TMJ
searchnav-menu
post-thumbnail

Outlook

മരണത്തെയും പ്രണയത്തെയും പറ്റി മൂന്ന് എം.ടി സിനിമകള്‍

26 Dec 2024   |   8 min Read
പ്രവീണ്‍ ചന്ദ്രന്‍

ലയാളത്തിലെ ഏതൊരു സാധാരണ വായനക്കാരനെയും പോലെ സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ എം.ടി വാസുദേവന്‍ നായരെ വായിച്ചു തുടങ്ങിയിരുന്നു. ആര്‍ത്തിയോടെ കിട്ടുന്നതെല്ലാം വായിച്ചിരുന്ന അക്കാലത്ത് മലയാളികളും വിദേശികളുമായ മറ്റ് എഴുത്തുകാര്‍ കഥയില്‍ ട്വിസ്റ്റുകളും ഉദ്വേഗവും അമ്പരപ്പിക്കലും നിറച്ചു വെക്കുമ്പോള്‍ അവ കൂടുതല്‍ ആകര്‍ഷണീയമായി തോന്നിയിരുന്നു. അപ്പോഴൊക്കെ മനസ്സില്‍ തോന്നിയ ഒരു ചോദ്യമുണ്ട്. എം.ടിയുടെ സാഹിത്യത്തിലും സിനിമകളിലും പലപ്പോഴും സമാന ഇതിവൃത്തം ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ? എന്നാല്‍ നിശ്ചലമായ തടാകത്തിന്റെ ഉപരിതലത്തില്‍ പ്രതിഫലിക്കുന്ന ധ്യാനസാന്ദ്രമായ ദൃശ്യങ്ങള്‍ പോലെ ശാന്തമായ എം.ടി കഥകള്‍ പിന്നെയും പിന്നെയും വായിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നത് എന്തുകൊണ്ടാണ്? അങ്ങനെയൊരു ചോദ്യം ഉള്ളില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എം.ടി എഴുതുന്നതെല്ലാം വായിക്കുന്നുണ്ടായിരുന്നു. സമാന ഇതിവൃത്തം ഉപയോഗിക്കുമ്പോഴും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഒന്നുപോലും വിടാതെ വായിക്കാന്‍ സാധിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. വായനയുടെ പ്രയാണത്തില്‍ സാവധാനം ചില ബോധ്യങ്ങളുണ്ടായി. തനിക്ക് ഏറ്റവും പരിചിതമായ പശ്ചാത്തലത്തില്‍ അനുഭവത്തിന്റെ ചൂടുള്ള പ്രമേയങ്ങള്‍ ആവര്‍ത്തിച്ച് എഴുതുന്ന എഴുത്തുകാര്‍ വായനക്കാര്‍ക്ക് വേണ്ടി മറ്റെന്തൊക്കെയോ അതില്‍ ഒളിപ്പിച്ച് വെക്കുന്നു. മഹാന്‍മാരായ എഴുത്തുകാര്‍ക്ക് മാത്രമേ സമാന പ്രമേയങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണ എഴുത്തുകാര്‍ അങ്ങനെ ചെയ്യുമ്പോള്‍ സൃഷ്ടിയില്‍ നിന്ന് പഴക്കത്തിന്റെ ഗന്ധം പുറത്ത് വരും. ഈ തിരിച്ചറിവില്‍ നിന്നാണ് എം.ടി എന്റെ പാഠപുസ്തകമാകുന്നത്. ഓരോ വായനയിലും പുതിയ തലങ്ങള്‍ വിടര്‍ന്നു വരുന്ന അനുഭവങ്ങളെ ആസ്വദിക്കാന്‍ തുടങ്ങിയത്.

ഫിക്ഷന്‍ രചനകളില്‍ ഇതിവൃത്തമാണോ കഥാപാത്രമാണോ പ്രധാനം എന്ന ചോദ്യം എപ്പോഴും ഉയര്‍ന്നു വരാറുള്ളതാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് ചോദ്യത്തില്‍ കൊരുത്ത് വായനക്കാരെ കഥയോടൊപ്പം കൊണ്ടുപോകാന്‍ സാധിക്കുന്ന തരം രചനകള്‍ ഇതിവൃത്ത കേന്ദ്രീകൃത രചനകളായിരിക്കും. അത്തരം രചനകളില്‍ ശക്തമായ കഥാപാത്രങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ടാണ് പൊതുവില്‍ മികച്ച സൃഷ്ടികള്‍ സാധ്യമാകുന്നത്. എന്നാല്‍, ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് അവരുടെ ജീവിത സമസ്യകള്‍ ചിത്രീകരിക്കുന്ന കഥാപാത്ര കേന്ദ്രീകൃത സൃഷ്ടികള്‍ മറ്റൊരു രീതിയാണ്. ഈ രീതിയില്‍ ഇതിവൃത്തത്തിലെ നാടകീയതയേക്കാള്‍ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളായിരിക്കും മുന്നിട്ടു നില്‍ക്കുന്നത്. കഥാപാത്ര കേന്ദ്രീകൃത സൃഷ്ടികള്‍ വായിച്ച് കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളെ വായനക്കാരന് മറക്കാനാവില്ല. ഇത്തരം രചനകളാണ് ലോകസാഹിത്യത്തിലെ എക്കാലത്തേയും മികച്ച സൃഷ്ടികള്‍ എല്ലാം തന്നെ. പക്ഷെ ചലച്ചിത്രത്തിന്റെ കാര്യത്തില്‍ ഇതിവൃത്തവും കഥാപാത്രവും തികഞ്ഞ കൈയ്യൊതുക്കത്തോടെ സമന്വയിക്കേണ്ടതുണ്ട്. പ്രേക്ഷകനെ സിനിമയിലേക്ക് ഇഴുകിച്ചേര്‍ക്കുന്നതോടൊപ്പം സാഹിത്യത്തിലെന്നതുപോലെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കുകയും വേണം. മലയാളത്തില്‍ ഈ രചനാകൗശലം സമര്‍ത്ഥമായും വൈവിധ്യപൂര്‍ണ്ണമായും ഉപയോഗിച്ചിട്ടുള്ള എഴുത്തുകാരനാണ് എം.ടി. സമാന ഇതിവൃത്തത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രചനകള്‍ നെയ്തെടുക്കുന്നതിന്റെ ഉദാഹണമായി ആള്‍ക്കൂട്ടത്തില്‍ തനിയെ, സുകൃതം, അക്ഷരങ്ങള്‍ എന്നീ സിനിമകള്‍ പഠനവിധേയമാക്കുകയാണ്. മരണവും പ്രണയവുമാണ് ഈ മൂന്ന് സിനിമകളിലേയും പ്രധാന ധാര.

