ലോകം: ഗാസ യുദ്ധത്തിനു മുമ്പും ശേഷവും
ലോകം ഗാസ യുദ്ധത്തിനു മുമ്പും ശേഷവുമെന്ന വിഭജനം ഒരു ക്ലീഷേയായി തോന്നുമെങ്കിലും ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ഇസ്രായേലിനുള്ളില്‍ കയറിയുള്ള ഹമാസ് ആക്രമണം നടന്നിട്ട് മൂന്നു മാസം പിന്നിടുമ്പോള്‍ ഭൗമരാഷ്ട്രീയത്തെക്കുറിച്ചുള്ള വിശകലനങ്ങളില്‍ മാത്രമല്ല സാര്‍വലൗകികമായ മാനവികതയെക്കുറിച്ചുള്ള ചിന്തകളുടെയും കാര്യത്തില്‍ അങ്ങനെയൊരു വിഭജനം അനിവാര്യമാവുന്നു. ഇസ്രായേലെന്ന സെറ്റ്ലര്‍ കൊളോണിയല്‍ രാജ്യം 1948-ല്‍ സ്ഥാപിതമായതു മുതലുള്ള യുദ്ധങ്ങളുടെ കഴിഞ്ഞ 75-വര്‍ഷത്തെ ചരിത്രത്തിലെ വഴിത്തിരിവിലാണ് പാലസ്തീനും ലോകവും. സൈനികരടക്കം 1200-ഓളം ഇസ്രായേലി പൗരര്‍ കൊല്ലപ്പെടുകയും അതിലുമധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്ത ഓപറേഷന്‍ അല്‍ അക്സ ഫെള്ഡ് എന്ന പേരിലുള്ള ഹമാസിന്റെ ആക്രമണം ഒക്ടോബര്‍ ഏഴിനായിരുന്നു. പാലസ്തീന്‍ ജനതയ്ക്കു നേരെ അതോടെ ഔപചാരികമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രായേല്‍ ഗാസ പ്രവിശ്യക്കു നേരെ ഇടതടവില്ലാത്ത വ്യോമാക്രണം അഴിച്ചു വിട്ടു. ഹമാസിനെതിരെയെന്ന പേരിലാണ് ആക്രമണം. നവംബര്‍ 24 മുതല്‍ കഷ്ടി ഒരാഴ്ച്ച നീണ്ടുനിന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനു ശേഷം പൂര്‍വ്വാധികം ശക്തിയോടെ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു. അതില്‍ 70 ശതമാനവും കുഞ്ഞുങ്ങളും, സ്ത്രീകളും, വയോജനങ്ങളുമാണ്. ഇടതടവില്ലാത്ത വ്യോമാക്രമണത്തിനു പിന്നാലെ ഗാസയില്‍ പ്രവേശിച്ച ഇസ്രായേല്‍ സൈന്യം കരയിലും ആക്രമണം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ദിവസവും നൂറും ഇരുന്നൂറും പേര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ പത്രങ്ങളുടെ ഉള്‍പ്പേജുകളില്‍ ഒതുങ്ങുന്നു.
യുദ്ധമര്യാദകളും, മാനദണ്ഡങ്ങളും കാറ്റില്‍ പറത്തുക മാത്രമല്ല അന്താരാഷ്ട്ര ബന്ധങ്ങളില്‍ പുലര്‍ത്തേണ്ട നിയമപരമായ ഉത്തരവാദിത്തങ്ങളും, നീതി-ന്യായ സംഹിതകളും, പെരുമാറ്റസംഹിതകളുമെല്ലാം മറയില്ലാതെ ലംഘിക്കുന്നതാണ് കഴിഞ്ഞ മൂന്നു മാസങ്ങളായി ഗാസയില്‍ കാണുന്ന ദൃശ്യം. ലോകം ഗാസ യുദ്ധത്തിനു മുമ്പും ശേഷവുമെന്ന വിഭജനത്തെ സാധൂകരിക്കുന്ന സാഹചര്യം അതാണ്. യുദ്ധം മൂന്നു മാസം പിന്നിടുമ്പോള്‍ പ്രധാനമായും മൂന്നു തരത്തിലുള്ള പ്രതികരണങ്ങള്‍ ലോകമാകെ കാണാനാവും. ഇസ്രായേലിനൊപ്പം നില്‍ക്കുകയും അതിന്റെ ചെയ്തികളെ കലവറയില്ലാതെ പിന്തുണയ്ക്കുകയും ചെയ്യുന്നവരും, പാലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവരുമാണ് പ്രതികരണങ്ങളിലെ പ്രധാനപ്പെട്ട രണ്ടു ധ്രുവങ്ങള്‍. നിഷ്പക്ഷമതികളായി നടിക്കുന്ന മൂന്നാമത്തെ വിഭാഗത്തെയും അവഗണിക്കാവുന്നതല്ല. ജിയോപൊളിറ്റിക്സ്, മത-വംശീയ വൈരുദ്ധ്യങ്ങള്‍, വന്‍ശക്തികളുടെ കിടമത്സരം, കൊളോണിയല്‍-സാമ്രാജ്യത്വ ചൂഷണം, പശ്ചിമേഷ്യയിലെ മാറിമറിയുന്ന ശാക്തിക