
അടിയന്തിരാവസ്ഥ - അന്‍പതു വര്‍ഷം പിന്നിടുമ്പോള്‍
അടിയന്തിരാവസ്ഥ കേരളത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. ഇന്നത്തെ ചില രാഷ്ട്രീയ കക്ഷികള്‍ അന്ന് എന്തു നിലപാട് സ്വീകരിച്ചു എന്നതിനെ ആധാരമാക്കിയാണ് പ്രധാനമായും ചര്‍ച്ചകള്‍. അടിയന്തിരാവസ്ഥ എന്നാല്‍ എന്തായിരുന്നു എന്ന ചര്‍ച്ച നടക്കുന്നില്ല. ചര്‍ച്ച നടത്തുന്നവരില്‍ നല്ലൊരു ശതമാനം അടിയന്തിരാവസ്ഥയുടെ അനുഭവങ്ങളില്ലാത്തവരാണ് എന്നതാകാം ഇതിനു കാരണം.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ദേശരാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന ഘട്ടം വരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാം. ഇന്ത്യാ - ചൈന യുദ്ധത്തിന്റെ സമയത്ത് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനു ശേഷമാണ് പിന്‍വലിച്ചത്. ചൈനാ ചാരന്മാരെന്ന് ആരോപിച്ച് നുറുകണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു. ദേശരാഷ്ട്രം ഭീഷണി നേരിടുന്നു എന്ന് ആരോപിച്ചാണ് 1975 ല്‍ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
അന്ന് ദേശരാഷ്ട്രം നേരിട്ട വെല്ലുവിളി എന്തായിരുന്നു? 1970 കളില്‍ ലോകമാസകലം ബാധിച്ച് എണ്ണക്കുഴപ്പം എന്നു വിളിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചു. നിത്യോപയോഗ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. പലതും ലഭ്യമല്ലാതെയായി. 1960കളിലെ ഹരിതവിപ്ലവം ചില പ്രദേശങ്ങളെ മുന്നോട്ടു കൊണ്ടുവന്നുവെങ്കിലും മിക്കവാറും പ്രദേശങ്ങളിലും കാര്‍ഷിക പ്രതിസന്ധി രൂക്ഷമായി. വ്യവസായങ്ങളുടെ വളര്‍ച്ചയിലും മുരടിപ്പ് നേരിട്ടു. ജീവിതോപാധികള്‍ തകര്‍ന്നു തുടങ്ങിയപ്പോള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. തൊഴില്‍ സമരങ്ങള്‍ വ്യാപിച്ചു. 1974ലെ റെയില്‍വേ പണിമുടക്ക് ഇന്ത്യയാസകലം പ്രതികരണങ്ങളുണ്ടാക്കി. സമരസഹായ സമിതികള്‍ ഉണ്ടാക്കി സമരം ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ ജനങ്ങള്‍ രംഗത്തുവന്നു.REPRESENTATIVE IMAGE | WIKI COMMONS
ഇന്ദിര ഗാന്ധി ഭരണകൂടം രാഷ്ട്രീയമായ വെല്ലുവിളികള്‍ നേരിട്ടതും ഇക്കാലത്താണ്. 'റുസ്റ്റം നഗര്‍വാല ബാങ്ക് തിരിമറി കേസിനെ സംബന്ധിച്ച കോടതി വിധി ഇന്ദിരാഗാന്ധിക്കെതിരെ തിരിഞ്ഞത് ശ്രീമതി ഗാന്ധിയെ അഴിമതി ആരോപണത്തിന്റെ നിഴലിലാക്കി. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് എതിര്‍ സ്ഥാനാര്‍ത്ഥി രാജ് നാരായണിന്റെ ഹര്‍ജിക്ക് അനുകൂലമായി ശ്രീമതി ഗാന്ധിയുടെ തെരഞ്ഞെടുപ്പു റദ്ദാക്കുകയും ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധിയായിരുന്നു മറ്റൊരു സുപ്രധാന സംഭവം. അതിനെതിരെ ശ്രീമതി ഗാന്ധി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഇടക്കാല ഉത്തരവും ശ്രദ്ധേയമായിരുന്നു.
ശ്രീമതി ഗാന്ധിയുടെ അധികാരത്തെ ചോദ്യം ചെയ്ത സോഷ്യലിസ്റ്റ് നേതാവ് ജയ പ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന് വന്‍തോതിലുള്ള ജനപിന്തുണ ലഭിക്കുകയും ഉത്തരേന്ത്യ മുഴുവനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ള മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ജെപി പ്രസ്ഥാനത്തിന്റെ ഭാഗമായി. ജനസംഘവും അവരോടൊപ്പം ചേര്‍ന്നു. സാധാരണമട്ടിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും മാറ്റി നിര്‍ത്തിയാല്‍ ദേശരാഷ്ട്രത്തെ അപകടത്തിലാക്കുന്ന ഒരു സംഭവവും ഇക്കാലത്ത് നടക്കുന്നില്ല.
