
ഗാസക്ക് ലോകം ദൃക്‌സാക്ഷി
രണ്ട് വർഷം മുൻപ് വരെ ചരിത്രത്തിൽ ഇന്നോളം അരങ്ങേറിയ വംശഹത്യകൾ എല്ലാം തന്നെ തടയപ്പെടാത്തതിന് കാരണം കൃത്യമായ വിവരങ്ങളുടെയോ, തെളിവുകളുടെയോ അപര്യാപ്തതകൊണ്ടായിരുന്നു എന്ന് വിശ്വസിച്ചവർക്കും വാദിച്ചവർക്കും, അതേ പ്രസ്താവനയിൽ ഇന്ന് എത്രത്തോളം ഉറച്ച് നിൽക്കാൻ സാധിക്കും!? ദിനം പ്രതി സംപ്രേഷണം ചെയ്യപ്പെടുന്ന കൂട്ടനരഹത്യയുടെ മുൻപിൽ മനുഷ്യാവകാശത്തിന്റെ രാജ്യാന്തര വിഗ്രഹങ്ങൾക്ക് വെറും കളിപ്പാവകളായി നിൽക്കേണ്ടി വരുന്ന ഒരു കാലഘട്ടത്തിലാണ് ആധുനിക ശാസ്ത്ര വിദ്യയിൽ പുരോഗതി അവകാശപ്പെടുന്ന മനുഷ്യൻ ഇന്ന് എത്തിനിൽക്കുന്നത്. ആഗോളവത്കരണത്തിലൂടെ മനുഷ്യൻ ഒരു ആഗോള പൗരനായി രൂപാന്തരം പ്രാപിച്ചിട്ടും തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന വംശഹത്യയെ തീന്മേശയിൽ ഇരുന്നുകൊണ്ട് നിസ്സഹായതയോടെ വീക്ഷിക്കേണ്ടിവരുന്നത്, മാനവിക ചരിത്രത്തിൽ തന്നെ ആദ്യമെന്ന് നിസ്സംശയം പറയാം. ചരിത്രങ്ങളിലെ വിമോചന പോരാട്ടങ്ങളുടെ സ്മരണോത്സവം കൊണ്ടാടുന്നവർ ഇന്നീ കൂട്ടകുരുതിയെ വംശഹത്യ എന്ന് വിളിക്കാൻ പോലും ശങ്കിക്കുന്നത് തീർത്തും പരിതാപകരം തന്നെ.
ഒക്ടോബർ 7, 2023-ൽ ഔദ്യോഗിക കണക്ക് പ്രകാരം 1139-ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ട ഹമാസിന്റെ ഓപ്പറേഷൻ അൽ - അഖ്സ ഫ്ലഡ്ന് പകരമായി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച “ഇസ്രായേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തിൽ" (Israel's right to self-defense ) ഊന്നിയുള്ള കര, വ്യോമ പ്രത്യാക്രമണം എത്തി നിൽക്കുന്നത് 65,000- ന് മുകളിൽ പലസ്തീനികളുടെ ജീവൻ എടുത്തുകൊണ്ടാണ് എന്ന വസ്തുത, സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരാൾക്കും ഇസ്രായേലിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തിന്റെ കണ്ണിലൂടെയല്ലാതെ കാണാൻ കഴിയില്ല. ഇസ്രയേൽ സൈന്യത്തിന് പലസ്തീനികളോടുള്ള വെറുപ്പിന്റെ തീവ്രത രണ്ട് വർഷത്തോളമായി ഗാസയിൽ അരങ്ങേറിയ പല സംഭവങ്ങളിലൂടെ ലോകം തിരിച്ചറിഞ്ഞതാണ്. ജനുവരി 29, 2024- ഇസ്രയേൽ ടാങ്കറുകൾക്ക് ഇരയായ 6 വയസ്സ് മാത്രം പ്രായമുള്ള ഹിന്ദ് റജബ് എന്ന പെൺകുട്ടിയുടെ മരണ വാർത്ത മനുഷ്യത്വം മരവിക്കാത്ത ഏതൊരാളുടെയും ഹൃദയം നുറുക്കുന്നതാണ്. ഇസ്രയേൽ ടാങ്കറുകളിൽ നിന്നുയർന്ന 355 വെടിയുണ്ടകളേറ്റ് തകർന്ന കാറിൽ നിന്നും ഹിന്ദ് റജബ് പലസ്തീൻ റെഡ് ക്രസെന്റ് സൊസൈറ്റി (PRCS )-യെ വിളിച്ച് സഹായത്തിന് വേണ്ടി അപേക്ഷിക്കുന്ന ഫോൺ സംഭാഷണം ലോകം ഒന്നടങ്കം കേട്ടതാണ്.
