
'രാവണപ്രഭുവില്‍ രാവണനുണ്ട് '
പ്രവീണ്‍ നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്ത, ജെ ഫണീന്ദ്ര കുമാര്‍ നിര്‍മ്മിച്ച, കോര്‍ട്ട്റൂം ഡ്രാമ വിഭാഗത്തില്‍ വരുന്ന സിനിമയാണ് "ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’’ അല്ലെങ്കില്‍ JKS എന്ന ചുരുക്കപ്പേരിലുള്ള മലയാള ചിത്രം. ഒരു പ്രാദേശിക ചിത്രം എന്ന തലത്തില്‍ നിന്നും ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമയായി പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാരണമെന്തെന്നോ. സിനിമ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാകാഞ്ഞതിനാല്‍ ആണ് സിനിമയ്ക്ക് പൊടുന്നനെ ഇത്ര പ്രസിദ്ധി കിട്ടിയത്. സിനിമയുടെ പേരിലുള്ള ജാനകി എന്നത് ഒരു പുരാണ കഥാപാത്രത്തിന്റെ പേരിനോട് സാമ്യം ഉള്ളതിനാല്‍ അത് ചില ആളുകളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നതായിരുന്നു സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയ കുറ്റം. കേസില്‍ ഇടപെട്ട കേരള ഹൈക്കോടതി ഇന്ത്യയിലെ മിക്ക പേരുകള്‍ക്കും പരോക്ഷമായി മതപരമായതോ വിശ്വാസവുമായി ബന്ധപ്പെട്ടതോ ആയ മാനങ്ങള്‍ ഉണ്ടാകുമെന്നും, അതുകൊണ്ട് മാത്രം സിനിമകള്‍ നിരോധിക്കേണ്ടതുണ്ടോ എന്നൊരു സന്ദേഹം ഉയര്‍ത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ഉണ്ടായ ഒത്ത് തീര്‍പ്പ് ഫോര്‍മുല അനുസരിച്ച് സിനിമയുടെ പേരിലുള്ള ജാനകിയുടെ കൂടെ അവരുടെ ഇനിഷ്യല്‍ ആയി വി കൂടിച്ചേര്‍ത്ത് ജാനകി വി എന്നാക്കാനും, ഒന്നോ രണ്ടോ സീനുകളില്‍ ജാനകി എന്നത് മ്യൂട്ട് ആക്കാനും തീരുമാനമായി. ഈ തര്‍ക്ക വിഷയത്തിനകത്തേക്ക് ആഴത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ‘’ജാനകി’’ എന്ന പേര് വരുന്ന സിനിമകള്‍ മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കാം.
REPRESENTATIVE IMAGE | WIKI COMMONS
Alias Janaki (2013, Telugu), Banthi Poola Janaki (2016, Telugu), Janaki Jaane (2023, Malayalam), Janaki Weds Sriram (2003, Telugu), Janaki Ramudu (1988, Telugu), Janaki (2018, Malayalam, Janaki Sabatham (1971, Tamil), Jaya Janaki Nayaka (2017,Telugu), Seetha Aur Geetha (1972,Hinid), എന്ന് സ്വന്തം ജാനകികുട്ടിക്ക് (1998, Malayalam) തുടങ്ങി നിരവധി സിനിമകളില്‍ ജാനകി എന്ന പേര് അവയുടെ നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. ടോക്കണ്‍ നമ്പര്‍ എന്നൊരു മലയാളം സിനിമയുടെ സെന്‍സര്‍ സമയത്തും നായികയുടെ പേര് ജാനകിയില്‍ നിന്നും മറ്റെന്തെങ്കിലും ആയി മാറ്റണം അല്ലെങ്കില്‍ നായകന്റെ പേര് മാറ്റണം എന്നൊരു വിവാദം ഉണ്ടായിരുന്നു എന്ന് സിനിമയുടെ സംവിധായകന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പറഞ്ഞിരുന്നു. ജാനകി എന്ന നായിക അബ്രഹാം എന്ന ക്രിസ്ത്യാനിയുമായി സൗഹൃദത്തിലാകുന്നതായിരുന്നു സിനിമയുടെ കഥാതന്തു. ഒടുവില്‍ നായികയുടെ പേര് ജയന്തി എന്നാക്കിയപ്പോള്‍ ആണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കൊടുത്തത് എന്നാണ് സംവിധായകന്‍ പറയുന്നത്. "ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള”യുടെ വിധിയും ടോക്കണ്‍ നമ്പറിന്റെ വിധി തന്നെ ആയേക്കുമെന്ന് കരുതാവുന്നതാണ്. ഇത്തരം വിവാദങ്ങളില്‍ പുറമേക്ക് കാണുന്ന കാര്യങ്ങള്‍ക്ക് അപ്പുറമുള്ള കാരണങ്ങള്‍ ഉണ്ടാവാം. വ്യക്തിതലത്തിലുള്ള പിണക്കങ്ങള്‍ മുതല്‍ ആശയതലത്തിലുള്ള ഭിന്നതകള്‍ വരെ നീളാവുന്ന കാരണങ്ങള്‍ ഉണ്ടായേക്കാം. ജാനകിയുടെ കാര്യത്തില്‍ ജാനകിക്ക് ഒരു ഇനിഷ്യല്‍ കൊടുത്താല്‍ തീരുന്നത്ര പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞാല്‍ കാര്യമായി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് തന്നെ കരുതാം.
