ദി വോയ്സ് റെഫറണ്ടം- ചരിത്ര പ്രധാനമായ ഒരു ജനഹിത പരിശോധന
ലോകമേ ശ്രദ്ധിക്കൂ!
ഓസ്‌ട്രേലിയയിൽ ചരിത്ര പ്രധാനമായ ഒരു ഭരണഘടനാ ഭേദഗതിക്കു വേണ്ടിയുള്ള ജനഹിത പരിശോധന (Referendum) നടക്കാൻ പോകുകയാണ്. ഈ വരുന്ന ഒക്ടോബർ 14 ന് വോട്ടവകാശമുള്ള എല്ലാ ഓസ്‌ട്രേലിയക്കാരും സാധാരണ പൊതുതിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെന്നപോൽ പോളിംഗ് ബൂത്തിൽ പോയി തങ്ങളുടെ ഹിതം രേഖപ്പെടുത്തണം. ഒരു വ്യത്യാസം മാത്രം, സ്ഥാനാർത്ഥികളുടെ പേരുകൾക്ക് പകരം ഈ തവണ ബാലറ്റ് പേപ്പറിൽ ഒരു ചോദ്യമാണ് ഉണ്ടാവുക. അതിന് "ഉണ്ട്" (Yes) അല്ലെങ്കിൽ "ഇല്ല" (No) എന്ന് ഏതെങ്കിലും ഒന്ന് മാത്രം എഴുതുക.
ഈ നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതി നിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നായിരിക്കും ആ ചോദ്യം.
എന്താണ് ആ ഭേദഗതി?
“A Proposed Law: to alter the Constitution to recognise the First Peoples of Australia by establishing an Aboriginal and Torres Strait Islander Voice. Do you approve this proposed alteration?”
ആദിമ വർഗ്ഗവുമായി (Aboriginals) ബന്ധപ്പെട്ട വിഷയങ്ങളിലെ നയരൂപീകരണങ്ങളിൽ പാർലമെന്റിന് നേരിട്ട് നിർദ്ദേശങ്ങൾ നല്കാൻ ഒരു "വോയ്‌സ് സമിതി" (Voice To Parliament) രൂപീകരിക്കാൻ വേണ്ടിയുള്ളതാണ് ഈ ഭരണഘടനാ ഭേദഗതി. ഓസ്‌ട്രേലിയൻ സാമൂഹ്യ ചരിത്രത്തിൽ ആദിമ വർഗ്ഗത്തിന്റെ സവിശേഷ സ്ഥാനത്തിനുള്ള ഒരു അംഗീകാരം കൂടിയായിട്ടാണ് ഇത് കരുതപ്പെടുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാൽ ഈ സമിതിക്ക് ഏതെങ്കിലും വിധത്തിൽ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ അസാധുവാക്കാനോ കോടതിയിൽ ചോദ്യം ചെയ്യാനോ ഉള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഷയങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നത് മാത്രമാണ് ചുമതല. അത്തരം നിർദ്ദേശങ്ങൾ സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള സമ്പൂർണ്ണാധികാരം തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കും.
PHOTO: FLICKR
ഓസ്‌ട്രേലിയയിലെ ആദിമ മനുഷ്യവർഗ്ഗത്തിന് 65000 വർഷത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെയുള്ള തദ്ദേശീയ ജനങ്ങളിൽ ആദിവാസികളും ടോറസ് സ്‌ട്രെയിറ്റ് ദ്വീപുകാരുമാണ് ഉൾപ്പെടുന്നത്. ഇവർ സാംസ്‌കാരികമായി അന്യോന്യം വ്യത്യസ്തരാണ്. 1788 ൽ ബ്രിട്ടീഷുകാർ അധിനിവേശം നടത്തി തദ്ദേശീയരായ ആയിരങ്ങളെ അടിച്ചോടിച്ചും കൊല ചെയ്തും കോളനി സ്ഥാപിച്ചപ്പോഴാണ് ഇവർക്ക് സ്വൈര്യ ജീവിതവും സ്വന്തം ഭൂമിയുടെ അവകാശവും നഷ്ടപ്പെടുന്നത്. പിന്നീട് 1910 നും 1970 നുമിടയിൽ, സാമൂഹികവും സാംസ്കാരികവുമായി വെള്ളക്കാരോടൊപ്പം ഇഴുകിച്ചേർക്കാൻ വേണ്ടി ആദിമവർഗ്ഗക്കാരുടെ കുട്ടികളെ അവരിൽ നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റുകയും ചെയ്തു. നീണ്ട കാലത്തിനു ശേഷം 2008 ലെ ലേബർ പ്രധാനമന്ത്രി കെവിൻ റഡാണ് "സ്റ്റോളൻ ജെനെറേഷൻ" (Stolen Generation) എന്ന പേരിലറിയപ്പെടുന്ന ഈ മനുഷ്യത്വമില്ലായ്മക്ക് ഔദ്യോഗികമായി ആ ജനതയോട് മാപ്പ് പറയുന്നത്.
