
ട്രംപിന്റെ നികുതി ഭീഷണികളും, ഇന്ത്യൻ വാണിജ്യവും
ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയൽ ഒരാഴ്ച നീണ്ട അമേരിക്കൻ സന്ദർശനത്തിന് ശേഷം ശനിയാഴ്ച വാഷിങ്ടണിൽ നിന്നും തിരിച്ചെത്തി. ഉയർന്ന നികുതിയെ കുറിച്ചുള്ള ട്രംപിന്റെ ഭീഷണികൾ മാറ്റി നിർത്തിയാൽ, ദിവസങ്ങൾ കാത്തു കിടന്നതിന് ശേഷമാണ് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി ഗോയലിന് കൂടിക്കാഴ്ച തരപ്പെട്ടതെന്ന് വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതാണ് വാണിജ്യമന്ത്രിയുടെ അമേരിക്ക സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന വിശേഷം.
അമേരിക്കൻ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഇറക്കുമതി ചുങ്കം ഇന്ത്യ ഗണ്യമായി കുറയ്ക്കാത്ത പക്ഷം ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അമേരിക്ക ഗണ്യമായി നികുതി ചുമത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഗോയൽ അമേരിക്ക സന്ദർശിക്കുന്നത്. ആഴ്ചയിലേറെ നീണ്ട സന്ദർശനത്തിനിടെ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായും, വ്യാപാര പ്രതിനിധി ജെയിംസൺ ഗ്രിയർറുമായും ഗോയൽ ചർച്ചകൾ നടത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് എക്കണോമിക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയും, അമേരിക്കയും ഉഭയകക്ഷി വ്യാപാര കരാർ ചർച്ച ചെയ്യാൻ പദ്ധതിയിടുന്നതിനാൽ ഗോയലിന്റെ സന്ദർശനത്തിന് പ്രാധാന്യമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.പിയുഷ് ഗോയൽ | PHOTO : WIKI COMMONS
അതേ സമയം, ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തിൽ ട്രംപും, അമേരിക്കൻ ഭരണകൂടവും തങ്ങളുടെ കടുംപിടിത്തങ്ങളിൽ ഒരു വിധത്തിലുളള വിട്ടുവീഴ്ചകൾക്കും തയ്യാറല്ല എന്ന സന്ദേശമാണ് പൊതുവെ ലഭിക്കുന്നത്. ഇക്കാര്യത്തിൽ ഗോയലിന്റെ സന്ദർശനം മൂലം കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല ഇന്ത്യ നികുതികൾ ഗണ്യമായി കുറയ്ക്കാൻ തയ്യാറായതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെടുകയും ചെയ്തു.
മാർച്ച് ഏഴിന് വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ "വൻ" തീരുവ ചുമത്തുന്ന പ്രശ്നം വീണ്ടും ഉന്നയിച്ചു. എന്ന് മാത്രമല്ല തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായി പ്രഖ്യാപിച്ചു. "അവർ സമ്മതിച്ചു - ഇപ്പോൾ താരിഫ് കുറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. കാരണം, അവർ ചെയ്ത കാര്യങ്ങൾ ഒടുവിൽ തുറന്നുകാട്ടുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.ഡൊണാൾഡ് ട്രംപ് | PHOTO : WIKI COMMONS
ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ തികഞ്ഞ മൗനത്തിലാണ്. ഇന്ത്യയുടെ നിലപാട് ഇക്കാര്യത്തിൽ എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നു.
