TMJ
searchnav-menu
post-thumbnail

Outlook

കൊളോണിയൽ കാലഘട്ടത്തിലെ അസമത്വം തുടരുന്ന ഉത്തരാധുനിക കാലം  

22 Jan 2025   |   4 min Read
കെ പി സേതുനാഥ്

ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണം ഇന്ത്യയില്‍ നിന്നും കടത്തിയ സമ്പത്തിന്റെ ഒരു ഭാഗം മാത്രം 50 പൗണ്ടിന്റെ കറന്‍സി നോട്ടുകളായി ഒന്നിനു മേല്‍ ഒന്നായി അടുക്കി വച്ചാൽ ലണ്ടന്‍ നഗരമാകെ നാലു തട്ടുകളിലധികമായി പരവതാനി വിരിച്ചതിന്‌ തുല്യമാകുമായിരുന്നു. 1765 മുതല്‍ 1900 വരെയുള്ള 135 വര്‍ഷക്കാലയളവില്‍ ബ്രിട്ടനിലെ ജനസംഖ്യയിലെ അതിസമ്പന്നരായ 10 ശതമാനം പേരുടെ കീശയില്‍ ഇന്ത്യയില്‍ നിന്നും വന്നു ചേര്‍ന്ന സമ്പത്ത്‌ 33.8 ട്രില്യണ്‍ ഡോളറായിരുന്നു (1 ട്രില്യണ്‍ സമം 1 ലക്ഷം കോടി). അത്രയും തുക 50 പൗണ്ടിന്റെ കറന്‍സിയായി ഒന്നിനുമേല്‍ ഒന്നായി അടുക്കിയെങ്കിലെന്ന ഗണിതമാണ്‌ നാലു തട്ടുകളിലധികം കനമുള്ള പരവതാനിയുടെ അനുമാനത്തിന്റെ അടിസ്ഥാനം.

ഓക്‌സ്‌ഫാം എന്ന സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട 2024-ലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള "ടേക്കേഴ്സ്‌ നോട്ട്‌ മേക്കേഴ്സ്‌" എന്ന റിപ്പോര്‍ട്ടിലാണ്‌ ഈ വിവരണം. കൊളോണിയല്‍ ചൂഷണവും വര്‍ത്തമാനകാലത്തെ സാമ്പത്തിക അസമത്വവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള നിഗമനങ്ങളാണ്‌ ടേക്കേഴ്സ്‌ നോട്ട്‌ മേക്കേഴ്സ്‌ റിപ്പോര്‍ട്ടിന്റെ പ്രധാന സവിശേഷത. വിഖ്യാത ചരിത്ര-സാമ്പത്തിക പണ്ഡിതരായ ഉത്സാ പട്‌നായിക്കും, പ്രഭാത്‌ പട്‌നായിക്കും നടത്തിയ പഠനത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ ഓക്‌സ്‌ഫാമിന്റെ ഈ നിഗമനം. പട്‌നായിക്‌ ദമ്പതികളുടെ പഠനപ്രകാരം 1765-1900 കാലയളവില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക്‌ ഒഴുകിയ മൊത്തം സമ്പത്ത്‌ 64.82 ട്രില്യണ്‍ ഡോളറായിരുന്നു. അക്കാലത്തെ ബ്രിട്ടനിലെ ശരാശരി സമ്പത്തിന്റെ വിതരണത്തെ അടിസ്ഥാനമാക്കിയാണ്‌ ഇന്ത്യയില്‍ നിന്നുള്ള സമ്പത്തിന്റെ 52 ശതമാനം അതായത്‌ 33.8 ട്രില്യണ്‍ ഡോളര്‍ അതിസമ്പന്നരായി 10 ശതമാനം പേരുടെ പക്കലെത്തിയെന്ന കാര്യം ഓക്‌സ്‌ഫാം റിപ്പോർട്ടിൽ പറയുന്നത്.  അതു കഴിഞ്ഞാല്‍ പുതുതായി ഉദയം ചെയ്‌ത മധ്യവര്‍ഗ്ഗമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള സമ്പത്തൊഴുക്കിന്റെ പ്രധാന ഗുണഭോക്താക്കള്‍. അവര്‍ക്ക്‌ ലഭിച്ചത്‌ 32 ശതമാനം. അതായത്‌ കൊളോണിയല്‍ ചൂഷണത്തിന്റെ 84 ശതമാനവും അതിസമ്പന്നരും, മധ്യവര്‍ഗ്ഗവും സ്വന്തമാക്കി. കൊളോണിയലിസം ഔപചാരികമായി അവസാനിച്ചിട്ട്‌ 60-70 കൊല്ലം കഴിഞ്ഞുവെങ്കിലും സമ്പത്തൊഴുക്കിന്റെ പാതയില്‍ ഇപ്പോഴും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന്‌ ഈ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
"ഈ അളവിലുള്ള ചൂഷണത്തിന് വഴിയൊരുക്കുന്ന കൊളോണിയൽ സംവിധാനങ്ങൾ ഇപ്പോഴും സമ്പന്ന രാജ്യങ്ങളിലെ അതിസമ്പന്നർക്ക് പ്രയോജനം ചെയ്യുന്നത് തുടരുന്നു; ആധുനിക കൊളോണിയൽ ആഗോള സാമ്പത്തിക വ്യവസ്ഥ ഗ്ലോബൽ സൗത്തിൽ നിന്നും സമ്പന്ന രാജ്യങ്ങളിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ ഗണത്തിൽ വരുന്നവരിലേക്ക് മണിക്കൂറിൽ 30 മില്യൺ യുഎസ് ഡോളർ കൈമാറുന്നുവെന്ന് വേൾഡ് ഇനിക്വാലിറ്റി ലാബിന്റെ ഡാറ്റ ഉപയോഗിച്ച് നടത്തിയ വിശകലനം കണക്കാക്കുന്നു", എന്ന് ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു.  കൊളോണിയൽ അധിനിവേശം ഇന്ത്യയെ പാപ്പരാക്കിയതിനെ പറ്റിയുള്ള നിഗമനം ഇതാണ്.  "1750-ൽ, ആഗോള വ്യാവസായിക ഉൽപ്പാദനത്തിന്റെ ഏകദേശം 25% ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നായിരുന്നു. എന്നാൽ, 1900 ആയപ്പോഴേക്കും ഇത് വെറും 2% ആയി കുറഞ്ഞു. ഈ നാടകീയമായ കുറവിന് കാരണം, ഏഷ്യൻ ടെക്സ്റ്റെയിൽ വ്യവസായത്തിനെതിരെ ബ്രിട്ടൻ കർശനമായ സംരക്ഷണ നയങ്ങൾ നടപ്പിലാക്കിയതാണ്. അത് ഇന്ത്യയുടെ വ്യാവസായിക വളർച്ചയെ വ്യവസ്ഥാപിതമായി ദുർബലപ്പെടുത്തി".