ഇന്ന് ജനസംഖ്യയുടെ നാല് ശതമാനത്തിൽ താഴെ മാത്രം വരുന്ന ഈ തദ്ദേശീയ ജനത മുഖ്യധാരയിൽ നിന്ന് അകന്ന് രാജ്യത്തിലെ ഏറ്റവും പിന്നാക്ക വിഭാഗമായി ഓരോ അരുകുകളിൽ കഴിഞ്ഞു കൂടുകയാണ്. മറ്റ് പൗരന്മാരെ അപേക്ഷിച്ചു ആദിമവർഗ്ഗക്കാർക്ക് എട്ടു വർഷത്തോളം ആയുർദൈഘ്യം കുറവാണെന്ന് മാത്രമല്ല
അവർക്കിടയിൽ ആത്മഹത്യയും ശിശു മരണനിരക്കും ഗാർഹിക പീഡനങ്ങളും ജയിൽവാസമനുഭവിക്കുന്നവരും താരതമ്യേന കൂടുതലുമാണ്.
കെവിന്‍ റഡ് | PHOTO: FLICKR
ഓസ്‌ട്രേലിയൻ പാർലമെന്റിൽ ആദിമവർഗ്ഗക്കാരായ 11 എംപി മാരാണുള്ളത്. ഇന്ത്യയിലെ പോലുള്ള പിന്നോക്ക സീറ്റ് സംവരണം ഇവിടെയില്ല. നിയമ നിർമാണ സഭകളിൽ ആദിവാസി സംവരണം വേണമെന്ന ആവശ്യങ്ങൾ ചിലപ്പോഴൊക്കെ ഉയർന്നു വരാറുണ്ടെങ്കിലും സംവരണം ഉണ്ടായാലും പാർലമെന്റിൽ ന്യൂനപക്ഷമായി തന്നെ തുടരേണ്ടി വരുന്നതിനാൽ ഒരു ടോക്കെണിസം മാത്രമായി പോവുകയല്ലാതെ നിയമ നിർമാണത്തിൽ ഒരു സ്വാധീന ശക്തിയാവാൻ ഈ എംപി മാർക്ക് കഴിയില്ല എന്ന നിലപാടാണ് ഇവരുടെ നേതൃത്വത്തിന്റെ പൊതുവെയുള്ള വിലയിരുത്തൽ.
2017 മെയ് മാസത്തിൽ നോർത്തേൺ ടെറിട്ടറിയിലെ ചരിത്രപ്രസിദ്ധവും, തദ്ദേശീയ ജനത പവിത്രമായി കണക്കാക്കുന്നതുമായ ഉലൂരുവിൽ (Uluru) വെച്ച് നടന്ന ഫസ്റ്റ് നേഷൻസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷണൽ കൺവെൻഷനിൽ പങ്കെടുത്ത 250 ഓളം ആദിവാസി നേതാക്കളുടെ ഒരു സംഘമാണ് വോയ്‌സ് സമിതി ആദ്യമായി ശുപാർശ ചെയ്‌തത്. തുടർന്ന് 2022 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തു ലേബർ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആന്റണി അൽബനീസി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഇതും ഉൾപ്പെടുത്തുകയായിരുന്നു.
