
വിചാരം, വിചിന്തനം, അനുശീലനം എം കെ സാനുമാഷിന്റെ ലോകം
“Poetry is capable of saving us.”― I A Richards
ടി എസ് എലിയറ്റുമായി പ്രൊഫ ശിവ് കെ കുമാർ നടത്തിയ അപൂർവമായ ഒരു അഭിമുഖം അടുത്തിടെ വായിക്കാനിടയായി. അതില്‍ വിമര്‍ശനത്തെക്കുറിച്ചും സര്‍ഗ്ഗാത്മകതയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് എലിയറ്റ് ഇങ്ങനെ മറുപടി പറയുന്നു, “സൃഷ്ടിയും വിമർശനവും പരസ്പരബന്ധിതമാണ്. ഒരു സർഗ്ഗാത്മക എഴുത്തുകാരൻ/എഴുത്തുകാരി സ്വന്തം വിമർശകൻ/വിമര്‍ശക കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘The Frontiers of Criticism’ എന്ന എന്റെ പഠനത്തില്‍ അതിനെക്കുറിച്ച് ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. സര്‍ഗ്ഗാത്മക സൃഷ്ടിയുടെ വേളയില്‍ കവി തന്റെ വിമർശനാത്മകപ്രതിഭ ഉപയോഗിച്ച് ഒരു വാക്കിനെയോ പ്രയോഗത്തെയോ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഒരു കൊത്തുപണി പോലെയാണത്. വിമർശനമാണോ കവിതയാണോ നാടകമാണോ എനിക്ക് പ്രിയപ്പെട്ട എഴുത്ത് രീതി എന്ന് ചോദിച്ചാല്‍ എന്റെ ആദ്യ പ്രണയം തീർച്ചയായും കവിതയാണ് എന്ന് ഞാന്‍ പറയും, മറ്റെല്ലാ രൂപങ്ങളും ദ്വിതീയമാണ്.”
എലിയറ്റിന്റെ ഈ പറച്ചില്‍ കവിതയുടെ പ്രാധാന്യം സാഹിത്യത്തില്‍ എത്രത്തോളമുണ്ട് എന്ന് ഊട്ടിയുറപ്പിക്കുന്നു. എഴുത്തിന്റെയും വായനയുടെയും വ്യവഹാരങ്ങളുടെയും വിമര്‍ശനപദ്ധതികളുടെയും അടിസ്ഥാനം കവിത തന്നെയാണ് എന്ന് കണ്ടെത്തുന്ന നിമിഷം ഭാഷയും ഭാഷാവ്യവഹാരങ്ങളെല്ലാം തന്നെയും വേറിട്ട ഒരു സൗന്ദര്യാനുഭൂതിയിലേക്ക് പടരും. എലിയറ്റ് അത് അനുഭവിച്ചിരുന്നു. തന്റെ വിമര്‍ശന,ആസ്വാദന രചനകളിലൊക്കെത്തന്നെ എലിയറ്റ് കാവ്യാത്മകതയെ കലര്‍ത്തുകയും സവിശേഷമായ സാഹിത്യാനുഭൂതിയാക്കി വിമര്‍ശനത്തെ മാറ്റുകയും ചെയ്തു. കവിതയുടെ സ്ഥാനം ഇത്രമേല്‍ തിരിച്ചറിഞ്ഞ ഒരു വിമര്‍ശകന്‍ മലയാളത്തില്‍ ഉണ്ടെങ്കില്‍ അത് സാനുമാഷാണ് എന്ന് നമുക്ക് നിസ്സംശയം പറയാം.
ടി എസ് എലിയറ്റ് | PHOTO: WIKI COMMONS
മലയാള വിമർശനത്തിന്റെ വിശാലമായ ഭൂമികയിൽ പടർന്നു പന്തലിച്ച് വന്മരമാണ് എം കെ സാനു മാഷ്. അറിവുകൊണ്ട് വിനയാന്വിതമായ ആ മരത്തിന്റെ ശാഖകൾ കുനിഞ്ഞേ നിൽക്കൂ. അൽപപ്രാണനായ അതിന്റെ ഇലഞരമ്പുകളിൽക്കൂടി ജീവൻ പ്രസരിക്കുന്നു, ചുറ്റുപാടുകളിലേക്കും പകർന്നുകൊണ്ട് പ്രവഹിക്കുകയും ചെയ്യുന്നു. അണമുറിയാതെ സാനു മാഷ് പ്രഭാഷണം നിർവഹിക്കുന്നത് എത്രയോ തവണ കേട്ടിരിക്കുന്നു. എന്തുപറയുമ്പോഴും അതിൽ നിറയുന്നത് കാവ്യാവബോധം തന്നെ!