ബന്ധങ്ങള്‍, പുതിയ ശീതയുദ്ധം, യുദ്ധ മര്യാദകള്‍, ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകള്‍, മാധ്യമങ്ങളുടെ വാര്‍ത്താ വിന്യാസം, വംശഹത്യ തുടങ്ങിയ വിവിധ വിഷയങ്ങള്‍ മേല്‍പ്പറഞ്ഞ മൂന്നു ധാരകളിലായി വ്യാപിച്ചു കിടക്കുന്നു. അതിലേക്കു കടക്കുന്നതിന് മുമ്പ് ഈ വിഷയങ്ങളെ പറ്റി കേരളത്തിലും മലയാളത്തിലും ലഭിക്കുന്ന വിവരങ്ങളുടെ സ്രോതസ്സുകളെയും അവയുടെ സ്വഭാവത്തെയും പറ്റി ചെറിയ വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.
ഓപറേഷന്‍ അല്‍ അക്സ ഫെള്ഡ് | PHOTO: PTI
കേരളത്തിലും മലയാളത്തിലും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ പ്രധാനമായും ഇംഗ്ലീഷില്‍ ലഭ്യമാവുന്ന ഉള്ളടക്കത്തെ ആശ്രയിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ മാധ്യമ ശൃംഖലകളാണ് പ്രസ്തുത ഉള്ളടക്കങ്ങളുടെ പ്രധാന സ്രോതസ്സുകള്‍. പാശ്ചാത്യ മാധ്യമ ശൃംഖലകളുടെ മുന്‍വിധികളും, ഏകപക്ഷീയതകളും മേല്‍പ്പറഞ്ഞ ഉള്ളടക്കങ്ങളുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങളും, രാഷ്ട്രീയ-സാമ്പത്തിക അധീശത്വവും, സാംസ്‌ക്കാരിക നിര്‍മ്മിതികളുമാണ് ലോകത്തിന് ഏറ്റവും അനുയോജ്യമായ സംവിധാനമെന്ന വീക്ഷണം നിരന്തരം ഉറപ്പിക്കുന്നതാണ് അവയുടെ ഉള്ളടക്കം. വളരെ സ്വാഭാവികമായ ഒന്നായി അതിനെ അവതരിപ്പിക്കുന്നതിനുള്ള ആശയപരവും, സാങ്കേതികവുമായ വൈദഗ്ധ്യം അവര്‍ നേടിയിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടം മുതല്‍ തുടങ്ങുന്ന അധിനായകത്വ (ഹെജിമണി) നിര്‍മ്മിതിയുമായും ഭരണകൂട പ്രത്യയശാസ്ത്ര സമുച്ചയം (ഐഡിയോളജിക്കല്‍ സ്റ്റേറ്റ് അപ്പരാറ്റസ്) എന്നു തിരിച്ചറിയപ്പെടുന്ന സംവിധാനത്തിന്റെ ഭാഗമായും അതിനെ മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തിലുള്ള നിഗമനങ്ങളെ സാധൂകരിക്കുന്ന നിരവധി അക്കാദമിക പഠനങ്ങള്‍ ലഭ്യമാണെങ്കിലും വാര്‍ത്തകളുടെയും, വിവരങ്ങളുടെയും (ഇന്‍ഫര്‍മേഷന്‍) ദൈനംദിന വ്യവഹാരങ്ങളില്‍ അവ പലപ്പോഴും തമസ്‌ക്കരിക്കപ്പെടുന്നു. അല്ലെങ്കില്‍ തിരിച്ചറിയാതെ പോവുന്നു. അമേരിക്കന്‍-നാറ്റോ സഖ്യത്തിന്റെ നിലപാടുകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ 'ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയുടെ' വീക്ഷണങ്ങളെ എതിര്‍ക്കുന്നവരായും നിയമാധിഷ്ഠിത ആഗോള ക്രമത്തെ (റൂള്‍ ബേസ്ഡ് ഇന്റര്‍നാഷണല്‍ ഓര്‍ഡര്‍) തുരങ്കം വയ്ക്കുന്നവരായും പാശ്ചാത്യ മുഖ്യധാരയിലെ മാധ്യമങ്ങള്‍ നിരന്തരം മുദ്രയടിക്കുന്നു. അവയുടെ ഉള്ളടക്കത്തില്‍ അത് വളരെ പ്രബലമാണ്. അമേരിക്കന്‍-നാറ്റോ സഖ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനുള്ള കോഡ് വാക്കുകളായി ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും, റൂള്‍ ബേസ്ഡ് ഓര്‍ഡറും മാറിയെന്ന കാര്യം മുഖ്യധാരയിലുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ ഉള്ളടക്കത്തില്‍ ഒരിക്കല്‍പോലും കാണാനാവില്ല.
