TMJ
searchnav-menu
post-thumbnail

Outlook

തൃപ്ത ത്യാഗിമാരുടെ വെറുപ്പിന്റെ സ്‌കൂളുകള്‍ക്ക് ആര് പൂട്ടിടും

27 Aug 2023   |   8 min Read
ദീപക് പച്ച

ത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറില്‍ സ്‌കൂള്‍ ഉടമസ്ഥയും അധ്യാപികയുമായ തൃപ്ത ത്യാഗിയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം മതവിശ്വാസിയായ ഒരു എട്ടു വയസ്സുള്ള വിദ്യാർത്ഥിയെ ക്ലാസ്സിലെ മറ്റു വിദ്യാര്‍ത്ഥികളെകൊണ്ട് തല്ലിക്കുന്ന വീഡിയോ അങ്ങേയറ്റം ഞെട്ടലോടെയാണ് നമ്മളെല്ലാം കണ്ടത്. മുസാഫിര്‍ നഗറില്‍ ഈ ക്രൂരതയ്ക്ക് പിന്നില്‍ ഒരു വ്യക്തി ആയിരുന്നെങ്കില്‍, മാസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പൂര്‍ കലാപത്തിന്റെ തുടക്ക ദിവസങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി വിചാരണ നടത്തുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോ  പുറത്ത് വന്നത്. 'നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്യണം' എന്ന്  മുദ്രാവാക്യം മുഴക്കികൊണ്ട് തന്റെ മേലുദ്യോഗസ്ഥനെയും മറ്റ് മൂന്നുപേരെയും വെടിവച്ചുകൊന്ന റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ ചേതന്‍ സിങിന്റെ വാര്‍ത്ത മുംബൈയില്‍ നിന്നും വന്നത് ഈ മാസം ആദ്യമാണ്. തീവ്ര ഹിന്ദുത്വയുടെ മതരാഷ്ട്രം വ്യക്തികളെ മാത്രമല്ല ഒരു സമൂഹത്തെയാകെ എങ്ങനെയാണ് വെറുപ്പ് കൊണ്ട് ഉന്മാദികളാക്കപ്പെടുന്നത് എന്നതിന് മറ്റ് വിവരണങ്ങള്‍ ഒന്നും ആവശ്യമില്ലാത്തതാണ് മുകളില്‍ പറഞ്ഞ മൂന്ന് വീഡിയോ ദൃശ്യങ്ങളും.

സാധാരണ മനുഷ്യന് ഒരു വീഡിയോയിലൂടെ അകലെ നിന്ന് പോലും കാണുക അങ്ങേയറ്റം പ്രയാസകരമായ ന്യൂനപക്ഷ വേട്ടയുടെ ഇത്തരം ക്രൂരതകള്‍ നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അവയില്‍ പുറംലോകത്തെത്തുന്ന ചിലത് കാണുമ്പോള്‍ അതു വലിയ ഞെട്ടലുളവാക്കുന്നു എന്ന് മാത്രം. ന്യൂനപക്ഷങ്ങളില്‍പ്പെട്ട മനുഷ്യരെ കൊല്ലുന്നതും, അവരെ ക്രൂരമായി അപമാനിക്കുന്നതും,  ഭീഷണിപ്പെടുത്തുന്നതും, വിവേചനപരമായി കാണുന്നതും പല സംസ്ഥാനങ്ങളിലും ഭരണകൂട ഏജന്‍സികളുടെ ഒത്താശകളോടെ നടക്കുന്ന സാധാരണ സംഭവമായിരിക്കുന്നു.

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ കൊതിച്ചവര്‍ക്ക് തടസ്സമായി നിന്നു എന്ന കുറ്റത്തിനാണ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നത്. എന്നാല്‍ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം മുക്കാല്‍ നൂറ്റാണ്ട് കഴിയുമ്പോള്‍ ഗാന്ധിഘാതകരുടെ മതരാഷ്ട്രമോഹം ക്രൂരതയുടെ പുതിയ പ്രയോഗങ്ങള്‍ പുറത്തെടുക്കുകയാണ്. മണിപ്പൂരിലും ഹരിയാനയിലും ഇപ്പോള്‍ യു.പി.യിലും നടക്കുന്ന  ക്രൂരമായ അക്രമങ്ങള്‍ മാത്രമല്ല, പ്രഥമ ദൃഷ്ടിയാല്‍ നിര്‍ദ്ദോഷമെന്നു തോന്നുന്ന എന്നാല്‍ ന്യൂനപക്ഷ മതജീവിതത്തിന്റെ സൈ്വര്യം നഷ്ടപ്പെടുത്തുന്ന പല പദ്ധതികളും സംഘപരിവാറിന്റെ പ്രയോഗത്തിലുണ്ട്. ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ തന്നെ പ്രഖ്യാപനത്തില്‍ തുടങ്ങി ശാസ്ത്രം പ്രചരിപ്പിക്കണം എന്ന ഭരണഘടനാ ആശയത്തെ ഉദ്ധരിച്ചു കേരള  സ്പീക്കര്‍ നടത്തിയ പ്രസംഗത്തിനെതിരെയുള്ള ആക്രോശമടക്കം ഈ മതരാഷ്ട്ര നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാണ്. ആ പ്രയോഗങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സങ്കടംകൊണ്ടും അതിലേറെ അമര്‍ഷംകൊണ്ടും നെടുവീര്‍പ്പിടാന്‍ മാത്രം നിയോഗിക്കപ്പെട്ടവരാണോ നമ്മള്‍? അല്ല. തീര്‍ച്ചയായും അല്ല. 


