TMJ
searchnav-menu
post-thumbnail

Outlook

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ വഴികളിലൂടെ

21 Jul 2023   |   8 min Read
നിസാം സയ്യിദ്

പുതുപ്പള്ളിയിലെ കെഎസ്‌യു പ്രവര്‍ത്തകരെ തേടിയിറങ്ങിയ തനിക്ക് വഴികാട്ടിയായി വന്ന ഉത്സാഹിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുറിച്ച് എംഎ ജോണ്‍ എഴുതിയിട്ടുണ്ട്. അന്നത്തെ ആ സ്‌കൂള്‍ കുട്ടിയായി വന്ന ഉമ്മന്‍ ചാണ്ടി പിന്നീട് കേരളത്തില്‍ ഒട്ടേറെ പേര്‍ക്ക് വഴികാട്ടിയായി. കുറേപേരുടെയെങ്കിലും വഴിമുടക്കുകയും ചെയ്തു. രണ്ടുവട്ടം മുഖ്യമന്ത്രിയും അന്‍പതിലധികം വര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗവും ഒക്കെ ആയി മാറി. ഒരു പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ നേതാവ് ഉമ്മന്‍ ചാണ്ടിയായിരിക്കും. പക്ഷെ കരുണാകരനേയും വീഴ്ത്തിയ സൃഗാല തന്ത്രങ്ങളുടെ ഉപജ്ഞാതാവായി ഉമ്മന്‍ ചാണ്ടി മാറി.

എംഎ ജോണിന്റെ സ്വാധീനത്തില്‍ കെഎസ്‌യുവിലെത്തിയ ഉമ്മന്‍ ചാണ്ടി പക്ഷെ പ്രസ്ഥാനത്തില്‍ നിലയുറപ്പിച്ചത് ജോണിന്റെ നിതാന്ത ശത്രുവായി മാറിയ എകെ ആന്റണിയോടൊപ്പമായിരുന്നു. അറുപതുകളിലെ കെഎസ്‌യു രാഷ്ട്രീയത്തില്‍ ആരാണ് യഥാര്‍ത്ഥ 'ആദര്‍ശ ധീരന്‍' എന്ന മത്സരത്തില്‍, ജോണിനേക്കാളേറെ ആന്റണിക്കാണ് വിജയ സാധ്യത എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അന്നേ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. വയലാര്‍ രവിയും എംഎ ജോണും ചേര്‍ന്നാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തതെങ്കിലും അതിന്റെ വസന്ത കാലത്ത് നേതൃത്വം നല്‍കാന്‍ അവസരമുണ്ടായത് ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമാണ്. 1967-69 കാലത്തെ ഇഎംഎസ് നമ്പൂതിരിപ്പാട് മന്ത്രിസഭയ്‌ക്കെതിരെയുള്ള നിരന്തരമായ സമരങ്ങളിലൂടെയാണ് കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും കേരളത്തിലെ ഏറ്റവും പ്രബലമായ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളായി വളരുന്നത്. അന്ന് ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഉമ്മന്‍ ചാണ്ടി കെഎസ്‌യു പ്രസിഡന്റുമാണ്. കാസര്‍ഗോഡ് ശാന്താറാം ഷേണായിയും, സുധാകരന്‍ അഗിത്തായിയും, എറണാകുളം തേവര മുരളിയും പൊലീസ് വെടിവെയ്പ്പിലും ലാത്തിച്ചാര്‍ജിലും മരണമടഞ്ഞതോടെ കെഎസ്‌യു ശക്തമായ സമരം ആരംഭിക്കുന്നു. പ്രസിഡന്റെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. 'സര്‍ക്കാര്‍ കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്' എന്ന പ്രസ്താവന മലയാള മനോരമ ഉള്‍പ്പെടെയുള്ള ദിനപത്രങ്ങളുടെ മുന്‍പേജില്‍ വന്നതോടെ ഉമ്മന്‍ ചാണ്ടി കേരളം ഒട്ടാകെ അറിയപ്പെടുന്ന നേതാവായി മാറി. 


