.jpg)
അമേരിക്കന്‍ പിന്മാറ്റവും ആഗോളവ്യവസ്ഥിതിയും
ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ തുടരെ തുടരെയുണ്ടാകുന്ന നാടകീയ തീരുമാനങ്ങളുടെ അലയൊലികള്‍ ഏതൊക്കെ തീരങ്ങളില്‍ സുനാമിയായി തീരുമെന്ന് കാത്തിരിക്കുകയാണ് ലോകം. എന്നാല്‍ അമേരിക്കന്‍ വിദേശനയത്തില്‍ ട്രംപിന്റെ പുതിയ തീരുമാനങ്ങള്‍ വലിയ ദിശാമാറ്റമാണ് കൊണ്ട് വന്നിരിക്കുന്നത്.
പിന്മാറ്റവും ആഭ്യന്തരരാഷ്ട്രീയവും
ആദ്യ പ്രസിഡന്‍സിയുടെ അവസാനകാലത്ത് തുടങ്ങി വെച്ച പിന്മാറ്റ തീരുമാനങ്ങള്‍ വീണ്ടും പുനരുജീവിപ്പിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. അതിലേറ്റവും ശ്രദ്ധേയമാണ് പാരീസ് ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുമുള്ള പിന്മാറ്റങ്ങള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കും യാഥാസ്ഥിക അമേരിക്കകാരുടെ വികാരങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുക്കാലത്ത് തന്നെ ട്രംപ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ തുടര്‍ച്ചയാണ്. അമേരിക്കന്‍ നികുതിദായകരുടെ വിലപ്പെട്ട ഡോളറുകള്‍ അമേരിക്കന്‍ ജനതയെ നേരിട്ട് ബാധിക്കാത്ത അനാവശ്യ കാര്യങ്ങളിലേയ്ക്ക് വക മാറ്റുന്നത് അവസാനിപ്പിക്കണം എന്ന നവറിപ്പബ്ലിക്കന്‍ ആശയം നടപ്പില്‍ വരുത്തുകയാണ് ട്രംപ്.
ആഗോളതലത്തില്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബൈഡന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണവും യൂറോപ്പിനെയും ആഫ്രിക്കനേഷ്യന്‍ രാജ്യങ്ങളെയും സംരക്ഷിക്കാന്‍ അമേരിക്കന്‍ നികുതിപ്പണം ചെലവഴിക്കുന്നത് മൂലമാണ് സാധാരണ അമേരിക്കന്‍ പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് നല്‍കാന്‍ പണമില്ലാത്തതെന്നുമുള്ള ആരോപണങ്ങള്‍ തെല്ലൊന്നുമല്ല ഇത്തവണത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ട്രംപിനെ സഹായിച്ചത്.ഡൊണാള്‍ഡ് ട്രംപ് | PHOTO: FACEBOOK
അമേരിക്കന്‍ ജനതയുടെ ഗതികേടുകള്‍ക്കെല്ലാം അമേരിക്കയില്‍ നിന്ന് പുറത്തേക്കൊഴുകുന്ന നികുതിപ്പണം തിരികെ അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്ക് വകയിരുത്തിയാല്‍ ഒരു പരിഹരമാകുമെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഇതെത്ര കണ്ട് പ്രാവര്‍ത്തികമാകുമെന്നത് ചോദ്യമായി നിലകൊള്ളുന്നു. ആഗോളകരാറുകളില്‍ നിന്നുള്ള പിന്മാറ്റങ്ങള്‍ ട്രംപിന് കുട പിടിച്ചു നില്‍ക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള പുത്തന്‍ വാതയനങ്ങള്‍ തുറന്ന് കൊടുക്കുമോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നു.
അമ്പരന്ന സഖ്യകക്ഷികളും ശത്രുക്കളും
ട്രംപിന്റെ നാടകീയ തീരുമാനങ്ങള്‍ ആഭ്യന്തര രാഷ്ട്രീയത്തേക്കാളുപരി ആഗോള രാഷ്ട്രീയത്തെയാണ് പിടിച്ചു കുലുക്കിയിരിക്കുന്നത്. ഡെമോക്രാറ്റിക്ക് സര്‍ക്കാര്‍ ഊന്നല്‍ കൊടുത്ത ട്രാന്‍സ് അറ്റ്‌ലാന്റിക് സഹകരണത്തിന് കനത്ത പ്രഹരമാണ് രണ്ടാം ട്രംപ് സര്‍ക്കാരിന്റെ ആദ്യ ആഴ്ച തന്നെ ഉണ്ടായിട്ടുള്ളത്. ബൈഡന്‍ ഭരണത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട യുക്രൈന്‍ വിഷയം അപ്പാടെ അവഗണിച്ചു എന്ന് മാത്രമല്ല യുക്രൈനുള്ള എല്ലാ വിധ സഹായങ്ങളും മരവിപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് ട്രംപ് ഭരണകൂടം.
