TMJ
searchnav-menu
post-thumbnail

Outlook

ആദിവാസി പഠനങ്ങള്‍: പുനരാലോചിക്കേണ്ട പരിപ്രേക്ഷ്യങ്ങള്‍

21 Sep 2023   |   8 min Read
ഡോ. ദിവ്യ കളത്തിങ്ങല്‍

ദിവാസി വിഭാഗങ്ങളെക്കുറിച്ചുള്ള പലവിധ എഴുത്തുകളും പഠനങ്ങളും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കത്തക്കവിധം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഉണ്ടാകാറുണ്ടല്ലോ. എന്നാല്‍ അത്തരം പഠനങ്ങളുടെ രീതിശാസ്ത്രപരമായ സ്വഭാവങ്ങളെപ്പറ്റിയുളള ആലോചനകള്‍ വളരെ വിരളമാണ്. 

മറ്റു സാമൂഹിക, മാനവിക വിഷയങ്ങളില്‍ നടക്കുന്നതിന് സമാനമായ സൂക്ഷ്മത ഇത്തരം വിഷയങ്ങളില്‍ സംഭവിക്കുന്നുണ്ടോ എന്നത് സംശയമാണ്. മാത്രമല്ല സാമൂഹ്യപഠനങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന 'പോസിറ്റീവിസ'ത്തോടുള്ള അമിതാഭിമുഖ്യം ആദിവാസി പഠന വിഷയങ്ങളില്‍ വ്യാപകവുമാണ്. ഇത് പുതിയ സാധ്യതകളിലേക്ക് ഗവേഷകരെ നയിക്കുന്നതിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നുണ്ട്. പഠനങ്ങള്‍ കൂടുതല്‍ വസ്തുനിഷ്ഠമാകണമെങ്കില്‍ അത് പോസിറ്റീവിസ്റ്റ് സ്വഭാവത്തില്‍ ഉള്ളതാകണം എന്ന ഒരു ധാരണ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്. പഠനങ്ങളുടെ വസ്തുനിഷ്ഠതയെക്കുറിച്ച് പലവിധ വിമര്‍ശനങ്ങളും സംവാദങ്ങളും നടന്നു കൊണ്ടിരിക്കുന്നതിനാല്‍ തന്നെ അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാന്‍ ഞാനിവിടെ ആഗ്രഹിക്കുന്നില്ല. എങ്കിലും ഗവേഷണത്തെ രൂപപ്പെടുത്തുന്നത് ആ കാലഘട്ടത്തില്‍ സമൂഹത്തില്‍ നടക്കുന്ന പരിവര്‍ത്തനങ്ങളും സിദ്ധാന്തങ്ങളും കൂടി ആയിരിക്കും. സമൂഹം മാറുന്നതിനും പുരോഗമിക്കുന്നതിനും അനുഗുണമായി അവ ഗവേഷണത്തിലും നിഴലിക്കും. പലപ്പോഴും പഠനങ്ങള്‍ ചരിത്രവത്കരിക്കാന്‍ ശ്രമിക്കാതെ സമകാലികതയില്‍ മാത്രം നിന്നുകൊണ്ട് മുന്നോട്ട് പോകുന്നത് ഗവേഷണത്തിന്റെ അടിസ്ഥാനചോദനയ്ക്കു തന്നെ എതിരാണ്. പോസിറ്റീവിസം മുന്നോട്ട് വയ്ക്കുന്ന മാനക (scale)ങ്ങളിലേക്കും മറ്റുമായി പലപ്പോഴും പഠനങ്ങള്‍ ചുരുങ്ങാറുണ്ട്. ഗവേഷണങ്ങളില്‍ പ്രക്രിയ (process) എന്ന് പറയുന്നത് അപ്രധാനമാവുകയും ഫലം (outcome) എന്നതിലേക്ക് പഠനങ്ങള്‍ ഒതുങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഗവേഷണപ്രക്രിയയെ മുന്‍നിര്‍ത്തിയുള്ള ചിന്ത തന്നെ ആയിരിക്കാം 'ഇന്റര്‍പ്രെറ്റിവിസം' എന്ന സൈദ്ധാന്തിക മേഖലയിലേക്ക് കൂടി ഗവേഷണം വളരാന്‍ കാരണമായി തീര്‍ന്നത്. 


