കീഴാളജനവിഭാഗവും സാമൂഹികനീതിയും വര്‍ത്തമാനകാല ഇന്ത്യയില്‍
വിക്ടര്‍ ഹ്യൂഗോ പറയുന്നു, ''നിങ്ങളുടെ സംസ്‌കാരത്തെപ്പറ്റി ഞങ്ങളോട് പ്രസംഗിക്കേണ്ട, നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആദിവാസികളെയും ഞങ്ങള്‍ക്ക് കാണിച്ചുതരിക അവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് കണ്ട് ഞാന്‍ വിലയിരുത്താം.'
ഹ്യൂഗോയുടെ ഈ വാക്കുകള്‍ കടമെടുത്തുകൊണ്ട് പറയട്ടെ, ഒരു പതിറ്റാണ്ട് എത്തിനില്‍ക്കുന്ന മോദി ഭരണം ഇന്ത്യയിലെ കീഴാള (subaltern) ജനവിഭാഗങ്ങളെ എത്രത്തോളമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെടുത്തിയത് എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും അപരവല്‍ക്കരിക്കുകയും ചെയ്യുന്നതോടൊപ്പം അവര്‍ക്കുമേല്‍ ദൈനംദിനം നടത്തുന്ന കടന്നാക്രമണങ്ങളും വിവേചനങ്ങളും വിരല്‍ചൂണ്ടുന്നത് 'ഹിന്ദുത്വ' എന്ന ആശയത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്കും വളര്‍ച്ചയിലേക്കുമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ഏകമാര്‍ഗം വിദ്യാഭ്യാസമാണെന്ന് ഡോ. ബി. ആര്‍ അംബേദ്കര്‍ ഉറച്ച്
വിശ്വസിച്ചിരുന്നു.
എന്നാല്‍ ഉത്തരാധുനികകാലത്തെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വരുമ്പോള്‍, ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഐ.ഐ.ടികള്‍ (IITs), എന്‍.ഐ.ടികള്‍ (NITs), എയിംസ് (AIIMS), ജവഹര്‍ലാല്‍ നെഹ്‌റു സര്‍കലാശാല (JNU), ബനാറസ് ഹിന്ദു സര്‍വകലാശാല (BHU), ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാല (HCU) പോലെയുള്ള മറ്റു പ്രമുഖ സര്‍വകലാശാലകള്‍, ജാതി അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങള്‍ക്ക് എങ്ങനെ വഴിവയ്ക്കുന്നു എന്ന് ഗൗരവപൂര്‍വം നോക്കി കാണേണ്ടതാണ്. സമത്വത്തിന്റെ പാഠങ്ങള്‍ പഠിക്കേണ്ടിടത്ത് നിന്ന് അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും, വൈരാഗ്യത്തിന്റെയും വിഷം കുത്തിനിറയ്ക്കപ്പെട്ട് സമൂഹത്തിലേക്ക് അഴിച്ചുവിടപ്പെടുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പിന്നീടങ്ങോട്ട് രാജ്യത്തിന്റെ ഗതി നിശ്ചയിക്കേണ്ടി വരുന്നതിലെ അപകടം ചിന്തകള്‍ക്കും അതീതമാണ്.
വിക്ടര്‍ ഹ്യൂഗോ | PHOTO: WIKI COMMONS
ജാതീയത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ന്യൂനപക്ഷ-ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വിവിധതരത്തിലുള്ള ജാതി-മത വിവേചനത്തിനും സാമൂഹിക പുറന്തള്ളലുകള്‍ക്കും നിരന്തരമായ ആക്രമണങ്ങള്‍ക്കും വിധേയപ്പെടുന്നു. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണവും നിയമപരിരക്ഷയും നിലവിലുണ്ടെങ്കിലും വര്‍ത്തമാനകാലഘട്ടത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പുതിയ രൂപങ്ങള്‍ കൈവരിക്കുന്നുണ്ട്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വം എന്ന ആശയം ഭരണകൂടം ബോധപൂര്‍വ്വം മറന്നുകളയുന്നു. വര്‍ത്തമാനകാല സാഹചര്യത്തില്‍ മതപരവും ജാതീയവുമായ ധ്രുവീകരണത്തിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഈ ജാതിശ്രേണിയില്‍ വരേണ്യരുടെ താല്‍പര്യം എല്ലായിപ്പോഴും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു മേല്‍ക്കോയ്മ കൂടുതല്‍ പ്രകടമായി വരുന്നുണ്ട്.
