TMJ
searchnav-menu
post-thumbnail

Outlook

യുവാക്കളെ 'വഴിതെറ്റിക്കുന്ന' ട്രാൻസ് ശരീരങ്ങൾ: ഒരു പഴയ ആരോപണത്തിന്റെ ഡിജിറ്റൽ ജീവിതം

07 Oct 2026   |   7 min Read
അരവിന്ദ് സുമ രവീന്ദ്രൻ

“യുവാക്കളെ വഴിതെറ്റിക്കുന്നു.” ഒരു വ്യക്തിക്കെതിരെ ഉയരുന്ന സാധാരണ ആരോപണം പോലെ തോന്നുന്ന ഈ വാക്കുകൾക്ക് പിന്നിൽ, അതിനേക്കാൾ പഴയ ഒരു സാമൂഹിക ധാരണയുണ്ട്. ആരാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്? എന്താണ് ശരിയായ വഴി? ആ വഴിയിൽ നിന്ന് ആരാണ് മാറിനിൽക്കുന്നത്? എന്നൊക്കെയുള്ള ധാരണകൾ അതിനുള്ളിൽ ഒളിഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ, ഒരു ട്രാൻസ് വ്യക്തിക്കെതിരെ ഈ ആരോപണം ഉയരുമ്പോൾ അതിനെ ഒരു സോഷ്യൽ മീഡിയ വിവാദമായി മാത്രം കാണാൻ കഴിയില്ല. ഈ വാക്കുകൾക്ക് പല കാലങ്ങളിലായി കൈമാറി വന്ന ഒരു പൊതുബോധമുണ്ട്.

തൃശൂരിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവമാണ് അതിന് ഒരു ഉദാഹരണം. ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ധന്യ രാജേഷ്, ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കും അവരുടെ സുഹൃത്തിനുമെതിരെ ഒരു വീഡിയോയിലൂടെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ആക്ട് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദീപ്തിയും സുഹൃത്തും “യുവാക്കളെ വഴിതെറ്റിക്കുന്നു” എന്നതായിരുന്നു വീഡിയോയിൽ ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന്. വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള അനാവശ്യ പരാമർശങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിരുന്നു. ഇതാണ് നേരത്തെ പറഞ്ഞ പലകാലങ്ങളിലായി കൈമാറി വന്ന പൊതുബോധത്തിന്റെ സ്വാധീനം.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇവിടെ ശ്രദ്ധിക്കേണ്ടത് കേസിന്റെ നിയമവശം മാത്രമല്ല. “യുവാക്കളെ വഴിതെറ്റിക്കുന്നു” എന്ന ആരോപണം തന്നെയാണ് കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നത്. കാരണം ഇത് പുതിയൊരു ആരോപണമല്ല. ട്രാൻസ്, ക്വിയർ ശരീരങ്ങൾക്കെതിരെ ചരിത്രത്തിലുടനീളം പല രൂപങ്ങളിൽ ആവർത്തിച്ചുപയോഗിച്ചിട്ടുള്ള ഒരു വ്യവഹാരത്തിന്റെ പുതിയ പതിപ്പാണ് ഇത്. യുവത്വത്തെ എപ്പോഴും ദുർബലവും സംരക്ഷണം ആവശ്യമുള്ളതുമായ ഒരു ഘട്ടമായി അവതരിപ്പിക്കുകയും, ആ സംരക്ഷണത്തിന്റെ പേരിൽ ട്രാൻസ് ജീവിതത്തെ അപകടകരമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു യുക്തിയാണ് ഇതിന് പിന്നിലുള്ളത് ആരോപണം യുക്തി രഹിതമാണങ്കിൽ പോലും. അതുകൊണ്ടുതന്നെ ഈ ആരോപണം ഇന്ന് എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് മനസ്സിലാക്കണമെങ്കിൽ, അതിന്റെ പഴയ വേരുകളിലേക്കും തിരിഞ്ഞുനോക്കേണ്ടിവരും.

