TMJ
searchnav-menu
post-thumbnail

Outlook

സ്റ്റാലിൻ യുഗവും സോവിയറ്റ് യൂണിയനും

12 Jun 2023   |   6 min Read
സ്കറിയ ചെറിയാൻ

ഗോളതലത്തിൽ ഇന്നും അയാൾ ഒരു സ്വേച്ഛാധിപതിയും ക്രൂരനുമായ ഭരണാധികാരിയും ആയി കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ മുതലാളിത്ത മാധ്യമങ്ങളും, വലതുപക്ഷ ചരിത്രകാരന്മാരും അദ്ദേഹത്തെ അങ്ങനെ ചിത്രീകരിച്ചു എന്ന് വേണം പറയാൻ. ഒരു വിഭാഗം സഖാക്കളും, കമ്മ്യൂണിസ്റ്റ് വിശ്വാസികളും അത് തന്നെ വിശ്വസിക്കുന്നു. പറഞ്ഞുവരുന്നത് മറ്റാരെയും പറ്റി അല്ല സാക്ഷാൽ ജോസഫ് വിസാരിയോനോവിച് സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റിനെ പറ്റിയാണ്. ഇന്ന് ഈ ആധുനിക കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കൾ മാധ്യമ വേട്ടയ്ക്ക് ഇരയാകുന്നത് നാം പല തവണ കണ്ടിട്ടുണ്ട്. ഒരുപക്ഷെ ഈ വേട്ടയാടലുകൾ പല ഘട്ടങ്ങളിലായി ഇല്ലാതാക്കാൻ കമ്മ്യൂണിസ്റ്റ്കാർക്ക് സാധിച്ചിട്ടും ഉണ്ട്. പക്ഷെ ലോകം കണ്ട ഏറ്റവും മികച്ച ഒരു ഭരണാധികാരിയായി വാഴ്‌ത്തേണ്ട ഒരു മനുഷ്യനെ ഇന്നും ഒരു നിഷ്ടൂരശാസനായി ലോകം കാണുന്നു. സ്റ്റാലിൻ എന്ന വ്യക്തി എന്തായിരുന്നു എന്ന് പോലും ഇന്നുള്ളവർക്ക് അറിവില്ല.

സ്റ്റാലിൻ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ടിട്ടുള്ളത് 1932 ൽ ഉക്രൈനിൽ ഉണ്ടായ കൊടും ക്ഷാമവും അതിനോട് അനുബന്ധിച്ചുണ്ടായ മരണങ്ങളുടെയും പേരിൽ ആണ്. സ്റ്റാലിൻ എന്ന ഏകാധിപതി ഒരു നാടിനെ മരണത്തിലേക്ക് നയിച്ചു എന്നാണാലോ മാധ്യമ വർഗ്ഗം ഇഹലോകവാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ മറ്റൊന്നായിരുന്നു. അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന അമേരിക്കൻ ഗവേഷണ പ്രസ്ഥാനം സ്റ്റാൻഡ്ഫോർഡിലെ ഹൂവെർ ഇൻസ്റ്റിറ്റ്യൂട്ട്യിലെയും യുക്രയിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ചു സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് എന്ന പഠനത്തിൽ ഉക്രൈനിൽ 1933-34 കാലയളവിൽ ഒരു വൻ പട്ടിണി ഉണ്ടായതായും അതിൽ 70 ലക്ഷത്തിൽ പരം കർഷകർ മരിച്ചു എന്നും കൂട്ടിച്ചേർത്തു. ഓരോ രണ്ട് വർഷം കൂടുമ്പോഴും അവർ അത് പുതുക്കിക്കൊണ്ടേയിരുന്നു. അത് മറ്റൊന്നും കൊണ്ടല്ല വ്യക്തമായ തെളിവുകൾ നിരത്തി ആ ഒരു സംഭവത്തെ സാധൂകരിക്കാൻ അവർക്ക് കഴിയാത്തതുകൊണ്ടായിരുന്നു.