യുക്രൈന്‍ വിഷയം കൈകാര്യം ചെയ്യുന്നതിന്റെ സാമ്പത്തിക അധിക ബാധ്യത അമേരിക്കയുടെ ചുമലില്‍ മാത്രം ചുമത്താനാവില്ല എന്ന ട്രംപിന്റെ നിരീക്ഷണത്തിന് പിന്നാലെയാണ് സംഖ്യകക്ഷികളോട് പ്രതിരോധമേഖലയില്‍ അധികമായി ബജറ്റ് വകയിരുത്താന്‍ ട്രംപ് ആഹ്വാനം ചെയ്തത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് തണുപ്പന്‍ പ്രതികരണമായിരുന്നു ജര്‍മ്മനി അടക്കമുള്ള അമേരിക്കന്‍ സഖ്യകക്ഷികളുടേത്.ഡൊണാള്‍ഡ് ട്രംപും വൊളൊഡിമിർ സെലെൻസ്കിയും | PHOTO: FACEBOOK
ഈ തണുപ്പന്‍ പ്രതികരണത്തെ 20,000ത്തോളം അമേരിക്കന്‍ സൈനികരെ യൂറോപ്പ്യന്‍ മേഖലയില്‍ നിന്ന് പിന്‍വലിക്കുന്ന ചൂടേറിയ തീരുമാനം കൊണ്ടാണ് ട്രംപ് നേരിട്ടത്. ഇതിന് പുറമെ യൂറോപ്പില്‍ ശേഷിക്കുന്ന അമേരിക്കന്‍ സൈനികരുടെ വിന്യാസചെലവ് അതത് യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ നല്‍കേണ്ടി വരുമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തിരിക്കുകയാണ്. ഫലത്തില്‍ ഓള്‍ ഫോര്‍ വണ്‍ വണ്‍ ഫോര്‍ ഓള്‍ എന്ന നാറ്റോ (NATO) യുടെ അടിസ്ഥാനത്തെ തന്നെ ട്രംപ് വെല്ലുവിളിച്ചിരിക്കുകയാണ്. അമേരിക്ക പിന്മാറിയാല്‍ യൂറോപ്പിന് വേണ്ട പ്രതിരോധ സഹായം ആര് ചെയ്യും എന്ന ചോദ്യമാണ് ഉയരുന്നത്.
യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് പുറമെ എന്നും അമേരിക്ക ഒപ്പം നിര്‍ത്തിയിരുന്ന വടക്കേ അമേരിക്കന്‍ സഖ്യകക്ഷികളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ കാനഡയടക്കമുള്ള രാജ്യങ്ങളുമായുള്ള അമേരിക്കന്‍ ബന്ധങ്ങളിലുണ്ടാക്കിയ വിള്ളലുകള്‍ ചെറുതൊന്നുമല്ല. ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ അമേരിക്കന്‍ താല്പര്യങ്ങളും സ്വപ്നങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ട്രംപ് ഏതറ്റം വരെയും പോകുമെന്ന കടുത്ത റിയലിസ്റ്റ് ചിന്താഗതി തന്നെയാണ് തെളിഞ്ഞു വരുന്നത്. അതോടൊപ്പം സഖ്യകക്ഷികളുമായുള്ള ബന്ധം സൂക്ഷിക്കാന്‍ കാലകാലങ്ങളായി നടത്തിവന്നിരുന്ന അമേരിക്കന്‍ വിട്ടുവീഴ്ചകളുടെ യുഗാവസാനമായിയെന്നും കരുതാം.
