TMJ
searchnav-menu
post-thumbnail

Family

ധ്യാനിക്കാൻ പുൽക്കൊടിക്കൊപ്പമിരുന്നാൽ മതിയെന്ന് പഠിപ്പിച്ച അച്ഛനെക്കുറിച്ച്

15 Jun 2024   |   4 min Read
ജിഷ്ണു ആര്‍. കാര്യാവില്‍

'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ പതിമൂന്നാം അധ്യായവും 'കാറ്റുപറഞ്ഞ കഥ'യും വായിക്കാനെടുക്കുമ്പോള്‍ ഇപ്പോഴും ഉള്ളിലൊരു സങ്കടത്തിന്റെ നനവുപടരും. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അച്ഛന്‍ പോയതില്‍പ്പിന്നെ നിരവധിയാവര്‍ത്തി അത് വായിച്ചിട്ടുണ്ടാവണം. നമ്മള്‍പോലുമറിയാതെ, ഒട്ടും വൈകാരികമല്ലാതെ കടന്നുപോയ സന്ദര്‍ഭത്തിന് ജീവിതത്തെ എത്രമാത്രം സ്വാധീനിക്കാനാവും എന്നതിന് എനിക്ക് ഉദാഹരണങ്ങള്‍ ഏറെ തിരയേണ്ടതില്ല. സാഹിതീയമായ സന്ദര്‍ഭങ്ങള്‍ വൈകാരികമായി മാറുന്ന അപൂര്‍വ നിമിഷങ്ങള്‍. എല്ലാ സായംസന്ധ്യകളേയും സംതൃപ്തമായ ദുഃഖത്തിലേക്ക് ചേര്‍ത്തുവെയ്ക്കുന്ന സ്‌നേഹനഷ്ടങ്ങള്‍. അങ്ങനെയൊരാള്‍ മരണത്തിലേക്ക് നടന്നുപോയതിന്റെ ജീവിതാഖ്യാനങ്ങള്‍. വ്യക്തിപരമായതും ചെറുതെന്ന് തോന്നിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ക്കെല്ലാം സാമൂഹികവും രാഷ്ട്രീയവുമായ മൂല്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മര്‍ത്ത്യായുസ്സിലെ സാരമായ മാത്രകള്‍ നല്‍കുന്ന ഈ ഉള്‍ക്കാഴ്ചകള്‍ ചിലപ്പോള്‍ ജീവിതത്തെയാകമാനം മാറ്റിത്തീര്‍ക്കാന്‍ ശേഷിയുള്ളതാവും. കടന്നുവന്ന അത്തരം സന്ദര്‍ഭങ്ങള്‍ക്ക് പിന്നീടുള്ള നിങ്ങളുടെ ജീവിതത്തെ, അതിന്റെ ക്രമങ്ങളെ, സമീപനങ്ങളെയെല്ലാം ദാര്‍ശനികമായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുവെങ്കില്‍ എല്ലായിപ്പോഴും നമ്മള്‍ അതിനോട് കടപ്പെട്ടിരിക്കും. തകര്‍ച്ചയും പരാജയവും ഭയവും ആ സന്ദര്‍ഭത്തിന്റെ താല്‍ക്കാലികാനുഭവങ്ങള്‍ മാത്രമായി മാറിയിരിക്കും. 