REPRESENTATIONAL IMAGE | WIKI COMMONS
ഈ ലേഖനം പ്രധാനമായും ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ആദിവാസി പഠനങ്ങളില്‍ നിലനില്‍ക്കുന്ന ജനപ്രിയവത്ക്കരണം, അതിന്റെ ഭാഗമായി സംഭവിക്കുന്ന വികസന-ആധുനികതാവാദങ്ങളോടുള്ള വിമര്‍ശനപരമല്ലാത്ത സമീപനം, പഠനങ്ങളെ കുറച്ചു കൂടി സമഗ്ര (inclusive)മാക്കി മാറ്റുന്നതിനുള്ള രീതി ശാസ്ത്രങ്ങള്‍ എന്നിവയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്റര്‍പ്രെറ്റിവിസം മുന്നോട്ട് വച്ച രീതികളെയും ആശയങ്ങളെയും ആധാരമാക്കിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

1. ആദിവാസി പഠനങ്ങളുടെ ജനപ്രിയവത്ക്കരണം 

ആദിവാസി പഠനങ്ങളില്‍ നിലനില്‍ക്കുന്ന ജനപ്രിയ ആഖ്യാന രീതിയുടെ സ്വാധീനം അതിന്റെ കണ്ടെത്തലുകളെ വ്യാപകമായി സ്വാധീക്കുന്നതായി കാണാറുണ്ട്. അത്തരത്തില്‍ നിലനില്‍ക്കുന്ന ചില പ്രവണതകളാണ് ഇവിടെ പരിശോധിക്കുന്നത്. ഒന്നാമതായി, ആദിവാസി മേഖലകളിലെ ക്ഷേമ പ്രവര്‍ത്തത്തനങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമായതു കൊണ്ടുതന്നെ അതിനെ അവഗണിച്ചുകൊണ്ട് പഠനങ്ങള്‍ നടത്തുന്നത് അസാധ്യമാക്കുന്ന ഒരു സാഹചര്യം നിലവിലുണ്ട്. പക്ഷെ പലപ്പോഴും പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഇത്തരം 'ക്ഷേമപ്രവര്‍ത്തനങ്ങള്‍' ആണ് ആദിവാസികളെ 'പിന്നോട്ടു നയിക്കുന്നത്' എന്നാണ്. ഒരുദാഹരണം പറയുകയാണെങ്കില്‍, ആദിവാസി മേഖലകളില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളും അതിന്റെ വാസയോഗ്യതയുമായി ബന്ധപ്പെട്ടതാണ്. എന്തുകൊണ്ടാണ് ഇപ്പോഴും ആദിവാസി മേഖലയില്‍ ആള്‍താമസം ഇല്ലാത്ത അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീടുകള്‍ കാണുന്നതാണ് എന്നതാണ്. ഏതുതരം പരിപ്രേക്ഷ്യമാണ് നമ്മള്‍ വികസനത്തെ കാണാന്‍ തെരഞ്ഞെടുക്കുന്നത് എന്നത് അതുകൊണ്ട് തന്നെ പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ ഭരണകൂടത്തിന്റെ ചരിത്രപരമായ ഇടപെടലുകളും രാഷ്ട്രീയവും പരിഗണിക്കേണ്ടതുണ്ട്. പലപ്പോഴും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം രാഷ്ട്രീയ വിരുദ്ധ വാദങ്ങളില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടം നടത്തുന്നത് എന്നാണ് ജെയിംസ് ഫെര്‍ഗുസനെ (2006) പോലുള്ള പോസ്റ്റ്-ഡെവലപ്‌മെന്റ് സൈദ്ധാന്തികര്‍ പറയുന്നത്. 'രാഷ്ട്രീയ വിരുദ്ധ യന്ത്രം' (anti -political machine) എന്നാണ് ഫെര്‍ഗുസണ്‍ ഇതിനെ വിളിക്കുന്നത്. ഇവിടെയാണ് ആദിവാസി സമരങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഭൂമി, വിഭവാധികാരമുദ്രാവാക്യങ്ങള്‍ പ്രസക്തമാവുന്നതും. 