വർത്തമാനകാലത്തെ സാമ്പത്തിക അസമത്വം:

2024ൽ, മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് രണ്ട് ട്രില്യൺ യുഎസ് ഡോളർ കൂടുതലായി വർദ്ധിച്ചു, 204 പുതിയ ശതകോടീശ്വരന്മാർ ഉദയം ചെയ്തു.  അതായത് ആഴ്ചയിൽ ശരാശരി നാല് പുതിയ ശതകോടീശ്വരന്മാർ വീതം.

* 2023നെ അപേക്ഷിച്ച് 2024ൽ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് മൂന്ന് മടങ്ങ് വേഗത്തിൽ വളർന്നു.

* ഓരോ ശതകോടീശ്വരന്റെയും സമ്പത്ത് ഒരു ദിവസം ശരാശരി രണ്ട് മില്യൺ യുഎസ് ഡോളർ വളർന്നു. ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരുടെ സമ്പത്ത് ഒരു ദിവസം ശരാശരി 100 മില്യൺ യുഎസ് ഡോളർ വളർന്നു.

* കഴിഞ്ഞ വർഷം ഓക്സ്ഫാം ഒരു ദശകത്തിനുള്ളിൽ ഒരു ട്രില്യണയർ ഉണ്ടാകുമെന്ന് പ്രവചിച്ചു. നിലവിലെ പ്രവണതകൾ തുടർന്നാൽ, ഒരു ദശകത്തിനുള്ളിൽ അഞ്ച് ട്രില്യണയർമാർ ഉണ്ടാകും.

അതേസമയം, ലോക ബാങ്കിന്റെ കണക്കനുസരിച്ച്, 1990 മുതൽ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.

കോടീശ്വരന്മാരുടെ സമ്പത്തിന്റെ 60 ശതമാനവും വരുന്നത് ആർജ്ജിത സ്വത്തുക്കൾ,  സ്വജനപക്ഷപാതം, അഴിമതി അല്ലെങ്കിൽ കുത്തക ബിസിനസ് എന്നിവയിൽ നിന്നാണ്. 2023 ൽ, സംരംഭകത്വത്തേക്കാൾ പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കൾ വഴിയാണ് കൂടുതൽ കോടീശ്വരന്മാർ സൃഷ്ടിക്കപ്പെട്ടത്.

REPRESENTATIVE IMAGE | WIKI COMMONS
ലോകബാങ്ക് നിജപ്പെടുത്തിയ ദാരിദ്ര്യരേഖയുടെ അടിസ്ഥാനമായ 6.85 അമേരിക്കൻ ഡോളർ (പിപിപി) ദിവസ വരുമാനത്തിന് താഴെ ജീവിക്കുന്നവരുടെ എണ്ണം 3.6 ബില്യൺ (360 കോടി)  ഇപ്പോഴും 1990-ൽ ഉണ്ടായിരുന്ന അതേ നിലവാരത്തിൽ തുടരുന്നു. ഇത് മനുഷ്യരാശിയുടെ 44 ശതമാനം വരും.  കണക്കുകളുടെ ക്രൂരമായ ഐറണി വെളിപ്പെടുത്തുന്ന മറ്റൊരു വസ്തുത നമ്മൾ മറക്കരുത്. ലോകത്തിലെ സമ്പത്തിന്റെ 45 ശതമാനവും  ലോകത്തിലെ, ഏറ്റവും ധനികരായ ഒരു ശതമാനം പേരുടെ കൈകളിലാണ്.

