
റാപ്പിന്റെ ശുദ്ധിയും വേടന്റെ ലോകവും
കേരളത്തിന്റെ മുഖ്യധാരയിലേക്ക് വേടൻ വില്ലുവണ്ടിയുമായി വന്നിട്ട് അഞ്ച് വർഷങ്ങൾ പോലും പൂർത്തിയാകുന്നില്ല. ചക്രവാളത്തിൽ വേടന്റെ റാപ്പ് ഇരമ്പം കേൾപ്പിച്ചു തുടങ്ങിയത് 2021ൽ ആദ്യമായി ഇറങ്ങിയ ‘വോയിസ് ഓഫ് ദി വോയ്‌സ്‌ലസ്’ എന്ന ആൽബം ഇറങ്ങിയത് മുതലാണ്. കേരളത്തിലെ ഭൂബന്ധങ്ങളെയും അധികാര ബന്ധങ്ങളെയും നിശിതമായി പ്രശ്നവത്കരിച്ച ആൽബത്തിൽ സവർണ അധികാര വ്യവസ്ഥയോടുള്ള പ്രതിഷേധം വ്യക്തമായിരുന്നു. ആൽബം ഹിറ്റ് ആയതുമുതൽ വേടനെതിരെ വലിയ തോതിൽ യഥാസ്ഥിതിക കൂട്ടായ്മകളിൽ നിന്നും വിദ്വേഷം നിറഞ്ഞ സൈബർ അതിക്രമങ്ങളും പതിവായി. വേടന്റെ റാപ്പിലെ പ്രതിരോധത്തിന്റെ സ്വരം അയാളുടെ ജാതി നിലയും, ശരീരവും തുടർച്ചയായി പറഞ്ഞുള്ള അധിക്ഷേപത്തിന് കാരണങ്ങളായി. അതോടൊപ്പം പതുക്കെ പതുക്കെ വേടന്റെ പുതിയ ആൽബങ്ങളും പൊതുശ്രദ്ധ ആകർഷിച്ചു.
തുടർന്ന് പല ഇടവേളകളിലായി ‘ഭൂമി ഞാൻ വാഴുന്നിടം’, ‘വാ’, ‘ബുദ്ധനായി പിറ’, ‘ആന’, ‘സോഷ്യൽ ക്രിമിനൽ’, ‘മോനാലോവ’ എന്നീ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ആൽബങ്ങൾ എല്ലാം മില്യൺ കണക്കിന് ആസ്വാദകരെ സമ്പാദിച്ചുകൊണ്ട് ദക്ഷിണേന്ത്യൻ തലത്തിൽ തന്നെ വലിയ വിജയമായി മാറി. ‘നായാട്ട്’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കൊണ്ടൽ’, ‘ചെക്ക്മേറ്റ്’ എന്നീ സിനിമകളിലും വേടൻ ചെയ്ത റാപ്പുകളും വലിയ ഹിറ്റായി മാറിയിരുന്നു. റാപ്പുകൾ ഹിറ്റായ ആദ്യ കാലത്ത് തന്നെ വേടനെതിരെ ‘വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫേസ്ബുക് പേജിൽ നിന്നും ‘മീ ടൂ’ ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് വിഷയത്തിൽ വേടൻ സ്ത്രീ സുഹൃത്തുക്കളോടുള്ള തന്റെ പെരുമാറ്റത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് പൊതുസമൂഹത്തിന് മുന്നിൽ ക്ഷമാപണം നടത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വേടന്റെ കോൺസർട്ടുകൾ വലിയ വിജയമാകുകയും സോഷ്യൽ മീഡിയകളിൽ പല വൈറൽ രംഗങ്ങളും പങ്കുവയ്ക്കപെടുകയും ചെയ്തു. അതോടൊപ്പം തന്നെ യഥാസ്‌ഥിതിക കൂട്ടായ്മകളിൽ നിന്നുള്ള വേടന് എതിരെയുള്ള അതിക്രമവും പലമടങ്ങ് വർധിച്ചു. ദിവസങ്ങൾക്ക് മുൻപ് വേടൻ താമസിച്ച ഫ്ലാറ്റിൽ പോലീസ് റെയ്‌ഡ് സംഭവിക്കുകയും വേടനോടൊപ്പം ഒമ്പത് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സ്റ്റേഷൻ ജാമ്യം ലഭിക്കുമായിരുന്ന വേടനെ, അതിനെ തുടർന്ന് കഴുത്തിൽ പുലിപല്ല് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിൽ എടുക്കുകയും, അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ ഇത് വേടന് വേണ്ടി പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിയുന്നതിൽ കലാശിക്കുകയാണ് ചെയ്തത്. സിനിമ മേഖലയിലെ പല നടന്മാർക്കും വനം വകുപ്പ് നൽകിയ പരിഗണനകൾ വേടന് എന്തുകൊണ്ട് ലഭ്യമായില്ല എന്ന് വേടന്റെ ആരാധകർ ചോദിച്ചു. മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് ആരോപണവും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജയറാമും പല പൊതു പരിപാടികളിലും പുലിപ്പല്ല് അണിഞ്ഞു നിൽക്കുന്ന രംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ വേടനെ വേട്ടയാടുന്നു എന്നുള്ള സംശയങ്ങൾ ജനങ്ങൾക്കിടയിൽ ഉയർന്നുവന്നു.