2. ദളിത്-ആദിവാസി സമീകരണത്തിലെ പ്രശ്‌നങ്ങള്‍ 

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ ഖാഖ വിര്‍ജീനിയസ് (2008) മുന്നോട്ട് വയ്്ക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് രണ്ടാമതായി പ്രതിപാദിക്കുന്നത്. ആദിവാസി വിഷയങ്ങളെയും ദളിത് വിഷയങ്ങളെയും സമാനവത്കരിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ദളിതരും ആദിവാസികളും അനുഭവിക്കുന്ന പുറന്തള്ളപ്പെടല്‍, വിവേചനം, അരികുവത്ക്കരണം എന്നിവയില്‍ ഉള്ള ചില സമാനതകള്‍ കൊണ്ടും ഭരണഘടനാപരമായി ചില സംരക്ഷണങ്ങള്‍ ഉള്ളതുകൊണ്ടും കൂടാതെ ചില നയങ്ങളും (Policies) പദ്ധതികളും (Programmes) നിലവിലുള്ളത് കൊണ്ടും ഈ രണ്ടു സമൂഹങ്ങളെയും ഒരേപോലെ കരുതുന്നതായി കാണാറുണ്ട്. എന്നാല്‍ ഈ രണ്ടു സമൂഹങ്ങളുടെയും ചരിത്രപരമായ അനുഭവങ്ങള്‍, അറിവ് എന്നിവയെ വ്യത്യസ്തമായി തന്നെ കണക്കാക്കേണ്ടതുണ്ട്. 

ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി എന്ന് പറയുന്നത് സമൂഹത്തെ പഠിക്കാനുള്ള ഒരു അളവുകോലാണെന്നിരിക്കെ തന്നെ ആദിവാസി പഠനങ്ങളെ മുഴുവന്‍ ജാതിയുടെ പരിപ്രേക്ഷ്യത്തിലൂടെ കാണുന്നതിനെ ഖാഖ വിമര്‍ശിക്കുന്നുണ്ട്. അതേസമയം, ആദിവാസികളുടെ ഇടയില്‍ത്തന്നെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന ചില സമുദായങ്ങള്‍ ഹിന്ദു ജാതിവ്യവസ്ഥയോട് സന്ധി ചെയ്യുന്നുമുണ്ട്. ഒരേ സമയം ഇത്തരം സമൂഹങ്ങള്‍ക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണാമങ്ങള്‍ രേഖപ്പെടുത്തുകയും എന്നാല്‍ ആ സമൂഹം നിലനില്‍ക്കുന്ന, അല്ലെങ്കില്‍ അത്തരം സമൂഹങ്ങളെ അവരായി തന്നെ നിലനിര്‍ത്തുന്ന സമവാക്യങ്ങള്‍ എന്താണെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. സമവാക്യങ്ങള്‍ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്, ആദിവാസികളുടെ ജീവിത ലോകം (Adivasi life world) എന്ന സങ്കല്പ്പത്തെക്കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പരിപ്രേക്ഷ്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്.


REPRESENTATIONAL IMAGE | WIKI COMMONS
ഇതിനോട് ചേര്‍ത്തു വയ്ക്കാവുന്ന ഏറ്റവും പ്രകടമായ ഒരു കാര്യം ആധുനികതയുമായി എങ്ങനെയാണ് ഈ രണ്ടു വിഷയങ്ങളും സംവദിക്കുന്നത് എന്നതാണ്. ജാതിവിരുദ്ധ ചട്ടക്കൂടുകള്‍ സ്വീകരിക്കുന്ന ആധുനികത എന്ന് പറയുന്നത് പാശ്ചാത്യ ആധുനികതയുമായി സാമ്യമുള്ളതാണ്. എന്നാല്‍ ആദിവാസി പഠനങ്ങളില്‍ മുന്നോട്ട് വയ്ക്കുന്ന ആധുനികത പലപ്പോഴും ഇത്തരം രീതികളോടുള്ള വിമര്‍ശനവും പുനര്‍വിചിന്തനവുമാണ്. അവ പലപ്പോഴും സംസാരിക്കുന്നത് ഒന്നിലധികം ആധുനികതകളെ (Multilpe Modernities)ക്കുറിച്ചാണ്. ഇതിലൂടെ മനസ്സിലാകുന്ന ഒരു കാര്യം ആധുനികത ഒരു ഏകശിലാത്മകമായ ആശയം അല്ല എന്നതാണ്.

