TMJ
searchnav-menu
post-thumbnail

Outlook

താരശരീരവും രാഷ്ട്രീയശരീരവും: കാഴ്ചയുടെ രൂപാന്തരണം 

13 Jul 2024   |   4 min Read
വിജിത്ത് കെ

കേരളത്തില്‍ സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം പൊതുവെ കുറവാണ്. സൂപ്പര്‍ സ്റ്റാറുകള്‍ പ്രത്യേകിച്ചും പ്രത്യക്ഷ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാറാണ് പതിവ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അഭിനേതാക്കളായ ഇന്നസെന്റ്, മുരളി,  മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ താരതമ്യേന സൂപ്പര്‍ താരപരിവേഷം ഇല്ലാത്തവരുമായിരുന്നു. അനുഭാവം കാണിക്കുന്നതിനപ്പുറത്ത് രാഷ്ട്രീയാഭിപ്രായങ്ങളും നിലപാടുകളും മലയാള സിനിമാനടന്മാര്‍ ഒരിക്കലും പരസ്യമായി പറയാറുമില്ല. കൂടാതെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചവര്‍ക്ക് കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയാണ് ഉണ്ടായിരുന്നതും.
സുരേഷ് ഗോപിയാണ് ഈ പൊതു സമ്പ്രദായത്തെ ആദ്യമായി ലംഘിക്കുന്നത്. പ്രേംനസീര്‍ ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ഒരു തുടര്‍ച്ച അതിനുണ്ടായില്ല. ആ അര്‍ത്ഥത്തില്‍ സുരേഷ് ഗോപിയെ രാഷ്ട്രീയത്തിലിറങ്ങി വിജയിച്ച ആദ്യത്തെ മലയാളി സൂപ്പര്‍താരമായി വിശേഷിപ്പിക്കാം. അതും കേരളത്തില്‍ വലിയ വേരോട്ടമില്ലാത്ത രാഷ്ട്രീയ കക്ഷിയുടെ ബാനറില്‍. സുരേഷ് ഗോപി എന്ന താരം വ്യത്യസ്തനാവുന്നത് അതുകൊണ്ട് മാത്രമല്ല, ചില പുതിയ പ്രവണതകള്‍ക്ക് തൃശൂരിലെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായുള്ള അദ്ദേഹത്തിന്റെ വിജയം തുടക്കമിടുന്നുണ്ട്. അതില്‍ അദ്ദേഹത്തിനൊപ്പം മാധ്യമങ്ങളും ജനങ്ങളുമെല്ലാം പങ്കാളികളാണ്. ഒരു പുതിയ നോട്ടവും കാഴ്ചയും വേദിയും രൂപപ്പെടുന്നുണ്ട്. ഈ പ്രക്രിയയെ നിരീക്ഷിക്കാനും വിലയിരുത്താനുമാണ് ലേഖനം ശ്രമിക്കുന്നത്. 

രാഷ്ട്രീയ പ്രവര്‍ത്തനവും പ്രകടനവും 

സുരേഷ് ഗോപി അടിസ്ഥാനപരമായി സിനിമാതാരമാണ്. നമ്മുടെ നോട്ടം അതുകൊണ്ടുതന്നെ ഒരു താരത്തെയാണ് നമുക്ക് കാണിച്ച് തന്നിരുന്നത്. വര്‍ഷങ്ങളായി നിരവധി സിനിമകളുടെ പ്രേക്ഷകരായി നാം തന്നെ രൂപപ്പെടുത്തിയതാണത്. മൂന്നുപതിറ്റാണ്ടിന്റെ കാഴ്ചയുടെയും ആസ്വാദനത്തിന്റെയും ചരിത്രം അതിനുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി പ്രത്യക്ഷപ്പെട്ടപ്പോഴും ആ നോട്ടവും കാഴ്ചയും വലിയ മാറ്റമില്ലാതെ തുടര്‍ന്നു. സുരേഷ് ഗോപി ജനങ്ങള്‍ക്ക് ഒരു താരശരീരം തന്നെയായിരുന്നു. പക്ഷെ ഈ ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ജനങ്ങളുടെ നോട്ടം സന്ദിഗ്ധത അഭിമുഖീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയം സുരേഷ് ഗോപിയില്‍ ഒരു രാഷ്ട്രീയക്കാരനെക്കൂടി കാണാന്‍ ജനത്തെ നിര്‍ബന്ധിതരാക്കുന്നു. ജനങ്ങള്‍ നോക്കുമ്പോള്‍ ആരെയാണ് കാണുന്നത്? താരത്തെയോ രാഷ്ട്രീയക്കാരനെയോ? രാഷ്ട്രീയക്കാരനെയോ താരത്തിനെയോ? നമ്മുടെ കാഴ്ചയുടെ തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം നമുക്കുണ്ടോ? 

