാര്‍പ്പില്‍ ഉണ്ടായതാണ് ഇതെല്ലാം. ഇതൊക്കെ അടിസ്ഥാന കാര്യങ്ങള്‍ ആണ്. ഈ മിത്തുകള്‍ എന്നും പ്രവര്‍ത്തിച്ചിരുന്നു. ഈ മിത്തിക്കല്‍ ലോകത്താണ് കൊലപാതകിയും കൊല്ലപ്പെടുന്ന മനുഷ്യനും ഉള്ളത്. ഇതിന്റെ മഹാഖ്യാനമാണ് യുദ്ധം. അവിടെ കൊലപാതകികള്‍ക്ക് വീരപരിവേഷം കിട്ടുന്നു. അതിനായി അവര്‍ ആയുധങ്ങള്‍ക്കും ടാങ്കുകള്‍ക്കും പിന്നില്‍ മറഞ്ഞിരിക്കുന്നു.

സുനില്‍ പി. ഇളയിടം | PHOTO: TMJ
മോശയ്ക്ക് ദൈവം കൊടുത്ത കല്പനകളില്‍ അഞ്ചാമത്തേതാണ് കൊല്ലരുത് എന്നത്. യഹൂദരും ക്രിസ്ത്യാനികളും ഒരു പോലെ ഇത് പഠിക്കുന്നുണ്ട്. (പക്ഷേ പലരും പാലിക്കാറില്ല) സമാനമായ അഹിംസാ ചിന്തയാണ് ജൈനമതത്തിലും ബുദ്ധമതത്തിലും ഉള്ളത്. ജൈന മതമാണ് ഈ ആശയത്തെ മുറുകെ പിടിച്ചിട്ടുള്ളത്. ബ്രാഹ്‌മണിക്ക് ചിന്തയ്ക്ക് എതിരേ വന്നതാണ് അഹിംസാ സിദ്ധാന്തം. ബുദ്ധന്‍ യാഗം വിലക്കുന്നത് അത് മൃഗഹിംസയായതു കൊണ്ടല്ല. മറിച്ച് ഒരാവശ്യവുമില്ലാത്ത യാഗമെന്നവ്യര്‍ത്ഥമായ ആചാരത്തിനായി മൃഗഹിംസ നടത്തുന്നതുകൊണ്ടാണ്. ബുദ്ധന്റെ കാലത്ത് യാഗങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിരിക്കണം. അതുകണ്ട് പൊറുതിമുട്ടിയിട്ടാകും ബുദ്ധന്‍ യാഗം വിലക്കിയത്. ഭക്ഷണാവശ്യത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനെ അദ്ദേഹം വിലക്കിയിട്ടില്ല. അതുപോലും ജൈനന്മാര്‍ വിലക്കിയിരുന്നു. അതാണ് ജൈന മതം ക്ഷയിക്കാന്‍ കാരണം. ബുദ്ധമതം ഇന്ത്യയില്‍ ക്ഷയിച്ചു എങ്കിലും ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും അടിസ്ഥാനങ്ങളാണ് ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട ഒരു സമാധാന രാഷ്ട്രമാക്കി മാറ്റിയത്. താത്വികമായി ഹിന്ദുമതം ഹിംസാപരമാണ്. ഹിന്ദു ദൈവങ്ങള്‍ പലരും കൊലപാതകികളാണ്. അസുര നിഗ്രഹം ആണ് പ്രധാന പരിപാടി. അസുരന്‍മാര്‍ എന്നത് പിശാചവല്‍ക്കരിക്കപ്പെട്ട തദ്ദേശീയര്‍ ആണ്. പക്ഷേ അത്ഭുതം എന്നു പറയട്ടെ ലോക പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍സമാധാന പ്രിയരാണ് പൊതുവേ ഹിന്ദുക്കള്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധി വന്നതോടെ അഹിംസ (അക്രമരാഹിത്യം) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ഐക്കന്‍ ആയി മാറി. ജൈന മതത്തില്‍ നിന്നെടുത്ത സത്യഗ്രഹവും, ആര്‍ത്തിയില്ലാത്ത ഉപഭോഗവും ദാരിദ്ര്യവും യന്ത്രനിയന്ത്രണവും സ്വദേശി ബോധവും ഒക്കെ പ്രധാനമായി. യുദ്ധം എന്നത് പ്രതിരോധത്തിന്റെ മാത്രംനിലയിലെത്തി. മന്‍മോഹന്‍ സിംഗിന്റെ രണ്ടു ടേമിലും ഒരു യുദ്ധവും ഉണ്ടായില്ല. ഇക്കാലത്ത് ലോകമെങ്ങും നവ ഫാഷിസം വ്യാപിച്ചു. കെ.വേണു സൂചിപ്പിച്ചതു പോലെ ഇസ്ലാമിക ടെററിസം ലോകത്തിനു തന്നെ ആപത്തായി വന്നു. അതില്‍ ഭയന്ന ഇന്ത്യയിലെ ഹിന്ദു ഫാഷിസ്റ്റുകളും ആര്‍.എസ്.എസും, ബി.ജെ.പിയും നവഫാഷിസ്റ്റുകളായി പുനര്‍ജനിച്ചു. ഇന്ത്യയിലെ നവഫാഷിസ്റ്റ് മത ഭരണകൂടത്തിന് ലോകത്തെ പലരാജ്യങ്ങളും പിന്തുണ നല്കുന്നത് നമ്മള്‍ കാണുന്നു. കാരണം ഒരു തരം ഫാഷിസ്റ്റുകളാണ് ഇന്നത്തെ ഇന്ത്യയിലെപ്പോലെ ലോകത്തെങ്ങുമുള്ളത്. അവരുടെ പ്രധാന ശത്രുഇസ്ലാമികതയും ഇസ്ലാമിക ടെററിസവുമാണ്. ഇസ്ലാമോ ഫോബിയ അതിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടതാണ്. ഇന്ന് യൂറോപ്യന്‍ ക്രിസ്റ്റ്യാനിറ്റി ഒരു ശക്തിയേയല്ല. മതത്തിന്റെ ഫാഷിസ്റ്റ് പവര്‍ യൂറോപ്പില്‍ ഇല്ല. അതേസമയം ഇസ്ലാമിക രാജ്യങ്ങള്‍ മതഭരണകൂടങ്ങള്‍ ആണ്. ഭരണകൂടം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു. പൊതുവേ ഇസ്ലാമിക തീവ്രവാദികള്‍ ഒഴികേ ബാക്കി മുസ്ലീങ്ങള്‍ സമാധാന പ്രിയരാണ്. ഇന്ത്യയിലും ഇസ്ലാം സമാധാനപ്രിയരാണ്. പക്ഷേ കുറ്റകൃത്യങ്ങള്‍ക്ക് മരണവിധിയാണ് ഇസ്ലാമിക രാജ്യങ്ങള്‍ നല്കുന്നത്. അത് ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ചാണ്.