3. ആധുനികതാ-പാരമ്പര്യവാദങ്ങളിലെ ആശയക്കുഴപ്പം 
മൂന്നാമതായി, ഇത്തരം പഠനങ്ങളില്‍ കാണുന്ന മറ്റൊരു പ്രധാന വെല്ലുവിളി ആധുനികതാവാദം/ പാരമ്പര്യ വാദം എന്നുള്ള അസ്വാഭാവികമായി സൃഷ്ടിക്കപ്പെട്ട ദ്വന്ദ്വങ്ങളെ എങ്ങനെ സമീപിക്കണം എന്നുള്ള ആശയക്കുഴപ്പമാണ്. മനുഷ്യരെ 'ആധുനികരാക്കുക' എന്നതിനെ പലപ്പോഴും മനസ്സിലാക്കുന്നത് ആധുനികത തന്നെ സൃഷ്ടിച്ച ചില വികസന സങ്കല്പ്പങ്ങളിലേക്കു കൊണ്ടു വരിക എന്നാണ്. അതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ആദിവാസി ഊരുകളിലെ പണി പൂര്‍ത്തിയാകാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വീടുകള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന ചോദ്യം. ആരുടെ അളവുകോലിലാണ് വികസനത്തെ അളക്കുന്നത് എന്നതാണ് പ്രധാനം. ഈ അളവുകോലിന്റെ അല്ലെങ്കില്‍ പരിപ്രേക്ഷ്യത്തിന്റെ മാറ്റം എന്നത് തന്നെയാണ് എപിസ്റ്റമോളജി അല്ലെങ്കില്‍ ജ്ഞാനശാസ്ത്രത്തിന്റെ ആധാരം.

ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട പാരമ്പര്യ-ആധുനികതാ ദ്വന്ദ്വങ്ങള്‍ക്കു പുറത്തേക്ക് സഞ്ചരിച്ച ചില സമകാലീന ഉദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത് 2006 ല്‍ പ്രാബല്യത്തില്‍ വന്ന വനാവകാശ നിയമമാണ്. കുറച്ചു കാലം മുന്നേ വരെ പാരമ്പര്യവാദം എന്ന് കരുതി പോന്നിരുന്ന പല വിഷയങ്ങളും ആദിവാസി അവകാശങ്ങളായി നിയമവ്യവസ്ഥ അംഗീകരിച്ചിരിക്കുന്നതായി ഇതില്‍നിന്ന് മനസ്സിലാക്കാം. വികസനത്തെക്കുറിച്ചും ആധുനികതയെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്ന കാലത്തൊന്നും പാരമ്പര്യ അവകാശങ്ങളെക്കുറിച്ചോ, കാലിമേയ്ക്കുന്നതിനെക്കുറിച്ചോ, ഊരുകളുടെ വികസന അവകാശങ്ങളെക്കുറിച്ചോ, സാമൂഹിക അവകാശങ്ങളെക്കുറിച്ചോ ഒന്നും ഈ ധാരണകള്‍ ഉണ്ടായിരുന്നില്ല; എന്തിന് തേന്‍ എടുക്കുന്നത് ഉള്‍പ്പെടെയുള്ള വനവിഭവ ശേഖരണം പോലും ഒരു അവകാശമായി കണക്കാക്കിയിരുന്നില്ല. ഈ നിയമത്തിന്റെ രൂപീകരണത്തിന്റെ എല്ലാ ഘട്ടത്തിലും ആദിവാസി സംഘടനകളുടെയും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെയും ഇടപെടല്‍ അതിനെ ജനാധിപത്യവത്ക്കരിക്കാന്‍ വലിയ കാരണമായിട്ടുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആദിവാസി അവകാശങ്ങള്‍ എന്നത് തന്നെ കൊളോണിയല്‍, പോസ്റ്റ് - കൊളോണിയല്‍ കാലത്തുണ്ടായ ഭരണകൂട ഇടപെടലുകള്‍ കാരണം ഇല്ലാതായവയോ എടുത്തു മാറ്റപ്പെട്ടവയോ ആണ്. വനനിയമങ്ങള്‍ക്ക് അതില്‍ വലിയ ഒരു പങ്കുണ്ട് താനും. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ ഇടപെടലുകളെ പ്രശ്‌നവത്ക്കരിക്കാതെ ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത് ആദിവാസി സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കില്ല.



ആദിവാസി ഗ്രാമസഭകള്‍ എന്നതിലൂടെ പുതിയ ജനാധിപത്യ സാധ്യതകള്‍ തുറക്കുന്നതിനെപ്പറ്റിയും അത് അവരുടെ ജീവിതത്തിന്റെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ സാധ്യമാക്കുന്നതിനെപ്പറ്റിയും വളരെ ഗൗരവത്തോടു കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഇത്തരം അവകാശ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടക്കുന്ന ആദിവാസി സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആദിവാസി വികസനത്തിന് എന്തു വേണം എന്ന ഒരു കാഴ്ച്ചപ്പാടു മുന്നോട്ടുവെക്കുന്നുണ്ട്. ഇവിടുത്തെ ആക്ടിവിസ്റ്റുകളും അക്കാദമീഷ്യന്‍സും ഒരുപോലെ തന്നെ ഈ വ്യവഹാര (discourse)ത്തിന്റെ ഭാഗമാണ്. ഇതിലൂടെ ഞാന്‍ പറയാന്‍ ശ്രമിക്കുന്ന ഒരു കാര്യം, ഇതുവരെ നിലനിന്നിരുന്ന ആധുനികതാ-പാരമ്പര്യവാദങ്ങള്‍ സൃഷ്ടിച്ച ജ്ഞാനശാസ്ത്രത്തിന്റെ വലിയ വിടവിനെ (epistemic gap) ഒരു പരിധിവരെയെങ്കിലും മാറ്റാന്‍ ഈ നിയമത്തിനു സാധിച്ചിട്ടുണ്ട്. 

