TMJ
searchnav-menu
post-thumbnail

Outlook

വൃക്ഷമായും ചെടിയായും പരം പക്ഷിയായും മൃഗമായും (മാധവിക്കുട്ടിയുടെ ഓര്‍മ്മകളിലൂടെ )

31 May 2025   |   9 min Read
ഡോ. രോഷ്നി സ്വപ്ന

സ്ഥികളോട് ചേര്‍ന്ന് ശബ്ദങ്ങള്‍ തീര്‍ക്കുക
ലോഹത്തോട് കലര്‍ന്ന് ശബ്ദത്തെ ഉറപ്പിക്കുക
ഒരു വാക്കുകൊണ്ട് ശബ്ദത്തെ മൂടുക
ഉപാധികളില്ലാതെ നിനക്കതിനാകും
ശവകുടീരങ്ങളില്‍ നിന്നെടുത്ത
കല്ലുകൊണ്ട് എന്നെ ഒപ്പിയെടുക്കുക
ഭൂമിയെ ഒപ്പിയെടുക്കാതിരിക്കുക
സമയത്തെ സ്വയം സൃഷ്ടിക്കാതെ
വിശ്വാസങ്ങളെ സൃഷ്ടിക്കാതെ
ഒറ്റക്ക്
ഒറ്റക്ക്
ഒന്നും ഒപ്പിയെടുക്കാതിരിക്കുക 

എറിന്‍ മൂര്‍ (കാനഡ )

ആരാലും വായിച്ചെടുക്കാനാവാത്ത ഒരു സ്വപ്നത്തെ മരണം വരെയും, മരണശേഷവും ആത്മാവിന്റെ ചിറകുകളില്‍ തുന്നിവെച്ചവളാണ് മാധവിക്കുട്ടി. എഴുത്തിന്റെ ഓരോ ഘട്ടത്തിലും ഒരു നാലാമവളെ അനുഭവിച്ച്, നിനക്കെത്ര ഉടലുണ്ട് എന്ന് കണ്ണാടിയിലെ തന്നോടുതന്നെ ചോദിച്ച്, പച്ചയുടെ ഓര്‍മ്മയിലേക്ക് പക്ഷിയെപ്പോലെ ചൂഴ്ന്നുപറന്നും ജലത്തിന് മുഖാമുഖം നിന്ന് കവിതയെഴുതിയും, ചിറകുകള്‍ ഒതുക്കി കടല്‍ക്കരയില്‍ പക്ഷിയെപ്പേലെ മരിച്ചുകിടക്കാനും എന്നെ പഠിപ്പിച്ചത് മാധവിക്കുട്ടിയാണ്. 
'രോഷ്‌നി ..നിന്റെ ദേശമേതാണ്?'
ഒരിക്കല്‍ എന്നോട് മാധവിക്കുട്ടി ചോദിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റിലെ ഹാളില്‍ കാണാം ചെന്ന ഇഷ്ടപ്പെട്ട ചില പാട്ടുകള്‍ എന്നെക്കൊണ്ട് പാടിച്ച് ജനലിനു പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അവര്‍.
ജനിച്ചതോ വളര്‍ന്നതോ മാറി മാറി ജീവിക്കുന്നതോ ആയ എല്ലാ ദേശങ്ങളുടെയും പേര് ഞാന്‍ പറഞ്ഞു. അവര്‍ ഉറക്കെ ചിരിച്ചു. 
''ഞാന്‍ പറയട്ടെ നിന്റെ ദേശം ഏതാണ് എന്ന്?''
ഞാന്‍ സമ്മതിച്ചു 
''എന്റെ കുട്ടീ നിന്റെ ദേശം നിന്റെ സംഗീതമാണ് . അല്ലാതെ മറ്റൊന്നുമല്ല.''
കൗതുകത്തോടെ ഞാന്‍ കാരണം ചോദിച്ചു.
''നിനക്ക് ഒറ്റക്കിരിക്കാന്‍ പറ്റുക നിന്റെ സംഗീതത്തില്‍ മാത്രമാണ്. ഒരു സംശ്യോംല്ല്യ.''

പാടുമ്പോള്‍ ഞാന്‍ ഏകാന്തത അനുഭവിക്കുന്നു എന്ന് അവരെഴുതിയത് എനിക്കോര്‍മ്മ വരുന്നു. ഈ ഏകാന്തമായ സംഗീതമാണ് മാധവിക്കുട്ടിയുടെ ഓരോ രചനയില്‍ നിന്നും എന്നെ പിന്തുടരുന്നത്, ഓര്‍മ്മയുടെ, മറവിയുടെ, കരച്ചിലിന്റെ, പ്രണയത്തിന്റെ, ഉപേക്ഷിക്കലിന്റെ... ഏകാന്തത! ഭ്രമാത്മകം എന്നല്ല illusion എന്ന് തന്നെ പറയാനാവുന്ന ക്രാഫ്റ്റിന്റെ അതിതീവ്രമായ അനുഭവം....
ജീവിതത്തിന്റെ ഓരോ നിമിഷവും പിന്തുടരുന്ന സാന്നിധ്യം!

'ഞാന്‍
പുന്നയൂര്‍ക്കുളത്ത് വളരേണ്ടവളായിരുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നെത്തുന്ന വേനലവധിക്കുവേണ്ടി
ഞാന്‍ സദാസമയവും ആറ്റുനോറ്റ് കാത്തിരുന്നു.
അവിടെ ആ നാലുകെട്ടിലും മുററത്തും എനിക്ക് ഞാനാവാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.'
ഇങ്ങനെയാണ് മാധവിക്കുട്ടി ഒരിക്കല്‍ എഴുതിയത്. എഴുത്തിന്റെ എല്ലാവിധ ഏകതാനതകളില്‍ നിന്നും കലഹിച്ചു നിന്ന മാധവിക്കുട്ടിയുടെ മനസ്സില്‍ യുക്തിയും അയുക്തിയും ശ്ലീലാശ്ലീലങ്ങളും നന്മതിന്മകളും മാറി നിന്നു. എന്നിട്ട് വീണ്ടുമെഴുതി.

But
I am not yours for the asking
Grovel at my feet
Remove yours monkey suit and dance
Sing erato erato erato
Yet I shall be indifferent.'