ലോകത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഒരു ഏകീകൃത നിയമം ഉണ്ടാകുന്നതാണ് നല്ലത്. മതേതരമായ, ആധുനിക - ആധുനികോത്തര രീതിയിലുളള ശിക്ഷകള്‍ ആണ് നടപ്പിലാക്കണ്ടത്. അല്ലാതെ പ്രാചീന കാലത്തെ ശിക്ഷാ വിധികള്‍ അല്ല. കൊല്ലാന്‍ മനുഷ്യര്‍ക്ക് അവകാശം ഇല്ലാത്തതിനാല്‍ ആണല്ലോ കൊലയാളിക്ക് മരണശിക്ഷ വിധിക്കുന്നത്. അവിടെയാണ് അതിന്റെ ഐറണി കിടക്കുന്നത്. കൊല്ലാന്‍ പൗരന് അവകാശമില്ലെങ്കില്‍ ഭരണകൂടത്തിനും അവകാശമില്ല. മനുഷ്യാവകാശത്തിന്റെ പരമമായ അവകാശമായി ഇത് എഴുതിച്ചേര്‍ക്കേണ്ടതാണ്. സ്വാഭാവികമായും ഇത് കൊലപാതകങ്ങള്‍ കുറയ്ക്കാനാണ് സഹായിക്കുക എന്ന് ഞാന്‍ കരുതുന്നു. ഭരണകൂടം ഹിംസാപരവും ഏകാധിപത്യപരവും ആകുമ്പോഴാണ് വ്യക്തികള്‍ നശിക്കുന്നത്. ലോകം ഹിംസാപരമാണ് എന്നതാണ് സത്യം. അതിനെതിരേയുളള തത്വചിന്തയാണ് അഹിംസ. പക്ഷേ അത്പരാജയപ്പെടുന്നു. അതിന്റെ പരാജയം സ്വാഭാവികമാണ്. അതു കൊണ്ട് അഹിംസ എന്ന തത്വചിന്ത ഉപേക്ഷിക്കണം എന്നര്‍ത്ഥമില്ല. അതു കൊണ്ടാണ് ഇത് ഇവിടെ ചര്‍ച്ചാ വിഷയം ആകുന്നത്.

ബി ആർ അംബേദ്കർ | PHOTO: WIKI COMMONS
ശിക്ഷയുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: കഠിനവും ക്രൂരവുമായ ശിക്ഷകളായിരുന്നു മുമ്പ്. ശരീരത്തിന്റെ ഇരുവശത്തും കുതിരകളെ കെട്ടി വലിച്ചു കീറുക. ആനയെക്കൊണ്ട് തല ചവിട്ടിത്തെറിപ്പിക്കുക. വിഷം കുടിപ്പിക്കുക, ശൂലത്തില്‍ കയറ്റുക. കഴുവില്‍ കയറ്റുക, കുരിശുമരണം വിധിക്കുക. ഇതൊന്നും ഇന്നില്ല. ലോകത്ത് ശിക്ഷയുടെ കാര്യത്തില്‍ ഏറ്റവും വലിയ അട്ടിമറി നടന്നത് കുരിശുമരണത്തിന്റെ കാര്യത്തിലാണ്. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പാണത്. ക്രിസ്തുവിന് ശേഷവും കുരിശുമരണം വിധിച്ചിരുന്നു. പിന്നീട് നാം കാണുന്നത് കുരിശ് വന്ദ്യമായി മാറുന്നതും ലോകം മുഴുവനും പ്രാര്‍ത്ഥിക്കുന്ന ഒരു ഐക്കണ്‍ ആകുന്നതുമാണ്. എന്നാല്‍ അതിഭീകരമായ ശിക്ഷകള്‍ ഇപ്പോഴും തുടരുന്നു. ഗൊണ്ടാനാമോ ഒരു ഉദാഹരണമാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അനീതിയാണ്. പരമാധികാരത്തിന്റെ നിലനിലനില്‍പ്പിനുള്ള അതിക്രൂരമായ ശിക്ഷകള്‍ ആണ് റഷ്യ ഉക്രൈന്റെ മേല്‍ അടിച്ചേല്പിച്ചതും തുടര്‍ന്ന് ഇസ്രായേല്‍ പാലസ്തീന്റെ മേല്‍ അടിച്ചേല്പിച്ചതും.