നിലനില്‍ക്കുന്ന ജനപ്രിയ ആഖ്യാനങ്ങള്‍ക്ക് അപ്പുറത്തേക്ക് നമ്മുടെ പഠനങ്ങള്‍ എങ്ങനെ കൊണ്ടുപോകാം എന്നത് തന്നെയാണ് ഓരോ ഗവേഷകന്റെയും വെല്ലുവിളി. ജീവിതാനുഭവങ്ങളെ (Empirical) കേന്ദ്രീകരിച്ചുള്ള പഠനങ്ങളുടെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ 1) അതില്‍ ഉപയോഗിക്കുന്ന സങ്കല്പനം (concept) , 2) രീതിശാസ്ത്രം (methodology), 3) ഫീല്‍ഡ് വര്‍ക്ക് എന്നിവയാണ്. ഇവയിലേക്കുള്ള നമ്മുടെ അന്വേഷണങ്ങള്‍ ഗവേഷണത്തിനും അതിന്റെ കണ്ടെത്തലുകള്‍ക്കും പുതുമ നല്‍കും.

4. ആദിവാസി- ട്രൈബ് സംവാദങ്ങള്‍

നമ്മുടെ പഠനങ്ങളില്‍ പലപ്പോഴും ആദിവാസി, ഷെഡ്യൂള്‍ഡ് ട്രൈബ്, വനവാസി, ഇന്‍ഡിജിനസ് പീപ്പിള്‍ എന്നീ വാക്കുകള്‍ പര്യായങ്ങളായി ഉപയോഗിച്ച് പോരാറുണ്ട്. എന്നാല്‍ ഇവ കേവലം വാക്കുകള്‍ മാത്രമല്ലെന്നും വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നും ഉരുത്തിരിയുന്നതാണെന്നും കണക്കിലെടുക്കേണ്ടതുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആദിവാസികളെയും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ഫോറസ്റ്റ് ട്രൈബ്, അനീമിസം, ട്രൈബല്‍ റിലീജിയന്‍ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അതിനു ശേഷം ബ്രിട്ടീഷ് ഭരണകാലത്തു തന്നെ രാഷ്ട്രീയവും ഭരണപരവുമായ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കിയ വര്‍ഗീകരണത്തിന്റെ ഭാഗമായാണ് കാസ്റ്റ് എന്നും ട്രൈബ് എന്നും രണ്ടായി തിരിക്കുന്നത്. ചാതുര്‍വര്‍ണ്ണ്യത്തിന്റെ കീഴില്‍ വരാത്തതോ മുഖ്യധാരാ മതസങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നതോ ആയ ആളുകളെയാണ് ട്രൈബ് എന്ന വര്‍ഗീകരണത്തിലേക്ക് മാറ്റിയത്. കോളനിയാനന്തര കാലഘട്ടത്തില്‍ ഷെഡ്യൂള്‍ഡ് ട്രൈബ്, പ്രിമിറ്റീവ് ട്രൈബ് (പ്രാക്തന ഗോത്രം - പല തരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 75-ഓളം ആദിവാസി വിഭാഗങ്ങളെ ഇന്ത്യയില്‍ ഈ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്), ഡീനോട്ടിഫൈഡ് ട്രൈബ് (1871 ലെ ക്രിമിനല്‍ ട്രൈബ്‌സ് ആക്ട് പ്രകാരം ക്രിമിനല്‍ ട്രൈബ്‌സ് ആയവരെയാണ് പിന്നീട് ഡീനോട്ടിഫൈഡ് ട്രൈബ്‌സ് എന്ന് അറിയപ്പെടുന്നത്) എന്നിങ്ങനെയുള്ള വര്‍ഗീകരണങ്ങള്‍ വന്നു. ഇതില്‍ 'primitive' എന്ന പദം പിന്നീട് 'particularly vulnerable tribal groups' എന്നാക്കി തിരുത്തിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ മധ്യ ഇന്ത്യയിലെ ജനങ്ങള്‍ സമരം ചെയ്യുകയും തുടര്‍ന്ന് പൊതുസ്വത്വം എന്ന രീതിയില്‍ 'പ്രാകൃതവാദ'ത്തിന് എതിരെയാണ് ഛോട്ടാ നാഗ്പൂര്‍ ഭാഗത്ത് ആദ്യമായി 'ആദിവാസി' എന്ന പദം ഉപയോഗിച്ചു തുടങ്ങിയതെന്ന് ഖാഖ വിര്‍ജീനിയസ് (1999) നിരീക്ഷിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ ആളുകള്‍ ട്രൈബ് എന്ന പദമാണ് ഉപയോഗിക്കുന്നതെന്ന് റോയ് ബര്‍മന്‍ ചൂണ്ടിക്കാണിക്കുന്നു. അതേപോലെ തന്നെ ആദിവാസികള്‍ എന്ന വാക്കിനു സമാനമായി ഉപയോഗിക്കുന്ന indigenous peoples എന്ന പദം മറ്റു രാജ്യങ്ങളില്‍ കോളനീകരണത്തെ അതിജീവിച്ച മനുഷ്യര്‍ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ indigenous peoples എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാനുള്ള പരിമിതി സര്‍ക്കാര്‍ ഔദ്യോഗികമായി ആദിവാസി വിഭാഗങ്ങളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല എന്നതാണ്. എന്നാല്‍ ഐക്യരാഷ്ട്ര സഭയില്‍ ആദിവാസി വിഭാഗങ്ങളുടെ പ്രതിനിധികള്‍ indigenous peoples എന്ന നിലപാട് എടുക്കുന്നവരാണ്.

