TMJ
searchnav-menu
post-thumbnail

Outlook

ട്രമ്പ് കുറ്റവാളി: ശിക്ഷ ജൂലൈ 11 ന് വിധിക്കും

01 Jun 2024   |   3 min Read
K P Sethunath

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് സിറ്റി കോടതി വിധിച്ചു. ട്രമ്പിനെതിരായ 34 കുറ്റങ്ങളും കോടതി ശരിവച്ചു. ശിക്ഷ ജൂലൈ 11 ന് പ്രഖ്യാപിക്കും. 2024-നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രമ്പ് ആയിരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തിലാണ് കോടതി വിധി. എന്നാല്‍ വിധി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെയോ വിജയ സാധ്യതകളെയോ ബാധിക്കില്ലെന്നാണ് പ്രാഥമിക സൂചനകള്‍. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഒരു വ്യക്തി കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുന്ന ആദ്യ കോടതി വിധിയാണിത്. 12 പേരടങ്ങുന്ന ജൂറിയിലെ ജുവാന്‍ മെര്‍ച്ചനെന്ന ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്.

പോണ്‍ സിനിമകളില്‍ അഭിനയിക്കുന്ന സ്റ്റോമി ഡാനിയേല്‍ എന്ന യുവതിയുമായുള്ള ലൈംഗിക ബന്ധം പുറത്ത് പറയാതിരിക്കുവാന്‍ രഹസ്യമായി അവര്‍ക്ക് പണം നല്‍കിയതാണ് ട്രമ്പിനെതിരെയുള്ള പ്രധാന കുറ്റം. പണം നല്‍കിയത് മറച്ചുപിടിക്കുന്നതിനായി രേഖകളില്‍ കൃത്രിമം നടത്തുകയും നശിപ്പിക്കുകയും ചെയ്തതാണ് മറ്റുള്ള കുറ്റങ്ങള്‍. 2016-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വേളയില്‍ 1,30,000 ഡോളര്‍ തന്റെ അന്നത്തെ വക്കീലായിരുന്ന മൈക്കല്‍ കോഹന്‍ വഴി സ്റ്റോമി ഡാനിയേലിന് നല്‍കിയതാണ് 34 കുറ്റകൃത്യങ്ങള്‍ അടങ്ങിയ കേസ്സായി മാറിയത്.

ഡൊണാള്‍ഡ് ട്രമ്പ് | PHOTO: FACEBOOK
ട്രമ്പിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധിയെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന മത-വംശീയ വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശിച്ചിട്ടുണ്ട്. അന്യായമാണ് നടന്നതെന്ന് അവര്‍ പരിതപിക്കുന്നു. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ ഇലോണ്‍ മസ്‌കിന്റെ പ്രതികരണം ഉദാഹരണമാണ്. കോടതിവിധി അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചുവെന്നാണ് മസ്‌ക് പറയുന്നത്. രാഷ്ട്രീയപ്രേരിതമായ വിചാരണ ഇത്തരം ചെറിയ കാര്യങ്ങളുടെ പേരില്‍ നടക്കുകയാണെങ്കില്‍ ആരും സുരക്ഷിതരല്ല എന്നും അദ്ദേഹം ആശങ്കപ്പെടുന്നു.    

വിചാരണയുടെ പേരില്‍ നാണംകെട്ട തട്ടിപ്പാണ് നടന്നതെന്നാണ് കോടതി വിധിയെക്കുറിച്ചുള്ള ട്രമ്പിന്റെ പ്രതികരണം. ജനങ്ങളുടെ യഥാര്‍ത്ഥ വിധി നവംബര്‍ നാലിന് ഉണ്ടാവും. ഇവിടെ എന്ത് സംഭവിച്ചുവെന്ന് അവര്‍ക്കറിയാം', ട്രമ്പ് പറഞ്ഞു. രേഖകളില്‍ കൃത്രിമം കാണിക്കുന്നത് നാലുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔപചാരികമായി പ്രഖ്യാപിക്കുന്നതിനും നാല് ദിവസങ്ങള്‍ മുമ്പുള്ള ജൂലൈ 11-നാണ് ട്രമ്പിനുള്ള ശിക്ഷ കോടതി വിധിക്കുക. തടവുശിക്ഷ ലഭിക്കാന്‍ ഇടയില്ലെന്നും പിഴയോ, കമ്മ്യൂണിറ്റി സേവനമോ ചേര്‍ന്നതായിരിക്കും ശിക്ഷയെന്നും കരുതപ്പെടുന്നു.