അമേരിക്കയുടെ ശിങ്കിടിയാണ് ഇസ്രായേല്‍. ശ്രീലങ്കയില്‍ LTT യ്ക്ക് സംഭവിച്ചതുപോലുള്ള നിര്‍മൂലനം ആണ് ഹമാസിനെ കാത്തിരിക്കുന്നത് എന്ന് തോന്നുന്നു. എന്നാലും ഇസ്രായേലിനുള്ളത് അളന്നു കിട്ടും. ഇന്ത്യന്‍ സമൂഹം കൂടുതല്‍സ്വാതന്ത്ര്യമുള്ള രാജ്യമാണ് എന്നു പറയാം. പക്ഷേ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം ഇല്ല. പൗരന്മാര്‍ക്ക്ചുമതലകള്‍ ഉണ്ടാവണം താനും. സാമൂഹ്യ സുരക്ഷ കുറഞ്ഞ ഒരു രാജ്യം. ആരോഗ്യപരിപാലനം, തൊഴില്‍, വിദ്യാഭ്യാസം, സ്ത്രീ പുരുഷ തുല്യത എന്നീ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.പരമാധികാരത്തിനു കീഴില്‍ ബയര്‍ ലൈഫ് അനുഭവിക്കുന്ന സമൂഹം ഇവിടുണ്ട് എന്ന് അഗംബനെ വച്ചു പറയാം. അഹിംസ എന്നത് ഒരു തത്വചിന്തയായി ലോകത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണ്. ബൈബിള്‍ പഴയ നിയമത്തിലുണ്ടെങ്കിലും ക്രിസ്തുപറഞ്ഞെങ്കിലും അതൊന്നും പശ്ചാത്യ ജനതയോ പശ്ചിമേഷ്യന്‍ സമൂഹങ്ങളോഅറേബ്യന്‍ ആഫ്രിക്കന്‍ ചൈനീസ് ജനതയോഒന്നും അംഗീകരിച്ചില്ല. നിസാരമാണ് അഹിംസ എങ്കിലും അതനുസരിച്ച് ജീവിക്കുക പ്രയാസമാണ്.

മനുഷ്യന്റെ ഉള്ളില്‍ പരസ്പരം കൊല്ലാനുളള വാസനയുണ്ട്. കലകളും സാഹിത്യവുമാണ് അതിനെ ഒരു പരിധിവരെ നിയന്ത്രിക്കുന്നത്. മതങ്ങളിലെ ആശയങ്ങള്‍ക്കും പങ്കുണ്ടാകാം. പക്ഷേ മനുഷ്യന്‍ ഒരു വികാരജീവിയാണ്. ദേഷ്യവും വികാരക്ഷോഭവും കൂടി മനുഷ്യന്‍ അന്ധനാകുന്നു. ചിന്തയില്ലാതെ പോകുന്നു. സഹോദരന്‍, അമ്മ, അച്ഛന്‍, ഭാര്യ പിഞ്ചുകുഞ്ഞുങ്ങള്‍ ഒക്കെ കൊല്ലപ്പെടുന്നു. ഈ ദരിദ്ര രാജ്യത്ത് ലോകത്തിലെ ഏറ്റവും സമ്പന്നരും ഉണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുളള അന്തരം വലുതാണ്. അവിടെയാണ് കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നത്. പൊതുവില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലേ കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളു. ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന മനുഷ്യര്‍ ഇന്ത്യന്‍ സമൂഹത്തിലുണ്ട്. അധോലോകവും പ്രവര്‍ത്തിക്കുന്നു. കുറ്റവാളികളായി പിടിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനാണ് ശ്രമിക്കേണ്ടത്. (ഫൂലന്‍ ദേവിയെ പോലെ അവര്‍ക്കൊരു ജീവിത പശ്ചാത്തലം ഉണ്ടാകാം.) അതിനുളള പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌കരിക്കണം.അഹിംസ എന്ന വാക്ക് ശ്രദ്ധിച്ചാല്‍ അത് ഹിംസയെ നിഷേധിക്കുന്നതായി മനസ്സിലാക്കാം. ഹിംസയുടെ നിഷേധമാണ് അഹിംസ. അത് ഒരു ഫിലോസഫിക്കല്‍ വീക്ഷണമാണ്. നല്ലവരായ ധാരാളം മനുഷ്യര്‍ ഈ ലോകത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു ലോകമാണിത്. നന്മകള്‍ തിന്മകളാകുകയും തിന്മ ചെയ്തവര്‍ ആരാധിക്കപ്പെടുകയും ചെയ്യുന്ന ലോകം. കൊലപാതകികള്‍ എല്ലാവരും മാനസാന്തരപ്പെടുകയില്ല. എന്നാലും കൊലപാതകത്തിന്റെ ശിക്ഷ കൊലപാതകം അല്ല. മാനസാന്തരപ്പെടാനുള്ള അവസരം ഒരാള്‍ക്കും നിഷേധിക്കരുത്. കാരണം കുറ്റങ്ങള്‍ മനുഷ്യസഹജമാണ്.