“Always be a poet, even in prose” എന്ന് ബോദ് ലേർ പറയും പോലെ, സാനു മാഷിന്റെ മനസ്സിന്റെ ഉള്ളടരുകൾ തീർത്തിട്ടുള്ളത് കവിത കൊണ്ടാണോ എന്ന് കരുതുംവിധമാണ് തന്റെ ഭാഷയിലും കാഴ്ചയിലും നിരൂപണ പ്രബന്ധങ്ങളിലും സാനു മാഷ് കാവ്യ ബോധത്തെ ലയിപ്പിച്ചത്. തന്റെ ജീവിതകാലത്തെ ആഴത്തിൽ ഉൾക്കൊണ്ട വിമർശന പദ്ധതിയാണ് സാനു മാഷ് സ്വീകരിച്ചത്. ഡോ എം ലീലാവതി പറയുന്നതുപോലെ, സൈദ്ധാന്തിക നിരൂപണമായാലും പ്രയുക്തനിരൂപണമായാലും സാഹിത്യ ചിന്തകളുടെ ആവിഷ്കാരം സംഭവിക്കുന്നുണ്ട്. ആ വഴിയിൽ ഭാഷയും ദിശയും വേഗവും ദൂരവും എല്ലാം ബാധകമാണ് താനും. തന്റെ വായനയിൽ വരുന്ന കൃതികളെ, അതെത്ര സങ്കീർണമായാലും കാവ്യ പ്രകൃതിയിലേക്ക് പരിവർത്തിപ്പിച്ചു കൊണ്ടാണ് സാനു മാഷ് വായിച്ചത്.
കവികളെ വായിക്കുമ്പോള്‍ താനും കവിയായി മാറുന്നതിന്റെ അടയാളങ്ങള്‍ ഏറെയുണ്ട് സാനുമാഷില്‍. അയ്യപ്പപ്പണിക്കരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠന ഗ്രന്ഥമായ “അയ്യപ്പപ്പണിക്കർ- നിഷേധത്തിന്റെ ചാരു രൂപം (ജീവിതവും കവിതയും)” എന്ന പുസ്തകം അതിന് തെളിവാണ്. കർക്കശക്കാരനായ ഒരു വിമർശകൻ കവിതയെ സമീപിക്കും പോലെയല്ല സാനുമാഷ് അയ്യപ്പപ്പണിക്കരുടെ കവിതയെ സമീപിച്ചത് . “അയ്യപ്പപ്പണിക്കരിൽ നിന്നും ചോദ്യങ്ങൾ സ്വാഭാവികമായി ഉയരുന്നത് സർഗാത്മകതയുടെ ഉന്മാദത്തിൽ ഒരുക്കുന്ന അവസ്ഥയിലാണ് എന്ന് സാനു മാഷ് കണ്ടെത്തുന്നു. കവിയുടെ സ്വകാര്യ ജീവിതത്തിന്റേതല്ല ആ വ്യഥകൾ. തന്നെ ഉൾക്കൊള്ളുന്ന കാല ദേശങ്ങളുടെ കഥകളാണ്. അവയ്ക്ക് അളവില്ല. അവയൊക്കെയും കവിയുടെ ഉള്ളിൽ നീറുകയും നക്ഷത്രവീര്യമായി ജ്വലിക്കുകയും ചെയ്യുന്നു. ഉചിതമായ പദങ്ങളും പദസംഹാരങ്ങളും കല്പനാ വിശേഷങ്ങളും ഇണങ്ങിച്ചേർന്ന ആ നക്ഷത്രവീര്യം കാവ്യ ശില്പമായി ഉരുത്തിരിഞ്ഞു വിരിഞ്ഞു വരുന്നതിന് കാലം കുറച്ചു വേണ്ടിവന്നു. എങ്കിലെന്ത്! മലയാള കവിതയിൽ നവയുഗത്തിന്റെ നാന്ദി കുറിക്കുന്ന മാന്ത്രിക ഗോപുരമായി അനശ്വരതയുടെ പരിവേഷത്തോടെ തെളിഞ്ഞു വിലസാനുള്ള സൗഭാഗ്യം ആ കാവ്യ ശില്പത്തിന് കൈവന്നുവല്ലോ! കുരുക്ഷേത്രമെന്ന ശില്പമാണത്’’ എന്നാണ് കുരുക്ഷേത്രത്തെക്കുറിച്ച് സാനു മാഷ് വിശദീകരിച്ചത്. എത്ര പറഞ്ഞാലും തീരാത്ത കവിതയോടുള്ള തന്റെ അഗാധമായ പ്രണയം ഈ വരികളിൽ സ്പഷ്ടമാണ്. അതിദീർഘമായ ഈ പ്രസ്താവന/കണ്ടെത്തൽ അത്രമേൽ കാവ്യ ദർശനങ്ങൾ ഉൾക്കൊണ്ട ഒരു ജ്ഞാനിയിൽ നിന്നു മാത്രമേ പുറത്തു വരൂ.
