പോച്ചര്‍; എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു
എമ്മി അവാര്‍ഡ് ജേതാവായ റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച 'പോച്ചറി'ന്റ സ്ട്രീമിങ് ആമസോണ്‍ പ്രൈം വീഡിയോയില്‍ തുടരുകയാണ്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍, കേരളത്തിലെ നിബിഡ വനങ്ങളിലും ഡല്‍ഹിയിലെ കോണ്‍ക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ ഫിക്ഷണല്‍ ആവിഷ്‌കാരമാണ് പോച്ചര്‍. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. ജോര്‍ദാന്‍ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്ക്ലാന്‍സ്മാന്‍ തുടങ്ങിയ ഫീച്ചര്‍ ഫിലിം ഹിറ്റുകള്‍ സമ്മാനിച്ച ഓസ്‌കാര്‍ ജേതാവായ പ്രൊഡക്ഷന്‍ ആന്‍ഡ് ഫിനാന്‍സ് കമ്പനിയായ ക്യുസി എന്റര്‍ടൈന്‍മെന്റ് ആണ് പോച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് അഭിനേത്രി ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്.
പോച്ചറിന് ആധാരമായ സംഭവത്തെക്കുറിച്ച്
2015-ലെ ഇടമലയാര്‍-തുണ്ടം ആനവേട്ട കേസില്‍ 415 കിലോ ആനക്കൊമ്പും ശില്പങ്ങളും ഡല്‍ഹിയില്‍ നിന്നും 60 കിലോ കൊമ്പ് തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. ഇരുപതിലധികം ആനകളെയാണ് കൊമ്പെടുക്കാനായി കൊന്നത്. ഡല്‍ഹി സ്വദേശി ഉമേഷ് അഗര്‍വാളിന്റെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പും ശില്പങ്ങളും പിടികൂടിയത്. ആനവേട്ടക്കേസ് വഴിത്തിരിവായത് വടാട്ടുപാറ ചക്കിമേട് സ്വദേശി കെ.ഡി. കുഞ്ഞുമോന്റെ വെളിപ്പെടുത്തലിലാണ്. വേട്ടസംഘത്തിന് ഭക്ഷണം പാചകം ചെയ്യലായിരുന്നു കേസിലെ ഒന്നാംപ്രതി കൂടിയായ കുഞ്ഞുമോന്റെ ജോലി. അന്നത്തെ കരിമ്പാനി ഡെപ്യൂട്ടി റേഞ്ചറോടാണ് കുഞ്ഞുമോന്‍ ആനവേട്ടയുടെ ചുരുളഴിച്ചത്. കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍ വനം വകുപ്പിനെ തന്നെ ഞെട്ടിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ 3000 പേജുള്ള കുറ്റപത്രം പോലീസ് സമര്‍പ്പിച്ചു, നിരവധിപേരെ അറസ്റ്റ് ചെയ്തു. ആനവേട്ട തടയാനുള്ള നടപടികള്‍ വനം വകുപ്പ് ധ്രുതഗതിയിലാക്കി.
പോസിറ്റീവ് വശങ്ങള്‍
സമീപകാലത്ത് ഇറങ്ങിയ ക്രൈം ത്രില്ലര്‍, സീരിയല്‍ കില്ലര്‍, കവര്‍ച്ച, ടെററിസം, Money scam തുടങ്ങിയ ജോണറുകളില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയം ആണ് അണിയറപ്രവര്‍ത്തകര്‍ പുതിയ സീരീസിന് പ്രമേയമാക്കിയിരിക്കുന്നത്. ഇത്തരം വളരെ ലാര്‍ജ് സ്‌കെയിലിലുള്ള ഒരു ഇന്‍സിഡന്റ് സ്‌ക്രീനില്‍ പ്രസന്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പല പതിവ് ക്ളീഷേകളും അണിയറപ്രവര്‍ത്തകര്‍ ഒഴിവാക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രൊഡക്ഷന്‍ തന്നെയാണ് സീരീസിന്റെ ഹൈലൈറ്റ്. ചിത്രീകരണത്തിലെ റിയലിസ്റ്റിക് സ്വഭാവം വളരെ സ്ലോ പീസില്‍ നീങ്ങുന്ന സീരീസ് മടുപ്പില്ലാതെ കാണാന്‍ പ്രേക്ഷകന് പ്രോത്സാഹനമാണ്. ആനക്കൊമ്പ് ഊരിയെടുത്ത ഒരു ആനയുടെ ജഡത്തിനും, അത് അസ്ഥിക്കൂടമായി മാറുന്ന കാലയളവില്‍ നടക്കുന്ന വേട്ടക്കാര്‍ക്കു വേണ്ടിയുള്ള അന്വേഷണവും എന്ന തരത്തിലുള്ള സീരീസിന്റെ സ്‌ക്രിപ്റ്റിങ് പാറ്റേണ്‍ കൗതുകമുളവാക്കുന്നതാണ്.
