ആദിവാസികൾക്ക് സ്വാശ്രയ ജീവിതം വേണം, അതാണ് മധുവിന് കിട്ടേണ്ട പൂർണ നീതി
അട്ടപ്പാടിയില്‍ ഒരു ആദിവാസി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നത് ആദ്യ സംഭവമല്ല. കാലാകാലങ്ങളായി ആദിവാസികള്‍ക്കു നേരെ ഇത്തരം അതിക്രമങ്ങള്‍ നടന്നുവരുന്നതാണ്. അതിന്റെ പ്രധാന കാരണം കുടിയേറ്റ ജനതയുടെ കടന്നുകയറ്റമാണ്. നിലവില്‍ അട്ടപ്പാടി മേഖലകളില്‍ 64 ശതമാനം കുടിയേറ്റ ജനതകളും ബാക്കി 36 ശതമാനം മാത്രമാണ് ആദിവാസികള്‍ ഉള്ളത്.
കുടിയേറി വന്നവരുടെ എണ്ണം ഭൂരിപക്ഷമായതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥവൃന്ദവും സര്‍ക്കാര്‍ സംവിധാനവുമെല്ലാം കുടിയേറ്റക്കാര്‍ക്ക് അനുകൂലമായാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്ന സ്ഥിതിവിശേഷമാണ് നിലവില്‍ ഉള്ളത്. മറ്റൊരു കാര്യം ഭൂമിയടക്കമുള്ള എല്ലാ വിഭവങ്ങളും പൂര്‍ണമായും നഷ്ടപ്പെട്ട വിഭാഗമാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. അതുകൊണ്ടുതന്നെ അവരുടെ ചെറുത്തുനില്പ്പുകള്‍ അസാധ്യവുമാണ്.
ഈയൊരു സാഹചര്യത്തില്‍ മധുവിന്റെ പോലൊരു കേസ് ഉണ്ടാകുമ്പോള്‍ അത് തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്. അതിനു വിപരീതമായി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടാണെങ്കില്‍ പോലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പ്രത്യേക താല്പര്യത്താല്‍ മധുവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് പറയാം. മൂന്നു പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും മതിയായ സംവിധാനങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ മൂന്നുപേരും കേസില്‍ നിന്നും ഒഴിവാകുകയാണ് ചെയ്തത്. നിലവിലെ പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന്‍ മാത്രമാണ് ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറായത്.
എല്ലാ കേസുകളിലും നടക്കുന്നതുപോലെ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയെങ്കിലും സാക്ഷി സംരക്ഷണ നിയമം ബാധകമാക്കിക്കൊണ്ട് അതായത്, പ്രതികളും സാക്ഷികളും തമ്മില്‍ സമ്പര്‍ക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള നീക്കം നടത്തിയതിലൂടെയാണ് പ്രോസിക്യൂഷന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.
കേസില്‍ നിന്ന് പിന്മാറാന്‍ മധുവിന്റെ കുടുംബത്തിന് പ്രതികളുടെ വീട്ടുകാര്‍ 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. ഇത്തരത്തിലുള്ള പല പ്രലോഭനങ്ങളേയും അട്ടിമറികളേയും മറികടന്നാണ് നിലവില്‍ വിധി വന്നിരിക്കുന്നത്. കേസില്‍ 14 പേരെ പ്രതിസ്ഥാനത്ത് കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് വളരെ വലിയ കാര്യമാണ്. പ്രത്യേകിച്ച് ആദിവാസികള്‍ കൊല്ലപ്പെടുന്ന ഒരു കേസില്‍ ഇത്തരത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞതുതന്നെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ്.
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ കേരളത്തിലെ പട്ടികജാതി മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞത്, സര്‍ക്കാരിന്റെ കഴിവുകൊണ്ടാണെന്നാണ്. അതൊരു അവകാശവാദം മാത്രമാണ്. കേസ് മുന്നോട്ടു നടത്താന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മതിയായ ശമ്പളംപോലും നല്‍കാന്‍ തയ്യാറാകാതിരുന്ന ഒരു ഗവണ്‍മെന്റ് ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ എന്തു പ്രസക്തിയാണുള്ളത്. യഥാര്‍ത്ഥത്തില്‍ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 90 ദിവസത്തിനുമുമ്പ് കുറ്റപത്രം സമര്‍പ്പിച്ച ഒരു കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചേകാല്‍ വര്‍ഷമാണ് എടുത്തത്. കേസിനെ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ജാഗരൂകരായില്ല എന്നതാണ് വാസ്തവം. എന്നിട്ടാണ് വകുപ്പു മന്ത്രി അവരുടെ കഴിവുകൊണ്ടാണെന്ന വാദം ഉന്നയിക്കുന്നത്.