ലോകത്തിലെ പത്ത് സ്ത്രീകളിൽ ഒരാൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ദിവസം 2.15 യുഎസ് ഡോളറിൽ താഴെ വരുമാനത്തിൽ കഴിയുന്നവരാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. പുരുഷന്മാരേക്കാൾ 24.3 ദശലക്ഷം കൂടുതൽ സ്ത്രീകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. സ്ത്രീകൾ അനുഭവിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ മറ്റൊരു മുഖം ഇതാണ്. ഓരോ ദിവസവും ഗ്ലോബൽ സൗത്തിലെ സ്ത്രീകൾ 12.5 ബില്യൺ മണിക്കൂർ ശമ്പളമില്ലാത്ത പരിചരണ ജോലികൾ ചെയ്യുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് കുറഞ്ഞത് 10.8 ട്രില്യൺ യുഎസ് ഡോളറിന്റെ മൂല്യം അത് സംഭാവന ചെയ്യന്നു. നമ്മൾ പാടി പുകഴ്ത്തുന്ന ആഗോള ടെക്ക് വ്യവസായത്തിന്റെ സാമ്പത്തിക മൂല്യത്തിന്റെ മൂന്നിരട്ടിയാണ് ഗ്ലോബൽ സൗത്തിലെ സ്ത്രീകൾ ചെയ്യുന്ന പരിചരണ ജോലിയുടെ സാമ്പത്തിക സംഭാവന.

ഈ ഉയർന്ന അളവിലുള്ള അസമത്വം ലോകമെമ്പാടും കഷ്ടപ്പാടുകൾക്ക് കാരണമാവുകയും ദാരിദ്ര്യം അവസാനിപ്പിക്കുവാനുള്ള ഏതൊരു പുരോഗതിയെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ശതകോടീശ്വരന്മാരുടെ സമ്പത്തിൽ ഭൂരിഭാഗവും സ്വന്തം അധ്വാന ഫലമായി സമ്പാദിക്കുന്നതല്ല, മറിച്ച് കൈക്കലാക്കുന്നതാണ്. അതിസമ്പത്ത് എന്നത് അതിസമ്പന്നരുടെ സവിശേഷമായ കഴിവിനുള്ള  പ്രതിഫലമാണെന്ന ആശയം നമ്മുടെ മാധ്യമങ്ങളിലും ജനപ്രിയ സംസ്കാരത്തിലും വ്യാപകവും ശക്തമായി ശക്തിപ്പെടുത്തുന്നതുമാണ്. എന്നാൽ ഈ ധാരണ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല.  ഇന്നത്തെ ശതകോടീശ്വരന്മാരുടെ അതിസമ്പത്ത് വലിയതോതിൽ കയ്യടക്കിയതാണെന്ന് ഈ റിപ്പോർട്ട് തെളിയിക്കുന്നു. അതുമായി ബന്ധപ്പെട്ട രണ്ട് പ്രധാന മേഖലകളിലേക്ക് അത് വെളിച്ചം വീശുന്നു.

പാരമ്പര്യമായി ലഭിച്ചവ, സ്വജനപക്ഷപാതം, കുത്തകാധികാരം എന്നിവയാണ് അതിസമ്പന്നരായ പുതിയ പ്രഭുവർഗ്ഗത്തിന്റെ ഉദയത്തിനുള്ള പ്രധാന പ്രേരണകൾ. ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്കുള്ള സമ്പത്തിന്റെ കൈമാറ്റം,  മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമ്പത്തിന്റെ കൈമാറ്റം  നാം കാണാൻ പോകുന്നു. ഒരു നികുതിയും നൽകാത്ത സമ്പാദ്യം. ഒരു അധ്വാനവുമില്ലാതെ ലഭിച്ച സമ്പാദ്യം.

ക്രൂരമായ സാമ്പത്തിക  ചൂഷണത്തിന്റെ കണക്കുകൾ മാത്രമല്ല കൊളോണിയൽ ചരിത്രം. ഇന്നും തീവ്രമായ അസമത്വത്തിന് കാരണമാകുന്ന ഒരു ശക്തമായ സാന്നിധ്യമായി അനുഭവപ്പെടുന്ന ഒന്നാണ് അത്.  ഗ്ലോബൽ നോർത്തിലെ അതിസമ്പന്നർക്ക് അനുപാതമില്ലാതെ സമ്പത്ത് യഥേഷ്ടം കൈമാറ്റം ചെയ്യപ്പെടുന്നു. നമ്മുടേത് ശതകോടീശ്വര കൊളോണിയലിസത്തിന്റെ യുഗമാണ്.










#outlook
Leave a comment