TMJ
searchnav-menu
post-thumbnail

Outlook

മരണം കുറിക്കുന്ന ഉന്മാദിയുടെ എഴുത്തുകൾ, അസ്പൃശ്യരുടെ പാട്ടുകൾ

20 May 2023   |   6 min Read
ഡോ. രോഷ്നിസ്വപ്ന

I have hated words and
I love them,
and I hope
I have made them rigid

''I am haunted by humans''

വായനയെക്കുറിച്ചും ഏകാന്തതയെക്കുറിച്ചും മാർകസ് സുസെക് എഴുതിയ ഈ രണ്ടുവരികൾ 'The book thief' ലേതാണ്. പുസ്തകക്കള്ളനോടു തോന്നിയ ഇഷ്ടം പിന്നീട് സുസെകിനോടുള്ള ഇഷ്ടമായി. ജീവിതത്തെയും മരണത്തെയും കുറിക്കുന്ന ഉന്മാദിയുടെ എഴുത്തുകൾ എന്നു ഞാൻ സുസെകിന്റെ 'ബ്രിഡ്ജ് ഓഫ് ക്ലെ'' എന്ന പുസ്തകത്തെക്കുറിച്ചു പറയാൻ ശ്രമിക്കുന്നു. മരണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന രചനകളോട് പ്രണയം കലർന്നൊരിഷ്ടം സൂക്ഷിക്കുന്നതു കൊണ്ടു കൂടിയാവാം 'ബ്രിഡ്ജ് ഓഫ് ക്ലേ' എന്നെ അത്രയ്ക്ക് ആകർഷിച്ചത്. മരണം ഒരു സമസ്യയായി നോവലിലൂടെ ഇഴഞ്ഞുനടന്നിരുന്നു. ബ്രിഡ്ജിലും മരണം കഥാതന്തു തന്നെയാണ്. നാലു യുവാക്കളാണ് മരണത്തെക്കുറിച്ചു പറയുന്നത്. ലോകമഹായുദ്ധകാലത്ത് ഒരു ജൂത അഭയാർത്ഥിക്ക് അഭയം നൽകുന്ന ഒരു ജർമൻ പെൺകുട്ടിയുടെ കഥയായ ബുക്ക് തീഫ് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ആയിരുന്നു. ബ്രിഡ്ജ് ഓഫ് ക്ലേയിൽ കറുത്ത നിറമുള്ള 'ക്ലേ' എന്ന കഥാപാത്രത്തിന്റെ ഏകാന്തതയുടെ നിഴൽ നോവലിനോടൊപ്പം പടരുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെ എത്തിച്ചേരുന്ന അതിഥികൾ കഥയുടെ മറ്റൊരു ധാരയാവുന്നു. മരണമെന്നത് എപ്പോഴും ഒരുപോലെ പിന്തുടരാൻ പ്രയാസമുള്ള ഒന്നാണ്. പക്ഷേ, സുസെകിനെ സംബന്ധിച്ചിടത്തോളം നോവലിന്റെ ആഖ്യാനതന്ത്രം തന്നെ അതാവുകയാണ്.

