സ്ത്രീപക്ഷ കേരളത്തിന്റെ നാനാര്‍ത്ഥങ്ങള്‍
(ഭാഗം ഒന്ന് )
മാത്തമാറ്റിക്‌സില്‍ പിജി എടുത്തശേഷം യുജിസി യുടെ നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് കോട്ടയം സ്വദേശിനിയായ സന്ധ്യയും അരുണും പരിചയപ്പെടുന്നത്. അമ്മയും ചേട്ടന്റെ കുടുംബവും അടങ്ങുന്നതായിരുന്നു സന്ധ്യയുടെ ലോകം. നാട്ടുകാരുടെ നിരന്തരമായ ചോദ്യവും കൂട്ടുകാരെല്ലാം വിവാഹിതരായതും സന്ധ്യയെയും വിവാഹജീവിതം എന്ന സ്വപ്നത്തിലേക്ക് ആകര്‍ഷിച്ചു. സുഹൃത്തായ അരുണില്‍ നിന്നും വിവാഹജീവിതത്തിലേക്കുള്ള ക്ഷണം ലഭിച്ചതോടെ അവളത് വീട്ടില്‍ അവതരിപ്പിച്ചു. മനസ്സില്ലാമനസ്സോടെ ചേട്ടനും കുടുംബവും വിവാഹം നടത്തി. വിവാഹശേഷമുള്ള ജീവിതം അവള്‍ സ്വപ്നം കണ്ടതില്‍ നിന്നും നേര്‍വിപരീതമായിരുന്നു. സഹോദരന്മാര്‍ മാത്രം ഉള്ളതായിരുന്നു അരുണിന്റെ വീട്. വിവാഹശേഷം അധികം താമസിയാതെ തന്നെ അയാള്‍ മറ്റൊരു വാടകവീടെടുത്ത് സന്ധ്യയുമായി അങ്ങോട്ട് താമസം മാറ്റി. അക്ഷരാര്‍ത്ഥത്തില്‍ സംശയരോഗി എന്ന് വിളിക്കാവുന്നതായിരിന്നു അരുണിന്റെ വ്യക്തിത്വം. അക്കൗണ്ടന്റ് ആയ അരുണ്‍ ജോലിക്ക് പോകുമ്പോള്‍ വാതില്‍ പുറത്തുനിന്നും പൂട്ടിയിട്ടിരുന്നത് മുതല്‍ കുട്ടിയുടെ പിതൃത്വത്തില്‍ വരെ നീളുന്ന സംശയവും ശാരീരിക പീഡനങ്ങളും അസഹനീയമായപ്പോള്‍ സന്ധ്യ ഒരു തീരുമാനത്തിലെത്തി. അരുണുമായി ജീവിക്കാനാവില്ല എന്നായിരുന്നു അവളുടെ തീരുമാനം. അയാളുടെ അതിക്രമങ്ങള്‍ കഴിയുന്നത്ര മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും മറ്റും അയച്ചതിനുശേഷം അവള്‍ സ്വന്തം വീട്ടിലേക്ക് പോയി. അപ്പോഴേക്കും കുഞ്ഞിന് ഒന്നര വയസ്സ് പിന്നിട്ടിരുന്നു. ഒന്നര വയസ്സുള്ള കുഞ്ഞുമായി വീട്ടിലെത്തിയ സന്ധ്യ സ്വാഭാവികമായും അവിടെ അധികപ്പറ്റായി. ഭാഗ്യവശാല്‍ അധികം വൈകാതെ വീടിനടുത്തെ സ്‌കൂളില്‍ ടീച്ചറായി ജോലി ലഭിച്ചതോടെ ആശ്വാസമായി. പിന്നീട് ഡിവോഴ്സിനായുള്ള ശ്രമങ്ങളായിരുന്നു. പല തവണ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അരുണ്‍ ഹാജരായില്ല. ഒടുവില്‍ സന്ധ്യയും കുഞ്ഞും അരുണില്‍ നിന്നും മോചിതരായി.