ഉമ്മൻ ചാണ്ടി | Photo: WIKI COMMONS

1970 ലെ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കാന്‍ സീറ്റ് ലഭിക്കുന്നതോടെ പുതുപ്പള്ളിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും തലക്കുറി മാറ്റിയെഴുതപ്പെടുകയാണ്. സിപിഎമ്മിലെ ഇഎം ജോര്‍ജാണ് അന്ന് സിറ്റിങ് എംഎല്‍എ. 1969 ലെ പിളര്‍പ്പില്‍ സംഘടനാ കോണ്‍ഗ്രസിനാണ് മണ്ഡലത്തില്‍ മേല്‍ക്കൈ. മുന്‍പ് രണ്ട് വട്ടം എംഎല്‍എ ആയിട്ടുള്ള ധനാഢ്യനായ പിസി ചെറിയാന്‍ സംഘടനാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആയിരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്ന ദിവസത്തിനു ശേഷം മലയാള മനോരമയിലേയും ഓര്‍ത്തഡോക്‌സ് സഭയിലേയും പ്രമുഖരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പിസി ചെറിയാന്‍ മത്സര രംഗത്തു നിന്നും പിന്‍മാറി. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് ആ തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞു. രസകരമായ ഒരു കാര്യം ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ് ചിഹ്നത്തിലല്ല, സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിച്ചതെന്നതാണ്. എന്തായാലും പിന്നീടിന്നേവരെ പുതുപ്പള്ളിക്ക് മാറിച്ചിന്തിക്കേണ്ടി വന്നിട്ടില്ല.

കോണ്‍ഗ്രസിലെ ഗ്ലാമര്‍ ബോയ് എന്ന പരിവേഷത്തില്‍ നിന്നും ഗ്രൂപ്പ് നേതാവ് എന്ന നിലയിലേക്ക് ഉമ്മന്‍ ചാണ്ടി ഉയരുന്നത് എഴുപതുകളിലാണ്. ആഭ്യന്തര മന്ത്രിയായതോടെ കെ കരുണാകരന്‍ പ്രതാപിയായി മാറുന്നു. കെപിസിസിയുടെ തീരുമാനങ്ങളെ അദ്ദേഹം മാനിക്കുന്നില്ലെന്ന പ്രസിഡന്റായ ആന്റണിയുടെ പരാതിയെത്തുടര്‍ന്ന് വയലാര്‍ രവിയാണ് കരുണാകരനെതിരെ പോരാട്ടം പ്രഖ്യാപിക്കുന്നത്. അന്ന് രവി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസ് കരുണാകരന്‍ ഗ്രൂപ്പും ആന്റണി ഗ്രൂപ്പുമായി ധ്രുവീകരിക്കപ്പെട്ടു. കരുണാകരനില്‍ നിന്നും പൂര്‍ണമായി സംഘടന പിടിച്ചെടുക്കുക എന്നത് എ ഗ്രൂപ്പിന്റെ  ഒരു പ്രൊജക്ടായി മാറുന്നു. കരുണാകരനോടൊപ്പം തലയെടുപ്പുള്ള നേതാക്കള്‍ മറ്റാരും ഉണ്ടായിരുന്നില്ല. പക്ഷേ എ ഗ്രൂപ്പ് നേതാക്കളാല്‍ സമ്പന്നമായിരുന്നു. ആന്റണിയോടൊപ്പം വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, പിസി ചാക്കോ, വിഎം സുധീരന്‍ തുടങ്ങി അന്നത്തെ നിലയില്‍ ഒരേ തലപ്പൊക്കമുള്ള ഒരുപിടിയാളുകള്‍ എ ഗ്രൂപ്പിനെ നയിച്ചു. 


