
Outlook
ട്രംപ് 2.0: ചൈന, ലാറ്റിൻ അമേരിക്ക അവ്യക്തതകളുടെ ഇടനാഴികളിലൂടെ
20 Jan 2025 | 5 min Read
അമേരിക്കക്കാർ ഓരോ നാലു വർഷം കൂടുമ്പോഴും തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തുമ്പോൾ ലോകശ്രദ്ധ മുഴുവൻ അങ്ങോട്ടാകും. അമേരിക്കൻ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ എല്ലാവരെയും ബാധിക്കുന്നു എന്നതാണ് അതിന് കാരണം. അങ്ങനെയുള്ള നിർണ്ണായക സ്ഥാനത്തേക്കാണ് ഡൊണാൾഡ് ട്രംപ് വീണ്ടും വരുന്നത്. അപ്രതീക്ഷിത തീരുമാനങ്ങൾ കൈകൊള്ളുന്ന വ്യക്തിയാണ് ട്രംപ്. ഇത്തവണ എന്ത് അപ്രതീക്ഷിത തീരുമാനമാണ് വാഷിംഗ്‌ഡൺ ഡി. സിയിൽ നിന്നും വരുന്നത് എന്നാണ് ലോകം കൗതുകത്തോടെയും അതിലേറെ ആശങ്കയോടെയും ഉറ്റുനോക്കുന്നത്.
റഷ്യ- യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ നിലപാട് സെലൻസ്കിയെ അത്രകണ്ട് സന്തോഷിപ്പിക്കുന്നതായിരിക്കില്ല. അമേരിക്ക യുക്രൈനു നൽകുന്ന സൈനിക സാമ്പത്തിക സഹായങ്ങൾക്ക് പുനർചിന്തനം ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ മേഖലയിലെ യുദ്ധം അനന്തമായി തുടരുന്നതിനെ ട്രംപ് ഭരണകൂടം പിന്തുണക്കാൻ സാധ്യതയില്ല. മാത്രമല്ല, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് യുക്രൈൻ-റഷ്യ യുദ്ധത്തിൽ അമേരിക്ക യുക്രൈനു നൽകുന്ന സൈനിക സഹായങ്ങൾ നിർത്തലാക്കണം എന്ന പക്ഷക്കാരനാണ്. അതുകൊണ്ട് സമാധാന ചർച്ചകൾക്കോ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ശ്രമങ്ങൾക്കോ അനുസരിച്ചായിരിക്കും ട്രംപിന്റെ യുക്രൈൻ നയം ഉണ്ടാവുക. അതിലെ ഏറ്റവും വലിയ സ്വാധീന ഘടകം വളാഡ്മീർ പുടിൻ ആണെന്നതിൽ സംശയമില്ല.
ഇസ്രായേൽ നടത്തുന്ന പലസ്തീൻ യുദ്ധത്തിൽ മറ്റൊരു തരത്തിലായിരിക്കും ട്രംപിന്റെ നയം പ്രതിഫലിക്കുക. അമേരിക്കയുടെ ആജീവനാന്ത ശത്രുവായ ഇറാൻ ഇസ്രായേലിനു എതിരെ എടുക്കുന്ന നിലപാടുകൾ അമേരിക്കയുടെ പശ്ചിമേഷ്യൻ നയത്തിലെ നിർണയ ഘടകമാണ്. അതുകൊണ്ട് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാട് ആയിരിക്കും പലസ്തീൻ വിഷയത്തിലെങ്കിലും, സമാധാന ശ്രമങ്ങൾക്കും സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങൾ വ്യാപാര വാണിജ്യ ഘടകങ്ങൾ ഒക്കെ ട്രംപിന്റെ നയത്തെ സ്വാധീനിക്കാൻ ഇടയുണ്ട്. സൗദി - ഇസ്രായേൽ നോർമലൈസെഷൻ ട്രംപിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്നാണ്. അതും അടുത്ത നാലുവർഷത്തിലെ മുൻഗണനാക്രമത്തിൽ ഇടംപിടക്കാൻ ഇടയുണ്ട്.
ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMMONSഇങ്ങനെ ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന എന്നാൽ അമേരിക്കക്ക് കൃത്യമായ ഇടപെടൽ സാധ്യമാകുന്ന വിഷയങ്ങളിൽ ട്രംപ് തന്റെ ശൈലി പോലെ തന്നെ 'അപ്രതീക്ഷിത' നിലപാട് പറയുമെന്ന് പ്രതീക്ഷിക്കാം.
ട്രംപിന്റെ ചൈന നിലപാട്
അന്താരാഷ്ട്ര തലത്തിൽ അടുത്ത നാലു വർഷത്തിൽ ഏറെ ചർച്ചയാകുക യുഎസ്-ചൈന ബന്ധമായിരിക്കും. കഴിഞ്ഞ ഭരണകാലത്തും ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു യുഎസ് - ചൈന ബന്ധം. അത് ഏറെക്കുറെ വഷളായിരുന്നു എന്ന് തന്നെ പറയാം. ചൈന വളരെ ശ്രദ്ധാപൂർവമാണ് അമേരിക്കൻ തിരഞ്ഞെടുപ്പിനെയും ട്രംപിന്റെ വിജയത്തെയും നോക്കികണ്ടത്.
അമേരിക്കൻ വിദേശനയത്തിലെ ഒരു നിർണായക ഘടകമാണ് ചൈന. അതുകൊണ്ട് അമേരിക്കൻ പൊതു ജീവിതത്തിൽ പാർട്ടി വ്യത്യാസമില്ലാതെ വർധിച്ചു വരുന്ന ചൈന വിരുദ്ധതയെ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ചു അജണ്ട നിർമ്മിക്കാനും ട്രംപ് ശ്രമിക്കാറുണ്ട്. ഇത് അമേരിക്കൻ മണ്ണിൽ കൂടുതൽ ആഴത്തിൽ വേരുകൾ ഉറപ്പിക്കാൻ ട്രംപിനെ സഹായിക്കും. വ്യാപാര കമ്മി, അസമത്വം, ഇറക്കുമതി, തുടങ്ങിയ നിരവധി ഘടകങ്ങൾ അമേരിക്കൻ പൊതുജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവയെ കാര്യമായി പരിഗണിക്കാൻ ട്രംപ് ശ്രമിക്കാറുണ്ട്.
ട്രംപ് ചൈനക്ക് എതിരെ വ്യാപാര യുദ്ധം ആരംഭിക്കുന്നത് 2018 ലാണ്. 1974 ലെ ട്രേഡ് ആക്ട് 301 പ്രകാരം ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കടുത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി. ഏതാണ്ട് 25% ൽ കൂടുതലായിരുന്നു ഇത്. 360 ബില്യൺ ഡോളർ മൂല്യം വരുന്ന ഇറക്കുമതി ചുങ്കമാണ് അധികമായി ചുമത്തപ്പെട്ടത്. പിന്നീട് വന്ന ബൈഡൻ സർക്കാർ കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് ഈ ചുങ്കം വ്യാപിപ്പിച്ചു; അതിനെ നിലനിർത്തി. ഈ വ്യാപാര യുദ്ധം വീണ്ടും തുടരുമെന്നതിൽ സംശയമില്ല. ഇത് ചൈനയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ എങ്ങനെ സ്വാധീനിക്കും എന്നാണ് കാണേണ്ടത്.
ഈ നയത്തിന് പിന്നിലെ പ്രധാന ഉദ്ദേശം ആഗോള ഇറക്കുമതി വർധിച്ചതോടെ അമേരിക്കയുടെ ഉത്പാദന രംഗത്ത് നഷ്ടമായ ജോലി സാധ്യതകളെ തിരിച്ചു കൊണ്ടുവരുന്നതിനാണ്. അതുകൊണ്ട് തന്നെ വ്യാപകമായ രീതിയിൽ അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് പിന്തുണ കിട്ടും.