എം.ടി വാസുദേവന്‍ നായര്‍ | PHOTO : WIKI COMMONS
ജീവിതമെന്ന വലിയ നുണയ്ക്കും മരണമെന്ന വലിയ സത്യത്തിനും ഇടയില്‍ ദോലനം ചെയ്യുന്ന മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളാണ് എം.ടി വാസുദേവന്‍ നായരുടെ രചനകളുടെ പ്രത്യേകത. ബന്ധങ്ങളുടെ ശൈഥില്യം, നഷ്ടപ്രണയത്തിന്റെ നീറ്റല്‍, ശരിതെറ്റുകള്‍കൊണ്ട് തീര്‍ച്ചപ്പെടുത്താനാവാത്ത മനുഷ്യസന്ദര്‍ഭങ്ങള്‍ തുടങ്ങി അനേകം അനുഭവങ്ങളുടെ നിറഭേദങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ മരണമെന്ന മഹാസത്യത്തിനെ പുണരുന്ന നിമിഷം വരെ ഒന്നുവിടാതെ എല്ലാം അനുഭവിക്കുന്നു. എന്നാല്‍ മരണം പോലും ചിലപ്പോള്‍ മനുഷ്യനെ തോല്‍പ്പിച്ചുകളയുന്ന സന്ദര്‍ഭങ്ങളുണ്ട്. ഒരേ പ്രമേയത്തിന്റെ ഊടും പാവും കൊണ്ട് സൃഷ്ടിച്ച കഥാഗാത്രം കൊണ്ട് പ്രണയത്തിന്റെയും മരണത്തിന്റെയും സങ്കീര്‍ണ്ണ സന്ധികളെ എം.ടി ഈ മൂന്ന് സിനിമകളില്‍ അവതരിപ്പിക്കുന്നു.

മരണം കാത്തുകിടക്കുന്ന മാധവന്‍ മാഷാണ് 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന സിനിമയുടെ കഥയുടെ കാതല്‍. മരണാസന്നരായവരെ മരണാന്തര കര്‍മ്മങ്ങള്‍ അവസാനിക്കും വരെ കൂടെ നിന്ന് 'മരിപ്പിക്കുന്ന' കുട്ടിരാമന്‍, മാഷ് കിടപ്പിലായ ഉടനെ സ്ഥലത്തെത്തുകയും അദ്ദേഹത്തിന്റെ മരണം പ്രവചിക്കുകയും ചെയ്യുന്നു. കുഴഞ്ഞ് വീണതിന്റെ തൊട്ടടുത്ത ദിവസം, സ്വര്‍ഗവാതില്‍ തുറക്കുന്ന സമയത്ത്, മാഷുടെ നന്മകളുടെ ആത്മാവ് ദേഹം വിട്ടുപോകും എന്ന് കുട്ടിരാമന്‍ അച്ചട്ടം പറയുന്നു. മകനായ രാജനും ഭാര്യയും അവരുടെ കുട്ടിയും, മൂത്ത സഹോദരി വിശാലം, ഇളയസഹോദരി ശ്രീലക്ഷ്മിയും ഭര്‍ത്താവും തറവാട്ടില്‍ എത്തുന്നു. രാജന്റെ ഭാര്യ നളിനി ഹാവാര്‍ഡില്‍ പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതിന്റേയും സഹോദരിമാര്‍ അവരുടെ ഭര്‍ത്താക്കന്‍മാരുടെ ബിസിനസ്സ് തിരക്കുകള്‍ കാരണവും മാഷുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പില്‍ എത്തിയവരാണ്. എന്നാല്‍ മാഷുടെ മരണം അനിശ്ചിതമായി നീളുന്നു.

