TMJ
searchnav-menu
post-thumbnail

Outlook

റിപ്പബ്ലിക്കിന്റെ നെറുകയില്‍ അനീതിയുടെ കാവിക്കൊടി 

26 Jan 2024   |   4 min Read
ഷെരീഫ് സാഗർ

ന്ത്യ ഒരു ബഹുവംശീയ ജനാധിപത്യമാണ്. ആര് ഭരിച്ചാലും ഭൂരിപക്ഷം ഭരിക്കുന്നു എന്നത് ജനാധിപത്യത്തിന്റെ യാഥാര്‍ത്ഥ്യമാണ്. അങ്ങനെയൊരു നാട്ടില്‍ ദലിത്-മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാനമെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഭരണഘടനാ ശില്‍പികള്‍ ഏറെയും വിയര്‍ത്തത്. ആ ചര്‍ച്ചകള്‍ക്കിടയിലാണ് അവര്‍ക്കിടയില്‍ അതിഘോര വാഗ്‌വാദങ്ങള്‍ നടന്നത്. പറഞ്ഞും എഴുതിയും തിരുത്തിയും തിരുത്തിയത് തിരുത്തിയും ഉത്തരങ്ങളിലേക്ക് എത്തുകയായിരുന്നു. ഭൂരിപക്ഷം ആധിപത്യം ചെലുത്തുന്ന ഒരു കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങായി ഈ പുസ്തകമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. എല്ലാമെല്ലാം കടലാസില്‍ എഴുതി വെച്ചിട്ടും ഭരണഘടനാശില്‍പിയായ ഡോ. അംബേദ്കര്‍ക്ക് സംശയം തീര്‍ന്നിരുന്നില്ല. 1949 നവംബര്‍ 25 ന് ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു: 1950 ജനുവരി 26 ന് ഈ ഭരണഘടന നിലവില്‍ വരുമ്പോള്‍ നാം വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് കാലു കുത്താന്‍ പോവുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് സമത്വമുണ്ടാകും. എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ അസമത്വം തുടരും. എത്രകാലം ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നമുക്ക് തുടരാന്‍ കഴിയും? ദീര്‍ഘകാലം ഈ നിഷേധം തുടരുകയാണെങ്കില്‍ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം അപകടത്തിലാകും.''

അധികാര കൈമാറ്റത്തിന് ശേഷമുള്ള ഇന്ത്യയില്‍ ദലിതുകളും മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളും ഏത് അവസ്ഥയിലായിരിക്കും എന്ന കാര്യത്തില്‍ അംബേദ്കര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാര്‍ക്ക് അധികാര കൈമാറ്റം നടത്തുമ്പോള്‍ നൂറ്റാണ്ടുകളായി മനുഷ്യാവകാശം നിഷേധിച്ച് സഞ്ചരിക്കാനും ജീവിക്കാനും പോലുമുള്ള അവകാശമില്ലാതെ പുഴുക്കളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനകോടികളുടെ അവകാശങ്ങള്‍ എന്തെന്ന് നിര്‍ണയിക്കേണ്ടത് അനിവാര്യമാണ്. ജാതി ഹിന്ദുത്വ ശക്തികളുടെ കൈകളില്‍ അധികാരം എത്തുമ്പോള്‍ അവര്‍ അയിത്ത ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയില്ല. അതിനാല്‍ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഈ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്.''

മനുസ്മൃതിയുടെ വര്‍ണാശ്രമ സിദ്ധാന്തങ്ങളെയും ബ്രിട്ടീഷ് രാജിന്റെ അടക്കി ഭരിക്കല്‍ തന്ത്രങ്ങളെയും ഒരുപോലെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞാണ് ഇന്ത്യന്‍ രാഷ്ട്ര ശില്‍പികള്‍ രാജ്യത്തിന് ഭരണഘടനയുടെ അടിത്തറയിട്ടത്. അതുകൊണ്ടുതന്നെ റിപ്പബ്ലിക് ദിനത്തിന് പ്രത്യേകതയുണ്ട്. ഇതാണ് യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ ദിവസം. ജനാധിപത്യം ആഘോഷിക്കപ്പെടേണ്ട ദിവസം. ജോര്‍ജ് ആറാമന്റെ പുത്രികാരാജ്യ പദവിയില്‍നിന്ന് രാജ്യം ജനാധിപത്യ ഭരണക്രമത്തിലേക്ക് പൂര്‍ണമായും വഴിമാറിയ ദിവസം. ഓരോ പൗരനും തുല്യനീതിയും തുല്യ അവസരങ്ങളും ഉറപ്പുവരുത്തുന്ന ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസം. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായത്തിന് അംഗീകാരം ലഭിച്ച ദിവസം.