മുകളില്‍ സൂചിപ്പിച്ച മൂന്നു ധാരകളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യമാണ് ഒന്നാം ധാരയുടെ വക്താക്കള്‍. ഇസ്രായേലിനൊപ്പം നില്‍ക്കുക മാത്രമല്ല ഇസ്രായേലിന്റെ യുദ്ധത്തെ സഹായിക്കുന്ന സൈനിക-സാമ്പത്തിക പിന്തുണ വേണ്ടതിലധികം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ അമേരിക്ക ബദ്ധശ്രദ്ധരുമാണ്. അമേരിക്കയുടെ അധീശത്വത്തിലുളള സാമ്രാജ്യത്വ ചേരിയുടെ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികളുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്രായേലിനുള്ള പിന്തുണ. അമേരിക്കയും നാറ്റോ സഖ്യത്തിലെ മറ്റുള്ള പ്രമുഖരായ ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിനൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ അമേരിക്കയും നാറ്റോ സഖ്യത്തിലെ മറ്റുള്ള പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ട കൂടുതല്‍ ശക്തമായ ഇഴയടുപ്പം ഗാസ യുദ്ധത്തോടെ കൂടുതല്‍ ശക്തിപ്രാപിക്കുന്നതായി പ്രത്യക്ഷത്തില്‍ കാണാനാവും. അമേരിക്കന്‍ അധീശത്വത്തില്‍ നിന്നും വേറിട്ട തന്ത്രപരമായ സ്വാതന്ത്ര്യം (സ്ട്രാറ്റജിക് ഓട്ടോണമി) യൂറോപ്പിലെ വന്‍ശക്തികളായ ജര്‍മ്മനിയും ഫ്രാന്‍സും സ്വീകരിക്കുമെന്ന നിഗമനങ്ങളെ അസ്ഥാനത്താക്കുന്നതാണ് യുക്രൈന്‍ മുതല്‍ ഗാസ യുദ്ധങ്ങള്‍ വരെയുള്ള അനുഭവങ്ങള്‍. ഒന്നാം ശീതയുദ്ധത്തിന്റെ തുടക്കകാലത്ത് ഫ്രഞ്ചു പ്രസിഡന്റായിരുന്ന ചാള്‍സ് ഡീഗോള്‍ മുതല്‍ രണ്ടാം ശീതയുദ്ധത്തിന്റെ നാളുകളില്‍ ജര്‍മ്മന്‍ ചാന്‍സലറായിരുന്ന ഏന്‍ജല മെര്‍ക്കല്‍ വരെയുള്ള നേതാക്കള്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ പരിമിതമായ നിലയിലെങ്കിലും പുലര്‍ത്തിയെന്നു കരുതപ്പെടുന്ന 'സ്ട്രാറ്റജിക് ഓട്ടോണമി' ഏതായാലും ഇപ്പോള്‍ കാണാനാവില്ലെന്ന കാര്യം വ്യക്തമാണ്.