വേടൻ | PHOTO: WIKI COMMONS
പല രാഷ്ട്രീയ നേതാക്കളും വേടന് വേണ്ടി സംസാരിക്കാൻ മുന്നോട്ട് വന്നു. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും നേതാക്കളും മന്ത്രിമാരും വനം വകുപ്പ് നടപടികളെ വിമർശിക്കുകയും ചെയ്തു. വേടന് കോടതിയിൽ നിന്നും ജാമ്യം ലഭിക്കുകയും, വനം വകുപ്പിന് എതിരെ വിമർശനം ഉണ്ടാകുകയും ചെയ്തു. ജാമ്യം കിട്ടി പുറത്ത് വന്ന വേടൻ, താൻ കഞ്ചാവ് ഉപയോഗിക്കുമെന്നും അത് അനുകരിക്കരുതെന്നും, മെച്ചപ്പെട്ട മനുഷ്യനായി താൻ വരാൻ ശ്രമിക്കട്ടെ എന്നും പ്രസ്താവന നടത്തി.
വിവാദങ്ങളെ തുടർന്ന് സർക്കാർ പരിപാടിയിൽ നിന്നും മാറ്റി നിർത്തിയെങ്കിലും വീണ്ടും ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ ക്ഷണിക്കപെടുകയും, വലിയ തോതിൽ ജനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു. ഈ സംഭവങ്ങൾ വേടൻ കേരളത്തിലെ യുവ നിരയിൽ ഏറ്റവും ശക്തനായ, സ്വീകാര്യതയുള്ള റാപ്പർ ആണെന്ന് വീണ്ടും അടിവരയിടുന്നതായിരുന്നു. അതോടൊപ്പം തന്നെ വേടനെതിരെ വലിയ തോതിൽ അതിക്രമങ്ങൾ സൈബർ ലോകത്ത് ശക്തമാകുകയും ചെയ്തുകൊണ്ടിരുന്നു. വേടനെതിരെ ആദ്യകാലത്ത് ഉയർന്നുവന്ന ‘മീ ടൂ’ ആരോപണങ്ങൾ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. വേടന്റെ മാപ്പ് സ്വീകാര്യമല്ലെന്നും, വേടൻ വീണ്ടും മാപ്പ് പറയണമെന്നും, കൗൺസിലിങ് നേടണമെന്നും അതിജീവിതകൾ ആവശ്യപ്പെട്ടു.
വേടന്റെ ആൽബങ്ങൾ ആരെയാണ് സ്വാധീനിക്കുന്നത്? അതിന്റെ സാമൂഹിക സ്വഭാവം എന്താണ് എന്ന് പരിശോധിക്കേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമായിരിക്കുകയാണ്. അതിനുള്ള ശ്രമങ്ങളാണ് ഈ ലേഖനം. ആഫ്രിക്കൻ അമേരിക്കൻ സംസ്കാരവും അതിൽ റാപ്പ് എന്ന പ്രതിരോധ സംഗീതത്തിന്റെ സ്വഭാവവും വേടന്റെ റാപ്പിലെ സൂക്ഷ്മമായ രാഷ്ട്രീയ സ്വഭാവവും വേടന്റെ സാമൂഹിക പദവിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള അന്വേഷണം കൂടിയാണ് ഈ കുറിപ്പ്.
REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിൽ ഉയർന്നു വരുന്ന ഹിപ്-ഹോപ്പ് കൾച്ചറിൽ വേടന്റെ റാപ്പുകൾക്ക് സ്ഥാനമുണ്ടെന്നുള്ളത് വസ്തുതയാണ്. മലയാളത്തിൽ വേടന്റെ കാലഘട്ടത്തിന് മുൻപും ശേഷവും എന്ന രീതിയിൽ തന്നെ റാപ്പ് കൾച്ചറിനെ തരം തിരിക്കാവുന്ന തരത്തിൽ വലിയൊരു തരംഗമായി അത് മാറിക്കഴിഞ്ഞു. നാളിതുവരെ വരെ വളരെ ചുരുങ്ങിയ ഒരു പ്രേക്ഷക സമൂഹമാണ് റാപ്പുകൾ ആസ്വദിച്ചിരുന്നത് എങ്കിൽ വേടൻ അതിനെ ഒരു പോപ്പുലർ കൾച്ചർ ആക്കി മാറ്റുകയായിരുന്നു. മുൻപ് ഉണ്ടായിരുന്ന റാപ്പുകൾ വേടന്റെതിൽ നിന്നു എന്തുകൊണ്ടാണ് വ്യത്യസ്തമാകുന്നത് എന്ന ചോദ്യം ഈ അവസരത്തിൽ നിർണായകമാണ്.
പ്രാഥമികമായി റാപ്പ് നിലനിന്നിരുന്ന വ്യവസ്ഥിതിയോടുള്ള കലഹമായിട്ടാണ് ആഫ്രിക്കൻ-അമേരിക്കൻ സാംസ്‌കാരികലോകത്തിൽ ഉയർന്ന് വന്നത്. എന്നാൽ കേരളത്തിൽ ആദ്യകാലത്ത് ഉയർന്ന് വന്ന റാപ്പുകൾ അങ്ങനെ ആയിരുന്നില്ല. മലയാളത്തിലെ ആദ്യകാല പല റാപ്പുകളും ആഫ്രിക്കൻ-അമേരിക്കൻ സാംസ്‌കാരിക മുന്നേറ്റത്തിലെ പല ധാരകളിൽ ചിലതിന്റെ സ്വഭാവം പുലർത്തിയിരുന്നുവെങ്കിലും, വളരെ ഉപരിപ്ലവമായ രീതിയിൽ മാത്രമാണ് അതിന് പ്രേക്ഷകരോട് സംവദിക്കാൻ കഴിഞ്ഞത്. മൂന്നാംലോക രാഷ്ട്രങ്ങളിലെ ഉപരിവർഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ റാപ്പുകളിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ പരിമിതിയാണ് അതിന് കാരണമായത്. അവ ഒരിക്കലും സമൂഹത്തിലെ വ്യവസ്ഥക്കെതിരെയുള്ള സമരമായിരുന്നില്ല. മറിച്ച് അത് വരേണ്യരുടെ കാല്പനികമായ സൗന്ദര്യ അനുഭൂതികളിലും ആസ്വാദനങ്ങളിലും തങ്ങി നിൽക്കുന്നവയായിരുന്നു.
മലയാള കവിതകളിലെ സമാന മാതൃക
മലയാള മുഖ്യധാര കവിതാ ലോകത്തെ മണിപ്രവാള ധാരയുമായി കൂട്ടിക്കെട്ടാവുന്ന തരത്തിൽ ഒന്നായിരുന്നു അത്. സംസ്കൃത സാഹിത്യത്തിലേക്ക് എളുപ്പത്തിൽ കടന്ന് ചെല്ലാൻ കഴിയുമായിരുന്ന ഒരു വരേണ്യ വർഗം തങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ സൗന്ദര്യ അനുഭൂതികൾ കവിതവത്കരിച്ചപ്പോൾ രൂപപ്പെട്ടുവന്ന ഒന്നാണ് മണിപ്രവാള സാഹിത്യം. അതിന് സംസ്കൃത സാഹിത്യത്തിന്റെ അധിക ചൂരും സവർണ ജീവിതാനുഭവങ്ങളുടെ ലൈംഗിക അരാജകത്വത്തിന്റെ ചൂടുമുണ്ടായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
അതിന് സമാനമായിട്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ പിന്നിടുമ്പോൾ മലയാളത്തിൽ ഉയർന്ന് വന്ന പോപ്പ് കൾച്ചറിന്റെ ഭാഗമായി മറ്റു റാപ്പുകൾ രൂപപ്പെട്ട് വന്നത്. അത് ഇംഗ്ലീഷ് വിദ്യാഭ്യാസവും ആഫ്രിക്കൻ അമേരിക്കൻ സംസ്കാരത്തെക്കുറിച്ചുള്ള അറിവുകളും താരതമ്യേന കൂടുതൽ ലഭ്യമായിവന്ന കീഴാളർ ഒഴിച്ചുള്ള മധ്യവർഗ വിഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് കൂടുതൽ സാദ്ധ്യതകൾ നൽകി. അത് അവരുടെ ജീവിതാസ്വാദനവും അനുഭവങ്ങളും മുഖ്യധാരയിൽ എത്തിച്ചു എന്നുള്ളത് ശരിയാണ്. എന്നാൽ അവ വ്യവസ്ഥിതിയോട് കലാഹിക്കുന്നവയായിരുന്നില്ല.