തൃപ്ത ത്യാഗി | PHOTO: WIKI COMMONS
ഭൂരിപക്ഷ സമുദായത്തിന് കീഴ്‌പ്പെട്ടു ജീവിക്കേണ്ടവരാണ് ന്യൂനപക്ഷങ്ങള്‍ എന്ന തങ്ങളുടെ അടിസ്ഥാന പ്രമാണത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സമൂഹത്തെ മാറ്റിയെടുക്കുക എന്ന ദീര്‍ഘകാല അജണ്ട നടപ്പാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ അതിവേഗം നീങ്ങുമ്പോള്‍ മതേതര ശക്തികളുടെ ശരിയായ ചെറുത്തുനില്‍പ്പിനു അതിനെ പ്രതിരോധിക്കാന്‍ തീര്‍ച്ചയായും കഴിയും. പക്ഷേ അതിനു കഴിയണമെങ്കില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്ന, അവരുടെ മതരാഷ്ട്ര പ്രത്യയ ശാസ്ത്രത്തിന്റെ വേരുകള്‍ പടരുന്ന സാമൂഹ്യ മണ്ഡലങ്ങളെയും അതിനു നിരുപാധികമായി കിട്ടിക്കൊണ്ടിരിക്കുന്ന മൂലധന പിന്തുണയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

സംഘപരിവാര്‍ വിഷത്തിന്റെ കാണാത്ത വേരുകള്‍ 

ക്രൂരതയുടെ പ്രതിരൂപങ്ങളായി കുറഞ്ഞപക്ഷം മലയാളികളുടെയെങ്കിലും മനസ്സിലുള്ള ബജ്രംഗ് ദളും, വിശ്വഹിന്ദു പരിഷത്തും, പശുവിന്റെ പേരില്‍ ആളെകൊല്ലുന്ന ഗൗരക്ഷക് സേനയും, വെടിവയ്പ്പ് കൊണ്ടുമാത്രം വാര്‍ത്തകളില്‍ നിറയുന്ന സനാതന്‍ സന്‍സ്തയും മാത്രമല്ല ആര്‍.എസ്.എസ് കുടുംബത്തിലുള്ളത്. തൃപ്ത ത്യാഗിമാരെ പോലുള്ള വെറുപ്പിന്റെ ആള്‍രൂപങ്ങളെ നിര്‍മ്മിക്കാന്‍ പാകത്തില്‍ സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ സൂക്ഷ്മമായി എല്ലാ കാലങ്ങളിലും ഇടപെടാന്‍ പാകത്തിലുള്ള ആഴവും വ്യാപ്തിയും സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ട്. ആര്‍.എസ്.എസുമായി നേരിട്ട് അഫിലിയേറ്റ് ചെയ്യാത്ത, പൊതുമണ്ഡലത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പലതും ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ആശയത്തിന്റെ പ്രചാരകരാണ്. 

രാഷ്ട്രീയ സേവാ ഭാരതി, വിദ്യാ ഭാരതി, വന്ദേമാതരം, വനവാസി കല്യാണ്‍ ആശ്രം, കേശവ് ശരണം, ശിക്ഷാ സംസ്‌കൃതി ഉത്തന്‍ ന്യാസ്, ശിശു ശിക്ഷാ പ്രബന്ധ് സമിതി, സഹകാര്‍ ഭാരതി തുടങ്ങി നമ്മള്‍ കേട്ടതും കേള്‍ക്കാത്തതുമായ നൂറുകണക്കിന് സംഘടനകള്‍ വിദ്യാഭ്യാസം, മൈക്രോ ഫിനാന്‍സ്, ചാരിറ്റി തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാമുള്ള ഒരേയൊരു അജണ്ട ഹിന്ദുത്വ ആശയ പ്രചാരണമാണ്. 