ഇത്രയും ആമുഖമായി പറഞ്ഞത്, ഇനി പറയാനുള്ളത് തികച്ചും വ്യക്തിപരമെങ്കിലും ഈ അനുഭവങ്ങള്‍ക്ക് പുറകില്‍ ഒരു സാധാരണ മനുഷ്യന്‍, അതിലും സാധാരണക്കാരനായൊരു അധ്യാപകന്‍, കവി അതിലുപരി ഒരു രാഷ്ട്രീയ മനുഷ്യന്‍ ജീവിച്ച ജീവിതവും അയാള്‍ മകനെന്ന നിലയില്‍ എനിക്ക് നല്‍കിയ പരിഗണനകളേയും കുറിച്ചാണ് ഈ കുറിപ്പ് എന്നതുകൊണ്ടാണ്. അയാളുടെ മരണം സംഭവിച്ച് ഒരു വര്‍ഷം കഴിയേണ്ടിവന്നു ഇങ്ങനെ ഓര്‍ത്തെടുക്കാന്‍ എന്നത് ഒട്ടും അസാധാരണമല്ല. മരണം ചുറ്റിലുമുള്ള മനുഷ്യരില്‍ ഏല്‍പ്പിക്കുന്ന ആഘാതവും മരിച്ചുപോയ മനുഷ്യര്‍ പൊരുതിനയിച്ച ജീവിതത്തിലെ വൈകാരിക ബാധ്യതകളും അവസാനിക്കുന്നില്ല. എങ്കിലും അവരുടെ ആശയലോകത്തെ അല്പമായെങ്കിലും തിരിച്ചറിയാനെടുത്ത സമയം മാത്രമാണിത്. പൂര്‍ണ്ണത മരണത്തിനുപോലും നല്‍കാനാവുന്നില്ല. അപൂര്‍ണത ജീവന്റ തുടര്‍ച്ചയാവുന്നു. 1981 ജനുവരി ഒന്നാം തീയ്യതിയിലെ പുതുവര്‍ഷദിനത്തിലെ ഡയറിയില്‍ അച്ഛന്‍, കാര്യാവില്‍ രാധാകൃഷ്ണന്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു 'Life has become richer by the love that has been lost - Tagore ' ഈ വരികളുടെ ആഴവും അര്‍ത്ഥവും ഇന്ന് ഇതെഴുതുമ്പോള്‍ എനിക്ക് അറിയാനാകുന്നുണ്ട്. ബന്ധങ്ങള്‍ കയ്ച്ചും പുളിച്ചും പോയ്‌പ്പോകുന്ന കാലങ്ങളില്‍ പലരേയുമെന്നപോലെ അച്ഛന്‍ എനിക്കൊരു തണലായിരുന്നു. 

കാര്യാവിൽ രാധാകൃഷ്ണൻ 
1975- 76 അടിയന്തരാവസ്ഥയുടെ ഘട്ടങ്ങളിലായിരുന്നു അച്ഛന്റെ ക്യാമ്പസ് ജീവിതം. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അച്ഛന്‍, അക്കാലത്തെ ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അക്കാലത്തെ ലഘുലേഖകളും രഹസ്യമാസികകളും നിധിപോലെ അച്ഛന്‍ സൂക്ഷിച്ചു. ആവശ്യക്കാര്‍ക്ക് വന്ന് വായിക്കാവുന്ന വിധത്തിലായിരുന്നു ഇത്തരം ശേഖരങ്ങള്‍ എങ്കിലും സ്വന്തം ലൈബ്രറിക്ക് പുറത്തേ ലോകം കാണാന്‍ സാധിക്കാത്തവിധം അവയെ സൂക്ഷിക്കുന്ന പുസ്തകപ്പിശുക്കനുമായിരുന്നു.  വിദ്യാഭ്യാസകാലം മുതല്‍ത്തന്നെ അച്ഛന്‍ സജീവമായി എഴുത്തിലും തുടര്‍ന്നു. ദേശാഭിമാനി, ചന്ദ്രിക തുടങ്ങിയ നിരവധി ആനുകാലികങ്ങളില്‍ കവിതയും പുസ്തകനിരൂപണവും എഴുതിപ്പോന്നു. പിന്നീട് അനിവാര്യമായതും അസംഭവ്യമായതുമായ വിപ്ലവസ്വപ്നത്തിന്റെ തകര്‍ച്ചപോലെ അച്ഛന്‍ എഴുതാന്‍ മടിച്ചുതുടങ്ങി. എന്നിരുന്നാലും ഏത് ഇരുട്ടിലും, ഏത് പ്രതിസന്ധിയിലും ശമനൗഷധമായി കവിതയേയും വായനയേയും കൂട്ടുപിടിച്ചു. ഓര്‍മ്മയില്‍ തുടര്‍ന്ന രാഷ്ട്രീയ യൗവ്വനം ജീവിതാന്ത്യംവരെ കെടാതെ സൂക്ഷിച്ചു. രാഷ്ട്രീയബോധ്യം ജീവിതചര്യയുടെ ഭാഗമാക്കി. ഏത് പ്രത്യയശാസ്ത്രത്തെ അറിയുമ്പോഴും മനുഷ്യത്വവിരുദ്ധമായി ഒന്നും തന്റെയുള്ളിനെ ബാധിക്കാതെ സൂക്ഷിച്ചു. ദുഃഖങ്ങളെ ആഴത്തിലറിയാനും കാലുഷ്യമില്ലാത്ത സ്‌നേഹമാക്കി അതിനെ മാറ്റാനും അച്ഛന് സാധിച്ചു.

