TMJ
searchnav-menu
post-thumbnail

Outlook

തോക്കിന്‍ മുനയിലെ ട്രമ്പും അക്രമ രാഷ്ട്രീയവും

17 Sep 2024   |   3 min Read
കെപി സേതുനാഥ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റും നവംബറിലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രമ്പ് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ കൊലപാതക ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട വാര്‍ത്ത ചൂടുള്ള ചര്‍ച്ചയായി. പതിവ് പോലെ പ്രസിഡന്റ് ജോ ബൈഡന്‍ മുതല്‍ ഇലോണ്‍ മസ്‌ക് മുതലായ പ്രമുഖര്‍ വരെ ട്രമ്പ് സുരക്ഷിതനായിരിക്കുന്നതില്‍ ആശ്വാസവും ആഹ്‌ളാദവും പ്രകടിപ്പിച്ചു. അക്കൂട്ടത്തില്‍ എല്ലാവരും പറഞ്ഞ കാര്യം അക്രമ രാഷ്ട്രീത്തിന് അമേരിക്കയില്‍ സ്ഥാനമില്ലെന്ന കാര്യമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ  പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ച വിവേക് രാമസ്വാമി എന്ന ഇന്ത്യന്‍ അമേരിക്കക്കാരന്‍ മുതല്‍ ബൈഡന്‍ വരെ അക്രമ രാഷ്ട്രീയത്തിനെതിരെ വാക്കുകളാല്‍ വാളും പരിചയുമുയര്‍ത്തി. ഇത്തരത്തിലുള്ള അക്രമം 'അണ്‍ അമേരിക്കന്‍' ആണെന്നായിരിന്നു രാമസ്വാമിയുടെ X ഗദ്ഗദം.'വളര്‍ന്നു വരുന്ന ഈ അക്രമ രാഷ്ട്രീയ അക്രമത്തിന്റെ പാറ്റേണ്‍ അവസാനിപ്പിക്കണം. അത് അസ്വീകാര്യമാണ്. അണ്‍ അമേരിക്കനുമാണ്' അദ്ദേഹം X-ല്‍ കുറിച്ചു.

ട്രമ്പിനെ വെല്ലുന്ന അതി തീവ്രവാദങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഖ്യാതി നേടിയ രാമസ്വാമി പെട്ടെന്ന് അഹിംസ വാദിയായത് കൗതുകകരമാണ്. പക്ഷെ ഹിംസ അമേരിക്കന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന രാമസ്വാമി വാദത്തിലെ ഭംഗിയില്ലായ്മ പറയാതെ വയ്യ. ഒറ്റ നോട്ടത്തില്‍ അമ്പരപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ അഹിംസ വാദം. ജനസംഖ്യയേക്കാള്‍ തോക്കുകള്‍ ഉള്ള ഒരു രാജ്യത്തിന്റെ പ്രസിഡന്റ് പദവി മോഹിച്ച വ്യക്തിയെന്ന നിലയില്‍ കുറച്ചു കൂടി യാഥാര്‍ഥ്യബോധമാവാം എന്ന് തോന്നുന്നു. ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ തത്സമയ സംപ്രേഷണത്തിന് പണവും പടക്കോപ്പും യഥേഷ്ടം നല്‍കുന്ന ബൈഡന് അതൊരു വിഷയമല്ല.

ഡൊണാള്‍ഡ് ട്രമ്പ് | PHOTO : WIKI COMMONS
നമ്മള്‍ ഇപ്പോള്‍ തിരിച്ചറിയുന്ന അമേരിക്കയുടെ ആവിര്‍ഭാവം അമേരിക്കയിലെ ആദിമ നിവാസികളുടെ സംഘടിതമായ വംശഹത്യയിലൂടെയായിരിന്നു. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയില്‍ കാലുകുത്തുന്നതിനും (1492)  മുമ്പുള്ള അമേരിക്കന്‍ ജനസംഖ്യ 60 ദശലക്ഷമായിരുന്നു. എന്നാല്‍ ഒരു നൂറ്റാണ്ടു കഴിയുമ്പോള്‍ 1600 കളോടെ അതില്‍ 90 ശതമാനവും ഇല്ലാതായി. ഇന്നത്തെ അമേരിക്കയും, ലാറ്റിന്‍ അമേരിക്കയും ചേര്‍ന്ന ഒരു പ്രദേശത്തിന്റെ കണക്കാണ് ഇത്. മൊത്തം ജനസംഖ്യ എത്രയായിരുന്നുവെന്ന കണക്കുകള്‍ ഇല്ലത്തതിനാല്‍ തന്നെ എത്രപേര്‍ ഇല്ലാതായെന്ന കണക്കുകളും വെറും ഊഹങ്ങള്‍ മാത്രമാണ്.