ട്രാൻസ്, ഹിജഡ സമൂഹങ്ങളെ “കുട്ടികളെയും യുവാക്കളെയും അപകടപ്പെടുത്തുന്നവർ” ആയി ചിത്രീകരിക്കുന്ന രീതിക്ക് കൊളോണിയൽ കാലത്തോളം പഴക്കമുണ്ട്. 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ടിൽ ഹിജഡകളെ “ക്രിമിനൽ ട്രൈബ്” ആയി പട്ടികപ്പെടുത്തിയപ്പോൾ, അവർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലൊന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി, വരിയുടച്ച്, തങ്ങളുടെ സമുദായത്തിലേക്ക് ചേർക്കുന്നു എന്നതായിരുന്നു. ഇത് ഒരു സാധാരണ ക്രമസമാധാന നടപടിയായി മാത്രം കാണാനാകില്ല. ട്രാൻസ്, ഹിജഡ ജീവിതങ്ങളെ കുടുംബത്തിനും കുടുംബപാരമ്പര്യത്തിനും സാമൂഹിക ക്രമത്തിനും ഭീഷണിയായ ഒന്നായി അവതരിപ്പിക്കുന്ന ഒരു ഭരണകൂട യുക്തിയാണ് ഇതിലൂടെ രൂപപ്പെട്ടത്. “കുട്ടികളെ അപഹരിക്കുന്നവർ” എന്ന ചിത്രം സൃഷ്ടിക്കപ്പെട്ടതോടെ, ട്രാൻസ് ജീവിതത്തെ കുടുംബത്തിന് പുറത്തുള്ളതും ഒരർത്ഥത്തിൽ കുടുംബത്തിന് എതിരായതുമായ ഒന്നായി കാണാനും സാധിച്ചു.

ഈ ചരിത്രം അവിടെ അവസാനിച്ചില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പോലീസിംഗ് രീതികളിലും ട്രാൻസ് സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള ന്യായീകരണങ്ങളിലും, ട്രാൻസ് സമൂഹത്തിനുള്ളിലെ ഗുരു-ചേല ബന്ധങ്ങളെ “ചൂഷണാത്മകം”, “ക്രിമിനൽ” എന്നിങ്ങനെ വായിക്കുന്ന പൊതുബോധത്തിലും അതിന്റെ ചില തുടർച്ചകൾ കാണാം. ജൈവകുടുംബത്തിന് പുറത്തായി രൂപപ്പെടുന്ന ബന്ധങ്ങളെ തന്നെ സംശയത്തോടെ കാണുന്നത് ട്രാൻസ് ജീവിതത്തിന്റെ ചരിത്രപരമായ അനുഭവത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് “കുടുംബത്തിൽ നിന്ന് അകറ്റുന്നു”, “കുട്ടികളെ വഴിതെറ്റിക്കുന്നു” തുടങ്ങിയ ആരോപണങ്ങൾ ഇന്നും പൂർണ്ണമായും അപരിചിതമായി തോന്നാത്തത് മറിച്ചു അത് ഒരു സാമൂഹിക ആവശ്യമായി ചിത്രീകരിക്കുന്നതും.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഈ വ്യവഹാരത്തിന്റെ മറ്റൊരു ഘട്ടം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377-നെ ചുറ്റിപ്പറ്റിയുള്ള പൊതുബോധനിർമിതിയിലാണ് കാണാൻ കഴിയുക. ക്വിയർ ജീവിതത്തെ “പ്രകൃതിവിരുദ്ധം”, “സദാചാരവിരുദ്ധം” എന്നിങ്ങനെ മുദ്രകുത്തിയ അതേ ചിന്താഗതിയാണ് ക്വിയർ ദൃശ്യതയെയും ഒരു തരത്തിലുള്ള “സാംക്രമിക” പ്രതിഭാസമായി അവതരിപ്പിച്ചത്. ക്വിയർ ജീവിതം കാണുകയോ കേൾക്കുകയോ ചെയ്താൽ യുവാക്കൾ അതിലേക്ക് “വഴിതെറ്റിപ്പോകും” എന്ന ഭയമാണ് അതിന്റെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്.