ഇന്ത്യയില്‍ ഇറങ്ങുന്ന സിനിമകള്‍ സെന്‍സര്‍ ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് മതപരമോ വംശീയമോ ആയ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പേരുകള്‍ സിനിമയ്ക്ക് ഇടാന്‍ പാടില്ല എന്നുണ്ട്. ജാനകി എന്ന പേരില്‍ അങ്ങനെയുള്ള ഒരു വൈകാരികത ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയാന്‍ ആര്‍ക്കും കഴിയില്ല. തീര്‍ച്ചയായും ഈ വിഷയത്തില്‍ ‘’വ്യാഖ്യാനത്തിന്’’ ഇടമുണ്ട്. വ്യാഖ്യാനങ്ങളില്‍ ഏത് സ്വീകരിക്കപ്പെടണം എന്നത് അധികാരത്തിന്റെ പ്രയോഗവും ലഭ്യതയുമായി നേരിട്ട് തന്നെ ബന്ധപ്പെട്ടിരിക്കുന്നു. വ്യാഖ്യാനങ്ങളില്‍, ഏതൊരു ജനാധിപത്യ രാജ്യത്തിലും അവസാനവാക്ക് കോടതികള്‍ തന്നെയാണ്. ജനാധിപത്യത്തിന്റെ വിജയകരമായ മുന്നോട്ട് പോക്കില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് എത്രമാത്രം പങ്കുണ്ട് എന്ന് തെളിയിക്കുന്ന കാര്യമാണ് ‘’ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’’ എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന ജ്ഞാനലോകം. ഫ്രഞ്ച് തത്വചിന്തകനായ ഫൂക്കോ ‘’അധികാരം എല്ലായിടത്ത് നിന്നും എല്ലായിടത്തേക്കും നിരന്തരം പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്’’ എന്ന് പറയുന്നത് ഇവിടെ പ്രസക്തമാണ്. രാജ്യത്തെ വ്യവസ്ഥാപിതമായ സെന്‍സര്‍ സംവിധാനങ്ങളിലൂടെ കടന്നുപോയി അംഗീകാരം നേടിയ സിനിമയാണ് എമ്പുരാന്‍ 2. എന്നാല്‍ പിന്നീട് ആ സിനിമയ്ക്ക് വീണ്ടും സെന്‍സറിംഗ് നേരിടേണ്ടി വന്നു എന്നത് സൂചിപ്പിക്കുന്നത് അധികാര പ്രയോഗങ്ങള്‍ എവിടെനിന്നും വരാം എന്ന് തന്നെയാണ്. ഒരു പരിധിക്ക് അപ്പുറത്തേക്ക് സമൂഹത്തെ നമ്മള്‍ മിലിട്ടന്റ് ചെയ്‌താല്‍ ഭരണകൂടത്തിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തലത്തിലേക്ക് അത് വളരും എന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ചൈനയിലെ സാംസ്‌കാരിക വിപ്ലവ സമയത്ത്, ഭരണകൂട ഒത്താശയില്‍ ഉണ്ടാക്കിയ, കൗമാരക്കാരായ ആളുകളുടെ റെഡ് ഗാര്‍ഡ് വന്യതയുടെ പരകോടിയിലേക്ക് വളര്‍ന്നപ്പോള്‍ ഭരണകൂടത്തിന്റെ പട്ടാളത്തിന് തന്നെ അവര്‍ക്കെതിരെ തിരിയേണ്ടി വന്നു എന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കി വളരുന്ന ഏതൊരു സമൂഹത്തിലും ഉറപ്പായും സംഭവിക്കാന്‍ ഇടയുള്ള കാര്യം തന്നെയാണ്.