സുരേഷ് ഗോപി | PHOT0: WIKI COMMONS 
പ്രകടനം (performance) എന്ന സങ്കല്പനം ആളുകളുടെ പ്രവൃത്തികളെയും പ്രതികരണത്തെയും പഠിക്കാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഒരു നിയതമായ സാഹചര്യത്തില്‍ മറ്റുള്ളവരെ സ്വാധീനിക്കുന്ന ഒരാളുടെ മുഴുവന്‍ പ്രവൃത്തികളെയും പ്രകടനം എന്ന് ഗോഫ്മാന്‍ (1956) നിര്‍വചിക്കുന്നുണ്ട്. വിവിധ ക്രമീകരണങ്ങളില്‍ (settings) പ്രകടനത്തിന്റെ സ്വഭാവവും മാറും. ഈ അര്‍ത്ഥത്തില്‍ എല്ലാവരും പ്രാഥമികമായി ഒരു പ്രകടനത്തിന്റെ ഭാഗമാണ്. ഒരു നടന്റെ ഭാഷ ശരീരമാണ്. ശരീരമാണ് നടനെ വിനിമയം ചെയ്യുന്നത്. അടിസ്ഥാനപരമായി നടനായ സുരേഷ് ഗോപിയുടെ താരശരീരം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒരു പ്രകടനമായി മാറ്റുന്നുണ്ട്.

ഇവിടെ താരമൂല്യം പ്രകടനത്തെ സാധാരണ ആളുകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് രൂപപ്പെടുത്തുന്നത്. രാഷ്ട്രീയക്കാരടക്കം എല്ലാവരും പ്രകടനത്തിന്റെ പരിധിയില്‍ വരുന്നവരാണ്. പക്ഷെ സുരേഷ് ഗോപിയുടെ താരശരീരത്തിന് അതിനെ മറ്റൊരു തരത്തില്‍ നിര്‍മ്മിച്ചുവയ്ക്കാന്‍ കഴിയും. സുരേഷ് ഗോപിയുടെ സിനിമകള്‍ ആസ്വദിച്ചുകൊണ്ട് നാം നിര്‍മ്മിച്ച കാഴ്ചാശീലവും അത് നിര്‍മ്മിക്കുന്ന പ്രതീക്ഷയും ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികളും സംഭാഷണങ്ങളും ഒരു താരപരിവേഷത്തോടെയുള്ള പ്രകടനമായി മാറ്റപ്പെടും. പ്രകടനത്തെ നിര്‍മ്മിക്കുന്നതില്‍ ഈ വ്യക്തിഗത ഘടകങ്ങളെ കൂടാതെ മറ്റു ചില കാര്യങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ട്. അതില്‍ പ്രധാനം അദ്ദേഹത്തിന് ചുറ്റുമുള്ള മാധ്യമലോകമാണ്. താരത്തിന് ചുറ്റും മാധ്യമങ്ങളും ക്യാമറകണ്ണുകളും സദാ സന്നിഹിതമാണ്. ക്യാമറ താരശരീരവും സംഭാഷണങ്ങളും ഷൂട്ട് ചെയ്‌തെടുക്കുന്നു. ഇതെല്ലാം അസംഖ്യം സാമ്പ്രദായിക-നവ മാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തുന്നു. ഇങ്ങനെ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ നമ്മുടെ ആസ്വാദനശീലവും പ്രതീക്ഷയും മാധ്യമങ്ങളും ക്യാമറയും ചേരുമ്പോള്‍ പ്രകടനത്തിന്റെ സ്വഭാവം ആര്‍ജിക്കുന്നു.   

