
എന്‍.എസ് എന്ന വിപ്ലവ ചരിത്രം
തൂത്തുക്കുടി ജില്ലയിലെ തിരിച്ചന്തൂര്‍ താലൂക്കില്‍ ആത്തൂര്‍ ഗ്രാമമാണ് ശങ്കരയ്യയുടെ പൂര്‍വികം. ഇവരുടെ കുടുംബത്തില്‍പ്പെട്ട എല്ലാവരും പരമ്പരാഗതമായി ഗ്രാമ അധികാരികളായാണ് ജോലി അനുഷ്ഠിച്ചിട്ടുള്ളത്. പക്ഷേ അച്ഛന്‍ നരസിംഹലു ഈ ജോലിയില്‍ തുടരാന്‍ താല്പര്യപ്പെട്ടിട്ടില്ല. മറിച്ച് അദ്ദേഹം എഞ്ചിനീയറിങ് ബിരുദമാണ് സ്വന്തമാക്കിയത്. കോവില്‍പെട്ടിയിലെ ജപ്പാന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി അച്ഛന്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ 1922 ജൂലൈ പതിനഞ്ചാം തീയതി ശങ്കരയ്യ ജനിക്കുന്നു. കൂടെ പിറന്നവര്‍ 9 പേര്‍. രണ്ടാമത്തെ ആളായിട്ടാണ് ശങ്കരയ്യ ജനിച്ചത്. അങ്ങനെയിരിക്കെ നരസിംഹലു ബോംബെയില്‍ ചെന്ന് ബോയിലര്‍ എഞ്ചിനീയറിങ്ങും പൂര്‍ത്തീകരിച്ച് തമിഴ്‌നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ മധുര നഗരസഭയില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിനെ ബോയിലര്‍ മെക്കാനിസം കമ്പനിയില്‍ സൂപ്രണ്ടായി നിയമിച്ചു. അങ്ങനെയാണ് കമ്മ്യൂണിസം പൂത്തുലഞ്ഞ മധുരയുടെ മണ്ണിലേക്ക് തൂത്തുകുടിയില്‍ നിന്നും ആ ചെന്താരകം എത്തിപ്പെടുന്നത്. തൂത്തുകുടി മേലൂര്‍ ട .V. സ്‌കൂളില്‍ എട്ടാം ക്ലാസ് വരെ പഠിച്ച് പിന്നീട് മധുരൈ സെന്റ് മേരീസ് സ്‌കൂളില്‍ ഒമ്പതാം ക്ലാസും മധുരൈ ക്രിസ്ത്യന്‍ സ്‌കൂളില്‍ പത്തും പ്ലസ് ടുവും പൂര്‍ത്തീകരിച്ചു. അങ്ങനെയാണ് 1939 ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ജയിച്ച് മധുരൈ അമേരിക്കന്‍ കോളേജില്‍ B.A. ഹിസ്റ്ററിക്ക് ഉപരിപഠനത്തിനായി എത്തുന്നത്. ഇതിനിടയില്‍ 1938ല്‍ ഹിന്ദി തിനിപ്പ് പോരാട്ടം എന്നറിയപ്പെട്ട ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ തമിഴ്‌നാട്ടില്‍ നടന്ന പോരാട്ടത്തില്‍ ദ്രാവിഡ മൂവ്‌മെന്റിന്റെ കൂടെ ചേര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന രാജാജിക്ക് എതിരെ കരിങ്കൊടി കാണിച്ചു. അപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. വീണ്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശങ്കരയ്യ 1939 ല്‍ മധുരൈ മീനാക്ഷി അമ്മന്‍ അമ്പലത്തിലേക്ക് എല്ലാവര്‍ക്കും പ്രവേശനം നേടുന്നതിനായി ദളിത്, മറ്റും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ അണിനിരത്തി സമരം ചെയ്തു. അത് ക്ഷേത്രപ്രവേശനത്തിനു വേണ്ടി മാത്രമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റുകള്‍ ആ വലിയ ദൗത്യത്തെ ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശങ്കരയ്യ അന്ന് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നു. ഒരു കോളേജ് വിദ്യാര്‍ഥിക്ക് സമൂഹത്തില്‍ ഇത്തരത്തിലുള്ള ചലനങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതില്‍ അന്ന് എല്ലാവരും അദ്ദേഹത്തെ ഓര്‍ത്ത് അത്ഭുതപ്പെട്ടു. പിന്നീട് അമേരിക്കന്‍ കോളേജ് യൂണിയന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന A. K. G.