ജോസഫ് വിസാരിയോനോവിച് സ്റ്റാലിൻ  | Photo: Wiki Commons

ഈ കാര്യങ്ങൾ എല്ലാംതന്നെ ഇംഗ്ലീഷ് ലേബർ പാർട്ടിയുടെ തിയററ്റിക്കൽ ലീഡേഴ്‌സും ദമ്പതികളും ആയ ബിയട്രിസ് ദമ്പതികൾ അവരുടെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് ( Soviet Communism.A New Civilization?) 1930-34 കാലഘട്ടത്തിൽ പലതവണയായി അവർ സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയുണ്ടായി. പക്ഷെ അവർക്ക് ഒരു തരത്തിലുള്ള പട്ടിണിയും അവിടെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ ഭക്ഷണത്തിന്റെ ലഭ്യത കുറവാണെന്ന് അവർ കണ്ടെത്തി. പക്ഷെ അതൊന്നും സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ നടപ്പാക്കിയതായിരുന്നില്ല. മറിച്ച് കളക്ടീവൈസേഷൻ നടപ്പാക്കുന്നതിനെ എതിർത്തു കൊണ്ട് കുലകസും (ധനികരായ കർഷകർ), മറ്റു രാജ്യങ്ങളിലെ മുതലാളിത്ത ശക്തികളും മനഃപൂർവം  സൃഷ്ടിച്ചതായിരുന്നു ആ സംഭവം.

ഇതേപ്പറ്റി വ്യക്തമായി സോവിയറ്റ് യൂണിയനിലെ അമേരിക്കൻ കറസ്‌പോണ്ടന്റും ലിബറലും ആയ അന്ന ലൂയിസ് സ്‌ട്രോങ്ങ് അവരുടെ പുസ്തകത്തിൽ പറയുന്നുണ്ട് (Stalin Era). തന്റെ സന്ദർശനത്തിൽ നിന്നും ഒരുതരത്തിലും സോവിയറ്റ് യൂണിയനിലെ ജനങ്ങൾ ക്ഷാമം അനുഭവിച്ചതായി കാണാൻ സാധിച്ചില്ല എന്നും പുസ്തകത്തിൽ അവർ പറയുന്നു. അതിലെല്ലാം ഉപരി കളക്ടീവൈസഷൻ തകരും എന്നു കരുതിയ മുതലാളിത്ത രാജ്യങ്ങൾ ഇളിഭ്യരാകുകയും ചെയ്തു. അമേരിക്ക നടത്തിയ നെറികെട്ട മധ്യമപ്രവർത്തനമായിരുന്നു പിന്നീട് കണ്ടത്. 1934 ൽ തോമസ് വാൾക്കർ എന്ന ജേർണലിസ്‌റ്റ് സോവിയറ്റ് യൂണിയനിൽ എത്തുകയും കടുത്ത ക്ഷാമം സോവിയറ്റ് യൂണിയനിൽ ഉണ്ടെന്ന് വാർത്ത നൽകുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധ കാലത്തേയും, ഓസ്‌ട്രോ-ഹംഗേറിയൻ യുദ്ധകാലത്തെയും ഫോട്ടോകളും ശേഖരിച്ച ശേഷം അത് സോവിയറ്റ് യൂണിയനിലെ ക്ഷാമം ആണെന്ന രീതിയൽ അയാൾ പ്രചരിപ്പിച്ചു. എന്നാൽ തോമസ് വാൾക്കർ എന്ന വ്യക്തി തന്നെ ഒരു വ്യാജൻ ആയിരുന്നു. മുൻപും അയാൾ ഫോർജറി അഥവാ വ്യാജ രേഖകൾ ഉണ്ടാക്കിയതിന് ശിക്ഷിക്കപ്പെട്ടിടുണ്ട്. പിന്നീടുള്ള വിചാരണയിൽ അയാൾ തന്നെ താൻ ചെയ്ത ഫോർജറി സമ്മതിക്കുകയും ചെയ്തുയ ഓർക്കുക സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും തകർക്കാൻ അമേരിക്ക കണ്ടുപിടിച്ചത് പോലും ഒരു കുറ്റവാളിയെ ആയിരുന്നു. പക്ഷെ അമേരിക്കയിലെ ഹെർസ്‌റ് പ്രസ് എന്ന സ്ഥാപനം ആ കള്ളങ്ങൾ തുടർച്ചയായി പ്രചരിപ്പിച്ചു.