അദ്ദേഹം വിശ്വസിച്ചത് വിമർശനം രചയിതാവിനെയല്ല, കൃതിയെത്തന്നെയാണ് കേന്ദ്രീകരിക്കേണ്ടത് എന്നാണ്.
അയ്യപ്പപണിക്കർ | PHOTO: WIKI COMMONS
“We might remind ourselves that criticism is as inevitable as breathing, and that we should be none the worse for articulating what passes in our minds when we read a book and feel an emotion about it, for criticizing our own minds in their work of criticism.”, എന്ന് ടി എസ് എലിയറ്റിന്റെ വിമര്‍ശന ചിന്തകളില്‍ നമുക്ക് കാണാനാവുന്നത് പോലെ സാനുമാഷില്‍ എഴുത്തും വായനയും ആസ്വാദനവും ശ്വാസം പോലെ ചേര്‍ന്ന് വര്‍ത്തിക്കുന്ന ചില ഇടങ്ങള്‍ ഉണ്ട് .
“I want to live with myself
I want to enjoy the good that I owe to heaven alone..
Without witness
Free of love.."
ഫ്രേ ലൂയിസ് ലിയോണ്‍ (Fray luis de leon) എന്ന സ്പാനിഷ് കവിയുടെ ഈ വരികൾ എദ്ഗാർ അല്ലൻ പോ മനപാഠമാക്കിയിരുന്നുവത്രേ. അദ്ദേഹം എഴുതുന്നുണ്ട്,
"എന്നെ സംബന്ധിച്ച് വെറുപ്പ് കൂടാതെ എനിക്ക് ജീവിക്കാനാകില്ല. പക്ഷേ..
വെറുപ്പെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല.
സ്നേഹമില്ലാതെ ജീവിക്കുന്ന കാര്യം ഞാൻ ആലോചിച്ചിട്ടു കൂടിയില്ല. പക്ഷേ..
I want to live with myself, enjoy the good that I owe to heaven,
എന്നുള്ളത് തിരുത്തപ്പെടും.
സ്വർഗ്ഗത്തിലെ എല്ലാ നന്മയും സ്വീകരിക്കുകയാണെങ്കിൽ അവിടെ ഇരുട്ടും ഉണ്ടായേക്കാം.
Then who lives more with themselves?
Who can explore themselves more?
Who can know more of themselves?
who can know himself more than the blind man?”
ഇത് കാഴ്ചയും അന്ധതയും തമ്മിലുള്ള താരതമ്യമല്ല. മറിച്ച് സംവേദനത്തിന്റെ ഒരു തലം മനുഷ്യനില്‍ പ്രവർത്തിക്കുന്നതെങ്ങനെ എന്നതിന്റെ ദര്‍ശനമാണ്.
ഫ്രേ ലൂയിസ് ലിയോണ്‍ | PHOTO: WIKI COMMONS
സാനുമാഷില്‍ ഏറ്റവും ദൃഡമായത് കവിത്വം തന്നെയാണ്. കാലഘട്ടത്തിന്റെ സംഘര്‍ഷങ്ങളും അര്‍ത്ഥശൂന്യതകളും സങ്കീര്‍ണ്ണതകളും യുക്തിരാഹിത്യങ്ങളും സാഹിത്യത്തില്‍ എന്നപോലെ സാനുമാഷിന്റെ വായനയിലും തെളിയുകയും ശക്തമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. വിമര്‍ശനകലയില്‍ പുതിയ ഒരു ഭാവുകത്വമാണ് അദ്ദേഹം സൃഷ്ടിച്ചത്. വിമർശന സാഹിത്യമെന്നത് ഒരു സർഗാത്മക പ്രവര്‍ത്തിയായതുകൊണ്ട് വിമര്‍ശനവിധേയമാക്കുന്ന ഓരോ കൃതിയും ആ പ്രക്രിയയുടെ അര്‍ത്ഥത്തെ നിർവചിച്ചുകൊണ്ടിരിക്കുന്നു. സാനുമാഷിന്റെ വിമര്‍ശനകൃതികളുടെ മുഖ്യസ്വഭാവമെന്നത് പഠനം എന്നത് തന്നെയാണ്. എഴുത്തുകാരും വായനക്കാരും എന്ന സങ്കലനം സാനുമാഷിന്റെ വിമര്‍ശനങ്ങളില്‍ എഴുത്തുകാരും വിമര്‍ശകനുമെന്ന് മാറ്റി വായിക്കാം.