മാധവിക്കുട്ടി | PHOTO WIKI COMMONS
ഈയൊരു വ്യത്യസ്തത നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നത് മാധവിക്കുട്ടിയുടെ 'ശരീരത്തിന്റെ ആത്മീയത'യെന്ന സങ്കല്‍പ്പത്തിലൂടെയാണ്. ആത്മാവുകൊണ്ട് വായിച്ചെടുക്കാന്‍ കഴിയുന്ന ശരീരസാന്നിധ്യമാണവരുടെ രചനകളില്‍ ഒളിഞ്ഞിരിക്കുന്നത്. പലരും അത് പ്രത്യക്ഷശരീരമായി തെറ്റിവായിച്ചു. എഴുത്തുകാരിയുടെ മതവും പ്രണയവും കാലവും ദേശവും തെറ്റി വായിച്ചു. സ്വന്തം രചനകളുടെ ആത്മലോകങ്ങളില്‍ത്തന്നെയാണ് മാധവിക്കുട്ടി തന്റെ സ്ഥലത്തേയും പ്രണയത്തേയും ആവിഷ്‌കരിച്ചത്. ഭാവനയുടെ അതിരുകളില്ലായ്മകളിലിരുന്ന് അവര്‍ ഒരു പക്ഷിയെപ്പോലെ ചിലച്ചു. ഭൂതകാലത്തില്‍ നിന്ന് ഭാവിയിലേക്ക് കുതിച്ചു പറന്നു. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും, സ്വപ്നവും മിഥ്യയുമെന്ന വിഭജനങ്ങള്‍ മായ്ച്ചുകളഞ്ഞ് അവര്‍ എഴുത്തില്‍ കൂടിയിരുന്നു.

''നിന്റെ ശരീരത്തെ പല തവണയും 
കീഴടക്കിക്കഴിഞ്ഞുവന്നത് കൊണ്ട് 
ഞാന്‍ ഒരു പരാജയമായിരുന്നു.
പക്ഷെ ഒരു കാവല്‍ക്കാരന്റെ ജാഗ്രതയോടെ 
ഞാന്‍ തട്ടിയെടുത്ത കോട്ട 
അവിശ്രന്മം ചുറ്റുകയായിരുന്നു ഞാന്‍ 
ഏതെങ്കിലും ഒരു നിമിഷത്തില്‍ 
ലൌകികജ്ഞാനമായ 
ഒരു ക്രൂരവിവേകം, നിന്നോട് 
എന്നെ ഉപേക്ഷിച്ചു 
പോരുവാന്‍ ഉപദേശിക്കുമെന്ന്
എനിക്ക് അറിയാമായിരുന്നു.
അതുകൊണ്ട് പലപ്പോഴും ഞാന്‍ നിന്റെ കണ്ണുകളെ അടച്ചു ചുംബിച്ചു''
                                (രാധയുടെ കത്ത് )
ശരീരമായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തിലെ സ്ഥലം. അത് പ്രത്യക്ഷതകള്‍ക്കപ്പുറത്തുള്ള വിനിമേയത(communication)യുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഒരിക്കല്‍ അവരെഴുതി

''തന്റെ മെലിഞ്ഞ ശരീരം ഒരു കൂടാണെന്നും അതിന്റെ അഴികളില്‍ വളര്‍ച്ചയെത്തിയ ചിറകുകള്‍ തട്ടിക്കൊണ്ട് ഒരു ജീവി അതിനെ തകര്‍ത്തു പുറത്തു കടക്കുവാന്‍ ശ്രമിക്കുകയാണെന്നും അവള്‍ക്കു തോന്നി. പക്ഷെ, എന്റെ ഹൃദയം ചിറകറ്റ പക്ഷിയെപ്പോലെ കിടന്നു പിടയ്ക്കുകയാണ്. ആകാശത്തില്‍ മാത്രം പറക്കുന്ന ഈ ജീവികള്‍ മണ്ണിനെ പേടിക്കുന്നു. മണ്ണില്‍ അപകടങ്ങളുണ്ടെന്നവര്‍ക്കറിയാം. അതുകൊണ്ട്, ചിറകുകള്‍ കൊടുത്ത് ആരോ വ്യാമോഹിച്ച ഈ പക്ഷികള്‍ ഭൂമിയില്‍ നിന്നും അകന്ന് ആ നിലയില്‍ പറക്കുന്നു. പക്ഷെ, ആകാശത്തിന്റെ സമാധാനവും തകര്‍ക്കപ്പെടാമല്ലോ! അപ്പോള്‍ ആ പാവം പക്ഷികള്‍ വിറയ്ക്കുന്ന ചിറകുകളുമായി മരക്കൊമ്പില്‍ അഭയം പ്രാപിക്കും'

ഈ അഭയമാണ് മാധവിക്കുട്ടിക്ക് പുന്നയൂര്‍ക്കുളമെന്ന ദേശം സമ്മാനിച്ചത്.

ആത്മാവിന്റെ ഭാഷ

പ്രാചീന ഗ്രീക്ക് കവയിത്രിയായിരുന്ന സാഫോ തന്റെ കവിതയേയും ഉടലിനേയും പ്രണയത്തേയും രതിയേയും ആത്മാവിന്റെ നഗ്‌നമായ ഭാഷയിലായിരുന്നു പ്രകാശിപ്പിച്ചത്. കേവല ലിംഗസങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് പ്രമേയത്തെ തീയായ് ഉള്‍ക്കൊണ്ട സാഫോ ഒരിക്കലെഴുതുന്നുണ്ട്:

ഞാന്‍ നിന്നിലേക്ക് നോക്കി
അതിന്റെ വെളിച്ചത്തില്‍
കാഴ്ച്ച തിരിച്ചു കിട്ടി.
കവിതപോലെ ഒരു ശബ്ദം
എന്റെ ഓര്‍മ്മയെ
തിരിച്ചുതന്നു.

മിന്നിത്തിളങ്ങുന്ന വളവുകളും
വിയര്‍പ്പുചാലുകള്‍ തീര്‍ക്കുന്ന
മിനുപ്പുകള്‍ക്കും അപ്പുറം
തിളങ്ങുന്ന ഒരു പ്രകാശം!