ആള്‍ക്കൂട്ടത്തില്‍ തനിയെ | PHOTO : WIKI COMMONS
രാജന്റെ ഭാര്യയും സഹോദരിമാരും മറ്റും തിരിച്ചുപോകുന്നു. മാധവന്‍ മാഷ് തന്റെ മരുമകളായ അമ്മുവിനെ കാണാന്‍ ആഗ്രഹിക്കുന്നു. അമ്മു അമ്മാവനായ മാഷിനെ വന്ന് കാണുകയും ശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്യുന്നു. രാജന്റെ സ്‌കൂള്‍ പ്രായമുള്ള മകനെ തല്‍ക്കാലം അമ്മു നോക്കാമെന്നേല്‍ക്കുന്നു. അമ്മു രാജനെ സംബന്ധിച്ചിടത്തോളം നഷ്ടപ്രണയത്തിന്റെ ദുഃഖസ്മൃതികളുടെ നീറ്റലാണ്. അവര്‍ പ്രണയബന്ധരായിരുന്നു. രാജനെ പഠിപ്പിക്കാനുള്ള പണം നല്‍കിയത് സ്‌കൂള്‍ ടീച്ചറായ അമ്മുവായിരുന്നു. രാജന്‍ ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ പഠിക്കുകയും ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തപ്പോള്‍ മാധവന്‍ മാഷുടെ ശിഷ്യനും രാജന്റെ കമ്പനിയുടെ മാനേജിങ്ങ് ഡയരക്ടറുമായ ബാലചന്ദ്രന്റെ മകള്‍ നളിനിയെ വിവാഹം ചെയ്യുന്നു. അമ്മുവിന് പകരം നളിനിയെ സ്വീകരിക്കാന്‍ അച്ഛന്‍ മാധവന്‍ മാഷ് തന്നെയാണ് അവനെ നിര്‍ബന്ധിക്കുന്നത്. രാജന്റെ നന്മയെച്ചൊല്ലി അമ്മുവും അതാണ് നല്ലത് എന്ന് ഉള്ളിലെ വേദന അടക്കിവച്ച് അഭിപ്രായപ്പെടുന്നു. എന്നാല്‍ ജീവിത സായാഹ്നത്തില്‍ മാഷിന് തുണയാവുന്നത് അമ്മുക്കുട്ടിയാണ്.

രാജന്റെ ഭാര്യ നഗരത്തിലേക്ക് തിരിച്ചപ്പോള്‍  മകനെ അമ്മു സന്തോഷത്തോടെ നോക്കുന്നു. നളിനി വിദേശസര്‍വകലാശാലയിലെ അഡ്മിഷന്‍ നേടുന്നു. പണക്കാരിയായ നളിനി രാജനെ പഠിപ്പിക്കാന്‍ അമ്മു ചെലവഴിച്ച പണം തിരികെ നല്‍കാന്‍ ശ്രമിക്കുമ്പോള്‍  അമ്മു അത് നിഷേധിച്ച് പൊട്ടിത്തെറിക്കുന്നു. രാജന്റെ നന്മ കാംക്ഷിച്ച് തന്റെ മോഹങ്ങള്‍ ഉപേക്ഷിച്ച തന്നോടുള്ള കടങ്ങള്‍ ആര്‍ക്കും വീട്ടിത്തീര്‍ക്കാനാവില്ല എന്ന് അമ്മു പറയുന്നു. നളിനിയെ വിദേശത്തേക്ക് പറഞ്ഞയച്ച് അവരുടെ ഭാവിക്കുകൂടി വേണ്ടി നില്‍ക്കാന്‍ അമ്മു രാജനെ നിര്‍ബന്ധിക്കുന്നു. മനുഷ്യബന്ധങ്ങളേയും മൂല്യങ്ങളേയും ഉള്‍ക്കൊള്ളുന്ന അമ്മു ഉയര്‍ന്ന അര്‍ത്ഥതലങ്ങളുള്ള കഥാപാത്രമാണ്. രാജനും നളിനിയും കുഞ്ഞിനോടൊത്ത് തിരിച്ചുപോകുന്നു. ഒടുവില്‍ അവിവാഹിതയായ സ്‌കൂള്‍ ടീച്ചര്‍ അമ്മുവും മരണത്തില്‍ നിന്ന് തിരിച്ചെത്തിയ മാധവന്‍ മാഷും തനിച്ചാകുന്നു.

ആള്‍ക്കൂട്ടത്തില്‍ തനിയെ | PHOTO : WIKI COMMONS
മരണം കാത്തു കിടക്കുന്ന അച്ഛന്‍, രാജന് വിവാഹം കഴിക്കാന്‍ സാധിക്കാതെ പോയ പ്രണയിനി അമ്മു എന്നിവരിലൂടെയാണ് ആള്‍ക്കൂട്ടത്തില്‍ തനിയെയുടെ കഥ പുരോഗമിക്കുന്നത്. എം.ടി പലവട്ടം ഉപയോഗിച്ചിട്ടുള്ള രണ്ട് പ്രമേയങ്ങളാണിവ. എന്നാല്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മാധവന്‍ മാഷിന് ചുറ്റും നടന്ന നാടകങ്ങളില്‍ നിന്ന് മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും തിരിച്ചറിയാന്‍ സാധിക്കാതെ പോയ കഥാപാത്രങ്ങള്‍ നടമാടുകയാണ്. മൂത്ത സഹോദരി ഉന്നതസദസ്സുകളുടെ ഉന്മാദാഹ്ലാദങ്ങളാലും ഇളയ സഹോദരി ഭര്‍ത്താവിന്റെ ഭൗതികനേട്ടങ്ങളുടെ ചുവടുകള്‍ പിന്തുടരുന്നതിനാലും മൂല്യങ്ങളില്‍ നിന്ന് അകന്നുപോകുന്നു. ഭാര്യ നളിനിയുടെ ഉത്കര്‍ഷേച്ഛ സൃഷ്ടിക്കുന്ന സ്നേഹരാഹിത്യവും പഴയ പ്രണയിനി അമ്മു ഒന്നും പ്രതീക്ഷിക്കാതെ രാജന്റെ മകനേയും അച്ഛനേയും കരുതലോടെ പരിചരിക്കുന്നതും രാജന്റെ ആന്തരിക സംഘര്‍ഷത്തിന് ഹേതുവാകുന്നു. ഭൗതികനേട്ടങ്ങളുടെ ക്ഷണപ്രഭാവെട്ടവും ആത്മസമര്‍പ്പണത്തിന്റെ അടിയൊഴുക്കുകളും ഒരേ സമയം രാജന് മുന്നില്‍ പ്രത്യക്ഷമാകുന്നു.മക്കളുടെ ഉന്നതിയുടെ മൂലഹേതുവായ അച്ഛന്‍ മരിക്കുന്നത് മക്കള്‍ കാത്തിരിക്കുന്നതിന്റെ അര്‍ത്ഥരാഹിത്യവും നിസ്സാരതയും ഈ സിനിമയില്‍ കാണാവുന്നതാണ്.