നാറ്റോ സഖ്യം | PHOTO: PTI
ഭരണകൂടസംവിധാനങ്ങളുടെ ഭാഗമായ വ്യക്തികളും സ്ഥാപനങ്ങളും അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ അതിശയിക്കാനില്ല. ഭരണകൂടസംവിധാനങ്ങളും സ്ഥാപനങ്ങളുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്നു മാത്രമല്ല സ്വതന്ത്രമായും വിമര്‍ശനപരമായും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി സ്വയം കരുതുന്ന വ്യക്തികളും സ്ഥാപനങ്ങളും അവര്‍ സ്വയം എന്തു ധരിച്ചാലും മേല്‍പ്പറഞ്ഞ ഭരണകൂട പ്രത്യയശാസ്ത്ര സമുച്ചയത്തിന്റെ ഉപകരണങ്ങളും, വക്താക്കളും മാത്രമായി മാറുമെന്ന വിലയിരുത്തലുകളെ സാധൂകരിക്കുന്ന ചരിത്രസന്ദര്‍ഭം കൂടിയാണ് ഗാസ യുദ്ധം. പാശ്ചാത്യ മാധ്യമ ശൃംഖലകള്‍ മുതല്‍ സ്ലാവോയ് സിസെക്കിനെ പോലെ റാഡിക്കല്‍ ചിന്തകരെന്നു സ്വയം നടിക്കുന്ന പണ്ഡിതര്‍ വരെ ഈ സമുച്ചയത്തിന്റെ ഭാഗമായി അവതരിക്കുന്നതിന്റെ നാള്‍വഴികള്‍ യുക്രൈന്‍ യുദ്ധം മുതല്‍ ഗാസ വരെയുള്ള വഴിത്താരയില്‍ വ്യക്തമായി വെളിപ്പെടുന്നു. വാര്‍ത്തകളുടെയും, അഭിപ്രായങ്ങളുടെയും അവതരണങ്ങളിലും, വിന്യാസങ്ങളിലും പാശ്ചാത്യ മാധ്യമ ശൃംഖലകള്‍ പുലര്‍ത്തുന്ന ഏകപക്ഷീയതകളും, പക്ഷപാതിത്വങ്ങളും പുതിയ കാര്യമല്ല. അമേരിക്കയുടെ അധീശത്വത്തിലുള്ള ആഗോള ലോകക്രമം ഏറ്റവും സ്വാഭാവികവും, അഭിലഷണീയവുമാണെന്ന വീക്ഷണത്തെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നതിനുള്ള ഉള്ളടക്ക നിര്‍മ്മിതികള്‍ വഴി പാശ്ചാത്യ മാധ്യമ ശൃംഖലകള്‍ അമേരിക്കന്‍-നാറ്റോ പ്രത്യയശാസ്ത്ര സമുച്ചയത്തിന്റെ അവിഭാജ്യഘടകമാവുന്നതിനെ സംബന്ധിച്ചുള്ള വിശദമായ പഠനങ്ങള്‍ ഏറെക്കാലമായി ലഭ്യമാണ്. നാഗരികത, ആധുനികത, ഏകാധിപത്യം, ജനാധിപത്യം, ലോകക്രമം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ ആശയങ്ങളും, സങ്കല്‍പ്പനങ്ങളും അധീശത്വ നിര്‍മ്മിതിയുടെ ഉപകരണങ്ങളായി പ്രയോജനപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരണങ്ങളും വേണ്ടതിലധികം ലഭ്യമാണ്. ആധുനിക കാലഘട്ടത്തിലെ എല്ലാ വൈജ്ഞാനിക വിഷയങ്ങളിലും അധീശത്വ നിര്‍മ്മിതിയുടെ മുദ്രണങ്ങള്‍ കാണാനാവുമെന്ന കാര്യം ഇപ്പോള്‍ ഒരു തര്‍ക്കവിഷയമല്ല. ചരിത്രം, നരവംശ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ജീവശാസ്ത്രം, ആരോഗ്യം, സാമൂഹ്യ ശാസ്ത്രം, സംസ്‌കാര പഠനങ്ങള്‍, ലൈംഗികത തുടങ്ങിയ ഏതു വൈജ്ഞാനികമേഖലയെടുത്താലും അധീശത്വത്തിന്റെ അടയാളങ്ങള്‍ പ്രകടമാണ്. ആഫ്രിക്കയിലും, ഏഷ്യയിലും, ലാറ്റിനമേരിക്കയിലും നാഗരികതയും, സംസ്‌കാരവും എത്തിക്കുന്നതിനുള്ള മഹനീയ ദൗത്യമായി കൊളോണിയല്‍ അധിനിവേശത്തെ നീതീകരിക്കുന്ന ആഖ്യാനങ്ങളുടെ പുതിയ രൂപകല്‍പ്പനകള്‍ പ്രകടമാവുന്ന ചരിത്ര സന്ദര്‍ഭം കൂടിയാണ് ഗാസ യുദ്ധം.
യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള വൈജ്ഞാനിക വീക്ഷണങ്ങള്‍-യൂറോ സെന്‍ട്രിസം-ഒരു നിര്‍ദ്ദിഷ്ട കാലഘട്ടത്തില്‍ ഉടലെടുത്ത പരിമിതി എന്നതിനെക്കാള്‍ സര്‍വ്വവ്യാപിയായ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ അധീശത്വത്തിന്റെ ആശയാടിത്തറയായി വളര്‍ന്നതും, വളരുന്നതും, നിലനില്‍ക്കുന്നതുമായ പ്രക്രിയയാണെന്ന വസ്തുത മൂര്‍ത്തമായി വെളിപ്പെടുന്ന സന്ദര്‍ഭങ്ങള്‍ളിലൊന്നായി ഗാസ നമ്മുടെ ബോധമണ്ഡലങ്ങളെ നീറ്റുന്നു. അതിനെ ഭംഗിയായി മറച്ചുവയ്ക്കുന്നതിന്റെ നേര്‍രേഖകളായി പാശ്ചാത്യ മാധ്യമ ശൃംഖലകള്‍ മാറിയിരിക്കുന്നു. അമേരിക്കന്‍-നാറ്റോ പ്രത്യയശാസ്ത്ര സമുച്ചയത്തിലെ സുപ്രധാന കണ്ണികളാണ് തങ്ങളെന്ന വസ്തുത തന്മയത്വത്തോടെ മറച്ചുപിടിക്കാനും അതേസമയം ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലരായി സ്വയം പ്രതിനിധാനം ചെയ്യുന്നതിനുള്ള പാശ്ചാത്യ മാധ്യമ ശൃംഖലകളുടെ അസാധാരണമായ കഴിവും ശേഷിയും ഗാസയെക്കുറിച്ചുള്ള ആലോചനകളില്‍ മനസ്സില്‍ കരുതണം. പ്രത്യക്ഷമായും പരോക്ഷമായും അരങ്ങേറുന്ന നമ്മുടെ വചനസദസ്സുകളില്‍ ആധികാരികതയോടെ പരാമര്‍ശിക്കപ്പെടുന്ന ന്യൂയോര്‍ക് ടൈംസും, വാഷിംഗ്ടണ്‍ പോസ്റ്റും, ഗാര്‍ഡിയനും, എക്കണോമിസ്റ്റുമെല്ലാം പാലസ്തീന്‍ വിഷയത്തില്‍ പുലര്‍ത്തുന്ന ഹീനമായ ഏകപക്ഷീയതകള്‍ ഫെയര്‍ ആന്റ് ആക്യുറസി ഇന്‍ റിപ്പോര്‍ട്ടിംഗ്, മീഡിയലെന്‍സ് തുടങ്ങിയ മാധ്യമനിരീക്ഷണ സ്ഥാപനങ്ങള്‍ വിശദമായി രേഖപ്പെടുത്തുന്നു. എക്കണോമിസ്റ്റിന്റെ ചരിത്രമെഴുതിയ അലക്സാണ്ടര്‍ സെവിന്റെ ന്യൂ ലെഫ്റ്റ് റിവ്യൂവിലെ (നവംബര്‍-ഡിസംബര്‍ 2023) വിശകലനവും ശ്രദ്ധേയമാണ്. യുദ്ധം തുടങ്ങിയ ശേഷം (ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 5 വരെ) അമേരിക്കയിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ ഗാസയെക്കുറിച്ചുള്ള 57 വാര്‍ത്ത-വീക്ഷണ പരിപാടികളില്‍ 48-ലും അമേരിക്കയില്‍ നിന്നുള്ളവരായിരുന്നു. 5 തവണ ഇസ്രായേല്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സൈന്യത്തിന്റെ പ്രതിനിധികളായിരുന്നു. പാലസ്തിനിന്റെ പ്രതിനിധിക്ക് ഒരു തവണ മാത്രമാണ് അവസരം ലഭിച്ചത്.