യുമായി രാഷ്ട്രീയബന്ധം പുലര്‍ത്തി. B. A.അവസാന വര്‍ഷ പരീക്ഷയ്ക്ക് 15 ദിവസം മാത്രം അവശേഷിക്കെ 1941 മാര്‍ച്ചില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ടത്തില്‍ പങ്കെടുത്തത് കൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോഴാണ് വെല്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് തുടങ്ങിയവര്‍ അന്ന് ആ ജയിലില്‍ ഉണ്ടായിരുന്നു. ചെറുപ്പം മുതല്‍ വായനയോട് അതീതമായ താല്പര്യമുണ്ടായിരുന്ന ശങ്കരയ്യയ്ക്ക് സോഷ്യലിസം അടിമത്തത്തില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കും എന്ന ആവേശം വളരെ ചെറുപ്പത്തിലെ കിട്ടിത്തുടങ്ങി. അതിനുള്ള ഏറ്റവും വലിയ കാരണം അദ്ദേഹം തൊഴിലാളികള്‍ കൂടുതല്‍ ചൂഷിതരായി ജീവിച്ചിരുന്ന തൂത്തുക്കുടി തുറമുഖത്തിന്റെ അടുത്ത് ജനിച്ചതുകൊണ്ടാണ്. പിന്നീട് നല്‍കിയ അഭിമുഖങ്ങളില്‍ ശങ്കരയ്യ കൃത്യമായി ഈ കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല അന്നത്തെ മധുര വലിയ കച്ചവട സ്ഥലം ആയിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യം തല വിരിച്ച് ആടിയ നഗരമായിരുന്നു. ടെക്‌സ്‌റ്റൈല്‍ തൊഴിലാളികളെ സംഘടിപ്പിക്കുക അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നു മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ ശങ്കരയ്യ ചെയ്തിരുന്നത്.N. SANKARAIAH | PHOTO: PTI
വീണ്ടും വീണ്ടും ബ്രിട്ടീഷുകാരുടെ പോലീസ് അദ്ദേഹത്തെ ലക്ഷ്യമിട്ട് ജയിലിലേക്ക് അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയും വളരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിലൊന്നും തളരാതെ മദ്രാസ് പ്രസിഡന്‍സിയുടെ പ്രൈം മിനിസ്റ്റര്‍ കത്തെഴുതി. ഇതിന്റെ പേരില്‍ വീണ്ടും 1942 ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. അവിടെനിന്നും പുറത്തിറങ്ങിയപ്പോള്‍ സേലത്തില്‍ നടന്ന മദ്രാസ് പ്രസിഡന്‍സി വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനം അദ്ദേഹത്തെ സ്റ്റുഡന്‍സ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1942 ല്‍ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കവേ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇതിലൊന്നും തളരാതെ വിരുതനഗര്‍, ചാത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിക്കവേ വീണ്ടും പോലീസ് വളഞ്ഞിട്ട് തല്ലി. അവിടെ നിന്നാണ് കണ്ണൂര്‍ ജയിലിലേക്ക് ശങ്കരയ്യയെ കൊണ്ടുവരുന്നത്. തന്റെ ഇരുപതാമത്തെ വയസ്സില്‍ ഇത്രയും വലിയ പോരാട്ടം നടത്തിയ, പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഏക നേതാവായിരിക്കും സഖാവ് ശങ്കരയ്യ. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇരിക്കെത്തന്നെ സമൂഹത്തിലെ വലിയ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും സ്വമേധയാ ആളുകളെ സംഘടിപ്പിക്കുകയും അതിനുവേണ്ടി പോരാടുകയും ജയില്‍ തടവിലേക്ക് നയിക്കപ്പെടുകയും പിന്നീട് തടവില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും വീണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്ത വലിയൊരു വിപ്ലവകാരികൂടിയാണ് ശങ്കരയ്യ. മാത്രമല്ല കയ്യൂര്‍ സഖാക്കള്‍ തൂക്കിലേറ്റപ്പെട്ടപ്പോള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ച ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകളില്‍ വിപ്ലവവീര്യം ചോരാത്ത ഒരു തോഴന്‍ ആയിരുന്നു ശങ്കരയ്യ. ഈ പ്രശ്‌നത്തെ തുടര്‍ന്ന് അവിടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നിരാഹാര സമരം അനുഷ്ഠിച്ചു. അതില്‍ ശങ്കരയ്യയും പങ്കാളിയായി. ഭാഷ ഒരിക്കലും അദ്ദേഹത്തിന് ഒരു തടസ്സമായിരുന്നില്ല. ഇംഗ്ലീഷും തമിഴും തെലുങ്കും മറ്റു ഇന്ത്യന്‍ ഭാഷകളേയും അദ്ദേഹത്തിന് വശം ഉണ്ടായിരുന്നു. അവിടെ നിന്നും തമിഴ്‌നാട്ടില്‍ തഞ്ചാവൂര്‍ ജയിലിലേക്ക് മാറ്റപ്പെടുന്നു. ഇതൊന്നും പുതുമയായി അദ്ദേഹത്തിന് തോന്നിയിട്ടില്ല. 22 വയസ്സ് പൂര്‍ത്തീകരിക്കുമ്പോള്‍ തന്നെ അദ്ദേഹം നിരവധി പോരാട്ടങ്ങള്‍ ഏറ്റെടുത്തു. 1944 ല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മരിക്കുമ്പോള്‍ കുടുംബത്തിന്റെ ചുമതലകൂടി ഏറ്റെടുക്കേണ്ടി വന്നു. പക്ഷേ അതേ വര്‍ഷത്തില്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നു. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മധുര ജില്ല സെക്രട്ടറി ആവുന്നു. പിന്നീട് ബോംബെ കപ്പല്‍ തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആ സമരത്തിലും പങ്കെടുക്കുന്നു. സമരങ്ങള്‍ക്ക് ഒരിക്കലും ഇടവേള കല്‍പ്പിക്കാത്ത ഒരു സമര പോരാട്ട ചരിത്രമാണ് ശങ്കരയ്യയ്ക്ക് ഉള്ളത്. ആ ആവേശം ഒരിക്കലും അടങ്ങിയിട്ടില്ല. ജീവിതംകൊണ്ട് മാതൃകാപരമായ ഒരു കമ്മ്യൂണിസ്റ്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവേ മതേതര സോഷ്യലിസ്റ്റ് കല്യാണം കഴിക്കാന്‍ മുതിര്‍ന്നു. അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന പൊന്നുച്ചാമിയുടെ മകള്‍ നവമണിയെ 1947 ല്‍ വിവാഹം കഴിക്കുന്നത്. നവമണി അന്യ ജാതിക്കാരിയും ക്രിസ്ത്യാനിയും ആയതുകൊണ്ട് കുടുംബത്തില്‍ നിന്നും പലതരത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതൊന്നും വകവെയ്ക്കാതെ ആ സഖാവ് തന്റെ കര്‍മ്മപാതിയില്‍ സഞ്ചരിച്ചു. കമ്മ്യൂണിസമാണ് തന്റെ മാര്‍ഗ്ഗമെന്ന് മരിക്കുന്നതുവരെ എല്ലാതരത്തിലുള്ള സഖാക്കളോടും പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ശങ്കരയ്യ ഒളിവില്‍ പോയി. മൂന്നു വര്‍ഷങ്ങളായി ഒരു അഴുക്ക് തുണി പൊതിയുടെ ഇടയിലാണ് ജീവിതം