ചീഞ്ഞു പഴുത്ത
എന്റെ കണ്ണുകള്‍ക്ക്
അതിന്റെ വെളിച്ചത്തില്‍
കാഴ്ച തിരിച്ചു കിട്ടി.
എന്റെ നാവിന് ഒച്ച തിരിച്ചു കിട്ടി,
കവിതപോലെ ഒരു ശബ്ദം
എന്റെ ഓര്‍മ്മയെ തിരിച്ചു തന്നു.
നിന്നില്‍ പ്രകാശിക്കുന്നത്
ആത്മാവിന്റെ നഗ്‌നതയായിരുന്നു.

യുക്തിയാണ് മനുഷ്യനെ പ്രകൃതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്ന് നവോത്ഥാനകാലം വിശ്വസിച്ചു. അവിടെ ശരീരം അസ്വാതന്ത്യത്തിന്റെ ഒരു വഴിയായിരുന്നു. യുക്തിയിലൂടെ നൈതികതയിലേക്കെത്തുമ്പോള്‍, നിര്‍മ്മിതമാകുന്ന ഒരു സംസ്‌കാരമായിരുന്നു വിവക്ഷിക്കപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നീഷ്ചെ ഇതിനെ വിമര്‍ശിക്കുന്നുണ്ട്. എങ്ങനെയാണ് മനുഷ്യശരീരം ദാര്‍ശനികമായി മാറിയത് എന്നാണദ്ദേഹം ചോദിച്ചത്. ഉത്തരവാദിത്വമുള്ള മൃഗമായി മനുഷ്യന്‍ മാറുന്നതോടെയാണ് ഇത്തരം ദാര്‍ശനിക ചിന്ത ഉരുത്തിരിയുന്നത് എന്നത് ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ വേദനയില്‍ നിന്നുണ്ടാകുന്ന ആനന്ദമാണ് ഇത്തരം ധാര്‍മ്മിക ചര്‍ച്ചയില്‍ ആദ്യം വരുന്നത്. അത് ആത്മബിംബങ്ങളുമായി ബന്ധപ്പെടുത്തിയാണ് പഠിക്കപ്പെടുന്നത് എന്നതും പരിതാപകരമാണ്. ആത്മബിംബങ്ങള്‍ക്കു പിന്നില്‍ ക്രൂരതയുടെ ചരിത്രമാണുള്ളത്. അത് കുലീനാശയങ്ങളുടെ കഥയല്ല പറയാനാഗ്രഹിക്കുന്നത്. ശരീരവും ഉടലും വേറെതന്നെയാണ് എന്ന് ആവര്‍ത്തിച്ചു വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ഇത് നമ്മെ കൊണ്ടുപോകുകയും ചെയ്യും.

മാധവിക്കുട്ടി | PHOTO WIKI COMMONS
ശരീരത്തെയും ഉടലിനേയും മറികടക്കുമ്പോള്‍ മാത്രം സാധ്യമാകുന്ന ഒരു വിനിമേയതയാണ് മാധവിക്കുട്ടിയുടെ എഴുത്തില്‍ തിളങ്ങുന്നത്. Alter body യെന്ന സങ്കല്‍പ്പത്തെ നാം ഭാവശരീരം, അപരശരീരം, പരശരീരം, പ്രതിശരീരം എന്നിങ്ങനെ പലപേരുകളില്‍ വിളിക്കുന്നു. ഒപ്പം ഒരു സന്ദേഹവും. ആത്മബിംബങ്ങള്‍ക്കു പിന്നിലെ ചരിത്രം ഇതിനെ നിര്‍വ്വചിച്ചത് ഈ വിധമാണ്.

ശരീരമെന്നത്, മറയ്ക്കുന്ന വസ്ത്രങ്ങളുടെ ചിഹ്നോല്‍പ്പാദനവും ആശയസംവേദനവുമായി ബന്ധപ്പെട്ട്, ഈ ചിഹ്നങ്ങള്‍ ഒരു കൂട്ടത്തില്‍, കാണികളില്‍, സമൂഹത്തില്‍ മാറ്റം വരുത്താമെന്ന കണ്ടെത്തല്‍, ഭാഷയിലെ ചിഹ്നങ്ങളുടെ മാറ്റിനിര്‍വ്വചിക്കല്‍, വാക്കിനെ-സ്വയം പ്രതിഫലിക്കുന്ന ഒരിടത്തുനിന്നും മാറ്റിസ്ഥാപിക്കാമെന്ന രീതി, ശരീരത്തെ ചിഹ്നങ്ങളില്‍ നിന്ന് മുക്തമാക്കുന്ന രീതി. ഇതനുസരിച്ച് ശരീരചിന്തകളില്‍ മാറ്റങ്ങള്‍ കുതിച്ചുവന്ന കാലത്താണ് ഇത്തരം രീതി ശാസ്ത്രങ്ങളെ മുഴുവന്‍ തിരുത്തിയെഴുതിക്കൊണ്ട് മാധവിക്കുട്ടി മറ്റൊരു ശരീരം, സ്ഥലസങ്കല്‍പ്പം പണിതുയര്‍ത്തിയത്.
പ്രണയം പോലെ മരണവും,ഏകാന്തതയും എഴുത്തിന്റെ ആത്മാവായി ചിലപ്പോള്‍ കടന്നു വരുന്നു. 
''Bereft of osul
My body shall be bare.
Bereft of body
My osul shall be bare''. (suicide )

''O what does the burning mouth
Of sun, burning in today's,
Sky, remind me....oh, yes, his
Mouth, and....his limbs like pale and
Carnivorous plants reaching
out for me, and the sad lie
of my unending lust. ''  (in love )

''ഓരോ നിഴലും 
എന്റെ കണ്ണാടിയില്‍ 
നിന്റെ മുഖം മാത്രം പ്രതിഫലിപ്പിച്ചു 
എല്ലാ ചേഷ്ടകളും എല്ലാ വാക്കുകളും 
എനിക്ക് പരിചിതങ്ങളായി തോന്നി.
പാടുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു 
ഏകാന്തതയുടെ പാട്ടുകള്‍ മാത്രമേ ഞാന്‍ പാടിയിരുന്നുള്ളൂ''
             (ഓരോ പുരുഷനും ഓരോ ഋതുവാണ്)