REPRESENTATIVE IMAGE: FACEBOOK
പോച്ചര്‍ എന്തുകൊണ്ട് വലിയ വിമര്‍ശനം അര്‍ഹിക്കുന്നു ?
തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ജോലിചെയ്യുന്ന നിമിഷ സജയന്റെ ഇന്‍ട്രോ സീനിലെ ആദ്യ ഡയലോഗ് തന്നെ 'മറ്റേടത്തെ വികസനം വേണമത്രെ അവര്‍ക്ക്' എന്നാണ്. പക്ഷികളുടെ കണക്കെടുപ്പിനിടെ ഒന്നോ രണ്ടോ എണ്ണം കുറഞ്ഞു പോയതിന്റെ ഫ്രസ്‌ട്രേഷനില്‍ ആണ് ആ കഥാപാത്രം എന്നത് ആണ് ഏറെ രസകരം. സീരീസ് മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്ന സന്ദേശം ഈ സീനില്‍ നിന്നും വ്യക്തമാണ്. ഏതാണ്ട് ആ സന്ദേശം തന്നെയാണ് ഏഴുമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന പരമ്പരയുടെ കണ്ടന്റ് മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നതും.
ഡല്‍ഹി ക്രൈം പോലെ ഒട്ടനവധി ക്രിട്ടിക്കല്‍ അക്ലൈം ലഭിച്ച സീരീസ് ഒരുക്കിയ റിച്ചി മേത്തയും സംഘവും പക്ഷേ, പോച്ചറിന്റെ കാതല്‍ ആയ കാടിനെ കുറിച്ചും, വന്യജീവികളെ കുറിച്ചും നടത്തിയിരിക്കുന്ന ഗവേഷണം തീര്‍ത്തും ഉപരിപ്ലവമാണ്. കാട്ടില്‍ ആനയെ കൊന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയില്‍ പരസ്പരം വഴക്കുകൂടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഇല്ലാതെ പതുക്കെ നടന്നുമറയുന്ന കടുവ ഒക്കെ കേവലം സാങ്കല്പികമോ, കാല്പനികതയോ മാത്രമാണ്. അതുപോലെ തന്നെ ഏറെ അത്ഭുതം ഉളവാക്കിയ മറ്റൊരു സംഭാഷണം വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരുടെ കഥാപാത്രങ്ങളുടേതാണ്, 'തങ്ങളിതുവരെ ഒരു കാട്ടാന സ്വാഭാവികമായി നില്‍ക്കുന്നത് കണ്ടിട്ടില്ല എന്ന്' 2015 കാലഘട്ടത്തില്‍ ഈ ഡയലോഗ് പറയുന്ന ലൈഫ് വാര്‍ഡന് കാര്യമായി എന്തോ പ്രശ്നമുണ്ട്. കേരളത്തിലെ കാട്ടാനകള്‍ എന്നുവെച്ചാല്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു ജീവി ആണെന്ന എഴുത്തുകാരന്റെ ധാരണയില്‍ ഉണ്ട് സീരീസിന്റെ കാമ്പില്ലായ്മ.
