യൂണിഫോം സിവില്‍ കോഡ് ബഹുസ്വരതയ്ക്ക് ഭീഷണി
ബഹുസ്വരതയാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ധാരാളം മതങ്ങള്‍, ജാതികള്‍, ഗോത്രങ്ങള്‍, ഉപജാതികള്‍, 18 അറിയപ്പെട്ട ഭാഷകള്‍ ഇവകളാല്‍ അതിസൂക്ഷ്മമായി വൈവിധ്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് നമ്മുടെ സംസ്‌കൃതിയെ നാനാത്വത്തില്‍ ഏകത്വം എന്ന് വിശേഷിപ്പിക്കുന്നത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാര്‍സി വിഭാഗങ്ങള്‍ക്കെല്ലാം അവരുടേതായ വ്യക്തിനിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇപ്പറഞ്ഞ വ്യക്തി നിയമങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ കീഴിലായിരിക്കും രാജ്യത്തെ പൗരന്മാരുടെ കുടുംബപരവും സാമൂഹികമായ ജീവിത പരിസരം ക്രമപ്പെടുത്തിയിട്ടുണ്ടാവുക. സര്‍ക്കാര്‍ രേഖകളില്‍ മതം ഹിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടയാളാണെങ്കിലും ഇനി അയാള്‍ നിരീശ്വരവാദിയാണെങ്കില്‍ പോലും അയാളുടെ സ്വത്തിന്റെ അനന്തരാവകാശികള്‍ ആരാണെന്ന് തീരുമാനിക്കുന്നത് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമമനുസരിച്ചായിരിക്കും. വ്യക്തിനിയമങ്ങള്‍ എന്നത് മുസ്ലീം സമുദായത്തിനോ മറ്റേതെങ്കിലും സമുദായത്തിനോ പ്രത്യേകമായിട്ടുള്ളതല്ല. വ്യക്തി നിയമങ്ങള്‍ പലതായി നിലനില്‍ക്കുക എന്നത് നമ്മുടെ നാടിന്റെ വൈവിധ്യത്തെയും ബഹുസ്വരതയേയുമാണ് അടയാളപ്പെടുത്തുന്നത്. വൈവിധ്യങ്ങള്‍ നിലനിര്‍ത്താന്‍ വിശുദ്ധ ഖുര്‍ആനും ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: ''മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ പല സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, യഹൂദ ദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലീം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു'' (ഖുര്‍ആന്‍ : 22 : 40). മുസ്ലീങ്ങള്‍ക്ക് അവരുടെ നമസ്‌കാരം നിര്‍വഹിക്കാന്‍ മസ്ജിദുകള്‍ നിലനില്‍ക്കണം എന്നതുപോലെ തന്നെ ജൂതമഠങ്ങളും, ക്രൈസ്തവ ദേവാലയങ്ങളുമെല്ലാം ഭൂമിയില്‍ സംരക്ഷിക്കപ്പെടണം എന്നതാണ് ഖുര്‍ആന്റെ ആഹ്വാനം.
ഇനി നമ്മുടെ രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിക്കുക. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഈ രാജ്യത്ത് വ്യത്യസ്ത മതവിശ്വാസങ്ങളുള്ള ഭരണാധികാരികള്‍ വന്നിട്ടുണ്ട്. ആരും ആരുടെയും വ്യക്തിനിയമങ്ങളില്‍ കൈ കടത്തിയിട്ടില്ല. ഹൈന്ദവ രാജാക്കന്മാര്‍ മുസ്ലീങ്ങളുടെ വിശ്വാസങ്ങളില്‍ കൈ കടത്തിയിട്ടില്ല. നീണ്ട 800 വര്‍ഷത്തെ മുസ്ലീം ഭരണത്തിന് ശേഷവും ഇന്ത്യയിലെ ഹൈന്ദവാചാരങ്ങളും സാംസ്‌കാരിക സവിശേഷതകളും യാതൊരു പോറലുമേല്‍ക്കാതെ സുരക്ഷിതമായി നിലനില്‍ക്കുന്നു. ബഹുസ്വരതയ്ക്കും സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ക്കും നമ്മുടെ പൂര്‍വികര്‍ നല്‍കിയ പ്രാധാന്യമാണത് വിളിച്ചുപറയുന്നത്.