മലയാള റാപ്പ് സംഗീതത്തിന്റെ ആദ്യ ഘട്ടങ്ങൾ
അക്കാലം വരെ ഉയർന്ന് വന്ന പല കീഴാള നാടൻപാട്ട് ധാരകളെയും ഈ റാപ്പ് സംസ്കാരത്തിന്റെ ആദ്യകാല രൂപങ്ങൾ എന്നു വിളിക്കാമെങ്കിലും അതിന് പുതിയ കാലത്തിന്റെ സാങ്കേതികതയുടെ പ്രയോഗമോ വിപണിയിൽ വിജയമോ ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതിന് തനതായ ഒരു സ്വഭാവവും സംഗീതവും വൈവിധ്യങ്ങളും ഉണ്ടായിരുന്നു.
എന്നാൽ കേരളത്തിൽ ഇത്തരം ഒരു പരീക്ഷണം കീഴാളരുടെ ജനകീയ അടിത്തറയിൽ ആദ്യമായി രൂപപ്പെടുത്തി എടുത്തത് കലാഭവൻ മണിയും സംഘവുമാണെന്ന് വ്യക്തമാക്കേണ്ടി വരും. ദ്രുതഗതിയിൽ ഏറ്റു ചൊല്ലാവുന്ന സാധാരണക്കാരന്റെ വാക്കുകൾ കോർത്തെടുത്തു കീഴാളരുടെ ജീവിതാനുഭവങ്ങളും സൗന്ദര്യ ആസ്വാദനങ്ങളും പുതിയ സാങ്കേതിക സാധ്യതകളായ കാസറ്റുകളും സ്റ്റേജ് ഷോകളും ഉപയോഗിച്ച് ജനകീയമാക്കിയത് കലാഭവൻ മണിയും സംഘവുമായിരുന്നു. എന്നാൽ അപ്പോഴും അവയെ മലയാളത്തിന്റെ ആദ്യകാല റാപ്പ് രൂപങ്ങൾ എന്ന് മാത്രമേ നിർവചിക്കാനാകുമായിരുന്നുള്ളു. അപ്പോഴും അത് വ്യവസ്ഥിതിയോട് നേരിട്ട് കലഹിക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് കീഴാളരുടെ ജീവിതാസ്വാദനത്തിന്റെയും സൗന്ദര്യ ശാസ്ത്രത്തിന്റെയും പ്രക്ഷേപണങ്ങൾ ആയിരുന്നു മിക്കവയും. അവിടെക്കാണ് ‘ഫോർ ദി പീപ്പിൾ’ എന്ന സിനിമയിലൂടെ ജാസി ഗിഫ്റ്റ് കുറച്ചുകൂടി മുന്നോട്ട് വന്നുകൊണ്ട് റാപ്പ് കൾച്ചറിനെ ഒന്നുകൂടി ജനകീയവത്കരിച്ചത്. അപ്പോൾ അതിന് ആഫ്രിക്കൻ-അമേരിക്കൻ റാപ്പ് സംഗീതത്തിന്റെ കുറച്ചുകൂടി കൃത്യമായ രൂപമായി പരിണമിച്ചു. കലാഭവൻ മണിയുടേതിന് സമാനമായോ, അതിനേക്കാൾ സമാനമായോ ജാസി ഗിഫ്റ്റിന്റെ സംഗീതം ദക്ഷിണേന്ത്യ മുഴുവൻ തരംഗമാകുകയും അനേകം പരിഭാഷകൾ ഉണ്ടാകുകയും ചെയ്തു. അപ്പോഴും അതിന്റെ കവിത സ്വഭാവം വരേണ്യ കാല്പനികത കേന്ദ്രീകൃതമായിരുന്നു. അതിന് കാരണം അവയ്ക്ക് വരികൾ എഴുതിയത് പലപ്പോഴും വരേണ്യർ ആയിരുന്നു എന്ന് തന്നെയാണ്.