ഡോ. അംബേദ്കര്‍, ഡോ. രാജേന്ദ്ര പ്രസാദ് | PHOTO: WIKI COMMONS
ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്ര നിര്‍മ്മാണം നടന്നതിന്റെ ആഘോഷത്തില്‍ മതിമറക്കുന്ന ഇന്ത്യയിലെ ഇന്നത്തെ റിപ്പബ്ലിക് ദിനത്തിന് പ്രസക്തി കൂടുതലാണ്. ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തെറ്റായ രീതിയില്‍ ഉപയോഗിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ ഈ അതിക്രമം നടത്തിയത്. ഭക്തിയെയും മതത്തെയും ഉപയോഗിച്ച് രാജ്യത്തെ കൈപ്പിടിയിലൊതുക്കാനുള്ള പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ ഗൂഢതന്ത്രമാണ് വിജയിച്ചത്. അവര്‍ക്കിത് ഇന്ത്യന്‍ റിപ്പബ്ലിക്കല്ല. രാമരാജ്യമാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങളില്‍ പ്രധാനം നമ്മുടെ ഭരണഘടന തന്നെയാണ്. അക്ഷരത്തില്‍ മാത്രമല്ല, പ്രയോഗത്തിലും സഫലമാകുമ്പോഴാണ് ഭരണഘടന അര്‍ത്ഥപൂര്‍ണമാകുന്നത്. എന്നാല്‍ അതിനെയൊക്കെ തള്ളിക്കളഞ്ഞ് കൊണ്ടാണ് സംഘ്പരിവാറിന്റെ പോക്ക്. 

ഭൂരിപക്ഷത്തിന്റെ ശരിയാണ് ജനാധിപത്യത്തിന്റെ ശരി. എന്നാല്‍ ഭൂരിപക്ഷം ഒന്നാകെ ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിനെ അംഗീകരിക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് യൂറോപ്യന്‍ ജനാധിപത്യത്തിന്റെ പകര്‍പ്പിനെ ഇന്ത്യ അംഗീകരിക്കാതിരുന്നത്. അതുകൊണ്ടാണ് ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കുന്ന നിയമങ്ങളുണ്ടായത്. ന്യൂനപക്ഷങ്ങളും ദലിതുകളും ക്രൂരമായി വേട്ടയാടപ്പെടുന്ന, ഭരണഘടനാശില്‍പികള്‍ ഭയപ്പെട്ട കാലത്താണ് ഇന്ന് ഇന്ത്യ റിപ്പബ്ലിക് ആഘോഷിക്കുന്നത്. അസഹിഷ്ണുതയുടെ അപകടങ്ങള്‍ രാജ്യത്തെ ചൂഴ്ന്ന് നില്‍ക്കുകയാണ്. മനുവാദികളില്‍നിന്നും വര്‍ഗീയ ഫാഷിസത്തില്‍നിന്നും മത ഭീകരവാദികളില്‍നിന്നും സ്വാതന്ത്ര്യം നേടാതെ ഇന്ത്യ സ്വതന്ത്രമാവുകയില്ല.