ഏതായാലും അമേരിക്കയിലെ ആദിമ നിവാസികളുടെ ഭൂമിയും സമ്പത്തും വെട്ടിപ്പിടിച്ച യൂറോപ്യന്‍ അധിനിവേശം ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഒന്നായിരുന്നു. മേല്‍പ്പറഞ്ഞ ഹിംസ സൃഷ്ടിച്ച രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്‌കാരികവും, പാരിസ്ഥിതികവുമായ ദുരന്തങ്ങളെ പറ്റി അമേരിക്കയടക്കമുള്ള ദേശങ്ങളില്‍ രൂപമെടുത്ത സെറ്റ്‌ലര്‍ കൊളോണിയലിസത്തെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍  വെളിച്ചം പകരുന്നു. എന്നോ കഴിഞ്ഞുപോയ ഒന്നാണ് സെറ്റ്‌ലര്‍ കൊളോണിയലിസവും അതിന്റെ ഭാഗമായ ഹിംസയുമെന്ന കാഴ്ചപ്പാടിനെ നിരന്തരം ചോദ്യം ചെയ്യുന്നതാണ് അത്തരം പഠനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാന വാദഗതി. എന്നോ കഴിഞ്ഞു പോയ ഒന്നല്ല എന്നതിന് പകരം ഇപ്പോഴും തുടരുന്ന ഒന്നാണ് അധിനിവേശ ഹിംസയെന്ന വീക്ഷണം വര്‍ത്തമാനകാലത്തെ പല സാമൂഹ്യ തിന്മകളെയും കുറിച്ചുള്ള പഠനങ്ങളുടെ രീതിശാസ്ത്രത്തെ  മനസ്സിലാക്കുവാന്‍ സഹായിക്കുന്നതാണ്. സെറ്റ്‌ലര്‍ കൊളോണിയല്‍ ഹിംസയുടെ ലക്ഷണമൊത്ത ഇടങ്ങളിലൊന്നായി വര്‍ത്തമാനകാലത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന പഠനങ്ങള്‍ അതിന്റെ ഭാഗമാണ്.    

രാഷ്ട്രീയ അക്രമം അണ്‍അമേരിക്കന്‍ ആണെന്ന രാമസ്വാമിയുടെ പ്രസ്താവനയിലെ വൈരുദ്ധ്യം  ചൂണ്ടിക്കാണിക്കുന്നതിനാണ് ഈ പഴയ ചരിത്രം അല്‍പ്പം പറഞ്ഞത്. എന്നാല്‍ ഈ പഴമ്പുരാണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്നും അമേരിക്ക മാത്രമല്ല ലോകമാകെ മാറിയെന്നും വിശ്വസിക്കുന്ന തലമുറയുടെ പ്രതിനിധിയാണ് രാമസ്വാമി എന്ന് കരുതുന്നവര്‍ ധാരാളമാണ്. വാദത്തിന് വേണ്ടി അവരുടെ വീക്ഷണം അംഗീകരിച്ചാല്‍ പോലും രാമസ്വാമിയുടെ പ്രസ്താവനയുമായി യോജിക്കുവാന്‍ ബുദ്ധിമുട്ടാണ്.