സന്ധ്യയുമായി സംസാരിച്ചതിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് കോഴിക്കോട് പന്തീരങ്കാവില്‍ വിവാഹം നടന്ന് ഒരാഴ്ചയ്ക്കകം നവവധുവിന് നേരിടേണ്ടി വന്ന ക്രൂരമര്‍ദനത്തെ കുറിച്ചുള്ള വാര്‍ത്ത കാണുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദമെന്നാണ് യുവതിയുടെ മൊഴി. കോഴിക്കോട് സ്വദേശിയായ രാഹുല്‍ പി ഗോപാലും എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതിയും തമ്മില്‍ ഈ മാസം അഞ്ചിനായിരുന്നു വിവാഹം. മര്‍ദനത്തെ തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ തിരികെ കൂട്ടിക്കൊണ്ടുപോന്നു. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് കൊണ്ട് അടിച്ചതായും തല ഭിത്തിയിലിടിപ്പിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ആഭ്യന്തരമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവതിയും കുടുംബവും. ഭര്‍തൃവീട്ടിലെ ആത്മഹത്യയോ കൊലപാതകമോ ആയി മാറേണ്ടിയിരുന്ന സംഭവമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വഴിമാറിയത്.
REPRESENTATIVE IMAGE | WIKI COMMONS
ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ മാറ്റമൊന്നുമില്ലാതെ തുടര്‍ക്കഥയാവുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. എന്നാല്‍ ഇത്തരം പീഡനങ്ങള്‍ പുറത്തുപറയാന്‍ കഴിയാതെ നിരവധി സ്ത്രീകളാണ് കഴിയുന്നത്. പലപ്പോഴും കുടുംബത്തെയും മാതാപിതാക്കളെയും കരുതി സ്ത്രീകള്‍ പ്രതികരിക്കാറില്ല. എന്നാല്‍ പ്രതികരിക്കാതിരിക്കുന്നതും ആരോടും ഒന്നും തുറന്നുപറയാതെ യാതനകള്‍ അനുഭവിക്കുന്നതും മരണത്തിലേക്കുള്ള വഴികളായാണ് പലരുടെയും മുന്‍കാല അനുഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭര്‍തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കാണാം. കേരള ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020 ജനുവരി മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 70,017 കേസുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 ല്‍ 15,114, 2017 ല്‍ 14,263, 2018 ല്‍ 13,643, 2019 ല്‍ 14,293, 2020 ല്‍ 12,659, 2021 ല്‍ 16,199, 2022 ല്‍ 18,943, 2023 ല്‍ 18,976, 2024 ഫെബ്രുവരി വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,240 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഭര്‍ത്താക്കന്മാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പീഡനങ്ങള്‍ തന്നെയാണ്. വിവാഹത്തിലൂടെ കിട്ടുന്ന ആഭരണവും പണവും സ്വന്തം ആവശ്യങ്ങള്‍ക്കും ധൂര്‍ത്തിനും ഉപയോഗിക്കാമെന്ന പുരുഷന്മാരുടെ ചിന്തയാണ് പലപ്പോഴും ക്രൂരമര്‍ദനങ്ങളിലേക്കും ആത്മഹത്യകളിലേക്കും എത്തിക്കുന്നത്.
സ്ത്രീകള്‍ ജീവിക്കുന്ന സാഹചര്യം മുമ്പത്തേക്കാള്‍ കൂടുതല്‍ അരക്ഷിതമായിരിക്കുന്നു. ഭര്‍തൃഗൃഹങ്ങളില്‍ അത് കൂടുതലാണ്. മുമ്പൊക്കെ പീഡനങ്ങള്‍ക്ക് ഭര്‍ത്താവ് മൂകസാക്ഷിയാകുമ്പോള്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെ അറിവോടെയാണ് ഭൂരിഭാഗം അതിക്രമങ്ങളും നടക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ വരുന്ന സ്ത്രീകളാണ് കൂടുതലായും ഇരയാകുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
രാജ്യത്ത് കാലാകാലങ്ങളായി നിലനില്‍ക്കുന്ന ലിംഗഅസമത്വത്തിന്റെ ചുവടുപിടിച്ചാണ് പുരുഷന്മാര്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ക്ക് മുതിരുന്നത്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരിസാഹ്യരാകുന്നതും അവരുടെ കുടുംബത്തിനുണ്ടാകുന്ന മാനഹാനിയും ഭയന്നാണ് പലതും പുറംലോകം അറിയാതെ പോകുന്നത്. രാജ്യത്തെ പുരുഷന്മാരില്‍ 24 ശതമാനം പേര്‍ അവരുടെ ജീവിതകാലയളവില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ മെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി സര്‍വേ വെളിപ്പെടുത്തുന്നു. ഭര്‍ത്താവും കുടുംബവും കൂടുതല്‍ സ്ത്രീധനം ലഭിക്കുന്നതിനായി ഉപദ്രവിക്കുകയും മാനസിക സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്യുന്നതും സ്ത്രീകളെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നു.