മുസ്ലീങ്ങളെയും ദലിതുകളെയും അപരവല്‍ക്കരിക്കുകയും ഉന്മാദ ദേശീയതയിലേക്ക് ആളെ കൂട്ടുകയും ചെയ്യുന്ന അപകടാവസ്ഥയില്‍ വിഷാദരോഗിയാണ് രാജ്യം. ഈ വിഷാദം രാജ്യത്തെ ആത്മഹത്യയിലേക്കു വരെ നയിക്കാന്‍ സാധ്യതയുള്ള കാലത്ത് റിപ്പബ്ലിക് ദിനത്തിന് പ്രസക്തിയേറുകയാണ്. അസഹിഷ്ണുതയും ആള്‍ക്കൂട്ട കൊലപാതകങ്ങളും ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും രാജ്യത്ത് പതിവായിരിക്കുകയാണ്. പശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യനെ കൊല്ലുന്ന ലോകത്തെ ഏക രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ മനസ്സില്‍ മത-ജാതി വിഭജനത്തിന്റെ രേഖകള്‍ ആഴത്തില്‍ വരച്ചെടുക്കാനുള്ള ഫാഷിസ്റ്റുകളുടെ ശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ കയ്യൊപ്പ് ചാര്‍ത്തുകയാണ്.

REPRESENTATIONAL IMAGE: WIKI COMMONS
ഉന്മാദ ദേശീയതയുടെ അപകടത്തെക്കുറിച്ച് രാമചന്ദ്ര ഗുഹ പറയുന്നു: ഇന്ത്യന്‍ ദേശീയത യൂറോപ്പില്‍ നിന്നും കടം കൊണ്ടിട്ടുള്ള ഒന്നല്ല. അത് ബഹുസ്വരതയില്‍ ഊന്നിക്കൊണ്ടുള്ള ഒന്നാണ്. അത് ഏതെങ്കിലും ഒരു മതത്തെയോ ഒരു ഭാഷയെയോ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതുമല്ല. നമ്മുടെ സ്വാതന്ത്ര്യസമര പോരാളികളോടാണ് അതിന് കടപ്പാട്. ഹിന്ദുത്വം യൂറോപ്പിന്റെയും മധ്യകാല കിഴക്കിന്റെയും പങ്കാളിയാണ്. ഒരു പൊതുമതത്തെയും ഭാഷയെയും പൊതുശത്രുവിനെയും പ്രചരിപ്പിക്കുന്നതിലാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ദേശീയത ശ്രദ്ധയൂന്നിയത്. ഉദാഹരണത്തിന് ഫ്രാന്‍സ്. അവിടെ ആളുകള്‍ ഫ്രഞ്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. മതമാകട്ടെ കത്തോലിക്കാ മതവും. അവര്‍ ഇംഗ്ലണ്ടിനെ വെറുത്തിരുന്നു. ഇപ്പോള്‍ ആര്‍.എസ്.എസ് പറയുന്നത് ഹിന്ദിയാണ് ദേശീയ ഭാഷയെന്നും നമ്മളെല്ലാം ഹിന്ദുക്കളാകണമെന്നും പാക്കിസ്താനെ വെറുക്കണമെന്നുമാണ്.''

കൊളോണിയല്‍ ഘട്ടം മുതല്‍ ഹിന്ദു രാഷ്ട്രം എന്ന വാദം ഉടലെടുത്തു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ വ്യാജ ചരിത്ര രചന നടത്തിയത് ഹിന്ദു രാഷ്ട്ര വാദത്തിന് അടിത്തറയായി. ക്ലാസ് മുറികളില്‍ ചരിത്രം പഠിപ്പിക്കുന്നിടത്തോളം ഇന്ത്യ വര്‍ഗീയമാകും എന്ന് പ്രൊഫ. ബിപന്‍ ചന്ദ്ര പറയുന്നത് അതുകൊണ്ടാണ്. ചരിത്രത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു. മതവിഭജനം സാമാന്യ ബോധത്തില്‍ ഉറപ്പിക്കുന്ന ചരിത്ര ധാരണകളിലാണ് ഫാസിസത്തിന്റെ വേര്. ചിന്തകര്‍, കലാകാരന്മാര്‍, കലാലയങ്ങള്‍, ചരിത്രം, അപരത്വം എന്നിവയെ ഫാസിസം എപ്പോഴും പേടിക്കുന്നു. മാതൃഭൂമിയിലെ കോളത്തില്‍ വാല്‍മികീ രാമായണം അതുപോലെ പകര്‍ത്തിയതായിരുന്നു എം.എം ബഷീറിനെതിരെ തിരിയാനുള്ള കുറ്റം. ഒരു മുസ്ലിം രാമായണത്തെക്കുറിച്ച് എഴുതരുത് എന്നായിരുന്നു തിട്ടൂരം. ഗാന്ധി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള നിരവധി പേര്‍ ഈ അസഹിഷ്ണുതയുടെ ഇരകളായി ജീവന്‍ ത്യജിച്ചു.