ഹിന്ദുത്വ ഭീകരത അതിന്റെ പൂര്‍ണ്ണതയില്‍ നാം കാണുന്ന പ്രദേശങ്ങളിലൊന്ന് ഉത്തര്‍പ്രദേശാണല്ലോ. ബദ്രി നാരായണന്റെ 'റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകമെഴുത്തിനു ആധാരമായ ഫീല്‍ഡ് പഠനം നടന്നത് പ്രധാനമായും യു.പി കേന്ദ്രീകരിച്ചാണ്.  സ്‌കൂള്‍ കാലഘട്ടം മുതല്‍ സംഘപരിവാര്‍ ആശയങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സജീവമായി ഇടപെടുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശെന്ന്  ബദ്രി നാരായണന്‍ പറയുന്നു,

'.... ഉദാഹരണത്തിന് സരസ്വതി ശിശു മന്ദിര്‍ സ്‌കൂളുകള്‍ക്ക് യു.പി. യുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. പക്ഷേ അവയൊന്നും ആര്‍.എസ്.എസ് നേരിട്ട് നടത്തുന്നവയല്ലെങ്കിലും ആര്‍.എസ്.എസ് സന്ദേശം പ്രചരിപ്പിക്കുന്ന സ്‌കൂളുകളാണ്. പ്രഗ്യരാജ് (പഴയ അലഹബാദ്) കാണ്‍പൂര്‍, ലക്നൗ, വാരണാസി, തുടങ്ങിയ നഗരങ്ങളിലെ നിരവധി സ്‌കൂളുകളും കോളേജുകളും ആര്‍.എസ്.എസിന്റെ ശക്തമായ സ്വാധീനത്തിലാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തനത്തില്‍ സജീവമായവരാണ് ഈ സ്‌കൂളുകളില്‍ പലതും നടത്തുന്നതും ഇവിടുത്തെ അദ്ധ്യാപകര്‍ പലരും ആര്‍.എസ്.എസ് അംഗങ്ങളുമാണ്. കുട്ടികള്‍ക്കായുള്ള ശില്പശാലകള്‍, കഥാ മണ്ഡല്‍ (മതപരവും ആതമീയവുമായ പ്രഭാഷണങ്ങള്‍), കീര്‍ത്തന്‍ മണ്ഡല്‍ (മത കീര്‍ത്തനങ്ങളും, പാട്ടുകളും) തുടങ്ങി സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉള്‍പ്പെടെ വിവിധ പ്രായത്തില്‍പ്പെട്ടവരെയും വിവിധ വിഭാഗങ്ങളെയും ലക്ഷ്യംവച്ചു അവര്‍ നിരന്തരം നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ലക്ഷ്യം വളരെ ലളിതമാണ്. ഒരു ഹിന്ദുത്വ അവബോധം സൃഷ്ടിക്കുകയും ഹിന്ദുത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്. ഇത്തരം ചില പരിപാടികള്‍ ആര്‍.എസ്.എസിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാന്‍ പാകത്തില്‍ വലുതുമാണ്.'

PHOTO: FACEBOOK
ബദ്രി നാരായണന്‍ വിശദീകരിച്ച ഒരു ഉദാഹരണം സൂചിപ്പിച്ചെന്ന് മാത്രം. ഉത്തരേന്ത്യയുടെ അളവില്‍ ഇല്ലെങ്കിലും, നിര്‍ദ്ദോഷമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന സമാനമായ പരിപാടികള്‍  ആര്‍.എസ്.എസ് അനുഭാവികളുടെ നേതൃത്വത്തില്‍ കേരളത്തിലും നടക്കുന്നുണ്ട്. ഭാവിയിലേക്കുള്ള വെറുപ്പിന്റെ വ്യാപാരികളെ രൂപപ്പെടുത്തുന്ന കളരികളാണ് അത്തരം പരിപാടികള്‍. മനുഷ്യരുടെ സാമൂഹ്യജീവിതത്തില്‍ ഈ വിധത്തില്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ഇറങ്ങുന്ന ആര്‍.എസ്.എസ് വേരുകളിലൂടെയാണ് വെറുപ്പിന്റെ വിഷാംശം കുട്ടിക്കാലം മുതലേ പടരുന്നതും തൃപ്ത ത്യാഗിമാരെയും ചേതന്‍സിംഗ് മാരെയും പോലുള്ള ക്രൂരതയുടെ വിഷ വൃക്ഷങ്ങള്‍ വളര്‍ന്നു പൊങ്ങുന്നതും.  നുണകളുടെയും അജ്ഞതയുടെയും വെറുപ്പിന്റെയും ഹിന്ദുത്വ സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്  മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിടങ്ങളിലും മാത്രമല്ല, തൊഴിലിടങ്ങളും, തീവണ്ടി യാത്രകളും, സമുദായചടങ്ങുകളും, സ്‌കൂള്‍ ഗ്രൂപ്പുകളും, സുഹൃദ്-വൃത്തങ്ങളും കുടുംബഗ്രൂപ്പുകളും ഉള്‍പ്പെടെ സാമൂഹ്യബന്ധങ്ങളുടെ   സൂക്ഷ്മതലങ്ങളിലേക്കെല്ലാം കടന്നുകയറി മനുഷ്യസാഹോദര്യം നശിപ്പിക്കാന്‍ നിരന്തരം അത് പരിശ്രമിക്കുന്നുണ്ട്. അത് വളരെ സ്വാഭാവികമായി എന്നതിനപ്പുറം ആസൂത്രിതമായി സംഘടനാവല്‍കരിക്കപ്പെട്ട ഒന്നാണ്. അതുകൊണ്ട് സംഘപരിവാര്‍ മുന്നേറ്റം ഒരു തിരഞ്ഞെടുപ്പ് മുന്നേറ്റം മാത്രമാണ് എന്ന് തെറ്റിദ്ധരിച്ചാല്‍ അതിനെ സൂക്ഷ്മാര്‍ത്ഥത്തില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിയാതെ പോകും.