വിവാഹിതരായ സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് പ്രധാനകാരണം സ്ത്രീധനം തന്നെയാണ്. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍തൃവീട്ടിലെ ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. സ്ത്രീധനം കൊടുക്കരുത് വാങ്ങരുതെന്ന് പറയുമ്പോഴും വിരലിലെണ്ണാവുന്നവര്‍ ഒഴികെ തങ്ങളുടെ മകളുടെ ഭാവിയെ കരുതിയെന്നോണം സ്ത്രീധനം നല്‍കുന്നു. പല മാതാപിതാക്കളും പെണ്‍മക്കളെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനായി ലോണും കടവും ഒക്കെ വാങ്ങി കടക്കാരാകുന്നു. ഇത്തരം കടബാധ്യതയില്‍ അകപ്പെട്ടാലും കൊടുത്തതൊന്നും മതിയാകാതെ വീണ്ടും സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താല്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന പെണ്‍കുട്ടികളും സമൂഹത്തില്‍ ഏറെയുണ്ട്. അതില്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പോലും ഉള്‍പ്പെടുന്നു.
2021 ജൂണ്‍ 21 ന് കൊല്ലം നിലമേലില്‍ വിസ്മയ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആയുര്‍വേദത്തില്‍ മെഡിക്കല്‍ ബിരുദം നേടിയവളായിരുന്നു വിസ്മയ. സ്ത്രീധനം കൂടുതല്‍ തന്നാല്‍ മാത്രമേ വിവാഹം കഴിക്കൂവെന്ന പ്രതിശ്രുത വരന്റെ നിലപാടില്‍ സ്വന്തം ജീവന്‍ അവസാനിപ്പിച്ച എംബിബിഎസ് ബിരുദധാരിയായിരുന്ന ഡോ. ഷഹന. ഇവരെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള കുട്ടികള്‍ക്ക് ജീവിക്കാന്‍ പരസഹായം ആവശ്യമില്ല. സ്വന്തം മാതാപിതാക്കളുടെ പോലും. എന്നിട്ടും മറ്റുള്ളവരെ പേടിച്ച് സ്വന്തം ജീവന്‍ ഇല്ലാതാക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ പഠനമുറിയിലെ മികവ് ജീവിതത്തില്‍ കാണിക്കുന്നില്ല എന്നത് തന്നെ വലിയ പരാജയമാണ്. സ്ത്രീയുടെ ധനംകൊണ്ട് ധൂര്‍ത്തടിക്കാമെന്ന പുരുഷന്റെയും പുരുഷനെ പണമുണ്ടാക്കുന്ന യന്ത്രം മാത്രമായി കാണുന്ന സ്ത്രീയുടെയും മനോഭാവങ്ങളെ തുടക്കത്തിലെ ഇല്ലാതാക്കുക തന്നെ വേണം.