“വഴിതെറ്റുക” എന്ന വാക്കിന് പിന്നിൽ തന്നെ ഒരു “ശരിയായ വഴി” ഉണ്ടെന്ന ധാരണയുണ്ട്. ഭിന്നലിംഗ കുടുംബജീവിതവും കുട്ടികളുണ്ടാകുന്നതുമാണ് ആ ശരിയായ ജീവിതരീതി എന്നും, അതിൽ നിന്ന് വ്യത്യസ്തമായ ട്രാൻസ്, ക്വിയർ ജീവിതം യുവാക്കളെ വഴിതെറ്റിക്കുമെന്നുമുള്ള ചിന്തയാണ് ഈ ഭാഷയിൽ ഉള്ളത്.

ഇവിടെയാണ് സാമൂഹ്യശാസ്ത്രജ്ഞനായ സ്റ്റാൻലി കോഹൻ വികസിപ്പിച്ച 'Moral Panic' എന്ന ആശയം പ്രസക്തമാകുന്നത്. ഒരു വ്യക്തിയെയോ ഒരു കൂട്ടത്തെയോ സമൂഹത്തിന്റെ മൂല്യങ്ങൾക്കും താൽപര്യങ്ങൾക്കും ഭീഷണിയായി അവതരിപ്പിക്കുകയും, ആ ഭീഷണിയെ തടയണമെന്ന പേരിൽ അമിതമായ സാമൂഹികവും നിയമപരവുമായ പ്രതികരണം രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെയാണ് Moral Panic എന്ന് പറയുന്നത്. ട്രാൻസ് ജീവിതം ചരിത്രത്തിലുടനീളം ഇത്തരം Moral Panic-ന്റെ സ്ഥിരം ഇരകളിലൊന്നായി മാറിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും 'സംരക്ഷിക്കപ്പെടേണ്ട' വിഭാഗമായി കുട്ടികളെയോ യുവാക്കളെയോ മുന്നിൽ നിർത്തുന്നു. പിന്നീട് ആ സംരക്ഷണത്തിന് ഭീഷണിയായാണ് ട്രാൻസ് സാന്നിധ്യത്തെ അവതരിപ്പിക്കുന്നത് എങ്ങനെ അവതരിപ്പിക്കുന്നതിലൂടെ നിലനിൽക്കുന്ന പൊതുബോധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു, ഇതാണ് സംഭവിച്ചുപോരുന്നത്.

സ്റ്റാൻലി കോഹൻ | PHOTO : WIKI COMMONS
ഇതിന്റെ ഏറ്റവും വലിയ പ്രശ്നം, ട്രാൻസ് വ്യക്തികളുടെ യഥാർത്ഥ ജീവിതാനുഭവങ്ങളെയും അവർ നേരിടുന്ന പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യാതെ, അവരെ തന്നെ ഒരു അപകടത്തിന്റെ കാരണമായി മാറ്റുന്നു എന്നതാണ്. ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം Moral Panicകളിൽ 'അപകടം സൃഷ്ടിക്കുന്നു' എന്ന് ആരോപിക്കപ്പെടുന്ന വിഭാഗത്തിന്റെ സ്വന്തം ശബ്ദം പലപ്പോഴും പിന്നിലാകുന്നു.

'യുവാക്കളെ വഴിതെറ്റിക്കുന്നു' എന്ന് ആരോപിക്കപ്പെടുന്ന ഒരു ട്രാൻസ് വ്യക്തിക്ക് അതേ വേദിയിലോ അതേ ദൃശ്യതയിലോ തന്റെ ഭാഗം പറയാൻ കഴിയണമെന്നില്ല. ആരോപണം ഉന്നയിക്കുന്നയാൾക്ക് വലിയൊരു സോഷ്യൽ മീഡിയ പ്രേക്ഷക ശ്രേണി ഉണ്ടാകാം, എന്നാൽ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ഒരുപക്ഷേ പോലീസ് പരാതിയിലൂടെയോ കോടതി നടപടിയിലൂടെയോ മാത്രമേ പ്രതികരിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ ഇവിടെ ചോദ്യം ആരോപണം ശരിയാണോ തെറ്റാണോ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആരുടെ വാക്കാണ് ആദ്യം ആളുകളിലേക്ക് എത്തുന്നത്, ആരുടെ 'സത്യം'മാണ് ആദ്യം വിശ്വസിക്കപ്പെടുന്നത് എന്നതും പ്രധാനമാണ്.