ശരീരത്തിലൊതുങ്ങായ്കയെന്നതും ഈ കാഴ്ചയുടെ ഭാഗം തന്നെയാണ്. ആശാന്റെ കഥാപാത്രങ്ങള്‍ ഒരു ശരീരത്തിലും ഒതുങ്ങുന്നില്ല എന്നു പറയുംപോലെയാണത്. ആശാനില്‍ ശരീരചിന്തയുണ്ട്. അത് നളിനിയെയും ലീലയേയും ഉപഗുപ്തനേയുമൊക്കെത്തന്നെ അതിനിഗൂഢമായി ഉപജീവിക്കുകയും ചെയ്ത ഒരദൃശ്യശരീരമാണ്. ഒരുപക്ഷെ, കവിതയുടെ അത്യാഴങ്ങളിലോ അര്‍ത്ഥങ്ങളുടെ ഉള്‍ഖനനങ്ങളിലോ മാത്രം വെളിപ്പെടുന്ന ഒന്നും ആവാമത്. ആശാന്റെ കവിതകള്‍ അതുകൊണ്ടു തന്നെ കേള്‍വിയുടേയും കാഴ്ചയുടേയും സംവേദനത്തിന്റേയും കേവലമായ ത്രിമാനശരീരസൗന്ദര്യങ്ങള്‍ക്കുമപ്പുറം നാലാംമാന സാധ്യതയ്ക്കുകൂടി ഇടം കൊടുക്കുന്നുണ്ട്. 'ഈ ശരീരത്തിലൊതുങ്ങുന്നില്ല ഞാന്‍' എന്ന രീതിയിലേക്ക് സാധ്യതകള്‍ സൂക്ഷിക്കുകയും ചെയ്യുന്നു.
സ്ത്രീ ശരീരത്തെക്കുരിച്ചുള്ള ബോധം തീവ്രമായ സൗന്ദര്യാത്മകതയോടെയാണ് മാധവിക്കുട്ടി കവിതകളില്‍ ചേര്‍ത്തത്.

നഷ്ടപെട്ട നീലാംബരി | PHOTO : WIKI COMMONS
''ഞാന്‍ ഒരു കുട്ടിയായിരുന്നു 
പിന്നീട് അവര്‍ പറഞ്ഞു.
ഞാന്‍ വളര്‍ന്നുവെന്ന്  
കാരണം എനിക്ക് പൊക്കം വച്ചിരുന്നു 
എന്റെ അവയവങ്ങള്‍ വീര്‍ത്തുരുണ്ടിരുന്നു'' 
മാധവിക്കുട്ടിയുടെ ദേശം സ്വന്തം ശരീരം തന്നെയായിരുന്നു. ആ ദേശത്തിലൂടെയാണവര്‍ യാത്രകള്‍ ചെയ്തത്. ഭാഷയുടെ വൈദ്യുതികിരണങ്ങളെ ഊര്‍ജ്ജസ്രോതസ്സായി ഖനനം ചെയ്‌തെടുത്തത്.

''ലോകം ഒരു കവയിത്രിയെ നിര്‍മ്മിക്കുന്നു'' എന്നാ കഥയില്‍ തനിക്കുള്ളിലെ പലരുടെ ആവിഷ്‌കാരങ്ങളെ സംയോജിപ്പിക്കുന്നതിന്റെ നിഗൂഡ തന്ത്രങ്ങള്‍ കാണാം. അതി തീവ്രമായ സ്വത്വസംഘര്‍ഷങ്ങളില്‍ നിന്ന് അവര്‍ കുതറിത്തെറിക്കുന്ന അതി സൂക്ഷ്മമായ മര്‍മരങ്ങള്‍ ഈ കഥയുടെ ആഖ്യ അതിന്റെ ഒരു അടരായി വായിക്കാം. സ്ത്രീക്ക് എപ്പോഴൊക്കെ, എങ്ങനെയൊക്കെയാണ് സ്വന്തം ശരീരം നഷ്ടമാകുക എന്ന് ഉറക്കെ പറഞ്ഞു മാധവിക്കുട്ടി. ഓര്‍മ്മകളും നിലനില്‍പ്പും ഭാവനകളും സ്വപ്നങ്ങളും കലര്‍ന്ന ലോകത്തെ മനസിലാക്കാത്ത സമൂഹമാണ് മിക്കപ്പോഴും മാധവിക്കുട്ടിയുടെ രചനകളിലെ പ്രതിപക്ഷം.
പെസ്സോവയുടെ പലരായ്പ്പടരാനുള്ള ഉള്ളുരുക്കങ്ങള്‍ ഒരു പക്ഷെ മലയാളത്തില്‍ മാധവിക്കുട്ടിയിലാകും നമുക്ക് വായിച്ചെടുക്കാനാകുക. ഒരാള്‍ -അയാള്‍ മാത്രമല്ല എന്ന തോന്നലിനുള്ള സാധ്യതകളും ഈ വഴിയിലൂടെത്തന്നെയാണ് കടന്നുവരുന്നത്. ശരീരത്തെ കുറിച്ചുള്ള വ്യവസ്ഥാപിത തത്വങ്ങള്‍ ഇങ്ങനെയൊക്കെ തകര്‍ന്നുവീഴുകയും ചെയ്യാം. ഒന്നുകില്‍ ആധിപത്യത്തെ നിഷേധിക്കുക. ശരീരത്തെ ആഖ്യാനത്തില്‍ നിന്ന് പറിച്ചെടുത്ത് വ്യാഖ്യാനാത്മകമായ ഒരിടത്തില്‍, ആ ഇടത്തേക്കാള്‍ വലുതായി സ്ഥാപിക്കുക എന്നീ നിലപാടുകളാവും സ്വീകാര്യം. ഒരാള്‍ -അയാള്‍ മാത്രമല്ല എന്ന തോന്നലിനുള്ള സാധ്യതകളും ഈ വഴിയിലുടെത്തന്നെയാണ് കടന്നുവരുന്നത്.

