മതം വിദ്യാഭ്യാസത്തിന്റെ അജണ്ട നിശ്ചയിക്കുന്ന കാലം
മതമൗലിക വാദങ്ങളുടെ പിടിയില്‍ നിന്നുള്ള വിടുതലാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ സുപ്രധാനമായ ഒരു മുഖമുദ്ര. മതപരവും അല്ലാത്തതുമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഒരു ജ്ഞാന വ്യവഹാരവും അതിന്റെ വ്യാപനവും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. അതുമായി ബന്ധപ്പെട്ട യൂറോകേന്ദ്രിതമായ സിദ്ധാന്തങ്ങളും പരികല്പനകളും പേറുന്ന മുന്‍വിധികളും, വിവേചനങ്ങളും, അധീശത്വങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ ആധുനികമായ ജ്ഞാന വ്യവഹാരങ്ങളും അതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്കും നിര്‍ണായകമാണ്. മതമൗലിക വാദികള്‍ വിവിധ രൂപങ്ങളില്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിനായി ആഗോള തലത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ അസഹനീയമായ തോതില്‍ വളര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസ മേഖലയാണ് അവരുടെ ഒരു പ്രധാന ലക്ഷ്യം. അഫ്ഗാനിസ്ഥാനിലും ഇറാനിലും മറ്റു പലയിടങ്ങളിലും പ്രത്യക്ഷമായ സ്ത്രീ വിരുദ്ധതയായി അത് വളരുമ്പോള്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ ലിബറല്‍ രാജ്യങ്ങളില്‍ അത് പരോക്ഷമായ രീതികളില്‍ ശക്തിപ്രാപിക്കുന്നു. അടിമ വ്യാപാരത്തെയും, വര്‍ണവെറിയെയും പറ്റിയുള്ള പുസ്തകങ്ങള്‍ വായനശാലകളില്‍ നിന്നുപോലും നീക്കം ചെയ്യണമെന്ന ആവശ്യം ഇപ്പോള്‍ അമേരിക്കയിലെ പല സ്ഥലങ്ങളിലും സാധാരണമായിരിക്കുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും, ഇറാനില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും ഈയൊരു പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്.
ശൈത്യാവധിക്കുശേഷം അഫ്ഗാന്‍ സര്‍വകലാശാലകള്‍ മാര്‍ച്ച് ആദ്യവാരം വീണ്ടും തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങി. എന്നാല്‍ സ്ത്രീകള്‍ അപ്പോഴും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ജീവിതം തുടരേണ്ട അവസ്ഥയില്‍ തന്നെയാണ്. താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പഠനം തുടരുന്നതിനുവേണ്ടി അനുവദിച്ച നയങ്ങള്‍ തിരുത്തിക്കൊണ്ടാണ് അവധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കരുത് എന്ന തീരുമാനം താലിബാന്‍ കൈക്കൊണ്ടിരിക്കുന്നത്. അതിനു കാരണമായി പറയുന്നതാവട്ടെ വിചിത്രമായ വാദങ്ങളും. താലിബാന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ അനുസരിക്കുന്നില്ല, ഡ്രസ്സ് കോഡ് പാലിക്കുന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുമ്പോഴും പോകുമ്പോഴും ആണ്‍ ബന്ധു അനുഗമിക്കുന്നില്ല എന്നതൊക്കെയാണ് അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധിക്കുശേഷം വിദ്യാര്‍ത്ഥിനികള്‍ വിദ്യാഭ്യാസം തുടരുന്നതിനെ എതിര്‍ക്കുന്നതിന്റെ കാരണമായി പറഞ്ഞത്. പഠനം തുടരുന്നതിനുവേണ്ടി താലിബാന്‍ അനുവദിച്ച നയങ്ങള്‍ തിരുത്തി വിദ്യാര്‍ത്ഥിനികളെ സര്‍വകലാശാലകളില്‍ നിന്നും പിന്‍വലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷാവസാനം തന്നെ പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവനും തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് താലിബാന്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത്. അടുത്തിടെ, വിവാഹ മോചിതരായിട്ടുള്ള സ്ത്രീകള്‍ ആദ്യഭര്‍ത്താവിനോടൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്നും താലിബാന്‍ തീരുമാനമെടുത്തിരുന്നു. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ അനവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെ തന്നെ കഴിയേണ്ടി വരുന്നു, അതിനു തയ്യാറല്ലാത്ത പല സ്ത്രീകളും തങ്ങളുടെ കുട്ടികളെയും കൊണ്ട് ഒളിവു ജീവിതമാണ് നയിക്കുന്നത്.
യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ വിലക്കുന്നതിനു മുമ്പേ തന്നെ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ താലിബാന്‍ വിലക്കിയിരുന്നു. ഇത് താല്‍ക്കാലികമായ വിലക്കാണെന്നും ഡ്രസ്സ് കോഡിന്റെ ലംഘനങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, ഇസ്ലാമിക ശൈലിയില്‍ സിലബസ് പുനര്‍നിര്‍മിച്ച് ഈ വിലക്ക് ഒഴിവാക്കുമെന്നാണ് താലിബാന്റെ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ ഈ അവസരത്തിലും, ആധുനിക വിദ്യാഭ്യാസം തന്നെ തെറ്റാണെന്നു വിശ്വസിക്കുന്ന താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ് സാദയുടെ ഉപദേശകരായിട്ടുള്ള പുരോഹിതന്മാര്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജോലിയെയും ശക്തമായി എതിര്‍ക്കുകയാണ് ചെയ്യുന്നത്.
സ്ത്രീകളെ വിലക്കുന്നതിനു മുന്നേ തന്നെ മിക്ക സര്‍വകലാശാലകളിലും സ്ത്രീകളെയും പുരുഷന്മാരെയും തരം തിരിച്ചിരുത്തല്‍ ഉള്‍പ്പെടെയുള്ള വേര്‍തിരിക്കല്‍ നടപടികള്‍ ചെയ്തിരുന്നു. ഈ വേര്‍തിരിവുകളെല്ലാം നിലനില്‍ക്കുന്നുണ്ടെങ്കിലും പഠനം തുടരാമല്ലോ എന്ന ആശ്വാസം പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ താലിബാന്റെ പുതിയ തീരുമാനം അവരില്‍ ആഘാതമുണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ തീര്‍ത്തും അസ്വസ്ഥരാണ്. എന്നാല്‍, താലിബാനെ എതിര്‍ത്താല്‍ ഉണ്ടാവാനിടയുള്ള നടപടികള്‍ പേടിച്ച് മഹാഭൂരിപക്ഷം പേരും പ്രതികരിക്കാതെ ഇരിക്കുകയാണ്.
മാര്‍ച്ചില്‍ പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകളോടും കുട്ടികളോടുമുള്ള താലിബാന്റെ പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തെ രോഷാകുലരാക്കിയെന്നും നിയന്ത്രണങ്ങള്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും സമ്പദ്‌വ്യവസ്ഥ തകരുന്ന സമയത്ത് താലിബാന്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നും പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് ജനീവയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലിബാന്റെ സ്ത്രീ വിദ്യാഭ്യാസ നിരോധനം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും നിര്‍ബന്ധിതമായ ശൈശവ വിവാഹങ്ങളും, ലൈംഗികാതിക്രമവും അക്രമണങ്ങളും, പാര്‍ക്കുകള്‍ ജിമ്മുകള്‍ പോലെയുള്ള പൊതു ഇടങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ വിലക്ക്, കൂടാതെ സ്ത്രീകളുടെ സ്വതന്ത്രമായി ജോലി ചെയ്യാനും യാത്ര ചെയ്യാനും ഉള്ള അവകാശം പരിമിതപ്പെടുത്തുന്ന മറ്റ് നിയന്ത്രണങ്ങള്‍ എന്നിങ്ങനെയുള്ള സങ്കീര്‍ണമായ പ്രതിസന്ധികളും മനുഷ്യാവകാശ പ്രതിസന്ധിയെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ താലിബാന്‍ നടപടിക്കെതിരെ ബാഹ്യവും ശക്തവുമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. അതിനുള്ള സാഹചര്യങ്ങള്‍ വളരെ പരിമിതവുമാണ്.