ഭരണഘടനാ ഭേദഗതിക്ക് ഇന്ത്യയിൽ നിന്നും വ്യത്യസ്തമായ നടപടിക്രമങ്ങളാണ് ഓസ്‌ട്രേലിയ പിന്തുടരുന്നത്. പാർലമെന്റിലെ ഇരു സഭകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടന തിരുത്താവുന്നതാണ്. എന്നാൽ ഓസ്‌ട്രേലിയൻ ഭരണഘടനാ ഭേദഗതി നടപ്പിലാക്കാൻ ജനഹിത പരിശോധന (Referendum) നടത്തേണ്ടതുണ്ട്. രാജ്യത്തെ വോട്ടവകാശമുള്ള പൗരന്മാരിൽ പകുതിയിലധികം പേരുടെ പിന്തുണയോടൊപ്പം ആകെയുള്ള ആറു സംസ്ഥാനങ്ങളിൽ നാലിലും കൂടെ ഭൂരിപക്ഷം അഥവാ, ഇരട്ട ഭൂരിപക്ഷം നേടിയാൽ മാത്രമേ ഭേദഗതിക്ക് അംഗീകാരം ലഭിക്കുകയുള്ളൂ.122 വർഷം പഴക്കമുള്ളതാണ് ഓസ്‌ട്രേലിയൻ ഭരണഘടന. ഈ ദീർഘ കാലയളവിൽ ഭേദഗതിക്കായി 44 തവണ റെഫറണ്ടം നടത്തിയെങ്കിലും വെറും 8 എണ്ണം മാത്രമാണ് വിജയിച്ചത്. ഏറ്റവും അവസാനം, ഓസ്‌ട്രേലിയ ഒരു റിപ്പബ്ലിക് ആവണോ എന്ന് തീരുമാനിക്കാൻ വേണ്ടി 1999 ൽ നടന്ന റെഫറണ്ടവും പരാജയപ്പെട്ടവയിൽ പെടുന്നു.
ഇതുവരെ നടന്ന അഭിപ്രായ സർവ്വേകളിൽ വോയ്‌സ് റെഫറണ്ടത്തിനും വിജയസാധ്യതയല്ല പ്രവചിക്കുന്നത്.
പ്രധാനകാരണമായി പറയുന്നത് വോയ്‌സ് സമിതിയുടെ ഭാവിപ്രവർത്തനങ്ങളെ കുറിച്ച് പൊതു ജനത്തിൽ വലിയൊരു വിഭാഗത്തിനുള്ള സംശയവും അറിവില്ലായ്മയുമാണ്. കൂടാതെ യാഥാസ്ഥിതിക - വലതുപക്ഷ കക്ഷികളുടെ വലിയ തോതിലുള്ള പ്രതികൂല പ്രചാരണങ്ങളും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ അഞ്ചു വർഷക്കാലത്തു രാജ്യമാകമാനം നടന്ന ചർച്ചകളുടെയും പഠനങ്ങളുടേയുമൊടുവിൽ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട സമഗ്രമായ മൂന്ന് റിപ്പോർട്ടുകളിൽ വോയ്‌സിനെ കുറിച്ചുള്ള എല്ലാ വിശദവിവരങ്ങളും അടങ്ങിയിട്ടുണ്ട്.
പാർലമെന്റിൽ മൂന്നാമതൊരു ചേംബർ പോലെ വോയ്‌സ് പ്രവർത്തിക്കുമെന്നാണ് മറ്റൊരു പ്രചാരണം. എന്നാൽ ഇതേ മാതൃകയിൽ രാജ്യത്ത് ഇപ്പോൾ തന്നെ ഒന്നിലധികം സമിതികൾ ഉണ്ടെന്നും അവയ്‌ക്കൊന്നും വോയ്സ് പോലെ തന്നെ നിയമങ്ങൾ പാസ്സാക്കാനോ കോടതികൾ വഴി നിയമ നിർമാണത്തിൽ ഇടപെടാനോ അധികാരമില്ല എന്നതുമാണ് യാഥാർഥ്യം. എൺപത് ശതമാനത്തിലധികം ആദിമ സമൂഹത്തിന്റെ പിന്തുണ വോയ്‌സിനുണ്ടെന്ന് സർവ്വേ വിവരമുള്ളപ്പോൾ വേണ്ടവിധം അവരുടെ പിന്തുണയില്ല എന്നാണ് മറുഭാഗം പ്രചരിപ്പിക്കുന്നത്. കേൾക്കേണ്ടവരുടെ ശബ്ദം കേൾക്കപ്പെടുന്നില്ല എന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം!