ശരീരത്തെ ഉള്‍ക്കൊള്ളാന്‍ ശരീരത്തിന്റേയും അതിന്റെ പ്രത്യക്ഷ വത്ക്കരണത്തേയും മുഴുവനായി തള്ളിക്കളയുകയാണ് വേണ്ടത്. അപ്പോള്‍ അത് ജീവിക്കാനും നിലനില്‍ക്കാനുള്ള അവകാശമായിമാറുന്നു. ആന്തരികവും ബാഹ്യവും ഭൗതികവും ആത്മീയവുമായ ശരീരങ്ങള്‍ ചേര്‍ന്ന ഒരു സങ്കല്‍പ്പം അതിനേക്കാള്‍ വലുതായി നിലകൊള്ളുകയും ചെയ്യുന്നു.
മാധവിക്കുട്ടി | PHOTO : WIKI COMMONS
'ഓരോ സ്വപ്നവും ഒരു ജന്മമാണ്. ഒരു സ്ത്രീ കുളത്തില്‍ മുങ്ങുന്നു. മുങ്ങിക്കുളിച്ചു വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ അവളുടെ പേരും മറ്റു സ്മരണകളും അവിടെ ഉപേക്ഷിക്കപ്പെട്ടുവെന്നു കരുതുക. സ്മരണകള്‍ വെള്ളത്തെ കലക്കുന്നു. പിന്നീട് ആ കലങ്ങിയ വെള്ളത്തില്‍ മുങ്ങുമ്പോള്‍ ആ കലക്കത്തില്‍, ആ കലക്കത്തിന്റെ സ്പര്‍ശത്തില്‍ പരിചിതമായ എന്തോ ഉണ്ടെന്ന് കുളിക്കുന്നവള്‍ക്കു തോന്നാം.' (സ്വപ്പ്‌നങ്ങളെന്ന ജന്മങ്ങള്‍)

To flee from memory
Had we the Wings
Many would fly
Inured to slower things
Birds with surprise
Would scan the cowering Van
Of men escaping
From the mind of man എന്ന് എമിലി ഡിക്കിന്‍സന്‍ എഴുതുന്നു. ഓര്‍മ്മകളെ എങ്ങനെയാണ് നിലനില്‍പ്പിന്റെ ഏറ്റവും ശക്തമായ ബിംബമാക്കുക എന്ന് മാധവിക്കുട്ടിക്ക് ആഴത്തില്‍ അറിയാമായിരുന്നു.
തന്റെ കഥകളിലെ ആഖ്യാനലോകവും അനുഭവലോകവും ചേര്‍ന്ന് നല്‍കുന്ന അനുഭൂതിയുടെ പാരമാത്യത്തില്‍ ഒരു ഉന്മാദിനിയെപ്പോലെ മാധവിക്കുട്ടി അലഞ്ഞു നടന്നു. സ്വപ്നവും യഥാര്‍ത്യവും  ഉന്മാദവും ഓര്‍മ്മകളും നിറഞ്ഞ ഭാഷയില്‍ ഓരോ വാക്കും അവര്‍ ഇഴ പിരിച്ചെടുത്തു. ''ഇന്ന് ഞാന്‍ രാത്രിയെ സ്‌നേഹിക്കുന്നു. ഓരോ സ്വപ്നത്തിനും ഒരു ജന്മത്തിന്റെ കാലാവധിയുണ്ടെന്നും ഇന്നെനിക്കറിയാം. എന്നിട്ടും മണ്ണിനടിയിലുള്ള വിത്തിന്റെ അക്ഷമ ഞാന്‍ അനുഭവിക്കുന്നു'' (സ്വപ്നങ്ങള്‍ എന്ന ജന്മങ്ങള്‍ )
മാധവിക്കുട്ടി തന്റെ എഴുത്തുകളില്‍ ഒരുതരത്തില്‍ ഉഭയഭാഷാസ്വീകരണം നടത്തിയിട്ടുണ്ട്. എല്ലാ വിധത്തിലുമുള്ള ഭാഷയുടെ അധീശത്വവ്യവഹാരങ്ങളെ മാധവിക്കുട്ടി റദ്ദ് ചെയ്തു. പറച്ചിലിന്റെ അതീവ സൗന്ദര്യം ആഖ്യാനങ്ങളിലേക്ക് കൊണ്ട് വന്നു. സ്ത്രീ, സമൂഹം എഴുത്തുകാരി, എന്നീ ഘടകങ്ങളുടെ അബോധതലങ്ങളില്‍ മാധവിക്കുട്ടി എന്ന വ്യക്തി ഇടപെടുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വ്വ സൗന്ദര്യമാണ് ആ രചനകളില്‍ കാണാനാവുക.
''ജീവിച്ചിരിക്കുന്നവരെ സ്‌നേഹിക്കുന്നതു പോലെ 
മരിച്ചവരെയും എനിക്ക് സ്‌നേഹിക്കാന്‍ അറിയാം 
ശരീരമില്ലത്തവരെ സ്‌നേഹിക്കുന്നവരില്‍ ഒരു പ്രത്യേക ലഹരിയുണ്ട്.
ശരീരം അതിന്റേതായ പരിമിതി സ്‌നേഹത്തിനു തരുന്നു''.
എന്ന് 'ഒറ്റയടിപ്പാത'യില്‍ എഴുതി.

For love... has two faces; one white, the other black; two bodies; one smooth, the other hairy. It has two hands, two feet, two tails, two, indeed, of every member and each one is the exact opposite of the other. Yet, os strictly are they joined together
എന്നാണ് വെജീനിയ വുള്‍ഫ് സ്‌നേഹത്തെക്കുറിച്ച് പറഞ്ഞത്.
സ്‌നേഹം ഒരു ഭ്രാന്തന്‍ വണ്ട് പോലെയാണെന്നും, സ്‌നേഹത്തിന്റെ ലോകത്ത് ശാന്തത കാണില്ല എന്നും മാധവിക്കുട്ടി എഴുതി (പുഴ വീണ്ടും ഒഴുകി )
''സ്‌നേഹം താന്‍ ശക്തി ജഗത്തില്‍ സ്വയം
സ്‌നേഹം താനാന്ദമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍ സ്‌നേഹ-
വ്യാഹതി തന്നെ മരണം;''
ആശാന്റെ സ്‌നേഹസങ്കല്‍പ്പത്തില്‍ മരണം കൂടിയുണ്ടല്ലോ! മാധവിക്കുട്ടിയുടെ സ്‌നേഹസങ്കല്‍പ്പത്തില്‍ സ്ത്രീയുടെ എല്ലാ യുദ്ധങ്ങളും കൂടിയുണ്ട്. മനസുകൊണ്ടും ശരീരം കൊണ്ടും ആത്മാവ് കൊണ്ടും അവള്‍ നയിക്കുന്ന യുദ്ധങ്ങളുടെ ഉയിര്‍പ്പ് അളക്കാന്‍ ആര്‍ക്കുമാകുകയുമില്ല.

സ്ത്രീ ഒരു വൈകാരിക സാമ്രാജ്യം പിടിച്ചെടുക്കുന്നത് സ്വപ്നം കാണുന്നവളാണ് എന്ന് മാധവിക്കുട്ടി വിശ്വസിച്ചു. (ഒരു പഴങ്കഥ )
കാവ്യാത്മകമായ ഗദ്യമാണ് മാധവിക്കുട്ടിയുടെ കഥകളിലെ സംഗീതത്തെ എടുത്തുകാണിക്കുന്നത്. അത് വാങ്ങ്മയങ്ങളുടെ ഒരു സിംഫണിയായി അനുഭവപ്പെടുകയും ചെയ്യും . 
''വ്യസനം ഒരു ഇടുങ്ങിയ ഇരുമ്പു കവചം പോലെ അവളുടെ നെഞ്ചിനെ അമര്‍ത്തിക്കൊണ്ടിരുന്നു''(പുഴ വീണ്ടും ഒഴുകി)
''സ്വപ്നങ്ങളാണ് എന്നും നിലനില്‍ക്കുന്നത് മറ്റെല്ലാം നശിച്ചു പോകുമ്പോഴും സ്വപ്നങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കുന്നു (മലഞ്ചെരിവുകളില്‍ )
സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും സംഗീതമായി ഈ കഥകള്‍ മാറുന്നത് ഇങ്ങനെയാണ് . മാധവിക്കുട്ടി നിരന്തരം ശരീരത്തെക്കുറിച്ചു പറഞ്ഞു, സ്വന്തം ദേശത്തെക്കുറിച്ച്, (പുന്നയൂര്‍ക്കുളം) പറഞ്ഞു. പക്ഷെ, അപ്പോഴെല്ലാം ദേശാടനപക്ഷിയെന്നുവിളിച്ച് നാം, മനുഷ്യര്‍ അപമാനിക്കുന്ന, പക്ഷിയെപ്പോലെ ശരീരത്തിനുമപ്പുറം, ദേശാടനത്തിനുമപ്പുറം എഴുത്തുകാരി പറന്നു, പടര്‍ന്നു.
''ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതാന്‍ മോഹിച്ചവളാണ് ഞാന്‍'' എന്ന് മുഖമില്ലാത്ത കപ്പിത്താന്‍ എന്ന കഥയില്‍ വായിക്കാം. മാധവിക്കുട്ടി പറയുന്ന ശരീരം പല രൂപങ്ങളാണ്, പല കാലങ്ങളാണ്, പല അനുഭവസ്ഥലികളാണ്, പല ഓര്‍മ്മകളും മറവികളുമാണ്. അനുഭൂതിയുടെ ഏറ്റവും ശുദ്ധമായ അംശമാണ് അവര്‍ ശരീരത്തിലും ശരീരത്തിന് പുറത്തും അന്വേഷിച്ചത്. ശരീരവും ആത്മാവും ഒരുപോലെ ഏറ്റ് വാങ്ങുന്ന പ്രണയത്തിനായാണ് അവര്‍ അലഞ്ഞത്. 'എവിടെയായിരുന്നാലും എന്റെയുള്ളില്‍ പുന്നയൂര്‍ക്കുളമുണ്ട് ' എന്നവര്‍ എഴുതി. അവരുടെ എഴുത്തിന്റെ ജൈവികത, മണ്ണിന്റെ പൊടിപ്പ് പുന്നയൂര്‍ക്കുളം എന്ന ഭൂമിയാണ്. അതുതന്നെയാണവര്‍ക്ക് ശരീരം എന്ന് എഴുത്തുകാരി പറയുമ്പോള്‍ അത് ഭൂമിശാസ്ത്രപരമായ, മണ്ണിന്റെ തുടിപ്പുള്ള ഒരടയാളപ്പെടുത്തലും, തന്റെ ദേശ ദേഹസങ്കല്‍പ്പത്തെ പ്രാപഞ്ചികമായ ഒരു പൊതുബോധത്തിലേക്ക് ചേര്‍ത്തുവെയ്ക്കലുമാണ്. ഗ്രാമത്തിന്റെ പരിസരങ്ങളില്‍ നിന്നാണ് മാധവിക്കുട്ടിയുടെ മിക്ക കഥകളും പിറന്നത്. നഗര-ഗ്രാമസംഘര്‍ഷങ്ങള്‍ എന്നും അവരുടെ മനസ്സിനെ മഥിച്ചിരുന്നു. ഒരു തരം പ്രവാസമായിരുന്നു അവര്‍ക്ക് നഗരജീവിതം. ഉപേക്ഷിച്ചുപോന്ന തന്റെ ശരീരമായിരുന്നു അവര്‍ക്ക് പുന്നയൂര്‍ക്കുളം. 'പക്ഷിയുടെ മണ'ത്തിലെ സ്ത്രീ തന്റെ മരണം അറിയുന്നത് ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രവാസത്തിലാണ്. ചില കഥകളില്‍ മറ്റുരാജ്യങ്ങളും കടന്നുവരുന്നു. പ്രവാസത്തിലൂടെ പുന്നയൂര്‍ക്കുളത്തെ ഒന്നുകൂടി ആഴത്തില്‍ അറിയുകയായിരുന്നു. നഗരത്തില്‍ ജീവിക്കുമ്പോഴും  ജന്മനാടായ പുന്നയൂര്‍ക്കുളത്തേക്ക് മടങ്ങിവരുന്നത് അപ്പോഴും മാധവിക്കുട്ടി സ്വപ്നം കണ്ടിരുന്നു. താന്‍ നിഷ്‌കാസിതയായേക്കുമെന്നവര്‍ നിരന്തരം ഭയന്നു. ഉടലില്‍ നിന്ന് വസ്ത്രത്തിന്റെ ഓരോ നൂലിഴയും അഴിഞ്ഞുപോകുമ്പോള്‍ തന്റെ മണ്ണ്, നഗ്‌നമായ ശരീരം, സത്യത്തിന്റെ ഉറവ കണ്ട് അവര്‍ ആനന്ദിച്ചു.