മതരാഷ്ട്രവാദികളുടെ ക്രൂരതയ്ക്കുള്ള മൂലധന പിന്തുണ

ന്യൂനപക്ഷ സമുദായങ്ങളെ ഇന്ത്യയില്‍ തുല്യാവകാശമുള്ള മനുഷ്യരായി ജീവിക്കാന്‍ അനുവദിക്കില്ല എന്ന ഹിന്ദുരാഷ്ട്രവാദികളുടെ പ്രഖ്യാപിത നയം നടപ്പിലാക്കാന്‍ ഭരണകൂട അധികാരാം മാത്രമല്ല വന്‍കിട മൂലധനത്തിന്റെ പിന്തുണയുമുണ്ട്. ഈ കോര്‍പ്പറേറ്റ്-കമ്മ്യൂണല്‍ അവിശുദ്ധ സഖ്യത്തിന്റെ നേതൃത്വത്തിലാണ് മതരാഷ്ട്ര നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനം വേഗത്തിലാകുന്നത്.
മൂലധന ശക്തികളുടെ ഹിന്ദുത്വ പിന്തുണയ്ക്ക് പലകാരണങ്ങളുണ്ട്. അതിലൊന്ന്, മത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശമുള്ള മനുഷ്യരായി ജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടനാ ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന മൂല്യത്തെ ഈ രണ്ടു കൂട്ടരും അംഗീകരിക്കുന്നില്ല എന്നതാണ്. സാമൂഹിക ജീവിതത്തില്‍ തുല്യത ഉറപ്പുവരുത്തുന്ന മതേതരത്വം എന്ന ആശയം നടപ്പിലായാല്‍ സാമ്പത്തിക ജീവിതത്തില്‍ തുല്യത ഉറപ്പുവരുത്തുന്ന സോഷ്യലിസം എന്ന ആശയത്തിനു വേണ്ടിയുള്ള ആവശ്യമാകും അടുത്തത്. അത് മുതലാളിത്തത്തിന്റെ ലാഭ താല്പര്യങ്ങള്‍ക്ക് തിരിച്ചടിയാകും. അതുകൊണ്ട്, തുല്യത എന്ന മൂല്യം ഉള്ളടക്കമായുള്ള ഒന്നിനും മുതലാളിത്തത്തിന്റെ പിന്തുണയില്ല.

മറ്റൊരു കാരണം, കോര്‍പ്പറേറ്റ് കൊള്ളയടിക്കുള്ള ഹിന്ദുത്വയുടെ പൂര്‍ണ്ണപിന്തുണയാണ്. 2014 ല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു ആഴ്ചകള്‍ക്കുമുമ്പ് പ്രകാശ് കാരാട്ട് എഴുതിയ  'The Rise of Narendra Modi: A Joint Enterprise of Hindutva and Big Business'  എന്ന ലേഖനത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വയുടെ വരവിനെ 'ഹിന്ദുത്വയുടെ രണ്ടാം വരവ്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അദ്ദേഹം അങ്ങനെ പറയാന്‍ ചില കാരണങ്ങളുണ്ട്. അദ്വാനിയുടെ രഥയാത്രയും അതിനെ തുടര്‍ന്നുണ്ടായ ബാബറി പള്ളി പൊളിക്കല്‍ കാലത്തേക്ക് എത്തുമ്പോഴേക്കും ബി.ജെ.പി ലോക്‌സഭയില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയായി മാറിയിരുന്നു. 1996 ല്‍ നടന്ന പതിനൊന്നാമത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 161 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും 1998 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വലിയ ഭൂരിപക്ഷത്തോടെ NDA രൂപീകരിച്ച് അധികാരത്തില്‍ വരികയും ചെയ്തു. ഇതിനെയാണ് കാരാട്ട് ഹിന്ദുത്വയുടെ ഒന്നാം വരവ് എന്ന്  വിളിക്കുന്നത്. 