ഇതില്‍ മരണത്തിനായുള്ള കാത്തിരിപ്പും നഷ്ടപ്രണയവും എം.ടിയെ സംബന്ധിച്ചിടത്തോളം കഥയുടെ അസ്ഥിക്കൂടം മാത്രമാണ്. അതിനു മുകളില്‍ ചേര്‍ത്ത് പിടിപ്പിക്കുന്ന മജ്ജയും മാംസവുമാണ് സിനിമയുടെ ജീവന്‍. പലപ്പോഴും തനിക്ക് ഏറ്റവും നന്നായി അവതരിപ്പിക്കാനാവുന്ന ഒരു പ്രമേയം എന്ന നിലയില്‍ ഇവ സ്വീകരിക്കുന്ന എം.ടി അതിന്റെ ആത്മാവായ സംഘര്‍ഷപരിചരണത്തില്‍ വ്യത്യസ്തത നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് ഇവയിലെ സമാനതയേക്കാള്‍ വ്യത്യസ്തത മുന്നിട്ട് നില്‍ക്കുന്നത്. സമാനത പലപ്പോഴും ശ്രദ്ധയില്‍ പെടുന്നതുമില്ല.

മരണത്തെ മുന്‍നിര്‍ത്തിയുള്ള മറ്റൊരു ആത്മപരിശോധനയാണ് സുകൃതം എന്ന സിനിമ. രവിശങ്കര്‍ എന്ന പത്രപ്രവര്‍ത്തകന്‍ രക്താര്‍ബുദം കാരണം മരണത്തിന്റെ തൊട്ടടുത്ത് വന്നെത്തിയിരിക്കുന്നു. ആശുപത്രിയുടെ വിങ്ങലില്‍ വ്യര്‍ത്ഥമായ ചികിത്സാപരീക്ഷണങ്ങളില്‍ നിന്ന് തന്നെ മോചിപ്പിച്ച് ഗ്രാമത്തിലെ ജനിച്ചുവളര്‍ന്ന വസതിയില്‍ താമസിച്ച് സ്വച്ഛന്ദമരണത്തിന് തന്നെ അനുവദിക്കണമെന്ന് രവിശങ്കര്‍ ആവശ്യപ്പെടുന്നു. സമാധാനമായി ജീവിക്കുക എന്നതുപോലെ ശാന്തമായി മരിക്കുക എന്നതും ഒരാവശ്യമാണെന്ന് രവിശങ്കറിന്റെ ബോധ്യമാണ്. തന്റെ കാര്യത്തില്‍ മാത്രമല്ല തന്നെപ്പോലുള്ള മറ്റ് രോഗികളേയും ശാന്തമായി മരിക്കാന്‍ അനുവദിക്കണമെന്ന് അയാള്‍ ഡോക്ടറോട് ആവശ്യപ്പെടുന്നുണ്ട്. അയാളുടെ കോളേജ് അധ്യാപികയായ ഭാര്യ മാലിനിയും എല്ലാറ്റിനുംകൂടെ നില്‍ക്കുന്ന സുഹൃത്ത് രാജേന്ദ്രനും ഒപ്പം ഗ്രാമത്തിലേക്ക് പോകുന്നു. രവിശങ്കറിനെ അവിടെയാക്കി സുഹൃത്ത് തിരിച്ചു പോകുന്നു. പിന്നീട് അവധി നീട്ടിക്കിട്ടാഞ്ഞതിനാല്‍ ഭാര്യയ്ക്ക് തിരിച്ചുപോകേണ്ടി വരുന്നു.

സുകൃതം | PHOTO : WIKI COMMONS
ഗ്രാമത്തില്‍ നിന്ന് രവിശങ്കര്‍ തന്റെ നഷ്ടദിനങ്ങള്‍ വീണ്ടെടുക്കുന്നു. ചെറിയമ്മ, ചെറിയച്ഛന്‍, മറ്റ് ബന്ധുക്കള്‍, അയല്‍വാസികള്‍ തുടങ്ങി പലര്‍ അയാളുടെ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നു. തിരക്കുകള്‍ കൊണ്ട് പല കുടുംബപരിപാടികളിലും അയാള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ മരണം കാത്ത് കിടക്കുമ്പോള്‍ തിരക്കുകള്‍ എല്ലാം അവസാനിക്കുന്നു എന്ന് രവിശങ്കര്‍ തിരിച്ചറിയുന്നു. പഴയ പ്രണയിനി ദുര്‍ഗ, താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന മുറപ്പെണ്ണ്, അയാളുടെ അവസാന നാളുകളില്‍ ആശ്വാസമായി തിരിച്ചെത്തുന്നു. എല്ലാം ശരിയാകും എന്ന് കളവ് പറയാനറിയാത്ത നിഷ്‌കളങ്ക മനസ്സുകളായ ബന്ധുക്കള്‍ അയാളുടെ വിധിയെച്ചൊല്ലി സഹതപിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നു. രവിശങ്കറിനെ പരിചരിക്കാന്‍ കിട്ടിയ മുഹൂര്‍ത്തങ്ങളെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി ദുര്‍ഗ കാണുന്നു. മരണം തൊട്ടടുത്ത് എത്തി എന്നറിയുമ്പോള്‍ ചുറ്റുമുള്ളവര്‍ സ്നേഹത്തിന്റെ കണക്കുപുസ്തകത്തിലെ വിട്ടവരികള്‍ പൂരിപ്പിക്കാന്‍ ധൃതിവെക്കുന്നു. അസാധ്യമെന്നറിഞ്ഞിട്ടും അയാള്‍ ജീവിച്ചിരുന്നെങ്കില്‍ കുറ്റബോധവും നഷ്ടബോധവും നിറഞ്ഞ അവരുടെ ഇരുള്‍മനസ്സുകള്‍ പ്രകാശമാനമാക്കിയേനെ എന്ന് ചുറ്റുമുള്ളവര്‍ പ്രതീക്ഷിക്കുന്നു.

