തെയ്യം നവീകരിക്കപ്പെടണം, വിശ്വാസികളും
കണ്ണൂർ ചിറക്കലിൽ നടന്ന പെരുങ്കളിയാട്ടത്തിൽ 14 വയസ്സുകാരൻ തീച്ചാമുണ്ഡി തെയ്യം കെട്ടിയതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പൊതുസമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും നടന്നുവരികയാണ്. വിശ്വാസത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നവരും മറുവശത്ത് ബാലാവകാശ ലംഘനമാണെന്ന് അഭിപ്രായപ്പെടുന്നവരും ഒരുപോലെ തങ്ങളുടെ വാദങ്ങൾ ഉയർത്തിപ്പിടിക്കുന്നു. തെയ്യം അനുഷ്ഠാനം നവീകരിക്കപെടണമെന്നും തീച്ചാമുണ്ഡി പോലുള്ള തെയ്യങ്ങൾ നിർത്തലാക്കണമെന്നുമുള്ള അഭിപ്രായങ്ങൾ വരെ വിവിധ കോണുകളിൽ നിന്ന് വരുന്നുണ്ട്. തെയ്യം ഗവേഷകനും മുൻ കോലധാരിയുമായ ഡോ. വൈ വി കണ്ണൻ, അധ്യാപകനും കോലധാരിയുമായ വേണുഗോപാലൻ പണിക്കർ, സാംസ്കാരിക പ്രവർത്തകനായ സതീശൻ മൊറാഴ എന്നിവർ ഈ വിഷയത്തെ മുൻനിർത്തി ദ മലബാർ ജേർണലിനോട് അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.
സതീശൻ മൊറാഴ: 14 വയസ്സുകാരൻ തീച്ചാമുണ്ഡി കെട്ടിയാടിയത് നിയമപരമായി കുറ്റകരമാണ്. കാരണം ഇന്ത്യയിൽ ബാലാവകാശ നിയമങ്ങൾ വളരെ ശക്തമാണ്. കുട്ടികൾക്ക് കുട്ടികളുടേതായ അവകാശങ്ങളുണ്ട്. അവർക്ക് പഠിക്കേണ്ട പ്രായമാണ്. കളിച്ചു നടക്കേണ്ട പ്രായമാണ്. ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ ഇത്തരം അനുഷ്ഠാനങ്ങളിലേക്കും ആചാരങ്ങളിലേക്കും എന്ത് വിശ്വാസത്തിന്റെ ഭാഗമായാലും വലിച്ചിഴയ്ക്കരുത്. കാരണം സ്വയം തെരഞ്ഞെടുക്കാൻ ശേഷി ഇല്ലാത്ത ഒരു പ്രായമാണ് 14 വയസ്സ് എന്നൊക്കെ പറയുന്നത്. ഈ ഘട്ടത്തിൽ സ്വാഭാവികമായും അവർക്ക് ഭരണഘടനാപരമായി കിട്ടുന്ന പരിരക്ഷ ഉണ്ട്. ആ പരിരക്ഷയാണ് ബാലാവകാശ നിയമം എന്നുപറയുന്നത്. അതിന്റെ പച്ചയായ ലംഘനമാണ് ഇവിടെ നടന്നതും.
വേണുഗോപാലൻ പണിക്കർ: ഇതിന് രണ്ട് തലങ്ങളുണ്ട്. ഒന്ന് വിശ്വാസത്തിന്റെ തലം. അതായത് തെയ്യം തെയ്യക്കാരന്റെ കേവല ശാരീരിക പ്രകടനം അല്ല എന്ന നിലയിൽ നോക്കിയാൽ അഞ്ചുവയസുകാരൻ കെട്ടിയാലും അൻപതുവയസ്സുകാരൻ കെട്ടിയാലും അത് ഒരുപോലെ തന്നെയാണ്. എന്നാൽ വിശ്വാസത്തിന്റെ ഭാഗമായാണ് നിങ്ങളതിനെ നോക്കുന്നതെങ്കിൽ വയസ്സിതിലൊരു ഘടകം ആവുന്നില്ല. മറിച്ച്, ഒരു ശാരീരിക പ്രകടനമായാണ് തെയ്യത്തെ കാണുന്നതെങ്കിൽ നിശ്ചയമായും ഞാനതിന് എതിരാണ്. കാരണം ചെറിയ കുഞ്ഞാണ്. അവനത് സഹിക്കാനുള്ള ത്രാണി ഇല്ല. പക്ഷേ നിശ്ചയമായും തെയ്യത്തിന്റെ ഭാഗമാണെങ്കിൽ അവനിലേക്ക് ആ തെയ്യത്തിന്റെ ഒരു ഉപാസനാ ശക്തി ഉണ്ടെങ്കിൽ വയസ്സ് ഒരു പ്രധാന ഘടകമേ അല്ലല്ലോ. ഈ തരത്തിൽ വിശ്വാസത്തിന്റെ തലത്തിൽ നോക്കി കാണുമ്പോൾ ഞാനതിൽ തെറ്റൊന്നും കാണുന്നില്ല. നിശ്ചയമായും അതിനേക്കാൾ ചെറിയ പ്രായത്തിൽ പത്തോ പതിമൂന്നോ വയസ്സുള്ള കുട്ടികൾ വരെ തെയ്യവും കെട്ടിയതായ ചരിത്രം ഉണ്ട് ധാരാളം. തെയ്യം കെട്ടുന്നതിന്റെ മാനദണ്ഡം ഒരിക്കലും വയസ്സല്ല, മറിച്ച് അതിനു പ്രാപ്തി ഉണ്ടോ എന്നതാണ്. പ്രാപ്തി കൈവരിക്കുന്നത് നമ്മുടെ ഉപാസനാ ശേഷിയിലൂടെയാണ്. അതല്ലാതെ ശാരീരിക ക്ഷമതയുടെ കാര്യത്തിൽ നോക്കുകയാണെങ്കിൽ നിശ്ചയമായും ചെറിയ കുഞ്ഞാണ്, ഇത്രയും പ്രാവശ്യം തീയിലേക്ക് വീഴാനുള്ള ശാരീരിക ക്ഷമത അവന് കുറവുണ്ടാകും.