ഈ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അറുപതു ശതമാനത്തിന് മുകളിൽ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രസംഗിച്ചത്. അതുപോലെ തന്നെ അടുത്ത നാല് വർഷത്തിനുള്ളിൽ ചൈനയിൽ നിന്നുള്ള ആവശ്യ സാധനങ്ങളുടെ ഇറക്കുമതി പൂർണമായും ഇല്ലാതാക്കുന്ന പദ്ധതിയും ട്രംപ് ക്യാമ്പ് മുന്നോട്ട് വെച്ചിരുന്നു. സമാനമായി കൂടുതൽ നിയന്ത്രണങ്ങൾ ചൈനക്ക് മേൽ ചുമത്തുമെന്നും അവകാശപ്പെട്ടിരുന്നു. മാത്രമല്ല, ചൈനീസ് നിക്ഷേപങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
രണ്ടാമതായി, തായ്‌വൻ നിലപാട് ആണ്. ചൈന സ്വന്തം പ്രദേശമായി കണക്കാക്കുന്ന എന്നാൽ സ്വതന്ത്ര അധികാരമുള്ള തായ്‌വാനിലെ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നൽകാൻ അമേരിക്ക ശ്രമിക്കും. അമേരിക്ക തായ്‌വാനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല, ചൈനയെ ഔദ്യോഗികമായി അംഗീകരിച്ചതിനും നയതന്ത്ര ബന്ധം ആരംഭിച്ചതിനും ശേഷം ഒരു അമേരിക്കൻ പ്രസിഡന്റും തായ്‌വാനിലെ ഒരു നേതാവുമായും നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഇതേ അമേരിക്ക തന്നെയാണ് തായ്‌വാന്റെ ഏറ്റവും വലിയ ആയുധ-സാമ്പത്തിക പങ്കാളി.
അമേരിക്കയുടെ തായ്‌വാൻ പോളിസി അതിശക്തമായ ചൈന വിരുദ്ധ നിലപാട് കൂടെയാണ്. എന്നാൽ ട്രംപ് ചൈനക്ക് എതിരെ തായ്‌വാന് സൈനിക പിന്തുണ നൽകുമെന്ന് അനുമാനിക്കാനാവില്ല. ജപ്പാൻ, കൊറിയ, തായ്‌വൻ, സൗത്ത് ചൈന സീ, മാലാക്കി കടലിടുക്ക്, ക്വഡ് തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ മേഖലയിലെ അമേരിക്കൻ നയം കൂടുതൽ ചൈന കേന്ദ്രീകൃതമാണ്. സമാനമായി ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കൻ സ്വാധീനവും ചൈന സ്വാധീനത്തിൽ നിന്നും മുക്തമല്ല.
REPRESENTATIVE IMAGE | WIKI COMMONSഇത്തരത്തിൽ നിരവധിയായ പോർമുഖങ്ങളിൽ ചൈനയും അമേരിക്കയും നേർക്ക് നേർ നിൽക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവ് ഈ പോർമുഖങ്ങളെ സജീവമാക്കുമെന്നതിൽ സംശയമില്ല. 2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രത്യേകിച്ച് ട്രംപിന്റെ വിജയം ചൈനയെ കൂടുതൽ ആഴത്തിൽ നയതന്ത്ര ഇടപെടലിന് പ്രേരിപ്പിക്കുന്നതാണ്. വലിയൊരു വ്യാപാര യുദ്ധം ചൈന ആഗ്രഹിക്കാനിടയില്ല. ഷി ജിങ്പിങ് മികച്ച സാമ്പത്തിക ഡീൽ മുന്നോട്ടു വെച്ചാൽ വാഷിങ്ടൺ കൂടുതൽ ചർച്ചക്ക് സാഹചര്യമൊരുക്കും എന്നു പ്രതീക്ഷിക്കാം.
ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധം ലോകത്തെയാകെ ബാധിക്കുന്നതാണ്. ട്രംപ് നയത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചൈനീസ് നയതന്ത്ര വിദഗ്ദരുടെ പുതിയ വെല്ലുവിളി. ആഭ്യന്തര തൊഴിൽ സാധ്യതകളെ വർധിപ്പിക്കേണ്ട ആവശ്യം ഇരുരാജ്യങ്ങൾക്കും ഉണ്ട്. അതിനെ ഫലപ്രദമായി അഭിസംബോധന ചെയ്തുവേണം ഇരു രാജ്യങ്ങളും തങ്ങളുടെ വിദേശനയവും സാമ്പത്തിക നയവും രൂപപ്പെടുത്താൻ.
പശ്ചിമേഷ്യ
യുക്രൈനിലെന്നപോലെ, പശ്ചിമേഷ്യയിൽ "സമാധാനം" കൊണ്ടുവരുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട് - ഇസ്രായേൽ- പലസ്തീൻ യുദ്ധവും ലെബനനിലെ ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധവും അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. എങ്കിലും യുദ്ധ സമാനമായ ഒരു സാഹചര്യത്തെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.
താൻ അധികാരത്തിലിരുന്നെങ്കിൽ ജോ ബൈഡനെക്കാൾ മികച്ച രീതിയിൽ ഇസ്രയേൽ - പലസ്തീൻ പ്രശ്നം കൈകാര്യം ചെയ്തിരുന്നേനെ എന്നും, ഇറാന് എതിരായുള്ള തൻ്റെ “സമ്മർദ്ദ” നയം കാരണം ഹമാസ് ഇസ്രായേലിനെ ആക്രമിക്കില്ലായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന തന്റെ പഴയ നിലപാടിന്റെ ആവർത്തനം ആയിരിക്കും ഇത്തവണയും ഉണ്ടാകുക.
ഡൊണാള്‍ഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും| PHOTO: FACEBOOKതന്റെ ആദ്യ ഭരണ കാലയളവിൽ, ട്രംപ് ശക്തമായ ഇസ്രായേൽ അനുകൂല നയങ്ങൾ നടപ്പാക്കുകയും, ജറുസലേമിനെ ഇസ്രായേലിൻ്റെ തലസ്ഥാനമായി നാമകരണം ചെയ്യുകയും യുഎസ് എംബസി ടെൽ അവീവിൽ നിന്ന് അവിടേക്ക് മാറ്റുകയും ചെയ്തിരുന്നു- ഇത് ട്രംപിൻ്റെ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ അടിത്തറയെ വർദ്ധിപ്പിക്കുകയും ഒരു പ്രധാന വോട്ടർ ഗ്രൂപ്പായി ഇത് മാറുകയും ചെയ്തിരുന്നു.
വൈറ്റ് ഹൗസിൽ ഇസ്രയേലിനു ലഭിച്ചിട്ടുള്ള ഏറ്റവും നല്ല സുഹൃത്താണ് ട്രംപെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ മേഖലയിലെ യുഎസ് നയം, യുക്രൈൻ-റഷ്യ പോളിസിയിൽ നിന്നും വ്യത്യസ്തമായിരിക്കും.