ഏക സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് വാദിക്കുന്നവര്‍ പറയുന്നത്, ദേശീയ ഐക്യം ഇതിലൂടെ സാധ്യമാവുമെന്നാണ്. എന്നാല്‍ ദേശീയ ഐക്യം സാധ്യമാവില്ലെന്ന് മാത്രമല്ല സമൂഹത്തെ ഭിന്നിപ്പിക്കാന്‍ മാത്രമേ ഏക സിവില്‍ കോഡ് ഉപകരിക്കൂ. തീവ്ര ദേശീയ വാദിയായ എം. എസ്. ഗോള്‍വാള്‍ക്കര്‍ പോലും ദേശീയ ഐക്യത്തെ ഏക സിവില്‍ കോഡ് തകര്‍ക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. കൃത്രിമമായി എല്ലാവരേയും ഒരേ തലത്തില്‍ കൊണ്ടുവന്ന് സൃഷ്ടിക്കുന്ന ഐക്യരൂപം രാഷ്ട്രത്തിന്റെ മരണമണിയായിരിക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നുണ്ട്. നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കല്‍ നമ്മുടെ വൈവിധ്യങ്ങള്‍ക്കെതിരെയുള്ള വലിയ വെല്ലുവിളിയായി മാറുമെന്നതില്‍ ആരും സംശയിക്കേണ്ട.
ഏക സിവില്‍ കോഡിലൂടെ ലിംഗനീതി സാധ്യമാവും എന്നതാണ് മറ്റൊരു വാദം. എന്നാല്‍ പലപ്പോഴും ഏക സിവില്‍ കോഡ് ലിംഗനീതിയുടെ നിഷേധമായി മാറും. ഒരു കരട് നമ്മുടെ മുമ്പിലില്ലെങ്കിലും പല എഴുത്തുകാരം അതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് നിയമങ്ങളില്‍ സ്ത്രീക്ക് കല്യാണവേളയില്‍ നിര്‍ബന്ധ അവകാശമായ മഹര്‍ നല്‍കല്‍ പോലുള്ള നിയമങ്ങള്‍ പൊതു ഏകീകൃത നിയമങ്ങളില്‍ ഇടംപിടിക്കാതെ വരുമ്പോള്‍ ഫലത്തില്‍ അത് ലിംഗനീതിയുടെ നിഷേധമായി മാറുമെന്ന് നിവേദിത മേനോനെ പോലുള്ള എഴുത്തുകാര്‍ സൂചിപ്പിക്കുന്നുണ്ട്.
PROTEST AGAINST UNIFORM CIVIL CODE | PHOTO: PTI
ബഹുഭാര്യാത്വം, വിവാഹമോചനം, അനന്തരാവകാശം
ബഹുഭാര്യാത്വവും വിവാഹമോചനവും അനന്തരാവകാശ നിയമങ്ങളുമെല്ലാമാണ് ഏക സിവില്‍ കോഡ് വാദികള്‍ എപ്പോഴും വിവാദമാക്കാറുള്ളത്. ബഹുഭാര്യാത്വം ഇസ്ലാമിലെ നിര്‍ബന്ധ കാര്യമോ യാതൊരു നിയന്ത്രണവുമില്ലാതെ ചെയ്യാന്‍ കഴിയുന്നതോ അല്ല. ബഹുഭാര്യാത്വം അനുവദിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാണ് - ''അനാഥകളില്‍ നീതിപാലനത്തെ സംബന്ധിച്ച് നിങ്ങള്‍ ആശങ്കാകുലരെങ്കില്‍ നിങ്ങള്‍ക്കിഷ്ടം തോന്നുന്ന രണ്ടോ, മൂന്നോ, നാലോ സ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ പത്‌നിമാര്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അതത്രെ അനീതി ചെയ്യാതിരിക്കാന്‍ ഉചിതം'' (ഖുര്‍ആന്‍ 4 : 3).
മദീനയിലെ കൊച്ചു മുസ്ലീം സമൂഹത്തില്‍ ഒട്ടനേകംപേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുന്നത്. യുദ്ധം സൃഷ്ടിച്ച അനാഥ സന്തതികളുടേയും വിധവകളുടേയും സംരക്ഷണം അന്നൊരു ആവശ്യമായിത്തീര്‍ന്നു. പ്രവാചകാഗമനത്തിന് മുമ്പുണ്ടായിരുന്ന ബഹുഭാര്യാ സമ്പ്രദായമാണ് ഖുര്‍ആന്‍ ഇതിന് നിര്‍ദേശിച്ച പരിഹാരം. അതേസമയം, നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി ഭാര്യമാരുടെ എണ്ണം ഖുര്‍ആന്‍ നാലില്‍ പരിമിതപ്പെടുത്തുകയും ഒന്നിലധികം ഭാര്യമാരെ വരിക്കുന്നവര്‍ കര്‍ക്കശമായ നീതിപാലനം ഉപാധിയായി നിശ്ചയിക്കുകയും ചെയ്തു. ഇതിന്റെ അഭാവത്തില്‍ ഒരു ഭാര്യയെ മാത്രമേ വരിക്കാവൂ എന്ന് കര്‍ശനമായി ഖുര്‍ആന്‍ കല്‍പിക്കുകയും ചെയ്തു. സാധാരണ ജീവിതരീതി എന്ന നിലയില്‍ ഇസ്ലാം നിര്‍ദേശിക്കുന്നത് ഏകഭാര്യാത്വം തന്നെയാണ്. എന്നാലും ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കേണ്ടി വരുന്ന അനിവാര്യ സാഹചര്യങ്ങളുണ്ടായിക്കൂടായ്കയില്ല.
വിവാഹമോചനവും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല. അല്ലാഹു അനുവദിച്ചതില്‍ അവന് ഏറെ അരോചകമായിട്ടുള്ളതാണ് വിവാഹമോചനമെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്പര ഭിന്നതകള്‍ ഉടലെടുക്കുമ്പോള്‍ പെട്ടെന്ന് വേര്‍പിരിയുകയല്ല, പൊറുത്തും ക്ഷമിച്ചും സമരസപ്പെടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് ശരീഅത്ത് ദമ്പതികളെ ഉപദേശിക്കുന്നു. ഭിന്നതകള്‍ രൂക്ഷമാവുകയും ദാമ്പത്യ തകര്‍ച്ചയുടെ വക്കത്തെത്തുകയും ചെയ്താല്‍ മധ്യസ്ഥന്മാര്‍ മുഖേന ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്നാണ് ശരീഅത്തിന്റെ അധ്യാപനം. ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതിനിധിയും ഭാര്യയുടെ ഭാഗത്ത് നിന്ന് മറ്റൊരു പ്രതിനിധിയും പങ്കെടുത്തുകൊണ്ട് ഭിന്നിപ്പിന്റെ കാരണവും പശ്ചാത്തലവും പഠിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. ഈ മധ്യസ്ഥന്മാരുടെ ശ്രമങ്ങള്‍ കൂടി പരാജയപ്പെടുമ്പോള്‍ മാത്രമേ, ശരീഅത്ത് വിവാഹമോചനം അനുവദിക്കുന്നുള്ളൂ. അതാകട്ടെ ഒറ്റയടിക്കുള്ള പരിച്ഛേദനമല്ലതാനും. പുനഃസമ്പര്‍ക്കത്തിന് അവസരം നല്‍കിക്കൊണ്ടുള്ള മൂന്നുഘട്ടങ്ങളിലായുള്ള വിവാഹമോചനമാണ് ശരീഅത്ത് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭാര്യാഭര്‍ത്താക്കന്മാരായുള്ള ജീവിതം ഒരിക്കലും മുന്നോട്ടുപോകാത്ത ഘട്ടത്തില്‍ സ്വീകരിക്കാവുന്ന ഒരു പരിഹാരം മാത്രമായാണ് ഇസ്ലാം വിവാഹ മോചനത്തെ കാണുന്നത്.
ഏക സിവില്‍ കോഡ് വാദികള്‍ പ്രചരിപ്പിക്കുന്നതുപോലെ അനന്തര സ്വത്തില്‍ പെണ്‍കുട്ടികളോടോ സ്ത്രീകളോടോ യാതൊരു വിവേചനവുമില്ല. ഭര്‍ത്താവെന്ന നിലയിലും സഹോദരന്‍ എന്ന നിലയിലും പിതാവെന്ന നിലയിലും സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക രംഗത്തെ ഉത്തരവാദിത്തങ്ങളടക്കം നിര്‍വഹിക്കാന്‍ ബാധ്യസ്ഥന്‍ എന്ന നിലയ്ക്കാണ് ചില ഘട്ടങ്ങളില്‍ പുരുഷന് അനന്തരവിഹിതത്തില്‍ കുറച്ചധികം ലഭിക്കുന്നത്. ഇതിനെ തുല്യതയ്ക്ക് എതിരായി കാണേണ്ടതില്ല. അതേ അവസരത്തില്‍തന്നെ, വിവിധതരം സമ്പാദ്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ എല്ലാകാലത്തുമുണ്ട്. പക്ഷേ, അത്തരം ചിലരെ മാത്രം പരിഗണിച്ചുകൊണ്ട് ദൈവീകമായ നിയമത്തെ ഭേദഗതി ചെയ്യാന്‍ സാധിക്കുകയില്ല.
PROTEST AGAINST UNIFORM CIVIL CODE | PHOTO: FACEBOOK
ഏക സിവില്‍ കോഡും ഭരണഘടനയും
ഭരണഘടനയുടെ 44-ാം അനുച്ഛേദത്തെ മുന്‍നിര്‍ത്തിയാണ് ഏക സിവില്‍ കോഡ് വാദം പലപ്പോഴും ഉയര്‍ന്നുവരാറുള്ളത്. എന്താണ് 44-ാം അനുച്ഛേദത്തില്‍ പറഞ്ഞത് ''ഇന്ത്യയുടെ പ്രദേശത്ത് ഉടനീളമുള്ള എല്ലാ പൗരന്മാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഒരു ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കും എന്നാണ്. 'To secure for citizens' എന്നതാണ് ഭരണഘടനയുടെ പ്രയോഗം തന്നെ. എന്നാല്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ മതനിയമം പാലിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതാണെങ്കില്‍ അതിലൂടെ എങ്ങനെയാണ് പൗരന്മാരുടെ സുരക്ഷ സാധ്യമാകുന്നത്. എന്നാല്‍പിന്നെ ഭരണഘടനാ ശില്‍പികള്‍ ഈ ഒരു കാര്യം മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ എഴുതിവെച്ചതിന്റെ താല്‍പര്യമെന്താണ്? അതുമായി ബന്ധപ്പെട്ട വ്യത്യസ്ത വിശകലനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. യൂണിഫോം സിവില്‍ കോഡിനുവേണ്ടി പരിശ്രമിക്കണം എന്ന നിര്‍ദേശക തത്ത്വം ഉള്‍പ്പെടുത്തി ഭരണഘടന എഴുതുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ശരീഅത്തും ക്രിസ്ത്യാനികള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവിധ വ്യക്തി നിയമങ്ങളുമുണ്ടായിരുന്നു.
രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മുസ്ലീം, ക്രൈസ്തവേതര വിഭാഗങ്ങളുടെ ഈ പ്രശ്‌നത്തിനുള്ള പരിഹാര നിര്‍ദേശം എന്ന നിലയിലായിരിക്കണം നമ്മുടെ ഭരണഘടനാ ശില്‍പികള്‍ നിര്‍ദേശക തത്ത്വങ്ങളില്‍ ഇത് കൂട്ടിച്ചേര്‍ത്തത് എന്നതാണ് ഒരു നിരീക്ഷണം. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി ചുമതലയേറ്റെടുത്ത് ആദ്യം ഏറ്റെടുത്ത ജോലിയും, സ്വന്തമായി വ്യക്തിനിയമങ്ങളുള്ള മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി മതവിഭാഗങ്ങള്‍ ഒഴികെ ഇന്ത്യയിലെ മുഴുവന്‍ ജാതി സമൂഹങ്ങള്‍ക്കുമായി ഏകീകൃത സ്വഭാവത്തില്‍ ഹിന്ദു വ്യക്തിനിയമം ഉണ്ടാക്കുക എന്നതായിരുന്നു. ഭരണഘടനാ ശില്‍പികള്‍ തന്നെ പ്രത്യേകം താല്‍പര്യമെടുത്ത് 1955 ലും 1956 ലുമായി നാലു ഘട്ടമായി ഹിന്ദു കോഡ് ബില്‍ പാസ്സാക്കി എടുത്തതിലൂടെ ഭരണഘടനയിലെ നിര്‍ദേശക തത്ത്വത്തിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞതാണെന്ന് വലിയൊരു വിഭാഗം ആളുകള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇതൊന്നുമല്ല, മറിച്ച് മുസ്ലീം, ക്രൈസ്തവ, ഹൈന്ദവ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാര്‍ക്കുമായി ഒരൊറ്റ സിവില്‍ കോഡാണ് വേണ്ടത് എന്ന വാദമാണ് മറ്റൊരു കൂട്ടര്‍ക്കുള്ളത്. എന്നാല്‍ ഈ വാദം ഭരണഘടനയുടെ അടിസ്ഥാന താല്‍പര്യങ്ങളോട് യോജിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ മൗലികാവകാശങ്ങളാണ്. ഭരണഘടനയുടെ 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങള്‍ മൗലികാവകാശങ്ങള്‍ സൂചിപ്പിക്കുന്നതാണ്. ലോകത്ത് മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാന്‍ കഴിയാത്ത മതസ്വാതന്ത്ര്യമാണ് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്നത്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. ഇന്ത്യയെന്ന മതനിരപേക്ഷ രാജ്യത്തിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് പ്രസ്തുത അനുച്ഛേദമെന്നു പറയുന്നത്. എന്നാല്‍ ജാതി, മത ഭേദമെന്യേ എല്ലാവരേയും ഒരേ കോഡില്‍ ഒന്നിപ്പിക്കുക എന്ന ആശയം മേല്‍പറഞ്ഞ മൗലികാവകാശങ്ങളെയാണ് ഫലത്തില്‍ നിരാകരിക്കുന്നത്.