പക്ഷിയുടെ മണം | PHOTO : WIKI COMMONS
തന്റെ കഥകളിലെ ദേശം, മാധവിക്കുട്ടിക്ക് മറെറാന്നിലായിരുന്നില്ല. ബഹുവചനത്തിലൂടെ ഏകവചനത്തിലെത്തും പോലെ പല സ്ഥങ്ങളിലൂടെ ഉന്മാദിയായലഞ്ഞ് ഒടുവില്‍ സ്വന്തം ആത്മശരീരത്തെ കണ്ടെത്തുംപോലെയാണ് മാധവിക്കുട്ടി തന്റെ പുന്നയൂര്‍ക്കുളത്തെക്കുറിച്ചെഴുതുന്നത്. മനസ്സിന്റേയും ശരീരത്തിന്റേയും ആത്മാവിന്റെ സ്വീകാര്യതകളേയും, നിഷേധങ്ങളേയും തന്റെ സ്ഥലവും ദേശവുമായി കൂട്ടിച്ചേര്‍ക്കുന്ന അതിവിശിഷ്ടമായ എഴുത്തുരീതിയാണ് മാധവിക്കുട്ടി പിന്തുടര്‍ന്നത്. ഉടലല്ല സ്ത്രീസര്‍ഗ്ഗാത്മകതയുടെ ഇടം എന്ന് പിന്‍ തലമുറക്കാര്‍ക്ക് ഇനിയും മനസ്സിലാകാത്ത തരത്തിലാണ് മാധവിക്കുട്ടി തന്റെ ശരീരത്തെ, ദേശത്തെ വാര്‍ത്തെടുക്കുന്നത്. ദൈവങ്ങള്‍ക്കുമപ്പുറം അവര്‍ ഭൂമിയുടെയും ആകാശത്തിന്റേയും അതിരുകളെ അടയാളപ്പെടുത്തി.

ബാല്യകാലസ്മരണകളില്‍ ഈ ദേശം ഓര്‍മ്മകളുടെ ശരീരഘടനയിലാണ് പ്രത്യക്ഷപ്പെടുന്നത്. പുന്നയൂര്‍ക്കുളത്തെ തട്ടാന്‍മാരുടേയും, കൂലിവേലക്കാരുടേയും ജീവിതത്തെ തന്റെ ബാല്യത്തിന്റെ മറെറാരടരായി ഒരിടത്ത് വിവരിക്കുന്നുണ്ട്. 'പുന്നയൂര്‍ക്കുളത്തുണ്ടായിരുന്ന ചാപ്പന്‍ നായരെന്ന മിലിട്ടറിക്കാരനെപ്പോലെ ഇംഗ്ലീഷും ഹിന്ദുസ്ഥാനിയുമൊന്നും നാലാപ്പാട്ടെ ചാപ്പന്‍ നായര്‍ക്കറിഞ്ഞിരുന്നില്ല.'
-ഈ പ്രസ്താവനയില്‍ ഒരു ദേശത്തെ ഒരേ പേരുകാരായ രണ്ടു പേര്‍ക്കിടയിലെ അന്തരം എത്ര അനായാസാമായാണ് മാധവിക്കുട്ടി രേഖപ്പെടുത്തുന്നത്. ഒരു ദേശത്തിന്റെ ജീവിതരീതികള്‍, മാമൂലുകള്‍, വിശ്വാസങ്ങള്‍, ജാതീയത, സ്ത്രീപുരുഷബന്ധങ്ങളിലെ പ്രത്യേകതകള്‍ എല്ലാം മാധവിക്കുട്ടി സ്വന്തം ജീവിതത്തിന്റെ ഭാഗമായി ചിത്രീകരിച്ചു. ടെലിവിഷനോ സിനിമയോ പൈങ്കിളിസാഹിത്യമോ കടന്നുവരാത്ത തന്റെ ഗ്രാമത്തെക്കുറിച്ച് മാധവിക്കുട്ടി അഭിമാനത്തോടെ പറയുന്നുണ്ട്.

ഒരു കാലഘട്ടം പുന്നയൂര്‍ക്കുളത്തേക്കു കടന്നുവന്നതിന്റെ കൃത്യമായ വിവരണം ഒരിടത്തുണ്ട്. പുന്നയൂര്‍ക്കുളത്തെ സാംസ്‌കാരിക സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനിയായ ഏഴീക്കോട്ടയില്‍ കാര്‍ത്ത്യായനി ടീച്ചറെക്കുറിച്ചുള്ളതാണത്. സ്‌കൂളിലെ വാര്‍ഷികാഘോഷങ്ങളില്‍ വള്ളത്തോളിന്റേയും ആശാന്റേയും ചങ്ങമ്പുഴയുടേയും രചനകള്‍ പുന്നയൂര്‍ക്കുളത്തെ കുട്ടികള്‍ പാടിത്തുടങ്ങിയത് ഒരു സാംസ്‌കാരിക വിപ്ലവം തന്നെയായിരുന്നു എന്ന് മാധവിക്കുട്ടി ബാല്യകാലസ്മരണകളില്‍ എഴുതുന്നുണ്ട്.