കഴിച്ചുകൂട്ടിയത്. അവിടെയും അസുഖങ്ങളോട് പോരാടി. ത്വക്ക് രോഗങ്ങള്‍ പിടിപെട്ടു. പക്ഷേ ബ്രിട്ടീഷുകാരുടെ കൊടുംപിടിയില്‍ ജീവിച്ചതുകൊണ്ട് ഡോക്ടറെ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലും ജീവിതത്തോട് മല്ലടിച്ചു. പിന്നീട് 1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനത്തിന് വിലക്ക് കല്‍പ്പിച്ചപ്പോള്‍ തഞ്ചാവൂരിലെ കര്‍ഷകരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത് എന്നും തൊഴിലാളികള്‍ക്കൊപ്പം ഉള്ള ജീവിതം എന്നതാണ് ശങ്കരയ്യയുടെ ശൈലി. ആ ശൈലി പാര്‍ലമെന്റ് രാഷ്ട്രീയത്തിലും പിന്തുടര്‍ന്നു. വലിച്ചെറിയപ്പെട്ടവന്റെ കൂടെയും അവഗണിക്കപ്പെട്ടവന്റെ കൂടെയും എന്നും ഒപ്പം ഉണ്ടാകുന്നവനാണ് തോഴന്‍ എന്ന് തന്റെ ജീവിത പ്രവര്‍ത്തികൊണ്ട് എന്നുമെന്നും തെളിയിച്ച ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ചരിത്രം കൂടിയാണ് ശങ്കരയ്യ. തമിഴ്‌നാട്ടിലെ സഖാക്കള്‍ എന്‍. എസ്. എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. താന്‍ മാത്രമല്ല മിശ്രവിവാഹം കഴിച്ചത് തന്റെ മക്കളും മിശ്രവിവാഹം തന്നെയാണ് കഴിച്ചത് എന്ന് ന്യൂസ് സെവന്‍ എന്ന ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കരയ്യ കൃത്യമായി സൂചിപ്പിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ വെറും സിദ്ധാന്ത വാദിയായി മാത്രം തീരരുത് എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. മാര്‍ക്‌സ് ആയിരുന്താലും തോഴര്‍, ലെനിന്‍ ആയിരുന്താലും തോഴര്‍, യെച്ചൂരിയായിരുന്താലും തോഴര്‍ നാമെല്ലാവരും തോഴര്‍കള്‍ താന്‍. തോഴര്‍ എന്ന വാക്കിലാണ് നാമെല്ലാം ഒന്നിക്കുന്നത് ഇന്‍ക്വിലാബ് സിന്ദാബാദ് എന്നതാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള്‍. തന്റെ കാലത്തിനു ശേഷവും ഇവിടെ അവകാശ പോരാട്ടങ്ങള്‍ തുടരും. തൊഴിലാളികള്‍ വിമോചിതരാവും ജാതി മതം തുടങ്ങിയ പിന്തിരിപ്പന്‍ ശക്തികള്‍ ഒരു ദിവസം ഈ ഭൂമിയില്‍ ഇല്ലാതാവും. സമത്വ സുന്ദരമായ ഒരു ലോകം ഇവിടെ നമ്മള്‍ സൃഷ്ടിച്ചെടുക്കും അതുവരെയ്ക്കും പോരാടുവോം.N. SANKARAIAH | PHOTO: PTI
മധ്യ ചെന്നൈ ഭഗത്തില്‍ കുടിയിറക്കപ്പെടുന്ന തൊഴിലാളികളുടെ ജീവിതങ്ങള്‍ പങ്കുവെച്ചാണ് തോഴര്‍ ശങ്കരയ്യ നമ്മളോട് വിട പറഞ്ഞത്. കഴിഞ്ഞ ആഴ്ചകളില്‍ മധ്യ ചെന്നൈ പാര്‍ട്ടി സെക്രട്ടറിയായ സഖാവ് G.സെല്‍വയോട് ആവശ്യപ്പെട്ടത് വലിച്ചെറിയപ്പെട്ട ആ ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്ത് അവരുടെ അവകാശങ്ങളെ സംരക്ഷിക്കണം എന്നാണ്. ഒരു നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് ഒരിക്കലും കിടപ്പിലായിട്ടില്ല. തന്റെ 11 വയസ്സില്‍ തുടങ്ങിയ മുദ്രാവാക്യം വിളികള്‍ 102 വയസ്സുവരെ തുടര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് സഖാവ് ശങ്കരയ്യ. ശങ്കരയ്യ എന്നാല്‍ പോരാട്ടമാണ്. ഒരിക്കലും