ഇതില്‍ വനവാസി എന്ന പ്രയോഗം ആദിവാസികള്‍ 'പിന്നോക്ക' (Backward) ഹിന്ദുക്കളാണെന്ന സാമൂഹ്യ ശാസ്ത്രഞ്ജന്‍ ജി.എസ് ഖുര്യയുടെ പുതിയ കാലത്തെ വിശേഷണമാണ്. അടുത്ത കാലത്തായി തീവ്ര വലതുപക്ഷം സ്വീകരിച്ച ഈ പ്രയോഗത്തിനെതിരെ ആദിവാസി വിഭാഗങ്ങള്‍ക്കുള്ളില്‍ നിന്ന്തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭരണഘടനാ നിര്‍മ്മാണ സമയത്ത് ഉയര്‍ന്നു വന്ന 'വനജാതി' എന്ന പ്രയോഗത്തെ അന്ന് ജയ്പാല്‍ മുണ്ട എതിര്‍ത്തതായി കാണാം ( Constitutiona Debates- December 1947 ). 

REPRESENTATIONAL IMAGE | WIKI COMMONS 
അതുകൊണ്ട് തന്നെ ഏത് പദം എന്തുകൊണ്ട് നമ്മുടെ പഠനങ്ങളില്‍ ഉപയോഗിക്കുന്നു എന്നതിലെ വ്യക്തത വളരെ പ്രാധാനപ്പെട്ടതാണ്. ആദിവാസി എന്ന പദം പ്രാകൃതമാണെന്ന ആധുനികതയുടെ കണ്ടെത്തല്‍ അതുകൊണ്ട് തന്നെ ചരിത്രത്തില്‍ അത് ഉത്ഭവിച്ചിട്ടുള്ള പശ്ചാത്തലത്തെക്കുറിച്ച് വേണ്ടവിധം ശ്രദ്ധിക്കാത്തതു കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യയിലെ പ്രമുഖരായ നരവംശ-സാമൂഹ്യ ശാസ്ത്രജ്ഞര്‍, ഖാഖ വിര്‍ജിനിയസ്, റോയ് ബര്‍മന്‍, ഡി.ഡി കോസംബി, സുരജിത്സിന്‍ഹ, ആന്ദ്രേ ബാറ്റില്ല തുടങ്ങിയവര്‍ മുതല്‍ ആദിവാസികള്‍ പിന്നോക്ക ഹിന്ദുക്കളാണെന്ന വാദം ഉയര്‍ത്തിയ ജി.സ് ഖുര്യ വരെ ഈ സംവാദത്തിലേക്കു പല രീതിയില്‍ സംഭാവന ചെയ്തവരാണ്.