പിന്നീട് രണ്ട് യു.പി.എ സര്‍ക്കാര്‍ കഴിഞ്ഞുള്ള ബിജെപിയുടെ വരവിനു ആദ്യത്തേതില്‍ നിന്നുമുള്ള സുപ്രധാനമായ വ്യത്യാസം അതിനു കിട്ടിയ ഏകപക്ഷീയമായ വന്‍കിട മൂലധനത്തിന്റെയും ബൂര്‍ഷ്വാസിയുടെയും പിന്തുണയാണ്. എണ്‍പതുകളുടെ അവസാനത്തോടെതന്നെ കോര്‍പറേറ്റുകളുടെ പിന്തുണ ബി.ജെ.പിക്ക് ഉണ്ടായിരുന്നു. അതിന്റെ തെളിവാണ് 1990-ലെ രഥയാത്രയ്ക്കുശേഷം ആദ്യമായി  കൊല്‍ക്കത്തയിലെത്തിയ എല്‍.കെ. അദ്വാനിയെ ബിര്‍ലയുടെ നേതൃത്വത്തില്‍ നിരവധി വ്യവസായികള്‍ ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് ക്ഷണിച്ച്   ആദരിച്ചത്. 

NARENDRA MODI | PHOTO: WIKICOMMONS
എന്നാല്‍ ഏതാണ്ട് എല്ലാ വന്‍കിട വ്യവസായികളും മോഡിയെ തങ്ങളുടെ നേതാവായി പ്രഖ്യാപിക്കുന്നത് രണ്ടാം യു.പി.എ യുടെ കാലത്താണ്. 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്നുള്ള ഓരോ രണ്ട് വര്‍ഷങ്ങളിലും വ്യവസായികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ''വൈബ്രന്റ് ഗുജറാത്ത്' സമ്മേളനങ്ങളും സാധാരണ ജനങ്ങളെ ദ്രോഹിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിയ ഭൂമിയും വൈദ്യുതിയും നികുതിയിളവും എല്ലാമാണ് അതിസമ്പന്ന വ്യവസായികള്‍ക്ക് മോഡിയെ പ്രിയങ്കരനാക്കിയത്. ഇതാണ് ഗുണപരമായി രണ്ടാം വരവില്‍ ഹിന്ദുത്വയ്ക്ക് സംഭവിച്ച മാറ്റം. 

2009 ജനുവരിയില്‍ നാലാമത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുമ്പോള്‍ കോര്‍പ്പറേറ്റ് മേഖല ഈ പുതിയ രക്ഷകനു ചുറ്റും അണിനിരന്നു. ഈ ഉച്ചകോടിയിലാണ് അനില്‍ അംബാനി ഇങ്ങനെ പറഞ്ഞത് ''നരേന്ദ്രഭായ് ഗുജറാത്തിന് നല്ലത് ചെയ്തു, അദ്ദേഹം രാജ്യത്തെ നയിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കൂ. അദ്ദേഹത്തെപോലെ ഒരാളായിരിക്കണം രാജ്യത്തിന്റെ അടുത്ത നേതാവ്.'' ഭാരതി ഗ്രൂപ്പ് മേധാവി സുനില്‍ മിത്തല്‍ പ്രഖ്യാപിച്ചു ''മുഖ്യമന്ത്രി മോഡി സിഇഒ എന്നാണ് അറിയപ്പെടുന്നത്, എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സിഇഒ അല്ല കാരണം അദ്ദേഹം ഒരു കമ്പനിയോ സ്ഥാപനമോ നടത്തുന്നില്ല. അദ്ദേഹം ഒരു സംസ്ഥാനം ഭരിക്കുകയാണ്, അദ്ദേഹത്തിന് രാജ്യവും ഭരിക്കാന്‍ കഴിയും'' (പ്രകാശ് കാരാട്ട് 2014)

മോദിയുടെ അധികാര ആരോഹണത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുള്ള പങ്ക് കാരാട്ടിന്റെ മുകളിലെ വാചകങ്ങളില്‍ നിന്നും വ്യക്തമാണ്. മോഡിയെ തന്നെ ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി അവരുടെ ഹിന്ദുത്വ പ്രൊജക്റ്റിനായി തിരഞ്ഞെടുക്കാനുള്ള കാരണവും കാരാട്ട് വ്യക്തമാക്കുന്നുണ്ട്. 