കലാഭവൻ മണി | PHOTO: WIKI COMMONS
ഇന്റർനെറ്റിന്റെയും നവമാധ്യമങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും വിപ്ലവകരമായ മാറ്റമാണ് പിന്നീട് കേരളത്തിൽ ഉയർന്നുവന്ന റാപ്പ് കൾച്ചറിന് കാരണങ്ങളായത്. അവതരണ രീതിയിലും കൊറിയോഗ്രഫിയിലും അവ മിക്കപ്പോഴും ആഫ്രിക്കൻ-അമേരിക്കൻ ഹിപ്-ഹോപ്പ് സംസ്കാരങ്ങളെയും അനുകരിച്ചുവെങ്കിലും, റാപ്പ് എന്ന സങ്കല്പത്തെ ഉൾകൊള്ളാൻ കഴിയുന്നവർ ആയിരുന്നില്ല.
ആഫ്രിക്കൻ-അമേരിക്കൻ ഹിപ്-ഹോപ്പ് സാംസ്‌കാരിക ഉണർവ്വ് അനേകം ധാരകൾ ഉള്ള ഒരു സാമൂഹിക മുന്നേറ്റമാണെന്നും, അതുകൊണ്ട് അതിനൊരു ശുദ്ധിവാദം ഉന്നയിക്കുന്നത് ആ മുന്നേറ്റത്തിന്റെ അന്തസത്ത ചോർത്തിക്കളയുമെന്നും, വ്യവസ്ഥിതിയോടുള്ള കീഴാളരുടെ പ്രതിരോധമായിട്ടാണ് അത് ഉയർന്ന് വന്നത് എന്ന വസ്തുത മറക്കാനാവുന്നതല്ല. പിന്നീട് അനേകം വെള്ളക്കാരും അവരുടെ സാംസ്‌കാരിക മൂലധനങ്ങളുടെ പിൻബലത്തിൽ മികച്ച റാപ്പ് കലാകാരന്മാരായി ഉയർന്ന് വന്നു എന്നത് മറക്കാനാകുന്ന കാര്യമല്ല.
റാപ്പിന് ശുദ്ധിവാദം ആകാമോ?
കീഴാളരുടെ പ്രതിരോധ സംഗീതത്തിന് ഒരു ശുദ്ധി വാദം ആകാമോ? അത് കീഴാള മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഒന്നല്ലേ? റാപ്പിന്റെ ചരിത്രപരമായ വികാസത്തെയും അതിന്റെ സാമൂഹികമായ പരിണാമത്തെയും കുറിച്ച് ഗഹനമായി ചിന്തിക്കുന്ന പക്ഷം, കീഴാള പ്രതിരോധ മുന്നേറ്റങ്ങൾക്ക് ആകെമൊത്തം ഒരു സങ്കീർണത ഉണ്ടെന്ന് വ്യക്തമാകും.
ഒരു കാലത്ത് കേരളത്തിൽ ഉയർന്നു വന്ന ‘അവിയൽ’, ‘തൈക്കുടം ബ്രിഡ്ജ്’, ‘മസാല കോഫി’, ‘അഗം’ തുടങ്ങിയ ഹിപ്-ഹോപ്പ് ബാന്റുകളിൽ ചിലർ, കേരളത്തിൽ വലിയ വിജയമായ പല നാടൻപാട്ടുകളും, അത് രൂപപ്പെടുത്തിയ കീഴാളരോട് ഒരു തരത്തിലുള്ള മര്യാദകൾ പാലിക്കാതെ എടുത്ത് ഉപയോഗിച്ച് പണവും പദവികളും സൃഷ്ടിച്ചത് കാണാൻ കഴിഞ്ഞതാണ്. തീർച്ചയായും സംഗീതം എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്നൊക്കെ പറയുമെങ്കിലും, അത്തരം ഗാനങ്ങൾ രൂപപ്പെടുത്തിയ പലരും അദൃശ്യരായി, ഒരു അംഗീകാരങ്ങളും ലഭിക്കാതെ മണ്മറഞ്ഞു പോയി എന്ന് കാണുമ്പോൾ ഈ വാദത്തിന് പുതിയ മാനങ്ങൾ കൈവരും. അവരുടെ ജീവിതാനുഭവങ്ങളിലേക്ക് ഒരിക്കൽപോലും കടന്ന് ചെല്ലാനാവാതെ, അതിനകത്തെ ഒരു അതിക്രമങ്ങൾക്കും ഇരയാകാതെ, ജീവിതം അറിയാതെ ഒരു സുപ്രഭാതത്തിൽ വന്ന് ആ അനുഭവങ്ങളിൽ ഒരു ഏജൻസിയും ഇല്ലാതെ അവയെ എടുത്ത് ഉപയോഗിക്കാം എന്നതാണ് പുതിയ കാലത്ത് നാം മനസ്സിലാക്കുന്നത്.
