TMJ
searchnav-menu
post-thumbnail

Outlook

ഉത്തരം കിട്ടാത്ത ചോദ്യാവലികള്‍

25 Jul 2023   |   3 min Read
ജമാല്‍ കൊച്ചങ്ങാടി

ചോദ്യാവലിയിലുണ്ടായ സമീപനമാണല്ലോ ഒരധ്യാപകന്റെ കൈവെട്ടലിലും തുടര്‍ന്നുള്ള സമുദായ സ്പര്‍ധകളിലേക്കും എത്തിച്ചത്. അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ല. എന്നാല്‍, അതിന്ന് പ്രകോപനം സൃഷ്ടിക്കുന്നതും അപകടകരവുമാണ്. ആരാണ് അത് തുടങ്ങിവച്ചതെന്ന അന്വേഷണം പ്രധാനമാണ്. 

കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് ഹൈസ്‌കൂളിലെ ചോദ്യാവലിയില്‍ വൈക്കം മുഹമ്മദ് ബഷീറിനെയും തീവ്രവാദിയായി ചിത്രീകരിക്കുകയാണ് ഒരുകൂട്ടം ആളുകള്‍. പൊതുവെ വിവാദങ്ങളില്‍ നിന്നകന്നു നില്‍ക്കാനാഗ്രഹിക്കുന്നയാളാണ് ഞാന്‍. തര്‍ക്കങ്ങളില്‍പ്പെട്ട് നഷ്ടപ്പെടുത്താനുള്ള ഊര്‍ജ്ജവുമില്ല. എന്നിട്ടും വയസ്സുകാലത്ത് ഒരു വിവാദത്തില്‍പ്പെടേണ്ടി വന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പേരക്കുട്ടിക്ക് കിട്ടിയ ചോദ്യാവലിയിലെ ഒരു പ്രയോഗത്തിലൂടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഒരു ചോദ്യത്തില്‍ അനാവശ്യമായി ഉപയോഗിച്ച തീവ്രവാദി സംഘടനയുടെ മുഖപത്രമായ 'ഉജ്ജീവന'മെന്ന പ്രയോഗമായിരുന്നത്. തീര്‍ച്ചയായും അത് വ്യാജമായ ഒരു ആരോപണമാണ്. അങ്ങനെ ഒരു സംഘടനയും ഉണ്ടായിരുന്നതിന് ചരിത്രത്തില്‍ എവിടെയും തെളിവില്ല.

എന്റെ പിതാവ് പി.എ. സൈനുദ്ദീന്‍ നൈന പ്രസാധകനായും വൈക്കം മുഹമ്മദ് ബഷീര്‍ പത്രാധിപരുമായി പ്രസിദ്ധീകരിച്ച പത്രമായിരുന്നു 'ഉജ്ജീവനം'. ഇരുവരും സ്വാതന്ത്ര്യസമര പോരാളികളുമായിരുന്നു. 
വൈക്കത്തു നിന്നു വൈക്കം മുഹമ്മദ് ബഷീറും കൊച്ചിയില്‍ നിന്ന് സൈനുദ്ദീന്‍ നൈനയും കോഴിക്കോട്ട് എത്തിയാണ് 1930 ല്‍ മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുന്നത്. എന്റെ പിതാവ് സൈനുദ്ദീന്‍ നൈനയുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് ഇ.മൊയ്തു മൗലവി ആത്മകഥയില്‍ പറയുന്നുണ്ട്. നേരിട്ട് എന്നെ കാണുമ്പോഴെല്ലാം ആ ത്യാഗത്തെ കുറിച്ച് വികാരവായ്‌പ്പോടെ അദ്ദേഹം ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു.

സമരത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോഴാണ് ബഷീറും നൈനയും പരിചയപ്പെടുന്നത്. ആ ജയില്‍ ജീവിതത്തെപ്പറ്റി ഓര്‍മ്മയുടെ അറകളില്‍ വിശദമായും സരസമായും ബഷീര്‍ എഴുതിയിട്ടുമുണ്ട്. ആ ഘട്ടത്തിലാണ് ജയില്‍ മോചിതരായി നാട്ടില്‍ ചെന്നാല്‍ ഒരു പത്രം തുടങ്ങണമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുന്നത്.