VIBRANT GUJARAT | PHOTO: PTI
'സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയങ്കരനാവുംവിധമുള്ള ഒരു ആര്‍എസ്എസ് പ്രചാരകന്റെ രൂപാന്തരണമാണ് 16 മത് ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രധാന പ്രതിഭാസം. ഒരു അവസാന പോംവഴിയായി ഫാസിസത്തെ പിന്തുണയ്ക്കുന്നതില്‍ വന്‍കിട ബൂര്‍ഷ്വാസിയുടെ പങ്ക് നമുക്കെല്ലാം അറിവുള്ള കാര്യമാണ്.  ജര്‍മ്മനിയില്‍ സംഭവിച്ചത് അതാണ്. ഇന്ത്യയില്‍ ഭരണവര്‍ഗ്ഗത്തിന് ഇത്തരമൊരു പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഹിന്ദുത്വ വര്‍ഗീയതയും വന്‍കിട ബൂര്‍ഷ്വാസിയുടെ പിന്തുണയും തമ്മിലുള്ള മിശ്രിതം ശക്തവും അങ്ങേയറ്റം അപകടകരവുമാണ്. മതേതരത്വത്തിന് അപകടം വിളിച്ചുവരുത്തുന്ന വലതുപക്ഷ സ്വേച്ഛാധിപത്യത്തിനുള്ള ചേരുവയാണത്. ഉദാരവല്‍ക്കരണത്തിന്റെ രാഷ്ട്രീയം സ്വേച്ഛാധിപത്യത്തിന്റെ വിത്തിനെ അതിനുള്ളില്‍ തന്നെ വഹിക്കുന്നുണ്ട്. വന്‍കിട മൂലധനം നരേന്ദ്ര മോദിയില്‍ കാണുന്ന വലിയ ആകര്‍ഷണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിനും വ്യക്തിത്വത്തിനുമുള്ള സവിശേഷതയായ സ്വേച്ഛാധിപത്യ പ്രവണതയാണ്. ' 

ബി.ജെ.പി യുടെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെയും വളര്‍ച്ച 'തൃപ്ത ത്യാഗി'മാരെ ചുറ്റിപ്പറ്റിയുള്ള ഒരു സാംസ്‌കാരിക പ്രശ്നം മാത്രമായി തെറ്റിദ്ധരിക്കുന്ന ചിലരെങ്കിലുമുണ്ട്. അതങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താനാണ് വര്‍ഗ്ഗീയതയുടെ പൊളിറ്റിക്കല്‍ ഇക്കണോമി വ്യക്തമാക്കാന്‍ പാകത്തില്‍ കാരാട്ടിന്റെ നിരീക്ഷണങ്ങള്‍ ഇവിടെ സൂചിപ്പിച്ചത്. ഒരു ഭാഗത്ത് കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് പിന്തുണ, മറുഭാഗത്ത്  രാഷ്ട്ര ശരീരത്തില്‍ മുഴുവന്‍ വെറുപ്പിന്റെ വിഷം കലക്കി ന്യൂനപക്ഷ വേട്ട, ഇതാണ് സംഘപരിവാര്‍ മതരാഷ്ട്ര പദ്ധതിയുടെ ഡബിള്‍ എന്‍ജിന്‍. 