തൈക്കുടം ബ്രിഡ്ജ് | PHOTO : WIKI COMMONS
കീഴാള ജീവിതാനുഭവങ്ങളിലൂടെയും അതിന്റെ സൗന്ദര്യ അനുഭൂതികളിലൂടെയും കടന്നു പോയി ഗാനം എഴുതി ചിട്ടപ്പെടുത്തി വലിയ വിജയമാക്കിയ ആളുകൾക്ക്, അവ വിപണിയിലേക്ക് എത്തിക്കുവാനും പണവും അവസരങ്ങളും എന്തുകൊണ്ട് നേടാൻ കഴിയാതെ പോയി എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ശുദ്ധി വാദത്തിന്റെ പുതിയ മാനം.
സമൂഹത്തിലെ ഈ അവസരങ്ങളും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് സങ്കീർണമായ ചില ഉച്ചനീചത്വങ്ങൾ കൊണ്ടാണ് എന്നതാണ് അതിന് കാരണം. അതിന്റെ അധികാരത്തിന്റെ ബലത്തിൽ ചില ആളുകൾക്ക് കീഴാളർ രൂപപ്പെടുത്തി വിജയം നേടിയെടുത്ത സംഗീത രൂപങ്ങൾ ഉപയോഗിച്ച് പണവും സ്വീകാര്യതയും നേടി. കീഴാളരുടെ സർഗാത്മക ഉത്പന്നങ്ങളുടെ സ്വഭാവത്തിന് ഇത്തരം സങ്കീർണമായ നീതി നിഷേധങ്ങൾ നേരിടേണ്ടി വന്നതുകൊണ്ടാണ് മുൻപ് സൂചിപിച്ച ശുദ്ധി വാദം പ്രധാനം ആകുന്നത്. ആ നിലക്ക് വേടൻ രൂപപ്പെടുത്തി എടുത്ത റാപ്പിന് ഒരു സങ്കീർണമായ ശുദ്ധി സങ്കൽപമുണ്ട് എന്ന് വിശദീകരിക്കേണ്ടതായി വരും.
അമേരിക്കൻ വെളുത്ത വർഗക്കാരനും റാപ്പറും ആയ ‘എമിനെമി’നെതിരെ സമാനമായ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ ഭാഷപ്രയോഗങ്ങളും സൗന്ദര്യ ശാസ്ത്രങ്ങളും നറേറ്റീവും ഏറ്റെടുത്തെന്നും, വെളുത്ത വർഗ്ഗക്കാരൻ എന്ന പദവി അയാളെ തങ്ങളുടെ സാംസ്‌കാരിക രൂപകങ്ങൾ ഏറ്റെടുത്ത് ഉപയോഗിക്കാൻ അവസരങ്ങൾ നൽകിയെന്നും എല്ലാ കാലത്തും വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ റാപ്പറായ എമിനെം | PHOTO: WIKI COMMONS
വേടന്റെ കവിതയിലെ സങ്കീർണതയും ശുദ്ധിയും
രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിന് ശേഷം രാജ്യത്താകമാനം ഉയർന്ന് വന്ന ദളിത് ഉണർവിന്റെ ഒരു തരത്തിലുള്ള പ്രതിഫലനമാണ് വേടന്റെ സംഗീതം എന്ന് അംബേദ്‌കറൈറ്റും ചലച്ചിത്ര പ്രവർത്തകനുമായ രൂപേഷ് അഭിപ്രായപ്പെടുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ എങ്ങനെയാണോ ഇന്ത്യയിലെ സാമൂഹിക യഥാർത്ഥ്യങ്ങളെ തുറന്നു കാണിച്ചത്, അതിന് സമാനമായി
വേടന്റെ കവിതയിലെ പ്രാഥമികമായ സങ്കീർണത, അത് വേടൻ അതിജീവിക്കുന്ന വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെക്കുറിച്ച് എങ്ങനെയാണ് അറിവ് ഉൽപാദിപ്പിക്കുന്നത് എന്നതാണ്.