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍, അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ എന്നിവയിലൊക്കെ തന്നെ ദളിത്-ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും വിവേചനപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരെ അവരുടെ ജാതിപ്പേരുകള്‍ ഉപയോഗിച്ച് തിരിച്ചറിയുകയും വരേണ്യ ജാതികളില്‍ നിന്നുള്ള സഹപാഠികളില്‍ നിന്ന് ജാതീയമായ വിവേചനത്തിന് ഇരയാവുകയും ചെയ്യുന്നു. അധ്യാപകരില്‍ നിന്നും സൂപ്പര്‍വൈസര്‍മാരില്‍ നിന്നും പല സാഹചര്യങ്ങളിലും ഇതേ വേര്‍തിരിവ് നേരിടേണ്ടിയും വരുന്നു. ഫെലോഷിപ്പ് തടഞ്ഞുവെച്ചും കാലതാമസം വരുത്തിയും ഔദ്യോഗിക വിഭാഗവും ഇടപെടല്‍ നടത്തുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ മാനസിക പീഡനങ്ങള്‍ അനാരോഗ്യകരമായ വിദ്യാഭ്യാസ ചുറ്റുപാടുണ്ടാക്കുന്നു. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുകൊണ്ട് തിരഞ്ഞെടുത്ത കോഴ്‌സിനെ 'അതിജീവിക്കുക' എന്നത് അസാമാന്യ ഇച്ഛാശക്തിയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്.
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി (HCU), എയിംസ് (AIIMS), ഐഐടികള്‍ (IITs) ഐഐഎമ്മുകള്‍ (IIMs) പോലെയുള്ള മുന്‍നിര ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവ് കാണാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രോഹിത് വെമൂല, ഫാത്തിമ ലത്തീഫ് പോലെയുള്ളവരുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകങ്ങള്‍ (Institutional murders - സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍). സാമ്പത്തിക ഭദ്രത തീരെ ഇല്ലാത്ത കുടുംബങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി സര്‍വകലാശാലകളിലേക്ക് ചേക്കേറുന്ന കുട്ടികള്‍ക്ക് ഒരുപക്ഷേ, അവരുടെ വീടുകളില്‍ ഉള്ളതിനേക്കാള്‍ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷമാവും ക്യാമ്പസിലും ഹോസ്റ്റലിലും ഉണ്ടാവുക എന്നുള്ള ധാരണ മിഥ്യയായി മാറുന്നത് ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്.
REPRESENTATIVE IMAGE | WIKI COMMONS
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിതുകള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ പ്രാതിനിധ്യവും വളരെ കുറവാണ്. അധ്യാപകരില്‍ ഭൂരിഭാഗവും പ്രബല ജാതികളില്‍ നിന്നുള്ളവരാണ്. ഇത്തരത്തില്‍ ഉള്ള ജാതീയതയെ ശാക്തീകരിക്കാന്‍ വേണ്ടിയുള്ള പല മാര്‍ഗങ്ങളും ഇന്ന് ഭരണകൂടം കൈക്കൊള്ളുന്നുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് 2024, ജനുവരി 24ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC) പുറത്തിറക്കിയ കരട് മാര്‍ഗനിര്‍ദ്ദേശം. പട്ടികജാതി (SC), പട്ടികവര്‍ഗ (ST), മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (OBC) പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതെങ്കിലും ഒഴിവുകള്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള മതിയായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ല എങ്കില്‍ ''സംവരണരഹിതമായി'' (de-reservation) പ്രഖ്യാപിക്കാം എന്ന ഈ മാര്‍ഗനിര്‍ദേശം, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ക്വാട്ട ഇല്ലാതാക്കാനുള്ള തന്ത്രപൂര്‍വമായ ശ്രമമാണ്.
സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം ഇരുപത്തിമൂന്ന് ഐഐടികളിലെ (IIT), 6,043 അധ്യാപകരില്‍ 170 പേര്‍ മാത്രമാണ് പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളത്. ഇത് മൊത്തം അധ്യാപകരുടെ മൂന്ന് ശതമാനത്തില്‍ താഴെയാണ്. ഐഐഎമ്മുകളില്‍ (IIM) ഇതിലും ദയനീയമായ പ്രവണത വീക്ഷിക്കാന്‍ സാധിക്കും. 642 പേര്‍ അടങ്ങുന്ന അധ്യാപക സമൂഹത്തില്‍ വെറും അഞ്ച് പേര്‍ മാത്രമാണ് ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളത്. അക്കാദമിക രംഗത്ത് ഇത്തരത്തിലുള്ള പ്രാതിനിധ്യമില്ലായ്മ പലവിധത്തിലുള്ള വിവേചനത്തിനും, കൊഴിഞ്ഞുപ്പോക്കിനും കാരണമാകുന്നു. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള ജാതീയ വിവേചനം ക്യാമ്പസുകളില്‍ ഇല്ലാതാവുകയും, എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു സാഹചര്യം അനിവാര്യവുമാണ്.
ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് ഫീസ് ചുരുക്കല്‍, പുതിയ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ പരിഷ്‌കാര നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍ പോലും ഇത്തരം കൊഴിഞ്ഞുപോക്കുകള്‍ തടയാന്‍ സാധിക്കുന്നില്ല. ഈ കൊഴിഞ്ഞുപോക്കിന് ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്താനാകും. പൗരബോധവും വ്യക്തിസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹത്തിന് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്തതും മതപരവും ജാതീയവുമായ വേര്‍തിരിവുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും നിരവധി കാരണങ്ങള്‍കൊണ്ടാണ്. കേരളത്തില്‍ നിന്നുള്ള എംപി (Member of Parliament), വി. ശിവദാസന്റെ കൊഴിഞ്ഞുപോക്ക് നിരക്കിനെ (dropout rate) കുറിച്ചുള്ള ചോദ്യത്തിന് മാനവവിഭവശേഷി മന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്. '2017 നും 2018 നും ഇടയിലായി ഇന്ത്യയിലെ വിവിധ ഐഐടികളില്‍ നിന്ന് 2,461 വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് പോയത്. ഇതില്‍ത്തന്നെ 57 ശതമാനവും ഡല്‍ഹി ഐഐടിയിലും ഖരഖ്പൂര്‍ ഐഐടിയിലുമാണ് ഉണ്ടായിട്ടുള്ളത്.
എംപി. വി. ശിവദാസന്‍ | PHOTO: FACEBOOK
2,461 എന്നത് ഉന്നത വിദ്യാഭ്യാസമേഖലയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ സംഖ്യയല്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് നിന്ന് എന്തുകൊണ്ട് ഇത്രയധികം കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നു എന്ന് പരിശോധിച്ചാല്‍ അതില്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മാനസിക സംഘര്‍ഷത്താല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണെന്ന് മനസ്സിലാക്കാം. വിദ്യാഭ്യാസത്തിലൂടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കാന്‍ തുനിഞ്ഞിറങ്ങുന്ന സാധാരണക്കാരന്റെ മക്കള്‍ തങ്ങളുടെ അക്കാദമിക മികവിലൂടെ മാത്രം എത്തിപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് സര്‍വകലാശാല ക്യാമ്പസുകള്‍. ആ ക്യാമ്പസുകള്‍ മികവിന്റെ കേന്ദ്രം എന്നതിനോടൊപ്പം വിവേചനങ്ങളുടെ കേന്ദ്രം കൂടിയാകുന്നു. അതേസമയം പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 13,500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും, ഐഐടികളില്‍ നിന്നും, ഐഐഎമ്മുകളില്‍ നിന്നുമായി പഠനം ഉപേക്ഷിച്ചുപോയി എന്ന് 2023 ഡിസംബര്‍ നാലിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി അസമത്വം വ്യത്യസ്ത രൂപങ്ങളില്‍ നിലനില്‍ക്കുന്നു. പ്രത്യക്ഷമായും പരോക്ഷമായും അത് സാമൂഹിക ശ്രേണിയില്‍ താഴെത്തട്ടില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികളെ അന്യവല്‍കരിക്കുന്നുണ്ട്. പ്രവേശന നടപടിക്രമങ്ങള്‍ മുതല്‍ ഹോസ്റ്റല്‍ മെസ്സ് വരെ പലയിടങ്ങളിലായി ഈ പ്രക്രിയ (Process of 'othering') കാണാന്‍ സാധിക്കും. ഇതില്‍ എടുത്തുപറയേണ്ടത് മാസങ്ങള്‍ക്ക് മുമ്പ് ബോംബെ ഐ.ഐ.ടി മെസ്സില്‍ മാംസാഹാരം കഴിക്കുന്നവര്‍ക്കായി പ്രത്യേക ഇടം സൃഷ്ടിച്ചതാണ്. ഭരണകൂടത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തിയെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാതിരിക്കുക മുതല്‍ ഭരണകൂട നിയന്ത്രണത്തില്‍ ഉള്ള വിദ്യാര്‍ത്ഥി സംഘടനയെ വരെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള ജാതീയവും മതപരവുമായ പ്രശ്‌നങ്ങള്‍ നേരിടുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉപേക്ഷിക്കേണ്ടി വരുന്നു.
വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം
ജനകീയ പിന്തുണയുടെയും പൊതുനന്മയുടെയും മുഖച്ഛായയില്‍ പൊതു സ്വകാര്യ ജീവിതത്തിന്മേല്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണ് ഫാസിസ്റ്റ് രാഷ്ട്രീയ തന്ത്രത്തിന്റെ കാതല്‍. വിദ്യാഭ്യാസ മേഖലയെ അത്തരത്തില്‍ നിയന്ത്രിക്കേണ്ടത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആവശ്യകതയാണ്. വിദഗ്ധരെ ഒഴിവാക്കി വിശ്വസ്തരെ നിയമിക്കുകയും വൈരുധ്യ വീക്ഷണങ്ങളെ പൂര്‍ണമായി നിരസിക്കുന്നതും ആണ് പ്രധാനമായും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉള്ള ഇടപെടല്‍. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 1920 കളില്‍ ബെനിറ്റോ മുസോളിനി തന്റെ അധികാരം ഉറപ്പിച്ചശേഷം പാഠ്യപദ്ധതിയില്‍ ഏര്‍പ്പെടുത്തിയ ഉള്‍ച്ചേര്‍ക്കലുകള്‍. ഒരുപിടി പാര്‍ട്ടി വിശ്വാസികള്‍ നിര്‍മ്മിച്ച കരിക്കുലം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നതും പുരാതന റോമാ സംസ്‌കാരത്തെ പ്രകീര്‍ത്തിക്കുന്നതും മഹത്വവത്കരിക്കുന്നതും, അശാസ്ത്രീയതയെ ഉയര്‍ത്തിപ്പിടിക്കുന്നതും, ഇറ്റലിക്കാരുടെ വംശീയ മേധാവിത്വം വിളിച്ചോതുന്നതുമായിരുന്നു.
ബെനിറ്റോ മുസോളിനി | PHOTO: WIKI COMMONS
1933 നു ശേഷം നാസി ഭരണകൂടം തങ്ങളുടെ ആശയങ്ങളോട് വിയോജിക്കുന്നവരുടെയും യഹൂദരുടെയും കീഴിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തനരഹിതമാക്കി. ഒട്ടുമിക്ക അധ്യാപകരും നാസി പാര്‍ട്ടിയില്‍ ചേരുകയും അവരുടെ തസ്തികകള്‍ നിലനിര്‍ത്തുകയും ചെയ്തു. മറ്റേതൊരു തൊഴില്‍ മേഖലയിലുള്ളവരെക്കാളും അധ്യാപകരാണ് നാസി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജര്‍മന്‍ ജനതയ്ക്കിടയില്‍ നാസി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വിദ്യാഭ്യാസ മേഖല വഹിച്ച പങ്ക് ചെറുതല്ല.