PHOTO: PTI
അഹിംസ എന്ന തത്വചിന്ത ഇന്ത്യയില്‍ ഇന്നുണ്ടോ? സഹിഷ്ണുത, സത്യഗ്രഹം, (ചടങ്ങ് എന്ന നിലയില്‍ അല്ല, സത്യത്തെ ഗ്രഹിക്കല്‍, മുറുക്കെ പിടിക്കല്‍ ആണ് ഉദ്ദേശിക്കുന്നത്.) ലാളിത്യം എന്നീ ഗാന്ധിയന്‍ ആശയങ്ങള്‍ ഉണ്ടോ? ഇവയ്ക്കു സമാനമായി നിലകൊള്ളുന്ന സാമൂഹ്യതുല്യത, നിര്‍ജാതീയത എന്നീ അംബേദ്കറൈറ്റ് ആശയങ്ങള്‍ ഉണ്ടോ? ആര്‍ത്തി രഹിത സമൂഹത്തെ നിര്‍മ്മിക്കുന്ന ലാഭലക്ഷ്യമില്ലാത്ത സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉണ്ടോ? ഇവയ്ക്ക് ബദലായി ഇതുപോലുള്ള മൂല്യങ്ങളെ ആവിഷ്‌കരിക്കാന്‍ ഇനിയൊരു ഇന്ത്യയ്ക്ക് ആവുമോ? മത കേന്ദ്രിത ഭരണവും ലിബറല്‍ ക്യാപ്പിറ്റലിസവും ചേര്‍ന്നുപോകുന്ന അവസ്ഥയ്ക്ക് ഇങ്ങനെ മുന്നോട്ടു പോകുവാന്‍ ആവുമോ? യൂറോപ്പിലേതു പോലെ മതേതരമായ ലിബറല്‍ ക്യാപ്പിറ്റലിസമായിരുന്നെങ്കില്‍ കുറേക്കൂടി ഭേദമായിരുന്നു. യൂറോപ്പിലും പ്രതിസന്ധികള്‍ ഉണ്ടെന്നറിയുന്നു. പക്ഷേ അധീശത്വ ഹിന്ദുമത കേന്ദ്രീകരണമാണ് ഇന്ത്യയില്‍ ഇന്നുള്ളത്. ക്ഷേത്രങ്ങള്‍ പണിയുക, പുരാണ കഥകളിലെ പ്രതിമകള്‍ നിര്‍മ്മിക്കുക, ഹിന്ദു പാഠങ്ങള്‍ പഠിപ്പിക്കുക. മതേതരമായവ റദ്ദു ചെയ്യുക എന്നിവയിലാണ് താല്പര്യം. ഭരണകൂടം ഗാന്ധിയന്‍, അംബേദ്കറ്റെറ്റ് മൂല്യങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുകയില്ല. പുതിയ മതേതര മൂല്യങ്ങള്‍ നിര്‍മ്മിക്കാനും ആവില്ല. ഉന്നതാശയന്‍മാര്‍ക്കേ, മനോനിയന്ത്രണ മുള്ളവര്‍ക്കേ അങ്ങനെ സമൂഹത്തിന് വഴി കാട്ടിയാകാന്‍, ഉന്നതാശങ്ങള്‍ നിര്‍മ്മിക്കാന്‍ ആവുകയുള്ളു.