'യുവാക്കളെ വഴിതെറ്റിക്കുന്നു' എന്ന ആരോപണത്തിന്റെ മറ്റൊരു പ്രത്യേകത അത് കുടുംബത്തിന്റെയും സംരക്ഷണത്തിന്റെയും ഭാഷയിലാണ് സാധാരണയായി അവതരിപ്പിക്കപ്പെടുന്നത് എന്നതാണ്. “ഞാൻ ട്രാൻസ് ജീവിതത്തെ വെറുക്കുന്നു” എന്ന് നേരിട്ട് പറയുന്നതിനുപകരം “നമ്മുടെ കുട്ടികളെ ഓർത്ത്”, “സമൂഹത്തിന്റെ ഭാവിയെ കരുതി” എന്നിങ്ങനെയുള്ള വാക്കുകളാണ് ഉപയോഗിക്കപ്പെടുന്നത്. കുടുംബം, കുട്ടി, ഭാവി എന്നിവ ഇവിടെ ഒരു ധാർമിക കവചം പോലെ പ്രവർത്തിക്കുന്നു. ആ കവചത്തിന് പിന്നിൽ നിന്നാൽ, ഒരു വ്യക്തിക്കെതിരായ അധിക്ഷേപം പോലും സംരക്ഷണത്തിന്റെ പേരിലുള്ള ഇടപെടലായി അവതരിപ്പിക്കാൻ എളുപ്പമാണ്.

ഇതോടൊപ്പം മറ്റൊരു വൈരുദ്ധ്യവും കാണാം. ട്രാൻസ് വ്യക്തികളുടെ ജീവിതത്തിൽ കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലർക്കും സ്വന്തം ജൈവകുടുംബത്തിൽ നിന്ന് തന്നെ നിരാകരണം നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബദൽ ബന്ധങ്ങളും കൂട്ടായ്മകളും പലപ്പോഴും അവരുടെ അതിജീവനത്തിന്റെ അടിസ്ഥാനമായി മാറുന്നു. എന്നിട്ടും 'കുടുംബത്തെ തകർക്കുന്നവർ' എന്ന നിലയിലാണ് ട്രാൻസ് വ്യക്തികളെ പലപ്പോഴും ചിത്രീകരിക്കുന്നത്. കുടുംബത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരെ തന്നെ കുടുംബത്തിന്റെ ശത്രുക്കളായി അവതരിപ്പിക്കുന്ന ഈ യുക്തി അവരുടെ യഥാർത്ഥ ദുർബലതകളെ കാണാതെ പോകുന്നു. അവരുടെ അതിജീവനത്തിനായി രൂപപ്പെട്ട ബന്ധങ്ങളെ പോലും സംശയത്തോടെ കാണുകയും അതിനെ തന്നെ ഭീഷണിയായി വായിക്കുകയും ചെയ്യുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇവിടെ ലിംഗപരമായ ഒരു വശവും കൂടി കാണേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ ഓൺലൈൻ ഹിംസയ്ക്കും ട്രാൻസ് സ്ത്രീകൾക്കെതിരായ ഹിംസയ്ക്കും ചില സാമ്യങ്ങളുണ്ടെങ്കിലും, ട്രാൻസ് സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ പലപ്പോഴും അവരുടെ സ്ത്രീത്വത്തിന്റെ തന്നെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു. 'യഥാർത്ഥ സ്ത്രീയല്ല', 'യഥാർത്ഥ അമ്മയല്ല', 'യഥാർത്ഥ കുടുംബാംഗമല്ല' എന്നിങ്ങനെയുള്ള നിഷേധങ്ങളിലൂടെയാണ് പല അധിക്ഷേപങ്ങളും രൂപപ്പെടുന്നത്. ഒരാളെ ആദ്യം തന്നെ ഒരു 'യഥാർത്ഥ' സ്ത്രീയായി അംഗീകരിക്കാൻ വിസമ്മതിച്ചാൽ, അവർക്കെതിരായ ആരോപണങ്ങളെ വിശ്വസിപ്പിക്കുക കൂടുതൽ എളുപ്പമാകും. അതുകൊണ്ടുതന്നെ 'വഴിതെറ്റിക്കുന്നു' എന്ന ആരോപണവും ഒരു പ്രത്യേക പശ്ചാത്തലത്തിൽ കൂടുതൽ വിശ്വസനീയമായി അവതരിപ്പിക്കപ്പെടുന്നു. ഇത്തരത്തിലുള്ള വിശ്വാസ്യത ഈ വിധം രൂപപ്പെടുത്തി എടുക്കുന്നു വേണം പറയാൻ.