ഓസ്‌ട്രേലിയൻ എഴുത്തുകാരനായ മർകസ് സുസെക് ബ്രിഡ്ജ് ഓഫ് ക്ലേക്കു വേണ്ടി രണ്ട് പതിറ്റാണ്ടോളം മാറ്റിവച്ചു. അഞ്ച് സഹോദരന്മാരുള്ള ഒരു കുടുംബത്തിന്റെ കഥ പറയുന്ന നോവലിൽ അച്ഛന്റെ തിരോധാനവും അസാന്നിധ്യവും പ്രധാനവിഷയമാവുന്നു. അഞ്ച് സഹോദരന്മാരിൽ ഒരാളായ മാത്യുവിനെ പിന്തുടരുന്ന ഒരു നോവലായും ഇതിനെ വായിക്കാം. അമ്മയുടെ മരണത്തിനും അച്ഛന്റെ തിരോധാനത്തിനും ശേഷം സഹോദരന്മാർ പിരിഞ്ഞു പോവുന്നു. അമ്മയെക്കുറിച്ച് മാത്യു പിന്നീട് എഴുതുകയാണ്. ഒരു അഭയാർത്ഥിയായി ഓസ്‌ട്രേലിയയിലേക്കു വന്ന അമ്മയെക്കുറിച്ച്, ഒപ്പം അഞ്ചു മക്കളോടൊപ്പമുണ്ടായിരുന്ന അച്ഛനെക്കുറിച്ച്, ഇരുവരുടെയും അസാന്നിധ്യത്തെക്കുറിച്ച്, കുടുംബത്തിലെ ഓരോ അംഗങ്ങളേയും ഒരു പാലംപോലെ ബന്ധിപ്പിച്ചു നിർത്തിയ സഹോദരനായ നാലാമൻ ക്ലേയെക്കുറിച്ചെഴുതുമ്പോൾ നോവൽ കൂടുതൽ വൈകാരികമാവുന്നു. മാതാപിതാക്കളുടെ അസാന്നിധ്യം മക്കൾക്കിടയിൽ കൊണ്ടുവന്ന ചിതറലുകളിൽ നിന്ന് ക്ലേ മാത്രം എങ്ങനെയാണ് പിടിച്ചുനിന്നത് എന്ന് വെളിവാക്കുകയാണ് എഴുത്തുകാരൻ. ചില ഏറ്റുപറച്ചിലുകൾ, ക്ഷമാപണങ്ങൾ, കണ്ടെത്തലുകൾ ഒക്കെയായി നോവൽ കടന്നുപോകുന്നു.


മാർകസ് സുസെക് | Photo: Wiki Commons
ഏകാന്തമായ ഒരു വീട്ടിൽനിന്ന് സ്വയം വിമുക്തരാകുന്ന അഞ്ച് പേരാണ് ഈ നോവലിന്റെ കേന്ദ്രം. പെനിലോപ് എന്ന കഥാപാത്രത്തിന്റെ മരണത്തെക്കുറിച്ചു പറയുന്ന അധ്യായങ്ങൾ വായനയെ പിടിച്ചുനിർത്തുന്നു. 'മരണം എഴുതിയ കഥ' എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു നോവലാണിത്. ''അവൾ നമ്മെ വിട്ടുപോകാൻ തീരുമാനിച്ച നിമിഷത്തിൽ മരണം അകത്തേക്കു കടന്നുവന്നു''എന്നാണ് സുസെക് വിശദീകരിക്കുന്നത്. 'ബുക്ക് തീഫിൽ മരണം പലനിറങ്ങളിൽ പടരുന്നുണ്ട്. മിക്കപ്പോഴും തൂവെളുപ്പിന്റെ തെളിച്ചത്തിൽ മരണം പടരുന്നു; പരാമർശിക്കപ്പെടുന്നു. ''ഞാൻ നിന്നോട് അതുതന്നെ പറയാനാണ് വന്നിരിക്കുന്നത്. ചോദ്യങ്ങൾക്കതീതമാണ് അല്ലെങ്കിലതിൽ ചോദ്യങ്ങളില്ല.ഒരു നിറം മാത്രമാണത്. ഇതിനുമേൽ നീ ഒരു വാദത്തിനൊരുക്കമാണെന്ന് ഞാൻ വിശ്വസിക്കട്ടെ'' എന്ന് ബുക്ക് തീഫിൽ പറയുന്നു. ബ്രിഡ്ജ് ഓഫ് ക്ലേയിലാകട്ടെ, ആസ്പിരിൻ വെള്ള കോളർ ബോൺ വെളുപ്പ് എന്നിങ്ങനെയും പരാമർശിക്കുന്നു. നോവലിൽ ഒരിടത്ത് വിളർത്ത വെളുപ്പുനിറം ബാധിച്ച നഗരത്തെക്കുറിച്ച് പെനിലോട്ട് എന്ന കഥാപാത്രം വേവലാതിപ്പെടുന്നുണ്ട്. പെൺകുട്ടി എന്ന നിലയിൽ പെനിലോപ്പ് നടത്തുന്ന പലായനങ്ങളാണ് നോവലിൽ നിന്ന് വീണ്ടും വീണ്ടും വിളിക്കുന്നത്. വീട്ടിലെ ഏറ്റവും ശാന്തനും ഏറെക്കുറെ  അന്തർമുഖനുമാണ് ക്ലേ. മൈക്കലാഞ്ചലോയെക്കുറിച്ചുള്ള മോണോഗ്രാഫിനെക്കുറിച്ചോർത്താണയാൾ സമയം ചെലവഴിക്കുന്നത്. മാത്യുവിന്റെ വാക്കുകളിൽ ''അയാൾ എപ്പോഴും ഉഷാറായിരിക്കാൻ ആഗ്രഹിക്കുന്നു. ക്ലേ എന്ന കഥാപാത്രത്തെ ഒരു രഹസ്യം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. 'abandoned' എന്ന വാക്കിന് അതേ അനുഭവം കുറിക്കുന്ന ഒരു മലയാളവാക്കറിയില്ല. ഉപേക്ഷിക്കലോ, പരിത്യജിക്കലോ, ഒന്നുമല്ലാത്ത, ആ അവസ്ഥയെ  പ്രണയിക്കുക എളുപ്പമല്ല. പക്ഷേ, അതാണ് മാർക്കസ് സുസകിന് ഇഷ്ടം. ക്ലേ എന്നത് ഒരുപാട് അർത്ഥങ്ങൾ നിറഞ്ഞ ഒരു പദമാണ്. നനഞ്ഞ കളിമണ്ണായി, ഏതു രൂപത്തിലേക്കും പടരാൻ പ്രാപ്തവുമാണത്. പക്ഷേ, അതിന് തീ വേണം, നോവലിലെ 'ക്ലേ' എന്ന കഥാപാത്രം അവനവന്റെ പാലത്തിലേക്ക് സ്വയം കൊളുത്തി വയ്ക്കുമ്പോൾ എഴുത്തുകാരന്റെ ഉൾക്കനങ്ങളിൽ ചിലത് കടന്നുവരുന്നില്ലേയെന്ന് ശങ്കിക്കാം.