എല്ലാ കര്‍ക്കിടകത്തിലും അച്ഛന് രാമായണം വായന പതിവായിരുന്നു. അതിരുകവിഞ്ഞ് അമ്പലങ്ങളിലോ ആരാധനയിലോ വിശ്വാസമില്ലാതിരുന്ന, പലപ്പോഴും വിശ്വാസത്തിന്റെ അടിസ്ഥാനത്തെ സംശയത്തോടെകണ്ട അച്ഛന് ഈ ശീലം എങ്ങനെയുണ്ടായെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ടായിരുന്നു. പിന്നീടുള്ള പല സന്ദര്‍ഭങ്ങളിലായാണ് മഴക്കാലത്തെ വൈകുന്നേരങ്ങളില്‍ അച്ഛന് രാമായണംപോലെ മറ്റൊരു ശീലവും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. തന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായ ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' ആവര്‍ത്തിച്ച് വായിക്കുകയെന്നതായിരുന്നു അത്. കോവിഡിന്റെ ഒന്നാം ലോക്ഡൗണ്‍ കാലത്ത് അസുഖബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ എട്ടാം നിലയില്‍ അരയിടത്തുപാലം ജങ്ഷനിലേക്ക് തുറക്കുന്ന മുറിയിലായിരുന്നു ഞങ്ങള്‍. സന്ധ്യയില്‍, വിഷാദത്തിന്റെ മങ്ങിയ വെളിച്ചം ആളൊഴിഞ്ഞ നഗരത്തെച്ചുറ്റി മുറിയിലും വന്നെത്തി. ജനലിലൂടെ കുറച്ചുനേരം അച്ഛന്‍ നോക്കിയിരുന്നു. പിന്നെ, പെട്ടെന്ന് ബാലാമണിയമ്മയുടെ 'മഴുവിന്റെ കഥ'യിലെ