അതിശക്തമായ വായനയും ഗവേഷണവും തീർച്ചയായും ആ കവിതകളുടെ രൂപപ്പെടുത്തലിൽ ഉണ്ട് എന്ന് കാണാനാകും. വേടന്റെ ആദ്യ റാപ്പായ ‘വോയ്‌സ് ഓഫ് ദി വോയിസ്ലെസ്സി’ൽ കേരളത്തിലെ ഭൂവിതരണത്തിന് എന്ത് സംഭവിച്ചു എന്ന് വേടൻ ചൂണ്ടികാണിച്ചു. ഭൂരഹിതരായ ദളിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹ്യ പദവിയിൽ നിന്ന് കൊണ്ട്, അതിന്റെ ചരിത്ര ബോധത്തിൽ നിന്ന് കൊണ്ട് മാത്രം ഈ അറിവുകളെ പരിശോധിക്കുമ്പോൾ മാത്രമാണ് വേടൻ ഉൽപാദിപ്പിക്കുന്ന അറിവുകൾ എങ്ങനെ സാധ്യമാകുന്നു എന്ന് മനസ്സിലാകുകയുള്ളു. വായനയും ഗവേഷണവും മാത്രമല്ല, സമൂഹത്തിന്റെ സങ്കീർണമായ ഈ ബ്രാഹ്മണ്യ വ്യവസ്ഥയിൽ ഭൂരഹിതനായി അതിജീവിച്ച് പെരുമാറി പോരുമ്പോൾ മാത്രമേ ഭൂരാഹിത്യം എന്ന ദളിത് ആദിവാസികളുടെ ചരിത്രപരമായ കൂട്ടായ അനുഭവം സവിശേഷവും നീതിരഹിതവുമാണെന്ന പ്രതിഫലനം എഴുത്തുകാരനിൽ രൂപപ്പെടുകയുള്ളു. അതായത് കീഴാളനായ ഒരാൾ ഭൂരഹിതൻ ആകുന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് അയാൾ മനസ്സിലാക്കുന്നതിൽ ഈ പദവി നിർണായകമാകുന്നു.
വേടന്റെ എഴുത്തിൽ കീഴാളൻ പൂർണമായും കർത്തൃത്വവും തിരഞ്ഞെടുപ്പിന് അധികാരവുമുള്ള ഒരാളാണ്. ചരിത്രത്തിൽ ഉടനീളം കീഴാളന് ഈ സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥയിൽ ഏത് തരം ഉത്പാദന ബന്ധങ്ങളിൽ തളച്ചിടപ്പെട്ടവൻ ആണെന്ന് വ്യക്തമായ സൂചനയുണ്ട്. അവന്റെ അധ്വാനത്തിന്റെ മൂല്യം ചരിത്രത്തിൽ ഉടനീളം ആർക്കാണ് ലഭ്യമായത് എന്ന കൃത്യമായ ചിത്രമുണ്ട്. മിക്കവാറും ദളിത് ആദിവാസി കീഴാള അനുഭവം പറച്ചിലുകൾ ഇത്തരം അനുഭവങ്ങളിലേക്ക് എത്തിനോക്കാറുണ്ടെങ്കിലും, വിവേചനങ്ങളുടെ ഉറവിടത്തിലേക്ക് നേരിട്ട് കടന്ന് ചെല്ലാൻ അത്തരം എഴുത്തുകൾക്ക് ഒരു പരിധിവരെ കഴിഞ്ഞില്ല. റാപ്പിൽ അത് വേടന് സാധ്യമാകുന്നത് കീഴാള അനുഭവങ്ങൾ കൊണ്ട് മാത്രം പ്രാപ്യമാകുന്ന പ്രതിഫലനമാണ്.
REPRESENTATIVE IMAGE | WIKI COMMONS
അതിന്റെ ഏറ്റവും വലിയ സവിശേഷത വേടൻ ഭരണകൂടത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നു എന്നുള്ളതാണ്. മറ്റു റാപ്പ് കലാകാരന്മാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന അനേകം ഘടകങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ ഈ തിരിച്ചറിവാണ്. റാപ്പ് കവിതകൾ മിക്കവാറും വൈയക്തിക അനുഭവങ്ങൾ മാത്രം കോർത്ത് പറയാറുള്ളപ്പോൾ, വേടൻ കീഴാളരുടെ കൂട്ടായ അനുഭവം ഭരണകൂടത്തിന്റെ നയപരയമായ വിവേചനങ്ങൾ കൂടി ഉൾപ്പെട്ടതാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്നതാണ്. അതായത് ഭരണകൂടത്തിന് ഈ ഭൂരാഹിത്യം പരിഹരിക്കാൻ കഴിയുമായിരുന്നു എന്നുള്ള ബോധ്യം വേടന് തീർച്ചയായും ഉണ്ട്.
അത് പാരമ്പര്യമായ അധികാര അനുഭവങ്ങൾ നിത്യജീവിതത്തിൽ ലഭ്യമായി പോരുന്ന വ്യക്തികൾക്ക് എളുപ്പത്തിൽ ഉണ്ടാകുന്ന പ്രതിഫലനമല്ല. നിത്യജീവിതത്തിൽ പാരമ്പര്യമായി ലഭ്യമായി വരുന്ന അധികാരങ്ങൾ ഭൂരാഹിത്യം പോലൊരു പ്രശ്നത്തെ മനസ്സിലാകുന്നതിൽ നിന്ന് മനുഷ്യരെ തടഞ്ഞു നിർത്തും. വേടൻ സങ്കീർണമായ ഈ വ്യവസ്ഥയിൽ, അതിന് പുറത്ത് നിൽക്കുന്നതുകൊണ്ടാണ് അത്തരമൊരു അറിവിലേക്ക് അദ്ദേഹത്തിന് പ്രവേശനം ലഭ്യമാകുന്നത്.