'ദി ബുക്ക് തീഫ്'ന്റെ എഴുത്തു വേളയിൽ സുസേക് പറയുന്നുണ്ട് ''ഞാനാദ്യം എഴുതിത്തുടങ്ങിയപ്പോൾ, മരണമെന്നത് ഭീതിദമായ ഒരവസ്ഥയായിരുന്നു. മരണം ആനന്ദം കൊള്ളുകയായിരുന്നു. ഒൻപത് മാസങ്ങൾക്കുശേഷം, പുസ്തകത്തിന്റെ അവസാനവാചകം എനിക്ക് തെളിഞ്ഞുകിട്ടി. അതങ്ങനെ തന്നെയാണ് വേണ്ടതെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ഒരുപക്ഷേ, വിരോധാഭാസമാകാം. ഞങ്ങൾ അത്രക്ക് മരണത്തെ ഭയപ്പെട്ടിരുന്നു പക്ഷേ, മറ്റൊരു രീതിയിലായിരുന്നു മരണം ഞങ്ങൾക്കു ചുറ്റിലുമെങ്കിൽ അറിയില്ല. എങ്ങനെയായിരിക്കും കാര്യങ്ങൾ എന്ന്'' സത്യത്തിൽ മരണം സുസെകിന്റെ ആഖ്യാനരീതിയെ, എഴുത്തവബോധത്തെ പിഴിഞ്ഞെടുക്കുകയായിരുന്നു എന്ന് പറയാം. കഠിനമായ ആഘാതമേറ്റ് തകർന്ന ഒരു മനസ്സുമായിരിക്കുമ്പോഴാണ് സുസെക് ബ്രിഡ്ജ് ഓഫ് ക്ലേ എഴുതിയത് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ബ്രിഡ്ജ് ഓഫ് ക്ലേ ഒരുതരത്തിൽ ഓസ്‌ട്രേലിയയെ ആഘോഷിക്കുകയാണ്. പക്ഷേ, സിഡ്‌നി എന്ന തന്റെ ആത്മാംശത്തിൽ അലിഞ്ഞുകിടക്കുന്ന നഗരത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തൽ കൂടിയാവുന്നു എഴുത്തുകാരന് ഈ ആഘോഷം.