സുകൃതത്തിന്റെ ആദ്യഭാഗം മരണം കാത്തുകിടക്കുന്നവരോട് ചുറ്റുമുള്ളവര്‍ കാണിക്കുന്ന സഹതാപം നിറഞ്ഞ സ്നേഹപ്രവാഹത്തിന്റെ അമൂല്യനിമിഷങ്ങളാണ്. കഥയില്‍ വഴിത്തിരിവായി ഹോളിസ്റ്റിക് ചികിത്സയിലൂടെ രവിശങ്കര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അതോടെ സുനിശ്ചിതമായ മരണത്തിന്റെ മൂടല്‍മഞ്ഞ് അന്തരീക്ഷത്തില്‍ നിന്ന് വിട്ടുപോകുന്നു. തനിക്ക് ചുറ്റുമുള്ളവര്‍ ഒരിക്കല്‍ ആഗ്രഹിച്ച ജീവിത്തിലേക്ക് തിരിച്ചെത്തിയതില്‍ അയാള്‍ സന്തോഷിക്കുന്നു. എന്നാല്‍, ആ ഇരുട്ടിന്റെ ഒഴുക്കിനോടൊപ്പം ചുറ്റുമുള്ളവരുടെ മനോഭാവം മാറിമറയുന്നത് അയാള്‍ നേരിട്ടു കാണുന്നു. ചെറിയമ്മയ്ക്കും ചെറിയച്ഛനും അയാളൊരു ബാധ്യതയാകുന്നു. പഴയ പ്രണയിനി ദുര്‍ഗ അയാളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. തനിക്ക് ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ അവളുടെ സഹായം വേണമെന്ന് രവിശങ്കര്‍ പറയുമ്പോള്‍ നിങ്ങളുടെ രഹസ്യക്കാരിയാകാന്‍ എന്നെ കിട്ടില്ല എന്ന് ദുര്‍ഗ മറുപടി പറയുന്നു. രോഗാവസ്ഥയില്‍, തന്റെ മരണാനന്തരം രാജേന്ദ്രനെ വിവാഹം ചെയ്യണം എന്ന് രവിശങ്കര്‍ ഭാര്യ മാലിനിയോട് പറഞ്ഞിരുന്നു. മാലിനിയുടേയും രാജേന്ദ്രന്റേയും പൂര്‍വപ്രണയത്തിന്റെ വൈക്കോല്‍ തുരുമ്പില്‍ ആ സംഭാഷണം ചെറുകനലായി വീഴുന്നു. എന്നാല്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന രവിശങ്കര്‍ മുമ്പ് പറഞ്ഞ വാക്കുകള്‍ അഗ്‌നിയായി പടര്‍ന്ന് മാലിനി തന്നില്‍ നിന്ന് അകന്നുപോയത് ഉള്‍ക്കൊള്ളാനാവാതെ അമ്പരക്കുന്നു. സ്വന്തം ജോലിസ്ഥലമായ പത്രമാപ്പീസില്‍ രവിശങ്കറിന്റെ കസേരയില്‍ മറ്റൊരാള്‍ ഇരിപ്പുറപ്പിച്ചതും മേശയില്‍ തന്റെ മരണശേഷം പ്രസിദ്ധീകരിക്കേണ്ട വാര്‍ത്ത തയ്യാറാക്കിവച്ചതും അയാള്‍ കാണുന്നു. താന്‍ മരണത്തില്‍ നിന്ന് തിരിച്ചു വന്നു എന്നതാണ് തെറ്റ് എന്ന് അയാള്‍ വിലയിരുത്തുന്നു. ബന്ധുക്കളും ഭാര്യയും സുഹൃത്തും സഹപ്രവര്‍ത്തകരും തന്നെ ബാധ്യതയായി കണ്ടുതുടങ്ങി എന്ന് തീര്‍ച്ചപ്പെടുത്തിയ രവിശങ്കര്‍ തീവണ്ടിപ്പാളത്തിലൂടെ നടന്ന് മരണത്തിന്റെ തുരങ്കത്തിലേക്ക് മറയുന്നു.  

സുകൃതം ജീവിതത്തിലെ ഒരു സന്ദര്‍ഭത്തിന്റെ രണ്ട് വശങ്ങളെ പരിശോധിക്കുന്ന ഒരു രചനയാണ്. മരണാസന്നനായ ഒരു മനുഷ്യന്‍ ആദ്യഭാഗത്തും അയാള്‍ ജീവിത്തിലേക്ക് തിരിച്ചു വരുന്നത് സൃഷ്ടിക്കുന്ന പ്രതികരണങ്ങള്‍ മറുവശത്തും. ജീവിതത്തില്‍ നിന്ന് മരണത്തിലേക്കും തിരിച്ചുമുള്ള പ്രയാണത്തിന്റെ പ്രതിസന്ധികളെ അത് സൂക്ഷ്മാര്‍ത്ഥത്തില്‍ നിരീക്ഷിക്കുന്നു. നഷ്ടപ്രണയത്തിന്റെ അടരുകളില്‍ നിന്ന് പൊടിയുന്ന രക്തം അപ്രതീക്ഷിതമായ തീവ്രനിമിഷങ്ങള്‍ സമ്മാനിക്കുന്നു.