സ്റ്റോമി ഡാനിയേല്‍ | PHOTO: FACEBOOK
സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്ന സ്റ്റോമി ഡാനിയേല്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ക്ലബ്ബുകളിലും മറ്റും എക്സോട്ടിക് നൃത്തങ്ങള്‍ അവതരിപ്പിക്കുമായിരുന്നു. 23 വയസ്സായതോടെ പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള സിനിമകളില്‍ അഭിനയിച്ചു. 150-ഓളം സിനിമകള്‍ സംവിധാനം ചെയ്തു. അവയില്‍ പലതും പോണ്‍ സിനിമകള്‍ക്കുള്ള ബഹുമതികള്‍ നേടി. 2006-ല്‍ ഒരു സെലിബ്രിറ്റി ഗോള്‍ഫ് വേദിയില്‍ സ്റ്റോമി ഡാനിയേല്‍ ട്രമ്പിനെ ആദ്യമായി കാണുന്നു. അത്താഴം കഴിക്കുന്നു. കിടപ്പറയില്‍ എത്തുന്നു. 2011-ല്‍ ഈ കഥ 15,000 ഡോളര്‍ പ്രതിഫലം വാങ്ങി സ്റ്റോമി ഡാനിയേല്‍ ഒരു പ്രസിദ്ധീകരണത്തിന് നല്‍കുന്നു. പക്ഷേ അത് വെളിച്ചം കണ്ടില്ല. 2016-ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ട്രമ്പ് ഇറങ്ങിയതോടെ സ്റ്റോമി തന്റെ കഥ വീണ്ടും പൊടി തട്ടിയെടുത്തു. അതാണ് മൈക്കല്‍ കോഹനില്‍ നിന്നും 1,30,000 ലക്ഷം ഡോളറില്‍ എത്തിയത്. രഹസ്യമായി പണം നല്‍കി കേസ്സ് ഒതുക്കുന്നത് അമേരിക്കയില്‍ കുറ്റകരമല്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം കാട്ടുന്നതും അനുബന്ധ നടപടികളും കുറ്റകരമാണ്.

കേസ്സുകളുടെ എണ്ണം കൂടുന്തോറും പോപ്പുലാരിറ്റി കൂടുന്ന വിചിത്രമായ പ്രവണത തുടരുകയാണെങ്കില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന് വലിയ ആശങ്കയുണ്ടാവില്ല. എന്നാലും ഏറ്റവും ഒടുവില്‍ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ കോടതി കുറ്റക്കാരനായി വിധിക്കുകയാണെങ്കില്‍ ട്രമ്പിനെ ഇപ്പോള്‍ പിന്തുണയ്ക്കുന്നവരില്‍ നാല് ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്ന് അഭിപ്രായപ്പെട്ടതായി അസ്സോസിയേറ്റഡ് പ്രസ് ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 16 ശതമാനം പേര്‍ അവരുടെ പിന്തുണ പുനഃപരിശോധിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ പ്രതികരണങ്ങള്‍ പെട്ടെന്നുള്ളവയാണെന്നും അവയുടെ ഗൗരവം എത്രത്തോളമുണ്ടെന്നുള്ള കാര്യം കൂടുതല്‍ നിഷ്‌ക്കര്‍ഷമായ പരിശോധന ആവശ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പും നല്‍കുന്നു.

REPRESENTATIVE IMAGE | WIKI COMMONS
ട്രമ്പിന്റെ പേരില്‍ മൂന്ന് ക്രിമിനല്‍ കേസ്സുകള്‍ കൂടി വിചാരണ കാത്ത് കഴിയുന്നു. പ്രസ്തുത കേസ്സുകളുടെ നിയമസാധുതയെ പറ്റി ട്രമ്പ് നല്‍കിയ അപ്പീലുകളില്‍ തീര്‍പ്പാവാതെ അവയില്‍ വിചാരണ തുടങ്ങില്ല. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ആ കേസ്സുകളില്‍ വിചാരണ തുടങ്ങുന്നതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് കണക്കാക്കപ്പെടുന്നു.

ട്രമ്പിന് എതിരായ കേസ്സില്‍ ഉറച്ചുനിന്ന സ്റ്റോമി ഡാനിയേലിന് വീര നായികയുടെ പരിവേഷമാണ് അമേരിക്കയില്‍ ലഭിക്കുന്നത്. അമേരിക്കയെ ഒരു പോണ്‍ താരം രക്ഷിച്ചുവെന്ന് പൊതുവെ കരുതപ്പെടുന്നു. നാണം മറയ്ക്കാന്‍ ഒരു ദേശീയ പതാക പോലുമില്ലെന്ന 1970 കളിലെ ഇന്ത്യയെക്കുറിച്ചുള്ള കവിത ഇപ്പോള്‍ എങ്ങനെ പാടാനാവും. ഖജുരാവോ ശില്പങ്ങളുടെ നാട്ടില്‍ ചങ്കുറപ്പുള്ള ഒരു പോണ്‍ താരം പോലും ഇല്ലെന്നാവും ഒരുപക്ഷേ അതിന്റെ വരികള്‍.

 

#outlook
Leave a comment