ആ സ്ഥാപനങ്ങളില്‍ അസ്മിയമാര്‍ വേറെയുമുണ്ട്
എൺപതുകളുടെ അവസാനം മലപ്പുറം ചെമ്മാട് സ്ഥാപിച്ച ദാറുൽ ഹുദ എന്ന സ്ഥാപനമാണ് മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഒരു പദ്ധതി ആവിഷ്കരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ ഉള്ള ഈ സ്ഥാപനത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടോ അഫിലിയേറ്റ് ചെയ്തോ ആണ് പിന്നീട് ഇരു സമസ്തകളിലും ഈ തരത്തിൽ വിവിധ സ്ഥാപനങ്ങൾ ഉണ്ടാവുന്നത്. മത വിദ്യാഭ്യാസം മാത്രം നൽകി വിവിധ ബിരുദങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് കിട്ടിയതിനേക്കാൾ സ്വീകാര്യത ഇത്തരം സ്ഥാപനങ്ങൾക്ക് കിട്ടി. ആദ്യ കാലങ്ങളിൽ ആൺകുട്ടികളെ മാത്രം ലക്ഷ്യമാക്കിയ ഇത്തരം സ്ഥാപനങ്ങൾ പിന്നീട് പെൺകുട്ടികൾക്കും തുടങ്ങി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ മുസ്ലിം പെൺകുട്ടികളിൽ ഉണ്ടായ വിദ്യാഭ്യാസ വിപ്ലവം മുതലെടുത്ത് മുക്കിനും മൂലയിലും ഇത്തരം സ്ഥാപനങ്ങൾ മുളച്ചുപൊന്തി. ഇസ്ലാമിക് അന്തരീക്ഷം, മത ധാർമികത ഒക്കെ വാഗ്ദാനം ചെയ്ത് സമുദായത്തിനുള്ളിൽ കഴുകന്മാർ വട്ടമിട്ട് പറന്നു. അങ്ങനെയൊരു സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം അസ്മിയ എന്നൊരു കുട്ടി ആത്മഹത്യ ചെയ്യുന്നത്.
അങ്ങനെയൊരു സ്ഥാപനത്തിൽ പഠിച്ച എന്റെ അനുഭവം പറയാം. അഞ്ചാം ക്ലാസ് കഴിഞ്ഞുള്ള വേനലവധിക്കാലം ആഘോഷിച്ചും ആർമാദിച്ചും കഴിഞ്ഞുകൊണ്ടിരിക്കെ നാട്ടിലുള്ള ഒരു ഉസ്താദ് ഒരു ദിവസം വീട്ടിൽ വന്നു. അന്നയാൾ വന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഒരാഴ്ച്ചയോ മറ്റോ കഴിഞ്ഞ് ഗൾഫിലുള്ള ഉപ്പയാണ് എന്നോട് കാര്യം അവതരിപ്പിക്കുന്നത്. മക്കളിൽ ഒരാളെ മതം പഠിപ്പിക്കാൻ അവർ തീരുമാനിച്ചെന്ന്. പത്തര വയസ്സാണന്നെനിക്ക്. ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ (എന്നത് യൂണിവേഴ്സിറ്റി ഒന്നും ആയിട്ടില്ല) എടപ്പാൾ മാണൂരിലുള്ള ഓഫ് ക്യാമ്പസ് ജയിലിലേക്ക് ആനയിക്കപ്പെട്ടു. നാട്ടിൽ എന്റെ പ്രായത്തിൽ സാധാരണ കുട്ടികൾ കാണിക്കുന്ന കുരുത്തക്കേടുകൾക്ക് മാതാപിതാക്കൾ നല്ലനടപ്പിന് വിട്ടയിടം. എന്നെയൊരാളെ പോറ്റാനുള്ള ശേഷി ഉണ്ടായിരുന്നിട്ടും പന്ത്രണ്ട് വർഷം കൊണ്ട് ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള മുസ്ലിം ഉസ്താദുമാരിൽ ഒരാൾ എന്നതായിരുന്നു വാഗ്ദാനം. അന്നുവരെ പരിചയിച്ചിട്ടില്ലാത്ത വെള്ള വസ്ത്ര ധാരണം മുതൽ അതിദയനീയമായ തടവ് ചിട്ടകൾ വിധിക്കപ്പെട്ടു. മാസത്തിൽ രണ്ട് ദിവസം പരോൾ. വെള്ള വസ്ത്രം ഊരിവെക്കുന്ന സമയം മഞ്ഞ നിറത്തിലുള്ള പൈജാമയും ബനിയനും മാത്രമാണ് അനുവദനീയം. ഉമ്മായ്ക്ക് വേണമെങ്കിൽ വെള്ളിയാഴ്ച്ച കാണാൻ വരാം. വന്നാലും ക്യാമ്പസിനുള്ളിലേക്ക് പ്രവേശനമില്ല. ഗെയ്റ്റിന് പുറത്ത് നിൽക്കണം, എനിക്ക് പോയി കാണാം. അസ്മിയക്ക് ഉണ്ടായിരുന്ന പോലെ ഫോൺവിളി സൗകര്യം അക്കാലത്തില്ല. ആദ്യ കാലത്ത് ഉമ്മ വന്നിരുന്നെന്നാണ് ഓർമ്മ. പിന്നെ നിലച്ചു, എന്റേതെന്നല്ല, ആരുടേയും മാതാപിതാക്കൾ അങ്ങനെ വരാറില്ല.
ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി | PHOTO: WIKI COMMONS
പത്തറുപത് പേർക്ക് കിടക്കാവുന്ന ഹാളിൽ അട്ടിക്കിട്ട് കിടന്നു. സ്വന്തം വസ്ത്രവും പൊതു കക്കൂസും വരെ ആ പ്രായത്തിൽ സ്വയം കഴുകി. സുഭിക്ഷമായ ഭക്ഷണ ശീലങ്ങളിൽ നിന്ന് അതിവേഗം സ്ഥാപനത്തിന്റെ ദാരിദ്ര്യം ഉൾകൊള്ളാൻ നിർബന്ധിക്കപ്പെട്ടു. പള്ളികളിൽ പിരിവിന് പോയി പ്രസംഗിച്ചു. നിസ്കരിക്കുമ്പോൾ കാലിന്റെ വെപ്പിൽ കാണിച്ച അലംഭാവത്തിന് വരെ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. ഉസ്താദുമാരുടെ ദാസ്യവേലയായിരുന്നു പ്രധാന പഠനം. അവരുടെ ലൈംഗിക പീഢനം മുതൽ എല്ലാം സഹിക്കേണ്ടിവരും. എന്തുകൊണ്ടോ ഞാൻ കായിക അക്രമം മാത്രമേ നിരന്തരം ഏൽക്കേണ്ടിവന്നൊള്ളൂ. ഒടുവിൽ ക്രൂരമായി മർദ്ദിക്കപ്പെട്ട ഒരു ദിവസം ഞാൻ അവിടെന്ന് ചാടി. അപ്പോഴേക്കും ഏറെ വിലപ്പെട്ട എന്റെ ആറു വർഷങ്ങൾ നഷ്ടപ്പെട്ടിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ആറ് വർഷങ്ങൾ എനിക്ക് അത്ഭുതമായി തോന്നുന്നു. നാട്ടിലെ സർക്കാർ സ്‌കൂൾ കനിഞ്ഞത് കൊണ്ട് നേരെ പതിനേഴാം വയസ്സിൽ വന്ന് എസ്എസ്എൽസി എഴുതി തുടർന്ന് പഠിച്ചു.
പത്ത് നാൽപത് പേരുമായി തുടങ്ങുന്ന ഒരു ബാച്ച് കോഴ്സ് അവസാനിക്കുമ്പോൾ അഞ്ചോ ആറോ പേരായി ചുരുങ്ങും, അക്കാലത്ത് അങ്ങനെ ആയിരുന്നു. ബാക്കിയുള്ളവർ പീഢനം സഹികെട്ട് ചാടിപ്പോവും. അങ്ങനെ ചാടിപ്പോയി വീട്ടിൽ പോവാൻ കഴിയാതെ അലഞ്ഞുതിരിയുന്നവർ പോലുമുണ്ട്. കഴിഞ്ഞ കൊല്ലം ജൂലൈ മാസത്തിൽ കുറ്റിപ്പുറം തിരുന്നാവായയിൽ ആത്മഹത്യ ചെയ്ത പതിനൊന്ന് വയസ്സുകാരനെപ്പോലെ പുറത്ത് വന്നതും വരാത്തതുമായ ആത്മഹത്യകൾ വേറെ.
ദരിദ്ര സാഹചര്യങ്ങൾ ആണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത് എന്ന് പറയാമെങ്കിലും, എന്റേത് അടക്കമുള്ള കേസുകളിൽ പ്രവർത്തിച്ചത് മത ഭക്തിയാണ്. ജീവിക്കാൻ പറ്റുന്ന കുടുംബ സാഹചര്യങ്ങൾ ഉണ്ടെങ്കിലും മതം പഠിക്കൽ പുണ്യമായി കാണുന്ന, പൗരോഹിത്യത്തിന് നിയന്ത്രണമുള്ള ലോവർ മിഡിൽ ക്ലാസ് കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ പിള്ളേർ വരുന്നത്. പെൺകുട്ടികൾക്ക് ആവട്ടെ, മത ധർമ്മിക ചുറ്റുപാട് (ഈ സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ ബുർഖ കാണാം) ആണ് പ്രലോഭനം.
