TMJ
searchnav-menu
post-thumbnail

Outlook

വിശുദ്ധിയുടെ തിരശീല... പാപങ്ങളുടെയും

26 Feb 2024   |   4 min Read
കെ സി ജിതിൻ

മകാലിക സ്വതന്ത്ര മലയാളസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലിന്റെ സാക്ഷ്യം കൂടിയാണ് ഡോണ്‍ പാലത്തറയുടെ സിനിമകള്‍. ഡോണിന്റെ ഏറ്റവും പുതിയ ചിത്രം ഫാമിലി തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്നു. റോട്ടര്‍ഡാം അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഓപ്പണ്‍ റിലീസിംഗിന് തയ്യാറായിരിക്കുന്നത്. വ്യാപകമായി റിലീസ് ചെയ്യുന്ന ഡോണിന്റെ ആദ്യ ചിത്രം കൂടിയാണ് ഫാമിലി.

ഡോണിന്റെ എല്ലാ ചിത്രങ്ങളുടെയും തലക്കെട്ടുകള്‍ വളരെയധികം നേരിട്ട് പ്രമേയത്തെ ദ്യോതിപ്പിക്കുന്നതാണ്. ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എവരിത്തിംഗ് ഈസ് സിനിമ ഇപ്പോള്‍ ഫാമിലിയും പ്രമേയത്തിന്റെ നേരിട്ടുള്ള സൂചനകള്‍ തരുന്നതാണ്. ഫാമിലി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഫാ മി ലി എന്ന 3 വാക്കുകള്‍ കീറിയ 3 കടലാസുകള്‍ ചേര്‍ത്ത് വച്ചെഴുതിയതാണ്. മറ്റെന്തൊക്കെയോ കാരണത്താല്‍ പരസ്പരം ചേര്‍ന്നിരിക്കുന്നതാണ് കുടുംബം എന്ന് ദ്യോതിപ്പിക്കുന്നതാണ് പോസ്റ്ററിലെ ചിത്രത്തിലെ ടൈറ്റില്‍. എളുപ്പം പറന്നുപോകാവുന്ന കടലാസിലായിട്ടുപോലും ഫാമിലി ചേര്‍ന്നിരിക്കുന്നതിലെ അത്ഭുതത്തെ അന്വേഷിക്കുകയും അതിലേക്കൊരു ഫിക്ഷനെ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട് ഡോണ്‍.