കര്‍ഷക കുടുംബത്തിലോ അല്ലെങ്കില്‍ ദാരിദ്ര്യം പിടിച്ച ചുറ്റുപാടിലോ ജീവിക്കാത്ത വ്യക്തിയാണ് ശങ്കരയ്യ. അച്ഛന്‍ ബ്രിട്ടീഷുകാരുടെ അധികാരി ആയിരുന്നു. കുടുംബങ്ങളില്‍ എല്ലാവരും അത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ആയിരുന്നു. എങ്കില്‍ പോലും സാമൂഹിക പ്രതിബദ്ധത കൊണ്ടുമാത്രം കമ്മ്യൂണിസം എന്ന മാര്‍ഗ്ഗം തിരഞ്ഞെടുത്ത വിപ്ലവകാരിയാണ് ശങ്കരയ്യ. വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കും ഒരിക്കല്‍പോലും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ലാത്ത ബാല്യം. അച്ഛന്‍ ശങ്കരയ്യയെ അഡ്വക്കേറ്റ് ആക്കണം എന്നാണ് ആഗ്രഹിച്ചത്. പക്ഷേ മകന്‍ സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കണം എന്നാണ് കരുതിയത്. അതുകൊണ്ടാണ് അദ്ദേഹം പോരാട്ടത്തെ ജീവിത ശൈലിയാക്കിയത്. 1921 ല്‍ ജനിച്ച ശങ്കരയ്യയുടെ യഥാര്‍ത്ഥ നാമം പ്രതാപ ചന്ദ്രന്‍ എന്നായിരുന്നു. മുത്തച്ഛന്റെ ആഗ്രഹം കൊണ്ട് മുത്തച്ഛന്റെ പേര് തന്നെ അച്ഛന്‍ ശങ്കരയ്യക്ക് നല്‍കി. ഒരുപാട് നിലപാടുകള്‍ സമൂഹം ശങ്കരയ്യയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും ശങ്കരയ്യ തുടര്‍ന്ന നിലപാട് കമ്മ്യൂണിസം മാത്രമായിരുന്നു. ഒരിക്കലും ആ നിലപാടില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. കമ്മ്യൂണിസത്തിന് അത്രമേല്‍ സ്വാധീനം ഇല്ലാത്ത ഒരു സംസ്ഥാനത്ത് ജനിച്ചിട്ട് കൂടി ജീവിതകാലം മുഴുവനും ഈ ആശയത്തിന് വേണ്ടി സമൂഹത്തില്‍ കലഹിച്ചു നടന്ന സമുന്നതനായ നേതാവ് കൂടിയായിരുന്നു ശങ്കരയ്യ. തന്റെ തലമുറയില്‍ പെട്ടവരെയും തന്റെ മക്കളുടെ തലമുറയില്‍ പെട്ടവരെയും തന്റെ പേരക്കുട്ടികളുടെ തലമുറയില്‍ പെട്ടവരെയും തോഴര്‍ എന്നു മാത്രം അഭിസംബോധന ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് കൂടിയാണ് തോഴര്‍ ശങ്കരയ്യ.N. SANKARAIAH | PHOTO: PTI
100 വയസ്സുവരെ പാര്‍ട്ടിയുടെയും യുവജന പ്രസ്ഥാനങ്ങളുടെയും വേദികളില്‍ നിറഞ്ഞ സാന്നിധ്യം. വായനയും എഴുത്തും ജീവിതമായി കൊണ്ടുനടന്ന പോരാളിയാണ്. ഫാസിസത്തിന് എതിരെ സന്ധിയില്ലാത്ത സമരം നയിച്ച തുടിപ്പുള്ള കമ്മ്യൂണിസ്റ്റ് ആയിരുന്നു ശങ്കരയ്യ. ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോള്‍ സ്വയം തിരിച്ചറിവോടു കൂടിതന്നെ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ ശങ്കരയ്യ തന്റെ ജീവിതത്തില്‍ എല്ലാ ഘട്ടങ്ങളിലും അനീതിക്കെതിരെ ഉറക്കെ പ്രതികരിച്ചു .