സതീശൻ മൊറാഴ: ചെറുജന്മാവകാശം എന്നൊരു ക്രമം ഇതിനകത്തുണ്ട്. അതായത് ഒരു തെയ്യക്കാരൻ ആഗ്രഹിച്ചാലും ഇതിൽനിന്നും വിട്ടുവരാൻ കഴിയാത്ത വിധത്തിൽ ഫ്യൂഡലായ ഒരു ക്രമം ഇതിന്റെ പിന്നിലുണ്ട്. അതിപ്പോഴും നിലനിൽക്കുന്നുണ്ട്. ചിറക്കലിലെ ഈ വിഷയത്തിൽ തന്നെ ആ തറവാട്ടിൽ നിന്നുതന്നെ ഒരു കോലധാരി ഉണ്ടാവണം എന്ന് ഒരു ജോത്സ്യൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ പതിനാലു വയസ്സുകാരനെ കുരുതി കൊടുത്തത്. ചെറുജന്മാവകാശം എന്ന ഏറ്റവും ആന്റി ഹ്യൂമണായ സമ്പ്രദായം ആധുനിക കാലത്തും നിലനിൽക്കേണ്ട ഒന്നല്ല. ചെറുജന്മാവകാശം തൊഴിൽ അടിസ്ഥാനത്തിൽ നിലനിന്നുപോന്ന ഒന്നാണ്. ഓരോ തൊഴിലെടുക്കുന്നവർക്കും അവരുടേതായ അവകാശങ്ങളുണ്ട്. അതാണ് ചെറുജന്മാവകാശം. അത് പ്രത്യക്ഷത്തിൽ നിലനിൽക്കുന്നത് ഇന്ന് തെയ്യത്തിൽ മാത്രമാണ്. ചെറുജന്മാവകാശ പ്രകാരം തൊഴിലെടുക്കുന്ന എല്ലാ കുലത്തൊഴിലുകാരും കുലത്തൊഴിലുകൾ ഉപേക്ഷിച്ചുകഴിഞ്ഞു. ആധുനികമായി അതിനെ പരിഷ്കരിച്ചുകഴിഞ്ഞു. പക്ഷെ തെയ്യം എന്ന ഒരു അനുഷ്ഠാനത്തിൽ ഇടപെടുന്ന തൊഴിൽ കുടുംബങ്ങൾ മാത്രമാണ് ഇപ്പോഴും ഇതിന്റെ പിന്നിൽ നിൽക്കേണ്ടി വരുന്നത്. അതിൽ ഈ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട വലിയൊരു ഘടകം ഉണ്ട്. അതായത് മറ്റേതൊരു തൊഴിലുപോലെയോ ആശാരിപ്പണിയോ കൊല്ലപ്പണിയോ കേവലമൊരു സാമൂഹ്യമായ മാറ്റങ്ങൾക്കനുസരിച്ചു പരിഷ്കരിക്കാവുന്ന ഒരു തൊഴിൽ എന്നതിനപ്പുറത്ത് വിശ്വാസവുമായും പാരമ്പര്യവുമായൊക്കെ ബന്ധിപ്പിച്ച് കെട്ടിയിടപ്പെടുന്ന ഒരു സ്വഭാവം ഇതിനുണ്ട്. അതുകൊണ്ടാണ് ഒരു ജോത്സ്യന്റെ വാക്കു കേട്ട് തന്റെ 14 വയസ്സുള്ള ഒരു കുട്ടിയെ ഈ തീയിലേക്കെറിയാൻ ഒരു അച്ഛനും അമ്മയും നിർബന്ധിതരാവുന്നത്. അതുകൊണ്ട് ചെറുജന്മാവകാശം എന്ന ജനാധിപത്യ വിരുദ്ധമാണ്, സാമൂഹ്യ വിരുദ്ധമാണ്. അത് ഇല്ലാണ്ടാവേണ്ടതാണ്.
വേണുഗോപാലൻ പണിക്കർ: ഓരോ തെയ്യക്കാരനും ഓരോ തെയ്യവുംഅഭിമാനമാണ് . തെയ്യക്കാരൻ ഒരിക്കലും അതിനു നിർബന്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. വളരെ അപൂർവ്വം കേസുകളിൽ മാത്രമേ നിർബന്ധിപ്പിക്കപ്പെട്ട് തെയ്യം കെട്ടാറുള്ളു. അത് ശാരീരികാവശത ഉള്ളപ്പോൾ മറ്റൊരാൾ ചെയ്യാനില്ലാത്ത ഒരു ഘട്ടം വരുമ്പോൾ മാത്രമാണ്. അതല്ലാതെ സാമ്പത്തിക പരാധീനത കൊണ്ട് നിർബന്ധിക്കപ്പെട്ട് തെയ്യം കെട്ടുന്നവർ ആരും ഇല്ല. പൂർണ്ണമായും ആത്മസംതൃപ്തിയ്ക്ക് വേണ്ടിയാണ് ഞങ്ങളുടെയൊക്കെ പൂർവികന്മാർ തെയ്യം കെട്ടിയിരുന്നത്. സാമ്പത്തികലാഭത്തിനായിരുന്നെങ്കിൽ അവരെല്ലാം പണ്ടേ പണക്കാരായേനേ. ഈ സമൂഹത്തിലെ മറ്റുനിലയിലുള്ള എല്ലാ ആൾക്കാരുമായിട്ടുള്ള സാമൂഹ്യ പരിതസ്ഥിതിയിലേക്ക് അവരും മാറി വന്നേനെ. അതുണ്ടായിട്ടില്ല. കാരണം സാമ്പത്തിക ലാഭമല്ല ഇതിന്റെ പ്രധാന ഘടകം. സാമ്പത്തിക ലാഭം ഇല്ലാത്തിടത്തോളം കാലം ഈ പറയുന്ന നിർബന്ധ ബുദ്ധിയുടെ ആവശ്യം ഇല്ലല്ലോ. നമ്മൾ ആത്മാർപ്പണമായി ചെയ്യുകയാണെങ്കിൽ നിർബന്ധത്തിന്റെ ഘടകം വരുന്നില്ലല്ലോ അതിൽ. അഥവാ നിർബന്ധിക്കപ്പെടുന്നുണ്ടെങ്കിൽ ഞങ്ങളുടെ പൂർവികന്മാർ, ഈ നടന്നുവന്ന തലമുറ ഒക്കെ നടത്തിക്കൊണ്ടുവന്ന ആചാരക്രമം ഞാനായിട്ട് നിർത്താൻ പാടില്ല എന്ന നിർബന്ധപ്പെടലിനു വിധേയമായി ചിലരൊക്കെ തെയ്യം കെട്ടുന്നുണ്ട്. അതല്ലാതെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ആരും തെയ്യം കെട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.