അങ്ങനെ നോക്കുമ്പോൾ വേടന്റെ കവിതകളെ സങ്കീർണമാക്കുന്നത്, അറിവ് സ്വരൂപിക്കുമ്പോൾ അദ്ദേഹത്തിന്റെ പദവി സമൂഹത്തിന്റെ വ്യവസ്ഥിതിയുടെ പുറമ്പോക്കുകളിലും അരികുകളിലുമാണ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നതിലാണ്. അവിടെ നിന്നും നോക്കുമ്പോൾ മാത്രം ലഭ്യമാകുന്ന പ്രതിഫലനങ്ങളാണ് അതിന് തെളിച്ചം ഉള്ളതാകുന്നതും നീതിയുക്തമാക്കുന്നതും. അതുകൊണ്ട് കൂടിയാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന കവിതയിൽ ലോകത്തെ എല്ലാ വ്യവസ്ഥയിലും കീഴാളർ ആരാണെന്ന് മനസിലാക്കാൻ, അവരുടെ പദവികളെ മനസിലാക്കാൻ അയാൾക്ക് കഴിയുന്നത്. ജീവിതം മെച്ചപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങളെ അയാൾക്ക് കാണാൻ കഴിയുന്നത് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും വിവേചനവും കാണാൻ കഴിയുന്നത്. REPRESENTATIVE IMAGE | WIKI COMMONS
ആഫ്രിക്കൻ-അമേരിക്കൻ വംശജരുടെ സാമൂഹിക പദവിയും അതുപോലെ സമാന രീതിയിൽ സങ്കീർണമാണ്. അതുകൊണ്ടാണ് കേരളത്തിൽ റാപ്പ് വേടൻ വന്നതിന് ശേഷം മാത്രം ഒരു പോപ്പുലർ കൾച്ചർ ആയി മാറുന്നത്. ഇക്കാലയളവ് വരെ അത് ഒരു ന്യൂനപക്ഷം വരുന്ന വിഭാഗത്തിന്റെ മാത്രം ആസ്വാദന തലത്തിൽ നിന്ന ഒന്നായിരുന്നുവെങ്കിൽ വേടൻ അതിനെ അപനിർമിക്കുകയായിരുന്നു. അതിനെ പോപ്പുലർ കൾച്ചറാക്കി മാറ്റുകയായിരുന്നു.
ആ അർത്ഥത്തിൽ കവിയുടെ സാമൂഹിക പദവിയും, അറിവുകളെ ആ പദവിയിൽ നിന്നും പ്രതിഫലിപ്പിക്കുമ്പോൾ ലഭ്യമാകുന്ന നീതി ബോധ്യവുമാണ് അയാളുടെ റാപ്പ് സംഗീതത്തെ സത്യത്തിൽ പുനസൃഷ്ടി അസാധ്യമാക്കുന്ന രീതിയിൽ സങ്കീർണമാക്കുന്നത്. അത് കീഴാള മനുഷ്യരിലേക്ക് ഒരു ഹിസ്റ്റീരിയ കടത്തി വിടുന്നതിന് കാരണം, അവരുടെ അറിവുകളെ ഉണർത്തുവാൻ അവന്റെ വരികളും അവരുടെ പദവികളും കാരണമാകുന്നതുകൊണ്ടാണ്. വ്യവസ്ഥയ്ക്ക് ഉള്ളിൽ സവിശേഷമായ രീതിയിൽ ഒരേ പദവിയിൽ അവർ നിലനിന്നു പെരുമാറുന്നതുകൊണ്ടാണ് ഇത്രയും വലിയ പോപ്പുലർ ഫിഗർ ആയി മറുവാൻ വേടന് കഴിയുന്നത്. അതോടൊപ്പം പാരമ്പര്യ അധികാരങ്ങൾ കൈവശം വയ്ക്കുന്ന തരത്തിൽ സാമൂഹിക പദവി ലഭ്യമായവരിൽ നിന്നും ഈ വരികളിലൂടെ ഒരു ക്ഷമാപണം വേടൻ ആവശ്യപ്പെടുകയും ചെയുന്നു.