സഖ്യകക്ഷികള്‍ മാത്രമല്ല ശത്രുക്കളും അമേരിക്കയുടെ ചുവട് മാറ്റത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ലോകാരോഗ്യസംഘടനക്ക് നല്‍കുന്ന സഹായങ്ങള്‍ അമേരിക്ക പിന്‍വലിക്കുന്നതായുള്ള തീരുമാനത്തിന് പിന്നാലെ തങ്ങള്‍ നല്‍കുന്ന സഹായം ഉയര്‍ത്തുന്നതായി ചൈന പ്രഖ്യാപിച്ചിരുന്നു. ലഭ്യമായ 2022-23 ദ്വൈവര്‍ഷ കണക്കുകള്‍ പ്രകാരം അമേരിക്കയുടെ പങ്കാളിത്തം 1.2 ബില്യണ്‍ ഡോളറും ചൈനയുടേത് 41 മില്യണുമാണ്. മുപ്പതിരട്ടി വരുന്ന അമേരിക്കന്‍ വിഹിതം നികത്താനാവും വിധം സഹായം വര്‍ധിപ്പിക്കാന്‍ ചൈന തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.REPRESENTATIVE IMAGE | WIKI COMMONS
ഇതുപോലെ തന്നെ വെട്ടിലായിരിക്കുകയാണ് മോസ്‌കോയും. യുക്രൈന്‍ അധിനിവേശത്തിന് പിന്നിലെ പ്രധാന ന്യായവാദങ്ങളിലൊന്നായിരുന്നു കിഴക്കന്‍ യൂറോപിലേക്ക് വ്യാപിക്കുന്ന നാറ്റോ (NATO) യുടെ സ്വാധീനം. പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട അമേരിക്കന്‍ പിന്മാറ്റം ഒരു പക്ഷെ യുക്രൈന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചക്കോ അല്ലെങ്കില്‍ റഷ്യന്‍ പിന്മാറ്റത്തിനോ വഴിവെച്ചേക്കാം. രണ്ടായാലും അമേരിക്കയ്ക്ക് നേട്ടം തന്നെയാണ്. റഷ്യന്‍ പിന്മാറ്റമാണെങ്കില്‍ നാളുകളായുള്ള യുക്രൈന്‍ തലവേദനയ്ക്ക് വിരാമമാകും. മറിച്ചു യുക്രൈന്റെ പതനമാണ് ഉണ്ടാകുന്നതെങ്കില്‍ ട്രംപിന്റെ എല്ലാവിധ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക്, അമേരിക്കന്‍ സംരക്ഷണത്തില്‍ അഭയം തേടേണ്ടി വരും.
തകര്‍ന്നേക്കാവുന്ന ആഗോളവ്യവസ്ഥിതി
അമേരിക്കന്‍ പിന്മാറ്റത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുക യൂറോ-അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ആഗോള വ്യവസ്ഥിതി തന്നെയാണ്. രണ്ടാം ലോകയുദ്ധാനാന്തരം നിലവില്‍ വന്ന ലോക കൂട്ടായ്മയുടെ എല്ലാ വിഭാഗങ്ങള്‍ക്കും സുഗഗമായ നടത്തിപ്പിന് അമേരിക്കന്‍ ധനസഹായം കൂടിയേ മതിയാകൂ. അതോടൊപ്പം തന്നെ അമേരിക്ക തന്നെ നിയന്ത്രിക്കുന്ന ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധി(IMF)യുടെയും ഒക്കെ ഭാവി തുലാസിലാകുമോ എന്നും കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും സാമ്പത്തിക രംഗത്ത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കുട പിടിക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരുടെ നിക്ഷേപ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി സ്ഥിരത നിലനിര്‍ത്താന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതരായേക്കും. എന്നിരുന്നാലും അമേരിക്കയില്‍ നിന്നുള്ള ഡോളറിന്റെ പുറത്തേക്കൊഴുക്ക് ഇത്തരത്തില്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ഡോളര്‍ കരുത്താര്‍ജ്ജിക്കേണ്ടതാണെങ്കിലും ട്രംപിന്റെ നാടകീയ പ്രഖ്യാപനങ്ങള്‍ ഡോളറിന്റെ മൂല്യത്തിലും ഇടിവ് വരുത്തി എന്നത് ശ്രദ്ധേയമാണ്.