Photo: Prasoon Kiran
സതീശൻ മൊറാഴ: സ്വയം തയ്യാറാവുക എന്നത് പക്വതയുള്ള ഒരു മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അപക്വമായൊരു മനസ്സും അപക്വമായൊരു ചിന്തയും അപക്വമായൊരു ശരീരവുമുള്ള ഒരു മനുഷ്യന് സ്വയം തീരുമാനമെടുക്കാൻ അവകാശമില്ല. അതുകൊണ്ടാണല്ലോ വോട്ടവകാശത്തിനുപോലും പ്രായം നിശ്ചയിക്കപ്പെടുന്നത്. അനുഷ്ഠാനങ്ങൾക്കും അത് പ്രധാനമാണ്. അതുകൊണ്ട് പട്ടും വളയ്ക്ക് വേണ്ടിയുള്ള ഒരു സ്വയം സമർപ്പിതമായ കാര്യമാണ് ഇത് എന്നു പറയാൻ പറ്റില്ല. ഇതൊരു കുഞ്ഞാണ്, ആ കുഞ്ഞിന് സ്വയം നിർണയത്തിനുള്ള പ്രായമോ, നിയമപരമായ അവകാശമോ ഇല്ല.
ഡോ. വൈ വി കണ്ണൻ: സാമൂഹിക സമ്മർദത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള തെയ്യങ്ങൾ കെട്ടാൻ തെയ്യക്കാരൻ നിർബന്ധിതനാകുന്നത്. അല്ലാതെ സ്വയം തയ്യാറാകുന്നതല്ല. ഇത് മഹത്തായ കലാരൂപമാണ് എന്ന കാര്യത്തിൽ തർക്കമില്ല. നൃത്തവും വാദ്യവും തോറ്റൻപാട്ടും ശില്പവും എല്ലാം ചേരുന്ന തെയ്യം ഗംഭീരമായൊരു കലാരൂപമാണ്. അതോടൊപ്പം അതിൽ അന്ധവിശ്വാസങ്ങൾ ഉണ്ടാകാം, സാമൂഹ്യ വിരുദ്ധമായ ചില കാര്യങ്ങളുണ്ടാകാം, ഒരുപരിഷ്‌കൃത സമൂഹത്തിനു യോജിക്കാത്ത കുറേയധികം ഘടകങ്ങൾ ഉണ്ടാകാം. കാരണം ഇത് മനുഷ്യന്റെ ചരിത്രത്തിന്റെ ഭാഗമായി വന്നതാണ്. തെയ്യത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അമ്പതുകൊല്ലം മുമ്പ് കണ്ട തെയ്യമല്ല ഇന്ന് കാണുന്ന തെയ്യം. വേഷത്തിലും തോറ്റം പാട്ടിലുമെല്ലാം മാറ്റം വന്നു.
തെയ്യത്തിൽ കലയില്ലാതെ തെയ്യമില്ല. ഇടക്കാലത്ത് നമ്മളിതെല്ലാം അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളിയതുകൊണ്ടാണ് നമ്മളിതെല്ലാം പഠിക്കാൻ മറന്നുപോയത്. ഇതിൽ പഴയ പല ചിന്താധാരകളുടെയും സ്വാധീനം കാണാം. ദ്രാവിഡം, ബുദ്ധം, ജൈനം തുടങ്ങിയ ദർശനങ്ങളുടെയൊക്കെ സ്വാധീനം അതിലുണ്ട്. ഒരു മനുഷ്യനെ ദേവർ തന്നെയാക്കി മാറ്റുന്ന ഉജ്വലമായൊരു മഹത്വം തെയ്യത്തിനുണ്ട്. തെയ്യത്തിനെ സമഗ്രമായി കാണാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. തെയ്യം നടത്തിപ്പിൽ വരുന്ന പാളിച്ചകളാണ് കുട്ടികളെക്കൊണ്ട് തെയ്യം കെട്ടിക്കുക എന്നത്.
സതീശൻ മൊറാഴ: ഒരു മനുഷ്യനെയാണ് നമ്മൾ തീയിലിട്ട് ചുട്ടെടുക്കുന്നത്. സ്വാഭാവികമായും തീ എന്ന് പറയുന്നത് അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒന്നല്ല. തീയ്‌ക്ക് തീയുടേതായ സ്വഭാവമുണ്ട്. അതിന് ആളെ പൊളിക്കാം, ഭൂമിയെ കത്തിക്കാം, ലോകത്തെ കത്തിക്കാം. ഇതിനൊക്കെ ശേഷി ഉള്ള ഒന്നാണ് തീ എന്ന് പറയുന്നത്. ആ തീ ഉള്ളിലെത്തിയാലും പുറത്തെത്തിയാലും തീ തീയാണ്. അവിടെ ദൈവമോ മനുഷ്യനോ എന്നൊന്നുമില്ല. സ്വാഭാവികമായി തീയെ സമീപിക്കുന്ന ഏതൊരു മനുഷ്യനും, തീയുമായി ബന്ധപ്പെടുന്ന ഏതൊരു തൊഴിൽ ചെയ്യുന്ന ആൾക്കും ഒരു അപകട സാധ്യത ഉണ്ട്. അപ്പോൾ അതൊട്ടും ആശ്വാസ്യമല്ല. അത് കുറേക്കൂടി കാലഹരണപ്പെട്ട രീതിയാണ്. അത് പരിഷ്കരിക്കപ്പെടേണ്ട ഒന്നാണ്.