ഇന്ന് ഈ പഴയ ആരോപണം പ്രവർത്തിക്കുന്ന ഇടം മാറിയിട്ടുണ്ട്. യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഇൻഫ്ലുവൻസർ കൾച്ചർ വലിയ തോതിൽ Engagement-നെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. വിവാദം, രോഷം, പ്രതികരണം, ആൾക്കൂട്ട ശ്രദ്ധ ഇവയെല്ലാം ഡിജിറ്റൽ ഉള്ളടക്കത്തിന്റെ മൂലധനമായി മാറിയിട്ടുണ്ട്. അൽഗോരിതങ്ങൾ പലപ്പോഴും ആളുകളുടെ ശക്തമായ പ്രതികരണങ്ങളെയാണ് കൂടുതൽ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ 'യുവാക്കളെ വഴിതെറ്റിക്കുന്നു' എന്ന പഴയ ആരോപണം ഒരു ശക്തമായ ക്ലിക്ക്‌ ബൈറ്റ് ഭാഷയായി മാറുന്നു. ട്രാൻസ് വ്യക്തിയെ ലക്ഷ്യം വെച്ചുള്ള ഒരു വീഡിയോ ഒരേസമയം പഴയ സാമൂഹിക ഭയങ്ങളെ ഉണർത്തുകയും വലിയ തോതിൽ പ്രതികരണം സൃഷ്ടിക്കുന്ന Moral Outrage' ഉള്ളടക്കമായി മാറുകയും ചെയ്യുന്നു.

ഇവിടെയാണ് പഴയ കാലത്തെയും ഇന്നത്തെ ഡിജിറ്റൽ കാലത്തെയും തമ്മിൽ ബന്ധിപ്പിക്കേണ്ടത്. മുമ്പ് ഭരണകൂടവും നിയമസംവിധാനങ്ങളും ആയിരുന്നു ഇത്തരം വ്യവഹാരങ്ങളുടെ പ്രധാന വാഹകർ. ഇന്ന് വ്യക്തിഗത Content Creators-നും അതേ രീതിയിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്നു. ഭരണകൂടത്തിന്റെ നിരീക്ഷണത്തിന് പകരം, കാഴ്ചക്കാരുടെ എണ്ണം, ഷെയറുകൾ, കമന്റുകൾ എന്നിവ തന്നെ ഒരു തരത്തിലുള്ള അനൗപചാരിക 'സദാചാര പോലീസിംഗ്' ആയി പ്രവർത്തിക്കുന്നു. ട്രാൻസ് ജീവിതത്തെ 'അപകടകരം' എന്ന് മുദ്രകുത്താൻ ഇനി ഒരു ഔദ്യോഗിക ഉത്തരവോ നിയമമോ ആവശ്യമില്ല; ഒരു വൈറൽ വീഡിയോ മതിയാകും.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇൻഫ്ലുവൻസർമാർ പലപ്പോഴും തങ്ങളെത്തന്നെ 'സത്യം പറയുന്നവർ' എന്നോ 'സമൂഹത്തെ സംരക്ഷിക്കുന്നവർ' എന്നോ അവതരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോൾ അധിക്ഷേപം പോലും ഒരു ധാർമിക ഉത്തരവാദിത്തമായി അവതരിപ്പിക്കാൻ സാധിക്കുന്നു. ദീപ്തി കല്യാണിക്കെതിരായ വീഡിയോയും ഈ രീതിയിൽ വായിക്കാം. വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തി, അതിനെ 'സംരക്ഷണം' എന്ന ഭാവത്തിലാണ് അവതരിപ്പിക്കുന്നത്. അധിക്ഷേപവും ധാർമികതയും തമ്മിലുള്ള അതിർത്തി അങ്ങനെ മങ്ങിപ്പോകുന്നു. അങ്ങനെ കാലങ്ങളായി സൃഷ്ടിക്കപ്പെട്ട പൊതുബോധത്തിൽ നിന്നും സ്വാഭാവികമാണ് എന്ന് അംഗീകരിക്കുന്ന അധിക്ഷേപങ്ങൾ ധാർമിക രോഷം എന്നെ രീതിയിൽ പുറത്തു വരുന്നു അതിന്റെ വാഹകരാകുന്നതോ സ്വയം പ്രഖ്യപിത 'Influencers'.