ഉമ്മൻ ചാണ്ടി എകെ ആന്റണിയോടൊപ്പം | PHOTO: FACEBOOK

അടുത്ത മുപ്പതുവര്‍ഷക്കാലം കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നിരന്തരമായ ഗ്രൂപ്പുയുദ്ധങ്ങളായിരുന്നു. എഴുപത്തിനാലില്‍ നിന്നും രണ്ടായിരത്തിനാലില്‍ എത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ സംഭവിച്ചു. ഒന്ന് കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. രണ്ട് എ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി എകെ ആന്റണിയെ മാറ്റി അവരോധിക്കപ്പെട്ടു. മൂന്ന് എ ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃസ്ഥാനത്തിന് ഭീഷണിയായേക്കാവുമായിരുന്ന എല്ലാവരും ഗ്രൂപ്പിന് പുറത്തു പോവേണ്ടി വന്നു. വയലാര്‍ രവി, വിഎം സുധീരന്‍, പിസി ചാക്കോ എന്നിവരായിരുന്നു എ ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ അനിഷേധ്യ നേതൃത്വത്തിന് വെല്ലുവിളിയായി ഉണ്ടായിരുന്നത്. എകെ ആന്റണിയുടെ ഏറ്റവും വിശ്വസ്തരായി അദ്ദേഹത്തിന്റെ ഇരുഭാഗത്തും ഉമ്മന്‍ ചാണ്ടിയും പിസി ചാക്കോയും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള ബന്ധം ഒരിക്കലും ഊഷ്മളമായിരുന്നില്ല. 1969 ല്‍ ഉമ്മന്‍ ചാണ്ടി മൂന്നാം വട്ടവും കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പിസി ചാക്കോ എതിര്‍ സ്ഥാനാര്‍ത്ഥിയായി വന്നതാണ് ഇരുവരെയും അകറ്റിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് ചാക്കോയ്‌ക്കെതിരെ വിജയ സാധ്യത കുറവാണെന്ന ബോധ്യമാണ് ഉമ്മന്‍ ചാണ്ടിയെ വീണ്ടും മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി വന്നിട്ടും ചാക്കോ പിന്മാറിയില്ല. രസകരമായ ഒരു കാര്യം ആ തെരഞ്ഞെടുപ്പില്‍ ചാക്കോയുടെ ഏറ്റവും ശക്തമായ പ്രചാരകന്‍ പിന്നീട് ഉമ്മന്‍ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കെസി ജോസഫായിരുന്നു എന്നതാണ്. ആ മത്സരത്തില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചെങ്കിലും അതുണ്ടാക്കിയ മുറിവുകള്‍ ഒരിക്കലും ഉണങ്ങിയില്ല. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്ന ചാക്കോയ്ക്ക് അന്ന് യുവജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ഉണ്ടായിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെയും പ്രസ്താവനകളിലെയും വിപ്ലവാത്മകത നക്സലൈറ്റുകളെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. എണ്‍പതില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരിക്കലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ വക്താവല്ലായിരുന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചേരാതെ മാറിനിന്നു. ചാക്കോയാണ് പകരം മന്ത്രിയായത്. ആന്റണി 1981 ല്‍ ഇടതുമുന്നണി വിട്ടെങ്കിലും ചാക്കോ ദേശീയ നേതൃത്വത്തിന്റെ ഭാഗമായി മുന്നണിയില്‍ തുടര്‍ന്നു. എണ്‍പത്തിയാറില്‍ തിരിച്ച് കോണ്‍ഗ്രസിലെത്തിയ ചാക്കോയ്ക്ക് എ ഗ്രൂപ്പിന്റെ പഴയ സ്വീകാര്യത ഉണ്ടായില്ല. എണ്‍പത്തിയേഴിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാക്കോയെ പരിഗണിച്ചതേയില്ല. എണ്‍പത്തിയൊന്‍പതില്‍ കോട്ടയത്ത് നിന്നോ ഇടുക്കിയില്‍ നിന്നോ ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് ചാക്കോയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ശരത് പവാര്‍ ഇടപെട്ടിട്ടും ചാക്കോയ്ക്ക് സീറ്റ് ലഭിച്ചില്ല. ഉമ്മന്‍ ചാണ്ടിയുള്ള എ ഗ്രൂപ്പില്‍ ഇനി തുടര്‍ന്നിട്ട് കാര്യമില്ല എന്ന് ബോധ്യമായ ചാക്കോ കരുണാകരനില്‍ അഭയം പ്രാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ചാക്കോ. പക്ഷേ ദയാപരനായ കരുണാകരന്‍ അതെല്ലാം മറന്ന് ചാക്കോയ്ക്ക് അഭയം നല്‍കുകയും 91 ല്‍ തൃശ്ശൂരില്‍ നിന്നും പാര്‍ലമെന്റിലെത്തിക്കുകയും ചെയ്തു. 