Photo: Prasoon Kiran
ഡോ. വൈ വി കണ്ണൻ: മുതിർന്നവർ കെട്ടുമ്പോൾ തന്നെ തീച്ചാമുണ്ഡി അപകടകരമാണ് എന്നതാണ് എന്റെ അഭിപ്രായം. തീച്ചാമുണ്ഡി കെട്ടിയവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ചാൽ തന്നെ അതിന്റെ കാരണം വ്യക്തമാകും. അത്തരത്തിലുള്ള പഠനം ആരും നടത്തിയിട്ടുമില്ല. മുമ്പ് തുച്ഛമായ കൂലിയും കൊടുത്ത് യുവാക്കളെ തീയിലിട്ട് വലിക്കലായിരുന്നു. അതുകൊണ്ടാണ് ഞാനിത് നിരോധിക്കണം എന്ന് പറയുന്നത്. റിസ്കുള്ള മറ്റൊരു തെയ്യം കണ്ഠകർണ്ണൻ ആണ്. പക്ഷേ കണ്ഠകർണ്ണൻ കെട്ടുന്നയാൾക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം ഉണ്ട്. മറ്റു തീക്കോലങ്ങൾ നോക്കിയാൽ, പൊട്ടൻ തെയ്യം, പന്തം വെച്ച ഭഗവതിമാർ തുടങ്ങിയ തെയ്യം കെട്ടുന്ന ആൾക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഒറ്റക്കോലത്തിനില്ല. ഒരാളെ തീയിലിട്ട് വലിക്കുന്നതിൽ ഒരു കലയും ഇല്ല. അത് അനുഷ്ഠാനത്തിന്റെ പേരിൽ നടക്കുന്ന വെറും സാഡിസമാണ്. ഈ രീതി മാറണമെങ്കിൽ അതത് വിഭാഗത്തിലെ ചെറുപ്പക്കാർക്ക് തോന്നണം. ആ വിഭാഗത്തിന് അങ്ങനെ ഒരു ബോധവൽക്കരണം വേണം.
വേണുഗോപാലൻ പണിക്കർ: ഇത്തരം അനുഷ്ഠാനങ്ങൾ നിർത്തലാക്കപ്പെടണമെന്നുള്ള അഭിപ്രായം എനിക്കില്ല. പക്ഷേ നവീകരിക്കപ്പെടണം. നവീകരിക്കപ്പെടുക എന്നത് രൂപഭാവങ്ങളിലോ അനുഷ്ഠാനക്രമങ്ങളിലോ അല്ല. നവീകരിക്കപ്പെടേണ്ടത് കാഴ്ചക്കാരായ ഭക്തരുടെ മനസ്സിലാണ്. കാരണം തെയ്യത്തെ നൂറു പ്രാവശ്യം വീണാലേ തെയ്യമായി അംഗീകരിക്കാൻ കഴിയൂ എന്ന മനഃസ്ഥിതിയാണ് മാറേണ്ടത്. അതിനു പകരം തെയ്യം തെയ്യത്തിനിഷ്ടമുള്ള തവണ തീയിൽ വീഴട്ടേ, രണ്ട് പ്രാവശ്യമായാലും, അഞ്ച് പ്രാവശ്യമായാലും, പത്ത് പ്രാവശ്യമായാലും മതി എന്ന് പറയുന്ന തലത്തിലേക്ക് തെയ്യം കാഴ്ചക്കാരും, ക്ഷേത്രക്കമ്മറ്റിക്കാരും നാട്ടുകാരും മാറി കഴിഞ്ഞാൽ ഈ തെയ്യത്തിന്റെ രീതിയേ മാറും. ഒറ്റക്കോലം മത്സരമായി നടത്താതെ ഒറ്റക്കോലമായി നടത്തൂ. തെയ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളായ അള്ളട സ്വരൂപത്തിലൊക്കെ തെയ്യം ഇപ്പോഴും വളരെ കുറച്ചു പ്രാവശ്യം മാത്രമേ തീയിൽ വീഴുന്നുള്ളു. അതൊക്കെ അതിന്റെ ചടങ്ങുകളാണ്. പക്ഷേ അതിനപ്പുറം ഇതിനെ ഒരു മത്സരഭാവത്തിൽ കാണുമ്പോൾ തീർച്ചയായും അതിൽ ഈ തരത്തിലുള്ള നവീകരണം ആവശ്യമുണ്ട്. അതായത് നവീകരണം തെയ്യക്കാരുടെ ഭാഗത്തുനിന്നല്ല വേണ്ടത് നിശ്ചയമായും നടത്തിപ്പുകാരുടെ ഭാഗത്തുനിന്നാണ് അല്ലെങ്കിൽ കാഴ്ചക്കാരുടെ ഭാഗത്തുനിന്നാണ്.
ഡോ. വൈ വി കണ്ണൻ: തെയ്യംകെട്ടുന്ന വിഭാഗത്തിൽപെട്ട ആളുകൾ ആ മേഖലയിലേക്ക് തന്നെ തളച്ചിടപ്പെടുന്ന ഒരു സാമൂഹിക സാഹചര്യം നിലവിലുണ്ട്. സ്വന്തമായി ഒരു കൈത്തൊഴിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒരു ജോലിക്കോ പോകണം എന്നത് നിർബന്ധമില്ലാത്തിടത്തോളം കാലം, അത് സ്വയം തോന്നാത്തിടത്തോളം കാലം ഈ സാമൂഹിക അടിമത്വം നിലനിൽക്കും