'1975 ജൂണ്‍ 25 ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പൊതുവില്‍ ജെപി പ്രസ്ഥാനത്തിനും ഇടതുപാര്‍ട്ടികള്‍ പോലുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കു എതിരായും അതിരൂക്ഷമായ മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. ഈ ലേഖകന്‍ വിദ്യാര്‍ത്ഥി ആയിരുന്ന ജെ എന്‍ യുവില്‍ ജനുവരി 26 രാത്രി 1,500 ഓളം വരുന്ന പോലീസുകാര്‍ ഹോസ്റ്റലുകള്‍ വളഞ്ഞ് അവരില്‍ 62ഓളം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു അവരില്‍ 29 പേരെ ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് വിട്ടയച്ചത്. പ്രക്ഷോഭകാരികളെ ഒളിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് റെയ്ഡ് നടന്നത്. ഇതേ മാതൃകയില്‍ ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയൊട്ടാകെ അറസ്റ്റ് ചെയ്യപ്പെട്ടു. ബാംഗ്‌ളൂരുവില്‍ സ്‌നേഹ ലതാ റെഡ്ഡിയുടെ അറസ്റ്റും അവരുടെ മരണവും പ്രശസ്തമാണ്.
ഇന്ദിര ഗാന്ധി | PHOTO: WIKI COMMONS
അടിയന്തിരാവസ്ഥക്കെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ഏതാനും ചില പാര്‍ട്ടികളും ബുദ്ധിജീവികളുമൊഴികെ മറ്റെല്ലാ വിഭാഗങ്ങളും പങ്കു ചേര്‍ന്നു പ്രക്ഷോഭകാരികള്‍ക്കിടയില്‍ പല വിധത്തിലുള്ള സഹകരണം വളര്‍ന്നു വരുക സ്വാഭാവികമാണ് എന്ന് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കറിയാം. അവയെ രാഷ്ട്രിയവും ഐക്യമായോ സഹകരണമായോ വിശേഷിപ്പിക്കാനാവില്ല. ഇത്തരത്തിലുള്ള സഹകരണം അടിയന്തിരാവസ്ഥക്കെതിരായി സമരം ചെയ്തവരിലും ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കെതിരായി ജെ എന്‍ യുവില്‍ നടന്ന രണ്ടു വിദ്യാര്‍ത്ഥി സമരങ്ങളും വിജയിച്ചത് എല്ലാവിധത്തിലുള്ള വിദ്യാര്‍ത്ഥികളുടെയും, അധ്യാപക, അനധ്യാപകരുടെയും സഹകരണം കൊണ്ടു മാത്രമാണ് ' അവരെല്ലാവരും ഇടതുപക്ഷക്കാരോ, ഒരേ രാഷ്ട്രീയാഭിപ്രായമുള്ളവര്‍ പോലും ആയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെ ഭാര്യയും, ജെഎന്‍യുവില്‍ ജര്‍മ്മന്‍ ഭാഷ വിദ്യാര്‍ത്ഥിനിയുമായിരുന്ന മനേക ആനന്ദ് (ഗാന്ധി ) ക്ലാസില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ അവരെ തടഞ്ഞത് സഹപാഠികള്‍ തന്നെയായിരുന്നു.
ഈ സമരങ്ങളിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പെഴ്‌സണായിരുന്ന ഡി പി തൃപാഠിയും, പ്രൊ ബീര്‍ പുര്‍ക്കായസ്ഥയും അറസ്റ്റ് ചെയ്യപ്പെട്ടത്. ജസ്ബീര്‍ സിംഗ് എന്ന സോഷ്യലിസ്റ്റ് പ്രവര്‍ത്തകനും അറസ്റ്റിലായി, എല്ലാവര്‍ക്കും മിസ' (maintenance of internal security act. ) ചുമത്തപ്പെട്ടു. എന്ത് ആഭ്യന്തര സുരക്ഷയാണ് ഇവരെല്ലാവരും ലംഘിച്ചത് എന്ന് ആര്‍ക്കും അറിയില്ല. അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ട് രോഗബാധിതനായ ജസ്ബീര്‍ സിംഗ് പഠനം നിര്‍ത്തി തിരിച്ചു പോയി. പ്രൊ ബീറും തൃപാഠിയും അടിയന്തിരാവസ്ഥക്കു ശേഷമാണ് മോചിപ്പിക്കപ്പെട്ടത്.