സംഭാഷണങ്ങളിലെ ഏച്ചുകെട്ടലുകളും, നിലവാരമില്ലാത്ത സബ് ടൈറ്റിലുകളും
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുമായി ചിത്രീകരിച്ച പരമ്പരയില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി തുടങ്ങിയ നിരവധി ഭാഷകള്‍ വന്നുപോകുന്നുണ്ട്. എന്നാല്‍ സബ് ടൈറ്റിലുകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിന്റെ പ്രശ്നം സീരീസില്‍ ഉടനീളമുണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് യാതൊരു എഡിറ്റിങ്ങിനും വിധേയമാകാത്ത തര്‍ജ്ജമ പലപ്പോഴും അരോചകമായി അനുഭവപ്പെടുന്നുണ്ട്, എന്ന് മാത്രമല്ല കഥാപാത്രങ്ങളുടെ വികാരവും സംഭാഷണങ്ങളും ഒട്ടും കണക്ടാകുന്നുമില്ല. സമീപകാലത്ത് മലയാള സിനിമ ഏറെ പുരോഗമിച്ച ഒരു മേഖലയാണ് സംഭാഷണങ്ങള്‍, കേരളത്തില്‍ എവിടെ നടക്കുന്ന കഥയായാലും ശുദ്ധമലയാളം സംസാരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നുള്ള മോചനം ആ നിലയില്‍ മലയാള സിനിമയ്ക്ക് വലിയനേട്ടം ആയിട്ടുണ്ട്, ഇവിടെ പക്ഷേ, പോച്ചര്‍ സീരീസില്‍ വീണ്ടും ആ ശുദ്ധമലയാളം നല്ല ഒഴുക്കോടെ കേള്‍ക്കാനുള്ള യോഗം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ഭാഷയിലെയും, സബ് ടൈറ്റിലിലെയും ഈ പ്രശ്നങ്ങള്‍ സീരീസിന്റെ ആസ്വാദനത്തെ നല്ലപോലെ ബാധിക്കുന്നുമുണ്ട്.
PHOTO: WIKI COMMONS
അല്‍പ്പം രാഷ്ട്രീയം
2020 - ല്‍ പാലക്കാട് ജില്ലയില്‍ സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയതാണ്. പുഴുക്കളെ പോലെ മനുഷ്യര്‍ പട്ടിണികിടന്നും, വിവിധ തരത്തിലുള്ള വംശീയതയ്ക്ക് ഇരയായും മരണപ്പെടുന്ന ഒരു രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനത്ത് നടന്ന സംഭവമാണ് ലോകശ്രദ്ധയിലേക്ക് നവമാധ്യമങ്ങളിലൂടെ കടന്നുചെല്ലുന്നത് എന്നോര്‍ക്കണം! മലപ്പുറം ജില്ലയില്‍ ആണ് സംഭവം നടന്നതെന്ന നുണ ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോഴേക്കും അത് പാലക്കാട് ആണെന്ന സത്യം ചെരുപ്പിട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളു, രണ്ട് ലക്ഷ്യങ്ങളാണ് ഇവിടെ നിറവേറപ്പെട്ടത്, ഒന്ന് കേരള സംസ്ഥാനത്തോടുള്ള കണ്‍വെന്‍ഷനല്‍ ആയിട്ടുള്ള നോര്‍ത്ത് ബെല്‍റ്റിന്റെ കാഴ്ചപ്പാട്, രണ്ട് അതിലേക്ക് മലപ്പുറം എന്ന മുസ്ലിം ന്യൂനപക്ഷത്തിനു വലിയ സ്വാധീനം ഉള്ള പ്രദേശത്തെ വിളക്കിച്ചേര്‍ക്കുന്നതിലൂടെ ലഭിക്കുന്ന അപാരവിദ്വേഷം. രാജ്യത്തെ ഏറ്റവും വലിയ സംഘര്‍ഷ ജില്ലയാണ് മലപ്പുറമെന്നും റോഡില്‍ വിഷം ഒഴിച്ച് ഒറ്റയടിക്ക് നാനൂറോളം പക്ഷികളേയും നായ്ക്കളേയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവരെന്നും ഉറക്കെ വിളിച്ചുപറഞ്ഞത് മേനകാ ഗാന്ധിയാണ് എന്നോര്‍ക്കണം !
കേരളത്തില്‍ ലൗ ജിഹാദ് വ്യാപകം, ഇസ്ലാമിക തീവ്രവാദം ശക്തം, ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നു തുടങ്ങി അടുത്ത ഏതാനും വര്‍ഷങ്ങളായി കേരളത്തെക്കുറിച്ച് പ്രകോപനപരവും വര്‍ഗീയത ആളിക്കത്തിക്കുന്നതുമായ ഒട്ടേറെ വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടാനുള്ള സിനിമ/സീരീസ് ശ്രമങ്ങളും വ്യാപകമാകുന്നതും പ്രതിരോധം തീര്‍ക്കേണ്ട ഒന്നാണ്. 'ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെക്കുറിച്ച്' എന്നാണ് പോച്ചറിന്റെ പ്രധാന പ്രമോഷന്‍ വാചകം, വാളയാറില്‍നിന്നും കേവലം 100 കിലോമീറ്റര്‍ അകലം മാത്രമുള്ള സത്യമംഗലം കാടുകള്‍ കേന്ദ്രീകരിച്ച് വീരപ്പന്‍ നടത്തി എന്ന് സര്‍ക്കാര്‍തന്നെ പറയുന്ന ആനക്കൊമ്പ് വേട്ട, ഗുജറാത്ത്, താനേ, ട്രിച്ചി തുടങ്ങിയ ഇടങ്ങളില്‍ നടന്ന സമാനസംഭവങ്ങള്‍ മലയാറ്റൂര്‍ സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ ആ വിശേഷണം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്.