സതീശൻ മൊറാഴ: ഒരു ജനാധിപത്യ സമൂഹത്തിൽ ജനാധിപത്യമാണ് കാര്യങ്ങൾ നിർണയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അപ്പോൾ തെയ്യത്തിൽ നവീകരണങ്ങൾ ഉണ്ടാക്കാൻ തെയ്യക്കാർ വിചാരിച്ചാൽ സാധ്യമാകും. ഞാനത് ചെയ്യില്ല എന്ന് തെയ്യക്കാർ വിചാരിക്കണം. പക്ഷേ തെയ്യക്കാർക്ക് അതിനുള്ള ബൗദ്ധിക ശേഷി അല്ലെങ്കിൽ മറ്റു രീതിയിലുള്ള സാമൂഹ്യമായ ശേഷി അല്ലെങ്കിൽ സാമൂഹികമായ ശേഷി ഇന്നില്ല. നമ്മൾ ഈ നാട്ടിൽ ഉണ്ടാക്കിയ മാറ്റങ്ങളത്രയും ജനാധിപത്യ ഇടപെടലിലൂടെയാണ്. മാറുമറക്കാനുള്ള അവകാശം നേടിയെടുത്തത്, വഴി നടക്കാനുള്ള അവകാശം നേടിയെടുത്തത് എല്ലാം ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണ്. അപ്പോൾ ജനാധിപത്യ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റാൻ ഇനി കഴിയുകയുള്ളു. അല്ലെങ്കിൽ ഒരു തൊഴിലിടത്തിൽ ന്യായമായി കിട്ടേണ്ട അവകാശങ്ങൾ എന്ന അർത്ഥത്തിൽ ഈ തൊഴിലുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾക്ക് മുന്നോട്ട് വരം. അതിനുള്ളൊരു സാഹചര്യം നിലവിലില്ല. അപ്പോൾ ജനാധിപത്യ സമൂഹം മുന്നോട്ട് വന്ന് നിയമപരമായിത്തന്നെ ഏത് ഇല്ലാണ്ടാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
Photo: Jyothir Kumar
ഡോ. വൈ വി കണ്ണൻ: തെയ്യക്കാരുടെ ഉന്നമനത്തിനായാണ് മലബാർ ഏരിയ തെയ്യം ആർട്ടിസ്റ്റ് അസോസിയേഷൻ ( MATHAA ) എന്ന പേരിൽ എന്ന ഒരു സംഘടനയ്ക്ക് രൂപം കൊടുത്തിരുന്നു.ഞാനതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. അതിൽ ഈ വിഷയങ്ങളൊക്കെ നമ്മൾ ചർച്ച ചെയ്തിരുന്നു. കർക്കടകോത്തി, ഓണത്താർ എന്നൊക്കെ പറഞ്ഞ് കുട്ടികളെ തെയ്യം കെട്ടിച്ച് വീടുകളിലേക്കയക്കാറുണ്ട്. കാണുന്നവർക്ക് കുഞ്ഞിത്തെയ്യം ഓമനത്തമുള്ളത് തന്നെ. എന്നാൽ കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുക എന്ന നയം അതിന്റെ പിന്നിലുണ്ട്. അഞ്ചു വയസ്സുമുതൽ ഇത്തരം തെയ്യങ്ങൾ കെട്ടാൻ തുടങ്ങും, ഞാൻ അഞ്ചാം വയസ്സിൽ കെട്ടിയിട്ടുള്ള ആളാണ്. ബേസിക്കലി തെയ്യം കുറേയധികം വേദന സഹിക്കേണ്ട മേഖലയാണ്. ചെറുപ്പം മുതൽ തലപ്പാളിയൊക്കെ വെച്ചുകെട്ടി മുറുക്കുമ്പോളുള്ള തലവേദനയെല്ലാം അവനുണ്ടാകും. സ്വാഭാവികമായും തെയ്യത്തിന്റെ വഴിക്ക് അവരെ കൊണ്ടുവരാൻ ചെറുപ്പത്തിലേ പിടികൂടുന്നതിലൂടെ സാധിക്കുന്നു. കുലത്തൊഴിൽ പഠിക്കുന്ന എല്ലാ മേഖലയും പണ്ടുമുതലേ അങ്ങനെ ആയിരുന്നു. അതിൽ നിന്ന് പുറത്തുകടക്കണമെന്ന ഇച്ഛാശക്തി രക്ഷകർത്താക്കൾക്കുൾപ്പെടെ വേണം.
വേണുഗോപാലൻ പണിക്കർ: ഈ വിഷയത്തെ മുൻനിർത്തി സോഷ്യൽ മീഡിയകളിൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുന്നത് ഈ സമൂഹമാണ്. തെയ്യത്തെ ദൈവമായി കണക്കുകൂട്ടുന്നവരുടെ മനസ്സിലേക്ക് ഈ ഒരു ചിന്തയും വന്നിട്ടേ ഇല്ല. ഇതിന്റെ പിറകിലൊരു ചിന്താ രാഷ്ട്രീയമുണ്ട്. ഈ ആശയ രാഷ്ട്രീയത്തിന്റെ ഭാഗമായി അതിനെ വിമർശിക്കാൻ കൃത്യമായ അജണ്ടയോടുകൂടെ ഇറങ്ങിപ്പുറപ്പെട്ടവരാണ് ഇതിനെ വലിയൊരു വിവാദമായി മാറ്റിയിട്ടുള്ളത്. അതിന്റെ പിറകിൽ ഒരുപാട് ലോബികളുണ്ട്. കാവുമായി ബന്ധപ്പെടുന്ന കൗളാചാര ക്രമത്തിന്റെ ഭാഗമാണ് തെയ്യം എന്നുപറയുന്നത്. ആധുനിക സമൂഹത്തിന് വളരെ അപരിഷ്‌കൃതമെന്ന് തോന്നുന്ന ഒരുപാട് ഘടകങ്ങൾ ഇതിലുണ്ടാകാം. പക്ഷേ കുലാചാരത്തിന്റെ ഭാഗമായി പഴയ രീതിയിലുള്ള ആരാധനാ ക്രമത്തിന്റെ ദ്രാവിഡ ജീവിത ക്രമത്തിന്റെ ഭാഗമായി ഡെവലപ്പ് ചെയ്ത് വന്ന പ്രത്യേക ആരാധനാ സമ്പ്രദായമാണ് തെയ്യം. അതിൽ മദ്യം ഉണ്ടാകാം, കോഴി ഉണ്ടാകാം, ബലിക്രിയകൾ ഉണ്ടാകാം. ഇതൊന്നും ഈ സമൂഹത്തിന് അംഗീകരിക്കാൻ പറ്റില്ല. ഇതൊക്കെ തെറ്റാണെന്നും ഇതേ കർമങ്ങൾ മറ്റൊരു തരത്തിൽ ഒരു വേദിക് കോൺസെപ്റ്റോടുകൂടി ചെയ്യുന്നതാണ് ശരി, ഞാനൊരു വെജിറ്റേറിയനാണെന്നു പറയുമ്പോൾ മഹിമ കൂടുന്നതുപോലെയുള്ള കുറച്ചു ആൾക്കാരാണ് ഇതിന്റെ പിറകിൽ. അല്ലെങ്കിൽ ഇത്തരത്തിലുള്ള എല്ലാ ആചാരങ്ങളും നിർത്തിവെച്ചു കഴിഞ്ഞാൽ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വളരെ എളുപ്പമാവും എന്ന് കരുതുന്ന ചില രാഷ്ട്രീയ ബുദ്ധിജീവികളുടെ, അല്ലെങ്കിൽ സാമൂഹിക മാറ്റത്തിനൊക്കെ വളരെയധികം ചുക്കാൻ പിടിക്കുന്നു എന്ന് കരുതുന്ന ചില സാമൂഹ്യപ്രവർത്തകരുടെയൊക്കെ അധമ മനസ്സിൽ നിന്നാണ് ഇത്തരത്തിലുള്ള വിവാദങ്ങൾ ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ മാനുഷിക പരിഗണനയാണ് തെയ്യക്കാരന് കൊടുക്കുന്നതെങ്കിൽ ഈ കൊറോണ കാലത്ത് തെയ്യക്കാരനുഭവിച്ച ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കാനായി ഇതിൽ നിന്ന് എത്രപേർ മുന്നോട്ടുവന്നിട്ടുണ്ട് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നരബലി നടത്തിയ പോലെ നിങ്ങൾ കൊട്ടിഘോഷിക്കുന്ന ഈ പറയുന്ന കാവധികാരികളാണ് ആയിരം രൂപയെങ്കിലും അവർക്ക് കൊണ്ടുനൽകിയത്. ഞാനുമൊരു തെയ്യക്കാരനാണ്. മറ്റൊരു കാര്യം, ഈ പറയുന്ന ഏതെങ്കിലുമൊരു സാമൂഹിക പരിഷ്കർത്താവിന്റെ വീട്ടിൽ നിന്നും ഏതെങ്കിലും ഒരു തെയ്യക്കാരന് പെൺകുട്ടികളെ കല്യാണം കഴിച്ചുകൊടുക്കാൻ തയ്യാറാകുമോ? ഇല്ല. കാരണം ജാതീയമായ ഒരു സ്പർദ്ധ കാത്തുസൂക്ഷിക്കുന്നവരാണ് നമ്മളൊക്കെ. തെയ്യക്കാരനെന്നും തെയ്യക്കാരനായി നിലനിൽക്കുക എന്ന ആവശ്യമുള്ള ഒരു വിഭാഗം ഇന്നും നിലനിൽക്കുന്നുണ്ട്.
Photo: Prasoon Kiran
സതീശൻ മൊറാഴ: സോഷ്യൽ മീഡിയ എന്നുപറയുന്നത് ആധുനിക ജനാധിപത്യ സമൂഹത്തിലെ ഏറ്റവും ശക്തമായ പ്രതികരണ ശേഷിയുള്ള ഒരിടമാണ്. അവിടെ ആളുകൾ സത്യസന്ധമായ കാര്യങ്ങൾ പറയുന്നു. അതിനെ ആ രീതിയിലാണ് കാണേണ്ടത്. അതൊട്ടും നെഗറ്റീവ് അല്ല. വളരെ പോസിറ്റീവ് ആണ്. കാരണം സമൂഹത്തെ കുറേക്കൂടി ക്രീയേറ്റീവ് ആക്കാൻ സോഷ്യൽ മീഡിയ ഉപയോഗപ്രദമായ ഒന്നാണ്.
ബാലാവകാശ വിഷയം മാത്രമല്ല. അതിനപ്പുറത്തേക്ക് മനുഷ്യാവകാശം എന്ന വലിയൊരു പ്രശ്നം കൂടിയുണ്ട്. ഒരുകാലത്ത് പാലമുറക്കാൻ വേണ്ടിയും റോഡ് പണിതാൽ പൊട്ടിപ്പോവാതിരിക്കാൻ വേണ്ടിയും ചിറയുറക്കാൻ വേണ്ടിയും ഒക്കെ ആളുകളെ കുരുതി കൊടുത്തിരുന്നു. അത് പ്രായപൂർത്തിയായ മനുഷ്യരെ ആയിരുന്നു. അതായത് മനുഷ്യൻ എന്ന സ്വത്വത്തിന് ഭൂമിയിൽ അതിന്റേതായ അവകാശങ്ങളുണ്ട്. അത് ഒരു ജനാധിപത്യ സമൂഹത്തിൽ നിയമപരമായി തന്നെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതുകൊണ്ട്, ചെറിയവനായാലും വലിയവനായാലും പാരമ്പര്യത്തിന്റെ പിന്തുടർച്ച കാത്തുസൂക്ഷിക്കുക അല്ലെങ്കിൽ പാരമ്പര്യം അനുഷ്ഠിക്കേണ്ടത് നിന്റെ അവകാശമാണ് എന്ന് അവനെ പറഞ്ഞു പഠിപ്പിക്കുന്നു. ശരീരം വളർന്നുവെങ്കിലും മനസ്സ് പാരമ്പര്യത്തിൽ ഉടക്കിയ നിൽക്കുന്ന ഒരു ചെറു മനുഷ്യൻ ആണ് പലപ്പോഴും എല്ലാ അനുഷ്ഠാനങ്ങളിലും ഉൾപ്പെടുന്ന ആളുകൾ. അതിനാൽ ഇതൊരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ്. കാരണം ഒരു മനുഷ്യന്റെ ശരീരത്തിന് താങ്ങവുന്ന ചൂടിന് ഒരു പരിധിയുണ്ട്. ആ ചൂടിനപ്പുറത്ത് ഒരു മനുഷ്യശരീരത്തിനും താങ്ങാൻ പറ്റില്ല. അതിനപ്പുറത്തേക്ക് തങ്ങുമ്പോൾ സ്വാഭാവികമായും അവൻ രോഗിയായി മാറും. അതിനൊരു സാഹചര്യം ഉണ്ടാകരുത് എന്നതാണ് എന്റെ അഭിപ്രായം.