REPRESENTATIVE IMAGE: FACEBOOK
ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തെപ്പറ്റി പാലസ്തീനിലും, പശ്ചിമേഷ്യയിലുമുള്ള ജനങ്ങളുടെ സ്വന്തം അഭിപ്രായങ്ങളും, പരിപ്രേക്ഷ്യങ്ങളും വിവരണങ്ങളും വളരെ പരിമിതമായ നിലയില്‍ മാത്രമാണ് മലയാളത്തില്‍ ലഭ്യമാകുന്നത്. അതില്‍ നല്ലൊരു ശതമാനം പലപ്പോഴും സാഹിത്യ-കലാ-സാംസ്‌ക്കാരിക മേഖലകളില്‍ നിന്നുള്ളവരുടെ പ്രതികരണങ്ങളാണ്. ചുരുക്കം ചില സാമൂഹ്യമാധ്യമ പ്ലാറ്റുഫോമുകളില്‍ മാത്രമാണ് അത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍പോലും കാണാനാവുക. പാലസ്തീനികളുടെ അവകാശം, ഒറ്റ രാജ്യം-രണ്ടു രാജ്യങ്ങള്‍, അഭയാര്‍ത്ഥികളാക്കപ്പെട്ട പാലസ്തീനികള്‍ക്ക് മടങ്ങി വരാനുള്ള അവകാശം, വംശീയ വിവേചനങ്ങളുടെ ഉന്മൂലനം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പാലസ്തീനികളായ ജനങ്ങള്‍ക്ക് അവരവരുടേതായ വീക്ഷണമുണ്ടെങ്കിലും ലോകത്തിലെ മുഖ്യധാര മാധ്യമങ്ങളെ പോലെ മലയാളത്തിലെ മുഖ്യധാരയിലെ മാധ്യമങ്ങളിലും പാലസ്തീനികളുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഷയങ്ങളെ സമീപിക്കുന്നത് വളരെ ദുര്‍ലഭമാണ്. എഡ്വേര്‍ഡ് സെയ്ദിനെ പോലുള്ള സമുന്നത പണ്ഡിതനടക്കമുള്ള നിരവധി പേര്‍ പാലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും പറ്റി കഴിഞ്ഞ 50 കൊല്ലമായി നടത്തിയിട്ടുള്ള വീക്ഷണങ്ങളുടെ സമ്പന്നമായ ചരിത്രം നേരത്തെ സൂചിപ്പിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ ഏകപക്ഷീയതകളില്‍ നഷ്ടപ്പെടുന്നു. പാലസ്തീന്‍ വിമോചന സംഘടനയ്ക്കും (പിഎല്‍ഒ) മരണംവരെ അതിന്റെ നേതാവായിരുന്ന യാസര്‍ അറാഫത്തിനും സംഭവിച്ച വീഴ്ച്ചകളുടെയും അപചയങ്ങളുടെയും സൃഷ്ടിപരമായ വിമര്‍ശനം ഉദാഹരണം. ഓസ്ലോ കരാറില്‍ എത്തിച്ചേര്‍ന്ന അറാഫത്തിന്റെ നടപടികളെ സെയ്ദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭസിവില്‍ സമൂഹത്തില്‍ ജീവിക്കാത്ത വ്യക്തിയെന്നുപോലും അദ്ദേഹം അറാഫത്തിനെ കുറ്റപ്പെടുത്തി. ഹമാസിന്റെ വളര്‍ച്ചയെ ഈയൊരു പശ്ചാത്തലത്തിലാണ് മനസ്സിലാക്കാനാവുക. അതിനുപകരം ഒക്ടോബര്‍ 7-ലെ ആക്രമണത്തിനെ തുടര്‍ന്ന് ഇവിടെയുള്ള പുരോഗമനകാരികളും പിന്തിരപ്പന്മാരും ഹമാസിനെ കുറ്റപ്പെടുത്തുന്നതില്‍ ഒന്നിനൊന്നു മുന്നിലായിരുന്നു. പുഴ മുതല്‍ കടല്‍ വരെയെന്ന (ജോര്‍ദാന്‍ നദി മുതല്‍ മധ്യധരണാഴി കടല്‍ വരെ) മുദ്രാവാക്യം ജൂതഹത്യക്കുള്ള ആഹ്വാനമാണെന്ന പ്രചാരണമാണ് മറ്റൊരുദാഹരണം. ജോര്‍ദാന്‍ നദി മുതല്‍ മധ്യധരണാഴി കടല്‍വരെയുള്ള ഒറ്റ രാജ്യം, ജൂതരും, പാലസ്തീനികളും ഒരുമിച്ചു വസിക്കുന്നുവെന്ന ആശയമാണ് അതിന് പിന്നിലുള്ളതെന്ന ഹമാസ് അടക്കമുള്ള സംഘടനകളുടെ വിശദീകരണം മൂടിവയ്ക്കപ്പെടുന്നു. പാശ്ചാത്യ മാധ്യമ ശൃംഖലകള്‍ വിവരവിനിമയത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന അസാധാരണമായ മേധാവിത്തം - കുത്തകയെന്നു പറയാവുന്ന സാഹചര്യം - പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങളെപ്പറ്റി കേരളത്തിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും സൃഷ്ടിക്കുന്ന ഏകപക്ഷീയതകളെ വെളിപ്പെടുത്തുന്നതാണ് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍. പാശ്ചാത്യ മാധ്യമ ശൃംഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ മുന്‍വിധികളും ഏകപക്ഷീയതകളും പ്രകടമായി വെളിപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഗാസ മാറിയിരിക്കുന്നത് പുതിയ കാര്യമല്ലെന്ന് ചുരുക്കം.