താലിബാന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി BBC ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ -തൊഴില്‍ കാര്യങ്ങളില്‍ പോരായ്മകള്‍ ഉണ്ടെന്ന് സമ്മതിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ ക്രമേണ പരിഹരിക്കപ്പെടുമെന്നും ലോകം ക്ഷമ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ക്രമേണ പരിഹരിക്കപ്പെടേണ്ട വിഷയങ്ങളല്ല ഇതെന്നും, വ്യക്തികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിനെ ന്യായീകരിക്കുന്നതാണെന്നും ആര്‍ക്കും മനസ്സിലാകും. താലിബാന്‍ വിദ്യാര്‍ഥിനികള്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നിഷേധിച്ചതിനെ കാബൂളിലെ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മഷല്‍ ശക്തമായി വിമര്‍ശിക്കുകയും സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ചുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. പ്രൊഫസര്‍ മഷല്‍ കാബൂളില്‍ ഒരു സ്വകാര്യ സര്‍വകലാശാല നടത്തിയിരുന്നു. 450 വിദ്യാര്‍ത്ഥിനികള്‍ അവിടെ പഠിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഇസ്ലാമിനും അഫ്ഗാന്‍ സംസ്‌കാരത്തിനും എതിരാണെന്ന് താലിബാന്‍ വിദ്യാഭ്യാസ മന്ത്രി പറയുകയും, യൂണിവേഴ്സിറ്റിയില്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു വിഭാഗത്തിന് മാത്രം വിദ്യാഭ്യാസം നല്‍കുന്നത് ശരിയല്ല എന്ന് പറഞ്ഞു പ്രൊഫസര്‍ മഷല്‍ തന്റെ സ്ഥാപനം പൂര്‍ണമായും അടയ്ക്കുകയാണ് ചെയ്തത്. 06/03/2023 ന് കാബൂള്‍ യൂണിവേഴ്സിറ്റിക്ക് പുറത്തെ ഗ്രൗണ്ടില്‍ പുസ്തകം വായിച്ചു കൊണ്ട് ചില പെണ്‍കുട്ടികള്‍ താലിബാന്റെ നിലപാടിനെതിരെ പ്രതികരിച്ചു. ചെറിയ രീതിയിലെങ്കിലും പ്രതിഷേധിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയുമാണ് താലിബാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷാവസാനം അഫ്ഗാന്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടത്തിയ പ്രവേശന പരീക്ഷകളില്‍ രാജ്യത്തുടനീളമുള്ള പ്രവിശ്യകളില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതിയിരുന്നു. അതില്‍ പലരും രഹസ്യമായി പഠിച്ചവരാണ്. പരീക്ഷ നടക്കുന്നതിനിടെ സ്‌ഫോടനം നടത്തി വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇത്തരത്തില്‍ പൂര്‍ണമായും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സ്വതന്ത്രവും മൗലികമായ മറ്റവകാശങ്ങളും നിഷേധിച്ചു കൊണ്ടാണ് താലിബാന്‍ ഭരണകൂടം മുന്നോട്ടുപോകുന്നത്. കടുത്ത ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായി ആരംഭിച്ച താലിബാന്‍ കഴിഞ്ഞ 2021 ഓഗസ്റ്റില്‍ വീണ്ടും അധികാരം പിടിച്ചടക്കിയപ്പോള്‍ സ്ത്രീകളുടെ അവകാശത്തെ മാനിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 1996-2001 കാലത്തിലെ ഭരണത്തിന്റെ ഭീകരത വീണ്ടും കൂടുതല്‍ ശക്തമായി ആവര്‍ത്തിക്കപ്പെടുന്നത് അഫ്ഗാന്‍ ജനത അനുഭവിക്കുകയാണ്.