മറ്റ് രണ്ടു പ്രബലമായ എതിർ വാദങ്ങളിൽ ഒന്ന്, ഈ ഭരണഘടനാ ഭേദഗതി സമൂഹത്തെ ആദിമവർഗ്ഗം എന്നും അല്ലാത്തവർ എന്നും രണ്ടായി തരം തിരിക്കുമെന്നാണ്. സത്യത്തിൽ മുഖ്യധാരയിലുള്ളവരും അതിൽ നിന്ന് പൂർണ്ണമായി അകന്ന് കഴിയുന്ന ഒരു വിഭാഗവുമെന്ന സാമൂഹ്യശീലം കാരണമുണ്ടായ വിടവ് നികത്താനുള്ള ഒരു പരിഹാരമായിട്ടാണ് ഭരണഘടനാപരമായ ഒരു ഉപദേശ സമിതി എന്ന ആശയം തന്നെ ഉടലെടുക്കുന്നത്. ആ യാഥാർഥ്യത്തെ തന്നെയാണ് ഒരു പ്രതിവാദമായി അവതരിപ്പിക്കുന്നത്!
മറ്റൊന്ന്, കൂടുതലായി വരുന്ന പണച്ചിലവിനെ കുറിച്ചാണ്. വിയോജിപ്പ് പറയുന്ന മലയാളികൾ അടക്കമുള്ളവർ അധികമായി വന്നേക്കാവുന്ന ടാക്സ് ബാധ്യതകളെ കുറിച്ച് ആവലാതിപ്പെടുന്നവരാണ്. നിലവിൽ ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന പലവിധ ഏജൻസികളിൽ നിന്നും വോയ്‌സിനെ വ്യത്യസ്തമാക്കുന്നത് അത് എല്ലാ സംസ്ഥാനത്തു നിന്നും ടെറിട്ടറികളിൽ നിന്നുമുള്ള ആദിവാസികളിൽ നിന്നുള്ള 24 പ്രതിനിധികൾ ഉൾപ്പെടുന്ന ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സമിതി ആയിരിക്കും എന്നതാണ്. അതായത്, അവർ തന്നെയാണ് ആരൊക്കെ സമിതിയിൽ ഉണ്ടാവണമെന്ന് തീരുമാനിക്കുന്നതും, എന്തൊക്കെ നിർദ്ദേശങ്ങൾ സമിതി സമർപ്പിക്കണമെന്ന് നിശ്ചയിക്കുന്നതും. എന്ന് പറഞ്ഞാൽ, ആരോഗ്യ വിദ്യാഭ്യാസ മേഖലകളടക്കം ആദിമവർഗ്ഗത്തിന്റെ ഉന്നമനത്തിന് വേണ്ടി ചിലവഴിക്കുന്ന ഫണ്ട് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവാൻ പോകുന്നത്. ദീർഘ കാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഇത് വഴി സാമ്പത്തികമായി നേട്ടമായിരിക്കാനാണ് കൂടുതൽ സാധ്യത.
REPRESENTATIONAL IMAGE : PHOTO: FLICKR
വോയ്‌സ് ഒരു സമ്പൂർണ്ണ പ്രശ്നപരിഹാരമാണെന്ന് ആരും തന്നെ കരുതുന്നുണ്ടാവില്ല. എന്നാൽ, സാമൂഹ്യ നീതി ഉറപ്പു വരുത്താൻ, തങ്ങളും പരിഗണിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തോന്നും വിധം ഒരു ആധുനികസമൂഹം നിർബന്ധമായും സ്വീകരിക്കേണ്ടുന്ന, മഹത്തായ മുന്നേറ്റത്തിലേക്കുള്ള ആദ്യപടി ആണെന്ന് നിസ്സംശയം പറയാം.
ഈ നൂറ്റാണ്ടിലെ ആദ്യത്തെ റെഫറണ്ടത്തിൽ പങ്കാളികൾ ആവുന്നതിനോടൊപ്പം, കാലാകാലങ്ങളായി തുടർന്ന് പോരുന്ന അനീതിക്കും അരികുവൽക്കരിക്കപ്പെട്ടവരുടെ പിന്നാക്കാവസ്ഥക്കും ഒരു മാറ്റം വരുത്താൻ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്കും ചരിത്ര നിയോഗം പോലെ ഒരു അവസരം ഒത്തു വന്നിരിക്കുന്നു. തെറ്റുകൾ തിരുത്തപ്പെടട്ടെ. സാമൂഹിക വിടവ് നികത്തപ്പെടട്ടെ, ശബ്ദമില്ലാത്തവരുടെ ശബ്ദമായി "വോയ്‌സ്" മാറട്ടെ!
A change only you can make happen.. Say YES!!