കെ രാധാകൃഷ്ണന്‍ | Photo: Facebook
മറ്റൊരു കാര്യം കേസിലെ മൂന്നാം പ്രതി സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി മെമ്പറാണെന്നതാണ്. കേസ് നിലവിലിരിക്കെ മൂന്നാം പ്രതിയായ ആളെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. പിന്നീട് വിവാദമുണ്ടായതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു. എന്നിട്ടും ഇയാള്‍ ലോക്കല്‍ കമ്മിറ്റി മെമ്പറായി തുടര്‍ന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഈ കേസില്‍ യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ അര്‍ഹതയില്ല.
നിലവിലെ പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വില നല്‍കിയതാണ് കേസില്‍ പുരോഗതിയുണ്ടായതിലെ പ്രധാന കാര്യം. മറ്റൊന്ന് ലക്ഷങ്ങളുടെ വാഗ്ദാനങ്ങളില്‍ വീഴാതെ മധുവിന്റെ കുടുംബം നീതിക്കായി നിലകൊണ്ടു എന്നതും. ഒപ്പം മധുവിന്റെ കുടുംബത്തിനുവേണ്ട സുരക്ഷ ഒരുക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ വലിയൊരു നിരതന്നെ സംരക്ഷണ സമിതിയുണ്ടാക്കി കൂടെ നിന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ ഘടകങ്ങളാണ് കേസിനെ നിര്‍ണായകമാക്കിയത്.
അതേസമയം, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൊലപാതകക്കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അത്തരമൊരു നടപടി കോടതി സ്വീകരിച്ചത്. മധു ആദിവാസിയാണെന്നും മാനസിക പ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും അവിടെയുള്ളവര്‍ക്ക് അറിയാവുന്ന കാര്യം തന്നെയായിരുന്നു. മറ്റൊരു വിഭാഗത്തില്‍പ്പെട്ടയാളെ ഇതുപോലെ പിടിച്ചുകൊണ്ടുവന്ന് തല്ലിക്കൊല്ലുകയില്ല. മനോനില തെറ്റിയ ഒരുവനോട് യാതൊരു കരുണയും കാണിക്കാത്ത പ്രതികളായവര്‍ മനുഷ്യര്‍ തന്നെയാണോ എന്നാണ് എന്റെ സംശയം.
കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് വഴിനീളെ ഉപദ്രവിച്ച് അതിഭീകരമായ മര്‍ദനമേറ്റാണ് മധു കൊല്ലപ്പെടുന്നത്. മധുവിനെ കൊല്ലണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലായിരുന്നു എന്ന് എങ്ങനെ പറയാന്‍ പറ്റും. യഥാര്‍ത്ഥത്തില്‍ ഇത് ആസൂത്രിത കൊലപാതമാണെന്നേ ഞാന്‍ പറയൂ. ആദിവാസിയോടുള്ള കുടിയേറ്റക്കാരന്റെ വംശീയപക തെളിവുകളുടെ അടിസ്ഥാനത്തില്‍ നിരത്താന്‍ കഴിയില്ല. തന്റെ കടയില്‍ നിന്നും ഒരു ആദിവാസി ഒരു കിലോ അരി എടുത്തുകൊണ്ടു പോയാല്‍ അതിന് അവന്‍ തരേണ്ടത് സ്വന്തം ജീവനായിരിക്കുമെന്ന സന്ദേശമാണ് ബാക്കിയുള്ള ആദിവാസികള്‍ക്ക് കൊടുക്കുന്നത്. ഇതാണ് ആ കൊലപാതകത്തിലെ സാമൂഹ്യശാസ്ത്രം. അതൊരിക്കലും നമുക്ക് തെളിയിക്കാനും കഴിയില്ല. കോടതിയുടെ കണ്ടെത്തലിന് അപ്പുറമാണ് ഈ കേസിലെ തെളിവും തെളിവില്ലായ്മയും കിടക്കുന്നതെന്നാണ് എന്റെ അഭിപ്രായം.
Representational Image
ആദിവാസികളുടെ കാര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെങ്കില്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ അനധികൃതമായി തട്ടിയെടുത്ത ഭൂമി തിരികെ കൊടുക്കാന്‍ 1975 ലെ നിയമപ്രകാരമുള്ള വിധികള്‍ നടപ്പാക്കുകയാണ് വേണ്ടത്. വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു നിയമം കൊണ്ടുവന്നു. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമിക്കു പകരം ഭൂമി നല്‍കല്‍. ഈ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഇവര്‍ ഭൂമി കൊടുത്തിട്ടുണ്ട്. അട്ടപ്പാടിയില്‍ അങ്ങനെ ആര്‍ക്കും തന്നെ ഭൂമി കിട്ടിയിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ മണ്ണും, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും, കോടിക്കണക്കിന് രൂപയുടെ പട്ടികവിഭാഗ ഫണ്ട് വകമാറ്റി ചിലവഴിക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.