സ്റ്റാലിനെ പറ്റി പരക്കെ പ്രചരിപ്പിച്ച മറ്റൊരു അപവാദം എന്തെന്ന് വെച്ചാൽ അയാൾ ഒരു നിഷ്ഠൂര കൊലപാതകി ആണെന്നും, സ്വന്തം പാർട്ടിക്കാരെ (Old Bolsheviks) വരെ വകവരുത്തി എന്നതുമാണ്. എന്നാൽ ഇതിൽ ഒരു തരി പോലും കഴമ്പില്ല എന്ന് മാത്രമല്ല, അദ്ദേഹം തന്റെ സർക്കാരിന്റെ എല്ലാ പ്രവർത്തിയും ജനാധിപത്യപരമായി മാത്രമാണ് നടത്തിയിരുന്നത്. ഒരു വലിയ ഗൂഢാലോചന നടത്തി സ്റ്റാലിനെയും കൂടെ ഉള്ള ആറ് സഖാക്കളെയും വധിക്കാൻ മുൻ ബോൾഷെവിക്സ് തീരുമാനിച്ചു. എന്നാൽ ഇതെല്ലാം കൃത്യമായ ഇടപെടലോടെ പുറത്തുകൊണ്ടുവരാൻ സാധിച്ചു. ഗൂഢാലോചനക്കു നേതൃത്വം കൊടുത്തവരെയും കൂട്ടുനിന്നവരെയും കോടതിയിൽ വിചാരണയ്ക്ക് വിധേയരാക്കി. ഒടുവിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ കുറ്റക്കാരാണെന്ന് തെളിയുകയും ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകുകയും ചെയ്തു. എന്തിനാണ് മുൻ ബോൾഷെവിക്സ് സ്റ്റാലിനെയും കൂട്ടരെയും എതിർത്തത് എന്ന ഒരു ചോദ്യം നിശ്ചയമായും ഉയർന്നു.സോവിയറ്റ് യൂണിയൻ രൂപീകൃതമാകും മുൻപ് സാർ ഭരണകൂടത്തെ താഴെ ഇറക്കാൻ ആഗ്രഹിച്ച പല വിഭാഗങ്ങളും ഒന്നിച്ചുനിന്നു. എന്നാൽ പിന്നീട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ സ്വരച്ചേർച്ച ഇല്ലായ്മയും പലരെയും ബോൾഷെവിക്‌സിൽ നിന്നും അകലാൻ പ്രേരിപ്പിച്ചു. ഈ ഗണത്തിൽ പെടുന്നവരെയാണ് ഓൾഡ് ബോൾഷെവിക്സ് എന്ന് വിശേഷിപ്പിച്ച് വലതുപക്ഷവാദികൾ സ്റ്റാലിന് എതിരെ കുപ്രചരണം നടത്താൻ മുന്നോട്ട് വന്നത്. Josephine E.Davise, അന്നത്തെ സോവിയറ്റ് യൂണിയനിലെ അമേരിക്കൻ അംബാസിഡർ, ട്രീസൻ ട്രയൽ 1936-38 ന്റെ ഒരു സാക്ഷി കൂടിയാണ്. അയാൾ തന്റെ മകൾക്ക് എഴുതിയ ഒരു കത്തിൽ അന്ന് നടന്ന ഗൂഢാലോചനയെ പറ്റിയും അതിന് നേതൃത്വം കൊടുത്തത് ട്യുക്കച്ചേവ്‌സ്‌കി ആണെന്നും അവർ ആ പ്രോജെക്ടിന് coup d'etat എന്ന് പേരും നൽകി. ഇതെല്ലാം വിചാരണ സമയത്ത് ക്രേറ്റീൻസ്‌കി തുറന്ന് സമ്മതിക്കുന്നുണ്ട്. അത് കൂടാതെ വിചാരണയെ പറ്റിയും, അത് നീതിയുക്തമായ തീരുമാനം ആണെന്നും ആ കത്തിൽ പറയുന്നുണ്ട് (Joseph E. Davies, Mission To Moscow). അതിനോടൊപ്പം വിചാരണക്ക് ശേഷം അയാൾ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച രഹസ്യ സംഭാഷണത്തിൽ ഗൂഢാലോചന നടന്നതായും നീതിയുക്തമായ വിചാരണയും ശിക്ഷാവിധിയുമാണ് നടന്നെതെന്നും വ്യക്തമാക്കുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ കൂടെ വിചാരണക്ക് സാക്ഷിയായ മറ്റു ഡിപ്ലോമാറ്റ്‌സും ഇതേ അഭിപ്രായം തന്നെ രേഖപെടുത്തിയിട്ടുണ്ട്.