ഇതിന്റെ ഭാരം ട്രാൻസ് വ്യക്തികൾക്ക് ഇരട്ടിയാണ്. ഒരു വശത്ത്, കൊളോണിയൽ കാലം മുതൽ കൈമാറിവന്ന 'ഭീഷണി' എന്ന ചിത്രം അവർ നേരിടേണ്ടിവരുന്നു. മറുവശത്ത്, ആ ചിത്രം ഇപ്പോൾ ഒരു ലാഭകരമായ ഡിജിറ്റൽ ഉള്ളടക്കമായി മാറിയിരിക്കുന്നു. ഒരു YouTuber-ന് ട്രാൻസ് വ്യക്തിയെ ലക്ഷ്യം വെച്ചുള്ള വീഡിയോയിലൂടെ കൂടുതൽ കാഴ്ചക്കാരെയും കൂടുതൽ വരുമാനവും നേടാൻ കഴിയുന്ന സാഹചര്യത്തിൽ, ഇത്തരം ആരോപണങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു. വിവാദം തന്നെ ദൃശ്യത നേടാനുള്ള ഒരു തന്ത്രമായി മാറുമ്പോൾ, അതിന്റെ ഏറ്റവും വലിയ വില നൽകേണ്ടിവരുന്നത് പലപ്പോഴും ലക്ഷ്യമാക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തിനാണ്.

ഈ പ്രവണത കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയിലും ആഗോളതലത്തിലും 'പരമ്പരാഗത മൂല്യങ്ങളുടെ സംരക്ഷകർ' എന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്ന നിരവധി ഡിജിറ്റൽ ശബ്ദങ്ങൾ ട്രാൻസ്, ക്വിയർ ജീവിതങ്ങളെ ലക്ഷ്യം വെക്കുന്നുണ്ട്. പലപ്പോഴും ഇതിനായി സ്ത്രീസുരക്ഷ, കുട്ടികളുടെ സുരക്ഷ തുടങ്ങിയ യഥാർത്ഥവും ഗൗരവമുള്ളതുമായ വിഷയങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ആ യഥാർത്ഥ ആശങ്കകളെ ട്രാൻസ് വിരുദ്ധമായ പൊതുബോധത്തിലേക്ക് തിരിച്ചു വിടുകയാണ് പലപ്പോഴും സംഭവിക്കുന്നത്. സുരക്ഷയെക്കുറിച്ചുള്ള ചർച്ചയുടെ കേന്ദ്രത്തിൽ നിന്ന് യഥാർത്ഥ പ്രശ്നങ്ങളെ മാറ്റിനിർത്തി, സാമൂഹികമായും രാഷ്ട്രീയമായും കൂടുതൽ ദുർബലമായ ഒരു ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കുന്നത് എളുപ്പമാകുന്നു. ദീപ്തി കല്യാണിയുടെ പരാതിയിൽ ട്രാൻസ്‌ജെൻഡർ പേഴ്സൺസ് ആക്ട് ചുമത്തിയത് അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. ട്രാൻസ് വ്യക്തികൾക്ക് നിയമപരമായ സംരക്ഷണം ലഭ്യമാകുന്നുവെന്നത് ചെറിയ കാര്യമല്ല. ഐടി ആക്ട്, ബി.എൻ.എസ്, കേരള പോലീസ് ആക്ട് എന്നിവയ്ക്കൊപ്പം ട്രാൻസ്‌ജെൻഡർ ആക്ടും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡിജിറ്റൽ അധിക്ഷേപത്തെയും ട്രാൻസ് വ്യക്തികൾക്കെതിരായ വിവേചനത്തെയും നിയമപരമായി ഗൗരവത്തോടെ കാണാനുള്ള സാധ്യത വ്യക്തമാക്കുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
എന്നാൽ ഇവിടെ നിയമത്തിന്റെ പരിധിയും മനസ്സിലാക്കേണ്ടതുണ്ട്. നിയമം ഒരു സംഭവത്തിന് ശേഷമുള്ള പ്രതിവിധിയാണ്. 'യുവാക്കളെ വഴിതെറ്റിക്കുന്നു' എന്ന ആരോപണം ഉയർത്താനുള്ള സാമൂഹിക സാധുത നിയമനടപടി ആരംഭിക്കുന്നതിന് വളരെ മുമ്പേ രൂപപ്പെട്ടതാണ്. അതുകൊണ്ട് ഒരു കേസ് രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം ആ വ്യവഹാരം അവസാനിക്കുന്നില്ല. ഒരു നൂറ്റാണ്ടിലധികമായി ട്രാൻസ് ജീവിതത്തെ പിന്തുടരുന്ന ഭയത്തിന്റെ ഭാഷയാണ് ഇത്. ഇന്ന് അത് പുതിയൊരു ഡിജിറ്റൽ സാമ്പത്തിക യുക്തിക്കുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു എന്നതാണ് വ്യത്യാസം.
ഓരോ സംഭവത്തെയും ഒറ്റപ്പെട്ട കേസായി മാത്രം കാണുമ്പോൾ ഈ തുടർച്ച നമുക്ക് നഷ്ടപ്പെടും. 