ഉമ്മൻ ചാണ്ടി | PHOTO: FACEBOOK

എകെ ആന്റണിയുണ്ടെങ്കില്‍ പോലും ഗ്രൂപ്പിലെ ഏറ്റവും തലയെടുപ്പുള്ള നേതാവ് എന്നും വയലാര്‍ രവിയായിരുന്നു. എഴുപതുകളില്‍ രവിയുടെ പ്രവര്‍ത്തന രംഗം ഡല്‍ഹിയായിരുന്നത് കൊണ്ട് ആദ്ദേഹം ഉമ്മന്‍ ചാണ്ടിക്ക് ഒരു ഭീഷണിയായിരുന്നില്ല. പക്ഷേ 80 ല്‍ ചിറയന്‍കീഴില്‍ നിന്ന് ലോക്സഭയിലേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ രവി കേരളത്തില്‍ സജീവമായി. ഇടതുപക്ഷ മുന്നണിയുടെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയ രവി പാര്‍ട്ടിയെ മുന്നണിയില്‍ നിന്നും പുറത്തെത്തിക്കുന്നതില്‍ വിജയിച്ചു. എണ്‍പത്തിരണ്ടിലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍  നിന്നും നിയമസഭയിലെത്തിയ വയലാര്‍ രവി തനിക്ക് ആഭ്യന്തര വകുപ്പോടെ മന്ത്രിസ്ഥാനം  വേണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായിട്ടും ഒരിക്കല്‍ കൂടെ ഉമ്മന്‍ ചാണ്ടിക്ക് മന്ത്രിസഭയില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നു. അടുത്ത അഞ്ചു വര്‍ഷവും കരുണാകരനെതിരെയുള്ള പോരാട്ടത്തില്‍ രവിയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചു നിന്നെങ്കിലും എ ഗ്രൂപ്പിനുള്ളില്‍ രണ്ട് ശക്തി കേന്ദ്രങ്ങള്‍ ഉയരുകയായിരുന്നു. എണ്‍പത്തിയെട്ടോടെ ഡല്‍ഹിയിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം രവിയില്‍ കലശലായി. രാജ്യസഭയിലേക്ക് പോവാനായിരുന്നു ആദ്യശ്രമം. അതിന് ആന്റണി വഴങ്ങിയില്ല. എണ്‍പത്തിയൊന്‍പതിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തു നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ രവി ശ്രമിച്ചു. പക്ഷേ അതിനും ആന്റണിയും ഉമ്മന്‍ ചാണ്ടിയും സഹായിച്ചില്ല. ക്ഷുപിതനായ രവി എ ഗ്രൂപ്പുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് കരുണാകരനൊപ്പം ചേര്‍ന്നു. ആശ്രിത വത്സനായ അദ്ദേഹം 91 ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ രവിയെ ആന്റണിക്കെതിരെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വിജയിപ്പിച്ചു. പിന്നീട് കരുണാകരനുമായി അകന്നെങ്കിലും വയലാര്‍ രവിക്ക് ഒരിക്കലും എ ഗ്രൂപ്പില്‍ പുനഃപ്രവേശം ഉണ്ടായില്ല. 

കെഎസ്‌യു വിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രസിഡന്റെന്ന നിലയില്‍ വമ്പിച്ച ജനപ്രീതി നേടിയ നേതാവായിരുന്നു വിഎം സുധീരന്‍. കരുണാകരനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന എ ഗ്രൂപ്പിന്റെ കുന്തമുന. മികച്ച പ്രതിഛായ, പൊതു സമൂഹത്തിന്റെ പിന്തുണ എന്നിവയെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. തൊണ്ണൂറ്റിയൊന്നിലെ മന്ത്രിസഭാ രൂപീകരണ സമയത്ത് വിഎം സുധീരന്റെ പേര് ആന്റണി നിര്‍ദേശിച്ചെങ്കിലും അദ്ദേഹത്തെ മന്ത്രിയാക്കാന്‍ കരുണാകരന്‍ വിസമ്മതിച്ചു. അതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് മന്ത്രിസഭയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണം എന്ന നിലപാട് സുധീരനെ അനുകൂലിക്കുന്നവര്‍ മുന്നോട്ടു വെച്ചു. പക്ഷെ അത് ഗ്രൂപ്പിനെ ദുര്‍ബലമാക്കുകയേ ഉള്ളു എന്ന ഉമ്മന്‍ ചാണ്ടി അനുകൂലികളുടെ നിലപാടാണ് വിജയം കണ്ടത്. അതോടെ ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മില്‍ അകന്നു. സംഘടനാ തെരഞ്ഞെടുപ്പിലെ തുറന്ന പോരുകള്‍ക്ക് ശേഷം കരുണാകരനുമായി ഉമ്മന്‍ ചാണ്ടി മുന്‍കയ്യെടുത്ത് സന്ധി ഉണ്ടാക്കിയപ്പോള്‍ അതില്‍ പ്രതിഷേധിച്ച് സുധീരന്‍ ഗ്രൂപ്പ് വിട്ടു. പിന്നീട് ഗ്രൂപ്പുകള്‍ക്കതീതനായി നിലകൊള്ളാനാണ് സുധീരന്‍ ശ്രമിച്ചിട്ടുള്ളത്. 