ബദ്ധപ്പെട്ട് ഒരു ഹെയര്‍പിന്‍ കയറിപ്പോകുന്ന ബൈക്കില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ശവം, വിത്ത്, 1956 മധ്യതിരുവിതാംകൂര്‍ എന്നീ സിനിമകളിലെയൊക്കെ പോലെ ഇടുക്കിയിലെ മലയോര മേഖലയാണ് ചിത്രത്തിന്റെ പശ്ചാത്തലം. അതില്‍ തന്നെ ടൗണില്‍ നിന്നോ അഥവാ മെയിന്‍ ലാന്റില്‍ നിന്നോ സ്വല്പം അകലെയായുള്ള ഒരു ഭൂപ്രദേശം ഡോണ്‍ തിരഞ്ഞെടുക്കുന്നതായി കാണാം. വിത്ത് എന്ന ചിത്രത്തില്‍, ബസ്സില്‍ കയറാനായി 3 പേര്‍ ഏറെ ദൂരം ചെറുവഴികളിലൂടെ പോകുന്നു. മെയിന്‍ ലാന്റില്‍ നിന്ന് വേറിട്ട് നില്‍ക്കുമ്പോള്‍ ഫിക്ഷന് ഒരു മായിക വലയം കൈവരുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഡോണിന്റെ വിത്ത് എന്ന ചിത്രത്തില്‍ അത്താഴത്തിനായി കഞ്ഞി ഒരുക്കുന്ന രംഗമുണ്ട്. ഒറ്റയ്ക്കു ജീവിക്കുന്ന ഒരു മലയോര കര്‍ഷകന്റെ അത്താഴപ്പാത്രത്തില്‍ എന്തെല്ലാമായിരിക്കുമെന്ന നിരീക്ഷണം വാസ്തവത്തില്‍ ഒരു ദേശത്തിന്റെ ഏറ്റവും ലഘുവായ അത്താഴത്തെയാകെ (കഞ്ഞികുടിയെ ആകെ) പ്രതിനിധീകരിക്കുന്നുണ്ട്. തേങ്ങയും പച്ചമുളകും അമ്മിയില്‍ ചതച്ച ഒരു ചമ്മന്തിയും കഞ്ഞിയും ആണ് അയാളുടെ അത്താഴം. ചിത്രത്തില്‍ ഒരു രാത്രിയില്‍ അയാള്‍ ബീഫ് ഉണ്ടാക്കുന്നുണ്ട്. ബീഫും കഞ്ഞിയുമാണ് അന്നത്തെ അത്താഴം. അത് മാസത്തിലൊരിക്കലോ മറ്റോ മാത്രമായിരിക്കണം. അല്ലാത്ത എല്ലാ ദിവസങ്ങളിലെയും അയാളുടെ കഞ്ഞി കുടി ഇങ്ങനെയായിരിക്കണം. നാം മലയാള മുഖ്യധാരാ സിനിമകളിലെ ക്രിസ്ത്യന്‍ അത്താഴങ്ങള്‍ കണ്ടു പരിചയിച്ചത് ഇങ്ങനെയല്ല. ക്രിസ്തുമസിനോ പെരുന്നാളിനോ പോലും കാണാത്തത്ര വിഭവങ്ങള്‍ നിരത്തി വെച്ച, ഒരു കുടുംബത്തിന് ഒരാഴ്ച മൊത്തം കഴിക്കാന്‍ പാകത്തിലുള്ള തീന്‍മേശ (വാഴുന്നോര്‍ എന്ന ചിത്രത്തിലെ അത്താഴ രംഗം ഓര്‍ക്കുക). ഒരു ഫോക്കിനെ സംബന്ധിച്ച തീര്‍ത്തും അയഥാര്‍ത്ഥവും തെറ്റായ പ്രതിനിധാനവുമാണ് അത്. എന്നാല്‍ ഡോണ്‍ ഒരേസമയം ഒരു കഞ്ഞികുടി ദൃശ്യത്തെ താന്താങ്ങളുടെ ആസന്നമായ പരിസരത്തിന്റെ യഥാതഥമായ ആവിഷ്‌കാരമായി അവതരിപ്പിക്കുന്നു. ലോകത്തെവിടെയുമുളള ഒരു അന്യ ( other) കാണിയെക്കൊണ്ട് ഇവരെന്താവും കഴിക്കുകയെന്നോ, ഇവരുടെ അത്താഴം ഇതായിരിക്കുമെന്നോ ചിന്തയിലേക്കും തീര്‍പ്പിലേക്കും എത്തിക്കുന്നു. ആ അന്യ കാണി ഒരു നിമിഷം തന്റെ ദേശത്തുനിന്ന് ഈ ദേശത്തെ കഞ്ഞികുടിയിലേക്ക് സ്‌നേഹ സഞ്ചാരം നടത്തുന്നു.



ഫാമിലിയില്‍ വ്യക്തി, കുടുംബം, സമൂഹം എന്നിവയെ പ്രശ്‌നവത്കരിക്കുകയാണ് ഡോണ്‍. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഫാ മി ലി എന്നീ 3 വാക്കുകള്‍ പരസ്പരം 3 കീറക്കടലാസുകളില്‍, ഒരു ടേപ്പിന്റെയോ മറ്റോ സഹായത്തിന്‍ ഒട്ടിച്ച പോലെയാണ്. വ്യക്തി- കുടുംബം-സമൂഹം എന്നതിന്റെ കിടപ്പിനെ ആഖ്യാതാവ് അത്തരത്തില്‍ നോക്കിയതുമാവാം. അതിന്റെ പശ്ചാത്തലമായി മലയോര ഗ്രാമീണ മേഖലയെ, അതിലെ തന്നെ ഉള്‍പ്പിരിവുകളെ പശ്ചാത്തലമാക്കുന്നു. ആ പശ്ചാത്തലത്തിലെ ആളുകളെ, കന്നുകാലികളെ എല്ലാം വേട്ടയാടുന്ന ഒരു പുലി അവിടെ ഉണ്ടെന്ന വലിയ ഒരു ഭയത്തിന്റെ അന്തരീക്ഷം ആ പശ്ചാത്തലത്തില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ഏതുനിമിഷവും നമുക്ക് നേരെ, നമ്മുടെ ജീവിതോപാധികള്‍ക്ക് നേരെ ചാടി വീഴുന്ന ഒരു ഹിംസാരൂപമായി അത് നില്‍ക്കുന്നു. ആ പശ്ചാത്തലത്തില്‍ അവിടെ ജീവിക്കുന്നവര്‍ സ്വയമേ ഇരയുടെ കുപ്പായം സമൂഹത്തില്‍ എടുത്തണിയുന്നു.