ഗൂഢാലോചനയിൽ പങ്കുകാരായവരിൽ ഭൂരിഭാഗം നേതാക്കളും ആർമിയിലയേും മിലിറ്ററിയിലയേും ഉദ്യോഗസ്ഥരായിരുന്നു. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെ കരുതിയും, രാജ്യത്തിന്റെ ഉള്ളിൽ നിന്നും വളർന്നുവരുന്ന വികടന ശക്തികളെ മുളയിലേ നുള്ളിക്കളയാനും സ്റ്റാലിൻ ഗവണ്മെന്റ് സമയോചിതമായ ഇടപെടൽ നടത്തി. രാഷ്ട്രത്തെ ബഹുഭൂരിപക്ഷ മുതലാളിത്ത രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ഒരു വലിയ പ്രക്രിയ കൂടി ആ ഒരു നടപടിയിലൂടെ സാക്ഷാത്കരിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ലോക മാധ്യമങ്ങളും വലതുപക്ഷ നിരീക്ഷകരും ഈ ഒരു സംഭവത്തെ മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുകയും സ്റ്റാലിനെ ലോകത്തിനു മുന്നിൽ ഒരു ക്രൂരനും, ചതിയനും, ആന്റി - ലെനിനിസ്റ്റ് ആക്കുകയ്യും ചെയ്തു.