വി എം സുധീരൻ | PHOTO: FACEBOOK

ഇങ്ങനെ എ ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് ഭീഷണിയായേക്കാമായിരുന്ന പ്രമുഖര്‍ പുറത്ത് പോയപ്പോള്‍ അണികള്‍ക്ക് അഭയം അദ്ദേഹം മാത്രമായി. ആന്റണിയുടെ പ്രതിഛായയും ജനസമ്മതിയും ഉമ്മന്‍ ചാണ്ടിയുടെ സംഘടനാ പാടവവും, അണികളെ സംതൃപ്തരാക്കി നിലനിര്‍ത്താനുള്ള കഴിവുമായിരുന്നു എന്നും എ ഗ്രൂപ്പിന്റെ അടിത്തറ. 92 ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും പിന്നീട് കേന്ദ്ര മന്ത്രിയുമായി ആന്റണി ഡല്‍ഹിയിലേക്ക് കൂടുമാറിയതോടെ ഗ്രൂപ്പിന്റെ നേതൃത്വം പൂര്‍ണമായും ഉമ്മന്‍ ചാണ്ടിയിലേക്കെത്തി. പിന്നീട് കരുണാകരനെതിരേയുള്ള തുറന്ന പോരാട്ടമായിരുന്നു. കരുണാകരനോട് എതിര്‍പ്പുള്ള എല്ലാവരേയും ഒന്നിച്ചണിനിരത്തി ഗ്രൂപ്പിന്റെ പേരുതന്നെ കരുണാകര വിരുദ്ധ ഗ്രൂപ്പ് എന്നാക്കി മാറ്റി. എംഎ കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പിനുവേണ്ടിയുള്ള രക്തസാക്ഷി എന്ന പരിവേഷം അണിഞ്ഞു. ചാരക്കേസ് കാലത്തെ ചടുലമായ നീക്കങ്ങളിലൂടെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുന്നതില്‍ വിജയിച്ചു. തൊണ്ണൂറ്റിയാറിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം കരുണാകരന് ഒരിക്കലും പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. 2004 ല്‍ മുഖ്യമന്ത്രിയായ ശേഷം കരുണാകരനോടും മുരളീധരനോടും ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി എടുക്കുന്നത്. അങ്ങനെ കരുണാകരന് കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വന്നു. കരുണാകരനില്‍ നിന്നും സംഘടന പിടിച്ചെടുക്കുക എന്ന എ ഗ്രൂപ്പിന്റെ മുപ്പതുവര്‍ഷം നീണ്ട പ്രൊജക്ട് വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി അനിഷേധ്യനായി മാറിയിരുന്നു. 

എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും എന്നും രാഷ്ട്രീയത്തിലെ രാമലക്ഷ്മണന്മാരായിരുന്നു. പരസ്പര പൂരകമായിരുന്നു ആ ബന്ധം. അറുപതുകളില്‍ ആരംഭിച്ച ആത്മബന്ധം ആദ്യമായി ഉലയുന്നത് തൊണ്ണൂറുകളുടെ ആദ്യമാണ്. എ, ഐ എന്നീ ഗ്രൂപ്പുകള്‍ക്കു പകരം കരുണാകര വിഭാഗവും കരുണാകര വിരുദ്ധ വിഭാഗമെന്നും നാമകരണം ചെയ്യപ്പെട്ടപ്പോള്‍ കേന്ദ്രമന്ത്രി ആയിരുന്ന ആന്റണി, അത് കേരള രാഷ്ട്രീയത്തില്‍ തന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് സംശയിച്ചു. കിട്ടിയ ആദ്യത്തെ അവസരം മുതലാക്കി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ആന്റണി വീണ്ടും വിശുദ്ധ അന്തോണിയായി മാറി. കരുണാകരനെ പുറത്താക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ വിജയം കണ്ടപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് ആന്റണിയായി മാറി. അദ്ദേഹം മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടിയുടെ അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്ന ആളാണ് ആന്റണിയെന്നൊരു വികാരം ഗ്രൂപ്പിനുള്ളില്‍ ഉയര്‍ന്നു. ഉമ്മന്‍ ചാണ്ടി വിരുദ്ധനായ, സുധീരനെ ആന്റണി മന്ത്രിസഭയില്‍ എടുത്തത് മാനസിക ഐക്യം ഇല്ലാതാക്കി എങ്കിലും ഉമ്മന്‍ ചാണ്ടി ഒരിക്കലും അതൃപ്തി പരസ്യമാക്കിയില്ല. രണ്ടായിരത്തിയൊന്നിലെ മന്ത്രിസഭാ രൂപീകരണ കാലത്താണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത്. കെവി തോമസിനെ ഉള്‍ക്കൊള്ളിക്കാന്‍ കരുണാകരന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്വയം മാറി നിന്നു. ആന്റണി ശക്തമായ നിലപാടെടുത്തില്ല എന്ന വികാരം കൂടി ആ പിന്‍മാറ്റത്തിനു പിന്നിലുണ്ടായിരുന്നു. പൊലീസില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല എന്ന ആന്റണിയുടെ നയം ഭരണ തലത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ അകറ്റി നിര്‍ത്താനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടതും സ്ഥിതിഗതികള്‍ വഷളാക്കി. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആന്റണിയെ നിര്‍ബന്ധിതനാക്കിയത് തന്നെ കെണിയിലാക്കാനുള്ള ഗൂഢാലോചനയായിരുന്നുവെന്ന് ആന്റണി വിശ്വസിച്ചു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ തോല്‍വിയോടെ ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ മാര്‍ഗമില്ലാതായി. ഉമ്മന്‍ ചാണ്ടി സ്വാഭാവികമായും മുഖ്യമന്ത്രിയായി. ആന്റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളത നഷ്ടപ്പെട്ടതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. 


കെ കരുണാകരൻ | PHOTO: WIKI COMMONS 

അനുയായികളുമായി ഉണ്ടാക്കാന്‍ കഴിയുന്ന ആത്മബന്ധമാണ് ഉമ്മന്‍ ചാണ്ടിയുടെ ശക്തി സ്രോതസ്സ്. കാസര്‍ഗോഡു മുതല്‍ പാറശ്ശാല വരെ എല്ലാപഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിക്ക് പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന അനുയായികളുണ്ട്. കേരളത്തിലെ എല്ലാ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ആളുകളെ അദ്ദേഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയത്തിലെ ഉയര്‍ച്ച താഴ്ച്ചകളുമായി അഭേദ്യം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വിശ്വസിക്കുന്ന ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്നു. ഇതിനു മുന്‍പ് പ്രവര്‍ത്തകരുമായി ഇങ്ങനെ ഒരു ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ള ഏക കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. പക്ഷെ കരുണാകരന്‍ അണികള്‍ക്ക് എന്നും ലീഡര്‍ ആയിരുന്നു. പക്ഷെ ഉമ്മന്‍ ചാണ്ടിയെ സഹപ്രവര്‍ത്തകരെല്ലാം പേരുതന്നെ വിളിച്ചു. പുതുപ്പള്ളിക്കാര്‍ പ്രായഭേദ്യമന്യേ കുഞ്ഞൂഞ്ഞ് എന്നു വിളിച്ചു. ആളുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ എന്നൊക്കെ വിളിച്ചു തുടങ്ങുന്നത് 2004 ല്‍ ആദ്യം മുഖ്യമന്ത്രി ആയ ശേഷമാണ്. എല്ലാവരോടുമുള്ള സമഭാവനയാണ് ഉമ്മന്‍ ചാണ്ടിയുടെ ഒരു സ്വഭാവ വിശേഷം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലെല്ലാം ഒരു ജനാധിപത്യ ശൈലിയുണ്ട്. എതിരാളികളെ കൈകാര്യം ചെയ്യുന്നതിലുമുണ്ട് ഈ വ്യത്യസ്തത. കരുണാകരന്‍ ആര്‍ക്കെങ്കിലുമെതിരെ നീക്കം നടത്തുമ്പോള്‍ ഒരു ബഹളവും പുകപടലവുമെല്ലാം സൃഷ്ടിക്കും. ഉമ്മന്‍ ചാണ്ടിയുടെ എതിരാളികള്‍ക്ക് തങ്ങള്‍ക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞാല്‍ പോലും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകില്ല. സംശയമുള്ളവര്‍ കെഎം മാണിയുടെ കോഴ വിവാദം ഓര്‍ക്കുക. പക്ഷേ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ കരുണാകരന്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഏറെ മുന്നിലെത്തുന്നത് വിവിധ സാമൂഹിക സാമുധായിക വിഭാഗങ്ങളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നതിലുള്ള മിടുക്കിലായിരുന്നു. സോഷ്യല്‍ എഞ്ചിനീയറിങ് എന്ന പേരൊക്കെ കണ്ടുപിടിക്കുന്നതിനു മുന്‍പുതന്നെ അത് വളരെ ഫലപ്രദമായി ചെയ്ത ആളാണ് കരുണാകരന്‍. അദ്ദേഹത്തിനു ശേഷം  കേരളത്തില്‍ അത് ഫലപ്രദമായി ചെയ്തത് പിണറായി വിജയനാണ്. ഉമ്മന്‍ ചാണ്ടിക്ക് ഈ രംഗത്ത് കാര്യമായി ഒരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞില്ല. 

ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള മറ്റൊരു വിമര്‍ശനം കോട്ടയം ജില്ലയില്‍ നിന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവും ഉയര്‍ന്നു വരാന്‍ അദ്ദേഹം അനുവദിക്കില്ല എന്നതാണ്. കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്റോ ആന്റണി, വിപി സജീവന്‍, ജോസഫ് വാഴക്കല്‍ തുടങ്ങിയവര്‍ക്കൊക്കെ ജനപ്രതിനിധികളാവാന്‍ ജില്ലവിട്ടു പോകേണ്ടിവന്നു. എന്നാലും 71 മുതല്‍ കോട്ടയം ജില്ലയില്‍ നിന്നും കോണ്‍ഗ്രസിന് ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരു എംഎല്‍എ ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പ്രധാന ഗുണം  അദ്ദേഹം ഒരു മികച്ച ശ്രോതാവ് ആണെന്നുള്ളതായിരുന്നു. മണിക്കൂറുകളോളം ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതില്‍ മാത്രമല്ല അത് ദൃശ്യമായത്. ഔദ്യോഗിക മീറ്റിങ്ങുകളില്‍ എല്ലാവരും പറയുന്നത് അവസാനം വരെ അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കും അവസാനം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ തീരുമാനം യോഗത്തിന്റേതെന്ന നിലയില്‍ അവതരിപ്പിക്കും. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ അവസരം ലഭിച്ചതുകൊണ്ട് ആര്‍ക്കും പരാതിയുണ്ടാവില്ല. അതുപോലെ തന്നെയായിരുന്നു ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാനുള്ള ആദ്ദേഹത്തിന്റെ കഴിവ്. ഒരു മുന്‍ ഡിജിപി മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് ഇന്റലിജന്‍സ് ബ്രീഫിങ്  നടത്താന്‍ പോകുന്ന അനുഭവം ഒരിക്കല്‍ പങ്കുവെച്ചു. 'ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നാവും പലപ്പോഴും രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് നല്‍കുക. ഉമ്മന്‍ ചാണ്ടി ശ്രദ്ധിക്കുന്നുണ്ടെന്നു പോലും തോന്നില്ല. ഇത് ഒരു ചടങ്ങു മാത്രമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. പക്ഷേ പിന്നീട് മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍  രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക് ബോധ്യമായത്'. 

കേരളത്തിലെ കോണ്‍ഗ്രസിലെ ശാക്തിക സമവാക്യങ്ങള്‍ മാറുകയാണ്. ദീര്‍ഘകാലമായി നിലനിന്ന 'എ-ഐ' ഗ്രൂപ്പുകള്‍ എന്ന ദ്വന്ദങ്ങള്‍ അതിന്റെ പരിസമാപ്തിയിലെത്തിക്കഴിഞ്ഞു. എ ഗ്രൂപ്പിന്റെ സൈന്യാധിപന്‍ എന്ന നിലയിലാണ് എന്നും ഉമ്മന്‍ ചാണ്ടിക്ക് പ്രാമുഖ്യമുണ്ടായിരുന്നത്. ഗ്രൂപ്പുകളുടെ പ്രാമുഖ്യം കുറയുമ്പോള്‍ ഗ്രൂപ്പ് നേതാക്കളുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടും. അത് കാലത്തിന്റെ അനിവാര്യത ആണെന്നു മനസ്സിലാക്കി അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ രാഷ്ട്രീയ നേതാക്കള്‍ അപൂര്‍വമാണ്.


Leave a comment