അമേരിക്കന്‍ പിന്മാറ്റം സാമ്പത്തിക രംഗത്തേക്കാളുപരി പ്രതിരോധമേഖലയിലാണ് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. ലോകത്തിലെ നിരവധി പ്രശ്‌നബാധിത മേഖലകളിലും സമാധാനശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുഎന്‍ സമാധാന സേനയുടെയും പടിഞ്ഞാറന്‍ ശക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന അമേരിക്കന്‍ സംഖ്യസേനയുടെയുടെയും ഓപ്പറേഷണല്‍ ബാക്ക് ബോണ്‍ അന്നും ഇന്നും അമേരിക്കന്‍ നാവികപട തന്നെയാണ്.REPRESENTATIVE IMAGE | WIKI COMMONS
11 വിമാനവാഹിനി കപ്പലുകളും ഒമ്പത് ഹെലികോപ്റ്റര്‍ വാഹിനികളും 400 ല്‍പ്പരം പടക്കപ്പലുകളും അടങ്ങുന്ന അമേരിക്കന്‍ നാവിക സേന ഇനി മുതല്‍ ലോകസുരക്ഷനിര്‍വഹണത്തില്‍ ഏര്‍പ്പെടാതെയിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് മാത്രമല്ല. ചരക്ക് നീക്കം മുതലുള്ള അടിസ്ഥാനകാര്യങ്ങള്‍ മുതല്‍ മനുഷ്യാവകാശസംരക്ഷണ ദൗത്യങ്ങള്‍ വരെ താറുമാറായേക്കാം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ കൊള്ളക്കാരെ മുതല്‍ അറ്റ്ലാന്റിക്കിലെയും പസഫിക്കിലെയും ലഹരിക്കടത്തുകാരെയും കടല്‍ക്കൊള്ളക്കാരെയുമൊക്കെ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ അമേരിക്കന്‍ നാവികപടയുടെ പങ്ക് വളരെ വലുതാണ്. മാത്രവുമല്ല ലോകത്തെ ഏതൊരു കോണിലും ഉണ്ടാകുന്ന എന്ത് തരത്തിലുമുള്ള യുദ്ധ സമാനമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും അമര്‍ച്ച ചെയ്യാനും സൈനിക-നാവിക ശേഷിയുള്ള രാജ്യം കൂടിയാണ് അമേരിക്ക. അത്തരമൊരു രാജ്യത്തിന്റെ പിന്മാറ്റം എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
അമേരിക്കന്‍ പിന്മാറ്റം മഹാസമുദ്രങ്ങളില്‍ ഉണ്ടാക്കുന്ന ഒരു പവര്‍ വാക്വം ലോകത്തെ മറ്റെല്ലാ നാവിക ശക്തികള്‍ ഒരുമിച്ചു വിചാരിച്ചാല്‍ പോലും ഒന്നോ രണ്ടോ പതിറ്റാണ്ടുകള്‍ കൊണ്ട് പോലും നികത്താനാവില്ല എന്നതാണ് യാഥാര്‍ഥ്യം.
വഴി മുട്ടിയ മാനവികത
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടന, റെഡ് ക്രോസ്, യുഎന്‍എച്ച്‌സിആര്‍, യുനിസെഫ് (WHO, Red Cross, UNHCR, UNICEF) എന്നിങ്ങനെയുള്ള നിരവധി സംഘടനകളുടെ പ്രവര്‍ത്തനത്തെ അമേരിക്കയുടെ പിന്മാറ്റം തിരിച്ചടിയാകുന്നത്. 2021 ലെ കണക്ക് പ്രകാരം റെഡ് ക്രോസിനുള്ള അമേരിക്കന്‍ സഹായം ഏകദേശം 544 മില്യണ്‍ സ്വിസ് ഫ്രാങ്ക് ആണ്. 2022 ലെ കണക്കനുസരിച്ചു യുഎന്‍എച്ച്‌സിആറിനുള്ള അമേരിക്കന്‍ സഹായം 2.4 ബില്യണ്‍ ഡോളറും യൂനിസെഫിനുള്ളത് 1.2 ബില്യണ്‍ ഡോളറുമാണ്. ഇങ്ങനെ യുദ്ധമുഖത്തും സംഘര്‍ഷമുഖങ്ങളിലും മാനവികമൂല്യങ്ങള്‍ സംരക്ഷിച്ചു പ്രവര്‍ത്തിക്കുന്ന ഇത്തരം ആഗോള സംഘടനകളുടെ പ്രവര്‍ത്തങ്ങളെ ട്രംപിന്റെ പുതിയ തീരുമാനങ്ങള്‍ സാരമായി ബാധിച്ചേക്കാം.REPRESENTATIVE IMAGE| WIKI COMMONS
ചുരുക്കത്തില്‍ ട്രംപിന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' ക്യാമ്പയിന്‍ അമേരിക്കക്ക് നല്ലതോ ചീത്തയോ വരുത്തിയാലും ലോകത്തിന് ഗുണത്തേക്കാളുപരി ദോഷമാകും വരുത്തുകയെന്ന് നിസംശയം പറയാനാകും. ഗ്രേറ്റ് പവര്‍ സൈക്കിളില്‍ സ്വഭാവികമല്ലാത്ത ഒരു മാറ്റം അസ്വാഭാവികമായ പ്രതിപവര്‍ത്തനങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ച.