'' ഇന്നു ഞാനറിയുന്നുണ്ടേതൊരാദര്‍ശത്തിനും
മന്നിലെക്കാറ്റേല്‍ക്കുമ്പോള്‍ത്തന്‍നിറം കെടാമെന്നും
ഏതു നന്മയും ക്രമാല്‍ മുനകൂര്‍പ്പിച്ചിട്ടേറ്റം
യാതനാവഹമാക്കാന്‍ കഴിയും നരന്നെനെന്നും
വെറുതേ കുറ്റം പേശലൊക്കെയും; താന്‍ ചെയ്ത തെ-
റ്ററിയാനൊരാളെത്രയെത്ര നാള്‍ ജീവിക്കണം!' എന്ന വരികള്‍ ചൊല്ലി കരഞ്ഞത്. തുടര്‍ന്ന് ഖസാക്കിന്റെ ഇതിഹാസത്തിലെ പല ഭാഗങ്ങളും പറഞ്ഞുകൊണ്ടിരുന്നു. മൂന്നുദിവസം ICU യൂണിറ്റില്‍ ഓര്‍മ്മയില്ലാതെ കിടന്ന, ആശുപത്രിയില്‍ എത്തിയതുപോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടിയ ആളില്‍നിന്നാണ് ഈ പ്രതികരണം. എങ്കിലും ആ കരച്ചിലില്‍ അച്ഛനെ ഒന്ന് ചേര്‍ത്തുപിടിക്കാന്‍ എന്റെ ഈഗോ എന്നെ സമ്മതിച്ചില്ല. ജീവിതത്തെ കുറിച്ചുള്ള തീര്‍ച്ചയില്ലായ്മയിലും അസുഖത്തിന്റെ സന്ദിഗ്ധതയിലും അച്ഛനോര്‍ത്തത് പ്രിയപ്പെട്ട എഴുത്തുകളായിരുന്നു. അന്ന് ചേര്‍ത്തുപിടിക്കാനാവാത്തതിന്റെ കുറ്റബോധമുള്ളില്‍ നിറയുമ്പോഴും ഒന്നെനിക്ക് ഇന്ന് വ്യക്തമാകുന്നുണ്ട്, പാരായണത്തിന്റെ ഭക്തിമഹിമയെക്കാള്‍ വായനയുടെ ആസ്വാദ്യതയായിരുന്നു അച്ഛന്റെ ഇന്ധനം. ആത്മീയതയെക്കാള്‍ ജീവിതമായിരുന്നു എന്നും വിഷയം.

ഞങ്ങള്‍ മുതിര്‍ന്നതില്‍ പിന്നെ രക്ഷാകര്‍തൃത്വത്തിന്റെ അധികാരമൊന്നും അച്ഛന്‍ പ്രയോഗിച്ചിരുന്നില്ല. എന്നാല്‍ സൗഹൃദത്തിന്റേയും കരുതലിന്റേയും തണലാവോളം അനുഭവിച്ചിട്ടുണ്ട്. ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഒളിച്ചുവെക്കരുതെന്ന് ഹൈസ്‌കൂള്‍ ക്ലാസിലേ അച്ഛന്‍ പറഞ്ഞുതന്നു. രഹസ്യാത്മകമാവുമ്പോഴുള്ള ആവേശത്തില്‍ നിങ്ങള്‍ അതിലേക്ക് കൂടുതല്‍ നയിക്കപ്പെട്ടേക്കാം. ഒന്നും അറിയുന്നതില്‍നിന്ന് ഒരിക്കലും വിലക്കിയതായും ഓര്‍മ്മയില്ല. വീട്ടിലെ അന്തരീക്ഷം അല്പമൊന്ന് കൈവിട്ടുനില്‍ക്കുന്ന കാലത്താണ്, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ ആര്‍. എസ്. എസിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകാന്‍ അച്ഛനോട് പണം ചോദിച്ചത്. തന്നില്ലെങ്കിലും പോകുമെന്ന ഉറപ്പുണ്ടായതിനാലാവണം അച്ഛന്‍ പണം തന്നു. 'പോയി പഠിച്ചുവാ' എന്നൊരു വാക്ക് മാത്രം പറഞ്ഞു. പിന്നീട് ഏറെക്കാലം കഴിഞ്ഞ് ആ ചിന്തയേയും പ്രവൃത്തിയേയും കുറിച്ച് പറഞ്ഞ് ഞാന്‍ പശ്ചാത്തപിച്ചപ്പോള്‍ 'നിനക്കതില്‍ തുടരാന്‍ കഴിയില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഞാനെതിര്‍ത്താല്‍ നിനക്ക് വാശിയേറും, പിന്നെ ചിന്തിക്കാന്‍ കഴിയാതെ വരും' എന്നുമാത്രം പറഞ്ഞ് ആ സംഭാഷണത്തെ അവസാനിപ്പിച്ചു.