REPRESENTATIVE IMAGE | WIKI COMMON
അപരിചിതനായ രാഷ്ട്രീയക്കാരന്‍ 

സുരേഷ് ഗോപി നിര്‍മ്മിക്കുന്നത് പൂര്‍വമാതൃകകളില്ലാത്ത പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പല സന്ദര്‍ശനങ്ങളും അത്തരത്തിലായിരുന്നു. അവയില്‍ ചിലത് തികച്ചും വ്യക്തിപരവും ആയിരുന്നു. ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറെയും ടി.പദ്മനാഭനെയും കണ്ടതും തൃശൂരില്‍ കെ. കരുണാകരന്റെയും ഭാര്യയുടെയും സ്മൃതി മണ്ഡപത്തില്‍ പോയതും ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവ് എന്നും കെ. കരുണാകരനെ കോണ്‍ഗ്രസ്സിന്റെ പിതാവ് എന്നും വിശേഷിപ്പിച്ചതുമെല്ലാം പ്രത്യക്ഷത്തില്‍ വിചിത്രം എന്ന് തോന്നുന്നവയാണ്. വിഭിന്ന രാഷ്ട്രീയ ചേരിയില്‍ നില്‍ക്കുന്ന ആളുകളെ മുന്‍പേയുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കാണാന്‍ പോവുന്നത്. സാധാരണ നിലയില്‍ രാഷ്ട്രീയക്കാര്‍ക്ക് വിഭിന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവരുമായി വ്യക്തിപരമായ അടുപ്പങ്ങള്‍ കുറവായിരിക്കും. ഉള്ളവ തന്നെ പൊതുകാഴ്ചയിലേക്ക് വരാതെ സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇവിടെയാണ് സുരേഷ് ഗോപിയുടെ താരശരീരം ചില പുതിയ പ്രവണതകള്‍ക്ക് ആരംഭം കുറിക്കുന്നത്. തന്റെ  രാഷ്ട്രീയത്തില്‍ നിന്നും വിഭിന്നമായ രാഷ്ട്രീയ പശ്ചാത്തലമുള്ളവരെ സന്ദര്‍ശിക്കാന്‍ സുരേഷ് ഗോപിയെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ താരശരീരം നല്‍കിയ അടുപ്പമാണ്. പക്ഷെ ആ താരശരീരം ഇപ്പോള്‍ ഒരു രാഷ്ട്രീയശരീരം കൂടിയാണ്. ഈ സന്ദര്‍ശനങ്ങള്‍ വ്യക്തിപരം ആയിരിക്കാം. പക്ഷെ താരശരീരവും മാധ്യമങ്ങളും ക്യാമറകണ്ണുകളും തെരഞ്ഞെടുപ്പ് വിജയവും അവയെ ഒരു രാഷ്ട്രീയ പ്രകടനമാക്കി മാറ്റിയിരിക്കുന്നു. ഇവിടെ സംഭവിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം വ്യക്തിപരത/സ്വകാര്യത കാഴ്ചയുടെ രാഷ്ട്രീയ വസ്തുവായി പരിണമിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. 

കാഴ്ചയുടെ അപ്രമാദിത്യം നമ്മുടെ സമകാലിക സമൂഹത്തില്‍ സംഭവിച്ചുകഴിഞ്ഞതാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ നവമാധ്യമങ്ങളുടെ കാലത്ത് കാഴ്ചയുടെ വസ്തുവും അതുകൊണ്ട് തന്നെ പൊതുസ്വഭാവവും ആര്‍ജിക്കുന്നുണ്ട്. സുരേഷ് ഗോപിയില്‍ അതിന് രാഷ്ട്രീയ മാനവും കൂടി കൈവരുന്നു. തന്റെ വിജയം വ്യക്തിപരം കൂടിയാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു കഴിഞ്ഞു. ഒരു താരശരീരത്തിന് മാത്രമേ അത്തരം ഒരു അവകാശവാദം പരസ്യമായി ഉന്നയിക്കാന്‍ കഴിയുകയുള്ളൂ. അദ്ദേഹത്തിന്റെ രാഷ്ട്രീയ നേതൃത്വവും അത് അംഗീകരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യത്തെ ബിജെപി എം. പി. എന്ന പദവി അദ്ദേഹത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. തന്റെ ഭൂതകാലത്തെയും വ്യക്തിപരതയെയും സെന്‍സറിങ്ങിന് വിധേയമാക്കാതെ മലയാളികളുടെ മുന്‍പില്‍ തുറന്നുവയ്ക്കാന്‍ സുരേഷ് ഗോപിയെ രാഷ്ട്രീയ വിജയം പ്രാപ്തനാക്കുന്നു. ഇക്കാര്യത്തില്‍ സാധാരണ രാഷ്ട്രീയക്കാരുടെ പരിമിതികള്‍ സുരേഷ് ഗോപിയിലെ താരത്തിന് അതിജീവിക്കാന്‍ കഴിയും. ഒന്നിലും വൈചിത്ര്യമില്ലാതെ എല്ലാ പ്രവൃത്തികളെയും താരനോട്ടം സംരക്ഷിച്ചുകൊള്ളും. കാഴ്ച കാണുന്നവര്‍ക്ക് യുക്തി നിര്‍മ്മിച്ച് കൊടുക്കും. സാധാരണയായി രാഷ്ട്രീയ വ്യക്തികളില്‍ ഗുപ്തമായിരുന്നവ സുരേഷ് ഗോപിയിലൂടെ പൊതുകാഴ്ച ആര്‍ജിക്കുന്നു. താരശരീരത്തിന്റെ രാഷ്ട്രീയ പ്രവൃത്തികളെ നോക്കാനുള്ള ഫ്രെയിം ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം നല്‍കി കഴിഞ്ഞു. ആ അര്‍ത്ഥത്തില്‍ ഇത് കാഴ്ചയുടെ രൂപാന്തരണം കൂടിയാണ്. ജനങ്ങളുടെ നോട്ടത്തിലെ സന്ദിഗ്ധത അവസാനിച്ചിരിക്കുന്നു. അതുപോലെ ഇന്ദിരാഗാന്ധിയെ ഭാരതമാതാവ് എന്നും കരുണാകരനെ കോണ്‍ഗ്രസ്സിന്റെ പിതാവ് എന്നും വിളിക്കുന്നതിലൂടെ തന്റെ പ്രവൃത്തികളെ വാക്കുകളിലൂടെ ആവിഷ്‌കരിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നത്. രാഷ്ട്രീയാതീതമായുള്ള പ്രവൃത്തികളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും ഒരു പുതിയ രാഷ്ട്രീയ പാത്രസൃഷ്ടിയാണ് അദ്ദേഹം ചെയ്യുന്നത്. താന്‍ ഭാരതീയനും കേരളീയനും ആണെന്ന് പറയുന്ന സുരേഷ് ഗോപി, വളരെ സ്വാഭാവികമായ ഒരു യാഥാര്‍ത്ഥ്യത്തെ പുനരവകാശപ്പെട്ടുകൊണ്ട് പ്രത്യക്ഷത്തില്‍ തന്റെയും പരോക്ഷമായി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെയും സ്വീകാര്യത മാധ്യങ്ങളുടെയും ക്യാമറയുടെയും ജനനോട്ടങ്ങളുടെയും അകമ്പടിയോടെ ഉറപ്പിക്കുന്നുണ്ട്. 