ഇനി പറയുന്ന അടിയന്തിരാവസ്ഥ അനുഭവങ്ങള്‍ ഏറെക്കുറെ വ്യക്തിഗതമാണ്. ജെഎന്‍യുവിലും ഡല്‍ഹിയില്‍ പൊതുവെയും ജനാധിപത്യ അന്തരീക്ഷം പൂര്‍ണമായി തകര്‍ക്കപ്പെട്ടു. യൂണിയനും മറ്റു ജനാധിപത്യ വേദികളും പൂര്‍ണമായി തകര്‍ക്കപ്പെട്ടു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം രഹസ്യ ഏജന്‍സികളുടെ നിരീക്ഷണത്തിന്റെ നിഴലിലായി. ഏജന്‍സി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളായി പ്രവേശിക്കുന്ന ഘട്ടം വരെ എത്തി. പുറമെ നിന്നു വരുന്നവരുടെ സ്‌ക്രീനിങ്ങ് ശക്തമാക്കി ഡല്‍ഹി നഗരവും ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ നിലപാടനുസരിച്ചുള്ള നിര്‍ബന്ധിത വന്ധ്യംകരണം വ്യാപകമായി. നഗരത്തിലുള്ള വിവിധ മാര്‍ക്കറ്റ് കേന്ദ്രങ്ങളില്‍ പീടിക ലൈസന്‍സിന് വന്ധ്യംകരണം നിര്‍ബന്ധമാക്കി. എല്ലാ ഹൗസിങ്ങ് കോളനികളിലും വന്ധ്യംകരണം നിര്‍ബന്ധമാക്കി. നിരവധി പേര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു പോയി. നഗരത്തില്‍ ഉടനീളം ഉണ്ടായിരുന്ന തെരുവോര താമസക്കാരെ നഗര ശുചീകരണത്തിന്റെ പേരില്‍ കുടിയൊഴിപ്പിച്ചു. അവരെ എല്ലാവരെയും യമുന നദിക്കക്കരയിയുള്ള താല്‍ക്കാലിക ഷെഡുകളില്‍ താമസിപ്പിച്ചു. അവര്‍ സ്ഥലം വിടാതിരിക്കാന്‍ ജമായ് ദാര്‍ എന്നു വിളിച്ച ഗുണ്ടകളെ ഏല്‍പിച്ചു.
REPRESENTATIVE IMAGE | WIKI COMMONS
ഈ കുടിയൊഴിപ്പിക്കലില്‍ ഏറ്റനും കുപ്രസിദ്ധമായ സംഭവം തുര്‍ക്കോമാന്‍ ഗേറ്റ് കുടിയൊഴിപ്പിക്കലാണ്. പ്രശസ്തമായ രാംലീലാ മൈദാനു സമീപം ഉള്ള വിപുലമായ പാര്‍പ്പിട വ്യൂഹമാണ് തുര്‍ക്കോമാന്‍ ഗേറ്റ് ഡല്‍ഹിയില്‍ പലഘട്ടങ്ങളിലായി വരുന്ന തൊഴിലാളി വര്‍ഗം അവിടെയാണ് താമസിച്ചത്. ഡല്‍ഹിയുടെ കേന്ദ്രസ്ഥാനത്തുള്ള കോളനി ശുചീകരണത്തിന്റെ ഭാഗമായി ഒഴിപ്പിക്കണമെന്ന് അധികൃതര്‍ തീരുമാനിച്ചു. ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏറെക്കാലം അവിടെ താമസിച്ചു പോന്നവര്‍ എതിര്‍ക്കുകയും അധികാരികള്‍ ചെറുത്തു നില്പിനെ നേരിട്ടത് ബുള്‍ഡോസര്‍ ഉപയോഗിച്ച് ആ പ്രദേശം മുഴുവന്‍ ഇടിച്ചു നിരത്തിയുമായിരുന്നു. ഡല്‍ഹി അനുഭവിച്ച ആദ്യത്തെ ബുള്‍ഡോസര്‍ രാജ് ആണിത്. നിവാസികളില്‍ നല്ലൊരു വിഭാഗം ന്യൂനപക്ഷങ്ങള്‍ ആയിരുന്നു എന്നത് അവരുടെ ഇടയിലെ അമര്‍ഷം വര്‍ദ്ധിപ്പിച്ചു.