വന്യജീവികളും മനുഷ്യരും തമ്മില്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നത് വലിയ സാമൂഹിക പ്രശ്‌നമായി മാറുമ്പോള്‍, ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് ഭരണകൂടങ്ങളുടെയും, പൊതുജനങ്ങളുടെയും ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും ലോകത്തെ ജൈവസമ്പത്തിന്റെയും മനുഷ്യരാശിയുടെയും നിലനില്‍പിനുവേണ്ടി വനവും വന്യജീവികളുമടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ നാം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ കേവലം കാല്പനികതയും, പ്രൊപ്പഗണ്ടയും ലക്ഷ്യംവെച്ചുള്ള പ്രകൃതിസ്നേഹം തുറന്നുകാട്ടപ്പെടേണ്ടതാണ്. പോച്ചറിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വനങ്ങളെക്കുറിച്ചും, വന്യജീവികളെക്കുറിച്ചുമുള്ള കണ്‍സേണ്‍ ജെനുവിനാണെന്ന് തന്നെ വിശ്വസിച്ചാല്‍ പോലും അതിനുപയോഗിച്ച പോച്ചര്‍ എന്ന ടൂളിനോട് രാഷ്ട്രീയവിമര്‍ശനം ലേഖകന് ഉണ്ട്. ഔദ്യോഗിക കണക്കുകള്‍പ്രകാരം വൈല്‍ഡ് ലൈഫ് ആക്ട് 1927, 1972, 1996 പ്രകാരം ഇന്ത്യയില്‍ വനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഒന്നാമത്തെ സംസ്ഥാനം യു പിയും, രണ്ടാമത്തേത് രാജസ്ഥാനും, മൂന്നാമത് മഹാരാഷ്ട്രയുമാണ്.
PHOTO: WIKICOMMONS
'ഒരുപദ്രവവും ചെയ്യാത്ത ആ സാധുജീവികളെ എന്തിനാടോ കൊല്ലുന്നത്?' പോച്ചറില്‍ ഒരു മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഒരു മില്യണ്‍ ഡോളര്‍ ബ്ലന്‍ഡര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്, ഭക്ഷണത്തിനോ, അതിജീവനത്തിനോ അല്ലാതെ മനുഷ്യരെയും, അവന്റെ ആവാസവ്യവസ്ഥയെയും നശിപ്പിക്കുന്ന അപൂര്‍വ ജീവികളില്‍ ഒന്നാണ് ഈ സൊ കോള്‍ഡ് സാധുജീവി കാട്ടാന എന്നുകൂടി നാം മനസ്സിലാക്കണം. (കാട്ടാനയെ കൊന്ന് കൊമ്പ് എടുക്കുന്നതിന് ഇത് ഒരു ജസ്റ്റിഫിക്കേഷന്‍ അല്ലെങ്കില്‍ പോലും) അതുപോലെതന്നെ ''മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും വില ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവര്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, കൊലപാതകം കൊലപാതകം തന്നെയാണ്''. പോച്ചര്‍ സീരീസിന്റെ ട്രെയിലറിലെ വാചകങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നു, എന്നാല്‍ സമകാലീക കേരള സാഹചര്യത്തില്‍ ഈ വാചകങ്ങള്‍ എത്രമേല്‍ പ്രതിലോമകരമാണ് ? പോച്ചര്‍ സീരീസിനെ നിലവില്‍ ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ മലയോര മേഖല പൊതുശല്യമായി പ്രഖ്യാപിച്ച അരിക്കൊമ്പന്‍ എന്ന ആനയുടെ ആരാധകരും, നോര്‍ത്തില്‍ ഇരുന്ന് കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ട വാര്‍ത്തകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നവരുമാണ് എന്നതും ഇവിടെ പ്രസക്തമാണ്.