There were reasons to leave, and reasons to stay, and all of it was the same എന്ന് വീടിനെക്കുറിച്ചുള്ള ഓർമയെഴുത്തിൽ ബ്രിഡ്ജ് ഓഫ് ക്ലേയിൽ സുസെക് എഴുതുന്നുണ്ട്. മരണവും വ്യഥയും, കാത്തിരിപ്പും നടുക്കവും, ക്ഷമയും കരുത്തുമെല്ലാം ഒരു വെളിച്ചം പോലെ ഇരുട്ടിനെ വകഞ്ഞുവരുമ്പോൾ നമുക്കുള്ളിലെ എല്ലാ പാലങ്ങളും തകർന്നുവീഴുകയാണ്.


'ബ്രിഡ്ജ് ഓഫ് ക്ലേ' പുസ്തകത്തിന്റെ കവർ 

മനുഷ്യർ എന്നഓർമയിൽ ഉറച്ചുനിൽക്കുമ്പോൾ

എറിഞ്ഞെറിഞ്ഞ് നിങ്ങളെല്ലാവരും  ക്ഷീണിച്ചിരിക്കുന്നു.
എല്ലാ കല്ലുകളും ഇപ്പോൾ, എന്റെ കാൽക്കീഴിലാണ്. 
കരുതിയിരിക്കുക ഇപ്പോൾ നിങ്ങൾ നിരായുധരാണ്.