വിവേക് രാമസ്വാമി | PHOTO : WIKI COMMONS
അമേരിക്കയില്‍ ഒരു കൊല്ലം വെടിയേറ്റു മരിക്കുന്നവരുടെ എണ്ണം ഹിംസയെക്കുറിച്ചുള്ള രാമസ്വാമിയുടെ പ്രസ്താവനയുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നു. 2023-ല്‍ 43,000-ത്തിലധികം പേരാണ് തോക്കുമായി ബന്ധപ്പെട്ട ഹിംസയില്‍ കൊല്ലപ്പെട്ടത്. അതായത് ദിവസവും 118 പേര്‍ അമേരിക്കയില്‍ വെടിയേറ്റു മരിക്കുന്നു. അമേരിക്കയില്‍ അകാലമരണത്തിന്റെ പ്രധാന കാരണം തോക്കുപയോഗിച്ചുള്ള അക്രമമാണെന്ന് ദി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനം 2024 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. തോക്കുകൊണ്ടുള്ള അകാല മരണം 2010-2020 കാലഘട്ടത്തില്‍ 43 ശതമാനം വളര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഗണ്‍ വയലെന്‍സ് അമേരിക്കയിലെ ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയായി അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ഡോ വിവേക് മൂര്‍ത്തി 2024 ജൂണില്‍ പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ 54 ശതമാനം പേരോ അവരുടെ ബന്ധുക്കളോ തോക്കുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഹിംസാന്മക സംഭവങ്ങള്‍ അനുഭവിച്ചവരാണ്. അമേരിക്കയില്‍ ഏറ്റവുമധികം കുട്ടികളും,  കൗമാരക്കാരും ഇപ്പോള്‍ മരണമടയുന്നത് വെടിയേറ്റിട്ടാണ്. അമേരിക്കന്‍ സ്‌കൂളുകളില്‍ വ്യാപകമാവുന്ന മാസ്സ് ഷൂട്ടിംഗ് സംഭവങ്ങളുടെ കണക്കുകള്‍ അതിന്റെ തെളിവായി കണക്കാക്കാം. 2010-ല്‍ വെറും 13 സ്‌കൂള്‍ വെടിവെപ്പുകള്‍ 2023-ല്‍ 83 ആയി ഉയര്‍ന്നു.    
2024: 45
2023: 82
2022: 79
2021: 73
2020: 22 (Pandemic school closures)
2019: 52
2018: 44
2017: 42
2016: 51
2015: 37
2014: 36
2013: 26
2012: 13
2011: 15
2010: 13

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ജനങ്ങളെക്കാള്‍ തോക്കുകള്‍

അമേരിക്കയിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണ് അവിടെയുള്ള തോക്കുകളുടെ എണ്ണം. 34.5 കോടിയാണ് അവിടുത്തെ  ജനസംഖ്യ. തോക്കുകളുടെ എണ്ണം 39.3 കോടിയും. അതായത് 100 അമേരിക്കക്കാര്‍ക്ക് 120 തോക്കുകള്‍ എന്നാണ് ചില പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഒന്ന് പറഞ്ഞു രണ്ടാമത്തതിന് തോക്കെടുക്കുക എന്നത് ഒരു വിഭാഗം അമേരിക്കക്കാരുടെ ജീവിത ശൈലി ആയിരിക്കുന്നു. അതിനുള്ള ഉത്തരവാദി ഗണ്‍ ലോബിയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവുമധികം ഫണ്ട് നല്കുന്ന പ്രധാനികളില്‍ ഗണ്‍ ലോബിയെ മറക്കാവുന്നതല്ല. അതിനാല്‍ തോക്ക് വാങ്ങുന്നതില്‍ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നതിനെ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകും.

ബൈഡനും രാമസ്വാമിയും പോലുള്ളവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തില്‍ അന്തസ്ഥിതമായ ഹിംസ അമേരിക്കയെ ലോകത്തിലെ ഏറ്റവും അക്രമാസക്തമായ സമൂഹമാക്കിയിരിക്കുന്നു. എന്നാല്‍ തങ്ങളാണ് ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹമെന്ന മിഥ്യയില്‍ അഭിരമിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ  ജെഫ്റി ക്ലെയര്‍ ഇക്കാര്യം വ്യക്തമായി പറയുന്നു;  'അക്രമമാണ് അമേരിക്കയുടെ പ്രധാന കയറ്റുമതി. രക്തച്ചൊരിച്ചിലിനോടുള്ള നിസ്സംഗത നമ്മുടെ ദേശീയ സ്വാഭാവമാണ്'. അമേരിക്കയിലെ വ്യവസ്ഥാപിത രാഷ്ട്രീയ നേതൃത്വം ഒരിക്കലും അത് സമ്മതിക്കില്ല. വ്യവസ്ഥാപിത രാഷ്ട്രീയത്തിലെ അകത്തളങ്ങളില്‍ വെടിയൊച്ച മുഴങ്ങുമ്പോള്‍ പ്രകടിപ്പിക്കുന്ന 'അഹിംസ വാദം' വെറും പൊയ് വെടികള്‍ മാത്രം.

 

 

 

 

 

#outlook
Leave a comment