REPRESENTATIVE IMAGE | WIKI COMMON
ശേഷം കാഴ്ചയില്‍ 

തെരഞ്ഞെടുപ്പ് വിജയവും മന്ത്രിപദവും നമ്മുടെ താരശരീരത്തിനൊപ്പം ഒരു രാഷ്ട്രീയശരീരം കൂടി കാണാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു എന്ന് കണ്ടുകഴിഞ്ഞു. ഒരു സിനിമാതാരം കാഴ്ചയുടെ വസ്തു (object) ആണ്. ആ അര്‍ത്ഥത്തില്‍ ആണ് താരശരീരമായി സുരേഷ് ഗോപിയെ വിവക്ഷിക്കുന്നത്. ഒപ്പം താരശരീരം പ്രകടനപരവുമാണ്. അതേസമയം രാഷ്ട്രീയപ്രവര്‍ത്തനം പ്രക്രിയാപരമാണ്. തൃശൂരിനെ 'എടുക്കാനാണ്' സുരേഷ് ഗോപി തുടക്കം മുതല്‍ ശ്രമിച്ചത്. തന്റെ ശരീര ഭാഷയിലൂടെ അദ്ദേഹം അത് വേദികളില്‍ തുടര്‍ച്ചയായി വിനിമയം ചെയ്തു. അവസാനം വിജയിച്ചു. താരശരീരത്തില്‍ നിന്നും രാഷ്ട്രീയ ശരീരത്തിലേക്കുള്ള രൂപാന്തരണം സുരേഷ് ഗോപിയും സാമ്പ്രദായിക മാധ്യമങ്ങളും നവമാധ്യമങ്ങളും ക്യാമറയും ജനങ്ങളുമെല്ലാം പങ്കെടുക്കുന്ന ഒരു വലിയ വേദിയില്‍ സംഭവിച്ചിരിക്കുന്നു. കൂടാതെ താരത്തില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്ക് എത്തുമ്പോള്‍ ജനങ്ങളുടെ നോട്ടം ആസ്വാദനത്തിന്റെ തലത്തില്‍ നിന്നും പങ്കാളിത്തത്തിന്റെ തലത്തിലേക്ക് മാറുക കൂടി ചെയ്യുന്നുണ്ട്. കാരണം രാഷ്ട്രീയവും തെരഞ്ഞെടുപ്പുമെല്ലാം ജനങ്ങള്‍ക്ക് നേരിട്ട് പങ്കാളിത്തമുള്ള പ്രക്രിയകള്‍ കൂടിയാണ്. 

റഫറന്‍സ്
Goffman, E (1956). Presentation of self in everyday life. University of Edinburgh

#outlook
Leave a comment