ഇതോടൊപ്പം തന്നെ വന്ന മറ്റൊരു വ്യാജപ്രചരണമാണ് ഉക്രൈനിൽ കണ്ടെടുത്ത അസ്ഥികൂമ്പാരങ്ങൾ സ്റ്റാലിൻ നടത്തിയ കൊലപാതകങ്ങളുടെ ബാക്കിപത്രമെന്നുള്ളത്. സ്റ്റാലിൻ നടത്തിയ കൊലപാതകമായി ഇതിനെ ചിത്രീകരിച്ചത് ക്രൂഷ്‌ചേവും സംഘവുമാണ്. പക്ഷെ ഇതെല്ലാം തന്നെ ഹിറ്റ്‌ലറുടെ നാസി പട നടത്തിയ വംശഹത്യയുടേതാണെന്ന് വ്യകതമാക്കുന്നുണ്ട് 'ക്രൂഷ്‌ചെവ് നുണ പറഞ്ഞു' എന്ന പുസ്തകത്തിൽ. ഇതിന് കൂട്ടുനിന്നതാവട്ടെ ഉക്രൈൻ നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും. സോവിയറ്റ് ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് സോവിയറ്റ് സോഷ്യലിസം തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. Asosciation of Victims of Ukranian Nationalists എന്ന പ്രസ്ഥാനം അവരുടെ 1991 ലെ റിപ്പോർട്ടിൽ പറയുന്നത്, ഏതാണ്ട് മുപ്പതിനായിരത്തിനും പതിനഞ്ചു ലക്ഷത്തിനുമിടയിൽ ജനങ്ങൾ നാസിപ്പടയുടെയും മറ്റ് പശ്ചാത്യ ഫാസിസ്റ്റുകളുടെയും തോക്കിനിരയായി എന്നാണ്. ഇതേപറ്റിയും 'ക്രൂഷ്‌ചെവ് നുണ പറഞ്ഞു' എന്ന പുസ്തകത്തിൽ ഗ്രോവർ ഫർ വിശദമായി വിവരിക്കുന്നുണ്ട്.അക്കാലത്തു സ്റ്റാലിൻ പഴികേട്ട മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു ' Sphere of Influence '. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിന്റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന സ്വാധീന മേഖലയെയാണു sphere of influence എന്ന് വിശേഷിപ്പിക്കുന്നത്. സ്റ്റാലിനും വിൻസ്റ്റന്റ് ചർച്ചലും തമ്മിൽ ഉണ്ടായ ഒരു ചർച്ചയിൽ നിന്നും അന്നത്തെ മാധ്യമ വർഗ്ഗവും വലതുപക്ഷ വിശ്വാസികളും സൃഷ്ടിച്ചെടുത്ത ഒരു പച്ച കള്ളം മാത്രം ആയിരുന്നു ആ സംഭവം. സ്വാഭാവികമായും രണ്ടു രാജ്യത്തിന്റെ നേതാക്കൾ തമ്മിൽ ഉണ്ടായ ചർച്ചയിൽ വിൻസ്റ്റന്റ് ചർച്ചിൽ ബാൽക്കൻ രാജ്യങ്ങളുടെയും കിഴക്കൻ യൂറോപ്പിന്റെയും സ്വാധീനം തങ്ങൾക്കു വേണം എന്ന് ഒരഭിപ്രായം ഉന്നയിച്ചു. ബ്രിട്ടന്റെയും റഷ്യയുടേം സ്വാധിനം എങ്ങനെ ആകണം എന്നൊരു അഭിപ്രായം ഒരു കടലാസിൽ എഴുതി ചർച്ചിൽ സ്റ്റാലിൻ മുന്നിൽ വയ്ക്കുകയുണ്ടായി. എന്നാൽ അതിൽ ഒട്ടും താൽപര്യവനല്ലായിരുന്ന സ്റ്റാലിൻ ആ ഒരു കാര്യത്തിൽ തന്റെ എതിർപ്പ് പ്രകടിപ്പിച്ചു. എങ്കിൽ ആ കടലാസുകഷ്ണം കത്തിച്ചു കളയാൻ ചർച്ചിൽ നിർദ്ദേശിച്ചപ്പോൾ വേണ്ട അത് വെച്ചോളൂ എന്നൊരു മറുപടി ആണു സ്റ്റാലിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പിന്നീട് ചർച്ചിൽ റൂസ്വെൽട്ടിനു അയച്ച കത്തിലും ഇതെല്ലാം പറയുന്നുണ്ട്. മാത്രമല്ല അവിടെ വെച്ച് ഒരു തരത്തിലുള്ള എഗ്രിമെന്റും ഉണ്ടായതേയില്ല. sphere of influence വിഭജിക്കുന്നതിൽ ഉള്ള എതിർപ്പും സ്റ്റാലിൻ പ്രകടിപ്പിച്ചിരുന്നു. ഒക്ടോബർ 19ന് സ്റ്റാലിൻ റൂസ്വെൽറ്റിന് അയച്ച കത്തിലും മുന്നേ പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. 'History in the making' എന്ന പുസ്തകത്തിൽ ഇതെല്ലാം വ്യക്തമായി തന്നെ വാലെന്റിൻ ബെറേഴസ്‌കോവ് പ്രതിപാദിക്കുന്നുണ്ട്. ആന്റി സ്റ്റാലിനിസ്റ്റുകൾ സ്റ്റാലിനെ ഒരു ചതിയനായി മുദ്രകുത്താൻ ഉപയോഗിച്ച ഒരു സംഭവം ആയിരുന്നു sphere of influence. കൂടാതെ അമേരിക്കൻ ഡിപ്ലോമാറ്റ് ആയ ഹാരിമാൻ അങ്ങനെ ഒരു എഗ്രിമെന്റ് നടന്നിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടും ഉണ്ട്. 