സുകൃതം | PHOTO : WIKI COMMONS
എം.ടിയുടെ അക്ഷരങ്ങള്‍ എന്ന സിനിമയാകട്ടെ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ ജയദേവനാണ് മുഖ്യകഥാപാത്രം. വി.പി മേനോന്‍ എന്ന നിരൂപകന്‍, അദ്ദേഹത്തിന്റെ സഹോദരിയും പിന്നീട് ജയദേവന്റെ ഭാര്യയുമായ ഭാരതി, ജയദേവന്‍ എഴുത്ത് തുടങ്ങിയ കാലം മുതല്‍ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ആദ്യ പ്രണയിനി ഗീത എന്നിവരുടെ ഓര്‍മ്മകളിലൂടെയാണ് അക്ഷരങ്ങള്‍ എന്ന സിനിമ വിടരുന്നത്. ജയദേവന്‍ എഴുത്ത് ആരംഭിക്കുന്ന കാലത്ത് അയല്‍ക്കാരിയായ ഗീത അയാളെ പ്രോത്സാഹിപ്പിക്കുകയും അയാളുടെ വളര്‍ച്ചയില്‍ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രസിദ്ധീകരണത്തില്‍ ജോലി കിട്ടി നഗരത്തിലേക്ക് പോകുമ്പോള്‍ അയാള്‍ തനിക്ക് നഷ്ടപ്പെട്ടുപോകും എന്ന് ഉള്‍ഭയമുണ്ടെങ്കിലും അവളതില്‍ അഭിമാനിക്കുന്നുണ്ട്. വി.പി മേനോന്‍ എന്ന് നിരൂപകന്‍ ജയദേവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് വേണ്ടത്ര സഹായിക്കുന്നുണ്ട്. അതിനിടെ ജയദേവന്‍ വി.പി മേനോന്റെ സഹോദരി ഭാരതിയുമായി പ്രണയത്തിലാവുകയും അവര്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു. ജയദേവന്‍ പ്രശസ്തിയുടെ പടവുകള്‍ കയറുന്നതിനൊപ്പം കുത്തഴിഞ്ഞ ജീവിതത്തിലേക്കും മദ്യപാനത്തിലേക്കും വഴുതിവീഴുന്നു. കുടംബബന്ധങ്ങളില്‍ അസ്വാരസ്യം ആളിക്കത്തുന്നു. അയാള്‍ ജോലി ഉപേക്ഷിക്കുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ബഹുമാനിച്ചവരും അയാളെ തിരസ്‌കരിക്കുന്നത് അയാള്‍ മനസ്സിലാക്കുന്നു. താന്‍ ഒന്നിനും കൊള്ളാത്തവനായി എന്ന് തോന്നലില്‍ അയാള്‍ ലഹരിയിലും അലച്ചിലിലും മുഴുകുന്നു. അയാളുടെ ഈ അവസ്ഥ ഗീത അറിയുന്നു. ഒന്നിനും കൊള്ളാത്ത മനുഷ്യനില്‍ നിന്നും ജയദേവനെ വീണ്ടെടുക്കാൻ നാടക നടിയായി ഉപജീവനം നടത്തുന്ന ഗീത പ്രയത്നിക്കുന്നു. ജയദേവനെക്കൊണ്ട് നിലനില്‍പ്പിന് വേണ്ടി നാടകം എഴുതിക്കുന്നു. തകര്‍ച്ച പൂര്‍ണ്ണമായ അയാള്‍ക്ക് വി.പി മേനോന്റെ സഹായത്തോടെ ജോലി നേടിക്കൊടുക്കുന്നു. ഒടുവില്‍ അനേകം പുസ്തകങ്ങളിലൂടെ അയാള്‍ ശ്രദ്ധേയനാകുന്നു. ജ്ഞാനപീഠപുരസ്‌കാരം ലഭിക്കുന്നു. പുരസ്‌കാര ലബ്ധിയുടെ ആദരവ് നല്‍കുന്ന ചടങ്ങില്‍ ഗീത വരാന്‍ പാടില്ല എന്ന് വി.പി മേനോന്‍ നിര്‍ദ്ദേശിക്കുന്നു. അപ്രതീക്ഷിതമായ ഹൃദയാഘാതം അയാളെ ആശുപത്രിയിലെത്തിക്കുന്നു. ആശുപത്രിയിലും ഗീതയ്ക്ക് ഒരല്പം മാറി നില്‍ക്കേണ്ടിവരുന്നു. ഒടുവില്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ ജയദേവനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മാത്രമേ അവള്‍ക്ക് കാണാന്‍ സാധിക്കുന്നുള്ളൂ. പൊതുദര്‍ശനം കഴിഞ്ഞ് ആളൊഴിഞ്ഞ ടൗണ്‍ഹാളില്‍ റീത്തുകളില്‍ നിന്നും ഹാരങ്ങളില്‍ നിന്നും കൊഴിഞ്ഞു വീണ പൂക്കള്‍ നിറഞ്ഞ സ്റ്റേജില്‍ ഗീത എത്തുന്നു. ജയദേവന്റെ മൃതദേഹത്തിനും ചുറ്റും വീണുകിടന്ന പൂക്കള്‍ ശരീരം എടുത്തുമാറ്റിയപ്പോള്‍ മരിച്ചു കിടന്നയാളുടെ പൂക്കളുടെ അരികുകളുള്ള നിഴല്‍ രൂപം കാണാമായിരുന്നു. അതിന്റെ കാലില്‍ ഗീത തൊട്ടുവണങ്ങുന്നു.