വൈക്കം മുഹമ്മദ് ബഷീര്‍ | PHOTO: WIKI COMMONS
സഹോദരന്‍ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം മൗലവിയും തമ്മിലുണ്ടായിരുന്നതു പോലെയുള്ള ബന്ധമാണ് ഉജ്ജീവനത്തിന്റെ പത്രാധിപരും പ്രസാധകനും തമ്മിലുണ്ടായിരുന്നത്. ബാപ്പ വേറെയും പത്രം നടത്തി പരിചയമുള്ളയാളായിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ പത്രാധിപര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. പശ്ചിമകൊച്ചിയില്‍ നിന്നാണ് ഉജ്ജീവനം പ്രസിദ്ധീകരിച്ചിരുന്നത്.

ജയില്‍ മോചിതനാകുമ്പോള്‍ തന്നെ സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള ബഷീറിന്റെ സങ്കല്‍പ്പങ്ങള്‍ മാറിയതായും ഭഗത് സിംഗിന്റെ ആശയങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തിയതായും ഓര്‍മ്മയുടെ അറകളില്‍ ബഷീര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഉജ്ജീവനം ഏതെങ്കിലും ഒരു തീവ്രവാദി സംഘടനയുടെ മുഖപത്രമായിരുന്നുവെന്ന് എവിടെയും കണ്ടിട്ടില്ല. പത്രത്തില്‍ വരുന്ന തീപ്പൊരിലേഖനങ്ങള്‍ സഹ പത്രാധിപരായ ദിവാകരനുമായി സൈക്കിളില്‍ കൊച്ചി മുഴുവന്‍ സഞ്ചരിച്ച് ചുമരുകളില്‍ പതിക്കുക പതിവായിരുന്നു. അക്കാലത്ത് തന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ഒരു വാനര സംഘടന പ്രവര്‍ത്തിച്ചിരുന്നുവെന്ന് തമാശയായി ബഷീര്‍ പറയുന്നുണ്ടെന്ന് മാത്രം.  അതൊരു തീവ്രവാദി സംഘടനയാണെന്ന ധ്വനി എവിടെയും കണ്ടിട്ടുമില്ല.

പത്രാധിപര്‍ പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നു എന്ന് മനസ്സിലാക്കിയ പ്രസാധകനാണ് അദ്ദേഹത്തെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നത്. പത്തു വര്‍ഷത്തോളം നീണ്ട ഭാരതപര്യടനത്തിലെ പല അനുഭവങ്ങളും കൊച്ചിയിലെ ഉജ്ജീവനകാല ജീവിതവും ബഷീറിന്റെ സര്‍ഗ്ഗാത്മക ജീവിതത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ധര്‍മ്മരാജ്യം, പട്ടത്തിന്റെ പേക്കിനാവ് തുടങ്ങിയ രാഷ്ട്രീയരചനകളെ 'ഫാഷിസ്റ്റ് കാലത്തെ ബഷീര്‍' എന്ന ലേഖനത്തില്‍ 'ബഷീര്‍ ദ മാന്‍' എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായ എം.എ റഹ്‌മാന്‍ വിവരിക്കുന്നുണ്ട്. ഇക്കാലമത്രയും അന്വേഷിച്ചിട്ടും ഉജ്ജീവനത്തിന്റെ ഒരു കോപ്പി കണ്ടുകിട്ടിയിട്ടില്ല. അടുത്ത കാലത്ത് ബ്രിട്ടനില്‍ പോയപ്പോള്‍ സുഹൃത്ത് ഡോ.എം.എന്‍.കാരശ്ശേരി, എന്റെ അപേക്ഷയെ തുടര്‍ന്ന് ലണ്ടന്‍ ലൈബ്രറിയില്‍ പോലും തിരച്ചില്‍ നടത്തി നിരാശനാവുകയായിരുന്നു.