വായനയിലെ അനുഭൂതിതലത്തിന്റെ വികാസത്തിലൂടെയാണ് സര്‍ഗ്ഗാത്മക വിമര്‍ശനം സാധ്യമാകുക. വായന തന്നെയാണ് പ്രധാനം. വായനാനുഭവത്തിന്റെ തെളിച്ചത്തില്‍ നിന്നാണ് സാനുമാഷിന്റെ വിമർശനജീവിതം ആരംഭിക്കുന്നത്. തന്റെ എഴുത്തില്‍ ഉടനീളം അദ്ദേഹം അത് പാലിക്കുകയും ചെയ്തു. എലിയറ്റിന്റെ വിമര്‍ശന പദ്ധതികളോടുള്ള അടുപ്പം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. സാഹിത്യ വിമര്‍ശനത്തെക്കുറിച്ചുള്ള ഏത് ചര്‍ച്ചയിലും സര്‍ഗ്ഗാത്മക ചിന്തക്കും അതിന് ഊര്‍ജ്ജം പകരുന്ന സ്വാതന്ത്ര്യബോധത്തിനും പ്രത്യേക സ്ഥാനം നല്‍കേണ്ടതുണ്ട് എന്നാണു സാനുമാഷ് വിശ്വസിച്ചത്.
എം കെ സാനു | PHOTO: WIKI COMMONS
കവിത വായിക്കുമ്പോള്‍ കവിയായും…
ചിന്തയുടെ സവിശേഷമായ ഒരു തലം സാനുമാഷിലുണ്ടായിരുന്നു, വിമര്‍ശനകൃതിയെ ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹം സമീപിച്ചത്. സാഹിത്യത്തില്‍ ചിന്താധാരകള്‍ക്ക് എത്ര പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യത്തോടെ വിമര്‍ശനത്തിലും അദ്ദേഹം അതുപയോഗിച്ചു. സാനുമാഷിന്റ വിചാരധാരകള്‍ എന്ന പുസ്തകത്തിലെ ആദ്യ ഭാഗത്തിലെ മൂന്ന് അദ്ധ്യായങ്ങള്‍ കവികളെക്കുറിച്ചാണ്. ഉള്ളൂരിനെക്കുറിച്ചുള്ള അധ്യായത്തില്‍ മനുഷ്യ ദര്‍ശനത്തിന്റെ ആഴങ്ങള്‍ തിരഞ്ഞുപോയ ഉള്ളൂരിനെയാണ് സാനുമാഷ് ഓര്‍ക്കുന്നത്.
“നാഥന്റെ മുറ്റത്തു വിളങ്ങിടുന്ന
നന്മുന്തിരിക്കൊത്തു മനുഷ്യവർഗ്ഗം'’
എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതദർശനം എന്നും, ആ ദർശനം ആത്മാവിൽ തെളിയുന്നതുമൂലം മനുഷ്യത്വത്തിന്റെ ഉയരങ്ങളിലേക്ക് നയിക്കുന്ന മൂല്യങ്ങളേതെന്ന് അദ്ദേഹം സ്‌പഷ്ടമായി തിരിച്ചറിഞ്ഞിരുന്നു എന്നും, അവിടെ വിഭാഗീതയ്ക്ക് സ്ഥാനമില്ല എന്നും, അവിടെ പദവി, ധനം തുടങ്ങിയവയ്ക്കും സ്ഥാനമില്ല എന്നും, നിർഭാഗ്യത്തിൽ നിപതിച്ചവരെ സ്നേഹസഹതാപങ്ങളോടെ ആശ്ലേഷിക്കാൻ വെമ്പുന്ന മനോഭാവത്തിന് മാത്രമേ അവിടെ സ്ഥാനമുള്ളൂ എന്ന ദര്‍ശനം ഉള്ളൂരില്‍ നിന്ന് സാനുമാഷ് കണ്ടെടുക്കുന്നു . ആത്മാര്‍പ്പണത്തിന്റെ അനുപമദൃഷ്ടാന്തമാണ് ഉള്ളൂര്‍ എന്ന് സാനുമാഷ് അടിവരയിടുന്നു.