ദാറുൽ ഹുദയിലോ അവരുടെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലോ എസ്എസ്എൽസി, പ്ലസ് ടു ഔദ്യോഗിക വിദ്യാഭ്യാസം ഇല്ല. ഓപ്പൺ ഡിഗ്രി ആണുള്ളത്. ഹുദവി എന്നൊരു ബിരുദമാണ് അവിടെ നിന്ന് ലഭിക്കുക. ഒപ്പം പന്ത്രണ്ടാം വർഷം ഓപ്പൺ ഡിഗ്രി എഴുതാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആയിരുന്നു ആദ്യ കാലങ്ങളിൽ. അവർ അത് നിർത്തലാക്കിയതോടെ മറ്റു ഓപ്പൺ യൂണിവേഴ്‌സിറ്റികൾ ആയി. പെൺകുട്ടികൾക്ക് എട്ട് വർഷത്തെ 'സഹ്രവിയ്യ' എന്നൊരു പ്രോഗ്രാമാണ് ദാറുൽ ഹുദ സ്ഥാപനങ്ങളിൽ. അതിലും ഓപ്പൺ പ്ലസ് ടു/ഡിഗ്രി എന്നിവ ഉണ്ട്. വാഫിയ കോഴ്‌സുകളാണ് പെൺകുട്ടികൾക്ക് പൊതുവെ ഇപ്പോൾ പ്രചാരത്തിൽ ഉള്ളത്.
REPRESENTATIONAL IMAGE: FACEBOOK
കേരളത്തിലെ മദ്രസകളിൽ വരുന്ന അധ്യാപകരെപ്പോലെ തന്നെ ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ വരുന്നവർക്കും യോഗ്യത മാനദണ്ഡങ്ങളില്ല. പ്രൊഫഷണൽ പരിശീലനമോ, മിനിമം യോഗ്യത പോലുമോ പലർക്കുമില്ല. അതുകൊണ്ടാണ് ക്രൂരമായ പീഢനങ്ങൾക്ക് കുട്ടികൾ വിധേയമാകേണ്ടിവരുന്നത്. എന്നാൽ പുറത്തേക്കുള്ള കമ്മ്യൂണിക്കേഷൻ കട്ട് ചെയ്ത, എന്തുതരം പീഢനങ്ങൾ സഹിക്കാനും കണ്ടീഷൻ ചെയ്‌തെടുത്ത കുട്ടികളിൽ പലരും വീട്ടിൽ പോലും ഒന്നും പറയില്ല. ഇത്തരം ആരോപണങ്ങളിൽ ഒരു തരത്തിലുമുള്ള പോസിറ്റീവ് പ്രതികരണങ്ങളും മത സംഘടനകളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മദ്രസകളുടെ കാര്യത്തിൽ നേരിട്ടുള്ള നിയന്ത്രണം സംഘടനകൾക്ക് ഇല്ലെങ്കിലും അറബിക് കോളേജുകളുടെ കാര്യത്തിൽ അങ്ങനെയല്ല. സമസ്ത മുശാവറ അംഗമാണ് ദാറുൽ ഹുദയുടെ വിസി. ഒരു തരത്തിലുമുള്ള തിരുത്തലുകൾക്ക് ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല, ഇരകളെ സ്വഭാവഹത്യ ചെയ്യലാണ് സംഘടന ബന്ധുക്കളുടെ പണിയും.
അസ്മിയയെപ്പോലെ എത്രയോ കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിൽ ഇപ്പോഴും അകപ്പെട്ടിട്ടുണ്ടാകും എന്ന തിരിച്ചറിവ് ആദ്യം വേണ്ടത് അധികാരികൾക്കാണ്. ഹോസ്റ്റൽ പ്രവർത്തിക്കാനുള്ള പ്രാഥമിക ലൈസൻസ് പോലുമില്ലാത്ത സ്ഥാപനത്തിലായിരുന്നു അസ്മിയ പഠിച്ചത്. ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലും ഇതായിരിക്കും അവസ്ഥ. അവിടെ കൃത്യമായ പരിശോധനകൾ നടത്താനും കുട്ടികളെ ആവശ്യമായ കൗൺസിലിങ്ങിന് വിധേയമാക്കാനും അധികാരികൾക്ക് കഴിഞ്ഞാൽ സാമൂഹ്യ പുരോഗതി കൊണ്ട് ഇതെല്ലാം ഒരിക്കൽ നിലക്കും എന്ന പ്രതീക്ഷയെങ്കിലും പുലർത്താമായിരുന്നു.