അക്ഷരങ്ങളിലും നഷ്ടപ്രണയം പ്രധാന പ്രമേയമായി കഥയെ മുന്നോട്ടു നയിക്കുന്നു. എന്നാല്‍ പ്രേക്ഷകര്‍ അനുഭവിക്കുന്നത് സര്‍ഗാത്മകമായും വ്യക്തിപരമായും കുടംബപരമായും ഒരെഴുത്തുകാരന്‍ നേരിടുന്ന വിജയ പരാജയങ്ങളുടെ ആഘാതങ്ങളാണ്. എം.ടിയും പ്രിയവിഷയമായ നഷ്ടപ്രണയം ഇവിടെ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളെ തീക്ഷണമായി അവതരിപ്പിക്കാനുള്ള ഘടനാശില്പം മാത്രമാണ്. തുടര്‍ന്നെന്ത് സംഭവിക്കും എന്ന് ചോദ്യം ഉള്ളിലുണര്‍ത്തുകയും കെടുത്തുകയും ചെയ്തുകൊണ്ടാണ് പൊതുവെ തിരക്കഥകള്‍ മുന്നോട്ടു നീങ്ങുന്നത്. എം.ടിയുടെ ഈ സിനിമകളിലൊന്നും തൊട്ടടുത്ത സംഭവത്തെ കാത്തിരിപ്പിക്കുന്ന യാതൊരു ചേരുവയും കാണാന്‍ സാധിക്കുകയില്ല. പകരം സംഘര്‍ഷങ്ങളില്‍ നിന്ന് സംഘര്‍ഷങ്ങളിലേക്ക് സഞ്ചരിക്കുന്ന മനുഷ്യന്റെ വ്യാകുലതകളാണ് പ്രേക്ഷകനിലെത്തുന്നത്. കാഴ്ചക്കാരുടെ പുറം കണ്ണ് മുന്നിലെ തിരശ്ശീലയിലെ ദൃശ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും താനും ഇതൊക്കെ അനുഭവിക്കുന്നുണ്ടല്ലോ എന്നൊരാന്തലിന്റെ വിങ്ങലിലേക്ക് അവരുടെ അകക്കണ്ണ് സഞ്ചരിക്കുന്നു. കഥാഗതിയുടെ പ്രവാഹത്തിലെ ആവര്‍ത്തനവും നിശ്ചലതയും പ്രേക്ഷകരെ ബാധിക്കാത്തത് അതിനു മുകളില്‍ സൃഷ്ടിച്ചിരിക്കുന്ന സംഘര്‍ഷലോകം അത്രമേല്‍ തീക്ഷ്ണവും ആഴമേറിയതും ആയതിനാലാണ്. മറ്റൊരര്‍ത്ഥത്തില്‍ നഷ്ടപ്രണയത്തിന്റെ വിങ്ങലുകള്‍ക്ക് മുകളില്‍ കഥാപാത്രങ്ങളുടെ ആന്തരികലോകത്തിന്റെ വൈചിത്ര്യങ്ങളും മരണമെന്ന പ്രമേയത്തിന് മുകളില്‍ ജീവിതത്തെപ്പറ്റിയുള്ള ദാര്‍ശനിക സമസ്യകളും എം.ടി സന്നിവേശിപ്പിക്കുന്നു. അതുകൊണ്ടാണ് ഇവ പൂര്‍ണ്ണമായും വ്യത്യസ്തമായ സിനിമകളായി മാറുന്നത്. ഇതേ ചേരുവകളില്‍ സൃഷ്ടിച്ചെടുത്ത മറ്റനേകം എം.ടി സിനിമകളും അവയുടെ വ്യക്തിത്വം നിലനിര്‍ത്തുന്നത് അവയ്ക്ക് മേല്‍ നിര്‍മ്മിച്ചെടുക്കുന്ന വിഹ്വലതകളുടെ തനിമകൊണ്ട് തന്നെയാണ്.