ഉള്ളൂര്‍ | PHOTO: WIKI COMMONS
ജി കുമാരപിള്ളയെക്കുറിച്ചാണ് മറ്റൊരു അധ്യായം “പുണ്യം കാത്തു സൂക്ഷിച്ച കവി” എന്ന തലക്കെട്ടില്‍ സാനുമാഷ് കുമാരപിള്ളയുടെ കവിതകളെ അപഗ്രഥിക്കുന്നു “വർത്തമാനകാലം എത്രമേൽ ശിഥിലമായിരുന്നാലും ഭാവി ശോഭനമാവുകതന്നെ ചെയ്യുമെന്ന വിശ്വാസം ജി കുമാരപിള്ളയുടെ കവിതകളില്‍ പുലർകാലപ്രഭപോലെ തങ്ങിനിൽക്കുന്നു. ജീവിതത്തിന്റെ അടിസ്ഥാനഭാവമാണ് ശോകമെന്ന ബോധം, കവിയിൽ അത് എപ്പോഴുമുണ്ട്. പലപ്പോഴും ശോകാധീനമായ അവസ്ഥയിൽ കവി തളരുന്നുമുണ്ട്. എങ്കിലും ആ തളർച്ച, ഉന്മേഷത്തിന്റെ ഉയർത്തെഴുന്നേൽപ്പിനാണ് കാരണമാകുന്നത്. ഉന്മേഷത്തിന്റെ പിന്നിൽ എപ്പോഴും ലോകക്ഷേമോത്സുകമായ ആദർശദാർഢ്യം നിലകൊള്ളുകയും ചെയ്യുന്നു.’’
കുമാരപിള്ളയുടെ കവിതകളെ നാല് വിഭാഗങ്ങളിലായാണ് സാനുമാഷ് വിഭജിച്ചു പഠിച്ചത്. ഒന്ന്- വൈയക്തികമായ അനുഭൂതികളെ കവിതയിലേക്ക് പടര്‍ത്തിയ വിധം, രണ്ട്- നിഷ്കളങ്കവും ഫലിതരൂപേണയുമുള്ള ആഖ്യാനം പേറുന്ന കവിതകള്‍, മൂന്ന്- വിപ്ലവാത്മകമായ ആഖ്യാനങ്ങള്‍, നാല്- ചരിത്രബോധം സൂക്ഷിക്കുന്ന കവിതകള്‍. ഇത്തരത്തിലാണ് കുമാരപിള്ളയുടെ കവിതകളെ സാനുമാഷ് വായിച്ചത്.
“ന്യൂനപക്ഷക്കാരായ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവർത്തകരുടേയും കൂട്ടായ്‌മയാണ് സ്വതന്ത്രഭാരതത്തിൽ സാംസ്‌കാരിക രംഗത്തിന് അൽപമെങ്കിലും ദീപ്‌തി പകർന്നു നൽകിയത്. ആ കൂട്ടായ്‌മയിലെ അംഗ സംഖ്യ ഒന്നിനൊന്ന് കുറഞ്ഞുവന്നു. രോഗം, ദാരിദ്ര്യം, ദുരിതം മുതലായ പീഡകളിൽ അവരിൽ ചിലർ കുടുങ്ങുകയും ചെയ്‌തു. എന്നിട്ടും അധികാര കേന്ദ്രങ്ങളുടെ മുഷ്ക്കിനെ അവർ ചെറുത്തുനിന്നു. പ്രലോഭനങ്ങളിൽനിന്ന് വിമുക്തരായി കഴിയുകയും ചെയ്തു. ആ 'കിറുക്കന്മാരുടെ' ഗണത്തിൽ എപ്പോഴും ഉന്മേഷത്തോടെ നിലകൊള്ളുന്നതിൽ അഭിമാനം കൊണ്ടു എന്നതാണ് ജി കുമാരപിള്ളയുടെ വൈശിഷ്ട്യം. തന്റെ പ്രവർത്തനശൈലിയിൽ വീരവാദങ്ങൾക്കോ ആക്രോശങ്ങൾക്കോ അദ്ദേഹം ഇടം നൽകിയതുമില്ല.’’ ഈ വായന മറ്റു വിമര്‍ശകരുടെ സമീപനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നു.