അതുപോലെ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പൂട്ടിക്കുക, പെണ്‍കുട്ടികളെ പഠനത്തില്‍ നിന്നും തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മാസം മുതല്‍ ഇറാനിലെ ഏകദേശം അയ്യായിരം സ്‌കൂളുകള്‍ക്ക് നേരെ വിഷവാതക പ്രയോഗം ഉണ്ടായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുപ്പതു പ്രവിശ്യകള്‍ ഉള്ളതില്‍ ഇരുപത്തിയൊന്ന് പ്രവിശ്യകളിലും സമാനമായ കേസ് ഉണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. തികച്ചും സാമൂഹിക വിരുദ്ധരായ തീവ്ര മതവാദികളാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ഇറാനില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ചിത്രം ഈ നവംബറില്‍ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. 1979 ലെ വിപ്ലവത്തിനുശേഷം ഇറാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് ഇറാന്‍ ജനതയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അനുവദനീയമല്ലാത്ത വസ്ത്രം ധരിച്ചു എന്ന പേരിലാണ് ഇറാനിയന്‍ - കുര്‍ദിഷ് വനിതാ മഹ്സ അമാനി എന്ന 22 കാരിയെ ഇറാനിലെ മത പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
മഹമ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഗൈഡാന്‍സ് പട്രോള്‍ എന്നറിയപ്പെടുന്ന മതകാര്യ പോലീസ് സ്ഥാപിക്കപ്പെടുന്നത്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ഇവര്‍ക്കുണ്ടായിരുന്നു. ഇറുകിയ വസ്ത്രം, സ്ലീവ് കുറഞ്ഞ വസ്ത്രം, റൈപ്പ്ഡ് ജീന്‍സ് ഇവയൊന്നും ധരിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇഷ്ടാനുസരണം വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാല്‍ കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള അധികാരം മത പോലീസിന് ഉണ്ടായിരുന്നു. മദ്യപിച്ചാലോ ബന്ധുവല്ലാത്ത പുരുഷന്മാരുടെ കൂടെ സ്ത്രീകള്‍ ഒത്തുകൂടിയാലോ ഇതേ നടപടിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മഹ്സ അമാനിയുടെ കൊലപാതകത്തിനുശേഷം ഉയര്‍ന്ന പ്രതിഷേധം ഈ നിയമങ്ങളോടുള്ള ആളുകളുടെ എതിര്‍പ്പ് തുറന്നുകാട്ടുന്നതായിരുന്നു. സ്ത്രീകള്‍ തങ്ങള്‍ അടിമകളല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശിരോവസ്ത്രം വലിച്ചെറിയുകയും കത്തിക്കുകയും വിവസ്ത്രരായി തെരുവുകളില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൗരോഹിത്യ ഭരണത്തിനെതിരെയുള്ള താക്കീത് കൂടിയായിരുന്നു ഇത്. ഖജനാവ് കൊള്ളയടിക്കല്‍, ധൂര്‍ത്ത്, വിവേചനം, അടിച്ചമര്‍ത്തല്‍ എന്നിവകൊണ്ട് ജനങ്ങള്‍ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. പ്രതിഷേധം ശക്തമായതോടെ ഭരണകൂടം മത പോലീസിനെ പിന്‍വലിച്ചു.
സ്ത്രീകളടക്കമുള്ള മനുഷ്യരുടെ സര്‍വതോന്മുഖമായ ഉന്നമനത്തിനും അഭിവൃദ്ധിക്കും അനിവാര്യമായ ഒന്നാണ് അറിവ്. അതിനുള്ള പ്രധാന ഉപാധിയാണ് വിദ്യാഭ്യാസം. അതിനുള്ള അവസരം നിഷേധിക്കുന്നതിലൂടെ വ്യക്തികളുടെ പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. മതം രാജ്യഭരണം നടത്തുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു വിലയും ഉണ്ടാവില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവയെല്ലാം ഹനിക്കപ്പെടുന്ന സ്ത്രീകള്‍ എന്തു ജീവിതമാണ് ജീവിക്കേണ്ടി വരിക എന്ന ചോദ്യം നീട്ടി വയ്ക്കാനാവില്ല എന്നാണ് സമീപകാല ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.