കാര്യാവിൽ രാധാകൃഷ്ണൻ 
പക്ഷേ, ഈ രാഷ്ട്രീയമാന്യത തിരിച്ചുപാലിക്കാന്‍ എനിക്ക് സാധിച്ചില്ല. ടി. പി. ചന്ദ്രശേഖരന്‍ വധത്തോടെ ഇടതുപക്ഷ കക്ഷി രാഷ്ട്രീയത്തോട് അകല്‍ച്ച സൂക്ഷിച്ച ആളായിരുന്നു അച്ഛന്‍. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ക്ക് അതൊരു തടസ്സമായതുമില്ല. അച്ഛന്റെ ഈ മാറ്റത്തെ നിരവധി തവണ അക്രമണോത്സുകമായി ഞാനെതിര്‍ത്തു. സംവാദങ്ങളില്‍ മിനിമം മര്യാദപോലും പാലിക്കാതെ ശബ്ദമുയര്‍ത്തി ഞാന്‍ കോലാഹലങ്ങളുണ്ടാക്കി. ചുറ്റുമുള്ളവരെപ്പോലും അസ്വസ്ഥമാക്കുന്ന എന്റെ ഈ പെരുമാറ്റത്തിലും അച്ഛന്‍ സൗമ്യമായി മാത്രം ഇടപെട്ടു. എല്ലാ മെയ് നാലിനും ഒഞ്ചിയത്ത് രക്തസാക്ഷി ജാഥ കാണാനുള്ള യാത്രയെ ഞാന്‍ എതിര്‍ത്തു. എങ്കിലും അത് കേവലമായ ഒരു കാഴ്ചക്കാരന്റെ യാത്രയായിരുന്നില്ലെന്ന് തിരിച്ചറിയാന്‍ അച്ഛന്റെ മരണംവരെ കാത്തിരിക്കേണ്ടിവന്നു. ' ഇടതുപക്ഷം ഒരോര്‍മ്മയാണ്. ഇരുട്ടുമുറിയിലെ ഒരു മെഴുകുതിരിവെട്ടം. എല്ലുന്തിയ മാറിടമുള്ള ശുഷ്‌കിച്ച ഒരു ശരീരം... പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായുള്ള ലോറിയാത്ര, ചില കുത്തിയിരിപ്പ് സമരങ്ങള്‍. ബന്ധുക്കളേക്കാള്‍ ഇഷ്ടം സഖാക്കളോടായിരുന്നു. പാര്‍ട്ടി സാഹിത്യത്തേക്കാള്‍ അവരുടെ മുഖത്തെ വായിച്ച് ഹൃദിസ്ഥമാക്കി. മറവിയുടെ ആഴങ്ങളില്‍ പടര്‍ന്ന് പന്തലിച്ച് വിശ്വാസവൃക്ഷങ്ങളത്രയും. പലരും ഉപദേശിച്ചു, ശാസിച്ചു. നടന്നുനടന്ന് ചരല്‍പ്പാതകള്‍ തേങ്ങി. ഉച്ചവെയില്‍ തണല്‍വിരിച്ചു. കണക്കുകൂട്ടലിനപ്പുറം കാലം കറങ്ങിക്കൊണ്ടിരുന്നു. ജീവിതം ചോദ്യങ്ങളുതിര്‍ത്തു. ഉത്തരമില്ലാത്ത പാഠപുസ്തകം പിന്നെയും പിന്നെയും മറിച്ചിട്ടു' എന്നൊരു കുറിപ്പ് ഡയറിയില്‍ സൂക്ഷിച്ച ലൈബ്രറി നോട്ടീസില്‍ കുറിച്ചിട്ടിരുന്നു. വിശ്വാസത്തേക്കാള്‍ ചോദ്യങ്ങള്‍ ചോദിക്കാനും എതിര്‍പ്പുകളേക്കാള്‍ സംവാദങ്ങള്‍ തുറക്കാനും അച്ഛന്‍ എപ്പോഴും ശ്രമിച്ചു. എല്ലാ രാഷ്ട്രീയത്തേയും അറിയാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നിനുകീഴിലും ഒതുങ്ങാന്‍ തയ്യാറായിരുന്നില്ല. പലര്‍ക്കും അങ്ങനെ തോന്നിയതില്‍ അച്ഛന്‍ ഉള്ളാലെ ചിരിച്ചു. 'ധ്യാനിക്കാന്‍ മല വേണ്ട പുല്‍ക്കൊടിക്കൊപ്പമിരുന്നാല്‍ മതി / സംഘങ്ങളില്‍ പെടരുത് അവ ഹിംസയുടെ വയലുകള്‍' എന്ന സച്ചിദാനന്ദന്റെ വരികള്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചു.