21 മാസക്കാലം ഡല്‍ഹിയിലെ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷം വിറങ്ങലിച്ച അവസ്ഥയായിലായിരുന്നു. ഇത്തരം അവസ്ഥയില്‍ പോലും പ്രതിരോധരൂപങ്ങള്‍ നിലനിര്‍ത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരെ ഓര്‍മ്മിക്കാതിരിക്കാന്‍ സാധ്യമല്ല. പ്രതിരോധത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും സമാന്തരമാര്‍ഗങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു, ജനനാട്യമഞ്ചിനെപ്പോലുള്ള കലാസമിതികള്‍ നടത്തിയ പ്രവര്‍ത്തനവും ഓര്‍മ്മിക്കേണ്ടതാണ്. പൗരാവകാശങ്ങളുടെ സംരക്ഷണത്തിനു മുന്‍കൈയ്യെടുത്ത പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്തത് ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. അടിയന്തിരാവസ്ഥക്കെതിരെയും ഇന്ദിരാഗാന്ധി ഭരണകൂടത്തിന് എതിരെയും ഉള്ള ജനവികാരം സൃഷ്ടിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് ഏറെയധികമായിരുന്നു.
1977ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. ദേശരാഷ്ട്രം നേരിട്ട എന്തു ഭീഷണിയാണ് ഈ കാലയളവില്‍ ഒഴിവായത് എന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല .അതേസമയം സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ജനാധിപത്യ പ്രക്രിയ നിലനിര്‍ത്തുന്നതില്‍ ഭരണാധികാരികള്‍ക്ക് താല്‍പര്യമില്ലെന്ന് പ്രകടമായിരുന്നു, എന്നാല്‍ ഇന്ത്യ നേരിട്ട പ്രതിസന്ധികളില്‍ ഒന്നില്‍ പോലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായിരുന്നു. 'പ്രതിസന്ധിക്കു കാരണം കുറെ ഊഹകച്ചവടക്കാരും കള്ളക്കടത്തുകാരുമാണെന്ന ധാരണ പ്രചരിപ്പിക്കുകയാണ് ഇക്കാലത്ത് ചെയ്തത്. അടിയന്തിരാവസ്ഥക്കാലത്ത് എന്തു നടന്നു എന്നതിനെപ്പറ്റി ധാരണയില്ലാത്ത മധ്യവര്‍ഗം ഭരണകൂടം പ്രകടിപ്പിച്ച അഴിമതി രാഹിത്യത്തെയും കര്‍ക്കശമായ നിയമവാഴ്ചയെയും സംബന്ധിച്ച പ്രചരണത്തില്‍ വീണുപോയി. അതേ സമയം, എന്താണ് നടന്നത് എന്നറിയുന്നവര്‍ അടിയന്തിരാവസ്ഥക്ക് കാരണമായവരുടെ ഭരണം അവസാനിപ്പിക്കുന്ന നിലപാടെടുത്തു. ഇതാണ് 1977ലെ തെരഞ്ഞടുപ്പില്‍ കണ്ടത്.
തുര്‍ക്കോമാന്‍ ഗേറ്റ് കുടിയൊഴിപ്പിക്കല്‍ | PHOTO: WIKI COMMONS
ഇവിടെ ചോദിക്കേണ്ട ചോദ്യം 1977ല്‍ ജനതാപാര്‍ട്ടി എങ്ങനെ ഉണ്ടായി എന്നതാണ്. വലതുപക്ഷ കോണ്‍സുകാരനായ മൊറാര്‍ജി ദേശായിയും, ജോര്‍ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റുകളും ചൗധരി ചരണ്‍സിങ്ങിനെ പോലുള്ള കര്‍ഷക നേതാക്കളും, ലല്ലു പ്രസാദിനെ പോലുള്ള ജെ പി പ്രസ്ഥാനക്കാരും, വാജ്‌പേയെപ്പോലുള്ള ജനസംഘക്കാരും എങ്ങനെ ഒരേ പാര്‍ട്ടിയില്‍ വന്നു? അടിയന്തിരാവസ്ഥക്കെതിരെയുള്ള ജനവികാരം ഇത്തരത്തിലുള്ള യോജിപ്പ് അനിവാര്യമാക്കി എന്ന് പറയുന്നതാണ് ശരി. ഇവര്‍ തമ്മിലുള്ള അടിസ്ഥാന രാഷ്ട്രീയ ഭിന്നതകളുടെ ഫലമായുള്ള ചേരിതിരിവുകള്‍ തെരഞ്ഞടുപ്പിലേക്ക് കടന്നിരുന്നുവെങ്കില്‍ അതിനെ ജനങ്ങള്‍ പൊറുക്കുകയില്ലായിരുന്നു എന്നതാണ് വസ്തുത. ഈ നിലപാടിനോടൊപ്പം രാഷ്ട്രീയ ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇടതുപാര്‍ട്ടികളും ചേര്‍ന്നു ഈ അടവിന്റെ വിജയം കൃത്യമായി പുറത്തു വന്നത് പശ്ചിമ ബംഗാളിലായിരുന്നു. കോണ്‍ഗ്രസിന്റെ അര്‍ദ്ധ ഫാസിസ്റ്റ് വാഴ്ചയെ അവസാനിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു എന്നതിലാണ്. അന്ന് ഇടതുമുന്നണിക്കൊപ്പം ഇല്ലാതിരുന്ന ചില പാര്‍ട്ടികള്‍ പിന്നീട് സ്വന്തം നിലപാടുകള്‍ പുന:പരിശോധിച്ച് ഒപ്പം വന്നു.