മറ്റൊരു അപവാദം സ്റ്റാലിനെ പറ്റി പരക്കെ ഉയർന്നിട്ടുള്ളത് അയാൾ ഗ്രീസിന് എതിരെ തിരിഞ്ഞതായും, എല്ലാ വിധത്തിലുള്ള സഹായഹസ്തവും നിർത്തൽ ആക്കിയിരുന്നു എന്നതുമാണ്. എന്നാൽ അതെല്ലാം വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവും ആണെന്ന് അമേരിക്കൻ സാംസ്‌കാരിക ചരിത്രകാരനും പണ്ഡിതനുമായ ബ്രൂസ് ഫ്രാങ്ക്ളിൻ അദ്ദേഹത്തിന്റെ ' The Essential Stalin' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അന്ന് ഗ്രീസിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയത് സ്റ്റാലിൻ അല്ല, മറിച്ച് മുതലാളിത്ത ശക്തികളും അവരോട് കൈ കോർത്ത യുഗോസ്ലവിയയുടെ അന്നത്തെ നേതാവ് റ്റിറ്റോയും ആയിരുന്നു. 1948 ൽ ഗ്രീസിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അമേരിക്കയുടെ എല്ലാവിധ സഹായത്തോടെയും കൂടി വലതുപക്ഷ ശക്തികൾ അക്രമം അഴിച്ചുവിട്ടു. ഗ്രീക്കുകാർക് അവരുടെ പ്രതിരോധം തകരുന്നത് കണ്ടു നിൽക്കാനേ സാധിച്ചുള്ളു. അവിടെ അവരെ ചതിച്ചത് ടിറ്റോ ആയിരുന്നു. യുഗോസ്ലാവ്യയുടെ സോവിയറ്റ് യൂണിയനുമായുള്ള അതിർത്തി അടയ്ക്കുകയ്യും മിലിറ്ററി സപ്ലൈസ് കിട്ടാതെ ആവുകയും ചെയ്തു.

ഇന്നും ജനങ്ങൾ മേൽപറഞ്ഞ ചില വ്യാജ പ്രചരണങ്ങളുടെയും, അടിസ്ഥാന രഹിതമായ കുറ്റാരോപണത്തിന്റെയും പേരിൽ സ്റ്റാലിനെ ക്രൂശിക്കുന്നു. എന്നാൽ സ്റ്റാലിൻ യഥാർത്ഥത്തിൽ സോവിയറ്റ് യൂണിയന് ആരായിരുന്നു? സ്റ്റാലിൻ ആയിരുന്നു സോവിയറ്റ് യൂണിയൻ എന്ന മഹനീയമായ രാജ്യത്തിന്റെ ശില്പി. അതുകൊണ്ട് ആണലോ ആ ഒരു കാലഘട്ടത്തെ സ്റ്റാലിൻ യുഗം എന്ന് വിശേഷിപ്പിക്കുന്നത്. അയാൾ ഒരു സമൂഹത്തിന്റെ നായകൻ ആയിരുന്നു, ഒരു കൂട്ടം മനുഷ്യരുടെ അധ്യാപകൻ ആയിരുന്നു. ഒരുപക്ഷേ ലോകത്ത് ആ ഒരു കാലഘട്ടത്തിൽ ഏറ്റവും മാറ്റങ്ങൾ കൊണ്ടുവന്നതും സ്റ്റാലിൻ ആയിരിന്നു. പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലാളികളോടുള്ള സമീപനം പോലും സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റിന് മാറ്റുവാൻ സാധിച്ചു. അയാൾ ചൈനയിൽ നാഷണൽ മൂവ്‌മെന്റ്‌സിനുള്ള തിരി കൊളുത്തുകയും ചെയ്തു. സ്റ്റാലിൻ സോവിയറ്റ് യൂണിയന്റെ എല്ലാതരം വളർച്ചയിലും വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ കാലത്ത് തന്നെയാണ് സോവിയറ്റ് യൂണിയനിൽ ശാസ്ത്രത്തിനും, കലയ്ക്കും, സാഹിത്യത്തിനും ഒരുപാട് വളർച്ച ഉണ്ടായത്. ശാസ്ത്രത്തിൽ താല്പര്യവാനും അതുപോലെ അഗ്രഗണ്യനും ആയിരുന്നു സ്റ്റാലിൻ. അദ്ദേഹം എല്ലാ മനുഷ്യരും ശാസ്ത്ര ബോധത്തിൽ വളരണം എന്നും, അതിനെ അടിസ്ഥാനമാക്കി തൊഴിലിൽ ഏർപ്പെടണം എന്നും ആഗ്രഹിക്കുകയും, അതിനായി പ്രയത്‌നിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സ്റ്റാലിൻ യുഗത്തിൽ, തൊഴിലാളികൾ ശാസ്ത്രീയമായ കാര്യങ്ങൾ സംസാരിക്കാനും അവ തൊഴിലുമായി ഏകോപിപ്പിക്കാനും അനന്തരഫലമായി ഉല്പാദനത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാനും സാധിച്ചു.