അച്ഛന്റെ പരിഗണനകള്‍ എന്നേയും കടന്ന് എന്റെ സൗഹൃദങ്ങളിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു. 'ശ്രീക്കുട്ടാ' എന്ന് ഞങ്ങള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന സുഹൃത്തുക്കളുടെ മകനെ അച്ഛന്‍ നിരഞ്ജന്‍ എന്നു മാത്രം വിളിച്ചു. ആശുപത്രിക്കിടക്കയില്‍പ്പോലും അതങ്ങനെത്തന്നെ തുടര്‍ന്നു. പിന്നീട് ഒരു സംസാരത്തില്‍' എന്നെ പേരു വിളിക്കുന്ന വല്യച്ഛന്‍' എന്ന് അച്ഛനെ അവന്‍ ഓര്‍ത്തതായി പറഞ്ഞു. പേരില്‍പോലും അവന്റെ വ്യക്തിത്വത്തെ മാനിക്കുകയും അത് പിന്നീട് തന്നെ ഓര്‍ക്കാനുള്ള അടയാളമാക്കി മാറ്റാനും അച്ഛന് സാധിച്ചിരുന്നുവോ? ഒന്നുറപ്പാണ് വിദ്വേഷത്തിന്റെ കണികപോലും അച്ഛനില്‍ അവശേഷിച്ചിരുന്നില്ല. ദുഃഖത്താലും കരച്ചിലായും അത് അലിഞ്ഞുപോയി. അച്ഛന് കരയാന്‍ ഒട്ടുമേ മടിയില്ലായിരുന്നു. 



സ്‌നേഹമായിരുന്നോ ഉള്ളില്‍? തീര്‍പ്പുപറയാന്‍ ഇപ്പോഴും വയ്യ. രാഗദ്വേഷബന്ധിതമായിരുന്നു എനിക്കെന്നും അച്ഛനോടുള്ള അടുപ്പം. എങ്കിലും സൗഹൃദവും തുറന്നുപറച്ചിലും ഞങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. പാരസ്പര്യമോ പരിഗണനയോ അതിരുകവിഞ്ഞില്ല. പലപ്പോഴും ഞാനെന്റെ ലോകങ്ങളില്‍ മാത്രം മുഴുകി. അച്ഛനതില്‍ ദുഃഖിച്ചിരുന്നുവോ? ഉണ്ടായിരിക്കാം. മകനെന്ന നിലയില്‍ ദുഃഖങ്ങള്‍ ഉള്ളിലാഴ്ത്തുമ്പോഴും, എന്റെ വ്യക്തിത്വത്തെ വേദനിപ്പിക്കുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യാതിരുന്നതിന് അകമേ സ്‌നേഹം നിറയ്ക്കുന്നു. ഒ.വി. വിജയനായിരുന്നു അച്ഛന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍. ഒറ്റയ്ക്കിരിക്കുന്ന സന്ധ്യകളിലെല്ലാം ഞാന്‍ അച്ഛനെയോര്‍ക്കും. ദുഃഖസാന്ദ്രമായ ജീവിതത്തിന്റെ അര്‍ത്ഥത്തിന്, അച്ഛന്, നഷ്ടപ്പെട്ട സ്‌നേഹത്താല്‍ എന്റെ ജീവിതം സമ്പന്നമാക്കിയതിന് നന്ദി. 'ഒക്കെയും ഒരു യോഗാ മാഷേ, അല്ലേ, മാഷ് ഈ വഴിക്ക് വര്വോ'.




#family
Leave a comment