യുഎസ് സമ്മർദ്ദത്തിന് വഴങ്ങി മോഡി സർക്കാർ ഇന്ത്യൻ കർഷകരുടെയും ചെറുകിട ബിസിനസുകാരുടെയും താൽപ്പര്യങ്ങൾ "അടിയറവ്" വച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. "മോഡി സർക്കാർ എന്താണ് സമ്മതിച്ചത്? ഇന്ത്യൻ കർഷകരുടെയും, ഉൽപ്പാദനങ്ങളുടെയും താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യപ്പെടുകയാണോ? മാർച്ച് 10 ന് പാർലമെന്റ് പുനരാരംഭിക്കുമ്പോൾ പ്രധാനമന്ത്രി പാർലമെന്റിനെ വിശ്വാസത്തിലെടുക്കണം," കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അമേരിക്കയുമായി വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വാഷിങ്ടണിൽ ഉള്ള സമയത്താണ് നികുതികൾ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടത്, അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുടെ ദേശീയവും, തന്ത്രപരവുമായ താൽപര്യങ്ങൾ നിങ്ങൾ തീറെഴുതിയത് എന്തിനാണ്? ഇന്ത്യ നികുതികൾ കുറയ്ക്കാൻ സമ്മതിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോൾ നിങ്ങളുടെ മന്ത്രി പിയുഷ് ഗോയൽ അമേരിക്കയിൽ എന്ത് ചെയ്യുകയായിരുന്നു? പരസ്പര നികുതികൾ (reciprocal tariff) ഏർപ്പെടുത്തിയ ശേഷം നമ്മുടെ നികുതി കുറയ്ക്കുന്നതിന് പകരം പരസ്പര നികുതികൾ അല്ലേ അഭികാമ്യം?" കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗം മേധാവി പവൻ ഖേര മാർച്ച് എട്ടിന് നടത്തിയ മാധ്യമ സമ്മേളനത്തിൽ ചോദിച്ചു.നരേന്ദ്ര മോഡി | PHOTO : WIKI COMMONS
'പ്രധാനമന്ത്രി ഫോണിൽ അദ്ദേഹത്തിന്റെ സുഹൃത്തുമായി (ട്രംപ്) സംസാരിച്ചോ? തങ്ങളുടെ ഏതാനും ഇഷ്ടക്കാരുടെ നേട്ടത്തിനായി മോഡി സർക്കാർ കർഷകരുടെയും, എംഎസ്എംഇകളുടെയും (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) താൽപ്പര്യങ്ങൾ അടിയറവ് വച്ചിട്ടുണ്ടോ? എന്തിനാണ് ഈ സമ്മർദ്ദം? എന്തിനാണ് ഈ ഭയം? എന്തിനാണ് ഈ നിശബ്ദത? എന്തിനാണ് ഈ കീഴടങ്ങൽ?" ഖേര ചോദിച്ചു.
"ഉയർന്ന" ഇറക്കുമതി നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് ആവർത്തിച്ച് കുറ്റപ്പെടുത്തുന്നു. മോഡിയുടെ വാഷിംഗ്ടൺ സന്ദർശനത്തിനിടയിലും ഈ "ആശങ്കകൾ" അമേരിക്കൻ പക്ഷം ഉന്നയിച്ചിരുന്നു. അവ കൈകാര്യം ചെയ്യുന്ന ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടും വെള്ളിയാഴ്ച ട്രംപ് നടത്തിയ പരാമർശങ്ങൾ നികുതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം ഉറപ്പിക്കുന്നതായിരുന്നു. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനുള്ള ചർച്ചകൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. എന്നാൽ, ഏപ്രിൽ രണ്ട് മുതൽ ഇന്ത്യയ്ക്ക് മേൽ പരസ്പര നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് ബുധനാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു.മോഡിയുടെ വാഷിംഗ്ടൺ സന്ദർശനം | PHOTO : WIKI COMMONS
താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായി പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ ഇന്ത്യക്ക് ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകളുള്ള മറ്റുള്ള വികസിത രാജ്യങ്ങളുടെയും ശരാശരി നികുതിയിൽ വെട്ടിക്കുറയ്ക്കൽ നടന്നതായി കോൺഗ്രസ് ആശങ്കപ്പെടുന്നു.
അമേരിക്കയുമായുള്ള എല്ലാ ചർച്ചകളിൽ നിന്നും ഇന്ത്യ പിന്മാറണമെന്നും, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങൾ ചെയ്യുന്നതുപോലെ ട്രംപ് ഭരണകൂടവുമായി ഇടപഴകാൻ തയ്യാറാകണമെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ആവശ്യപ്പെട്ടു.
അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായ വ്യാപാര നിലപാടുകൾ അംഗീകരിക്കാൻ ഇന്ത്യയ്ക്ക് മേൽ കനത്ത സമ്മർദ്ദം അമേരിക്ക ചെലുത്തുന്നുണ്ടെന്ന് ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്തവ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും തെറ്റായ ഡാറ്റ ഉപയോഗിച്ചാണ് ഇന്ത്യയെ വിമർശിക്കുന്നത്. "തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് ട്രംപ് ഇന്ത്യയെ പരസ്യമായി അപമാനിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ സന്തുലിതമായ ഫലം സാധ്യമല്ല. ഇന്ത്യ എല്ലാ ചർച്ചകളിൽ നിന്നും പിന്മാറുകയും മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുപോലെ അവയെ നേരിടാൻ തയ്യാറാകുകയും വേണം," ശ്രീവാസ്തവ ആവശ്യപ്പെട്ടു.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ചുള്ള വിമർശനങ്ങൾ വ്യാപകമായതിനെ തുടർന്ന് 'ഓഫ് ദി റെക്കോർഡ് ' ആയി ഒരു വിശദീകരണം ഔദ്യോഗിക വൃത്തങ്ങൾ ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കി. ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂവെന്നും വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപക്വമാണെന്നും അതിൽ പറഞ്ഞു.ഡൊണാൾഡ് ട്രംപും | നരേന്ദ്ര മോഡിയും | PHOTO : WIKI COMMONS
അടുത്തിടെ ഒപ്പുവച്ച ഉഭയകക്ഷി വ്യാപാര കരാറുകൾ പ്രകാരം ഓസ്ട്രേലിയ, യുഎഇ, സ്വിറ്റ്സർലൻഡ്, നോർവേ തുടങ്ങിയ വികസിത രാജ്യങ്ങൾക്കുള്ള ശരാശരി നികുതി ഇന്ത്യ ഗണ്യമായി കുറച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. "യൂറോപ്യൻ യൂണിയനുമായും, ബ്രിട്ടനുമായും സമാനമായ ചർച്ചകൾ നടക്കുന്നുണ്ട്. അമേരിക്കയുമായി നടക്കുന്ന ചർച്ചകൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
വെള്ളിയാഴ്ച ട്രംപിന്റെ ഏറ്റവും പുതിയ പരാമർശത്തിന് മുമ്പ് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കും ഇന്ത്യ ടുഡേ കോൺക്ലേവിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തപ്പോൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അമേരിക്കയുടെ മനസ്സിലിരുപ്പ് വെളിപ്പെടുത്തുന്നു. പരസ്പര നികുതി ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുന്നുവെങ്കിലും പൊതുവെ നികുതി കുറയ്ക്കുന്ന തീരുമാനത്തിൽ എത്താനാണ് അമേരിക്കയുടെ താൽപ്പര്യമെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.
ഹോവാർഡ് ലുട്നിക്ക് ഇന്ത്യ ടുഡേ കോൺക്ലേവിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തപ്പോൾ | PHOTO : WIKI COMMONS
"ഇന്ത്യയെയും അമേരിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, വലിയ കാര്യങ്ങൾ ചെയ്യാനുള്ള സമയമാണിത്. ഉൽപ്പന്നം അനുസരിച്ചല്ല അത്, മറിച്ച് മുഴുവൻ കാര്യവും ചെയ്യാനുള്ള സമയമാണിത്," ലുട്നിക് പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ തീരുവ പിൻവലിക്കുന്നത് മോഡി സർക്കാരിന് തിരിച്ചടിയാകുമെന്ന് പറഞ്ഞപ്പോൾ, ഇന്ത്യയുടെ കാർഷിക വിപണി "തുറക്കേണ്ടതുണ്ട്, അത് അടച്ചുപൂട്ടാൻ കഴിയില്ല" എന്നായിരുന്നു ലുട്നിക്കിന്റെ പ്രതികരണം..
"നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു, അതായത് അത് ചെയ്യുന്ന സ്കെയിൽ - ഒരുപക്ഷേ ക്വാട്ടകൾ ഏർപ്പെടുത്താം, ഒരുപക്ഷേ പരിധികൾ നിശ്ചയിക്കാം - അങ്ങനെ പല സാധ്യതകളുമുണ്ട്. മേശയുടെ മറുവശത്ത് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളി ഇരിക്കുമ്പോൾ നിങ്ങൾക്ക് മിടുക്കരാകാൻ കഴിയും," അദ്ദേഹം പറഞ്ഞു. "ഇത് ചർച്ചകൾക്ക് പുറത്താണ് എന്ന് പറയാൻ നിങ്ങൾക്ക് കഴിയില്ല. അത് ബിസിനസ്സ് ചെയ്യുന്നതിനുള്ള ആകർഷകമായ ഒരു മാർഗമല്ല," യുഎസ് വാണിജ്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യ-അമേരിക്ക വാണിജ്യം 2030-ഓടെ 500 ബില്യൺ ഡോളറിൽ എത്തിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇപ്പോൾ അത് ഏകദേശം 190 ബില്യൺ ഡോളറാണ്. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി 120 ബില്യൺ ഡോളറും, അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 70 ബില്യൺ ഡോളറുമാണ്. അതായത് ഇന്ത്യക്ക് അനുകൂലമായി ഏകദേശം 50 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചം. അത് അനുവദിക്കാനാവില്ല എന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യ-അമേരിക്ക വാണിജ്യം 500 ബില്യൺ ഡോളറായി വളരണമെന്ന പൂതിയുടെ ഉള്ളുകള്ളികൾ അപ്പോൾ എന്താവും. അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ വാണിജ്യം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികമായി വളരണമെങ്കിൽ അത് ആരുടെ ചെലവിലാകുമെന്നതാണ് ട്രംപിൻറെ നികുതി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഉയരുന്ന പ്രധാന ചോദ്യം.