REPRESENTATIVE IMAGE | WIKI COMMONS
സിനിമ എന്നത് ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട മാധ്യമങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ സിനിമയുടെ സെന്‍സറിംഗ് എന്നത് വളരെ കരുതലോടെ ചെയ്യേണ്ട ഒരു കാര്യമാണ്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, സ്ത്രീ വിരുദ്ധതകള്‍, അമിതമായ അക്രമവാസനകള്‍, കുട്ടികളോടുള്ള ക്രൂരത തുടങ്ങിയ കാര്യങ്ങളെ മഹത്വവല്‍ക്കരിക്കുന്ന കാര്യങ്ങള്‍ സിനിമയില്‍ പാടില്ല എന്ന് സെന്‍സര്‍ മാനദണ്ഡങ്ങള്‍ പറയുന്നുണ്ട്. ഇവിടെ തീര്‍ച്ചയായും ഒരു പ്രശ്നം ഉണ്ട്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എത്രത്തോളം സിനിമയില്‍ കാണിക്കാം, എങ്ങനെയൊക്കെ കാണിക്കാം എന്ന പ്രശ്നത്തെ സിനിമാക്കാരും സമൂഹവും നേരിടേണ്ടി വരുന്നു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം എന്ന ഭരണഘടനയിലെ മൗലീകാവകാശം അപരിമിതമായ അവകാശങ്ങള്‍ ഒന്നും ആര്‍ക്കും നല്‍കുന്നില്ല. നിയമപരമായ നിയന്ത്രണങ്ങള്‍ക്ക് അകത്ത് നിന്നുകൊണ്ട് മാത്രമാണ് ഒരാള്‍ക്ക് അയാളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ കഴിയൂ. ഒരു കൂട്ടം ആളുകള്‍ പറയുന്നു നിങ്ങള്‍ ഭരണഘടനാ വിരുദ്ധമായാണ് സിനിമ ഉണ്ടാക്കിയിട്ടുള്ളത്. സിനിമാക്കാര്‍ പറയുന്നു അല്ല ഞങ്ങള്‍ ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നോക്കൂ, ഇവിടെയാണ് കോടതികളുടെ പ്രാധാന്യം കിടക്കുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ സിനിമകളെ വിലയിരുത്തുവാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനമായവ “ഒരു സിനിമ സമൂഹത്തില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെ വിലയിരുത്തുന്നത് ആ സിനിമയുടെ സമഗ്രതയില്‍ ആകണം’’ എന്നുള്ളതും, ‘’സിനിമ ഏത് കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്’’ എന്നുമാണ്. ഈ രണ്ടു മാനദണ്ഡങ്ങളും ആണ് ഫിലിം സെന്‍സറിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്ന് കരുതാവുന്നതാണ്. ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതിനകത്ത് വരുന്ന കഥ, ആ കഥ സംഭവിക്കുന്ന കാലഘട്ടം, ആ കാലഘട്ടത്തിലെ മൂല്യബോധം, കഥ പറയുന്നതിന് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ ഒക്കെ സമഗ്രമായി വിലയിരുത്തി വേണം ആ സിനിമ സമൂഹത്തില്‍ എന്ത് പ്രത്യാഘ്യാതം ഉണ്ടാക്കും എന്ന് വിലയിരുത്താന്‍. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ രാജ്യത്തെ ഏതെങ്കിലും വ്യക്തിയേയൊ സമൂഹങ്ങളെയൊ ബോധപൂര്‍വ്വം ഇകഴ്ത്താന്‍ ഉപയോഗിക്കുന്നുണ്ട് എന്ന് സിനിമയുടെ സമഗ്രവീക്ഷണത്തില്‍ വ്യക്തമാകുന്നു എങ്കില്‍ മാത്രമേ സിനിമയുടെ പേരിനെതിരെ വാളെടുക്കേണ്ടത് ഉള്ളൂ എന്നാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തന്നെ പറയുന്നത്. ‘’ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’’ എന്ന സിനിമയുടെ കഥയിലോ സംഭവങ്ങളിലോ ഒന്നും തന്നെ യാതൊരു വിധ മാറ്റങ്ങളും ഇല്ലാതെ രണ്ട് സ്ഥലങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാനും, സിനിമയുടെ പേരിലെ ജാനകിക്ക് ഒരു ഇനിഷ്യല്‍ കൊടുക്കാനും മാത്രമാണ് ഒടുവില്‍ തീരുമാനിച്ചത് എന്നതില്‍ നിന്നുതന്നെ സിനിമയെ അതിന്റെ സമഗ്രതയില്‍ വേണം സെന്‍സര്‍ ബോര്‍ഡ് വിലയിരുത്താന്‍ എന്ന അടിസ്ഥാന തത്വം തന്നെ പാലിച്ചിരുന്നില്ല എന്ന് കരുതാവുന്നതാണ്. മറ്റൊന്ന് പത്രവാര്‍ത്തകള്‍ ശരിയാണ് എങ്കില്‍ ആദ്യം 96 കട്ടുകള്‍ ആണ് പറഞ്ഞിരുന്നത് എന്നാല്‍ ഇപ്പോഴത് രണ്ട് ആയി കുറച്ചിരിക്കുന്നു. ഇവിടെ പ്രധാനമായും ഉന്നയിക്കേണ്ട ഒരു ചോദ്യം ഉണ്ടാകുന്നു. എന്ത് യുക്തിയുടെ, ഏത് മാനദണ്ഡങ്ങളുടെ പിന്‍ബലത്തില്‍ ആണ് 96 കട്ടുകള്‍ ആദ്യം നിര്‍ദ്ദേശിച്ചത്; എന്ത് യുക്തിയുടെ, ഏത് മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ ആണ് 96 കട്ടുകള്‍ രണ്ടായി മാറിയത്. 96 കട്ടെന്നത് സത്യം ആണെങ്കില്‍ എത്ര ലാഘവത്തോടെ ആകും സിനിമയുടെ സെന്‍സറിംഗ് നടന്നിരിക്കുക. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന ഒരുല്‍പ്പന്നം എത്രയും പെട്ടെന്ന് കമ്പോളത്തില്‍ എത്തിച്ച് മുടക്കുമുതല്‍ എങ്കിലും തിരികെ പിടിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്ന തരത്തില്‍ ആയിരിക്കണം സെന്‍സര്‍ ബോര്‍ഡുകള്‍ പോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന സിനിമാ പ്രവര്‍ത്തകരുടെ ആവശ്യം ആരും തള്ളിക്കളയാന്‍ പാടില്ല.
REPRESENTATIVE IMAGE | WIKI COMMONS
സതി സമ്പ്രദായത്തിനും ശൈശവ വിവാഹത്തിനും എതിരെ പൊരുതിയ ഒരാളുടെ ജീവചരിത്രം സിനിമയാക്കുമ്പോള്‍ അതില്‍ തീര്‍ച്ചയായും ഒരു കാലത്ത് ഇന്ത്യയില്‍ നിലനിന്ന രൂക്ഷമായ ജാതി സമ്പ്രദായം, സതി സമ്പ്രദായം, ശൈശവ വിവാഹം, പലതരത്തിലുള്ള സ്ത്രീ വിരുദ്ധതകള്‍ ഒക്കെ കാണിക്കേണ്ടി വരും. അത്തരമൊരു സിനിമയുടെ പ്രമേയം അതാവശ്യപ്പെടുന്നുണ്ട്. ആ സിനിമ കാണുമ്പോള്‍ ചിലപ്പോള്‍ ചില ആളുകളുടെ വികാരം വ്രണപ്പെട്ടു എന്നവര്‍ക്ക് തോന്നിയേക്കാം. ഈ സാഹചര്യത്തില്‍ ആ സിനിമ നിരോധിക്കുകയാണോ വേണ്ടത് എന്ന ചോദ്യത്തെ നമുക്കൊന്ന് അടുത്ത് പോയി പരിശോധിക്കാം. ഒരു കാലത്ത് ചരിത്രപരമായി ഇന്ത്യയില്‍ നിലനിന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തിലോ, മിത്തുകളുടെ അടിസ്ഥാനത്തിലോ ആളുകള്‍ കരുതുന്ന കാര്യങ്ങള്‍ ആ കഥ നടക്കുന്ന കാലഘട്ടത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ചിത്രീകരിക്കാന്‍ സിനിമാ സംവിധായകന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഭാവന എന്ന പേരില്‍ ഒരു വിഭാഗത്തെ അപമാനപ്പെടുത്തുന്ന എന്തെങ്കിലും ഒരു കാര്യം സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. ഇവിടെയാണ് സിനിമയുടെ സമഗ്രത എന്ന തലം വരുന്നത്. പ്രത്യക്ഷത്തില്‍ കുഴപ്പക്കാരന്‍ ആണെന്ന് തോന്നുന്ന ഭാഗം പോലും ചിലപ്പോള്‍ സിനിമയുടെ സമഗ്ര വീക്ഷണത്തില്‍ അപ്രധാനം ആകാന്‍ ഇടയുണ്ട്. നമ്മുടെ തന്നെ സംസ്കാരത്തിന്‍റെ ഭാഗമായി ഒരു കാലത്ത് നിലനിന്നതും ആധുനിക ജനാധിപത്യ മൂല്യബോധങ്ങള്‍ക്ക് അസ്വീകാര്യം ആയതുമായ കാര്യങ്ങള്‍ സിനിമ പോലുള്ള കലാരൂപങ്ങളില്‍ വരുമ്പോള്‍ നമ്മളതിനെ എതിര്‍ക്കുകയല്ല വേണ്ടത്, മറിച്ച് അത്തരം കാലത്ത് നിന്നും നമ്മുടെ രാജ്യം നടന്നുതീര്‍ത്ത വഴികളെ പുതുതലമുറയ്ക്ക് മുന്‍പില്‍ പരിചയപ്പെടുത്താനുള്ള അവസരമായിട്ടാണ് ഉപയോഗിക്കേണ്ടത്. നമ്മുടെ രാജ്യം ഇന്നെത്തി നില്‍ക്കുന്ന മഹത്തായ സാംസ്‌കാരിക പുരോഗതികളെ കൃത്യമായി പുതുതലമുറകള്‍ക്ക് വിലയിരുത്താനുള്ള ഉപാധിയായിട്ടാകണം അത്തരം സിനിമാ പ്രതിനിധാനങ്ങളെ കാണാന്‍. മൂടി വച്ചാല്‍ മറഞ്ഞു പോകുന്നതാണോ ചരിത്രം.
‘’ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’’ എന്ന സിനിമ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍, ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യബോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടതിയില്‍, അനാവരണം ചെയ്യുന്ന ഒരു കഥയായിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. ഇന്ത്യന്‍ പുരാണങ്ങള്‍ നിലനിന്ന ഒരു കാലത്തിലോ മൂല്യത്തിലോ അല്ല ഈ സിനിമ നിലനില്‍ക്കുന്നത്. രാജ്യത്തെ നിയമസംവിധാനങ്ങളുടെ പിന്തുണയില്‍ വിജയിച്ച് വരുന്ന ഒരു പെണ്‍കുട്ടിയുടെ കഥപറയുന്ന ഒരു സിനിമയാണ് ഇതെന്നാണ് സിനിമയുടെ ടീസറില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആ നിലയ്ക്ക് കേവലം പേരിന്റെ പേരില്‍ മാത്രം ഈ സിനിമയെ വിലക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ മതിയാവും എന്ന് തോന്നുന്നില്ല. രാവണപ്രഭു എന്ന സിനിമ രാവണനെ കളിയാക്കുന്നു എന്ന് പറഞ്ഞാല്‍, ആ പറച്ചിലിന്റെ പേരില്‍ മാത്രം ആ സിനിമയെ വിലക്കുക എന്നതല്ല നമ്മുടെ രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് നിയമങ്ങളുടെ ആത്യന്തിക ലക്‌ഷ്യം. സിനിമയുടെ സമഗ്രതയില്‍ വേണം സിനിമയെ വിലയിരുത്താന്‍ എന്നതിലെ ‘’സമഗ്രത’’ പ്രശ്നഭരിതമായ ഒരു പ്രയോഗമാണ്. Progressive ആയും Regressive ആയും ഒരു സിനിമയെ വിലയിരുത്താനുള്ള അപരിമിതമായ അധികാരമാണ് സെന്‍സര്‍ ബോര്‍ഡിന് ആ വാക്ക് നല്‍കുന്നത്. ഇവിടെയാണ് Progressive Human Sensibility നിര്‍ണ്ണായക ഘടകം ആകുന്നത്. സത്യാനന്തര സമൂഹങ്ങള്‍ Regressive Human Sensibilityയെ ആണ് ഉപയോഗപ്പെടുത്തുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യന്‍ ഭരണഘടനയിലൂടെ സഞ്ചരിക്കുമ്പോള്‍ അതിനകത്ത് സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉള്ള ഇന്ത്യയെന്ന ഒരു സങ്കല്‍പ്പം കാണാം. ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും വര്‍ഗ്ഗത്തിനും ഒക്കെ അതീതരായി ആളുകള്‍ സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു ജനാധിപത്യ പൗര സമൂഹത്തെയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത്തരമൊരു സമൂഹം ഒരു സാങ്കല്‍പ്പിക സമൂഹം (Imagined Community) തന്നെയാണ്. എന്നാല്‍ അത്തരമൊരു ലക്ഷ്യത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുക എന്നതാണ് ഭരണകൂടങ്ങളുടെയും പൗരന്മാരുടെയും കടമ. നമ്മുടെ നിയമനിര്‍മ്മാണ സഭകള്‍ക്കും ഭരണനിര്‍വ്വഹണ സഭകള്‍ക്കും നീതിന്യായ സംവിധാനങ്ങള്‍ക്കും ആ കടമയില്‍ നിന്നും ഒഴിവായി നില്‍ക്കാന്‍ കഴിയില്ല. ഭരണഘടനയുടെ മൂല്യബോധത്തില്‍ സിനിമകളെ വിലയിരുത്തുക എന്നതും ഭരണഘടന നമ്മളോട് ആവശ്യപ്പെടുന്ന കര്‍ത്തവ്യം തന്നെയാണ്.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്തുകളില്‍ ഒന്ന് വിവാഹ മോചനത്തിലേക്ക് എത്തുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നു എന്നതാണ്. വിവാഹ മോചനത്തിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് രണ്ടു കാര്യങ്ങള്‍ ആണ്. ഒന്ന് ദമ്പതികള്‍ക്കിടയില്‍ പരസ്പര വിശ്വാസത്തിലുള്ള സംഭാഷണം (Dialogue) ഇല്ലാതാകുന്നു എന്നതാണ്. മറ്റൊന്ന് ദമ്പതികള്‍ക്കിടയിലേക്ക് മൂന്നാം കക്ഷികള്‍ കടക്കുകയും അവരുടെ ബഹളത്തില്‍ ദമ്പതികളും അവരുടെ പ്രശ്നവും അപ്രസക്തം ആയിപ്പോകുന്നതാണ്. സെന്‍സര്‍ ബോര്‍ഡും അവര്‍ക്ക് മുന്‍പിലേക്ക് വരുന്ന സിനിമകളും തമ്മിലുള്ള ബന്ധം എന്നത് ദമ്പതികള്‍ക്കിടയിലുള്ള വൈകാരിക ബന്ധം പോലുള്ള ഒന്നാണ്. സിനിമ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് തുറന്ന മനസ്സോടെ കേള്‍ക്കണം. അപരനെ കേള്‍ക്കുക എന്നത് ഏറ്റവും ഉന്നതമായ ജനാധിപത്യ മൂല്യമാണ്. കേള്‍ക്കാന്‍ ആളില്ലാതായി പോകുന്ന ഏകാന്ത നിമിഷങ്ങളാണ് മനുഷ്യരെ ആത്മഹത്യയുടെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടാന്‍ പ്രേരിപ്പിക്കുന്നത്. ജാതി