എം.ടി വാസുദേവന്‍ നായര്‍  | PHOTO : WIKI COMMONS
സൂക്ഷ്മാര്‍ത്ഥത്തില്‍ ഇവയില്‍ ഒരേ ഇതിവൃത്തം തന്നെയാണുള്ളത് എന്ന് കാണാം. എന്നാല്‍ അവ കൈകാര്യം ചെയ്യുന്ന പ്രമേയം വളരെ വ്യത്യസ്തമാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെയില്‍ മാധവന്‍ മാഷെ ചൂഴ്ന്ന് നില്‍ക്കുന്ന മരണത്തിന്റെ അന്തരീക്ഷത്തില്‍ മക്കളുടേയും മരുമക്കളുടേയും അയല്‍ക്കാരുടേയും അമര്‍ത്തിവച്ച സംഘര്‍ഷങ്ങള്‍ തോട് പൊട്ടിച്ച് പുറത്തെത്തുകയാണ്. മരണം കാത്ത് കിടക്കുന്ന മനുഷ്യന്‍ മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള യാത്രയില്‍ നേരിട്ടനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് സുകൃതത്തിലെ കഥാവസ്തു. എന്നാല്‍ അക്ഷരങ്ങളില്‍ മരണത്തോട് പോരടിക്കുന്ന മനുഷ്യനെ മറ്റുള്ളവരാണ് ഓര്‍ത്തെടുക്കുന്നത്. അയാളുടെ സംഘര്‍ഷങ്ങളെ ചുറ്റുമുള്ളവര്‍ നോക്കിക്കാണുകയാണതില്‍. ഈ സിനിമകള്‍ കണ്ടിറങ്ങുന്നവര്‍ അനുഭവിക്കുന്നത് ഇതിലെ കഥാതന്തു സൃഷ്ടിക്കുന്ന അമ്പരപ്പുകളല്ല, മറിച്ച് ഇതിലെ പ്രമേയം മുന്നോട്ടു വെക്കുന്ന തീക്ഷ്ണതയാണ്. സമാനസ്വഭാവമുള്ള പ്രണയത്തിന്റെ ഇതിവൃത്തം സനിമയിലെ അടിയൊഴുക്ക് മാത്രമാണ്. ആള്‍ക്കൂട്ടത്തില്‍ തനിയെയിലെ രാജന്‍, സുകൃതത്തിലെ രവിശങ്കര്‍, അക്ഷരത്തിലെ ജയദേവന്‍ എന്നിവര്‍ വ്യത്യസ്ത മനുഷ്യരാണ്. നഷ്ടപ്രണയിനിയുമായുള്ള പുനര്‍സമാഗമം സാന്ദര്‍ഭികമായി വന്നുചേരുന്നതാണ്. ആ സന്ദര്‍ഭങ്ങളില്‍ നായക കഥാപാത്രം ജീവിതത്തെ പുനര്‍ദര്‍ശിക്കുകയാണ് ചെയ്യുന്നത്. അതുവരെ മനസ്സിലാക്കിയതില്‍ നിന്ന് വ്യത്യസ്തമായ കോണില്‍ നിന്ന് തന്നെ നോക്കിക്കാണാനുള്ള അവസരമാണ് പൂര്‍വകാമുകിമാര്‍ നായകന് നല്‍കുന്നത്. സാമ്പത്തികമായി വലിയ നിലയിലേക്ക് പോവുകയും തിരക്കുകളില്‍ മുഴുകുകയും ചെയ്ത രാജന്‍ ജീവിതത്തിന്റെ അര്‍ത്ഥം നിര്‍വചിക്കുന്നത് അമ്മുക്കുട്ടിയോടൊത്തുള്ള ഏതാനും ദിവസത്തെ അനുഭവങ്ങളിലൂടെയാണ്. മരണവും ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളെ തീക്ഷ്‌ണമായി അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ എം.ടി കണ്ടെത്തുന്നത് രവിശങ്കറും പഴയ പ്രണയിനി ദുര്‍ഗയും തമ്മിലുള്ള ബന്ധത്തിലൂടെയാണ്. കുടംബബന്ധത്തിന്റെ അര്‍ത്ഥങ്ങളും അര്‍ത്ഥരാഹിത്യങ്ങളും അയാളെ ബോധ്യപ്പെടുത്തുന്നതില്‍ ഭാര്യയും വലിയ പങ്ക് വഹിക്കുന്നുണ്ട്. അക്ഷരങ്ങളിലാകട്ടെ പ്രണയിനി ഗീത അയാള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അയാളെ നല്ല മനുഷ്യനാക്കി ഭാര്യ ഭാരതിക്ക് തിരികെ കൊടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ജയദേവന്‍ വളര്‍ച്ചയും തളര്‍ച്ചയും മനസ്സിലാക്കുന്നതും ചുറ്റുമുള്ള ലോകം എത്രമേല്‍ കപടമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് ഗീതയുടെ സാന്നിധ്യത്തിലൂടെയാണ്.

എഴുത്തുകാരന്റെ അനുഭവങ്ങള്‍ക്ക് എപ്പോഴും ഒരു പരിധിയുണ്ടായിരിക്കും. ആ അനുഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന കഥകള്‍ പറയുന്നതാണ് എഴുത്തുകാരന്റെ മിടുക്ക് എന്ന് എം.ടി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. എം.ടി. തന്റെ അനുഭവലോകത്തിലെ ചില സന്ദര്‍ഭങ്ങളാവാം ഈ സിനിമകളുടെ ഇതിവൃത്ത ഘടനയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. അവ ആവര്‍ത്തിക്കുന്നെങ്കില്‍ പോലും പ്രേക്ഷകനില്‍ എത്തുന്നത് എം.ടി പറയാനുദ്ദേശിച്ച പ്രമേയങ്ങളുടെ തീവ്രതയാണ്. ഓരോ രംഗവും കഥാപാത്രത്തിന്റെ ഏതെങ്കിലും അവസ്ഥ വിവരിക്കാനോ കഥാഗതിയെ മുന്നോട്ടു നയിക്കാനോ വേണ്ടി എഴുതുക എന്നതാണ് പൊതുവെ തിരക്കഥകളുടെ രീതി. എന്നാല്‍ ഒരേ സമയം കഥയെ മുന്നോട്ടു നയിക്കുകയും കഥാപാത്രത്തിന്റെ സംഘര്‍ഷങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുക എന്നത് ശ്രമകരമായ രചനാ രീതിയാണ്. എം.ടിയുടെ തിരക്കഥകളിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ഓരോന്നായി എടുത്ത് വച്ച് അത് എന്ത് ആവശ്യത്തിനാണ് എഴുതിയത് എന്ന് വിശദീകരിക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ തിരക്കഥകളില്‍ ആരും വെറുതെ ഒന്നും പറയുന്നില്ല. ഇങ്ങനെ ഓരോ സംഭാഷണവും മുഴുവന്‍ കഥാഘടനയുടെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ അധികം എഴുത്തുകാര്‍ക്ക് സാധിക്കില്ല. മഹാന്മാരായ എഴുത്തുകാര്‍ക്ക് മാത്രം സാധിക്കുന്ന ഈ സര്‍ഗവിസ്മയം മലയാളത്തിന്റെ അപൂര്‍വതയാണ്.


#outlook
Leave a comment