ആ ശബ്ദമാണ് നിലച്ചു പോയത്. എല്ലാ അര്‍ത്ഥത്തിലും പോരാട്ടവീര്യം ചോരാതെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ജീവിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ആണ് ശങ്കരയ്യ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ഒളിവു ജീവിതം നയിക്കുകയും ചെയ്തിരുന്ന ശങ്കരയ്യ മൂന്നാര്‍, വാല്‍പ്പാറ, നീലഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ തേയിലത്തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ടായിരുന്നു. എവിടെ മര്‍ദ്ദകര്‍ ഉണ്ടോ അവിടെയെല്ലാം ചെന്ന് അവരെ സംഘടിപ്പിച്ച് അനീതിക്കെതിരെ പോരാടിയ ഒരു പോരാട്ട ചരിത്രം കൂടിയാണ് ശങ്കരയ്യയുടെ ജീവിതം. എന്തുകൊണ്ട് വളരെ ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ശങ്കരയ്യ ഇങ്ങനെയാണ് പ്രതികരിച്ചത് ചെറുപ്പം മുതല്‍ തൂത്തുക്കുടിയില്‍ തൊഴിലാളികളുടെ കഷ്ടപ്പാടുകളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ബ്രിട്ടീഷുകാരുടെ തിരക്കേറിയ കച്ചവട സ്ഥലം ആയിരുന്നു തൂത്തുകുടി. തൊഴിലാളികള്‍ ഉറങ്ങാത്ത രാത്രികളില്‍ എന്റെ ഉറക്കത്തെയും കെടുത്തി. എന്തുകൊണ്ട് അവര്‍ ഇത്രയും ബുദ്ധിമുട്ടുള്ള ജീവിതം ജീവിക്കുന്നുവെന്ന് ഞാന്‍ സ്വയം ചിന്തിച്ചു ആ കണ്ടെത്തലുകളാണ് എന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ബഹുഭൂരിപക്ഷം വരുന്ന മുതലാളികള്‍ക്ക് ചുറ്റുമാണ് ഞങ്ങളുടെ ബാല്യകാലങ്ങള്‍. അവിടെനിന്നും വലിച്ചെറിയപ്പെട്ടവന് തിരിച്ചറിയാനുള്ള ശ്രമമാണ് എന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. എന്നെ മാത്രമല്ല നഗരങ്ങളിലെയും ഒരുപാട് വിദ്യാര്‍ഥികളെയും രാഷ്ട്രീയത്തിലേക്ക് നയിച്ച കാലഘട്ടമായിരുന്നു അത്. 1940 കളില്‍ തന്നെ വായനയോട് അതീതമായ താല്പര്യമുള്ള ഞാന്‍ മാക്‌സിം ഗോര്‍ക്കിയുടെ അമ്മ എന്ന കൃതി വായിച്ചിട്ടാണ് കമ്മ്യൂണിസത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. തമിഴ് കവിയായ ഭാരതിയുടെ റഷ്യ എന്ന കവിതയും പെരിയാറിന്റെ ചിന്തകളും പുതുമൈപിത്തന്റെ ചെറുകഥകളും ജയിലില്‍ ഇരിക്കുമ്പോള്‍ വായിക്കാന്‍ ഇടയായി. എന്റെ ഒപ്പം ജയിലില്‍ കഴിഞ്ഞ ഒന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് അധികപ്പറ്റായി തോന്നി. കാരണം ഒരു പയ്യന്‍ ഭ്രാന്തനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ഞാന്‍ കണ്ടു. അവന്റെ ആ നടപടികള്‍ സമൂഹത്തോട് ഉത്തരവാദിത്വമില്ലായ്മ പഠിപ്പിച്ചു. വിദ്യാര്‍ത്ഥി സമൂഹം അവനെപ്പോലെ ആകരുത് എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് ജീവിത അനുഭവങ്ങളിലൂടെ രാഷ്ട്രീയത്തെ ഞാന്‍ മുറുകെപ്പിടിക്കുന്നത്. ഞാന്‍ രണ്ടാമത്തെ തവണ ജയിലില്‍ കിടക്കുമ്പോള്‍ അമ്മ എന്നെ കാണാന്‍ വേണ്ടി അവിടെ വന്നിരുന്നു. അമ്മയുടെ നിറകണ്ണുകള്‍ കാണുമ്പോള്‍ എനിക്ക് വിഷമമുണ്ടായി എങ്കിലും അതിനേക്കാള്‍ വലുത് മനുഷ്യസമൂഹത്തിന്റെ വിമോചനമാണെന്ന് ആ രാത്രികളില്‍ ഞാന്‍ കുറിച്ചിട്ടു. അങ്ങനെ ഒരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ എന്റെ ആദര്‍ശത്തിനോട് ഇടയ്ക്ക് വെച്ച് തന്നെ വിട പറയേണ്ടി വരും എന്ന് ഞാന്‍ വിശ്വസിച്ചു. അതുകൊണ്ടാണ് മനുഷ്യ വിമോചന ചിന്തയായ കമ്മ്യൂണിസത്തെ എന്റെ ശ്വാസമായി കൊണ്ട് നടക്കുന്നത്.