പ്രൊഫ. ബിപന്‍ ചന്ദ്ര | PHOTO: WIKI COMMONS
പ്രതിസന്ധികള്‍ക്ക് ഭരണഘടനയില്‍ പരിഹാരമുണ്ട് എന്ന ആശ്വാസമാണ് ഓരോ റിപ്പബ്ലിക് ദിനവും ഇന്ത്യക്കാരന് നല്‍കുന്നത്. ഭരണഘടനയെ ശരിയായ അര്‍ഥത്തില്‍ ഉപയോഗിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. രാജ്യത്തെ ഒരു വിഭാഗം ഉന്മാദത്തിലാണ്. രാമക്ഷേത്രത്തെ കൂട്ടുപിടിച്ചാണ് ആ ഉന്മാദം. ഫാഷിസത്തിന് എപ്പോഴും ഒരു ശത്രുവിനെ വേണം. ശത്രുവിനെതിരായ വിദ്വേഷമില്ലെങ്കില്‍ ഫാഷിസത്തിന് പ്രസക്തിയില്ല. അധികാരത്തിന് വേണ്ടി ഇന്ത്യന്‍ ഫാഷിസം ഇനിയും ഈ വിദ്വേഷ രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. മുസ്ലീം നിലവിളികളെ അവര്‍ സംഗീതം പോലെ ആസ്വദിക്കും. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ മുന്നേറ്റത്തെ പുനര്‍ നിര്‍വ്വചിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കേവല എതിര്‍ യുക്തികള്‍ കൊണ്ട് ആ പ്രതിരോധം സാധ്യമാകില്ല. കൃത്യമായ ഗൃഹപാഠങ്ങളോടെയുള്ള മതേതര പരിവാരം ഇപ്പുറത്ത് അനിവാര്യമാണ്. അതില്ലാത്ത കാലത്തോളം നിലവിളികള്‍ തുടരും. ആ നിലവിളികളെല്ലാം അവര്‍ വോട്ടാക്കി മാറ്റുകയും ചെയ്യും. 

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ നെറുകയില്‍ അനീതിയുടെ കാവിക്കൊടി പാറുകയാണ്. രാഷ്ട്രത്തിന് മുന്നോട്ടാഞ്ഞ് നടക്കണമെങ്കില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ സ്വയം ശക്തിപ്പെട്ട മതേതര പക്ഷം ഉണ്ടാകണം. അത് സംഭവിക്കാത്ത കാലത്തോളം ആര്‍.എസ്.എസ്സിന്റെ ആസ്ഥാനത്ത് നിന്ന് ഡിസൈന്‍ ചെയ്ത സോഷ്യല്‍ എഞ്ചിനീയറിങ് അനുസരിച്ച് രാജ്യം പിറകോട്ട് പോകും. വിശ്വാസത്തെ ഉയര്‍ത്തിയുള്ള സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ പരിഹാസത്തിനോ പ്രകോപനത്തിനോ പ്രസക്തിയില്ല. അതൊക്കെയും ധര്‍മ്മത്തിനെതിരാണെന്ന് പ്രചരിപ്പിച്ച് അവര്‍ മുതല്‍ക്കൂട്ടുകയാണ്. മറുതന്ത്രങ്ങളില്‍ രാജ്യതാല്‍പര്യവും മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന കര്‍മപദ്ധതികളും ഉണ്ടാകണം. മതനിരപേക്ഷത എന്നാല്‍ മതമില്ലായ്മയാണെന്ന് തെറ്റിദ്ധരിച്ച് മതത്തെ പരിഹസിക്കുന്നവരും സംഘ്പരിവാറിന് വളമിടുകയാണ്. ഉന്മാദത്തിനെതിരെ ഉന്മാദികളായിട്ട് കാര്യമല്ല. വിവേകത്തോടെ തീരുമാനമെടുത്ത് രാജ്യത്തെ തിരിച്ചുപിടിക്കണം.


#outlook
Leave a comment