- ശരൺകുമാർ ലിംബാളെ

ഇതൊരു ഓർമപ്പെടുത്തലാണ്. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന അസമത്വത്തിന്റേയും അസഹിഷ്ണുതയുടേയും, അനീതിയുടെയും കേന്ദ്ര, സ്ഥാപനവത്കരണത്തിനെതിരെ ഒരു കവി മുന്നോട്ടുവയ്ക്കുന്ന ഒരു മുന്നറിയിപ്പ്. ഇന്ത്യൻ പൊതുസമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന ജാതിബോധത്തിന്റെ കറുത്ത മുഖത്തോട് വിളിച്ചു പറയുന്ന മുദ്രാവാക്യമാണ്. അക്കർമാശിയെന്ന നോവലിലൂടെ ഞാൻ അറിഞ്ഞ ശരൺ കുമാർ ലിംബാളെ എന്ന എഴുത്തുകാരന്റെ കവിതകളിലൂടെയുള്ള യാത്ര എന്റെ വായനയുടെ ഗതിയെ മാറ്റി മറിക്കുകയായിരുന്നു. അംബേദ്കറിന്റെ പ്രത്യയശാസ്ത്രവും, ബുദ്ധന്റെ ആത്മീയ ചോദനകളും സ്വീകരിച്ച എത്രയോ ദളിത് കൃതികൾ ഇന്ത്യയിലെ പല ഭാഷകളിലും സംഭവിക്കുന്നുണ്ടെങ്കിലും ശരൺകുമാർ ലിംബാളെയുടെ കവിതകളിൽ നിന്ന് എനിക്ക് ലഭിച്ചത്, അദ്ദേഹത്തിന്റെ ജീവിതം സമ്മാനിച്ച കാഠിന്യങ്ങളെയും തീവ്രാനുഭവങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചൂടുള്ള കണ്ണുനീരായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ദളിത്പാന്തറിന്റെ ഭാഗമായി കടന്നുവന്ന കവിതകൾ, മറാഠി ദളിത് സാഹിത്യപ്രസ്ഥാനം എന്നിവയെ മുഴുവനായി പ്രതിഫലിപ്പിക്കുന്ന അനുഭവ തീക്ഷ്ണതയുടെ ചൂടാണ് ശരൺ കുമാർ ലിംബാളെയുടെ കവിതകൾ. എഴുത്തു മാസികയുടെ 'ദളിത്' ലക്കത്തി ലേക്ക് വിവർത്തനം ചെയ്‌തെടുക്കാനായി ഇന്ത്യൻ കവിതകളിലൂടെ വിശദമായ യാത്ര ചെയ്യവേയാണ് എമിൽ, ശരൺകുമാർ ലിംബാളെയുടെ കവിതകൾ എനിക്കുമുന്നിൽ നിവർത്തിയിടുന്നത്. നീറുന്ന ജീവിതങ്ങളുടെ മുറിവുകൾ കല്ലിച്ചുകിടക്കുന്ന ആ കവിതകളിൽ ചിലത് എമിൽ തന്നെ മാസികയ്ക്കുവേണ്ടി വിവർത്തനം ചെയ്തുതന്നു. പിന്നീട് ദീർഘവായനകളും ചർച്ചകളുമായി ഞങ്ങൾ ഒരുപാട് പകലുകളും രാത്രികളും ലിംബാളെ കവിതകൾക്കു മേൽ ചിലവഴിച്ചു. അതേക്കുറിച്ച് വെറുതെ അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോഴാണ്, ''ഈ പുസ്തകത്തിലെ മുഴുവൻ കവിതകളും നിങ്ങൾ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യുകയെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹം എഴുതിയതുപോലെ പെരുമഴവീഴും പോലുള്ള കട്ടപിടിച്ച ഇരുട്ടിലൂടെയായിരുന്നു വിവർത്തനത്തിന്റെ ആ ഒരുവർഷക്കാലത്തെ ഞങ്ങളുടെ യാത്ര. 'ഓ-വിപ്ലവത്തിന്റെ വരവായിരിക്കും' എന്ന അദ്ദേഹത്തിന്റെ വരികൾ എന്റെ വായനയുടെ, വിവർത്തനത്തിന്റെ ആക്കംകൂട്ടി. വ്യക്തിയും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ഏതു കാലത്തെയും സാഹിത്യചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. വ്യക്തിയും ഭരണകൂടവും എപ്പോഴൊക്കെ മുഖാമുഖം വരുന്നുവോ, ആ ചർച്ചകൾക്ക് ഇരയുടെയും വേട്ടക്കാരന്റെയും മുഖഛായ കൈവരുന്നു. പീഡിതനും, പീഡകനുമായുള്ള കൊടുക്കൽ വാങ്ങലുകളായി മാറുകയും ചെയ്യുന്നു. ഈ ദ്വന്ദ്വത്തിൽ നിന്നുണ്ടാകുന്ന തീവ്രമായ പ്രതിരോധാത്മകതയാണ് ശരൺകുമാർ ലിംബാളെയുടെ കവിതകളിലെ ആഖ്യാതാവിന്റെ പ്രതിരോധാത്മകതയും, സമരവീര്യവും, നിഷേധാത്മകതയും. വ്യക്ത്യനുഭവങ്ങളുടെ തീക്ഷ്ണതയിൽനിന്ന് കവിതയിലൂടെ വിമോചിപ്പിക്കപ്പെടുകയും ചെറുത്തുനിൽപ്പിന്റെ രൂപം കൈവരിക്കുകയും ചെയ്യുന്നു. ഈ കവിതകൾ വ്യവസ്ഥാപിതഘടകങ്ങളായ പിതൃമേധാവിത്വം, അധികാരം, ആണധികാരം, എന്നിവയൊന്നുമല്ല കവിയെ അസ്വസ്ഥപ്പെടുത്തുന്നത്. അധികാരലോകം സമ്മാനിക്കുന്ന അരക്ഷിതയാഥാർത്ഥ്യങ്ങളാണ്.

ആത്മകഥയെന്ന് വിശേഷിപ്പിക്കാവുന്ന നോവലായ 'അക്കർമാശി'യുടെ ആമുഖത്തിൽ ശരൺകുമാർ ലിംബാളെ ഇങ്ങനെ പറയുന്നു: ''എന്റെ ചരിത്രം എന്റെ അമ്മയുടെ ജീവിതമാണ്. ഏറിയാൽ അമ്മൂമ്മ വരെ പോകുന്നു അത്. അതിനപ്പുറം എനിക്ക് പൂർവികരില്ല. എന്റെ അമ്മ അയിത്തക്കാരിയാണ്. അച്ഛൻ ഉപരിവർഗത്തിലെ ഒരു മേൽജാതിക്കാരനും. അമ്മ കുടിലിൽ കഴിയുന്നു. അച്ഛൻ മാളികയിലും. അച്ഛൻ ജന്മി, അമ്മ ഒരു തുണ്ടുഭൂമിയില്ലാത്തവൾ. ഞാൻ അക്കർമാശി - ദുഷിച്ച ഒരു സാമൂഹികവ്യവസ്ഥിതിയുടെ ഇരയാണ് താനെന്ന എഴുത്തുകാരന്റെ സാക്ഷ്യപ്പെടുത്തൽ, ഇന്ത്യൻ ദലിത് ജീവിതാവസ്ഥകളുടെ യാഥാർത്ഥ്യം കൂടിയാവുന്നുണ്ട്.