വ്യക്തിനിയമങ്ങള്‍ അനുഷ്ഠിക്കുന്നതിനെ ആചാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണേണ്ടതില്ല എന്നാണ് ഏക സിവില്‍കോഡ് വാദികള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ മാത്രല്ല, എല്ലാ ജനവിഭാഗങ്ങളും അവരുടെ വ്യക്തിനിയമങ്ങളെ അങ്ങേയറ്റം അപ്രമാധിത്തത്തോടെയാണ് കാണുന്നത് എന്ന് ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ ഇത്ര മുന്നോട്ടുപോയപ്പോള്‍ തന്നെ നമുക്ക് മനസ്സിലായി. ആദിവാസികളും ക്രൈസ്തവ സഭകളുമെല്ലാം ആശങ്ക അറിയിച്ചു. ഒരു ഘട്ടത്തില്‍ ഏക സിവില്‍ കോഡ് ചില വിഭാഗങ്ങളെയൊന്നും ബാധിക്കില്ലെന്നുവരെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്ക് പറയേണ്ടിവന്നു. എല്ലാവരും ഏകീകരിക്കുന്ന ഒരു സിവില്‍ കോഡ് ഇന്ത്യയില്‍ അപ്രായോഗികമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ പറഞ്ഞ ഏക സിവില്‍ കോഡ് എന്ന ആശയം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക അന്നേ നമ്മുടെ ഭരണഘടനാ ശില്‍പികളില്‍ പല മഹാന്മാര്‍ക്കുമുണ്ടായിരുന്നു. 1948 നവംബര്‍ 23ന് ചൊവ്വാഴ്ച ചേര്‍ന്ന അസംബ്ലിയിലാണ് ഭരണഘടനാ നിര്‍മാണ സഭ ഏക സിവില്‍ കോഡ് ചര്‍ച്ചയ്‌ക്കെടുത്തത്. അന്നത്തെ മദ്രാസ് സ്റ്റേറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ് ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു : 'ഏതൊരു വിഭാഗത്തിന്റെയും സമുദായത്തിന്റെയും വ്യക്തിനിയമങ്ങള്‍ ആചരിക്കുക എന്നത് അവരുടെ മൗലികാവകാശങ്ങളില്‍പ്പെട്ടതാണ്. അവരുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണത്. ഏതെങ്കിലും തരത്തില്‍ നാം അതിനെ ഹനിച്ചാല്‍ അത് തലമുറകളോളം ആ സമുദായത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കും. നാം ഇവിടെ വിഭാവനം ചെയ്യുന്ന മതനിരപേക്ഷരാജ്യം ഒരു കാരണവശാലും ഒരു വ്യക്തിയുടെ ജീവിതത്തിലോ മതകാര്യങ്ങളിലോ ഇടപെടുന്നതാകരുത്.'
ഇതെല്ലാം കേട്ടുനിന്ന, മദ്രാസ് അസംബ്ലിയില്‍ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു പ്രതിനിധി ബി. പോക്കര്‍ സാഹിബ് - ഭരണഘടനാ അസംബ്ലിയെ പ്രകമ്പനം കൊള്ളിക്കുമാറ് മറ്റൊരു പ്രസംഗം നടത്തി പറഞ്ഞത്, 'അനേകായിരം വരുന്ന വിഭാഗങ്ങള്‍ സഹസ്രാബ്ദങ്ങളായി ആചരിച്ചുവരുന്ന അനുഷ്ഠാന മുറകള്‍ കേവലമൊരു പേനത്തുണ്ടുകൊണ്ട് വെട്ടിയിട്ട് എന്തൊരു ലക്ഷ്യമാണിവിടെ സാക്ഷാല്‍കരിക്കപ്പെടുന്നത്. പൗരന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയിട്ട്, അവന്റെ വികാരങ്ങളെ ചവിട്ടിമെതിച്ചിട്ട് എന്താണീ കോഡുകൊണ്ട് നേടാനുള്ളത്'? ഇതേ നമുക്കും ചോദിക്കാനുള്ളൂ.