ഇന്ന് നമുക്ക് ഗാന്ധിയെപ്പോലെ ഒരു ഐക്കണ്‍ ഇല്ല. അംബേദ്കറെപ്പോലെ ഒരു ഐക്കണ്‍ ഇല്ല. ചടങ്ങിന് അവരെ നിലനിര്‍ത്തുന്നു എന്നേയുള്ളു. നിലനിര്‍ത്താതിരിക്കാനും പറ്റില്ല. കാരണം ശരിയായ അര്‍ത്ഥത്തില്‍ മറ്റൊന്നും ഇല്ല. പകരം വയ്ക്കാന്‍ മറ്റൊന്നില്ല. ഹിന്ദുത്വത്തിന്റെ ഫാഷിസ്റ്റ് നേതാക്കന്‍മാരെ അനുസ്മരിക്കാനും പുനരാനയിക്കാനുമാണ് ഭരണകൂടം നോക്കുന്നത്. അപ്പോഴും സ്വാതന്ത്രാനന്തര ഇന്ത്യന്‍ സ്പിരിട്ടാണ് ഇന്ത്യയെ ഇന്നും നിലനിര്‍ത്തുന്നത്. നാണയത്തിലുള്ള അശോകസ്തംഭവും ഗാന്ധിയുടെ ചിത്രവും പതാകയിലെ ചക്രവും ഒക്കെ ഇന്നും ഇന്ത്യ എന്ന വികാരം നമ്മളില്‍ ഉണ്ടാക്കുന്നു. അഹിംസയുടെ ഇന്ത്യന്‍ താത്വികതയോ ഇന്ത്യന്‍ ചരിത്ര വ്യാപ്തിയോ ഇല്ലെങ്കിലും ലോകത്തുള്ള ഭൂരിപക്ഷം മനുഷ്യരും അഹിംസാവാദികള്‍ ആകുന്നു. കൊല്ലരുത് എന്ന നിയമത്തെ അവര്‍ പാലിക്കുന്നു. എന്തു വന്നാലും സ്വന്തം ജീവന്‍ പോയാലും ആരെയും കൊല്ലരുത് എന്ന ആദര്‍ശം മുറുക്കെപ്പിടിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെ യൂറോപ്പ് യുദ്ധങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം മുന്നോട്ടുവച്ച ആശയവും നിലപാടുമായിരുന്നു അഹിംസ. അതിലൂടെ നാം സ്വാതന്ത്ര്യം നേടിയെടുത്തു. അത് മൂന്നാം ലോകരാജ്യങ്ങളെ സ്വാധീനിച്ചു. ചൈനയുമായുള്ള യുദ്ധവും പാകിസ്ഥാനുമായുള്ള യുദ്ധവും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ചേരിചേരാ നയവും സമാധാന സന്ദേശവും ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ്. അതിനെ നമുക്ക് മതേതരമായ ഇന്ത്യന്‍ ആത്മീയ സന്ദേശം എന്നു പറയാം. പക്ഷേ അത് ഇന്നുണ്ടോ? ലോകത്തുള്ള പ്രശ്‌നങ്ങള്‍ മുന്‍കാലത്തേതിനേക്കാളും സങ്കീര്‍ണമാണ്. യന്ത്രവല്‍ക്കരണവും ആയുധക്കച്ചവടവും കൂടി. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ആശ്രയങ്ങള്‍ ഉണ്ട്. അവിടെ തന്ത്രപൂര്‍വ്വമായ നിലപാടേ സാധ്യമാകുകയുള്ളു. ലോകത്തുള്ള സമീപകാല യുദ്ധങ്ങളില്‍ എല്ലാം അമേരിക്കയുടെ ഇടപെടല്‍ ഉണ്ട്. ലോകത്തിന്റെ പരമാധികാരത്തെയാണ് അമേരിക്ക ആഗഹിക്കുന്നത്.



#outlook
Leave a comment