ഹിന്ദ് റജബ് | PHOTO: WIKI COMMONS
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളായ അംനെസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങി ഇസ്രയേലി മനുഷ്യാവകാശ സംഘടനകളായ B’T Selem, Physicians for Human Rights Israel (PHRI) വരെ ഇസ്രയേൽ ഗാസയിൽ നടത്തികൊണ്ടിരിക്കുന്ന മനുഷ്യകുരുതി വംശഹത്യക്ക് തുല്യമെന്ന് പറഞ്ഞ് വെച്ചതിന് ശേഷം, സെപ്റ്റംബർ 16, 2025- ന് ആണ് മനുഷ്യാവകാശ കൗൺസിലിൽ, “കിഴക്കൻ ജറുസലേം, ഇസ്രായേൽ എന്നിവയുൾപ്പെടെ അധിനിവേശ പലസ്‌തീൻ പ്രദേശത്തെ കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷൻ”, വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ അനുസരിച്ച് ഗാസയിലെ ഇസ്രയേലിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള നിയമപരമായ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. നിയമപരമായി ഇസ്രയേലിനെ തടയാനോ വിചാരണ ചെയ്യാനോ കേവലം ഒരു റിപ്പോർട്ടിന് സാധ്യമല്ല എങ്കിലും, ഗാസയിൽ ഇസ്രയേൽ നടത്തിയ തേർവാഴ്ച്ചയുടെ വ്യാപ്തി ലോകത്തിന് മുൻപിൽ റിപ്പോർട്ട് തെളിവുകളോടെ നിരത്തുന്നുണ്ട്.
1948 -ലെ വംശഹത്യ കൺവെൻഷന്റെ അനുച്ഛേദം II- ൽ നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യ പ്രവൃത്തികളിൽ(5- genocidal Act) ഒരു ദേശീയ, വംശീയ അല്ലെങ്കിൽ മതപരമായ വിഭാഗം ജനങ്ങളെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1)അവരിലെ അംഗങ്ങളെ കൊന്നുകളയുക, 2)അംഗങ്ങൾക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക; 3)പൂർണ്ണമായോ ഭാഗികമായോ ശാരീരിക നാശം വരുത്താൻ ലക്ഷ്യമിട്ടുള്ള ജീവിത സാഹചര്യങ്ങൾ അവരിലേക്ക് ബോധപൂർവ്വം അടിച്ചേൽപ്പിക്കുക, 4)ആ വിഭാഗത്തിലെ ജനനങ്ങൾ തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കുക, 5)ആ വിഭാഗത്തിലെ കുട്ടികളെ മറ്റൊരു ഗ്രൂപ്പിലേക്ക് നിർബന്ധിച്ച് മാറ്റുക. - " എന്നിങ്ങനെയുള്ള പ്രവർത്തികൾ ഇസ്രയേൽ മനഃപൂർവ്വം ചെയ്തിട്ടുണ്ടെന്ന് (യുഎൻ സ്രോതസ്സുകളിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും) വിപുലമായി രേഖപ്പെടുത്തിയതിന് ശേഷമാണ്, ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുന്നു എന്ന നിഗമനത്തിലെത്തുന്നത്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ഹമാസിനെതിരെ "സ്വയം പ്രതിരോധ യുദ്ധത്തിൽ" ഏർപ്പെട്ടിരിക്കുകയാണെന്ന ഇസ്രയേലിന്റെ പൊള്ളയായ വാദത്തെ റിപ്പോർട്ട് വ്യക്തമായി ആധാരത്തോടെ വിമർശിക്കുകയും അതേസമയം സമഗ്രമായ അന്വേഷണത്തിൽ വംശഹത്യയുടെ വസ്തുതാപരമായ സാഹചര്യം സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നു. ഗാസയിലെ ജനങ്ങളുടെ സമ്പൂർണ്ണ കണക്ക്, കൊല്ലപ്പെട്ടവരും പരുക്കേറ്റവരുമായ സാധാരണക്കാരുടെയും ഹമാസ് പോരാളികളുടെയും അനുപാതം, സുരക്ഷിത മേഖലകളിൽ സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ; വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, തുടങ്ങി മെഡിക്കൽ ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കുമെതിരെയുള്ള ആക്രമണം ഉൾപ്പെടെ എണ്ണിയാൽ തീരാത്ത അന്താരാഷ്ട്ര നിയമലംഘനങ്ങൾ, യുദ്ധ കുറ്റങ്ങൾ.
സാധാരണ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി, മരുന്ന് എന്നിവ ഉപരോധത്തിലൂടെ നിഷേധിക്കുകയും "പട്ടിണിയെ ഒരു യുദ്ധ രീതിയായി" ഉപയോഗിക്കുകയും ചെറിയ “കുഞ്ഞുങ്ങൾ" ഉൾപ്പെടെയുള്ള കുട്ടികളെ മനപ്പൂർവം തലയിലും നെഞ്ചിലും വെടിവെച്ച് കൊലപ്പെടുത്തുകയും കൂടാതെ ഗാസയിലെ ഏക IVF (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ക്ലിനിക്കിനെ, സാംസ്കാരിക, വിദ്യാഭ്യാസ, മതപരമായ സ്ഥലങ്ങളെ ലക്ഷ്യം വെക്കുക, "നിരവധി ബലാത്സംഗ കേസുകൾ" ഉൾപ്പെടെയുള്ള അതിക്രമങ്ങളിലേക്ക് ആസൂത്രിതമായി തിരിയുക മുതലായ വസ്തുതാപരമായി പരിശോധിച്ചാൽ ഹമാസിനെതിരായ പ്രതിരോധ "യുദ്ധമായി" ഒരിക്കലും അംഗീകാരിക്കാൻ കഴിയാത്ത “യുദ്ധരീതികൾ “.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
വംശഹത്യയിൽ ഇസ്രയേലിന്റെ പങ്കാളിത്തം തെളിയിക്കുന്നതിന്, വംശഹത്യ കൺവെൻഷന്റെ അനുച്ഛേദം II-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രവൃത്തികൾ ഇസ്രയേൽ ചെയ്തുവെന്ന് മാത്രമല്ല, മറിച്ച് ഈ പ്രവൃത്തികൾ ചെയ്തതിന് പിന്നിലെ ഉദ്ദേശം ഗസ്സയിലെ ജനതയെ നശിപ്പിക്കുക എന്നതാണെന്നതിന് ആധാരമായി ഒക്ടോബർ 7- ന് ശേഷം, മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥർ ആവർത്തിച്ച് നടത്തിയ വംശഹത്യ പ്രസ്താവനകൾ കമ്മീഷൻ അവലോകനം ചെയ്യുന്നുണ്ട്, കൂടാതെ ഗാസയിലേക്ക് അയച്ച ഇസ്രയേലി സുരക്ഷാ സേന, ഇവ വംശഹത്യ പ്രഖ്യാപനങ്ങളാണെന്ന് മനസ്സിലാക്കുകയും, യഥാർത്ഥ അന്വേഷണങ്ങൾക്കോ പ്രോസിക്യൂഷനുകൾക്കോ വിധേയരാവേണ്ടി വരില്ല എന്ന പൂർണ വിശ്വാസത്തോടെ കൺവെൻഷൻ നിരോധിച്ച പ്രവൃത്തികൾ ഒരു കൂസലും കൂടാതെ ചെയ്ത് കൂട്ടിയതായും റിപ്പോർട്ടിൽ പ്രസ്ഥാവിക്കുന്നു.