ധന്യ രാജേഷിന്റെ വീഡിയോയെ ഒരു വ്യക്തിയുടെ അപക്വമായ പെരുമാറ്റം എന്ന നിലയിൽ മാത്രം വായിച്ചാൽ, അതിനു പിന്നിലെ സാമൂഹിക യുക്തിയെ കാണാതെ പോകും. എന്നാൽ ഇത് ഒരു നീണ്ട ചരിത്രത്തിന്റെ ഭാഗമായും ആവർത്തിച്ചുവരുന്ന ഒരു വ്യവഹാരത്തിന്റെ പുതിയ രൂപമായും കാണുമ്പോഴാണ് ഇത്തരം ആരോപണങ്ങൾക്ക് ഇത്ര എളുപ്പത്തിൽ സാമൂഹിക അംഗീകാരം ലഭിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ കഴിയുക. നിയമം ഒരു പരിഹാരമാണ് പക്ഷേ നിയമത്തിന് മുമ്പ് തന്നെ പ്രവർത്തിക്കുന്ന സാമൂഹിക വ്യവഹാരത്തെ ചോദ്യം ചെയ്യുക എന്നതാണ് കൂടുതൽ ദീർഘകാലമായുള്ള ജോലി.

അതിന് പല തലങ്ങളുണ്ട്. ഒന്നാമത് മാധ്യമ സാക്ഷരതയാണ്. 'സംരക്ഷണം', 'സദാചാരം' തുടങ്ങിയ വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ട്രാൻസ്‌ഫോബിയയെ തിരിച്ചറിയാൻ പൊതുസമൂഹത്തിന് കഴിയണം. രണ്ടാമത് പ്ലാറ്റ്ഫോം ഉത്തരവാദിത്തമാണ്. വിവാദവും രോഷവും കൂടുതൽ പ്രചരിപ്പിക്കുന്ന അൽഗോരിതങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായ അധിക്ഷേപത്തെ എങ്ങനെ ലാഭകരമായ ഉള്ളടക്കമാക്കി മാറ്റുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ച ആവശ്യമാണ്. മൂന്നാമത് ചരിത്രബോധമാണ്. ഓരോ പുതിയ വിവാദവും പൂർണ്ണമായും പുതിയതല്ലെന്നും, പലപ്പോഴും അതിന് പിന്നിൽ പഴയ സാമൂഹിക ധാരണകളും അധികാരബന്ധങ്ങളും ഉണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്.