അടിയന്തിരാവസ്ഥയുടെ ഈ അനുഭവങ്ങള്‍ പുറത്തു കൊണ്ടുവരുന്ന ചില വസ്തുതകളുണ്ട്. 'ജനങ്ങള്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത് സ്വാനുഭവങ്ങളുടെ വെളിച്ചത്തിലാണ്. സ്വാനുഭവങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ ആണ് 1977ല്‍ കേരളത്തില്‍ സംഭവിച്ചതുപോലെ മുഖ്യധാരാ പത്രങ്ങളുടെ സെന്‍സര്‍ഡ് ന്യൂസ് വായിച്ചോ, സ്വന്തം രാഷ്ട്രീയ സാമൂഹ്യ നിലപാടുകള്‍ക്കനുസരിച്ചോ മാത്രം തീരുമാനമെടുക്കുന്നത്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ജനങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അതേസമയം അവരുടെ മുമ്പില്‍ കൃത്യമായ ബദലുകള്‍ അവതരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെതാണ്. ജനതാ പാര്‍ട്ടി താല്‍ക്കാലികമായെങ്കിലും ചെയ്യാന്‍ ശ്രമിച്ചത് അതാണ്. എന്നാല്‍ അതിനകത്തുള്ള ആന്തരിക വൈരുദ്ധ്യങ്ങള്‍ ആ പാര്‍ട്ടിയെ തകര്‍ക്കുകയും, കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സാധ്യമാക്കുകയും ചെയ്തു. മൂന്നാമത്തെതും ഏറ്റവും പ്രധാനപ്പെട്ടതും നമ്മുടെ ഭരണാധികാരി വര്‍ഗത്തിന് ജനാധിപത്യം നിലനിര്‍ത്തണമെന്ന പ്രത്യേകിച്ചുള്ള പിടിവാശി ഇല്ലെന്നതാണ്. അവരും അവരോടൊപ്പം നില്‍ക്കുന്ന മധ്യവര്‍ഗവും പൊതുവില്‍ അടിയന്തിരാവസ്ഥയെ പിന്തുണച്ചു. അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരും തൊഴിലാളികളും ഗ്രാമീണ ജനതയുമാണ് അടിയന്തിരാവസ്ഥയെ എതിര്‍ത്തത്. അവരാണ് യഥാര്‍ത്ഥ്യ ജനാധിപത്യവാദികള്‍.
അടിയന്തിരാവസ്ഥക്കു ശേഷം അന്‍പതുകൊല്ലം പിന്നിട്ട ഇന്നത്തെ അവസ്ഥയിലും ഇതേ അനുഭവങ്ങള്‍ പ്രസക്തമാണ്. ഒരു നിശ്ചിത രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങള്‍ ചെന്നെത്തുന്ന നിലപാടുകള്‍ പ്രധാനമാണ്. എന്നാല്‍ ഈ അനുഭവങ്ങളെ പരിമിതപ്പെടുത്താനും അനുഭവങ്ങള്‍ നിഷേധിച്ചും അവയെ വര്‍ഗീയതയുടെയും, സ്വത്വരൂപങ്ങളുടെയും കേവല വ്യക്തിതാല്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം പുനര്‍നിര്‍വചിക്കാനും നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ നിലപാടുകളെ വക്രീകരിക്കുന്നു. അടിയന്തിരാവസ്ഥയുടെ ചരിത്രം പോലും ഇന്നത്തെ നിക്ഷിപ്തതാല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വളച്ചൊടിക്കപ്പെടുന്നത് കാണാം. അന്നത്തെ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അമിതാധികാരരൂപങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പോരാട്ടമാണ്. അമിതാധികാരത്തിനെതിരെ ഇനിയും പോരാട്ടങ്ങള്‍ വേണ്ടി വരുമെന്ന സന്ദേശമാണ് അതു നല്‍കുന്നത്.