മനുഷ്യരാശിയുടെ ഉത്ഭവം മുതൽ ഇന്നിതുവരെ ധാർമിക, നൈതിക മൂല്യങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും മനുഷ്യാവകാശ ചട്ടങ്ങളെയും കാറ്റിൽ പറത്തികൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക രാജ്യങ്ങളിൽ ഒന്ന് ഏറ്റവും ദുർബലമായ ഒരു രാജ്യത്തിനെതിരെയും അവിടെയുള്ള സമൂഹത്തിനെയും “പ്രതിരോധത്തിന്റെ” മറവിൽ കൊല ചെയ്തും, കൊള്ള ചെയ്തും, പട്ടിണിക്കിട്ടും, നാട് കടത്തിയും, സമ്പൂർണമായി തുടച്ചുനീക്കി, ലോകത്തിനെ മൊത്തം ദൃക്‌സ്സാക്ഷിയാക്കികൊണ്ട് തന്റെ രാജ്യാതിർത്തി മാറ്റി സ്ഥാപിക്കാൻ വെമ്പൽ കൊള്ളുമ്പോൾ; ലോക സമാധാനത്തിന്റെ കുത്തക അവകാശപ്പെടുന്ന അമേരിക്കയുടെ വീറ്റോ കൈകൾ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ മന്തിരങ്ങളിൽ ഇസ്രയേലിന് വേണ്ടി നിർലജ്ജം ഉയരുന്നത്, അമേരിക്കയുടെ രാഷ്ട്രീയ, കുത്തക മുതലാളിത്ത, ആയുധ വാണിജ്ജ്യ താല്പര്യങ്ങൾക്ക് വേണ്ടി ഒരു വംശഹത്യയിൽ പങ്കുചേരാനുള്ള സന്നദ്ധതയെ പച്ചയായി തുറന്ന് കാട്ടുന്നു. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മന്ദിരമായ ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റം ചുമത്തിയ നെതന്യാഹു സധൈര്യം പ്രസംഗിക്കുന്ന വിരോധാഭാസത്തിന് സാക്ഷിയാവാതെ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം നയതന്ത്രജ്ഞർക്ക് ഇറങ്ങിപ്പോവേണ്ടി വരുന്നത് വ്യവസ്ഥിതിയുടെ തന്നെ തകർച്ചയെ സൂചിപ്പിക്കുന്നുണ്ട്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
കണക്കുകൾ പ്രകാരം ഒരു വർഷത്തിനുള്ളിൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽ വർഷിച്ചതിനേക്കാൾ കൂടുതൽ ബോംബുകൾ ഇസ്രയേൽ ഒരു ആഴ്ചയിൽ താഴെ സമയത്തിനുള്ളിൽ വളരെ ചെറുതും ഉയർന്ന ജനസാന്ദ്രതയുമുള്ള ഗാസ പോലൊരു പ്രദേശത്ത് വർഷിച്ചിട്ടും, അതിൽ ഒരു വലിയ ജനസമൂഹം തന്നെ ഇല്ലാതായിട്ടും, അറബ് മുസ്ലിം ലോകരാഷ്ട്രങ്ങൾ ഇസ്രയേലിനെ കടുത്ത പ്രതിരോധത്തിലാക്കാൻ തയ്യാറാവാത്തതിൽ മുസ്‌ലിം ഭരണകൂടങ്ങൾ വലിയ വിമർശനം ലോകമെമ്പാടും നേരിടുന്നുണ്ട്. യമൻ, ഇറാൻ, സിറിയ തുടങ്ങി അമേരിക്കയുടെ സംരക്ഷണം ഉള്ള ഖത്തറൂൾപ്പടെയുള്ള രാജ്യങ്ങളുടെ പോലും പരമാധികാരത്തിന്മേൽ കടന്നുകയറിയുള്ള ഇസ്രയേലിന്റെ ആക്രമണത്തോട് കേവലം നയതന്ത്രപരമായ ചർച്ചകളിലൂടെ മാത്രം അറബ് നേതൃത്വങ്ങൾ പ്രതികരിക്കുമ്പോൾ, സാമൂഹ്യ മാധ്യമങ്ങളിൽ അറബ് നേതൃത്വങ്ങൾക്ക് നേരെ ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
മനുഷ്യത്വത്തിനെതിരെ സംഘടിച്ചതും, വംശഹത്യക്ക് മുൻപിൽ മൗനം പാലിച്ചതുമായ ലോകരാജ്യങ്ങളുടെ അധീശത്വത്തിന് മുൻപിൽ കീഴടങ്ങാതെ ഗാസക്ക് വേണ്ടി ലോകമെമ്പാടും മനുഷ്യർ നടത്തുന്ന പ്രതിഷേധങ്ങളും വംശഹത്യയോടൊപ്പം തന്നെ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ഇസ്രയേലിന്റെയും, അമേരിക്കയുടെയും ഭീഷണിക്കും പ്രഹരശേഷിക്കും പുല്ല് വില കൽപ്പിച്ചുകൊണ്ട് 45- ഓളം രാജ്യങ്ങളിലെ സംഘടനകൾ 50-ഓളം ചെറു ബോട്ടുകളിലായി ഗാസയിലേക്കുള്ള ആവശ്യ ഭക്ഷ്യ സാധനങ്ങളുമായുള്ള ഗ്ലോബൽ സമൂത് ഫ്ലോട്ടില്ല എന്ന നാവികപര്യടന ശ്രമം ഇസ്രയേലിന്റെ ഗാസക്ക് മേലുള്ള നാവിക പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകുന്നു. ദേശ രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾക്ക് മുകളിൽ മനുഷ്യർ ആധിപത്യമുറപ്പിക്കുമ്പോൾ അതിനോട് അനുവർത്തിക്കുകയല്ലാതെ മറ്റൊരു വഴി രാഷ്ട്രങ്ങൾക്ക് ഇല്ല എന്നതിന്റെ തെളിവ് ആണ് ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ഫ്രാൻസ്, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിച്ച വാർത്ത പുറത്ത് വരുന്നത്.
ലോകത്തിന്റെ ദീർഘമായ നിസ്സംഗതക്ക് ശേഷം ഒരിക്കൽ ഒരു ദിനം വന്ന് ചേരും, അന്ന് ഉയർത്തിയ ബയോനറ്റുകൾ താഴ്ന്നിട്ടുണ്ടാവും, തകർന്ന് വീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലെ കുരുന്നുകളുടെ നിലവിളികൾ നിലച്ചിട്ടുണ്ടാവും, വിലങ്ങു വെക്കപ്പെടേണ്ട കൈകളിൽ സമാധാനത്തിന്റെ വെള്ളക്കൊടികൾ ആയിരിക്കും. ഈജിപ്ഷ്യൻ എഴുത്തുകാരനായ ഒമർ എൽ അക്കാദ് ട്വിറ്ററിൽ കുറിച്ചത് പോലെ “ഒരുദിവസം എല്ലാവരും ഒന്നടങ്കം ഈ വംശഹത്യയെ എതിർത്തിട്ടുണ്ടാവും”.