5. മെത്തഡോളജിയും ഫീല്‍ഡ് വര്‍ക്കും 

ആദിവാസി മേഖലയില്‍ നടക്കുന്ന പഠനങ്ങളുടെ കണ്ടെത്തലുകള്‍ പലപ്പോഴും ജനപ്രിയ ആഖ്യാന രീതിയില്‍ അഥവാ പോപ്പുലര്‍ നരേറ്റീവിനു പുറത്തേക്ക് പോകാത്തത്, അന്വേഷണത്തിലേക്ക് പുതിയ രീതിശാസ്ത്രങ്ങളും ഫീല്‍ഡ് വര്‍ക്കിലെ പുതിയ സാധ്യതകളും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഗവേഷണത്തില്‍, അതിലെ കണ്ടെത്തലുകള്‍ പോല തന്നെ അതിപ്രധാനമാണ് ഗവേഷണ പ്രക്രിയ എന്നതും. 

ആശയങ്ങളുടെയും രീതിശാസ്ത്രങ്ങളുടേയും പുതിയ വഴികളിലൂടെ ലോകമെമ്പാടുമുള്ള ആദിവാസി പഠനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇത്തരം പഠനങ്ങളില്‍ നിലനില്‍ക്കുന്ന കോളനീകരണം ഉല്‍പ്പാദിപ്പിച്ച ജ്ഞാനവ്യവസ്ഥയുടെ സ്വാധീനമാണ്. അതുകൊണ്ട് തന്നെ പുതിയ അപകോളനീകരണ രീതിശാസ്ത്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. അതിലേറ്റവും കൂടുതല്‍ പങ്കുവഹിച്ചിട്ടുള്ളത് ലിന്‍ഡ സ്മിത്ത് (1999)മുന്നോട്ടു വച്ച 'അപകോളനീകരണ രീതിശാസ്ത്രം' (decolonizing methodology ) ആണ്. ആദിവാസി ജീവിതത്തെ വ്യത്യസ്തമായും വ്യക്തമായും മനസ്സിലാക്കാന്‍ ഈ രീതിശാസ്ത്രം ഏറെ സഹായിക്കുന്നുണ്ട്. അറിവുത്പാദനത്തില്‍ എങ്ങനെയൊക്കെയാണ് പാശ്ചാത്യ രീതികള്‍ ആദിവാസി ജനതയെ കണ്ടിരുന്നത് എന്നതിനെ വളരെ വിമര്‍ശനാത്മകമായി ലിന്‍ഡ സ്മിത്ത് സമീപിക്കുന്നു. സ്മിത്തിന്റെ ചില നിരീക്ഷണങ്ങള്‍ താഴെ പങ്കുവെക്കുന്നു. 

