അധികാര വ്യവസ്ഥയുമായി സന്ധിയില്ലാത്ത കലഹം
അധികാരവിരുദ്ധതയാണ് കുഞ്ഞാമന്‍ സാറിന്റെ ജീവിതമാനദണ്ഡം. ലോകത്തെ വിരൂപമാക്കുന്ന എന്തിനോടുമുള്ള എതിര്‍പ്പില്‍ നിന്നുമാണ് കുഞ്ഞാമന്റെ ധൈഷണിക ജീവിതം നിര്‍വചിക്കപ്പെട്ടത്. സാമ്പത്തികമായ ഉച്ചനീചത്വങ്ങളും ജാതീപരമായ നെറികേടുകളും ജീവിതത്തില്‍ ആകമാനം പടരുന്ന അനീതികളുടെയും ഹിംസകളുടെയും വിഭജനങ്ങളുടെയും വെറുപ്പിന്റെയും അഹങ്കാരങ്ങളുടെയും നേരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവും രോഷവുമാണ് കുഞ്ഞാമന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്.
പ്രത്യേകിച്ചും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഏറ്റവും ഭയാനകമായ ജാതിവൈരുദ്ധ്യങ്ങള്‍ സ്വന്തം ജീവിതാവസ്ഥകളില്‍ ക്ഷതമേല്‍പ്പിച്ചതിന്റെ ഓര്‍മകളും അനുഭവങ്ങളും ആ ജീവിതത്തെ ശരിക്കും പരുക്കേല്‍പിച്ചു. ജാതിവിവേചനത്തോടൊപ്പം കടുത്ത പട്ടിണിയും വിശപ്പും ദാരിദ്ര്യവും ചേര്‍ന്ന ജീവിതമാണ് അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചത്. അതിനെതിരായുള്ള പോരാട്ടത്തിന്റെ കെടാത്ത തീ ജ്വലിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം. ജീവിതം അടിച്ചേല്‍പ്പിച്ച പരാധീനതകളില്‍ നിന്നുമുള്ള ഇച്ഛാശക്തിയും പ്രതിരോധത്തിന്റെ ഊര്‍ജവും കുഞ്ഞാമനിലെ കലാപകാരിയെ രൂപപ്പെടുത്തിയെടുത്തു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായി അദ്ദേഹം വളര്‍ന്നു. സ്വതന്ത്ര്യ ചിന്തകനും ഗവേഷകനുമായി ലോകം അറിയപ്പെട്ടു. കേരളയൂണിവേഴ്‌സിറ്റിയിലും സിഡിഎസിലും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലും ദീര്‍ഘകാലം അധ്യാപകനായി വിദ്യാര്‍ത്ഥികളിലെ നിത്യപ്രചോദകനായി മാറി. ദലിത് സ്വതന്ത്രചിന്തയ്ക്ക് വിലങ്ങുതടിയായി നിന്ന വരേണ്യവര്‍ഗത്തോടും ഒപ്പം ഇടതുപക്ഷ നാട്യക്കാരോടും പൊരുതി ജീവിച്ചു. കേരളീയ വികസനത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിന്തകളും ബദല്‍ കാഴ്ചപ്പാടുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്, ധീരമായി. സാമ്പ്രദായിക ബുദ്ധിജീവികളോടും അക്കാദമിക് പണ്ഡിതരോടും ആഴത്തില്‍ വിയോജിച്ചുകൊണ്ട് തന്റെ അക്കാദമിക് സ്വാതന്ത്ര്യത്തെ അന്തസോടെ അദ്ദേഹം പരിപാലിച്ചു.
ഡോ. എം കുഞ്ഞാമന്‍ | PHOTO: FACEBOOK
1980 കള്‍ക്ക് ഒടുവിലാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നതും ഗാഢമായ സൗഹൃദത്തിലെത്തുന്നതും. കാര്യവട്ടം കാമ്പസില്‍ എംഫില്‍ പഠനത്തിനായി വരുമ്പോള്‍ അവിടെ അദ്ദേഹം ഇക്‌ണോമിക് വിഭാഗത്തിന്റെ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു. എല്ലാ ദിവസവും ഞങ്ങള്‍ പ്രഭാതസവാരി നടത്തുമ്പോള്‍ എത്രയോ വിഷയങ്ങളാണ് സംസാരിച്ചത്. സമകാലിക ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് സൂക്ഷ്മവും അഗാധവുമായ വിമര്‍ശനങ്ങള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കും. വിട്ടുവീഴ്ചകളൊന്നും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ ചിന്തകള്‍ ഇത്രയും ആഴത്തില്‍ സ്വാധീനിച്ചത് അക്കാദമിക് പണ്ഡിതന്മാരോടുള്ള കലഹത്തില്‍ നിന്നാണെന്ന് എനിക്ക് തോന്നുന്നു. അധികാര സ്ഥാപനങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തിന് വലിയ വിവേചനങ്ങള്‍ ഉണ്ടായി. ആ വിവേചനങ്ങളെയെല്ലാം തന്റെ സ്വതന്ത്ര്യചിന്തയ്ക്ക് മൂര്‍ച്ചകൂട്ടുവാന്‍ ആണ് ഇടയാക്കിയത്. അദ്ദേഹത്തിന്റെ പതിനഞ്ചോളം ഗവേഷണപ്രബന്ധങ്ങള്‍ ലോകോത്തരനിലവാരം പുലര്‍ത്തി. അധികാരവിരുദ്ധതയാണ് തന്റെ ചിന്തകളുടെ അഗാധമായ മാനദണ്ഡം.
ഞാന്‍ ലോകത്തെ വിട്ടുപോകുന്നുവെന്ന അന്ത്യമൊഴിയില്‍ താന്‍ ഉപേക്ഷിച്ചുപോകുന്ന ലോകത്തോട് ആകെയുള്ള വലിയ വിയോജിപ്പും രോഷവും വേദനയും അദ്ദേഹം പ്രകടിപ്പിച്ചു. സ്വതന്ത്രചിന്തയ്ക്കും വിട്ടുവീഴ്ചയില്ലാത്ത ദലിത് ഇച്ഛാശക്തിക്കും തന്റെ ജീവിതത്തെ വിട്ടുകൊടുക്കാതെ മരണത്തിലും തന്റെ തീരുമാനങ്ങള്‍ക്ക് ഇളവ് അദ്ദേഹം അനുവദിച്ചില്ല.