പി.എ. സൈനുദ്ദീൻ നൈന 
ചോദ്യാവലിയിലെ പ്രയോഗം എന്റെ പിതാവിന്റെയും പിതൃതുല്യനായി ഞാന്‍ ആദരിക്കുന്ന ബഷീറിന്റെയും മേല്‍ വ്യാജപരിവേഷമാണ് ചാര്‍ത്തുക. ഇത് വരുംതലമുറയുടെ മനസ്സില്‍ വിദ്വേഷം പ്രസരിപ്പിക്കും. അത് മുളയിലേ നുള്ളേണ്ടതാണ്. ബി.ആര്‍.സി. തയ്യാറാക്കിയ ചോദ്യാവലിയിലാണ് അപകടകരമായ പ്രയോഗമുള്ളത്. ബഷീര്‍ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തില്‍ ഏത് തൂലികാനാമത്തിലാണ് ലേഖനങ്ങള്‍ എഴുതിയത് എന്നായിരുന്നു ചോദ്യം. പ്രഭ എന്ന ഉത്തരവും ഇതോടൊപ്പം നല്‍കിയിരുന്നു. വിഷയത്തില്‍ അധ്യാപകര്‍ക്കോ മറ്റ് സ്‌കൂള്‍ അധികൃതര്‍ക്കോ പങ്കാളിത്തമില്ല. എന്നിട്ടും നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഈ വിദ്യാലയത്തെക്കുറിച്ച് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ചില ഭാഗങ്ങളില്‍നിന്നു ഉയര്‍ന്നുവരുന്നത് വേദനാജനകമാണ്. 

അവര്‍ണ്ണര്‍ക്കും അധഃകൃതര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാത്ത കാലത്ത് തികഞ്ഞ ഉല്‍പ്പതിഷ്ണുവും അധ്യാപകനുമായ ഗണപതി റാവു 1886 ല്‍ സ്ഥാപിച്ചതാണ് ചാലപ്പുറം ഗവ. ഗണപത് ഹൈസ്‌കൂള്‍. അദ്ദേഹത്തിന്റെ മകന്‍ സര്‍വ്വോത്തമ റാവു പിതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് മൂന്ന് ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെ ഇരുപത്തെട്ടോളം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. വി.കെ.കൃഷ്ണമേനോനെയും എസ്.കെ.പൊറ്റക്കാടിനെയും പോലുള്ള മഹാപ്രതിഭകളെ വാര്‍ത്തെടുത്ത ഈ സ്ഥാപനത്തെ കളങ്കപ്പെടുത്തുന്നത് നവോത്ഥാനമൂല്യങ്ങള്‍ക്ക് തന്നെ എതിരാണ്. എട്ടു വര്‍ഷം മുന്‍പ് ഒരധ്യാപികയാണ് ആദ്യമായി തീവ്രവാദി സംഘടന എന്ന പ്രയോഗം കടത്തിവിട്ടതെന്നും അത് തിരിച്ചറിഞ്ഞപ്പോള്‍ ഡിലീറ്റ് ചെയ്‌തെന്നുമാണ് അന്വേഷണത്തില്‍ മനസ്സിലാക്കാനായത്. ഒരിക്കല്‍ പിഴുതുകളഞ്ഞ ആ വിഷച്ചെടി പിന്നെയും മുളച്ചുപൊന്തിയതെങ്ങനെയെന്ന അന്വേഷണം വിദ്യാഭ്യാസ സിസ്റ്റത്തിലെ പാളിച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതാണ് തിരുത്തപ്പെടേണ്ടത്.



90 വര്‍ഷം മുന്‍പ് തീവ്രവാദി എന്ന വാക്കിനുണ്ടായിരുന്ന അര്‍ത്ഥമല്ല ഇന്നതിനുള്ളത്. കാലം മാറി; അര്‍ത്ഥം മാറി. പേരും വേഷവും നോക്കി തീവ്രവാദി മുദ്ര ചാര്‍ത്തപ്പെടുന്ന കാലമാണിത്. തീവ്രവാദ സംഘടനയുടെ മുഖപത്രമായിരുന്നു ഉജ്ജീവനം എന്നും അതില്‍ എഴുതിയ ആളായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്നും വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിത്. ഇവിടെയും ഒരു ചോദ്യാവലിയിലെ വാസ്തവവിരുദ്ധമായ പ്രയോഗമാണ് ചോദ്യചിഹ്നമായി മാറുന്നത്. അതു ചൂണ്ടിക്കാണിച്ചവരെ വ്യാജ ആരോപകനാക്കി മാറ്റുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ ജാഗ്രതയുണ്ടാവേണ്ടിയിരിക്കുന്നു.


Leave a comment