വെറുപ്പിന്റെ സ്‌കൂളുകള്‍ക്ക് ആര് പൂട്ടിടും

മുസാഫിര്‍ നഗര്‍ എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ മുഴങ്ങി കേള്‍ക്കുന്നത് ഇതാദ്യമല്ല. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പി യില്‍ ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ചത് ഇന്നത്തെ ആഭ്യന്തര മന്ത്രിയും അന്ന് ബി.ജെ.പി യുടെ അധ്യക്ഷനായിരുന്ന അമിത് ഷാ ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ 2013 സെപ്തംബറില്‍ നടന്ന മുസാഫിര്‍ കലാപമാണെന്നത് ഒട്ടുമേ രഹസ്യമല്ലാത്ത വസ്തുതയാണ്. ഒരു മഹാപഞ്ചായത്ത് യോഗത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ്  ഒദ്യോഗിക കണക്കുകള്‍ പ്രകാരം അറുപതിലധികം പേര്‍ കൊല്ലപ്പെട്ട മുസാഫിര്‍ കലാപത്തിലേക്ക് നയിച്ചത്. ജാട്ട് സമുദായക്കാരും മുസ്ലിം വിശ്വാസികളും തമ്മിലുള്ള നേരിട്ടുള്ള അക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിയ  കലാപത്തില്‍ പങ്കെടുത്ത ബഹുഭൂരിഭാഗവും സാധാരണക്കാരായ കര്‍ഷകരായിരുന്നു. മുസാഫിര്‍ നഗറിലെ പ്രബലമായ കര്‍ഷക സംഘടന ഭാരതീയ കിസാന്‍ യൂണിയനില്‍ രണ്ടു സമുദായങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ്  പ്രധാനമായും ഉണ്ടായിരുന്നത്. ജാട്ട് ഹിന്ദുക്കളും മുസ്ലീങ്ങളും. ഇവരെ ഐക്യത്തോടെ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതായിരുന്നു ബി.കെ.യു വിന്റെ മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ കാലത്തെ കരുത്ത് (2021 കര്‍ഷക സമര സമയത്ത് നേതാവായി ഉയര്‍ന്നുവന്ന രാകേഷ് ടിക്കായത്തിന്റെ പിതാവ്) . അതിനെയാണ് മുസാഫിര്‍ നഗറിലെ കലാപം ഇല്ലാതാക്കിയതും ബിജെപിക്ക് വലിയ തിരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചതും.


എന്നാല്‍ വീണ്ടും മുസാഫിര്‍ നഗര്‍ എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടിനാദം പോലെ മുഴങ്ങിയത് 2021 ലെ ഐതിഹാസിക കര്‍ഷക സമരത്തിന്റെ കാലത്താണ്. കര്‍ഷക സമരത്തിന്റെ ഭാഗമായി 2021 ലെ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്റ്റര്‍ റാലിയെ അപകീര്‍ത്തിപ്പെടുത്താന്‍  സംഘപരിവാര്‍ ആസൂത്രിതമായി നടത്തിയ അക്രമത്തിന്റെ ചുവടുപിടിച്ചു ദല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമര കേന്ദ്രമായ ഗാസിപ്പൂരിലെ സമരക്കാരെ ബലംപ്രയോഗിച്ചു നീക്കംചെയ്യാന്‍ പോലീസ്  ശ്രമിക്കുകയുണ്ടായി. ഇതിനിടെയാണ് ഭാരതീയ കിസാന്‍ യൂണിയന്‍ (അരാജ് നൈതിക്) വിഭാഗം നേതാവ് രാകേഷ് ടിക്കായത് വൈകാരികമായി പത്രക്കാരോട് പ്രതികരിച്ചതും അതിന്റെ ദൃശ്യങ്ങള്‍ രാജ്യമാകെ പ്രചരിച്ചതും. ആ വൈകാരിക സംഭവത്തെത്തുടര്‍ന്ന് കര്‍ഷക സമരത്തിന് വീണ്ടും പുതിയ ഊര്‍ജ്ജം നല്‍കികൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചു ലക്ഷങ്ങള്‍ പങ്കെടുത്ത ഒരു മഹാപഞ്ചായത്  പിറ്റേന്നുനടന്നത് ഗാസിപൂരില്‍ നിന്നും നൂറ്റിഇരുപത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള മുസാഫിര്‍ നഗറിലായിരുന്നു. 2013 ല്‍ കലാപം നടന്ന അതെ മുസാഫിര്‍ നഗറില്‍. മുസാഫിര്‍ കലാപത്തിലൂടെ ബി.ജെ.പി ഉയര്‍ത്തിയ വര്‍ഗീയതയുടെ രാഷ്ട്രീയ ആഖ്യാനത്തെയാണ് അടിയന്തരഘട്ടത്തില്‍ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ബൃഹത്തായ മഹാപഞ്ചായത്തിലൂടെ മുസാഫിര്‍ നഗര്‍ മായ്ച്ചുകളഞ്ഞത്. സ്‌കൂളില്‍ അക്രമത്തിനു ഇരയായ കുട്ടിയേയും അധ്യാപികയുടെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ സഹപാഠിയെ അടിക്കേണ്ടി വന്ന കുട്ടിയേയും ഒരാള്‍ ഒരു വേദിയില്‍ ചേര്‍ത്തുപിടിക്കുന്ന വീഡിയോ ദൃശ്യം ഇന്നലെ വന്നിരുന്നു. അത് രാകേഷ് ടിക്കായത്തിന്റെ സഹോദരനും ബി.കെ.യു (എ) യുടെ പ്രസിഡന്റുമായ കര്‍ഷക നേതാവ് നരേഷ് ടിക്കായത്തിന്റേതാണ്.