ഡോ. വൈ വി കണ്ണൻ: തീച്ചാമുണ്ഡി തെയ്യം വിഷ്ണുമൂർത്തി ആണെന്നാണ് പറയാറ്. വിഷ്ണുമൂർത്തി തന്നെയാണ് തീച്ചാമുണ്ഡി എങ്കിൽ വിഷ്ണുമൂർത്തി ആരാധന മതിയല്ലോ. അപ്പോൾ എന്തുസംഭവിക്കുമെന്ന് ചോദിച്ചാൽ നമുക്ക് ഇത് കണ്ട് രസിക്കാൻ സാധിക്കില്ല! മേലേരി കൂട്ടുന്നതിലും റിസ്ക് ഉണ്ട്. മേലേരി കൂട്ടുന്ന ആളെ കൊള്ളിക്കാരൻ എന്നാണ് പറയുക. അതിന് കൃത്യമായ സ്കിൽ ആവശ്യമാണ്. മേലേരിയിൽ കേറിയാണ് തെയ്യം ഓടുന്നത്. അടുത്തകാലത്തായി ഇതാണ് തെയ്യം എന്ന നിലയിലേക്ക് മാറിപോകുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതത് വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് തോന്നാത്തിടത്തോളം കാലം എത്രതന്നെ ബോധവൽക്കരിച്ചാലും ഈ രീതികളിൽ മാറ്റം അസാധ്യമാണ്. ഞാൻ തെയ്യം കെട്ടുന്ന വിഭാഗത്തിൽ ജനിച്ച ആളാണ്. ഒരു കാലഘട്ടത്തിൽ ഞാനും കുറച്ച് തെയ്യങ്ങളൊക്കെ കെട്ടിയിട്ടുണ്ട്. പഴയ ഫ്യൂഡൽ വ്യവസ്ഥയുടെ ശേഷിപ്പുകൾ ഇപ്പോഴും തെയ്യത്തിൽ നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ ആളുകൾക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്ന നിലയിലേക്കുള്ള വൈകാരികമായ ചർച്ചകളിലേക്ക് അത് വഴിവെക്കുന്നു.
സതീശൻ മൊറാഴ: തെയ്യം കെട്ടിയതിന്റെ ഭാഗമായി വർഷങ്ങളോളം ചികിത്സ ചെയ്യേണ്ടിവന്ന ഒരുപാട് സാഹചര്യങ്ങൾ എന്റെ അറിവിലുണ്ട്. അഴീക്കോട് ബപ്പിരിയൻ തെയ്യം കെട്ടിയ ആൾ തെങ്ങിന്റെ മേലെ നിന്ന് വീണ് എത്ര വർഷമാണ് അവൻ ചികിത്സ ചെയ്തത്. അവന്റെ ജീവിതകാലം മുഴുവൻ തെയ്യം കെട്ടി കിട്ടുന്ന കാശുമുഴുവൻ അവനത്തിനുവേണ്ടി ചിലവഴിച്ചു. നമ്മുടെയൊക്കെ സൗഹൃദങ്ങളിലുള്ള വാട്സാപ്പ് കൂട്ടായ്മയാണ് അവന്റെ ചികിത്സ ചെലവ് മുഴുവൻ ഏറ്റെടുത്തത്. അതുകൊണ്ട് സാമ്പത്തികമായ നേട്ടം എന്നതിന് ഈ മേഖലയിൽ യാതൊരു അർത്ഥവും ഇല്ല. ശാരീരികമായി അവർ അനുഭവിക്കുന്ന ക്ലേശങ്ങൾക്ക് പിന്നീടവൻ ഭൗതികമായി നൽകേണ്ടുന്ന വില വളരെ വലുതാണ്.
ഡോ. വൈ വി കണ്ണൻ: ബപ്പിരിയൻ തെയ്യം തെങ്ങിന്റെ മുകളിൽ കയറി കപ്പൽ വരുന്നത് നോക്കി എന്നാണ് ഐതിഹ്യം. പിന്നീട് നമ്മൾ ബപ്പിരിയനെ ഹനുമാനാക്കി. അപ്പോൾ നമ്മൾ ഏറ്റവും വലിയ തെങ്ങു കണ്ടുപിടിച്ചു! ഈ വേനൽക്കാലത്ത് ഏറ്റവും ഉയരമുള്ള തെങ്ങിന്റെ മുകളിൽ കയറി അയാൾ തെങ്ങ് എന്ന ജീവിയുടെ തെങ്ങും ഓലയും എല്ലാം ചവിട്ടി മെതിക്കുകയാണ്. ഇതൊന്നും പണ്ട് ഉണ്ടായിരുന്നില്ല. മിത്തുകൾ ഏറ്റെടുക്കുക മാത്രമല്ല, അതിന് മുൻപില്ലാത്ത തരത്തിലുള്ള കോമാളിത്തരം അതിൽ ഇൻട്രൊഡ്യൂസ് ചെയ്യുക കൂടി ചെയ്തു. തെയ്യം കാണുന്നവർക്ക് അതാണ് വേണ്ടത്. ഇന്ന് കാണുന്ന തെയ്യങ്ങൾ പലപ്പോഴും ബാഹ്യ സമ്മർദത്തിന് വഴങ്ങി അനുഷ്ഠാനമെന്ന പേരിൽ ചില ദുരാചാരങ്ങൾ നടപ്പിലാക്കുന്ന വക്താക്കാളും പ്രയോക്താക്കളുമായി മാറുന്നുണ്ട്.
Photo: Prasoon Kiran
സതീശൻ മൊറാഴ: മിത്തുകളൊന്നും യാഥാർത്ഥ്യവുമായി ബന്ധമുള്ളവയല്ല എന്ന് നമുക്കറിയാമല്ലോ. നരസിംഹം എന്നുപറയുന്നത് ഒരു സങ്കൽപ്പമാണ്. സങ്കൽപ്പം എന്നതുതന്നെ ഇല്ലാത്ത ഒന്നാണ്. ദൈവം എന്ന സങ്കൽപ്പം പോലെ തന്നെയാണിതും. മിത്തുകൾ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. സ്വാഭാവികമായും ഇത് തെയ്യക്കാരനിലേക്ക് അടിച്ചേല്പിക്കപ്പെട്ട ഒന്നാണ്. തെയ്യവും പുരാണവുമായി ബന്ധമൊന്നുമില്ല, അത് വളരെക്കാലത്തിനു ശേഷം വന്ന ഒരു മാറ്റമാണ്. യഥാർത്ഥത്തിൽ തെയ്യം എന്ന് പറഞ്ഞാൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു മനുഷ്യന്റെ ആവിഷ്കാരമാണ്. പക്ഷേ അതിലേക്ക് പിന്നീടൊരു അധീശത്വം കടന്നുവരികയും ഇത്തരത്തിലുള്ള മേധാവിത്ത സ്വഭാവമുള്ള ചില ചിന്തകളും ശാസ്ത്രമെന്നു പറയുന്ന കുറേ പുരാണങ്ങളുമൊക്കെ കടന്നുവരികയും ചെയ്തിട്ടുണ്ട്. ഇത്തരം മാറ്റങ്ങളൊക്കെ കലയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്.