ട്രംപും ലാറ്റിൻ അമേരിക്കയും
ട്രംപിൻ്റെ വിജയം നിരവധി ലാറ്റിനമേരിക്കൻ സർക്കാരുകളുമായുള്ള യുഎസ് ബന്ധത്തെ പുനർനിർവചിക്കാനിടയുണ്ട്. അതിർത്തി നിയന്ത്രണം, കുടിയേറ്റ നയം, ലഹരിമരുന്നിനു എതിരായ യുദ്ധം, സമീപപ്രദേശങ്ങൾ, യുഎസ്-ചൈന ബന്ധങ്ങൾ എന്നിവ ദ്വിരാഷ്ട്ര അജണ്ടയിലെ കേന്ദ്ര വിഷയങ്ങളായി മാറും.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രസീലുമായുള്ള ബന്ധം മുൻഗണനാ പട്ടികയിൽ അപ്രധാന സ്ഥാനത്താണ്, ഇത് ബദൽ ആഗോള സഖ്യങ്ങളുടെ രൂപീകരണത്തെ ത്വരിതപ്പെടുത്തും, ഉദാഹരണമായി ബ്രിക്സ് കൂട്ടായ്മയുടെ പുതിയ മുന്നേറ്റങ്ങൾ ട്രംപിനെ ആലോസരപ്പെടുത്തുന്നുണ്ട് എന്ന് പറയാതെ വയ്യ.
ലാറ്റിൻ അമേരിക്കയിലെ ഇടതു വസന്തത്തെ വെട്ടി ഒതുക്കാനുള്ള അമേരിക്കൻ ശ്രമങ്ങൾ നിർബാധം തുടരും എന്നതിൽ സംശയമില്ല. വെനസ്വേല, ക്യൂബ തുടങ്ങിയ രാജ്യങ്ങളുടെ മേലുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും മാറ്റും എന്നും പ്രതീക്ഷിക്കാനാകില്ല.
REPRESENTATIVE IMAGE | WIKI COMMONS2022 ലെ കണക്കുകൾ പ്രകാരം ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ള ഏകദേശം 64 ദശലക്ഷം ആളുകൾ യുഎസിൽ താമസിക്കുന്നുണ്ട്, ഇത് യുഎസിലെ അഞ്ചിലൊന്ന് പൗരന്മാരെയും രണ്ടാമത്തെ വലിയ വംശീയ വിഭാഗത്തെയും പ്രതിനിധീകരിക്കുന്നു. നിലവിലെ വോട്ടിങ് വിഹിതത്തിൽ ലാറ്റിൻ അമേരിക്കൻ പൈതൃകമുള്ള യുഎസ് പൗരന്മാർ 15% അല്ലെങ്കിൽ ഏകദേശം 36 ദശലക്ഷം വോട്ടർമാരാണ്. ചരിത്രപരമായി, ഈ ഗ്രൂപ്പ് ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് ചായ്‌വുള്ളവരാണ്. പ്രചാരണത്തിലുടനീളം ലാറ്റിനമേരിക്കയിൽ നിന്നുള്ള കുടിയേറ്റത്തെ ട്രംപ് പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ 2024-ൽ ട്രംപിനുള്ള ലാറ്റിനോകളുടെ പിന്തുണ ഗണ്യമായി വർദ്ധിച്ചു എന്നതാണ് ഇതിലെ വിരോധാഭാസം.
ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നുമായി പോലും ഒന്നാമത്തെ ട്രംപ് ഭരണകൂടം ആശയവിനിമയം സാധ്യമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി, 2018 ജൂണിൽ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് ഒരു ഉത്തര കൊറിയൻ ഭരണാധികാരിക്ക് ഹസ്തദാനം ചെയ്യുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ഇങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങൾ പലതും ഒന്നാമത്തെ ട്രംപ് സർക്കാരിൽ കണ്ടിരുന്നു. വരാനിരിക്കുന്ന സർക്കാരിലും ലോകത്തെ അത്ഭുതപ്പെടുത്തുന്ന ട്രംപ് തന്ത്രങ്ങൾ ലോകഗതിയെ നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും എന്നതിൽ സംശയമില്ല. പക്ഷേ, അതെങ്ങനെയായിരിക്കും എന്നത് കണ്ടറിയേണ്ടതാണ്.
#outlook
Leave a comment