ജി കുമാരപിള്ള | PHOTO: WIKI COMMONS
ഇത്തരം വേറിട്ട ചിന്തകള്‍ മറ്റുള്ള നിരൂപകരിലുമുണ്ടെങ്കിലും സാനുമാഷിന്റെ കണ്ടെടുക്കുന്ന വിധം ചിന്താശക്തി വ്യാപരിച്ചത് കൃതിയോട് അങ്ങേയറ്റം സ്നേഹം പുലര്‍ത്തുന്ന രീതിയാണ്. വായനയില്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്ന ആദർശബോധത്തിന്റെയും ആർജ്ജിതവിജ്ഞാനത്തിന്റെയും ഉറപ്പോടെയാണ് തന്റെ നിരൂപണങ്ങള്‍ അദ്ദേഹം രചിച്ചത്. ജീവിതമായിരുന്നു സാനുമാഷിന്റെ വിമര്‍ശന ഭൂമിക എന്നത് കൊണ്ട് തന്നെ സ്വയം ശുദ്ധീകരിക്കുന്നതോടൊപ്പം സാഹിത്യത്തെക്കുറിച്ചു മാത്രമല്ല, ജീവിതത്തെക്കുറിച്ചുകൂടി അദ്ദേഹം തന്റെ എഴുത്തില്‍ ചിന്തിച്ചു.
അയ്യപ്പപ്പണിക്കരില്‍ എത്തുമ്പോള്‍ ഈ ദര്‍ശനം പൂര്‍ണ്ണമാകുന്നു.
‘കുരുക്ഷേത്രോപാഖ്യാന’ത്തെക്കുറിച്ച് അയ്യപ്പപ്പണിക്കർ നൽകുന്ന സത്യവാങ്‌മൂലത്തിന് ഒരു പശ്ചാത്തലമെന്ന ഈ ആശയങ്ങളുപകരിക്കണമെന്ന് സാനുമാഷ് ആഗ്രഹിച്ചു . അദ്ദേഹത്തിന്റെ വാക്കുകൾ: “എല്ലാ സൃഷ്ടിയിലും രഹസ്യത്തിന്റെ ഒരു ബീജം കുടികൊള്ളുന്നു. കാവ്യരചനയും ഒരു നിഗൂഢപ്രക്രിയയാണ്. കവിക്ക് തന്നെ ആ രഹസ്യം മുഴുവൻ സുഗ്രഹമായിരിക്കയില്ല. മാനുഷികവും അമാനുഷികവുമായ ശക്തിവിശേഷങ്ങൾ അജ്ഞേയമായ ഒരു മുൻനിശ്ചയത്തിന് വിധേയമായിട്ടെന്നപോലെ, എന്നാൽ അതേസമയം തികച്ചും അപ്രതീക്ഷിതമായ ഒരു ഘട്ടത്തിൽ, ഒഴിച്ചുകൂടാൻ വയ്യാത്തവിധത്തിൽ സമ്മേളിക്കുമ്പോഴുണ്ടാകുന്ന ഒരു ദിവ്യജനനമാണ് ഓരോ നല്ല കവിതയിലും സംഭവിക്കുന്നത്.” എന്നിരുന്നാലും രചനാപ്രക്രിയയുടെ ഭാഗികമായ ഒരു ഭാഗം മാത്രമേ ഈ പ്രസ്താവത്തിലുള്ളൂ എന്ന കാര്യം അദ്ദേഹം മറക്കുന്നില്ല.
‘ഒരു യാത്രയുടെയും പരിണാമത്തിന്റെയും കഥയാണ് കുരുക്ഷേത്രം’ എന്ന് ഏറ്റവും ലളിതമായി സാനുമാഷ് ഈ കവിതയെ നിര്‍വ്വചിക്കുന്നു. വിമര്‍ശനത്തില്‍ ഈ ലാളിത്യം മറ്റാരിലും നമുക്ക് കാണുക വയ്യ.
വൈലോപ്പിള്ളി ശ്രീധരമേനോൻ | PHOTO: WIKI COMMONS
വൈലോപ്പിള്ളിയുടെ മാമ്പഴവും, സഹ്യന്റെ മകനും ആശാന്റെ വീണപൂവും വായിക്കുമ്പോള്‍ നാനാവിധമായ അനുഭവങ്ങള്‍ ജീവിതവുമായിചേർന്ന് നില്‍ക്കുമ്പോള്‍ മാത്രം സംജാതമാകുന്ന ദര്‍ശന സവിശേഷതകൾ എന്ന നിലയിലാണ് സാനുമാഷ് അവയെ സമീപിക്കുന്നത്. ആശയമെന്തുമായിക്കൊള്ളട്ടെ, അവ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ ആസ്വദിക്കപ്പെടും എന്ന് പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ മുന്‍നിര്‍ത്തി അദ്ദേഹം നിരീക്ഷിക്കുന്നു.