ശരൺകുമാർ ലിംബാളെ | Photo: Wiki Commons

'ആരാണ് ഞാൻ' എന്ന കവിതയിൽ അദ്ദേഹം എഴുതുന്നു, ആർക്കുവേണ്ടിയാണ് ഈ നിയമനിർമാണ സഭ? ഭരണഘടന, മനുഷ്യർ, സമൂഹം, നിയമം... ഇതെല്ലാം ആർക്കുവേണ്ടി? എന്താണീ ജീവിതം? കത്തിക്കൊണ്ടിരിക്കുന്ന കുടിലിൽനിന്ന് അതിജീവനം നടത്തുന്ന പരിതാപകരമായ പോരാട്ടമോ? ഇന്ത്യയിലിന്നു കാണുന്ന ദളിത് രാഷ്ട്രീയത്തിന്റെ വികാസ പരിണാമങ്ങളുടെ ഉത്ഭവം യഥാർത്ഥത്തിൽ മഹാരാഷ്ട്രയിൽ നിന്നാണ്. ഇന്ത്യയിലെ മറ്റ് ഭാഷകളിലെ ദളിത് സാഹിത്യമുന്നേറ്റങ്ങളെല്ലാം പിന്നീടാണ് ഉദയംകൊണ്ടത്. ''ഊമയായ സംസ്‌കാരം, വേദങ്ങൾ, പുരാണങ്ങൾ, മനുസ്മൃതി - ഈ ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പൊതുസമൂഹത്തോടുള്ള തീവ്രമായ കലാപങ്ങളാണ് ശരൺകുമാർ ലിംബാളെയുടെ കവിതകൾ, ചിതറിപ്പോയവരുടെയും ശിഥിലീകരിക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ടവരുടെയും ജീവിതം ആത്മനിഷ്ഠതയുടെ ആഖ്യാനത്തോടെ കവിതയിൽ കടന്നു വരുന്നു. ''കലാപത്തിൽ വെടിയേറ്റു മരിച്ച അച്ഛന്റെ മൃതശരീരം
ഏറ്റുവാങ്ങുമ്പോൾ എനിക്കു മനസ്സിലായി രാജ്യത്തോടൊപ്പം
ഞാനും വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന്'' - കലാപം