FARMER'S TRACTOR RALLY | PHOTO: PTI
തൃപ്ത ത്യാഗി ജീവിക്കുന്ന അതെ മുസാഫിര്‍ നഗറിന്റെ മുകളില്‍ പറഞ്ഞ സമീപകാല അനുഭവം നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്. ജീവിത യാഥാര്‍ഥ്യങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമാണ് മത വര്‍ഗ്ഗീയതയുടെ രാഷ്ട്രീയം സ്വാഭാവികമായി ദുര്‍ബലപ്പെട്ടു പിന്മടങ്ങുന്നത് എന്ന പാഠം.

മതരാഷ്ട്രവാദികളുടെ ഭീതിജനകമായ ക്രൂരതകള്‍ കണ്ട്, ഈ രാഷ്ട്ര ശരീരത്തില്‍ വെറുപ്പുകൊണ്ട് ഹിന്ദുത്വ വരുത്തിവച്ച പരിക്കുകള്‍ അടുത്തകാലത്തൊന്നും പരിഹരിക്കാന്‍ ആവില്ലെന്ന് നിരാശപ്പെടുന്നവര്‍ ഒരുപാട് ഉണ്ടാകും. തന്റെ വരുംതലമുറകള്‍ക്ക് ഈ രാജ്യത്തിന്റെ മണ്ണില്‍ സമാധാനമായി ജീവിക്കാന്‍ പാകത്തില്‍ ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും ഈ രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ ആര്‍ക്കും ആവില്ലെന്ന് സംഘപരിവാറിന്റെ കരുത്തിനെ ഓര്‍ത്തു സങ്കടപ്പെടുന്നവരും ഉണ്ടാകാം. പക്ഷേ കുത്തകകളുടെ മൂലധന പിന്തുണകൊണ്ടും നിയമ നിര്‍മ്മാണ സഭകളിലെ ഭൂരിപക്ഷം കൊണ്ടും ആര്‍.എസ്.എസ്സിന്റെ സംഘടനാപരമായ വ്യാപ്തികൊണ്ടും എന്തിനു നീതിന്യായ വ്യവസ്ഥയിലെ അപകടകരമായ സ്വാധീനംകൊണ്ട് സംഘപരിവാര്‍ അജയ്യരാണ് എന്ന് കരുതുന്നവരോട് കര്‍ഷക സമരത്തിന്റെ അനുഭവം പറയുന്നത് മറ്റൊന്നാണ്. കര്‍ഷക-തൊഴിലാളി ഐക്യമുന്നണിയുടെ സമരവീര്യത്തിനു മുന്നില്‍ സംഘപരിവാറിന്റെ അധികാരത്തിന്റെ കോട്ടകള്‍ നിലംപൊത്തുന്നത് നാം കണ്ടതാണ്. അതിനവര്‍ക്ക് എഴുന്നൂറിലധികം കര്‍ഷക പോരാളികളുടെ ജീവന്‍ കൊടുക്കേണ്ടി വന്നെങ്കിലും അവരുടെ ജയം ഈ രാജ്യത്തെ ജനതയ്ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.

മതനിരപേക്ഷ ഭരണഘടന അട്ടിമറിച്ച് ഇന്ത്യയെ ഔപചാരികമായിത്തന്നെ ഹിന്ദുരാഷ്ട്രം ആയി പ്രഖ്യാപിക്കണോ അതോ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'കടലാസ്സില്‍ മതനിരപേക്ഷത അനുഭവത്തില്‍ 'ഹിന്ദുരാഷ്ട്രം' എന്ന സമ്പ്രദായം പോരേ എന്ന ചര്‍ച്ചയാണ് തീവ്രവലതുപക്ഷ കേന്ദ്രങ്ങളില്‍ നടക്കുന്നത്. തൃപ്ത ത്യാഗിമാരുടെ വെറുപ്പിന്റെ സ്‌കൂളുകള്‍ക്ക് എന്നന്നേക്കുമായി പൂട്ടിട്ട് ഈ മതരാഷ്ട്ര നിര്‍മ്മാണത്തെ അട്ടിമറിക്കാന്‍ കെല്പുള്ളവര്‍ ഈ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗവും-കര്‍ഷകരുമാണ്. ആ ഐക്യത്തെ ഊട്ടിഉറപ്പിച്ചുള്ള സമരങ്ങള്‍ക്ക് മാത്രമേ നമ്മുടെ രാജ്യം വന്നു ചേര്‍ന്നിരിക്കുന്ന ദുരന്തത്തില്‍ നിന്നും നമ്മെ എന്നന്നേക്കുമായി
രക്ഷിക്കാനാകൂ.




#outlook
Leave a comment