തനതായ ചരിത്രവും ഭൂമിശാസ്ത്രവുമുണ്ടായിരുന്ന/ഉള്ള ഒരു ജനതയെന്ന നിലയില്‍ പാലസ്തീനികള്‍ നേരിടുന്ന ചരിത്രപരമായ അനീതിയും അന്യായവുമാണ് പാലസ്തീനെ പിന്തുണയ്ക്കുന്നവരുടെ പ്രാഥമിക പ്രേരണ. കൊളോണിയല്‍ അധിനിവേശം, സാമ്രാജ്യത്വം, വംശീയത, ദേശീയത, അതിജീവനം, അഭയാര്‍ത്ഥികള്‍ തുടങ്ങിയ പല അടരുകളിലായി തിരിച്ചറിയപ്പെടുന്ന ആധിപത്യങ്ങളുടെയും, ചെറുത്തുനില്‍പ്പിന്റെയും ചരിത്രമാണ് പാലസ്തീന്‍. സ്വന്തം നാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അല്ലെങ്കില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ പാലസ്തീനികള്‍ക്കൊപ്പം ഐക്യപ്പെടുകയെന്നതിന്റെ അര്‍ത്ഥം സാമ്രാജ്യ-കൊളോണിയല്‍ അധിനിവേശങ്ങളും, വെട്ടിപ്പിടുത്തങ്ങളും, വംശഹത്യകളും പൂര്‍ണ്ണമായും തിരസ്‌ക്കരിക്കുന്ന ഒരു രാഷ്ട്രീയ ഭാവനയോടൊപ്പം ഐക്യപ്പെടുകയെന്നാണ്. ഭരണകൂടങ്ങളുടെയും, മുഖ്യധാരയിലുള്ള നേതൃത്വങ്ങളുടെയും എതിര്‍ദിശയിലാവും സ്വാഭാവികമായും അങ്ങനെയൊരു ഭാവനയുടെ സ്ഥാനം.
REPRESENTATIVE IMAGE: PTI
വ്യാവസായികാടിസ്ഥാനത്തില്‍ കൂട്ടക്കൊലകള്‍ നടത്താനുള്ള ഇസ്രായേലിന്റെ കാര്യക്ഷമത സാങ്കേതികമായ ശേഷിയുടെ മാത്രം വിഷയമല്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ അധിനിവേശ ശക്തികള്‍ അടിച്ചമര്‍ത്തലുകളിലും, സ്വാംശീകരണത്തിലും കൂടെ വളര്‍ത്തിയെടുത്ത ആശയപരമായ അധിനായകത്വത്തിന്റെ ആവിഷ്‌കാരം കൂടിയാണത്. സംയുക്ത ശിക്ഷ (കളക്ടീവ് പണിഷ്മെന്റ്) ഉദാഹരണം. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമവാഴ്ചയുടെ അവിഭാജ്യഘടകമായി രൂപപ്പെട്ട ഒന്നാണ് സംയുക്ത ശിക്ഷ. കൊളോണിയല്‍ അധികാരികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം/പ്രക്ഷോഭം നടക്കുകയാണെങ്കില്‍ പ്രസ്തുത പ്രദേശത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ദണ്ഡനികുതി (പ്യൂണിറ്റീവ് ടാക്സ്) ഏര്‍പ്പെടുത്തുന്ന രീതി വ്യാപകമായിരുന്നു. ഗ്രാമങ്ങള്‍ക്ക് മുഴുവന്‍ ദണ്ഡനികുതി ഏര്‍പ്പെടുത്തുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തിലുടനീളം കാണാനാവും. സെറ്റ്ലര്‍ കൊളോണിയല്‍ രാജ്യമായ ഇസ്രായേല്‍ ഇപ്പോള്‍ ഗാസയിലെയും വെസ്റ്റു ബാങ്കിലെയും ജനങ്ങള്‍ക്കുനേരെ പ്രയോഗിക്കുന്നത് കൊളോണിയല്‍ അധിനിവേശം നടപ്പിലാക്കിയ സംഘടിത ശിക്ഷയുടെ മറ്റൊരു രൂപമാണ്.