സോണി (വിനയ് ഫോര്‍ട്ട്) എന്ന ചെറുപ്പക്കാരന്‍ ഈ സമൂഹത്തിലെ ഒരു pinch test case ആണ്. മതം- കുടുംബം-സമൂഹം എന്ന ചട്ടക്കൂടിനകത്ത് തന്റെ വ്യക്തിത്വത്തെ അവതരിപ്പിക്കുകയും, മറ്റൊരു വ്യക്തിയായി സ്വയം ആവിഷ്‌കരിക്കുകയും ചെയ്യുന്ന ആ സമൂഹത്തിന്റെ ഒരു ശരാശരി. അയാള്‍ ക്രിസ്ത്യനികളിലെ ക്‌നാനായ വിഭാഗത്തില്‍പ്പെട്ടയാളാണ്. കുറെക്കൂടി വിശുദ്ധമായ രക്തം സിരകളില്‍ പേറുന്ന, വിശുദ്ധിയുടെ ഒരു വലയം ഉണ്ടെന്ന് കരുതുന്ന വംശമാണ് ക്‌നാനായ വിഭാഗം. അതിനാല്‍ത്തന്നെ വിശ്വാസവും മതവുമായി ബന്ധപ്പെടുത്തിയാല്‍ ഏത് സന്ദര്‍ഭവും തീവ്രതയേറിയ സന്ദര്‍ഭമായി തീരും. പുലിയെ പിടിക്കാനായി ഒരുക്കിയ വലിയ ഒരു കുഴിയില്‍ ഒരു പശു വന്ന് വീഴുകയും അതിനെ രക്ഷിച്ചെടുക്കുന്നതുമായ ദീര്‍ഘമായ ഒരു സന്ദര്‍ഭം ചിത്രത്തിലുണ്ട്. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് പശുവിനെ രക്ഷിച്ചെടുക്കുന്ന ദൃശ്യമാണ്. അതിന് നേതൃത്വം നല്‍കുന്നത് സോണിയാണ്. സോണിക്ക് വലിയ സ്വീകാര്യത ആ നാട്ടിലുണ്ട്. നാട്ടില്‍ പൊതുവില്‍ മാത്രമല്ല, വീടുകളിലും. ഈ സ്വീകാര്യത ആവര്‍ത്തിച്ചു തെളിയിക്കുന്ന പല ദൃശ്യങ്ങളും ചിത്രത്തിലുണ്ട്. അതോടൊപ്പം നാം സോണി ഒരു  ബാലപീഡകനാണ് എന്നുകൂടി മനസ്സിലാക്കുന്നു. സോണി നടത്തുന്ന സ്വകാര്യ ട്യൂഷനുകള്‍ അയാള്‍ തന്റെ ഹിംസക്കുള്ള സന്ദര്‍ഭങ്ങളാക്കുന്നു. ചിത്രത്തില്‍ ഒരു മരണവീടിന്റെ ദൃശ്യമുണ്ട്. അവിടെ സോണി ആ സന്ദര്‍ഭത്തെ തന്റെ ഹിംസക്കുള്ള അവസരമാക്കിത്തീര്‍ക്കുന്നത് കാണാനാവും. ഒരു വ്യക്തി സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കിയെടുക്കുന്ന സ്വീകാര്യത സത്യത്തില്‍ പുലി വരുന്നു എന്ന സാമൂഹികഭയം പോലെയാണ്. അത് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പുലിയെ ഇന്നുവരെ ആരും കണ്ടിട്ടില്ലെങ്കിലും അവര്‍ നിരന്തരം  കുഴികള്‍ കുഴിച്ചു കൊണ്ടിരിക്കും. വീണ്ടുമതില്‍ കന്നുകാലികള്‍ വീഴും, കുഴിച്ചവര്‍ തന്നെ കരകയറ്റും, പക്ഷേ കുഴിയും ഭയവും കോട്ടമില്ലാതെ നിലനില്‍ക്കും. ഭയത്തിന്റെ കാരണമാകട്ടെ തന്റെ മറ്റൊരിരയെ തേടുകയായിരിക്കും. 