വേണുഗോപാലൻ പണിക്കർ: കാലങ്ങളായി തെയ്യത്തെ എതിർക്കുന്ന ഒരുപാട് വിഭാഗങ്ങളുണ്ട്. നോക്കൂ, ഇതിനേക്കാൾ കഷ്ട്ടമല്ലേ രാവിലെ പത്തുമണിക്കോ പതിനൊന്നുമണിക്കോ ഇറങ്ങുന്ന ഒരു മുച്ചിലോട്ട് ഭഗവതിക്കാരൻ ഏതാണ്ട് അര ദിവസം, പന്ത്രണ്ട്, പതിമൂന്ന് മണിക്കൂർ മൂത്രമൊഴിക്കാതെ ജലപനമില്ലാതെ നിൽക്കുന്നത് മാനുഷിക അവകാശങ്ങളുടെ ലംഘനമായി വരുന്നില്ലേ? അതിനെ എതിർക്കുന്നില്ല. കാരണം മുച്ചിലോട്ട് എന്ന് പറയുന്ന ആരാധനാ കേന്ദ്രം ചോദ്യം ചെയ്യപ്പെടാത്ത സാമ്പത്തിക സ്രോതസ്സാണ്. ആരും ഇതിനെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കുന്നൊന്നുമില്ല, കമ്മറ്റികൾ അംഗീകരിക്കുന്ന കണക്കാണ് അംഗീകരിക്കപ്പെടുന്നത്. സാമ്പത്തിക ഓഡിറ്റിങ്ങിനു വിധേയമാകാത്ത ക്ഷേത്രങ്ങളിൽ ഈ ചോദ്യങ്ങളും മാനുഷികാവകാശങ്ങളുടെ ലംഘനവും വരുന്നില്ല എന്നത് നമ്മൾ മനസ്സിലാക്കണം.
സതീശൻ മൊറാഴ: ഒരു ജനാധിപത്യ സമൂഹത്തിൽ ജനാധിപത്യമാണ് കാര്യങ്ങൾ നിർണയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അപ്പോൾ തെയ്യത്തിൽ നവീകരണങ്ങൾ ഉണ്ടാക്കാൻ തെയ്യക്കാർ വിചാരിച്ചാൽ സാധ്യമാകും. ഞാനത് ചെയ്യില്ല എന്ന് തെയ്യക്കാർ വിചാരിക്കണം. പക്ഷേ തെയ്യക്കാർക്ക് അതിനുള്ള ബൗദ്ധിക ശേഷി അല്ലെങ്കിൽ മറ്റു രീതിയിലുള്ള സാമൂഹ്യമായ ശേഷി അല്ലെങ്കിൽ സാമൂഹികമായ ശേഷി ഇന്നില്ല. നമ്മൾ ഈ നാട്ടിൽ ഉണ്ടാക്കിയ മാറ്റങ്ങളത്രയും ജനാധിപത്യ ഇടപെടലിലൂടെയാണ്. മാറുമറക്കാനുള്ള അവകാശം നേടിയെടുത്തത്, വഴി നടക്കാനുള്ള അവകാശം നേടിയെടുത്തത് എല്ലാം ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണ്. അപ്പോൾ ജനാധിപത്യ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റാൻ ഇനി കഴിയുകയുള്ളു. അല്ലെങ്കിൽ ഒരു തൊഴിലിടത്തിൽ ന്യായമായി കിട്ടേണ്ട അവകാശങ്ങൾ എന്ന അർത്ഥത്തിൽ ഈ തൊഴിലുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾക്ക് മുന്നോട്ട് വരം. അതിനുള്ളൊരു സാഹചര്യം നിലവിലില്ല. അപ്പോൾ ജനാധിപത്യ സമൂഹം മുന്നോട്ട് വന്ന് നിയമപരമായിത്തന്നെ ഏത് ഇല്ലാണ്ടാക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
Photo: Prasoon Kiran
വേണുഗോപാലൻ പണിക്കർ: തെയ്യക്കാരന്റെ ഭാഗത്തു നിന്നും ഇനി തെയ്യം എന്ത് നവീകരിക്കാനാണ്? രൂപഭാവങ്ങളിൽ അതിനു നവീകരണം പറ്റില്ല. അനുഷ്ഠാനമായതിനാൽ തന്നെ ഇതിന്റെ കർമങ്ങളിലോ ക്രിയകളിലോ നവീകരണം പറ്റില്ല. തീച്ചാമുണ്ഡി ഒരു വിവാദ വിഷയമായതിനാൽ നോക്കികാണുന്നവരുടെ മാനസിക ഘടനയാണ് മാറേണ്ടത്. ഞാൻ നൂറുതവണ വീണാലേ മറ്റുള്ളവർക്ക് തൃപ്തിയാകൂ എന്നതിനാൽ തീയിൽ വീഴാൻ തെയ്യക്കാരൻ നിർബന്ധിക്കപ്പെടുകയാണ്. അതല്ലാതെ ഇഷ്ട്ടമുണ്ടായിട്ട് പോകുന്നതൊന്നുമല്ല. അഞ്ചു തവണ വീഴാനല്ല, അഞ്ഞൂറു തവണ വീഴാനാണ് തെയ്യക്കാരന് നൽകുന്ന പണം എന്ന സ്പാർട്ടൺ മനഃസ്ഥിതി മാറണം. തെയ്യക്കാരനല്ല, തെയ്യം കാണുന്നവന്റെ മനസ്സാണ് മാറേണ്ടത്.
ഡോ. വൈ വി കണ്ണൻ: ഒരു നല്ല കലാരൂപം എന്ന നിലയിൽ തെയ്യത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പഠിക്കുകയും തെയ്യം ചെയ്യുന്നവർക്ക് സാമൂഹിക അംഗീകാരത്തോളം സാമ്പത്തികമായ പരിഗണയും ലഭിക്കേണ്ടതുണ്ട്. തെയ്യം ആകെ നിരോധിക്കണം എന്നല്ല, മറിച്ച് മനുഷ്യ വിരുദ്ധമായ പ്രവണതകൾ എന്തിന്റെ പേരിലായാലും ശരിയായി തോന്നുന്നില്ല.
സതീശൻ മൊറാഴ, വേണുഗോപാലൻ പണിക്കർ, ഡോ. വൈ വി കണ്ണൻ