ഇന്ത്യൻ സമൂഹത്തിൽനിന്ന് അസ്പൃശ്യർ എന്നാരോപിച്ച് മാറ്റിനിർത്തപ്പെട്ടവരുടെ ഉണ്മയാണ് ഈ കവിതകൾ. ജീവിതം അന്യവത്ക്കരിക്കപ്പെടുമ്പോൾ നഷ്ടമാകുന്ന മാനുഷിക സത്തയെ തിരിച്ചുപിടിക്കാനാണ് ഈ കവിതകൾ ശ്രമിക്കുന്നത്. അച്ഛന്റെ മരണത്തിന് സർക്കാർ തരുന്ന നഷ്ടപരിഹാരത്തെ വിരൽകൊണ്ട് തട്ടി മാറ്റാനും (കലാപം) ചരിത്രത്തിലെ പുല കൊണ്ട് സ്വന്തം കാല്പാടുകളെ മായ്ച്ചുകളയാനും (ഭൂരിപക്ഷം) ഈ മണ്ണിൽ ജീവിക്കാനുള്ള അധികാരത്തിനായി തീവ്രമായി കലഹിക്കാനും, അലറിയാർക്കുന്ന ഒരു വെടിയുണ്ടയായി, അധികാരം കല്പിക്കുന്ന മരണത്തോട് പാഞ്ഞുവരാനാവശ്യപ്പെടാനും (രക്തദാഹികളുടെ വഴികൾ) രാജ്യത്തിന്റെ അധികാര പാരമ്പര്യം കല്പിക്കുന്ന തീർപ്പുകൾക്കെതിരെ, മുഷ്ടിചുരുട്ടാനും (യുഗങ്ങളുടെ വാക്ക്) കവിക്കാകുന്നത് ദളിത് ജീവിതത്തിന്റെ നീറുന്ന ജീവിതാനുഭവങ്ങൾ മൂലമാണ്. ഓരോ വായനയിലും ശരൺ കുമാർ ലിംബാളെ എന്ന കവി വാക്കുകളിലൂടെ എരിയിച്ചു വിടുന്ന ചുട്ടുപൊള്ളുന്ന തീയാണ് ഈ കവിതകളുടെ വിവർത്തനത്തിലേക്കെന്നെ എത്തിച്ചത്. ആ തീ അതി സൂക്ഷ്മതലത്തിൽ തിരിച്ചറിയാനും ചരിത്രത്തിലൂടെയും ഭൂതകാലത്തിലൂടെയും, യാത്രചെയ്ത്, വർത്തമാനകാലത്തിന്റെ തീവ്രയാഥാർത്ഥ്യങ്ങളിലെത്തി 'മനുഷ്യർ' എന്ന ഓർമയിൽ ഉറച്ചുനിൽക്കുന്നു. മാർകസ് സുസെക്കും ശരൺകുമാർ ലിംബാളെയും രണ്ട് കാലങ്ങളാണ്. ദേശങ്ങളാണ്. രണ്ടറിവും രണ്ട് ലോകങ്ങളുമാണ്. പക്ഷേ, എവിടെയൊക്കെയോവച്ച് എന്റെ വായനകളിൽ ഒരുപോലെ തടഞ്ഞുനിൽക്കുന്ന സാന്നിധ്യങ്ങളാകുന്നുണ്ടിവർ. സ്വാതന്ത്യത്തെക്കുറിച്ച്, അനുഭവത്തെക്കുറിച്ച്, ഒറ്റയാവലിനെക്കുറിച്ച് ഇരുവരും എഴുതുമ്പോൾ അത് മനുഷ്യാസ്തിത്വത്തിന്റെ നിഗൂഢവൻകരകളെ വെളിവാക്കുന്നു. മനുഷ്യാസ്തിത്വത്തിന്റെ നിലനിൽപ്പിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഉത്കണ്ഠാകുലരാണ് ഇരുവരും.


'അക്കർമാശി' പുസ്തകത്തിന്റെ കവർ 

''നിനക്ക് മുറിച്ചുകടക്കാൻ പാകത്തിന് ഭൂതാവിഷ്ടമായ ഒരു മഴയുണ്ട് ഏകദേശം മണ്ണിന്റെ വരൾച്ചയിൽ വരണ്ടു പോകുന്നത്'' എന്ന് സുസെക് പറയുമ്പോൾ എഴുത്തുകാരൻ മാത്രമാണ്. അയാൾ എഴുത്തിനോടു പ്രതിബദ്ധനാണ്. 'ഞാനെഴുതുന്നത് മനുഷ്യൻ എന്ന എന്റെ അവകാശം സ്ഥാപിച്ചു കിട്ടാനാണ്' എന്നാണ് ലിംബാളെ എഴുതുന്നത്. എഴുതപ്പെടുന്ന വരികൾ അതതു കാലത്തിന്റെ മാത്രം നിധികളല്ല എന്ന യാഥാർത്ഥ്യമാണ് ഇരുവരും പങ്കുവയ്ക്കുന്നത്. ആധുനികരെന്നാൽ സമകാലികർ എന്നുകൂടിയുള്ള അർത്ഥത്തിലേക്കു ചിന്തിക്കുമ്പോൾ ഇരുവരും മനുഷ്യരെക്കുറിച്ച്, മനുഷ്യന്റെ ഉത്കണ്ഠകളെക്കുറിച്ച്, സാന്നിധ്യങ്ങളെയും അസാന്നിധ്യങ്ങളെയും കുറിച്ചെഴുതുന്നു. മാറിപ്പോയ്‌ക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിരുന്നുകൊണ്ട് സുസെകിനെയും ലിംബാളെയയും വായിക്കുകയെന്നത് ഒരു ഓർമപ്പെടുത്തൽ കൂടിയാവുന്നു.


#outlook
Leave a comment