ഇത്തരത്തിലുള്ള വിദഗ്ധരുടെ അഭാവം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും ജനാധിപത്യത്തിനും അപകടകരമാണ്. അങ്ങേയറ്റം അപകടകരമായ ഈ പ്രവണതയുടെ സമാന്തരങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘപരിവാര്‍ ഭരണത്തിന്റെ കീഴില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രണ്ടുരീതിയില്‍ ആണ് സംഘപരിവാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കുന്നത്. ഇന്ത്യയിലെ പ്രബലമായ സര്‍വകലാശാലകളില്‍, സംവരണം നടപ്പിലാക്കാന്‍ എന്ന വ്യാജേന നിലവാരരഹിതരായ അധ്യാപകരെ നിയമിക്കുകയും അതുവഴി ക്യാമ്പസുകളില്‍ തങ്ങളുടെ അജന്‍ഡ നടപ്പിലാക്കുകയും ചെയ്യുന്നതായി കാണാം. അതേസമയംതന്നെ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, അത്തരത്തിലുള്ള സംവരണ ഒഴിവുകള്‍ നികത്താതെ, സവര്‍ണ്ണ ജാതികളോടുള്ള തങ്ങളുടെ ബന്ധുത ഊട്ടിയുറപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളായി ഉള്ള ആര്‍എസ്എസ് ന്റെ ഈ ഇരട്ടത്താപ്പിനെ കുറിച്ച് ക്രിസ്‌ടോഫെ ജെഫ്രിലോട് തന്റെ 'മോദിയുടെ ഇന്ത്യ: ഹിന്ദു ദേശീയതയും വംശീയ ജനാധിപത്യത്തിന്റെ വളര്‍ച്ചയും' (Modi's India: Hindu Nationalism and the Rise of Ethnic Democracy) എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന തുക മുതല്‍ പുസ്തകങ്ങളുടെയും, പാഠ്യഭാഗങ്ങളുടെയും നിരോധനം വരെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ്. ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ ഗതി നിയന്ത്രിക്കുന്നത് ആ രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയും അതിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ന്നുവരുന്ന യുവതലമുറയുമാണ്. പാഠ്യഭാഗങ്ങളില്‍ നിന്നും ലോകത്ത് നിലനില്‍ക്കുന്ന സൈദ്ധാന്തിക ചിന്തകള്‍ എല്ലാം മാറ്റിമറിച്ച് പകരം അതിന്റെ സ്ഥാനത്ത് സംഘപരിവാര്‍ അവരുടെ ആശയങ്ങള്‍ സന്നിവേശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2020-ല്‍ പുറത്തിറക്കിയ പുതു വിദ്യാഭ്യാസനയം. ഇതിലൂടെ നിലവിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഴുവന്‍ പദ്ധതിയും മാറ്റുകയും പകരം ഒറ്റ സിലബസിന്റെ കീഴില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. രാജ്യം മുഴുവന്‍ അങ്ങനെ ഒരു ഒറ്റ സിലബസ് മാത്രമായി വരുന്ന സമയത്ത് അവരുടെ 'ഹിന്ദുത്വ' ആശയങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ബോധപൂര്‍വം സന്നിവേശിപ്പിക്കുമ്പോള്‍ ചിന്തിക്കാന്‍ കഴിയാത്ത ഒരു സമൂഹമായി നമ്മുടെ സമൂഹം മാറുന്നു. 1940 കളില്‍ തന്നെ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അവരുടെ ഇടപെടല്‍ നടത്തുന്നുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (ABVP) മുതല്‍ വനവാസി കല്യാണ്‍ ആശ്രം (VKA), സരസ്വതി ശിശുമന്ദിര്‍ തുടങ്ങി വിവിധ ഏജന്‍സികളിലൂടെയാണ് അവര്‍ ഈ കൈകടത്തല്‍ നടത്തുന്നത്. അന്നുമുതലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ഒത്തുപോകുന്ന ഒരു ഏകീകൃത സിലബസ് ആണ്. യുവാന്‍ നോവ ഹാരാരിയുടെ വീക്ഷണത്തില്‍ പറയുന്നതുപോലെ ചിന്തിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്ന രീതിയിലേക്ക് ഇന്ത്യന്‍ സമൂഹത്തെ സംഘപരിവാര്‍ കൊണ്ടെത്തിക്കും എന്നതില്‍ ലെവലേശം സംശയമില്ല.
റഫറന്‍സ്
* ക്രിസ്റ്റോഫെ ജെഫ്രിലോട് : മോദിയുടെ ഇന്ത്യ: ഹിന്ദു ദേശീയതയും വംശീയ ജനാധിപത്യത്തിന്റെ വളര്‍ച്ചയും
* ലിജോ സെബാസ്റ്റ്യന്‍, ഡോ. ബിജു ആര്‍ ഐ : ദേശീയ വിദ്യാഭ്യാസ നയം: ഹിന്ദുത്വത്തിന്റെ ചരിത്ര വഴികള്‍
* ബിപന്‍ ചന്ദ്ര, മൃദുല മുഖര്‍ജി, ആദിത്യ മുഖര്‍ജി : സ്വാതന്ത്ര്യാനന്തര ഇന്ത്യ
* ദി ഹിന്ദു ലേഖനങ്ങള്‍
* എന്‍ സി ആര്‍ ബി റിപ്പോര്‍ട്ടുകള്‍