REPRESENTATIVE IMAGE | WIKI COMMONS
എറണാകുളം ആലുവയിലെ ട്രഷറിയില്‍ ഓഫീസ് അറ്റന്റര്‍ ആയ കാര്‍ത്തികേയന് മൂന്ന് പെണ്‍മക്കളായിരുന്നു. ഭാര്യ ലീല സ്വന്തമായി തയ്യല്‍ കട നടത്തുന്നു. ഓരോ ദിവസം കിട്ടുന്ന വിയര്‍പ്പിന്റെ കൂലിയില്‍ നിന്നും പെണ്‍മക്കളുടെ പഠനത്തിനും വിവാഹത്തിനുമായി ഇരുവരും ഒരു നിശ്ചിതതുക മാറ്റിവച്ചു. മൂന്നുപേരും പഠിക്കാന്‍ മിടുക്കികളായിരുന്നു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും 90 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയാണ് മൂത്തമകള്‍ ആതിര പാസായത്. ബിടെക്കും ഫസ്റ്റ് ക്ലാസ്സോടെ പാസായി. ആദ്യമായി എഴുതിയ പിഎസ്സി പരീക്ഷയിലും ആതിര തരക്കേടില്ലാത്ത റാങ്ക് നേടി ലിസ്റ്റില്‍ ഇടംപിടിച്ചു. ആതിരയ്ക്ക് 25 വയസ്സായതോടെ എല്ലാ മാതാപിതാക്കളെയും പോലെ കാര്‍ത്തികേയനും ലീലയ്ക്കും മനസ്സില്‍ ആധിയായി. മാട്രിമോണിയലില്‍ പരസ്യം നല്‍കി. പലരും വിളിച്ചു. അക്കൂട്ടത്തില്‍ ഗവണ്‍മെന്റ് ജീവനക്കാരനായ ഹരിയും ഉണ്ടായിരുന്നു. 25 പവന്‍ സ്വര്‍ണവും അതിനൊത്ത പൈസയും നല്‍കിയാണ് ആതിരയുടെ വിവാഹം നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരുമാസം ആകുന്നതിനുമുമ്പേ ആതിരയുടെ ആഭരണങ്ങളില്‍ ഒന്ന് പണയപ്പെടുത്താന്‍ ഊരിവാങ്ങി. അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ കാര്‍ത്തികേയന്റെയും ലീലയുടെയും അധ്വാനത്തിന്റെ ഓരോ തരി സ്വര്‍ണവും ഹരി വിറ്റഴിച്ചു. ജീവിതത്തില്‍ ആദ്യമായി അണിഞ്ഞ സ്വര്‍ണപാദസ്വരം നേരെ ചൊവ്വേ കണ്ട് കൊതിതീരും മുമ്പേയാണ് അവയെല്ലാം വിറ്റുപോയത്. എന്താവശ്യത്തിനെന്ന് അവള്‍ക്കുപോലും അറിയില്ല. ചോദിച്ചാല്‍ ദേഷ്യത്തോടെയുള്ള ഹരിയുടെ പെരുമാറ്റവും ആയതോടെ ഒന്നും ചോദിക്കാതെ അവളത് ഓരോന്നായി ഊരിനല്‍കി.
ആതിരയുടെ ബന്ധുക്കളോടുള്ള സൗമ്യമായ പെരുമാറ്റം കൊണ്ടുതന്നെ ആര്‍ക്കും ഹരിയുടെ സ്വഭാവത്തില്‍ മറിച്ചൊരു അഭിപ്രായം ഇല്ലായിരുന്നു. വീട്ടില്‍ പോകുമ്പോള്‍ സ്വര്‍ണം എവിടെ എന്ന് ചോദിച്ചാല്‍ വീട്ടില്‍ ഉണ്ടെന്ന് അവള്‍ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും കള്ളം പറഞ്ഞു. ക്രമേണ സ്വന്തം വീട്ടിലേക്ക് ആതിരയ്ക്ക് പോകണമെങ്കില്‍ ഓണമോ വിഷുവോ വന്നുചേരണം. അതും മണിക്കൂറുകള്‍ മാത്രം സ്വന്തം വീട്ടില്‍ ഒരു വിരുന്നുകാരിയായി. താന്‍ അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും തുറന്നുപറയാന്‍ അവള്‍ മുതിര്‍ന്നില്ല. അനിയത്തിമാരുടെ ഭാവി ജീവിതത്തെ കരുതിയും പ്രായമായ അച്ഛനും അമ്മയും മകള്‍ സുഖമായി കഴിയുന്നുവെന്ന് കരുതിക്കോട്ടെ എന്നുതന്നെയാണ് ആതിരയും ചിന്തിച്ചത്. ഇതിനിടെ ഏറെ മോഹിച്ച് കാത്തിരുന്ന പിഎസ്സി ജോലിയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധിയും കഴിഞ്ഞു. ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും അതോടെ തകര്‍ന്നു. ആരെയും ഒന്നുമറിയിക്കാതെ സ്വസ്ഥത നഷ്ടപ്പെട്ട് വെറുമൊരു മനുഷ്യക്കോലമായി പിന്നീടവളുടെ ജീവിതം. ഇതിനിടെ ഹരിയുടെ പൂര്‍വകാല ജീവിതകഥകളും ആതിര അറിഞ്ഞു. പക്ഷേ, ഭീഷണിക്ക് വഴങ്ങി ആരോടും ഒന്നും പറയാനാകാതെ അവള്‍ ദിനങ്ങള്‍ എണ്ണിക്കഴിഞ്ഞു. കൊടുത്ത ആഭരണങ്ങളും പണവും തീര്‍ന്നതോടെ അവളുടെ വീട്ടില്‍ നിന്നും ചോദിക്കാന്‍ ഹരി നിരന്തരം നിര്‍ബന്ധിച്ചു. പലപ്പോഴും പല തവണകളിലായി അവള്‍ വീട്ടുകാരില്‍ നിന്നും പണം വാങ്ങി നല്‍കി. പിന്നീട് വീട്ടുകാര്‍ക്കും സംശയം തോന്നി. സര്‍ക്കാര്‍ ജീവനക്കാരനായിട്ടും ഹരിക്ക് ഇത്രമാത്രം കടം എങ്ങനെ വന്നു എന്നായി ചോദ്യം. അന്വേഷണത്തിനൊടുവിലാണ് ഹരിയുടെ വഴിവിട്ട ജീവിതത്തിന്റെ ഏടുകള്‍ തുറക്കപ്പെട്ടത്. വിവാഹത്തിലൂടെ ലഭിക്കുന്ന പണത്തിലൂടെ സ്വന്തം കടബാധ്യതകള്‍ വീട്ടാമെന്ന അതിമോഹമായിരുന്നു ഹരിക്ക് (പേരുകള്‍ യഥാര്‍ത്ഥമല്ല).
ഇത് ഒരു സന്ധ്യയുടെയോ ആതിരയുടെയോ മാത്രം കഥകളല്ല. സമൂഹത്തില്‍ യാതനകളേറ്റ് ജീവിക്കുന്ന നിരവധി സ്ത്രീകളുടെ കഥകള്‍ കൂടിയാണ്. പീഡനങ്ങളേല്‍ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടത്ര നിയമപരിരക്ഷ സമൂഹത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് പല കേസുകളും പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. പെണ്‍കുട്ടികളും കുടുംബവും പോലീസില്‍ പരാതി നല്‍കിയാല്‍ പോലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാറില്ല. കോഴിക്കോട് പന്തീരങ്കാവില്‍ നടന്ന ഗാര്‍ഹിക പീഡനത്തില്‍ ക്രൂരമര്‍ദനത്തിന് ഇരയായതായി യുവതി മൊഴി നല്‍കിയിട്ടും പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളാണെന്ന് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഊണും ഉറക്കവുമില്ലാതെ എത്രയോ മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളുടെ ഭാവി ജീവിതത്തിനായി പടവെട്ടി തളരുന്നു. ജീവിതാധ്വാനത്തിന്റെ മുഴുവന്‍ സമ്പാദ്യവും കൂട്ടിവച്ചും പലയിടങ്ങളില്‍ നിന്നും കടം വാങ്ങിയും ലോണെടുത്തുമാണ് പെണ്‍മക്കളെ പലരും വിവാഹജീവിതത്തിലേക്ക് പറഞ്ഞുവിടുന്നത്. ആര്‍ഭാടമൊട്ടും കുറയ്ക്കാതെ അവളുടെ കൈയ്യിലും കഴുത്തിലും അണിയിച്ച് കെട്ടുകണക്കിന് പണം ചെറുക്കന്റെ വീട്ടുകാര്‍ക്ക് വിവാഹസമ്മാനമായി നല്‍കി കഴിയുമ്പോള്‍ വല്ലാത്തൊരു ആത്മനിര്‍വൃതിയിലായിരിക്കും ഓരോ മാതാപിതാക്കളും. പക്ഷേ, ഈ സംതൃപ്തി വലിയൊരു കടബാധ്യതയുടെ കണ്ണിയിലേക്കുള്ള വിളക്കിച്ചേര്‍ക്കല്‍ കൂടി ആണെന്ന് അവര്‍ മനസ്സിലാക്കുന്നത് വളരെ വൈകിയുമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മൂന്നില്‍ ഒരു സ്ത്രീ പങ്കാളിയില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഭര്‍ത്തൃഗൃഹങ്ങളില്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളില്‍ ഇന്ത്യയില്‍ മാതൃകയാകുന്നത് സിക്കിം, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, ഗോവ സംസ്ഥാനങ്ങളാണ്.
(തുടരും)