നിരായുധരായ സാധാരണ മനുഷ്യരെ കൂട്ടത്തോടെ കൊല്ലുന്നതിനപ്പുറം ഇസ്രായേലിന്റെ പെരുമയാര്‍ന്ന സൈനികശേഷിക്ക് കാര്യമായി ഒന്നും നേടാനായില്ലെന്ന വസ്തുതയാണ് മൂന്നു മാസങ്ങളായി വെളിപ്പെടുന്നത്. കേരളത്തിലടക്കമുള്ള ഇസ്രായേലിന്റെ ആരാധകരെ അത് നിരാശപ്പെടുത്തുന്നു. ഹമാസിനെ ദിവസങ്ങള്‍ക്കകം തുടച്ചു നീക്കുമെന്ന വീമ്പിളക്കലുകള്‍ക്ക് അവസാനമില്ലെങ്കിലും ആഗോളതലത്തില്‍ ഇസ്രായേലിന് എതിരെ ഉയര്‍ന്നുവരുന്ന ചെറുതും, വലുതുമായ പ്രതിഷേധങ്ങള്‍ വ്യാപകമായ പിന്തുണ നേടുന്നുവെന്ന കാര്യം മുഖ്യധാര മാധ്യമങ്ങള്‍ മൂടിവെയ്ക്കുന്നു. അമേരിക്കയിലടക്കം യഹൂദ വംശജര്‍ തന്നെ വ്യാപകമായി യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുന്നു. ഇപ്പോഴത്തെ സ്ഥിതി മറ്റൊരു വിയറ്റ്നാം സന്ദര്‍ഭം ആയി മാറുമോയെന്ന പ്രതീക്ഷകള്‍ ചെറുതല്ല. അമേരിക്കയില്‍ മാത്രമല്ല ലോകമാകെയുള്ള ഭരണവര്‍ഗ്ഗങ്ങളെ അലട്ടുന്ന ഒന്നായി അത് മാറുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ അടിയന്തിരമായി പ്രഖ്യാപിക്കണമെന്നും ഇസ്രായേലിനെതിരെ കൂട്ടക്കൊലയ്ക്ക് (ജെനോസൈഡ്) കേസ്സ് എടുക്കണമെന്നുമുള്ള ആവശ്യം കൂടുതല്‍ ശക്തമായി ഉയരുന്നു. അതില്‍ ഏറ്റവും പ്രധാനം ദക്ഷിണാഫ്രിക്ക ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ (ഐസിജെ) സമര്‍പ്പിച്ച 84 പേജുകളുള്ള അപേക്ഷയാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൂരുതിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ ഡിസംബര്‍ 29-ന് സമര്‍പ്പിച്ച അപേക്ഷ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പലതും ഇതുവരെ അറിഞ്ഞ ലക്ഷണമില്ല. നേരത്തെ സൂചിപ്പിച്ച പാശ്ചാത്യ മാധ്യമ ശൃംഖലയുടെ സ്വാധീനമാണ് അതിനുള്ള കാരണം. ദക്ഷിണാഫ്രിക്കയുടെ പരാതി മുഖ്യധാരയിലെ പാശ്ചാത്യ മാധ്യമങ്ങളില്‍ പേരിനു വേണ്ടി മാത്രം പ്രത്യക്ഷമായെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇസ്രായേലിന്റ നാശത്തിനായി നിലകൊള്ളുന്ന ഒരു ഭീകര ഗ്രൂപ്പുമായി ദക്ഷിണാഫ്രിക്ക സഹകരിക്കുകയാണെന്നാണ് അപേക്ഷയോടുള്ള ഇസ്രായേലിന്റെ പ്രതികരണം. എന്നാല്‍ ലോകമാകെയുള്ള യുദ്ധവിരുദ്ധ പ്രവര്‍ത്തകരും, സംഘടനകളും, പാലസ്തീന്‍ സ്വാതന്ത്ര്യകാംക്ഷികളും, വംശീയവിരുദ്ധരും ജനാധിപത്യ-മനുഷ്യാവകാശ പ്രസ്ഥാനങ്ങളും, പ്രവര്‍ത്തകരുമെല്ലാം ദക്ഷിണാഫ്രിക്ക ഐസിജെ-യില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആഗോളതലത്തില്‍ പുതിയൊരു മുന്നേറ്റത്തിന് വഴി തുറന്നിരിക്കുകയാണ്. ഭരണാധികാരികളുടെ കൂട്ടിക്കിഴിക്കലുകളെ അതിജീവിക്കുന്ന ആഗോള ഐക്യദാര്‍ഢ്യം നേരിയ തോതിലെങ്കിലും പ്രത്യക്ഷമാകുന്നത് പ്രത്യാശാജനകമാണ്. ഗാസയിലെ ജനങ്ങളുടെ ദുരിതം സ്വന്തം പ്രതിബിംബം തന്നെയായി ആഗോളജനത തിരിച്ചറിയില്ലെന്നാരു കണ്ടു.
അലക്സാണ്ടര്‍ സെവിന്റെ ഗാസയും ന്യൂയോര്‍ക്കും, ജോണ്‍ ജെ മെയര്‍ഷേമറിന്റെ (John J Mearsheimer) ഗാസയിലെ വംശഹത്യ എന്നീ ലേഖനങ്ങളോട് കടപ്പാട്.