നിലവിലുള്ള പ്രബലമായ രീതിശാസ്ത്രങ്ങള്‍ പലതും ആദിവാസി ജനതയുടെ ഭൂമി, വിഭവങ്ങള്‍, അതിരുകള്‍, സ്വയംനിര്‍ണയാവകാശം എന്നീ സ്വാഭാവികതകളുടെ സാദ്ധ്യതകള്‍ റദ്ദ്‌ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ പുതിയകാല ഗവേഷകര്‍ അവരുടെ പഠനങ്ങള്‍ സാമൂഹ്യ നീതി, അപകോളനീകരണം, സ്വയംനിര്‍ണയാവകാശം എന്നീ ഫ്രെയിമുകളിലൂടെ കാണുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ട്. കാലാകാലങ്ങളായി ആദിവാസി പഠനങ്ങള്‍ നിലനിന്നിരുന്നത് കോളനീകരണവും സാമ്രാജ്യത്വവും സൃഷ്ടിച്ച ജ്ഞാനവ്യവസ്ഥയും അതിന്റെ തന്നെ ഉത്പന്നങ്ങളായ ചരിത്രം, സിദ്ധാന്തം എന്നിവയില്‍ ഊന്നിയാണെന്നും അതു പല രീതിയില്‍ ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ ഭാഷ, സംസ്‌കാരം, അറിവുകള്‍ എന്നിവയെ നിശബ്ദമാക്കുന്നതോ അവഹേളിക്കുന്നതോ ആണെന്നതുമാണ് അവരുടെ വാദത്തിന്റെ കാതല്‍. വിമര്‍ശനാത്മകമായി ചരിത്രത്തെ നോക്കുമ്പോള്‍ തന്നെ, ഇന്നിനെ മനസിലാക്കാന്‍ ചരിത്രം പുനഃസന്ദര്‍ശിക്കേണ്ടതും തിരിച്ചു പിടിക്കേണ്ടതും അത്യന്താപേക്ഷിതമായി കരുതപ്പെടുന്നു. ഇന്‍ഡീജനസ് ആയിട്ടുള്ള ലോക വീക്ഷണത്തെ പഠനങ്ങളുടെ കേന്ദ്രമാക്കി മാറ്റണം എന്നതാണ് ഇതിലൂടെ മുന്നോട്ടു വച്ചിട്ടുള്ള സുപ്രധാന കാര്യം. മറ്റുള്ളവരെ (others) വസ്തുവല്‍ക്കരിക്കുന്നതിലൂടെ ഒരു ഗവേഷണവും വസ്തുനിഷ്ടമാവില്ലെന്നും മറിച്ച് അത് മനുഷ്യത്വം ഇല്ലാതാക്കുന്ന ഒരു പ്രക്രിയയാണെന്നും സ്മിത്ത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മെത്തഡോളജിയുടെ ഭാഗമായി തന്നെ ഫീല്‍ഡ് വര്‍ക്കും മികവുറ്റതാക്കാന്‍ അതില്‍ നമ്മള്‍ ചെയ്യുന്ന രീതികളും പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ച പോലെ പോസിറ്റീവിസം മുന്നോട്ടുവയ്ക്കുന്ന രീതിശാസ്ത്രങ്ങള്‍ അതിനു സഹായകമാകില്ല. ഔദ്യോഗികമായി ഉത്തരങ്ങള്‍ തേടുന്നതിലൂടെയും മറ്റേതോ സാഹചര്യത്തില്‍ സൃഷ്ടിച്ച മാനകങ്ങള്‍ പരിശോധിക്കുന്നതിലൂടെയും മാത്രം രീതിശാസ്ത്രത്തെ സമീപിക്കുമ്പോള്‍ നമ്മുടെ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ പരിമിതപ്പെട്ടുപോകും. ഗവേഷകര്‍ സ്വന്തം ഐഡന്റിറ്റിയെ പ്രശ്‌നവത്ക്കരിക്കാതെ ഇത്തരം മേഖലകളിലേക്ക് പോകുന്നതും അപകടകരമാണ്. താരതമ്യേന അധികാരശ്രേണിയില്‍ മുകളില്‍ നില്‍ക്കുന്ന ആളുകള്‍ കൂടി ആകുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുമാണ്. ആത്മ പ്രതിപ്രവര്‍ത്തനാത്മകത (self -reflexivity) എന്നത് അതുകൊണ്ടു തന്നെ എംപിരിക്കല്‍ റിസര്‍ച്ചുകളിലെ സുപ്രധാന ഘടകമായി കൊണ്ടുവരേണ്ടതാണ്. റിസര്‍ച്ച് എത്തിക്‌സുമായി വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു കാര്യമാണിത്. സാമൂഹിക മുന്നേറ്റങ്ങള്‍, സമരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു നടത്തുന്ന ഗവേഷണങ്ങളില്‍ നേതാക്കളുടെ സമയം എന്നത് വളരെ ബഹുമാനത്തോടു കൂടി കാണേണ്ടതാണെന്ന് Porta (2014) യെ പോലുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. 

ഇത്തരം പഠനങ്ങളില്‍ ആദിവാസികളുടെ സ്വാഭാവിക ക്രമീകരണത്തെ മാനിച്ചുകൊണ്ടുളള സമീപനങ്ങള്‍ ഗുണം ചെയ്തേക്കും. പക്ഷെ, ഭരണകൂടം ആദിവാസി മേഖലകളിലെ പഠനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഇത്തരം സ്വാഭാവികതയെ ബാധിക്കുന്നുണ്ട്. മാത്രമല്ല അത് ഗവേഷണങ്ങളുടെ നിലവാരത്തെ തന്നെ ഇടിക്കുന്നതുമാണ്.

Reference:
Burman, J. R. (2009). Adivasi: A Contentious Term to denote Tribes as Indigenous Peoples of India. Mainstream Weekly.
Ferguson, J. (2006). The Anti-Politics Machine. In A. Sharma, & A. Gupta, The Anthropology of the State: A Reader (pp. 247-270). Australia: Blackwell Publishing.
Porta, D. d. (2014). Social Movement Studies and Methodological Pluralism: An Introduction. In D. d. Porta, Methodological Practices in Social Science Research (pp. 1-21). United Kingdom: Oxford University Press.
Smith, L. T. (1999). Decolonizing Methodologies:Research and Indigenous Peoples. Newyork: Zed Books, University of Otago Press.
Xaxa, V. (1999). Tribes as Indigenous People of India. Economic and Political Weekly, 3589-3595.
Xaxa, V. (2008). State, Society and tribes: Issues in Post-Colonial India. Perason Longman.

#outlook
Leave a comment