ഗവണ്‍മെന്റിന് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെങ്കില്‍ ആദിവാസികള്‍ക്ക് നിര്‍ഭയമായി ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. അതുണ്ടാകണമെങ്കില്‍ അവന്‍ സ്വാശ്രയനായിരിക്കണം. അതിനായി സ്വന്തമായി കൃഷിയിടമോ, വിദ്യാഭ്യാസമോ, വരുമാനമോ ഉള്ള ആളായിരിക്കണമെന്നതാണ് എടുത്തുപറയേണ്ട കാര്യം.
കുടിയേറ്റക്കാരുടെ അധിനിവേശത്തെ ചെറുക്കപ്പെടണം. ആദിവാസികളെ മുന്നില്‍ നിര്‍ത്തി കുടിയേറ്റക്കാരന്‍ കാടകങ്ങളില്‍ കഞ്ചാവ് കൃഷി നടത്തുന്നതായാണ് പറയപ്പെടുന്നത്. ഈ കഞ്ചാവ് കൃഷിയുടെ കാവല്‍ക്കാരാണ് ആദിവാസികള്‍. പണം മുടക്കുന്നത് വമ്പന്മാരാണ്. പക്ഷേ, പോലീസ് പിടിക്കപ്പെടുന്നത് ആദിവാസികളെയാണ്.
അതുപോലെതന്നെ മദ്യനിരോധന മേഖലയാണ് അട്ടപ്പാടി. എന്നിട്ടും അട്ടപ്പാടിയില്‍ മദ്യം സുലഭമാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഈ മദ്യക്കച്ചവടക്കാരെ പിടിക്കാത്തത്. അതിനുള്ള സംവിധാനം ഇവിടെയില്ലേ?. രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്. വനാവകാശ നിയമം നിലവില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അട്ടപ്പാടിയില്‍ അത് ബാധകമാക്കാത്തത്? ഇതെല്ലാം മറ്റു നേട്ടങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള അധികാരവര്‍ഗത്തിന്റെ തന്ത്രങ്ങളാണ്.
Representational Image | Photo: Wikipedia
യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ അവിടുത്തെ താഴെത്തട്ടിലെ ആദിമ നിവാസികളോട് കാണിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്തം പോലും നമ്മുടെ സര്‍ക്കാര്‍ കാണിക്കുന്നില്ല. കാനഡയിലും ഓസ്ട്രേലിയയിലും അവിടുത്തെ ആദിമ മനുഷ്യരോട് വെള്ളക്കാര്‍ പരസ്യമായി ക്ഷമ ചോദിച്ചു നടക്കുകയാണ്. അവര്‍ക്ക് കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്നു. ഇവിടെ ഇപ്പോഴും വളരെ പ്രാകൃതമായ, മനുഷ്യവിരുദ്ധമായ സമീപനത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല.
ഇത്തരമൊരു സമൂഹത്തില്‍ മധുവിന്റെ കേസില്‍ 14 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയതാണ് ഏറ്റവും വലിയ കാര്യം. മലയാളികള്‍ക്ക് ആദിവാസികളോടുള്ള മനോഭാവത്തില്‍ അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. ആദിവാസികളും മനുഷ്യനാണെന്ന ബോധമാണ് ആദ്യം വേണ്ടത്. സ്വന്തം സഹോദരനെയാണ് ചവിട്ടിത്താഴ്ത്തുന്നതെന്ന സ്വബോധമില്ലാത്ത ക്രിമിനല്‍ സംഘങ്ങളാണ് ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കുള്ള സംരക്ഷണമാണ് ഗവണ്‍മെന്റ് ഒരുക്കുന്നത്.
മില്ലറ്റ് കൃഷിയെ സംബന്ധിച്ച് പട്ടികവര്‍ഗ വകുപ്പ് കള്ളക്കണക്കുണ്ടാക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ഒരു സ്ഥലമാണ് അട്ടപ്പാടി. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടില്‍ എസ്.സി, എസ്.ടി ഫണ്ട് വകമാറ്റി ചിലവഴിച്ചാല്‍ ശിക്ഷിക്കപ്പെടും. അതിനുള്ള നിയമവും അവിടെയുണ്ട്.
ഇനിയൊരു മധു ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ആദിവാസികള്‍ക്ക് സ്വാശ്രയമായ ജീവിതമുണ്ടായിരിക്കണം. അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഈ വിധി അതിനുള്ള ഒരു പ്രചോദനമാകണം.