പരാവർത്തനം ചെയ്‌ത് അർത്ഥം മനസ്സിലാക്കുകയെന്നത് കവിതാപഠനത്തിന്റെ ആദ്യപടിയായി ഏവരും പൊതുവിൽ അംഗീകരിച്ചുപോരുന്നുവെന്നും, ഉള്ളടക്കത്തെക്കുറിച്ചുള്ള ധാരണ എപ്പോഴും വിമർശനത്തിന്റെ അടിസ്ഥാനമായി വർത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. തന്റെ ധാരണയെന്തെന്ന് വിമർശകൻ നേരിട്ട് വെളിപ്പെടുത്തണമെന്നില്ല എന്നതാണ് ഈ ചിന്തയുടെ ആധാരം. എങ്കിലും, കവിതയിലെ അർത്ഥതലത്തിൽ നിന്ന് ലഭിക്കുന്ന ആശയമെന്തെന്നറിയാതെ ആരും വിമർശനം രചിക്കാൻ മുതിരാറില്ല എന്നത് വിമര്‍ശനത്തിന്റെ നൈതികതയായി സാനുമാഷ് മുന്നോട്ട് വച്ച ചില പ്രസ്താവനകളാണ്. അപ്പോള്‍ത്തന്നെ 'ആധുനിക' കവിതയ്ക്ക് ഈ പൊതുനിയമം ബാധകമല്ല. പരാവർത്തനത്തിനും അർത്ഥവിവരണത്തിനും മറ്റും വഴങ്ങുന്നതല്ല ആധുനിക കവിതയുടെ സ്വഭാവമെന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്.
ആരാണ് നിരൂപകന്‍ എന്ന ചോദ്യത്തിന് അയാളും ഒരു സാഹിത്യകാരനാണെന്ന് സാനുമാഷ് മറുപടി പറയുന്നുണ്ട്. വികാരപ്രാധാനമായ അനുഭൂതികളുടെ വിചാരപ്രധാനമായ ആവിഷ്കരണമാണ് സാഹിത്യനിരൂപണം എന്ന് കൂടി അദ്ദേഹം ചേര്‍ത്ത് വച്ചു. സാഹിത്യ നിരൂപണത്തില്‍ പൊതുവേ ഉറവിടമായി കണക്കാക്കപ്പെടുന്ന ആത്മാവിഷ്കരണാസക്തിയെ മനുഷ്യ സാധാരണമായ ഒന്നായാണ് മാഷ് കണ്ടത്, പക്ഷെ അങ്ങനെയെങ്കില്‍ എല്ലാ മനുഷ്യരും സാഹിത്യമെഴുതേണ്ടതാണല്ലോ! പക്ഷെ അങ്ങനെ ആവശ്യമില്ല എന്നും ചുരുക്കം ചിലര്‍ മാത്രം ഈ അത്മാവിഷ്കരണത്തില്‍ വിജയിക്കുന്നു എന്നും അദ്ദേഹം കണ്ടെത്തുന്നു.
എം കെ സാനു | PHOTO: WIKI COMMONS
വിമര്‍ശകന്റെ ആകാശം
കാവ്യത്തിന്റെ ആത്മാവ് കണ്ടെത്തലാണോ വിമര്‍ശകന്റെ ലക്ഷ്യം എന്നൊരിക്കൽ സാനുമാഷ് ആരായുന്നുണ്ട്. താന്‍ അങ്ങനെ കരുതുന്നു എന്ന് ഇതിനുത്തരമായി അദ്ദേഹം പറയുന്നു. കാവ്യവിമർശനത്തെ കാവ്യപഠനത്തിൽനിന്ന് വേർതിരിച്ച് നിറുത്തുന്നത് ഈ കണ്ടെത്തലാണെന്ന് സാനുമാഷ് നിര്‍വ്വചിക്കുന്നു. ഒരുപക്ഷെ വായനയില്‍ ഇത് കണ്ടെത്താനാവില്ല എന്ന് കൂടി അദ്ദേഹം പറയുന്നു; “ക്രാന്തദർശിയായ വായനക്കാരന് മാത്രമേ ഒരു കാവ്യത്തിന്റെ ആത്മാവ് അനുഭവിച്ചറിയാൻ സാധിക്കുകയുള്ളൂ. അതിന്റെ വിശദ രൂപം മനസ്സിലാക്കണമെങ്കിൽ ആവർത്തിച്ചുള്ള വായന അനുപേക്ഷണീയമാണ്. വിമർശനത്തിന് 'അനന്തമായ അയവിറക്കൽ' ആവശ്യമാണെന്ന് ഷ്ളെഗൽ തറപ്പിച്ചു പറഞ്ഞിരിക്കുന്നതിനോട് ആരും യോജിക്കാതിരിക്കുകയില്ല. കാവ്യാത്മാവിനെ സംബന്ധിക്കുന്ന തിരിച്ചറിവ് ഈ രീതിയിൽ നേടുക എന്നത് രണ്ടാംഘട്ടമാണ്. ആ തിരിച്ചറിവ് അനുവാചകരിലേക്ക് പകരുക എന്നതാണ് വിമർശനത്തിന്റെ മൂന്നാംഘട്ടം. സുശിക്ഷിതമായ ആവിഷ്‌കരണ കൗശലമില്ലാതെ അതിൽ വിജയിക്കുക സാദ്ധ്യമല്ല. അപഗ്രഥനപാടവവും യുക്തിബോധവും മറ്റും ആ കൗശലത്തിന്റെ അംശങ്ങൾ. പാണ്ഡിത്യം അവയ്ക്ക് പോഷകം മാത്രം.”, എന്ന് അദ്ദേഹതിന്റെ വിമര്‍ശനചിന്തകളെ ക്രോഡീകരിക്കാം.