സ്റ്റാലിൻ, റൂസ്വെൽറ്റ്, വിൻസ്റ്റന്റ് ചർച്ചൽ | Photo: Wiki Commons

അദ്ദേഹം ഊന്നൽ കൊടുത്ത മറ്റു വിഭാഗങ്ങൾ ആയിരുന്നു സാഹിത്യവും കലയും. തൊഴിലാളികൾക്ക് അവരുടെ എല്ലാത്തരം കഴിവുകളും പ്രദർശിപ്പിക്കാൻ അവസരം ഉണ്ടായിരുന്നു. അതിനായി തന്നെ സോവിയറ്റ് യൂണിയനിൽ ജേർണലുകൾ പുറത്തിറക്കി. മികച്ചു നിന്നവരെ അവരുടെ കലയോട് ചേർത്തുകൊണ്ട് തൊഴിൽ ആരംഭിക്കുവാനും അവസരങ്ങൾ നൽകി പോന്നു. എന്നാൽ സാഹിത്യത്തിൽ തൊഴിലാളികൾക്കോ കർഷകർക്കോ അധികം അറിവില്ലായിരുന്നു. പക്ഷേ വലതുപക്ഷ ചിന്താഗതിക്കാരും മുതലാളിത്ത വർഗ്ഗവും സാഹിത്യത്തിൽ മികവുറ്റവർ ആയിരുന്നു. സ്റ്റാലിൻ അവരെ തടഞ്ഞില്ല, മറിച്ച് അവർക്കും അവസരം നൽകി. ഇത് വലതുപക്ഷം പ്രചരിപ്പിക്കുന്നതിന് നേരെ എതിരായിരിന്നു. അവർ ഇന്നും പറയുന്നത്, എല്ലാത്തിനും ഉള്ള സ്വാതന്ത്ര്യം ബോൾഷെവികസിന് മാത്രം ആയിരുന്നു എന്നാണ്. എന്നാൽ ഇത് തെറ്റായ ഒരു വാദം മാത്രമാണ്. ജോൺ കുനിട്‌സ് അദ്ദേഹത്തിന്റെ ബുക്ക് ആയ Russian Literature Since The Revolution നിൽ ഇതെല്ലാം തന്നെ പരാമർശിക്കുന്നുണ്ട്.

സംഗീതത്തിനും സോവിയറ്റ് യൂണിയനിൽ അതിയായ പ്രാധാന്യം ഉണ്ടായിരുന്നു. കുട്ടികൾക്ക് വേണ്ടി തീയേറ്ററുകളും, ഒപ്പറകളും ആരംഭിക്കുകയും അവരെ കലാമൂല്യമുള്ള വ്യക്തിത്വങ്ങൾ ആയി വളരാനും ഉള്ള അടിത്തറ പാകിയതും സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റ് ആയിരുന്നു. ചുരുക്കിപറഞ്ഞാൽ സോവിയറ്റ് യൂണിയനെ എല്ലാതരത്തിലും അദ്ദേഹം വളർത്തി. അയാളിലെ മനുഷ്യ സ്‌നേഹിയെയും, ശാസ്ത്രജ്ഞനെയും, കലാകാരനേയും ഇന്നും ലോകം അംഗീകരിക്കുകയോ, മനസിലാക്കുകയോ ചെയ്തിട്ടില്ല.

കമ്മ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും ഔനിത്യത്തിൽ എത്തിച്ചത് തന്നെ സ്റ്റാലിൻ എന്ന മനുഷ്യൻ ആയിരുന്നു. ലോകം അത് മനസിലാക്കേണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരൻ ആണോ അയാൾ ഭൂരിപക്ഷത്തിന്റെ വേട്ടയ്ക്ക് ഇര ആയിട്ടുണ്ടാകും. USSR നിന്നും ചിന്നഭിന്നമായി പോയ പല രാജ്യങ്ങളിലെയും ജനങ്ങൾ ഇന്നും അയാളെ അത്രമാത്രം സ്‌നേഹിക്കുന്നെങ്കിൽ, ബഹുമാനിക്കുന്നുവെങ്കിൽ അയാൾ ആ ജനങ്ങൾക്ക് ആരായിരുന്നു എന്ന് തീർത്തും മനസ്സിലാവും.


#outlook
Leave a comment