മത രാഷ്ട്രീയ സംഘടനകള്‍ ഉയര്‍ത്തുന്ന കോലാഹലങ്ങളില്‍ സെന്‍സര്‍ ബോര്‍ഡിനും സിനിമയ്ക്കും ഇടയിലുള്ള സംവാദം അവസാനിക്കുകയും യഥാര്‍ത്ഥ പ്രശ്നം, പ്രശ്നത്തിന് പുറത്തുള്ളവരുടെ ദയാദാക്ഷിണ്യത്തില്‍ മാത്രം പരിഹരിക്കപ്പെടുകയുള്ളൂ എന്ന ഗതികേടിലേക്ക് എത്തുകയും ചെയ്യുന്നു. ബഹളക്കാര്‍ അപ്രത്യക്ഷമാവുകയും ദമ്പതികള്‍ കുടുംബകോടതിയുടെ തിണ്ണ നിരങ്ങി കാലം കഴിക്കുകയും ചെയ്യുന്ന അതേ അവസ്ഥയാണ് കോടികള്‍ മുടക്കി പിടിച്ച സിനിമ റിലീസ് ചെയ്യാന്‍ കഴിയാതെ കോടതികള്‍ കയറി ഇറങ്ങേണ്ടി വരുന്ന സിനിമാക്കാരുടെ അവസ്ഥയും. സംവാദങ്ങള്‍ ഉണ്ടാകുകയും ആളുകള്‍ പരസ്പരം ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ജനാധിപത്യം എന്നത് വോട്ടെടുപ്പ് മാത്രമല്ല. അത് നമ്മുടെ ജീവിത രീതിയാണ്. അവിടെയാണ് ഫൂക്കോ പറഞ്ഞത് അന്വര്‍ഥം ആകുന്നത്. എല്ലാവരും അധികാരപ്രയോഗം നടത്തുന്നവര്‍ ആണ്. നമ്മുടെ ജനാധിപത്യബോധത്തിനും പ്രയോഗത്തിനും അകത്ത് നിന്നുകൊണ്ടാണ് നമ്മള്‍ ജനാധിപത്യത്തെ തന്നെ അളക്കുന്നതും മൂല്യം കല്‍പ്പിക്കുന്നതും എന്നത് ജനാധിപത്യത്തെ തന്നെ പ്രശ്നവല്‍ക്കരിക്കുന്നു. സെന്‍സറിംഗ് വിവാദങ്ങള്‍ അതുകൊണ്ട് തന്നെ നമ്മുടെ ജനാധിപത്യ ബോധത്തെയും നമ്മുടെ രാജ്യം ആര്‍ജ്ജിച്ച ജനാധിപത്യ ബോധത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണ്. രാജ്യം എന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല, അത് സാംസ്കാരികമായി കൂടി നിര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. ആ തലത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെന്ന ആശയത്തെ നമ്മള്‍ മാറ്റിപ്പണിയുന്നുവോ എന്ന് ശങ്കിക്കേണ്ടി ഇരിക്കുന്നു. കേവലം ഒരിനിഷ്യല്‍ കൊണ്ട് തീരാവുന്നത്ര ലളിതം ആയിരുന്നു പ്രശ്നം എങ്കില്‍ തീര്‍ച്ചയായും സിനിമയുടെ പേരിനെ, പുതിയൊരു മൂല്യബോധത്തിലേക്ക് സമൂഹത്തെ നയിക്കാനുള്ള വഴിയായി സ്വീകരിക്കുന്നു എന്ന് മാത്രം കരുതാനേ കഴിയൂ. അമേരിക്കയിലെ വര്‍ണ്ണവെറിയുടെ കാലത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരെ ലിഞ്ചിങ്ങിന് വിധേയര്‍ ആക്കിയത് കേവലം അവരെ കൊല്ലുകയോ ശിക്ഷിക്കുകയോ ചെയ്യാന്‍ വേണ്ടി മാത്രം ആയിരുന്നില്ല മറിച്ച് വെള്ളക്കാരുടെ അധീശത്തം ഉറപ്പിക്കാനും അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്നുറപ്പിച്ച് പറയാനും ആയിരുന്നു എന്ന തത്വം ആഗോളതലത്തില്‍ പ്രയോഗിക്കുന്ന ഒരു സാമൂഹ്യനിയന്ത്രണ മാര്‍ഗ്ഗം ആണ്. യാതൊരു ബലപ്രയോഗവും കൂടാതെ സമൂഹം അധീശവര്‍ഗ്ഗ താല്‍പ്പര്യങ്ങളെ തിരിച്ചറിയുകയും അതിനോട് പൂരകമായി പ്രതികരിക്കുകയും ചെയ്യും.