ദേശാന്തരങ്ങളില്‍ നിന്നു വരുന്ന തുണിക്കച്ചവടക്കാരെക്കുറിച്ചുള്ള ഓര്‍മ്മകളും തന്റെ ദേശത്തിന്റേതാക്കുകയായിരുന്നു അവര്‍. പുന്നയൂര്‍ക്കുളത്തെ ഓരോ മനുഷ്യരെക്കുറിച്ചു പറയുമ്പോഴും, ഓരോ മരണത്തെക്കുറിച്ചും ഓരോ മണ്‍പാതകളെക്കുറിച്ചു പറയുമ്പോഴും മാധവിക്കുട്ടി നടത്തുന്ന ശരീരാഖ്യാനങ്ങളാണ് പുന്നയൂര്‍ക്കുളത്തെ രേഖകളില്‍ കോറിയെടുത്ത ഒരു ചിത്രമാക്കുന്നത്. അത്ര തെളിച്ചമുള്ളതാണാ വരികള്‍. ഒഴിവുകാലം അവസാനിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ച് നാലപ്പാട്ടു വീട്ടില്‍ എണ്ണതേച്ചുകുളിക്കാനും കുളത്തില്‍ നീന്താനും ഉച്ചയ്ക്കുറങ്ങാനും ആഗ്രഹിച്ച ഒരു പഴയകുട്ടി മരണംവരെ മാധവിക്കുട്ടിയെ പിന്തുടര്‍ന്നു. കല്‍ക്കത്ത നഗരം ഒരു സ്വപ്നമാണെന്നും പുന്നയൂര്‍ക്കുളത്തെ നാലാപ്പാട്ടു വീടാണ് സത്യമെന്നും സ്വയം മന്ത്രിച്ചുകൊണ്ട് പ്രത്യക്ഷശരീരത്തെ ആഖ്യാനത്തിലൊളിപ്പിച്ച് ദേശമെഴുതിയ മാന്ത്രികതയാണ് നാം അവരുടെ കഥകളില്‍ ശരീരമായി വായിച്ചെടുത്തത്. അവര്‍ അണിയിച്ചൊരുക്കിയത് സര്‍ഗ്ഗാത്മകതയുടെ ഉള്‍ശരീരത്തെയായിരുന്നുവെന്ന് തിരിച്ചറിയാതെയാണ് പില്‍ക്കാലത്ത് ചില പെണ്‍കുട്ടികള്‍ മാധവിക്കുട്ടിയുടെ വസ്ത്രങ്ങളേയും ആഭരണങ്ങളേയും അനുകരിച്ചത്.

ഈ ശരീരത്തെ, ദേശത്തെയറിയാന്‍ നമുക്ക് മറെറാരാത്മാവുകൂടി വേണം. പലപേരുകള്‍ സ്വീകരിച്ചപ്പോള്‍, പല ഉടയാടകള്‍ സ്വീകരിച്ചപ്പോള്‍, മാധവിക്കുട്ടി ഉള്ളില്‍ കൊണ്ടുനടന്ന ആത്മദേശത്തേയും ആത്മദേഹത്തേയും വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല ഇനിയും എന്നു തോന്നുന്നു.

'ഞാന്‍ സംസാരിക്കുന്ന ഭാഷ എന്റേതാകുന്നു. 
അതിന്റെ വൈരൂപ്യങ്ങള്‍ 
വൈചിത്ര്യങ്ങള്‍ 
എല്ലാം എന്റേത്
എന്റേത് മാത്രം'.

ഈ 'ഞാന്‍' എന്നത് മാധവിക്കുട്ടിയെന്ന ശരീരമോ സ്വത്വമോ അല്ല ഭാഷയുടേയും ഓര്‍മ്മയുടേയും ആഖ്യാനത്തിന്റേയും അസ്ത്രങ്ങള്‍ ചേര്‍ത്തുതുന്നിയ ഒരദൃശ്യമായ ഉടലാണത്. താന്‍ തന്റെതന്നെ ജീവിതത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമാകുന്നു. സദാചാര ചിന്തകള്‍ക്കപ്പുറം തീര്‍ക്കുന്ന സര്‍ഗ്ഗാത്മകതകള്‍ക്കും, നിയമങ്ങള്‍ക്കും, ഒറ്റക്കിരുന്നു പാടുന്ന ഒരു പക്ഷിയുടെ ഈണം, ഛായ!. ആകാശത്തിന്റെ അടിഭാഗത്തേയും മെലിഞ്ഞ ശരീരത്തിന്റെ മടക്കുകളേയും അവര്‍ തന്റെ ദേശമായിക്കണ്ടു. ഞാന്‍ എന്നുച്ചരിക്കുമ്പോള്‍ സകലമനുഷ്യരേയും ജീവജാലങ്ങളേയും പ്രകൃതിയേയും പ്രപഞ്ചത്തേയും കണ്ടു. ഒടുവില്‍, നിത്യവും കിടന്നുറങ്ങാനാശിച്ച നീര്‍മാതളച്ചുവടും പുന്നയൂര്‍ക്കുളവും ശേഷിക്കുന്നവരുടെ സ്വപ്നത്തിലേക്ക് കുടഞ്ഞിട്ട് മാധവിക്കുട്ടി ഒരു മാലാഖയായി മറഞ്ഞു.

നേര്‍ത്ത നീര്‍മാതളയിലകള്‍ 
കാറ്റില്‍ അനങ്ങുന്നുണ്ട്.
അല്ല
അത് കാറ്റല്ല
അതെന്റെ പ്രണയമാണ്
നിശ്വാസമാണ്.
ഭൂമിക്കും മീതെ ഒരു സ്വപ്നമുണ്ടെങ്കില്‍
അവിടെയിരുന്ന്
എനിക്കറിയാനാവുന്നുണ്ട്
നീയെന്നെ ഓര്‍ക്കുന്നത്'.

അവനവനില്‍ നിന്ന് പറന്ന്, കൂടുവിട്ട് കൂടുമാറി ദേശാന്തരങ്ങളിലൂടെ ഞാന്‍ അലഞ്ഞപ്പോള്‍ ഒരിക്കലെനിക്ക് വാള്‍ട്ട് വിറ്റ്മാന്റെ Leaves of grass വായിക്കാന്‍ തന്നു. ഉടയാത്ത കുപ്പിവളകള്‍ തന്നു. നിന്റെ ദേശമേതെന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ ഹൃദയം കീറി ഇറ്റുവീഴുന്ന രക്തം കാട്ടിക്കൊടുക്കുമെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞേക്കുമെന്ന് പ്രവചിച്ചു. പെണ്ണിന്റെ ഉടലല്ല സര്‍ഗ്ഗാത്മകതയുടെ ഇടം എന്ന് ഉറപ്പിച്ചുപറഞ്ഞ് ഒരു ദേശത്തുമല്ലാതെ, ഒരു കാലത്തുമില്ലാതെ നഗ്‌നയായി കടല്‍ക്കരയില്‍ മലര്‍ന്നുകിടക്കുമ്പോള്‍ താഴേക്കുനോക്കി ഒരു നക്ഷത്രം ഉണ്ടാകുമെന്ന് പറഞ്ഞു.
അത് മറ്റാരാണ്!


#outlook
Leave a comment