ദീപ്തി കല്യാണിയുടെ കേസ് ഒരു നിയമപോരാട്ടമായി അവസാനിച്ചേക്കാം. എന്നാൽ അത് ഉയർത്തുന്ന ചോദ്യങ്ങൾ ഒരു കോടതി നടപടിയിൽ അവസാനിക്കുന്നില്ല. 'യുവാക്കളെ വഴിതെറ്റിക്കുന്നു' എന്ന ആരോപണം അടുത്ത തവണ ആരുടെ പേരിലായിരിക്കും ഉയരുക എന്ന് നമുക്ക് അറിയില്ല. പക്ഷേ ആ ആരോപണത്തിന്റെ ഭാഷയും അതിന് പിന്നിലുള്ള യുക്തിയും അതിന്റെ ചരിത്രവും നമുക്ക് തിരിച്ചറിയാൻ കഴിയും. അതാണ് ഇത്തരം ആരോപണങ്ങളെ അടുത്ത തവണ കൂടുതൽ വേഗത്തിൽ ചോദ്യം ചെയ്യാനുള്ള ആദ്യപടി. അവസാനം, ഈ വിവാദങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടപ്പെടുന്നത് ആരുടെ ശബ്ദമാണെന്ന് കൂടി നോക്കേണ്ടതുണ്ട്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ട്രാൻസ് വ്യക്തികൾ പലപ്പോഴും ചർച്ചയുടെ വിഷയമായി മാറുന്നു, ചർച്ചയുടെ പങ്കാളികളായി മാറാറില്ല. അവരെക്കുറിച്ച് സംസാരിക്കപ്പെടുന്നു, പക്ഷേ അവരോടൊപ്പം സംസാരിക്കപ്പെടുന്നില്ല. ദീപ്തി കല്യാണി പോലീസിനെ സമീപിക്കുകയും നിയമവ്യവസ്ഥയെ ഉപയോഗിച്ച് സ്വന്തം ശബ്ദം മുന്നോട്ടുവയ്ക്കുകയും ചെയ്തത് ഈ പതിവിന് ഒരു പ്രധാന വെല്ലുവിളിയാണ്. ട്രാൻസ് വ്യക്തികൾ തങ്ങൾക്കെതിരെ ഉയരുന്ന വ്യവഹാരങ്ങളെ നിഷ്ക്രിയമായി സ്വീകരിക്കുന്നവരല്ല,  അതിനെ ചോദ്യം ചെയ്യാനും നിയമപരമായി നേരിടാനും അവർക്ക് കഴിയുന്നുവെന്നതിന്റെ കൂടി തെളിവാണ് അത്.

അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ആരോപണം ഉന്നയിക്കുന്നയാളുടെ വാക്കുകൾ മാത്രം വാർത്തയാകരുത്. ആരോപിക്കപ്പെടുന്ന വ്യക്തിയുടെ അനുഭവത്തിനും അവരുടെ ഭാഗം പറയാനുള്ള അവസരത്തിനും അതേ പ്രാധാന്യം ലഭിക്കണം. അല്ലാത്തപക്ഷം, നിയമം എത്ര ശക്തമായാലും പൊതുബോധത്തിൽ ട്രാൻസ് ജീവിതം എന്നും ഒരു 'പ്രശ്നം' ആയി തന്നെ തുടരും; ഒരു ജീവിതാനുഭവമായി കാണപ്പെടുകയില്ല.
ഒരു പഴയ ആരോപണം പുതിയ വാക്കുകളിലും പുതിയ പ്ലാറ്റ്ഫോമുകളിലും തിരിച്ചെത്തുമ്പോൾ, അതിനെ മനസ്സിലാക്കാനുള്ള വഴി അതിന്റെ ഇന്നത്തെ രൂപം മാത്രം നോക്കുന്നതല്ല. അത് എവിടെ നിന്നാണ് വന്നത്, ആരെ ലക്ഷ്യം വെച്ചാണ് ഇത്രയും കാലം ഉപയോഗിച്ചത്, ഇന്ന് അത് എങ്ങനെ പുതിയൊരു ഡിജിറ്റൽ ജീവിതം നേടുന്നു അതെല്ലാം കൂടി നോക്കേണ്ടതുണ്ട്. അതിലാണ് ഈ സംഭവത്തിന്റെ യഥാർത്ഥ പ്രാധാന്യവും.


#outlook
Leave a comment