ക്‌നാനായ കല്യാണത്തിന്റെ ഒരു ദൃശ്യം ചിത്രത്തിലുണ്ട്. മണവാളനെ അണിയിച്ചൊരുക്കുന്നതും കാണികളോട് അനുവാദം ചോദിക്കുന്നതും എല്ലാം ഒരു നാടകത്തിന്റെ പശ്ചാത്തലം ഉണ്ടാക്കുന്നു. നാടകത്തിന്റെ കാണികളാവട്ടെ കല്യാണത്തിന് ക്ഷണിക്കപ്പെട്ടവരും. പെണ്‍കുട്ടികളും യുവതികളും ചേര്‍ന്നവതരിപ്പിക്കുന്ന നൃത്തവും കല്യാണത്തിന്റെ ഭാഗമാണ്. ഈ ദൃശ്യത്തില്‍ സോണി സൂക്ഷിച്ച് ഒരു സ്ഥലത്തേക്ക് മാത്രം നോക്കിയിരിക്കുന്ന ദൃശ്യമുണ്ട്. അത് ക്ലോസ് അപ് ആയി അല്ല ഡോണ്‍ അവതരിപ്പിക്കുന്നത്. തന്റെ മറ്റൊരു ഇരയെ, അതിന്റെ ഗരിമയെ, ദൗര്‍ബല്യങ്ങളെ എല്ലാം വീക്ഷിക്കുന്ന ഒരു വേട്ടക്കാരന്റെ ശൗര്യമുണ്ട് നിസംഗമായ ആ ഇരിപ്പിന്. അയാളുടെ ആ നിസംഗതയെ നിര്‍മ്മിച്ചെടുക്കുന്ന പശ്ചാത്തലം കൂടിയാണ് കുടുംബം. വലിയ വിശ്വാസിയായിട്ടുകൂടിയും, ക്‌നാനായ വിഭാഗത്തിന്റെ വിശുദ്ധിയുടെ മേല്‍ക്കുപ്പായം ഉണ്ടായിട്ടും, അയാളുടെ പാപങ്ങള്‍ പാപങ്ങളല്ലാതാക്കി തീര്‍ക്കുന്ന, പാപങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന ഒരു വിശിഷ്ടസ്ഥലിയായി കുടുംബം മാറുന്നു. 

വീടിനകത്തും പുറത്തും ഒരുപോലെ സോണി തന്റെ പാപങ്ങളെ നിര്‍ബാധം നിറവേറ്റുന്നത് അത് അതിനകത്തുതന്നെ സാമാന്യവത്കരിക്കപ്പെട്ടുപോയത് കൊണ്ടാണ്. ദിവ്യപ്രഭ അവതരിപ്പിച്ച റാണി എന്ന കഥാപാത്രം ആ കുടുംബത്തിലേക്ക് കല്യാണം ചെയ്യപ്പെട്ട് വന്ന പെണ്‍കുട്ടിയാണ്, അവള്‍ ഗര്‍ഭിണിയുമാണ്. സോണിയുടെ ഈ ചെയ്തികള്‍ അവള്‍ കണ്ണുകൊണ്ട് കാണുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ട ആ കാഴ്ചയെപ്പോലും സംശയമാക്കിത്തീര്‍ക്കുന്ന ഒരിടപെടല്‍ നടത്തുന്ന ദൃശ്യം ചിത്രത്തിലുണ്ട്. കുടുംബം എന്നത് സോണിയുടെ പാപനാശിനിയായി മാറുന്നു. 

കുടുംബചിത്രങ്ങള്‍ക്ക് ധാരാളിത്തവും സ്വീകാര്യതയുമുള്ള മലയാള സിനിമയില്‍ ഫാമിലിയും ഒരു കുടുംബ ചിത്രമായി തന്നെയാണ് എത്തുന്നത്. വ്യാജവും കുലീനപ്പെടുത്തുന്നതുമായ കാഴ്ചകള്‍ക്ക് പുറത്ത് കുടുംബം പാപങ്ങളെ എങ്ങനെ വിശുദ്ധമാക്കുന്നു എന്ന കാഴ്ചാനുഭവം കൂടിയാകുന്നുണ്ട് ഡോണിന്റെ ഫാമിലി.


#outlook
Leave a comment