ആധുനിക വിമര്‍ശനരീതികളില്‍ സാനുമാഷിന് വിയോജിപ്പുള്ളത് സാങ്കേതിക സംജ്ഞകളെക്കുറിച്ചായിരുന്നു. സാങ്കേതിക സംജ്ഞകള്‍ സാഹിത്യവിചാരത്തിന്റെ ലക്ഷ്യങ്ങളല്ല എന്നും പുതിയ വാക്കുകള്‍ പ്രയോഗിക്കുന്നതിലൂടെ മാത്രം ആശയങ്ങള്‍ സൃഷ്ടിക്കുക സാധ്യമല്ല എന്നുമുള്ള ചിന്തകള്‍ അദ്ദേഹം മുന്നോട്ടു വച്ചു. അദ്ദേഹത്തിന്റെ വാക്കുകളില്‍, “ഏതെല്ലാം പുതിയ സാഹിത്യസിദ്ധാന്തങ്ങൾ ഉയർന്നു വന്നാലും കാവ്യങ്ങളുടെ ശിൽപ്പദാർഢ്യ(Integrity)ത്തിന് സ്ഥിരീകരണം നൽകാതിരിക്കുക സാദ്ധ്യമല്ല. ഭാവകേന്ദ്രങ്ങളാണ് അവയ്ക്ക് ദീപ്തിയരുളുകയെന്ന വാസ്തവം നിഷേധിക്കാനും സാദ്ധ്യമല്ല. ആ ഭാവി കേന്ദ്രം എപ്പോഴും അദൃശ്യമാണ്. അനുഭവിച്ചറിഞ്ഞവർക്കുപോലും അതെന്താണെന്ന് വിവരിക്കാൻ വാക്കുകളില്ല. വിവരണത്തിന് വഴങ്ങാത്ത കാവ്യാത്മാവിനെ വിവരണത്തിലൊതുക്കാനുള്ള സാഹസിക പരിശ്രമത്തിന്റെ പരിണതഫലമാണ് വിമർശനം. ആ പരിശ്രമത്തിന് അനേകം മാർഗങ്ങളുണ്ട്. അതിന് സഹായകരമായ ശിക്ഷണങ്ങളും അനവധിയാണ്. അവയൊക്കെയും നീതികരണമർഹിക്കുന്നത് ഒരടിസ്ഥാനത്തിൽ മാത്രം- കാവ്യത്തിന്റെ നിഗൂഢവും അദൃശ്യവുമായ ഭാവകേന്ദ്രത്തിലേക്ക് അനുവാചകനെ എത്രമാത്രം അടുപ്പിക്കാൻ കഴിയുന്നു എന്ന അടിസ്ഥാനത്തിൽ.’’
എം കെ സാനു | PHOTO: WIKI COMMONS
എം കെ സാനു എന്ന വിമര്‍ശകന്റെ ലോകം രൂപപ്പെടുന്നതില്‍ കാവ്യാത്മക ദര്‍ശനത്തിനുള്ള പ്രാധാന്യം മാത്രമാണ് ഇവിടെ പറയാന്‍ ശ്രമിച്ചത്. ആ ലോകത്തെ കൂടുതല്‍ അറിയാനും അനുഭവിക്കാനും സ്വായത്തമാക്കാനും നാം ഇപ്പോള്‍ കൈവരിച്ച വായനാജീവിതം മതിയാകാതെ വരും എന്ന തിരിച്ചറിവിലേക്ക് എത്തുമ്പോഴായിരിക്കാം എം കെ സാനു എന്ന സവിശേഷവ്യക്തിത്വം നമുക്ക് സമ്മാനിച്ച വിമര്‍ശന കലയുടെ സാംഗത്യവും ആഴവം നാം മനസിലാക്കുക.


